Saturday, December 10, 2011

'ന്യൂദല്‍ഹി-2.'

'ന്യൂദല്‍ഹി-2.'
റീമേക്കുകളുടെയും റീലോഡഡുകളുടെയും കാലത്ത് ആ സിനിമ തീര്‍ച്ചയായും ഒരു രണ്ടാംഭാഗം അര്‍ഹിക്കുന്നു. നേര്‍ത്ത മഞ്ഞ് പാറികളിക്കുമ്പോള്‍ തിരക്കില്ലാത്ത റോഡിലൂടെ ഒഴുകിയകലുന്ന പൊലീസ് ജീപ്പില്‍ കൈകളില്‍ വിലങ്ങുമായി ഇരിക്കുന്ന ജികെയേയും മരിയാ ഫെര്‍ണാണ്ടസിനേയും കണ്ടതിന് ശേഷം ഇന്ത്യാഗെയ്റ്റിന്റെ ഒരു ദീര്‍ഘദൂര ഷോട്ടില്‍ അവസാനിക്കുന്ന 'ന്യൂദല്‍ഹി'. ഇര്‍വിങ്ങ് വാലസിന്റെ 'ഓള്‍മൈറ്റി' എന്ന നോവലിനെ ആസ്പദമാക്കി ഡെന്നീസ്ജോസഫ് തയാറാക്കിയ തിരക്കഥയുടെ ബലതന്ത്രത്തില്‍ മലയാളസിനിമയിലെ ഷോമാന്‍ ജോഷി തയാറാക്കിയ 'ന്യൂദല്‍ഹി' മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു. ആ സിനിമ കൂടി തിയറ്ററില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ മമ്മൂട്ടി എന്ന നടന്‍ മലയാളസിനിമയില്‍ കാണുമായിരുന്നോ എന്ന കാര്യം സംശയമാണ്.
'പെട്ടി-കുട്ടി-മമ്മൂട്ടി'എന്ന സമവാക്യം പൊട്ടിപൊളിഞ്ഞ കാലഘട്ടമായിരുന്നു അത്. സാജനേയും പി ജി വിശ്വംഭരനേയും പോലുള്ള സംവിധായകര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉപയോഗപ്പെടുത്തിയ ആ സമവാക്യം പ്രേക്ഷകരില്‍ ചെടിപ്പുണ്ടാക്കി. മര്യാദ പുരുഷോത്തമനായ കുടുംബനാഥനായി മമ്മൂട്ടിയെ കാണാന്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ പുതിയ കുപ്പിയായാലും പഴയ വീഞ്ഞ് പഴയത് തന്നെയാണല്ലോ....അടുപ്പിച്ച് അടുപ്പിച്ച് സിനിമകള്‍ പൊളിഞ്ഞ ജോഷിയുടെ നിലയും പരുങ്ങലിലായിരുന്നു.ആക്ഷന്‍ സിനിമകള്‍ അന്നത്തെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു.പക്ഷേ എല്ലാം ഒത്തിണങ്ങിയ ചേരുവ കണ്ടെത്താനായിരുന്നു പ്രയാസം.
കുടുംബസിനിമകളുടെ വഴിയിലേക്ക് മാറാന്‍ ജോഷി തീരുമാനിക്കുന്നു. കലൂര്‍ഡെന്നിസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി 'ജനുവരി ഒരോര്‍മ്മ' സംവിധാനം ചെയ്യാന്‍ ജോഷി തീരുമാനിക്കുന്നു. മമ്മൂട്ടി എന്ന താരത്തിന്റെ കഥ കഴിഞ്ഞതായി മാധ്യമങ്ങളും സിനിമാലോകവും ഒരു പോലെ വിലയിരുത്തിയപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി റിസ്ക്ക് ഏറ്റെടുക്കാന്‍ സാധിക്കില്ലായിരുന്നു. ഇനി അഥവാ ജോഷി സമ്മതിച്ചാല്‍ തന്നെ നിര്‍മ്മാതാവ് അത് അനുവദിക്കില്ലെന്ന കാര്യം ഉറപ്പായിരുന്നു. ഷൂട്ടിങ്ങിന് ഊട്ടിയിലേക്ക് ജോഷി പോകുന്ന ദിവസം മമ്മൂട്ടി വീട്ടിലുണ്ടായിരുന്നു. സ്വയം ഉള്‍വലിഞ്ഞ് വല്ലാത്ത ഒരവസ്ഥയിലായിരുന്നു അദ്ദേഹം. സിനിമയില്‍ വലിയ ഉയരങ്ങള്‍ കീഴടക്കണമെന്ന സ്വപ്നവുമായി എത്തിയ മമ്മൂട്ടി പഴയ അഭിഭാഷക ജോലിയിലേക്ക് മടങ്ങാന്‍ ഏതാണ്ട് തീരുമാനമെടുത്തിരുന്നു. കാറിലേക്ക് കയറുന്ന വേളയില്‍ തിരിഞ്ഞു നോക്കിയ ജോഷി കണ്ടത് മമ്മൂട്ടിയുടെ കണ്ണുകളായിരുന്നു. 'എന്നെ വിട്ടിട്ടു പോകുകയാണോ...?' എന്നൊരു സാന്ദ്രഭാവം അതിലുണ്ടായിരുന്നു. തുടര്‍ന്നാണ് മമ്മൂട്ടിയ്ക്ക് തിരിച്ചുവരാന്‍ സഹായകമായ ഒരു സിനിമ തയാറാക്കണം എന്ന ചിന്ത ജോഷിയില്‍ മുളപൊട്ടിയത്. തിരക്കഥാകൃത്തായി ജോഷി തെരഞ്ഞെടുത്തത് ഏറ്റുമാനൂര്‍കാരനായ ഡെന്നീസിനെയാണ്. മലയാളസിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കൊമേഴ്സ്യല്‍ സ്ക്രീന്‍റൈറ്റേഴ്സില്‍ ഒരാളാണ് ഡെന്നീസ്.
തീരുമാനിച്ചുറപ്പിച്ച ഒരു കഥയ്ക്ക് മറ്റൊരു സിനിമയുടെ കഥയുമായി സാമ്യമുണ്ടെന്ന് വന്നപ്പോള്‍ ഷൂട്ടിങ്ങ് പോലും മുടങ്ങി പോകുന്ന സാഹചര്യത്തില്‍ ഒറ്റ രാത്രി കൊണ്ട് 'ശ്യാമ' എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ തിരക്കഥയെഴുതി ജോഷിയെ അമ്പരപ്പിച്ചിരുന്നു ഡെന്നീസ്. 'നിറക്കൂട്ട്' എന്ന സൂപ്പര്‍ഹിറ്റിലൂടെ മലയാളസിനിമയിലേക്ക് വഴിതെളിച്ച ഡെന്നീസിന് മാത്രമേ അത്രയും ശക്തമായ ഒരു തിരക്കഥയെഴുതാന്‍ സാധിക്കുവെന്ന് ജോഷി വിശ്വസിച്ചു.
"ആദ്യ സീനില്‍ തന്നെ മമ്മൂട്ടി അവതരിപ്പിച്ച ജി കെ (ജി കൃഷ്ണമൂര്‍ത്തി' കാണികളുടെ സഹതാപം പിടിച്ചുപറ്റിയതാണ് ന്യൂഡല്‍ഹിയുടെ വിജയകാരണം. ഒരു കൈയ്ക്കും കാലിനും സ്വാധീനമില്ലാതെ ജയില്‍വേഷത്തില്‍ പഴയ ഒരു ബോര്‍ഡ് പെയിന്റ് ചെയ്യുന്ന നിലയിലാണ് മമ്മൂട്ടിയെ നമ്മള്‍ കാണുന്നത്. ഫ്രെയിം പൊട്ടിയ ഒരു കണ്ണടയാണ് അയാള്‍ വെച്ചിരിക്കുന്നത്''-ഡെന്നിസ് ഓര്‍മ്മിച്ചു. സിനിമകളെല്ലാം പൊളിഞ്ഞ് മമ്മൂട്ടി എത്തി ചേര്‍ന്ന സാഹചര്യത്തിന് ജി കെയുടെ അവസ്ഥയുമായി സമാനതകളുണ്ടായിരുന്നു. ഒരു സംഘട്ടനം പോലും നടത്താതെ തട്ടുപൊളിപ്പന്‍ ഡയലോഗ് കാച്ചാതെ ശാരീരിക വൈകല്യം അനുഭവിക്കുന്ന ഒരു നായകന്‍ മലയാളസിനിമയെ പ്രകമ്പനം കൊള്ളിക്കുന്നത് ആദ്യമായിരുന്നു. നവഭാരത് ടൈംസിലെ ഒരു പാവം കാര്‍ട്ടൂണിസ്റ്റ്. ഡല്‍ഹിയിലെ രാഷ്ട്രീയ ഉപജാപങ്ങളില്‍ മന്നന്‍മാരായ ശങ്കറിന്റെയും പണിക്കറിന്റെയും പക അയാളെ ശാരീരികമായി തകര്‍ക്കുന്നു. ജയിലിലെത്തിയ ജികെയുടെ മനസില്‍ പക കനലായി എരിയുന്നുണ്ട്. പുതിയ പത്രം തുടങ്ങാന്‍ സഹായിക്കണം എന്ന ആവശ്യവുമായി മാരിയ ഫെര്‍ണാണ്ടസ് (സുമലത) ഇടയ്ക്കിടയ്ക്ക് ജയിലില്‍ ജികെയെ സന്ദര്‍ശിക്കുന്നുണ്ട്.
അത്തരം ഒരു സന്ദര്‍ശനത്തിന് ശേഷം ഒരു തടവുകാരനായ അനന്തന്‍ (വിജയരാഘവന്‍) ജികെയോട് മരിയയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണം എന്ന് പറയുന്ന രംഗം.

ജികെ: "നീ ഇതെന്തറിഞ്ഞിട്ടാ അനന്താ...ഒരു പത്രം തുടങ്ങുക എന്ന് വെച്ചാല്‍ കുട്ടികളിയാണോ...?''.

അനന്തന്‍: "എനിക്കെന്തറിയാം, അതിന് വേണ്ട പഠിപ്പും അറിവും ലോകപരിചയവുമൊന്നും എനിക്കില്ല. പക്ഷേ....എനിക്ക് സാറിനെ അറിയാമല്ലോ...?''
വ്യക്തിപരമായി എനിക്ക് ഇഷ്ടപ്പെട്ട രംഗമായത് കൊണ്ടാണ് ഞാന്‍ ഇതോര്‍ത്തത്. കോടതിമുറിയില്‍ എല്ലാവരാലും ഒറ്റു കൊടുക്കപ്പെട്ട് ഭ്രാന്തനെന്ന് മുദ്രകുത്തപ്പെട്ടപ്പോള്‍ "നോ....ഐ ആം നോട്ട് മാഡ്...എനിക്ക് ഭ്രാന്തില്ല...മേ പാഗല്‍ നഹീ ഹും..'' എന്നിങ്ങനെ അലറി വിളിക്കുന്ന ജികെയുടെ രൂപം മിഴിവുറ്റതാണ്. ഒടുവില്‍ ആശുപത്രിയില്‍ വെച്ച് ശങ്കറുടെയും പണിക്കരുടെയും ഗുണ്ടകള്‍ അയാളുടെ വലത് കൈയും കാലും തല്ലി തകര്‍ക്കുന്നു. "ഈ കൈ വെച്ച് ഇനി ഇവന്‍ വരക്കരുത്..' എന്നാണ് പണിക്കരുടെ ആക്രോശം. ഒടിഞ്ഞുതൂങ്ങിയ കൈകാലുകളുമായി ചോര വന്ന് നീരുവീര്‍ത്ത മുഖവുമായി ഇടനാഴിയിലൂടെ പൊലീസ് വലിച്ചിഴച്ച് കൊണ്ടു പോകുന്ന ജികെയുടെ ശരീരം, അത് നോക്കി നില്‍ക്കുന്ന മരിയ, പിന്നീട് ന്യൂഡല്‍ഹി ഡയറി എന്ന പുതിയ പത്രം തുടങ്ങി സംഹാരത്തിന്റെ നാഥനാകുന്ന വേളയില്‍- "ഇവിടെ ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്. ആരൊക്കെ ജീവിക്കണം. ആരൊക്കെ മരിക്കണം. ഏത് ട്രെയിനൊക്കെ പാളം തെറ്റണം...'' എന്ന് ഉന്‍മാദത്തോടെ പറയുന്ന ജികെ, ജികെയുടെ സഹായിയായി മാറുന്ന സിംഹഗാംഭീര്യമുള്ള നട്രാജ് വിഷ്ണു(ത്യാഗരാജന്‍)....മികച്ച വാണിജ്യ സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം ന്യൂഡല്‍ഹിയില്‍ ഒത്തുചേര്‍ന്നിരുന്നു. ചിലപ്പോള്‍ ചിലതെല്ലാം സംഭവിക്കുന്നതല്ല, സംഭവിച്ച് പോകുന്നതാണ് എന്ന സത്യം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ആ സിനിമ.
ഡല്‍ഹി, നൈനിറ്റാള്‍, റിപബ്ളിക്ക് ഡേ പരേഡ്, സംവിധായകന്‍ ജോഷിയുടെ പ്രാഗല്‍ഭ്യം വെളിവാക്കുന്നതായിരുന്നു ന്യൂഡല്‍ഹി എന്ന സിനിമ.
നൈനിറ്റാളില്‍ ഇലക്ഷന്‍ ലിസ്റ്റ് തയാറാക്കാന്‍ പോയ പണിക്കര്‍ക്ക് സമ്മാനമായി കേള്‍ക്കാന്‍ ചില ഗസലുകള്‍ നാല്‍വര്‍ സംഘത്തിന്റെ കൈയില്‍ കൊടുത്തയച്ചിരുന്നു ജികെ. ടേപ്പ് റെക്കോര്‍ഡര്‍ ഓണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന മമ്മൂട്ടിയുടെ ശബ്ദം റിഫൈന്‍ഡ് ആണ്- 'നമസ്ക്കാരം പണിക്കര്‍ ചേട്ടാ...ഞാന്‍ എല്ലാം മറന്നു എന്ന് നീ കരുതി അല്ലേടാ പട്ടീ...അത് നിന്റെ കാലമായിരുന്നു. നിയമവും പൊലീസും എല്ലാം നിന്റേതായിരുന്നു..' എന്ന് തുടങ്ങുന്ന സംഭാഷണവും എനിക്ക് പ്രിയപ്പെട്ടതാണ്.
എല്ലാവരും അവരവരുടെ റോളുകള്‍ ഭംഗിയാക്കിയ ചിത്രമായിരുന്നു അത്. ഉര്‍വ്വശി, സുരേഷ്ഗോപി, സിദ്ദിഖ്, ത്യാഗരാജന്‍, ജഗന്നാഥവര്‍മ, ദേവന്‍...1987ല്‍ പുറത്തിറങ്ങിയ സിനിമ കലക്ഷന്‍ റെക്കോര്‍ഡുകളെ ഭേദിച്ചു. മമ്മൂട്ടി താരരാജാവിന്റെ സിംഹാസനത്തിലേക്ക് മടങ്ങിയെത്തി. ജോഷിയുടെ സംവിധാനമികവ് മാലോകര്‍ വാഴ്ത്തി. ഡെന്നീസ് ജോസഫ് മികച്ച തിരക്കഥാകൃത്ത് എന്ന ഖ്യാതിയും നേടി. (സിഡ്ണി ഷെല്‍ട്ടന്റെ റേജ് ഓഫ് എഞ്ചല്‍സ് എന്ന നോവല്‍ 'രാജാവിന്റെ മകനാക്കി' മോഹന്‍ലാലിനെയും താരരാജാവാക്കിയത് ഡെന്നീസാണ്).
ഡല്‍ഹിയുടെ ഏതോ തിരക്കുള്ള റോഡരുകില്‍ നിന്ന് ജി കൃഷ്ണമൂര്‍ത്തിയുടെ ചെയ്തികളെ കുറിച്ച് സംസാരിച്ച മരിയയോട് ജികെ പറഞ്ഞവസാനിപ്പിക്കുന്നു- "മരിയാ......നീ എന്നെ ചോദ്യം ചെയ്യരുത്..'.

No comments: