
കഥയുടെ കാലഭൈരവന്‍..................
ഈ ചെറുപ്പക്കാരന്‍ തന്റെ കഥകള്‍ ലോകോത്തരമെന്ന് വാഴ്ത്തും. എന്നാല്‍ അയാള്‍ പറയുന്നതൊട്ട് ഭോഷ്ക്കല്ല തന്നെ''- പ്രശസ്ത നിരൂപകന്‍ എം പി ശങ്കുണ്ണിനായര്‍ പറഞ്ഞ വാക്കുകള്‍.
തന്റെ കഥകള്‍ (ക'ഥ' എന്നല്ല ടി പത്മനാഭന്‍ പറയുക കഥ ഒരു ഗദയാണെന്ന മട്ടില്‍ ക'ദ', 'കദയ്ക്ക്' എന്നിങ്ങനെയാണ് പത്മനാഭന്‍ പറയുക) വിശുദ്ധമായ പ്രാര്‍ത്ഥനകള്‍ ആണെന്നും പദ്മനാഭന്‍ പറഞ്ഞിട്ടുണ്ട്."ഫാദര്‍...മതം, രാഷ്ട്രീയം..സംഘടിതമായ ഒന്നിലും എനിക്ക് വിശ്വാസമില്ല. പള്ളികളിലും അമ്പലങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. പക്ഷേ എനിക്കതിലൊന്നും വിശ്വാസമില്ല'' എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ കൈകള്‍ കൂട്ടിപിടിച്ച്-"മതി, പക്ഷേ നിങ്ങളുടെ കഥകളെല്ലാം വിശുദ്ധമായ പ്രാര്‍ത്ഥനകളാണ്'' എന്ന് പറഞ്ഞ പുരോഹിതന്‍ നല്‍കിയ സാക്ഷ്യപത്രത്തേക്കാള്‍ വലുതൊന്നും ടി പത്മനാഭന്‍ എന്ന ചെറുകഥാകൃത്തിന് ഈ ജീവിതത്തില്‍ ലഭിക്കാനില്ല.
ഒരോ വാക്കിലും ഒരോ അക്ഷരത്തിലും ഒരു മനോഹരഗാനത്തിന്റെ പല്ലവി പോലെ സ്നേഹത്തിന്റെ ഇഴ കാത്തുസൂക്ഷിക്കാന്‍ പത്മനാഭനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക...?. 'ജീവന്റെ വഴി' യില്‍ "'അപ്പോള്‍ പിറന്നു വീണ കുഞ്ഞിനെ പോലെ'' സ്നേഹത്തോടെ ന്യൂസ് പേപ്പറിലും തുണിയിലും പൊതിഞ്ഞ് കൊണ്ടു വന്ന മുരിങ്ങ തൈയുമായി വീട്ടിലേക്ക് വന്ന ഗൃഹനാഥന്‍ പത്മനാഭല്ലാതെ മറ്റാരാണ്. ക്ഷേത്രശില്‍പ്പങ്ങളുടെ കലാസുഭഗതയും ഗാംഭീര്യവും പ്രകടിപ്പിക്കുന്ന കഥകളാണ് പത്മനാഭന്റേതെന്ന് എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിരൂപകന്‍ കെ പി അപ്പനാണ് പറഞ്ഞത്.
ഏറെ വാഴ്ത്തപ്പെട്ട കലാശില്‍പ്പങ്ങളാണ് ടി പത്മനാഭന്റെ കഥകള്‍. ചെറുകഥകള്‍ മാത്രമെഴുതി ജീവിക്കുന്ന ഒരത്ഭുത ജീവി കൂടിയാണ് അദ്ദേഹം.'കടല്‍' എന്ന കഥ വീണ്ടും വായിച്ചപ്പോള്‍ എന്റെ ഉള്ളില്‍ ഒരു തേങ്ങലുയര്‍ന്നു. 'കടലില്‍ ഒരു തിരയായി, ചുഴിയായി, ചലനമായി' മാറാനുള്ള ഒരിക്കലും കടല്‍ കാണാത്ത ഒരമ്മയുടെ ആഗ്രഹം വായിച്ച മകളുടെ ഗദ്ഗദം എന്നില്‍ നിറഞ്ഞു. അതിനോടൊപ്പം മനോഹരമായ ഒരു സ്വപ്നം പോലെ ഒരു വരി കൂടി എഴുത്തുകാരന്‍ കൂട്ടി ചേര്‍ത്തിരിക്കുന്നു- 'ആര്‍ത്തലയ്ക്കുന്ന കടലിന്റെ മുകളില്‍ തെളിഞ്ഞ സൂര്യപ്രകാശത്തില്‍ ഒരു ചിത്രശലഭത്തെ പോലെ പറന്നലയാനും ഒടുവില്‍ ക്ഷീണിച്ച് കടലിന്റെ മാറില്‍ തന്നെ വീണടിയാനുമുള്ള സ്വപ്നം. മൃതിയുടെ പടിവാതിലില്‍ മനോഹരമായ ഇത്തരം സ്വപ്നങ്ങള്‍ പത്മനാഭന്‍ വീണ്ടുമാവര്‍ത്തിക്കുന്നു- "വിളഞ്ഞ ഗോതമ്പുവയലുകള്‍ സ്വപ്നം കണ്ടാണ്'' മണ്ണില്‍ മുഖമമര്‍ത്തി വീണ മഖന്‍സിങ്ങിന്റെ കഥ അദ്ദേഹം അവസാനിപ്പിക്കുന്നത്.
"നിങ്ങള്‍ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ..? സ്നേഹിച്ച്, സ്നേഹിച്ച് ആ സ്നേഹം തന്നെ എരിതീയായി ആ പെണ്‍കുട്ടിയെ അവസാനിപ്പിച്ചിട്ടുണ്ടോ..?'' കാലഭൈരവനിലെ ചോദ്യമാണിത്. കര്‍ക്കിടക മഴയില്‍ ഇടിവെട്ടേറ്റ് ജീവനുള്ള ഒരു പച്ചമരം എരിഞ്ഞടങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നാണ് ഈ ചോദ്യത്തിന് കഥയിലെ നായകന്‍ ഈ ചോദ്യത്തിന് മനസില്‍ ഉത്തരം പറയുന്നത്. "ഇത് കാശിയാണ്. ഒരു കളളം താങ്ങാനാവാത്തത് കൊണ്ട് ബ്രഹ്മാവിന്റെ ശിരസ്സറുത്ത കാലഭൈരവന്റെ നാട്. തെറ്റിനേയും ശരിയേയും കുറിച്ച് മരണത്തെയും ജീവിതത്തെയും കുറിച്ച് ഇത്രത്തോളം മനനം നടന്ന സ്ഥലങ്ങള്‍ വേറെ ഉണ്ടാവില്ല.''- സ്വാമിയുടെ ഈ വാക്കുകള്‍ക്ക് അടിവരയിടുന്ന അടുത്ത സംഭാഷണമിതാണ്- "കാലഭൈരവന് അത് സാധിച്ചത് കൊണ്ട് എല്ലാവര്‍ക്കും അത് സാധിക്കണമെന്നില്ല. നാമോരോരുത്തരും അവരവരുടെ കാശി കണ്ടു പിടിക്കേണ്ടിയിരിക്കുന്നു''. കര്‍മ്മം, കര്‍മ്മഫലം, ഇവയുടെ അനിവാര്യത ഇത്രത്തോളം അനുസ്മരിപ്പിക്കുന്ന മറ്റ് കഥകളില്ല.
ചെറിയ മാനസിക പ്രതികരണങ്ങളോ മനസില്‍ ഉടക്കിയ വ്യക്തിത്വങ്ങളോ പത്മനാഭന്റെ കൈയ്യില്‍ മികച്ച കഥാശില്‍പ്പങ്ങളാകുന്നു. 'ഉമ്മര്‍ഭായ്' എന്ന കഥ നോക്കുക. മണലാരണ്യങ്ങളുടെ നാട്ടില്‍ മറ്റുള്ളവരുടെ ജീവിതത്തിന് തണലായി നില്‍ക്കുകയും അതിനെ കുറിച്ച് മറ്റുള്ളവരോട് ഭോഷ്ക് പറയാതെ അതെല്ലാം തന്റെ നിയോഗ

'ഗൌരി' യില്‍ പട്ടടകളുടെ നടുവില്‍ നിന്ന് പ്രണയസ്മിതം പൊഴിക്കുന്ന ജീവിതഗാനത്തെ നാം പരിചയപ്പെടുന്നു. 'പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ' എന്ന് കെ പി അപ്പന്‍ വാഴ്ത്തിയ കഥ. കമിതാക്കള്‍ക്ക് പരസ്പരമുള്ള ആര്‍ദ്രഭാവം ഈ ലോകത്തോട് മുഴുവനുള്ള ആര്‍ദ്രതയായി നിറംമാറുന്ന വശ്യത ഈ കഥയിലുണ്ട്. കടയനെല്ലൂരിലെ പെണ്‍കുട്ടിയോട് ബാലചന്ദ്രന് തോന്നുന്ന വികാരവും മറ്റൊന്നല്ല. ഹെമിങ്ങ്വേയുടെ 'പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്' എന്ന സൃഷ്ടിയെ ആരാധിക്കുന്ന ചിത്തഭ്രമം ബാധിച്ച യുവാവിന്റെ ബോധാബോധത്തിലും ഈ ആര്‍ദ്രഭാവമുണ്ട്.
വിശാലമായ ക്യാന്‍വാസുകള്‍ എന്ന് നോവലുകളെ നമ്മള്‍ വാഴ്ത്തുമ്പോഴും ചെറുകഥയുടെ ശില്‍പ്പചാരുത നമ്മളെ വിസ്മയിപ്പിക്കുന്നു. ഏകാഗ്രതയുടെ പരിപൂര്‍ണ്ണതയില്‍ വിടരുന്ന ഒരോ കഥകളും വലിയ ആകാശങ്ങളെ ഇട നെഞ്ചിലൊതുക്കുന്നു. വെണ്‍ശംഖിനുള്ളിലെ കടലിരമ്പം പോലെ അവ നമ്മെ മോഹിപ്പിക്കും. 'വീണ്ടും ഗൌരി' എന്ന കഥയിലെ വികലാംഗയായ നേഴ്സ് പെണ്‍കുട്ടി ഈ കഥാകൃത്തിനെ കാണാന്‍ വേണ്ടി ഓടിയെത്തുന്ന ഒരു ദൃശ്യമുണ്ട്. "ഗൌരി എത്രയോ തവണ ഞാന്‍ വായിച്ചു. ഇന്നലെയും വായിച്ചു. ഇനിയും വായിക്കും...'' എന്ന് അവള്‍ അദ്ദേഹത്തോട് വാഗ്ദാനം ചെയ്യുന്നുണ്ട്. അങ്ങനെ വീണ്ടും വായിച്ച് വീണ്ടും വീണ്ടും വായിക്കപ്പെടാനുള്ള കഥകളാണ് പത്മനാഭന്‍ മലയാളത്തിന് സമ്മാനിച്ചത്.
'ജീവന്റെ വഴിയില്‍' വീടിന്റെ മേല്‍പ്പുരയിലേക്ക് മുറിഞ്ഞു വീണ ആ മുരിങ്ങ മരമില്ലേ.....കുടുംബസ്വത്തായി കിട്ടിയ പാറക്കെട്ടുള്ള ഭൂമിയില്‍ അത് നടാന്‍ എത്ര സഞ്ചരിച്ചതാണ് അദ്ദേഹം ഓടിയത്. പ്രഭാതങ്ങളില്‍ അതിന്റെ സാമീപ്യം തേടിയെത്തിയ കിളികൊഞ്ചലുകള്‍ അല്ലേ അദ്ദേഹത്തെ ഉണര്‍ത്തിയിരുന്നത്. എന്നിട്ടും കാറ്റോ മഴയോ ഇല്ലാത്ത ഒരു ദിവസം രാത്രി 'ഠേ' എന്ന ശബ്ദത്തോടെ അത് പൊട്ടി വീണില്ലേ...?. അത് ടെറസില്‍ നിന്ന് മാറ്റാന്‍ അലുമിയം കോണിയിലൂടെ പാടുപെട്ട് കയറി പോയ അദ്ദേഹം കണ്ട കാഴ്ച്ചയോ- 'അവിടവിടെയായി തളിരുകള്‍ പൊട്ടി വിടര്‍ന്നിരിക്കുന്നു....' ആ കാഴ്ച്ചയില്‍ ആ നിര്‍വൃതിയില്‍ അദ്ദേഹം സ്വയം മറന്നു നിന്ന നിമിഷം പത്മാഭന്റെ സമ്പൂര്‍ണ്ണ കഥകള്‍ സമാഹാരത്തിലെ 'ജീവന്റെ വഴി' എന്ന കഥയുള്ള പേജില്‍ എന്റെ കണ്ണീരും വീണു പടര്‍ന്നു......
No comments:
Post a Comment