Thursday, December 15, 2011



അച്ചായന്‍ ജോളിയാണ്........
"ഞാന്‍ ഒന്നിന് വേണ്ടിയും കാത്തിരിക്കാറുമില്ല. എന്റെ ഉന്നമൊട്ട് പിഴയ്ക്കാറുമില്ല''- 'നിര്‍ണ്ണയം' സിനിമയില്‍ അവതരിപ്പിച്ച കമ്മീഷണര്‍ ജാവേദ്ഖാന്‍ എന്ന കഥാപാത്രം പറയുന്ന ഈ സംഭാഷണം ലാലുഅലക്സിന്റെ സിനിമാജീവിതത്തിനും ബാധകമാണ്.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിനിടയില്‍ താന്‍ ഒന്നിന് വേണ്ടിയും കാത്തിരുന്നിട്ടില്ലെന്ന് വെറ്റിലയില്‍ ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രം 'കോബ്ര'യുടെ സെറ്റില്‍ ജോണ്‍ സാമുവല്‍ എന്ന കഥാപാത്രത്തിനായുള്ള വേഷപകര്‍ച്ചയ്ക്കിടയില്‍ ലാലുഅലക്സ് പറയുന്നു. സെറ്റില്‍ ലാലുഅലക്സ് അടിമുടി 'ജോളി'യാണ്. സംവിധായകന്‍ ലാല്‍, നടന്‍മാരായ സലീംകുമാര്‍, മണിയന്‍പിള്ള രാജു, തൊട്ടിങ്ങോട്ട് മേക്കപ്പ് മാനും ലൈറ്റ്ബോയും മെസുകാരും വരെ അച്ചായന്റെ സാമീപ്യത്താല്‍ ഹാപ്പി.
"ലാലു അലക്സ് ചെയ്താല്‍ ഈ കഥാപാത്രം നന്നാവുമെന്ന് സംവിധായകനും തിരക്കഥാകൃത്തിനും തോന്നിയാല്‍ മാത്രമേ അവര്‍ എന്നെ തേടി വന്നിട്ടുള്ളു. സിനിമാലോകത്തെ ഒരു ക്ളിക്കിലും കോക്കസിലും ഞാന്‍ അംഗമല്ല. അതു കൊണ്ടു തന്നെയാണ് ചെറിയ ചെറിയ ഇടവേളകള്‍ അഭിനയജീവിതത്തിലുണ്ടായത്. അവസരത്തിന് വേണ്ടി ഞാന്‍ ആരുടെയും പിന്നാലെ പോയിട്ടില്ല. സിനിമയില്ലാത്തപ്പോള്‍ വെറുതേ വീട്ടിലിരിക്കും''-ലാലു അലക്സ് അഭിനയജീവിതത്തെ വിലയിരുത്തി. 'ഈനാട്' എന്ന ചിത്രത്തിലെ എഎസ്പിയായാലും 'പാഥേയ'ത്തിലെ ഹരികുമാരമേനോനായാലും 'മഞ്ഞു പോലൊരു പെണ്‍കുട്ടി'യിലെ മാനുവലങ്കിളായാലും 'ഇവിടം സ്വര്‍ഗമാണ്' എന്ന ചിത്രത്തിലെ ആലുവാചാണ്ടിയായാലും കൃത്യം ഇടവേളകളില്‍ ലാലുഅലക്സ് മലയാളികളുടെ മനസിലേക്ക് മടങ്ങിയെത്തുക പതിവാണ്. ഈ പ്രതിഭാസത്തെ കുറിച്ച് ചോദിച്ചപ്പോള്‍- "എല്ലാം നമ്മുക്ക് വേണ്ടി സംഭവിക്കുന്നതാണ്''-എന്ന് ചെറുപുഞ്ചിരിയോടെ ലാലു കൂട്ടിചേര്‍ത്തു.
1978ല്‍ എന്‍ ശങ്കരന്‍നായര്‍ സംവിധാനം ചെയ്ത 'ഈ ഗാനം മറക്കുമോ?' ആണ് ആദ്യ ചിത്രം. അതിനും മുമ്പ് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മരുന്നുകമ്പനിയുടെ റെപ്രസെന്റേറ്റീവായിരുന്നു പിറവംകാരന്‍ ലാലുഅലക്സ്. "നല്ല ഒന്നാന്തരം റെപ്രസെന്റേറ്റീവായിരുന്നു ഞാന്‍. ഡോക്ടര്‍മാരെ കുപ്പിയിലാക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു. കമ്പനിയില്‍ നിന്ന് പ്രത്യേക ആനുകൂല്യങ്ങളും കിട്ടിയിരുന്നു''- പൂര്‍വ്വാശ്രമ ജീവിതത്തെ കുറിച്ച് ലാലു വാചാലനായി. സിനിമയിലേക്ക് കടന്നുവരുന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്. ഏത് സാധാരണക്കാരനേയും പോലെ വെള്ളിത്തിരയിലെ വിസ്മയം മാത്രമായിരുന്നു തനിക്ക് സിനിമയെന്ന് ലാലുഅലക്സ്. ശിവാജിയും സത്യനും നസീറും അടൂര്‍ഭാസിയും തകര്‍ത്തഭിനിയിച്ച സിനിമകള്‍ കൊട്ടകയിലിരുന്ന് കാണുമ്പോള്‍ മനസിലും മുഖത്തും ആശ്ചര്യം. ആശ്ചര്യം പിന്നീട് ആഗ്രഹത്തിലേക്ക് വഴിമാറി. ഒരു പരിചയക്കാരന്‍ കൂട്ടുകാരനോട് പറഞ്ഞ് ആ കൂട്ടുകാരന്‍ മറ്റൊരു കൂട്ടുകാരനോട് പറഞ്ഞ് ആ കൂട്ടുകാരന്‍ സംവിധായകന്‍ ശങ്കരന്‍ നായരോട് പറഞ്ഞ് ലാലു അലക്സ് സിനിമയിലെത്തി. മുന്‍സിഫ് കോടതിയില്‍ ഉദ്യോഗസ്ഥനായ അച്ഛന്‍ വി ഇ ചാണ്ടിയ്ക്ക് ലാലു സിനിമയിലേക്ക് പോകുന്നതില്‍ ആശങ്കയുണ്ടായിരുന്നു. 'സ്ഥിരം ജോലിയാവുമോ?'-എന്ന വീട്ടുകാരുടെ ആശങ്കയില്‍ അടിസ്ഥാനമുണ്ടെന്ന് കണ്ട് സിനിമയിലെത്തിയിട്ടും ലാലു റെപ്പിന്റെ ജോലി വിട്ടില്ല. മലയാളസിനിമയിലെ ട്രെന്‍ഡ് സെറ്ററുകളിലൊന്നായ ഐ വി ശശിയുടെ 'ഈ നാട്' എന്ന സിനിമയില്‍ ക്ഷുഭിത യൌവ്വനത്തിന്റെ ചടുലതയുള്ള എഎസ്പി റോളില്‍ തിളങ്ങിയതോടെ സിനിമ കൊണ്ട് ജീവിക്കാമെന്ന ധൈര്യമുണ്ടായി. തുടര്‍ന്ന് സംഭവിച്ചതെല്ലാം നല്ലതിനാണെന്ന് ലാലുഅലക്സ് അടിയുറച്ച് വിശ്വസിക്കുന്നു.
തൊണ്ണൂറുകളില്‍ കോമഡി റോളുകളിലേക്ക് ചേക്കേറിയ ലാലുഅലക്സ് സംഭാഷണശൈലിയുടെ പ്രത്യേകത കൊണ്ട് നേട്ടങ്ങള്‍ കൊയ്തു. "കേട്ടോ....പെണ്ണിന്റെ അപ്പാ....', 'കേട്ടോടാ മാനേ...' തുടങ്ങിയ ഡയലോഗുകള്‍ മിമിക്രിക്കാര്‍ക്ക് ചാകരയൊരുക്കി. "കോമഡിയ്ക്ക് വേണ്ടി പ്രത്യേകം കണ്ടെത്തിയ ശൈലിയൊന്നുമല്ല അത്. ചില കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഇട്ട ചില ശൈലികള്‍ വിജയിച്ചെന്ന് മാത്രം''-ലാലുഅലക്സ് പറഞ്ഞു.
സിനിമയിലെത്തി കാല്‍നൂറ്റാണ്ട് പിന്നിട്ട ലാലുച്ചായന് നാട്ടുകാര്‍ അടുത്ത് തകര്‍പ്പന്‍ സ്വീകരണം നല്‍കിയിരുന്നു. പിറവത്തോടുള്ള അടുപ്പമാണ് അച്ചായന്റെ ഏറ്റവും വലിയ വീക്ക്നെസ്. പിറവത്തെ പള്ളിയും പുഴയും നാട്ടുകാരും നല്‍കിയ ഊര്‍ജ്ജമാണ് തന്റെ കൈമുതലെന്നും അദ്ദേഹം അഭിമാനത്തോടെ പറയുന്നു. ഭാര്യ ബെറ്റിയും മക്കളായ ബെന്നും സെന്നും സിയയും അച്ചായന് സ്നേഹവും പ്രോത്സാഹനവുമേകുന്നു. 'ഓര്‍ക്കുട്ട് ഒരോര്‍മ്മ കൂട്ട്' എന്ന ചിത്രത്തിലൂടെ ലാലുവിന്റെ മകന്‍ ബെന്നും സിനിമാലോകത്തേക്ക് പ്രവേശിക്കുകയാണ്. മൊത്തത്തില്‍ ഈ ക്രിസ്തമസും അച്ചായന്‍ അടിച്ചുപൊളിക്കുകയാണ്.....

No comments: