Monday, January 30, 2012

'മഴവില്ലിന് ചുവട്ടിലെ നിധി'
 "ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത് പോലെ ഞാനും ആ മേത്ത ചെക്കനുമായി ഒരു പ്രശ്നവുമില്ല കേട്ടോ...ഞങ്ങള്‍ ഇന്നലെയും കണ്ടിരുന്നു. ഒരുപാട് തമാശകളും മറ്റും പറഞ്ഞിരുന്നു''- കാറോടിക്കുന്നതിനടയില്‍ പ്രിയപ്പെട്ട സത്യന്‍ മാഷ് പറയുന്നു. കേട്ടുകൊണ്ടിരിക്കുന്നത് എംടി. ഇന്‍ഡസ്ട്രിയില്‍ നസീര്‍-സത്യന്‍ ചേരിതിരിവുണ്ടെന്ന ചില ഉപഗ്രഹങ്ങളുടെയും നിക്ഷിപ്ത താല്‍പര്യക്കാരുടെയും പ്രചരണത്തെ കുറിച്ചാണ് സത്യന്‍ മാഷ് എംടിയോട് സൂചിപ്പിക്കുന്നത്. എംടി വാസുദേവന്‍ നായരുടെ ചലചിത്രസ്മരണകള്‍ കോര്‍ത്തിണക്കിയ 'ചിത്രത്തെരുവുകള്‍' എന്ന പുസ്തകം ഇത്തരം സ്മൃതികളുടെ ദീപ്തസമാഹാരമാണ്. സത്യന്‍, നസീര്‍, പി ഭാസ്കരന്‍, അടൂര്‍ ഭാസി, ശോഭനാപരമേശ്വരന്‍ നായര്‍, മോനിഷ, ബാലന്‍ കെ നായര്‍, ശങ്കരാടി...സിനിമയുടെ നിഴലും നിലാവും അക്ഷരങ്ങളിലേക്ക് പകര്‍ന്ന് എംടി ഇവരെ കുറിച്ചുള്ള മോഹിപ്പിക്കുന്ന ഓര്‍മ്മകള്‍ നമ്മളുമായി പങ്കിടുകയാണ്. എംടിയുടെ ഭാഷയില്‍ 'മഴവില്ലിന് ചുവട്ടിലെ നിധി' എടുക്കാന്‍ സഞ്ചരിച്ചവരാണ് ഇവരെല്ലാം. ചിലരെല്ലാം ചിലതെല്ലാം എത്തിപിടിച്ചപ്പോള്‍ ചിലര്‍ കാലിടറി വീണു.
ഭാസ്കരന്‍മാഷെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക് വെക്കുന്ന 'കരിയാതെരിയുന്ന ചില കനലുകള്‍' നോക്കൂ. കാല്‍പ്പനികതയുടെ വസന്തമഴ പൊഴിക്കുന്ന കാവ്യകല്‍പ്പനകളുമായി മലയാളികളുടെ മനസില്‍ ഇടം പിടിച്ച മാസ്റ്റര്‍ക്ക് അവസാനനാളുകളില്‍ വിധി നല്‍കിയത് സ്മൃതി നാശമെന്ന ദുരന്തമായിരുന്നു. തിരുവനന്തപുരത്ത് 'ചലചിത്രയുടെ' പരിപാടിയ്ക്ക് പങ്കെടുക്കാന്‍ എത്തിയതാണ് എംടി. ലാറ്റക്സിന്റെ ഗസ്റ്റ്ഹൌസിലായിരുന്നു താമസം. മുറിയിലേക്ക് നീങ്ങുമ്പോള്‍ ഭാസ്ക്കരന്‍ മാസ്റ്റര്‍ മുന്നിലെത്തി. "വാസു.. എത്ര നാളായി കണ്ടിട്ട്...?'' എന്ന മുഖവുരയോടെ ഇരുവരും ഒരുപാട് സംസാരിച്ചു. "എന്താണിപ്പോള്‍ ചെയ്യുന്നത്...?'', "കൂട്ടുകാര്‍ക്കൊക്കെ സുഖമല്ലേ...?''മാസ്റ്റര്‍ ക്ഷേമാന്വേഷണങ്ങളുടെ കെട്ടഴിച്ചപ്പോള്‍ എംടിയുടെ മനസില്‍ സന്തോഷമായിരുന്നു. മാസ്റ്റര്‍ക്ക് ഓര്‍മ്മകുറവുണ്ടെന്ന് ചിലര്‍ പറഞ്ഞറിഞ്ഞിരുന്നു. എന്നാല്‍ തന്നെ തിരിച്ചറിഞ്ഞല്ലോ...എന്ന ആശ്വാസം. ഇരുവരും പിരിഞ്ഞു. വൈകിട്ട് വാതിലില്‍ മുട്ട് കേട്ട് തുറന്നപ്പോള്‍ മുന്നില്‍ ചിരിക്കുന്ന മുഖവുമായി വീണ്ടും ഭാസ്ക്കരന്‍ മാഷ്. "ഞാനിവിടെ മ്യൂസിയം മൈതാനത്ത് വൈകിട്ട് നടക്കാനിറങ്ങും. അപ്പോള്‍ ആരോ പറഞ്ഞു- വാസു എത്തിയിട്ടുണ്ടെന്ന്. അപ്പോള്‍ കണ്ടിട്ട് പോകാം എന്ന് കരുതി''-മാസ്റ്റര്‍ പറഞ്ഞു. രാവിലത്തെ കൂടികാഴ്ച്ചയും ക്ഷേമാന്വേഷണങ്ങളും ഏതോ കടല്‍ത്തിര അദ്ദേഹത്തിന്റെ മനസില്‍ നിന്നും മായ്ച്ച് കളഞ്ഞെന്ന് എംടി വേദനയോടെ തിരിച്ചറിഞ്ഞ മുഹൂര്‍ത്തം വായനക്കാരും ആ ദുഖഃത്തില്‍ പങ്ക് ചേരുന്നു.
അകാലത്തില്‍ അടര്‍ന്ന് വീണ താരം-മോനിഷയുടെ ചേതനയറ്റ മുഖത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍- "ഇപ്പോള്‍ അടഞ്ഞിരിക്കുന്ന ആ വലിയ കണ്ണുകള്‍ തുറക്കുമെന്നും എന്നെ നോക്കി മന്ദഹാസം പൊഴിക്കുമെന്നും തോന്നിപോയി''എന്നാണ് എംടി കുറിച്ചിടുന്നത്. കോഴിക്കോട് കലാസമിതിയുടെ വാര്‍ഷികത്തിന് പങ്കെടുക്കാന്‍ എംടിയുടെ പ്രത്യേക ക്ഷണപ്രകാരം സത്യന്‍ മാഷെത്തി. സത്യന്റെ അവസാനനാളുകള്‍. "അളകാപുരിയില്‍ അദ്ദേഹത്തിനായി കോട്ടേജ് പറഞ്ഞു വെച്ചിരുന്നു. വൈകിട്ട് മുറിയില്‍ ചെന്നപ്പോള്‍ ലുങ്കിയും ബനിയനും ധരിച്ച് വാതില്‍ തുറക്കാന്‍ വന്നു. വാതിലില്‍ മുട്ടിയപ്പോള്‍- ആരാണെന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ കാഴ്ച്ച ശക്തി വല്ലാതെ കുറഞ്ഞിട്ടുണ്ടെന്ന് തോന്നി. ഞാന്‍ മുന്നില്‍ കയറി നിന്നപ്പോഴാണ് തിരിച്ചറിഞ്ഞത്''-നായകന്റെ അനിവാര്യമായ പതനം ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം കോറിയിടുന്നു.
'ഓപ്പോള്‍' എന്ന സിനിമയിലെ തകര്‍പ്പന്‍ പ്രകടനത്തിന് ഭരത് അവാര്‍ഡ് നേടിയ ബാലന്‍ കെ നായരെ അനുമോദിക്കാന്‍ കോഴിക്കോട് ചേര്‍ന്ന യോഗം. മാനാഞ്ചിറ കടന്ന് ജനക്കൂട്ടം പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. പരിപാടിയില്‍ പങ്കെടുക്കാനാവാതെ എംടി മടങ്ങി. പിന്നീട് അതേ നഗരത്തില്‍ ബാലന്‍ കെ നായരുടെ വാര്‍ധക്യ കാലത്ത് ചേര്‍ന്ന സ്വീകരണയോഗത്തില്‍ ആളെ കൂട്ടാന്‍ സംഘാടകര്‍ പാടുപെടുന്നത് കണ്ട് എഴുത്തുകാരന്‍ ചോദിക്കുന്നു-'എത്ര ക്രൂരമായിട്ടാണ് ജനങ്ങള്‍ ഒരാളെ മറക്കുന്നത്...?'. അടൂര്‍ ഭാസി കൊടുത്ത കഞ്ചാവ് ബീഡി വലിച്ച് മദോന്‍മത്തനായി ശബരി മല ഇറക്കം, കടവ്, നിര്‍മ്മാല്യം തുടങ്ങിയ സിനിമകളുടെ സംഭവബഹുലമായ ചിത്രീകരണ വഴികള്‍, കോടാമ്പക്കത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍.... ഓര്‍മ്മകളുടെ കാര്‍ണിവെല്ലാണ് ചിത്രത്തെരുവില്‍ നടക്കുന്നത്...

Thursday, January 26, 2012

സോളമന്റെ തേനീച്ചകള്‍.......
"പോസ്റ്റ്മോര്‍ട്ടം ഒരാനാവശ്യ കാര്യമായിട്ടാണ് പരേതന്റെ ബന്ധുക്കളും സുഹൃത്തുക്കളും സ്വന്തക്കാരും  ഇപ്പോഴും കണക്കാക്കുന്നത്. ഒരു മുറിയില്‍ പ്രിയപ്പെട്ടവരുടെ മൃതദേഹവുമായി ചില ഡോക്ടര്‍മാര്‍ മണിക്കൂറുകളോളം അടച്ച് പൂട്ടിയിരിക്കുന്നത് എന്തിനാണെന്ന് മിക്കവരുടെയും സംശയം. സംശയാസ്പദമായ സാഹചര്യങ്ങളില്‍ മരിച്ചവരാണെങ്കില്‍ പോലും 'എന്റെ കുട്ടിയുടെ ശരീരം കീറിമുറിക്കാതെ കൈയ്യില്‍ കിട്ടിയാല്‍ മതിയായിരുന്നു' എന്ന് വിലപിക്കുന്നവരാണ് രക്ഷിതാക്കളില്‍ അധികവും. രാഷ്ട്രീയക്കാരുടെയും അധികാരികളുടെയും സഹായത്തോടെ ഇതിന് വേണ്ടി പരിശ്രമിക്കുന്നവരാണ് മിക്കവരും. എത്രയും പെട്ടെന്ന് തെളിവുകള്‍ നിരത്തണമെന്ന് മാത്രം ആവശ്യപ്പെടുന്ന പൊലീസുകാരും സര്‍ജന്‍മാരെ നിരന്തരം സമ്മര്‍ദ്ധത്തിലാഴ്ത്താറുണ്ട്. അജ്ഞത കൊണ്ടോ അറിവില്ലായ്മ കൊണ്ടോ സത്യത്തിന്റെ വാതിലുകളാണ് എന്നന്നേക്കുമായി കൊട്ടിയടക്കുന്നത് ഇവരൊന്നും തിരിച്ചറിയുന്നില്ല..
'' (ഡോ. ഷേര്‍ളി വാസു, പൊലീസ് സര്‍ജന്‍, തൃശൂര്‍ മെഡിക്കല്‍ കോളേജ്)
എറണാകുളം ലോകോളേജില്‍ നടന്ന ഫൊറന്‍സിക് സയന്‍സ് ശില്‍പ്പശാലയിലാണ് ഡോക്ടര്‍ ഷേര്‍ളി വാസു സര്‍ജന്‍മാരുടെ ധര്‍മ്മസങ്കടത്തെ കുറിച്ച് തുറന്നടിച്ചത്. പോസ്റ്റ്മോര്‍ട്ടം എല്ലാ അര്‍ത്ഥത്തിലും ദൈവികമാണ്. നാസ്തികനായ ഒരാള്‍ 'ദൈവികം' എന്ന പദം ഉപയോഗിക്കുന്നത് 'ദി മോസ്റ്റ് ഡിവൈന്‍' എന്ന അര്‍ത്ഥത്തിലാണ്. സൂക്ഷ്മമമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു കുറ്റകൃത്യത്തെ ഒരു കലാരൂപം തന്നെയായി ചിലര്‍ വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഈ കലയും പൂര്‍ണ്ണമല്ല. 'പെര്‍ഫക്ഷനിസ്റ്റ്'ആകണമെന്ന് മികച്ച കലാകാരന്‍മാരെ പോലെ തന്നെ നല്ല കുറ്റവാളിയും ഉള്ളാലെ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പിന്തുടരപ്പെടാനും ശിക്ഷിക്കപ്പെടാനുമായി 'ദൈവത്തിന്റെ ഒരടയാളം' അയാളും അവശേഷിപ്പിക്കുന്നുണ്ട്. ഒരു കൊലപാതകത്തിന്റെ കാര്യത്തില്‍ അത് മിക്കവാറും ഇരയുടെ ശരീരത്തിലോ, ശരീരം കിടന്ന പരിസരത്തിലോ ആവാം. കുറ്റവാളിയുടെ ശരീരം തന്നെ മിക്കപ്പോഴും അയാളെ ഒറ്റികൊടുക്കും. മുടി നാരിഴയോ, രക്തതുള്ളിയോ, പല്ലടയാളമോ,മറ്റ് സ്രവങ്ങളോ...അടയാളമായി അവശേഷിക്കുന്നു.ദൈവത്തിന്റെ ഈ അടയാളങ്ങള്‍ക്കായി ഇരയുടെ ശരീരഭൂപടം ഇഞ്ചിഞ്ചായി അരിച്ചുപെറുക്കുന്ന പര്യവേക്ഷകരായി പോസ്റ്റ്മോര്‍ട്ടം നടത്തുന്ന സര്‍ജന്‍മാര്‍ അവതരിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ ഇവര്‍ സോളമന്റെ തേനീച്ചകളാണ്*.
ഷേര്‍ളി വാസു തന്നെ നടത്തിയ ഒരു പോസ്റ്റ്മോര്‍ട്ടം വീഡിയോസെമിനാറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു മണിക്കൂറോളം നീണ്ടു നിന്ന ആ പ്രദര്‍ശനം കാണികളില്‍ മിക്കവരെയും അമ്പരപ്പിച്ചു കളഞ്ഞു. അഴുകി ജീര്‍ണ്ണിച്ച്, ദിവസങ്ങള്‍ പഴക്കമുള്ള ഒരു മൃതശരീരമാണ് അവര്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. നഗ്നമായ, കറുത്തിരുണ്ട മൃതശരീരം അവര്‍ കഴുകി വൃത്തിയാക്കി. ശരീരത്തില്‍ കണ്ട ഒരോ പാടുകളും മറുകുകളും നോട്ട്സ് തയാറാക്കുന്നവര്‍ക്കായി വിളിച്ചു പറഞ്ഞു. പിന്നീട് സ്കാല്‍പല്‍ കൊണ്ട് താടിയുടെ അടി വശം തൊട്ട് അബ്ഡോമന്‍ വരെ നീണ്ട വര വരച്ചു. ഷര്‍ട്ട് ഊരിയെടുക്കുന്നത് പോലെ മാറിലെ മാംസാവരണം ഊരിയെടുത്തു. ആന്തരികാവയവങ്ങള്‍ ഒരോന്നായി പുറത്തെടുത്തു. തൂക്കിനോക്കി. പ്രത്യേക പരിശോധനയ്ക്ക് വേണ്ടവ മാറ്റിവെച്ചു. തലയോട് തുറന്ന് മസ്തിഷ്കം പരിശോധിച്ചു. 'മസ്തിഷ്കത്തില്‍ എന്തോ ആഘാതമേറ്റിട്ടുണ്ടെന്നോ' മറ്റോ നോട്ട്സ് എടുക്കുന്ന ആളോട് സൂചിപ്പിച്ചു. പിന്നീട് കണ്ട കാഴ്ച എന്നെ അടിമുടി ഉലച്ചുകളഞ്ഞു. അയാളുടെ ആമാശയത്തില്‍ നിന്നുമെടുത്ത വസ്തു അവര്‍ പരിശോധിക്കുകയാണ്. ദഹിച്ചതും ദഹിക്കാത്തതുമായ വസ്തുക്കള്‍ വേര്‍തിരിക്കുന്ന പ്രക്രിയ. അരിപ്പ പോലെയുള്ള പാത്രത്തിലിട്ടാണ് ഈ പ്രക്രിയ നടത്തുന്നത്. അല്‍പ്പ നേരം കഴിഞ്ഞ് തുന്നികെട്ടി 'കൈയ്യില്‍ കിട്ടിയതിനേക്കാള്‍ കുട്ടപ്പനായി' പരേതനെ അവര്‍ മാറ്റിയെടുത്തു. ചുണ്ടുകള്‍ പ്രത്യേക രീതിയില്‍ പിളര്‍ന്ന്, വിരൂപമായി കണ്ട മുഖം ബന്ധുക്കളെ  ഭയപ്പെടുത്താതിരിക്കാന്‍, ചുണ്ടുകള്‍ കൂട്ടിത്തുന്നി, മുഖത്തിന് സ്വാഭാവിക രൂപം നല്‍കി. ആ വീഡിയോ മിക്കവര്‍ക്കും കണ്ടിരിക്കാനുള്ള ത്രാണിയുണ്ടായില്ല. പെണ്‍കുട്ടികള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. പുരുഷന്‍മാരില്‍ ചിലര്‍ മറ്റിടങ്ങളിലേക്ക് ദൃഷ്ടിയയച്ച് ശമനം കണ്ടെത്തി.
സൌമ്യയുടെ കൊലപാതകത്തില്‍ പോസ്റ്റ്മോര്‍ട്ടം വഴി ലഭിച്ചത് നിര്‍ണ്ണായകമായ തെളിവുകളാണ്. സൌമ്യയുടെ കേസില്‍ മാത്രമല്ല, അജ്ഞാതസ്ഥലികളില്‍ ക്രൂരമായ ബലാല്‍ത്സംഗങ്ങള്‍ക്ക് ഇരകളായി ജീവന്‍ പറിഞ്ഞുപോയ പെണ്‍കുട്ടികളുടെ ആത്മാവിന് (?) മോക്ഷം കിട്ടുന്ന രീതിയില്‍, ആ 'മൃഗഷ്യരെ' നിയമത്തിന് മുന്നിലെത്തിക്കുന്നതിന് പോസ്റ്റ്മോര്‍ട്ടവും ഒട്ടോപ്സിയും വഹിച്ച പങ്ക ് നിര്‍ണ്ണായകമാണ്. പുതുതലമുറയിലുള്ള ഡോക്ടര്‍മാരില്‍ പലര്‍ക്കും പോസ്റ്റ്മോര്‍ട്ടത്തില്‍ താല്‍പ്പര്യമില്ലെന്നത് പരസ്യമായ രഹസ്യമാണ്. പോസ്റ്റ്മോര്‍ട്ടം സഹായികളെ കൊണ്ട് നടത്തുന്നവരും ശരീരം ഒന്ന് 'കീറി-തയ്ച്ച്' വെക്കുന്നവരും ഇവിടെ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സൌമ്യയുടെ കേസില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത് താനാണെന്ന വാദഗതിയുമായി രംഗത്തെത്തിയ മഹാനുഭാവനായ ഭിഷഗ്വരന്റെ സേവനവും ഓര്‍മ്മിക്കുന്നു. (പോസ്റ്റ്മോര്‍ട്ടം സമയത്ത് എടുത്ത ഫോട്ടോഗ്രാഫുകള്‍, പരിചയസമ്പന്നയായ ഡോ. ഷേര്‍ളിവാസു ജൂനിയര്‍ ഡോക്ടറുടെ സഹായിയായി പോസ്റ്റ്മോര്‍ട്ടം ടേബിളിനരികില്‍ നില്‍ക്കുമോ...? എന്ന കോടതി യുക്തി, ഇവയാണ് അന്ന് സത്യത്തെ രക്ഷിച്ചത്)
സത്യത്തിന് വേണ്ടിയുള്ള ഈ മഹാപ്രയാണത്തിനിടയ്ക്കാണ് അതിനെ പരാമവധി തടയണമെന്ന ലക്ഷ്യവുമായി ചിലര്‍ അരയും തലയും മുറുക്കി രംഗത്തെത്തുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും പോസ്റ്റ്മോര്‍ട്ടത്തിന് രണ്ട് മണിക്കൂര്‍ സമയം അനുവദിക്കുമ്പോള്‍ നമ്മുടെ കേരളത്തില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം. പലയിടത്തും മൃതദേഹത്തിന് ചുറ്റും കൂടി നില്‍ക്കുന്ന മാന്യമഹാജനങ്ങളും നാടന്‍ ഡിറ്റക്ടീവുകളും പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പ് തന്നെ സ്വന്തം നിഗമനങ്ങളില്‍ എത്തിയിരിക്കും. ഈ നിഗമനങ്ങള്‍ക്ക് വിരുദ്ധമാണ് സര്‍ജന്റെ നിഗമനങ്ങളെങ്കില്‍ ആക്ഷന്‍ കൌണ്‍സില്‍ എത്രയും പെട്ടെന്ന് ഒരു കുരിശുണ്ടാക്കി എത്തും- 'കുറ്റവാളികളെ രക്ഷിക്കാന്‍ കൂട്ടു നിന്ന ഡോ......... അറസ്റ്റ് ചെയ്യുക' എന്ന മുദ്രാവാക്യം അകമ്പടി സേവിക്കും. മരണത്തിന് ശേഷവും ഒരാളുടെ ശരീരത്തിന് അര്‍ത്ഥമുണ്ടാകുന്നത് അത് പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ എത്തുമ്പോഴാണ്. ജനി-മൃതികളുടെ സമസ്യകള്‍ ഇവിടെ പൂരിപ്പിക്കപ്പെടുന്നു. പൊരുളുകള്‍ പുനഃജനിക്കുന്നു....


* 'സോളമന്റെ തേനീച്ചകള്‍' മനോഹരമായ ഒരുപമയാണ്. ഒരു കുറ്റകൃത്യം മറ്റ് തെളിവുകള്‍ ഒന്നുമില്ലാതെ ക്ളോസ് ചെയ്യാനുറപ്പിക്കുന്ന വേളയില്‍, ഉന്നതമായ ഏതോ നീതിപീഠത്തില്‍ നിന്ന് സത്യത്തിന്റെ തേനീച്ചകള്‍ കുറ്റാന്വേഷകനെയൊ ഭൂമിയിലെ നീതിപീഠങ്ങളെയൊ തേടി പറന്നിറങ്ങി വരുന്നതിനെയാണ് 'സോളമന്റെ തേനീച്ചകള്‍' എന്ന മനോഹരമായ ഉപമ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Tuesday, January 24, 2012

പത്മരാജന്‍.....

പത്മരാജന്‍, താമരയുടെ രാജാവോ...? അങ്ങനെ ഒരു പേരോ..? (ലോല മിസ്ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കുട്ടി)
"അല്ല, ഇനി വരുമെന്ന് പറഞ്ഞിട്ട് വരാതിരിക്കുമോ...?''-കറുത്ത ടെലിഫോണില്‍ ക്ളാരയോട് ജയകൃഷ്ണന്‍ ചോദിക്കുന്നു. അത്രമേല്‍ കാതരമായ ചോദ്യമാണിത്. ആ സംഭാഷണത്തിന് ശേഷം റിസീവര്‍ വെച്ച ജയകൃഷ്ണന്‍ രണ്ടാമതും അതെടുത്ത് ചെവിയോട് ചേര്‍ക്കുന്നുണ്ട്. ആ പെണ്‍ശബ്ദം ഒന്നുകൂടി കേള്‍ക്കുമോ എന്ന ഒരാന്തലാണ് അയാളെ കൊണ്ട് അത് ചെയ്യിക്കുന്നത്.അത് ചെയ്യിച്ചത് പത്മരാജനാണ്.
'നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍' എന്ന സിനിമയില്‍ വീട്ടുമുറ്റത്തേക്ക് സുഹൃത്തിന്റെ ബൈക്കില്‍ വരുന്ന പോള്‍ പൈലോക്കാരന്റെ (തിലകന്‍) വരവ് തിരക്കഥയിലെഴുതിയ ശേഷം പത്മരാജന്‍ ഇത്ര കൂടി എഴുതുന്നു-'അയാള്‍ ഒരു തൊപ്പി കഷണ്ടി മറക്കാനെന്ന പോലെ (?) വെച്ചിട്ടുണ്ട്'. കഥയുടെ അവസാനം പൈലോക്കാരനാല്‍ ചീത്തയാക്കപ്പെട്ട സോഫിയയെ ഏറ്റെടുക്കാന്‍ വന്ന സോളമന്‍ (മോഹന്‍ലാല്‍) അയാളെ അടിച്ചിടുമ്പോള്‍ ഇങ്ങനെ കൂടി കുറിക്കുന്നു. 'അയാളുടെ ചലനങ്ങളില്‍ ഒരു തവളയുടെ മന്ദത'.
ജോഷി സംവിധാനം ചെയ്ത് പത്മരാജന്‍ തിരക്കഥയെഴുതിയ 'ഈ തണുത്ത വെളുപ്പാന്‍ കാലത്ത്' എന്ന സിനിമയിലെ ഒരു രംഗം നോക്കൂ. റൊസാരിയോ കുടുബത്തെ കൊലപ്പെടുത്തിയെന്ന് എല്ലാവരും വിശ്വസിക്കുന്ന ക്രിസ്റ്റി (സുരേഷ്ഗോപി) യുടെ നാര്‍ക്കോഅനാലിസിസ് ടേപ്പ് കേള്‍ക്കുന്ന കുറ്റാന്വേഷകന്‍ ഹരിശങ്കര്‍ (മമ്മൂട്ടി). അയാളുടെ വിരല്‍തുമ്പില്‍ എരിയുന്ന സിഗരറ്റ്. മുന്നിലെ റെക്കോര്‍ഡറിലെ സൂചി മുന്നോട്ടും പിന്നോട്ടും ആടിയുലയുന്നു. ഒരു കുറ്റാന്വേഷകന്റെ മനസ് ശരി തെറ്റുകളിലേക്ക് സൂചി പോലെ ആടിയുലയുന്ന ദൃശ്യം.
'കൂടെവിടെ' സിനിമയില്‍ പോള്‍പുത്തൂരാനെ (റഹ്മാന്‍) ജീപ്പിടിച്ച് കൊന്നശേഷം ഹൌസ് അറസ്റ്റിലായ ക്യാപ്റ്റന്‍ തോമസിനെ (മമ്മൂട്ടി) കാണാനെത്തിയ ആലിസ് (സുഹാസിനി) താന്‍ ഊട്ടി വിടുകയാണെന്ന് തോമസിനോട് സൂചിപ്പിക്കുന്നു. ആ വാക്കുകള്‍ കേട്ട് ഒന്നും മിണ്ടാതെ നടന്നകലുന്ന തോമസ്. 'മൌനം ഘനീഭവിച്ച് നില്‍ക്കുന്ന തൂണുകളുള്ള ഇടനാഴിയിലൂടെ തോമസ് നടന്നകന്നു' എന്ന് പത്മരാജന്‍ കുറിച്ചിട്ടിരിക്കുന്നു. ആ ദൃശ്യം കണ്ടവര്‍ക്ക് പേന കൊണ്ടെഴുതിയതിനെ ഏത് രീതിയില്‍ ഫിലിമിലാക്കണമെന്ന് ധാരണയുള്ള ഒരു സംവിധായകനെ കാണാം.
ഐ വി ശശി സംവിധാനം ചെയ്ത 'കാണാമറയത്ത്' സിനിമയില്‍
തന്റെ ഇരട്ടി പ്രായമുള്ള റോയിച്ചനോട് (മമ്മൂട്ടി) ഷേര്‍ളിയ്ക്ക് (ശോഭന) തോന്നുന്ന അഭിനിവേശത്തിന് പിന്നില്‍ അയാള്‍ സിഗരറ്റ് കത്തിക്കാന്‍ ഉപയോഗിക്കുമ്പോള്‍ ജ്വാലയോടൊപ്പം  സംഗീതം കൂടി പൊഴിക്കുന്ന ലൈറ്ററിനും സ്ഥാനമുണ്ടല്ലോ...?
'മൂന്നാംപക്കം' നോക്കൂ. കടലില്‍ പോയ കൊച്ചുമകന്‍ ഭാസിയെ കുറിച്ച് കാര്‍ന്നോര്‍ കാണുന്ന പേക്കിനാവുകള്‍. കടപ്പുറത്ത് വളഞ്ഞ് പുളഞ്ഞ് നില്‍ക്കുന്ന തെങ്ങ്, മണല്‍പരപ്പ്, ചിത്രപണികളുള്ള വാതിലില്‍ വന്നിടിക്കുന്ന കൈത്തലങ്ങള്‍, കടലിനടയിലൂടെ നീന്തുന്ന ഭാസിയുടെ അവ്യക്തരൂപം, ഓടി തിരിഞ്ഞ് മണലിലൂടെ നടക്കുന്ന കാര്‍ണവര്‍ക്ക് മുന്നില്‍ കഴുത്ത് വരെ മണലിനാല്‍ മൂടപ്പെട്ട് കിടക്കുന്ന ഭാസി....ദൃശ്യബിംബങ്ങള്‍ കോര്‍ത്തിണക്കി മൃതിയുടെ സാഗരം തീര്‍ക്കുന്ന ഒരു തിരക്കഥാകൃത്ത് നമ്മുക്കുണ്ടായിരുന്നു.
പത്മരാജന്റെ ഏറ്റവും കരുത്തുറ്റ തിരക്കഥയാണ് 'കരിയിലക്കാറ്റ് പോലെ'. ആത്മകഥാസ്പര്‍ശമുള്ള ഹരികൃഷ്ണന്‍ (മമ്മൂട്ടി) എന്ന സാഹിത്യകാരനെ ചുറ്റിപറ്റിയുള്ള പത്മരാജന്റെ പ്രമേയത്തിന് മരണത്തിന്റെ ജ്വലനദീപ്തി. ഹരികൃഷ്ണന്റെ പൂര്‍ത്തിയാവാത്ത നോവല്‍ വായിച്ച് കുറ്റാന്വേഷക
ന്‍ അച്യുതന്‍കുട്ടി (മോഹന്‍ലാല്‍) പറയുന്നു- "എനിക്കിപ്പോ ഒരു സംശയം. നോവലില്‍ അങ്ങേര്‍ പറഞ്ഞത് പോലെ ഈ കേസും ആ ഒരു വൈറ്റല്‍ ക്ളൂവില്ലാതെ ക്ളോസ് ചെയ്യേണ്ടി വരുമോ...?''എന്ന്.
മലയാളത്തിലെ ഏറ്റവും പിരിമുറുക്കമുള്ള ചില രംഗങ്ങളും സംഭാഷണങ്ങളും ഈ ചിത്രത്തിലാണുള്ളത്. സാഹിത്യഅക്കാദമി ഹാളില്‍ വേദിയിലിരിക്കുന്ന ഹരികൃഷ്ണന്‍ ആദ്യം ശില്‍പ്പയെ (കാര്‍ത്തിക) കാണുമ്പോള്‍ പുഞ്ചിരിക്കുന്നു. പിന്നീട് മറവില്‍ നിന്ന അമ്മയെ (ശ്രീപ്രിയ) കാണുമ്പോള്‍ ഞെട്ടിതരിച്ച്  സിഗരറ്റ് കൊളുത്താന്‍ ശ്രമിക്കുന്നതും, ഹറിബറിയില്‍ സിഗരറ്റ് കൈയ്യില്‍ നിന്ന് തെറിക്കുന്നതും, വിയര്‍ത്ത് കുളിച്ച് വല്ലാത്തൊരു അവസ്ഥയില്‍ അയാള്‍ പാടുപെടുന്നതും എനിക്ക് പ്രിയപ്പെട്ട രംഗമാണ്. "മറ്റാരെയും കിട്ടാതെ ഡെസ്പറേറ്റായ ലോറി ഡ്രൈവര്‍മാര്‍ക്ക് നീയാലും മുഷിയില്ല. ഇറങ്ങി റോഡില്‍ ചെന്ന് നില്‍ക്ക്''-സുന്ദരിയല്ലാത്ത ശില്‍പ്പയുടെ അമ്മയോട്  മെയില്‍ ഷോവനിസ്റ്റായ ഹരികൃഷ്ണന്റെ ആക്രോശം. ശില്‍പ്പയെ മകളായി തിരിച്ചറിഞ്ഞ ഹരികൃഷ്ണന്റെ ആനന്ദം (ഫിലിം റോളുകള്‍ കൊണ്ട് ശില്‍പ്പയെ ഹരികൃഷ്ണന്‍ മൂടുമ്പോള്‍ ജോണ്‍സണ്‍ പകര്‍ന്ന പശ്ചാത്തല സംഗീതം).
സീസണില്‍ ഫാബിയനെ കൊന്നശേഷം വാനോടിച്ച് ജയിലിലേക്ക് മടങ്ങുന്ന ജീവന്റെ (മോഹന്‍ലാല്‍) ആത്മഭാഷണം എത്ര മനോഹരം- "വീണ്ടും എനിക്ക് തെരുവ് വിളക്കുകള്‍ നഷ്ടമാകാന്‍ പോകുന്നു. ഇത്തവണ എത്ര കാലത്തേക്കെന്ന് അറിയില്ല. ഭാഗ്യത്തിന് ഇത്തവണ എന്റെ പേരില്‍ സാഹചര്യ തെളിവുകള്‍ ഒന്നുമില്ല. പകരം എന്റെ ഷര്‍ട്ടില്‍, ശരീരത്തില്‍ എല്ലാം തെളിവുകളാണ്''. 

അപ്പോള്‍ കള്ളന്‍ പവിത്രനെ മറക്കാമോ...? പാത്രകച്ചവടക്കാരന്റെ ഗോഡൌണിലെ പാത്രകാട്ടില്‍ നിന്ന് തടഞ്ഞ വിഗ്രഹവുമായി ഓടുന്ന പവിത്രന്‍ ഗദ്ഗദത്തോടെ പറയുന്നു- "കള്ളനാണെങ്കിലും നിഷ്ഠയുള്ളവനായിരുന്നു...''. തിങ്കളാഴ്ച നല്ല ദിവസത്തില്‍ അമ്മയുടെ മരണശേഷം വീട് വില്‍ക്കാനുള്ള തീരുമാനം ഉപേക്ഷിച്ച മകന്‍ പറയുന്നു- "അങ്ങനെ പോയാലെങ്ങനെയാ...അമ്മ പറയാറുള്ളത് പോലെ പഴയ വീടാ...ആളും അനക്കവും ഇല്ലാതെ ചിതല്‍ പിടിച്ച്വീഴും. മച്ചിലെ കാര്‍ണവന്‍മാര്‍ ക്ഷമിക്കില്ല. നമ്മുടെ കുട്ടികള്‍ ഇവിടെ വളര്‍ന്നോട്ടെ...ഈ കാറ്റ് കൊണ്ട്.. ഇവിടുത്തെ വെളിച്ചമേറ്റ്...അത് കൊണ്ടവര്‍ക്ക് ഒരു കൊറവും വരില്ല...നല്ലതേ വരൂ..''.തന്നെ തിരിച്ചറിയാത്ത ഭാര്യയെ പിന്നിലുപേക്ഷിച്ച് അപാരതയിലേക്കെന്ന പോലെ കാറില്‍ പോകുന്ന ഇന്നലെയിലെ നരേന്ദ്രനെയും ഓര്‍ക്കുന്നു.  സിനിമ വിശദീകരണത്തിന്റെ കലയാണെങ്കില്‍ പത്മരാജന്റെ തിരക്കഥകള്‍  നല്ല സിനിമയ്ക്കുള്ള എല്ലാം ഒത്തിണങ്ങിയ ബ്ളൂചാര്‍ട്ടുകളായിരുന്നു.

ഇത്രയും മാത്രം.....
അഴീക്കോട് മാഷ് ക്ഷീണിതനായിരുന്നു. വേദിയിലേക്ക് നടന്നുകയറാനും കസേരയില്‍ ഇരിക്കാനും കൂടുതല്‍ സമയമെടുത്തു. വിയര്‍ത്ത് കുളിച്ച് ട്യൂബ്ലൈറ്റിന്റെ പാല്‍നിലാവില്‍ സദസിനെ നോക്കി അല്‍പ്പനേരമിരുന്നു. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സംഘാടകരില്‍ ചിലര്‍ വേദിയിലെത്തി കസേരയോട് ചേര്‍ന്ന് നിന്ന് എന്തെല്ലാമോ പറയുന്നു. ചിലരൊക്കെ പരിചയം പുതുക്കാന്‍ അടുത്തെത്തി. അദ്ദേഹം എല്ലാവരെയും തിരിച്ചറിഞ്ഞോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പക്ഷേ സംശയലേശമില്ലാതെ എല്ലാവര്‍ക്കും പുഞ്ചിരി വാരിവിതറാന്‍ മടിച്ചില്ല. സമസ്ത കേരള സാഹിത്യപരിഷത്തിന്റെ മലയാളവാരാചരണം ഉദ്ഘാടനം ചെയ്യാന്‍ നവംബറില്‍ ഏറ്റിരുന്നെങ്കിലും രോഗപീഡകള്‍ യാത്ര അനുവദിച്ചില്ല. എറണാകുളത്തപ്പന്‍ മൈതാനത്ത് അദ്ദേഹം എത്തുമോയെന്ന കാര്യത്തില്‍ സന്ദേഹമുണ്ടായിരുന്നു. പക്ഷേ പറഞ്ഞതിലും പതിനഞ്ച് മിനിറ്റോളം വൈകി പരിചിതമായ കാര്‍ ഒഴുകിയെത്തി. വെള്ളയില്‍ പൊതിഞ്ഞ ശുഷ്കരൂപം വേദിയിലേക്ക് നടന്നടുത്ത്. എല്ലാ സൂര്യനും ചുറ്റുമുണ്ടാകാറുള്ള ഉപഗ്രഹവലയം അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്നു. 
"വായനയുടെയും ചിന്തയുടെയും ലോകത്ത് നാം വലിയ അസ്തമനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്'' സുകുമാറിന്റെ പ്രഭാഷണം ആരംഭിച്ചു. പതിഞ്ഞ ജ്വാലയായി കൊളുത്തപ്പെട്ട് അത് ആളികയറുമെന്ന് എല്ലാവരെയും പോലെ പ്രതീക്ഷിച്ചു. വിവാദങ്ങള്‍ കുറിക്കാന്‍ നോട്ട്പാഡില്‍ പേനത്തുമ്പൊട്ടിച്ച് ഇരുന്നു. ഒരോ വാക്കിന് ശേഷവും സ്വഭാവികമായ വിറയല്‍. ആ വിറയല്‍ അടുത്ത വാക്കിലേക്കുള്ള വിജാഗിരിയാകും. വാക്കുകളുടെ വാതിലുകളെല്ലാം കൂടി ചേരുന്ന വലിയ വാതില്‍ ആണ് മാഷിന്റെ പ്രഭാഷണമെന്ന് തോന്നാറുണ്ട്. ഒന്ന്-ഒന്നര മണിക്കൂര്‍ ചേതന പിടിച്ചിരുത്താനുള്ള അദ്ദേഹത്തിന്റെ പാടവം അതുല്യമായിരുന്നു. അതാ...വാചകങ്ങള്‍ പലതും പകുതിയില്‍ കാലിടറി വീഴുന്നു. ക്ഷണിക്കപ്പെടാത്ത അതിഥികളെ പോലെ ചുമകള്‍ ആ ചുമലുകളെ വിറപ്പിക്കുന്നു. ഒന്നു രണ്ടു വട്ടം വെള്ളം കുടിച്ച് ആത്മതാളം കണ്ടെത്താനുള്ള ശ്രമമാണ് പിന്നീട്. വിയര്‍ത്ത് കുളിച്ച് സദസിലേക്ക് നോക്കി അദ്ദേഹം നിന്നു. "ഇപ്പോഴത്തെ കുട്ടികള്‍ക്ക് വായന കുറവാണ്. 25 വയസില്‍ ഞാനൊക്കെ എന്തൊക്കെ പുസ്തകങ്ങളാണ് വായിച്ചിരുന്നതെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഭയം തോന്നുന്നു''-ചുമകള്‍ വീണ്ടും അദ്ദേഹത്തെ പൊതിഞ്ഞു. 
വിജയന്‍മാഷുടെ പ്രഭാഷണം നേരിട്ട് കേള്‍ക്കാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല. പക്ഷേ അദ്ദേഹം പറഞ്ഞതും എഴുതിയതും വായിച്ചിരുന്നു. വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണ കവിതാസമാഹാരത്തിന് അദ്ദേഹം എഴുതിയ അവതാരികവചനം പോല്‍-"രാത്രികളില്‍ നിന്ന് പകലുകളിലേക്കിട്ട പാലങ്ങള്‍ പോലെ, വാറ്റിയെടുത്ത മദ്യം പോലെയാണ് വൈലോപ്പിള്ളിയുടെ ഭാഷ''. ഹാ...!  കൊതിച്ചു പോയിട്ടുണ്ട്. വാറ്റിയെടുത്ത മദ്യം പോലെ ഒരു ഭാഷ...വിജയന്‍ മാഷ് മരിച്ചപ്പോള്‍ ആരോടും പറയാതെ ലോകമലേശ്വരത്തേക്ക് വണ്ടി കയറാന്‍ എന്നെ പ്രേരിപ്പിച്ചതും ആ വാക്കുകളാണ്. പക്ഷേ അഴീക്കോട് മാഷിന്റെ പ്രഭാഷണങ്ങള്‍ ഞാന്‍ പല വട്ടം കേട്ടിരുന്നു. ഏതൊരു പ്രഭാഷണവും കേള്‍ക്കാന്‍ ഇരിക്കുന്നത് പോലെ മനസിനെ വിദൂരസ്ഥലികള്‍ ഇഷ്ടം പോലെ മേയാന്‍ കടിഞ്ഞാണഴിച്ച് വിട്ട്, അങ്ങനെ കേട്ടിരിക്കുമ്പോള്‍... പക്ഷേ ഈ മനുഷ്യന്റെ വിറയ്ക്കുന്ന വാക്കുകള്‍ ഏതോ  ബിന്ദുവില്‍ ആ കടിഞ്ഞാണ്‍ തട്ടിയെടുക്കുകയും തുടര്‍ന്ന് മണിക്കൂറിലേറെ നേരത്തെ സൂചിപ്പിച്ച വാക്കില്‍ നിന്ന് വാക്കിലേക്കുള്ള വിജാഗിരി ഉറപ്പിക്കുന്ന നൈസര്‍ഗിക ക്രിയയിലേക്ക് ചേതസ്സിനെ ആവാഹിച്ചെടുക്കുകയും ചെയ്യും. 
വീണ്ടും ചുമകള്‍..."ഡോക്ടര്‍മാര്‍ എന്നോട് അധികം സംസാരിക്കാന്‍ പാടില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ ഇത്രയും ദൂരം വന്ന സ്ഥിതിയ്ക്ക് ഇത്രയെങ്കിലും പറയണമല്ലോ...''-അഴീക്കോട് മാഷ് പ്രഭാഷണം നിര്‍ത്തി. കൈയ്യടികള്‍. 
ജോലി ചെയ്യുന്ന പത്രത്തിന്റെ ഓണാഘോഷ പരിപാടിയ്ക്ക് മാഷെത്തിയപ്പോള്‍ എല്ലാവരുടെയും ഒപ്പമിരുന്നു ഉണ്ടു. രണ്ട് ഗ്ളാസ് പായസം കുടിച്ചു. സന്തുഷ്ടനായി പറഞ്ഞു-"ഡോക്ടര്‍മാര്‍ മധുരം തൊടാന്‍ പാടില്ലെന്ന് കര്‍ശനമായി വിലക്കി. പക്ഷേ ഒന്നോ രണ്ടോ ഗ്ളാസ് ഒക്കെ കുടിക്കുന്നതില്‍ കുഴപ്പമില്ല അല്ലേ...?''. മഹാബലിയെ കുറിച്ച് ധാരാളം സംസാരിച്ച ശേഷം "ഈ ഓണവെയിലില്‍ മഹാനായ ബലിയെയും കാത്തിരുന്ന നിങ്ങള്‍ അല്‍പ്പബലിയായ എന്നെ കാണാനും വാക്കുകള്‍ക്ക് കാതോര്‍ക്കാനും തയാറായല്ലോ...സന്തോഷം...'' അദ്ദേഹം അന്ന് അവസാനിപ്പിച്ചത് ഇങ്ങനെയാണ്. മാഷ് കാറില്‍ കയറി പോയി. മൈക്ക് വെച്ച ചാനലുകാരോട് ഒന്നും പറഞ്ഞില്ല... ഖണ്ഡനവും മണ്ഡനവും ദേഷ്യമാണെങ്കിലും ഈ മനുഷ്യനെ ഇഷ്ടമായിരുന്നു. കാണുന്നതും കേള്‍ക്കുന്നതും ഇഷ്ടമായിരുന്നു. ആ ഇഷ്ടത്തിനായി...

Thursday, January 12, 2012


വെള്ളപൂച്ചയും ലൈന്‍വീടുകളും.....
പണ്ട് നാം സ്നേഹിച്ചവരകന്നോ, മൃതിപ്പെട്ടോ-
വന്‍ പകയോടെ ചേരി മാറിയോ പൊയ്പോകുന്നു. 
(വൈലോപ്പിള്ളി) 


"നിങ്ങള്‍ മാറി നിന്നേ മോഹനന്‍ ചേട്ടാ...ഇന്ന് ഞാന്‍ ഈ നായിന്റെ  മോനെ കൊല്ലും''. ജഡം പോലെ നില്‍ക്കുന്ന ഗംഗാധരന്‍ ചേട്ടന്റെ നേരെ കുതിക്കാനൊരുങ്ങുകയാണ് അമ്മുവിന്റെ അച്ഛന്‍. സത്യത്തില്‍ എനിക്ക് ഒന്നും മനസിലായില്ല. ലൈന്‍ വീടുകളുടെ ഉമ്മറത്ത് ധാരാളം പേര്‍ കൂടി നില്‍പ്പുണ്ട്. എല്ലാവരുടെയും മുഖത്ത് ആശങ്കയുണ്ട്. ഗംഗാധരന്‍ ചേട്ടന്റെ ഭാര്യയും അമ്മുവിന്റെ അമ്മയും കരയുന്നുണ്ട്. അമ്മുവിന്റെ അച്ഛനെ ഒരുവിധം സമാധാനിപ്പിച്ച് തിണ്ണയില്‍ കൊണ്ടു പോയി ഇരുത്തി. ആശ്വാസവചനങ്ങള്‍ എന്തൊക്കെയൊ കാതില്‍ പറഞ്ഞാണ് അയാളെ ഒതുക്കിയത്. ആരോ കൊണ്ടുവന്ന ഒരു മൊന്ത വെള്ളം വായിലേക്ക് പകര്‍ന്ന് അയാള്‍ തലയ്ക്ക് കൈയ്യും കൊടുത്ത് ഇരിപ്പായി. ഒരു കൈലി മാത്രമുടുത്ത ഗംഗാധരന്‍ ചേട്ടന്‍ തറഞ്ഞു പോയ മട്ടില്‍ അവിടെ തന്നെ നില്‍പ്പാണ്. എല്ലാവരും വെറുതെ നില്‍ക്കുകയാണെങ്കിലും അദൃശ്യമായ ഏതോ  മുറിവ് അവരുടെ ഉള്ളിലെല്ലാം തുറന്നിരിക്കുന്നുണ്ടെന്നും മുറികണ്ണിലൂടെ ചോര ഒഴുകുന്നുണ്ടെന്നും തോന്നി. എന്റെ കണ്ണുകള്‍ അമ്മുവിനെ തെരഞ്ഞു. തിണ്ണയുടെ ഏറ്റവും അറ്റത്ത് ഒരു പെറ്റികോട്ടിട്ട് കൌതുകം നിറഞ്ഞ കണ്ണുകളോടെ എല്ലാം നോക്കി നില്‍പ്പുണ്ടവള്‍. താന്‍ മൂലമാണ് ഈ പുകിലത്രയും ഉണ്ടാവുന്നതെന്ന് തോന്നിപ്പിക്കുന്ന ഒന്നും അവളുടെ നോട്ടത്തിലോ ഭാവത്തിലോ ഇല്ല. 
'മൊട്ടച്ചി' എന്ന് ഉറക്കെവിളിച്ച് അവളെ ദേഷ്യം പിടിപ്പിക്കുന്നത് ഞങ്ങളുടെ പ്രധാന വിനോദമായിരുന്നു. പത്ത്-പന്ത്രണ്ട് വയസ് കാണും അവള്‍ക്ക്. കാതില്‍ രണ്ട് സ്വര്‍ണ്ണ മൊട്ടുകള്‍. കാണാന്‍ അത്ര ചേലൊന്നുമില്ല. ഗംഗാധരന്‍ ചേട്ടന്‍ കയറി വാതിലടച്ചു. പിന്നെയും കുറെ നേരം കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി പോവുകയും ഇരുട്ട് വീണപ്പോള്‍ ഒരു മിനി ലോറി മുറ്റത്ത് വന്ന് നില്‍ക്കുകയും ചെയ്തു. അവര്‍ വീട് മാറാനുള്ള നീക്കം തുടങ്ങി. തല്‍ക്കാലം ഓമന ചേച്ചിയുടെ വീട്ടിലേക്കും അത് കഴിഞ്ഞ് പുതിയ വീട് തപ്പി കണ്ടു പിടിച്ച് അങ്ങോട്ടും നീങ്ങാനാണ് പദ്ധതി. ഒന്നു രണ്ട് മണിക്കൂര്‍ കൊണ്ട് സാധനങ്ങളെല്ലാം പെറുക്കികെട്ടി ഗംഗാധരന്‍, ഭാര്യ ഓമന, മകന്‍ ഏഴാം ക്ളാസുകാരന്‍ ചന്തു എന്നിവര്‍ കൂടുമാറി. ലൈന്‍ വീടുകളില്‍ ഇത്തരം കൂടുമാറലുകള്‍ സ്വാഭാവികമാണ്. വാടകചീട്ടിന്റെ കാലം കഴിയുമ്പോള്‍ തനിക്ക് പിടിച്ച ആളല്ലെങ്കില്‍ ഹാജിയാര്‍ വീട് കാലിയാക്കാന്‍ പറയും. ശമ്പളത്തിനൊപ്പിച്ച് ഒരു ഇടം കണ്ടെത്തിയാല്‍ മുറ്റത്ത് വന്ന് നില്‍ക്കുന്ന മിനി ലോറിയില്‍ സാധനങ്ങള്‍ കുത്തിനിറച്ച് തൊട്ട് പിന്നാലെ ഒരു ജീപ്പിലോ കാറിലോ കുടുംബം അങ്ങോട്ടു നീങ്ങും. പക്ഷേ രണ്ടും മൂന്നും വര്‍ഷം താമസിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കണ്ടിട്ടുള്ള ഔപചാരികമായ യാത്രപറച്ചിലുകളോ പുതിയ വീട്ടിലേക്കുള്ള ക്ഷണങ്ങളോ ഗംഗാധരന്‍ചേട്ടന്‍ വീട് മാറിയപ്പോള്‍ ഉണ്ടായില്ല. വാക്കേറ്റവും തമ്മില്‍ തല്ലും ലൈന്‍ വീടുകളില്‍ പതിവാണ്. പക്ഷേ, അത്തരത്തില്‍ ഉള്ള കല്ലുകടികള്‍ മണിക്കൂറുകള്‍ കൊണ്ടോ ദിവസങ്ങള്‍ കൊണ്ടോ ഏറിയാല്‍ ആഴ്ച്ചകള്‍ കൊണ്ടോ പഴയ മട്ടിലാവുകയും ചെയ്യും. നേഴ്സായ ഓമനചേച്ചി വീട്ടിലില്ലാത്ത സമയത്ത്, ചന്തു സ്കൂളില്‍ പോയ സമയത്ത്, ഗംഗാധരന്‍ ചേട്ടന്‍ വീട്ടില്‍ തനിച്ചുള്ള സമയത്ത്, സ്കൂളില്‍ പോവാത്ത അമ്മു ഓമനചേച്ചിയുടെ വീട്ടിലേക്ക് പോയ സമയത്ത് ഉണ്ടായ എന്തോ സംഭവമാണ് ഇത്രയും വലിയ പൊട്ടിത്തെറിയിലേക്ക് വഴിമരുന്നിട്ടതെന്ന് കൂടി നിന്നവരുടെ അടക്കംപറച്ചിലുകള്‍ക്ക് ചെവിയോര്‍ത്തും,അമ്മയും അയല്‍വീട്ടിലെ ചേച്ചിമാരും തമ്മിലുള്ള ചര്‍ച്ചകള്‍ ഒളിച്ച് നിന്ന് കേട്ടും ഞാന്‍ മനസിലാക്കി. 
"നിങ്ങള്‍ മാറി നിന്നേ മോഹനന്‍ ചേട്ടാ...ഇന്ന് ഞാന്‍ ഈ നായിന്റെ  മോനെ കൊല്ലും''- എന്ന വാക്കുകള്‍ എന്റെ ഉള്ളില്‍ മുഴങ്ങി. അച്ഛനും മറ്റുള്ളവരും പിടിച്ച് നിര്‍ത്തിയില്ലെങ്കില്‍ അയാള്‍ അത് ചെയ്തേക്കുമെന്ന് എനിക്കപ്പോള്‍ തോന്നി. കൊടുങ്കാറ്റിന്റെ ബലമുണ്ടായിരുന്നു അപ്പോള്‍ അയാള്‍ക്ക്...
വീട് മാറി പോയവര്‍ പണ്ടും വേദനിപ്പിച്ചിട്ടുണ്ട്. ഫാത്തിമ ചേച്ചിയുടെയും ഭര്‍ത്താവ് അക്ബറിന്റെയും പോക്കും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. കാതില്‍ സ്വര്‍ണ്ണവളയങ്ങളിട്ട, നല്ല ചന്തമുള്ള സാരികളുടുക്കുന്ന, സുന്ദരിയായ ഫാത്തിമയെ കുറിച്ച് എന്നെ എടുത്ത് ഉമ്മ വെക്കുമ്പോള്‍ കുത്തുന്ന മീശയുള്ള അക്ബറിന് എപ്പോഴാണ് സന്ദേഹമുദിച്ചത്....?. കല്യാണം കഴിഞ്ഞ് വര്‍ഷമേറെയായെങ്കിലും അവര്‍ക്ക് ഒരു കുഞ്ഞിക്കാല്‍ (?) കാണാന്‍ യോഗമുണ്ടായില്ല. അക്ബറിന്റെ കുഴപ്പമാണെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയപ്പോള്‍ അത് മറച്ച് വെച്ച് ഫാത്തിമയ്ക്കാണ് പ്രശ്നമെന്ന് അക്ബര്‍ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞു. പുറമേക്ക് കുഴപ്പങ്ങളൊന്നും കണ്ടില്ലെങ്കിലും അവരുടെ ഉള്ളില്‍ പരസ്പര വിദ്വേഷത്തിന്റെ കനലെരിയുന്നുണ്ടായിരുന്നു. തന്നോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഫാത്തിമ മറ്റുള്ളവരുമായി ചില ഏര്‍പ്പാടുകള്‍ തുടങ്ങിയിട്ടുണ്ടെന്നായി അക്ബറിന്റെ പക്ഷം. രാത്രികാലങ്ങളില്‍ ചുവരുകള്‍ക്കപ്പുറത്ത് നിന്നും ശകാരങ്ങളും പൊട്ടികരച്ചിലുകളും പതിവായി. ഒടുവില്‍ അവര്‍ ഇരുവരും വീട് മാറി പോയി. അവര്‍ പിന്നീട് വേര്‍ പിരിഞ്ഞോ എന്ന കാര്യമൊന്നും എനിക്കറിയില്ല. 
വഴക്കുകള്‍ ചിലപ്പോള്‍ കൈയ്യാങ്കളിയിലേക്ക് നീങ്ങുന്നതിന് സാക്ഷിയായിട്ടുണ്ട്. റെയില്‍വേ ജീവനക്കാരനായ മുത്തുരാമന്റെ പത്നി രാധാലക്ഷ്മിയെ പറ്റി പാല്‍ക്കാരി പത്മാക്ഷി ഏതോ വീട്ടുകാരിയോട് പറഞ്ഞ നിര്‍ദോഷമായ കമന്റ്, ഇരുവരും തമ്മിലുള്ള ഗംഭീര സംഘട്ടത്തിന് വഴിയൊരുക്കി. തടിച്ചിയായ രാധാലക്ഷ്മിപത്മാക്ഷിയുടെ മെലിഞ്ഞ കഴുത്തില്‍ പിടിച്ച് അടുത്തുള്ള ചുവരോട്  ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ നിരങ്ങി നിലത്തേക്കിരുന്ന് ഒരു ഓടിന്‍ കഷ്ണമെടുത്ത പത്മാക്ഷിയേയും, രാധാലക്ഷ്മിയുടെ ശിരസില്‍ നിന്ന് ചോര ഫൌണ്ടെയ്ന്‍ പോലെ തെറിക്കുന്നതും, അവര്‍ നിലത്തേക്ക് വീഴുന്നതും ഞാന്‍ കണ്ടു. നാട്ടുകാര്‍ അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. കുറച്ച് കഴിഞ്ഞ് പൊലീസുകാരെത്തി പത്മാക്ഷിയേയും കൊണ്ടുപോയി. 
ലൈന്‍ വീട്ടില്‍ നിന്നാണ് ഞാന്‍ ആദ്യമായി കല്യാണം കഴിക്കുന്നത്. ഞങ്ങളുടെ മൂന്ന് വീട് അപ്പുറത്തുള്ള മുസ്ളീം കുടുംബത്തിലെ സാബിദ ചേച്ചിയാണ് എന്റെ ഭാര്യയാണെന്ന് ഔദ്യേഗികമായി പ്രഖ്യാപനം നടത്തിയത്. സുന്ദരിയായ സാബിദ ചേച്ചി "ഞാനെ നിന്റെ കെട്ടിയോളാണേ...'' എന്ന് പറയുമ്പോള്‍ മൂന്നാം ക്ളാസുകാരന്റെ മുഖത്ത് വിടരുന്ന ലജ്ജ കാണുന്നതിലുള്ള തമാശയായിരുന്നു അതിന് പിന്നില്‍. "അപ്പോള്‍...താജിക്കയോ...?''. ഗള്‍ഫിലുള്ള സാബിദാത്തയുടെ ഭര്‍ത്താവ് താജുദ്ദീനെ ഉദ്ദേശിച്ച് ഞാന്‍ ചോദിക്കും. "അയ്യേ...അന്നെ കണ്ടതും ഞാന്‍ ഓരെ വിട്ടില്ലേ...''- എന്ന മറുപടി കൂടി കേള്‍ക്കുമ്പോള്‍ ഞാന്‍ നാണിച്ച് ചത്ത് പോകും. കാരണം ഒരു വെള്ള പൂച്ചയെ പോലെ സുന്ദരിയായിരുന്നല്ലോ സാബിദാത്ത...
'നായിക നശിച്ചാല്‍ നായകന് അവളെ ഏറ്റെടുത്ത് കൂടേ...?''

ബാലന്‍ കെ നായര്‍ സുമലതയെ ഓടിക്കുന്നു. മുറ്റത്തൊന്ന് വട്ടം ചുറ്റി നിന്ന പൂവന്‍ ചെമ്പരത്തി താടയാട്ടിയൊന്ന് ചിറക് വിടര്‍ത്തി നോക്കിയപ്പോള്‍ കണ്ട പെടയുടെ പിറകെ കുതിക്കുന്നത് പോലെയുള്ള ദൃശ്യം. മഞ്ഞ സാരിയണിഞ്ഞ സുമലത കാമുകന്‍ സത്താറിനെ കാണാനാണ് ആ ഇരു നില ബംഗ്ളാവിലേക്ക് ചെന്നത്. നമ്രമുഖിയായി 'ഗജരാജ വിരാജിത മന്ദഗതിയായി' അവള്‍ നടന്ന് വരുന്നത് മുകളിലെ ബാല്‍ക്കണിയില്‍ ചുരുട്ട് വലിച്ച് നില്‍ക്കുകയായിരുന്ന ബാലന്‍ കണ്ടിരുന്നു. മകനെ അന്വേഷിച്ച കാമുകിയോട് അച്ഛന്‍ ബാലന്‍ "ആ...അവന്‍ പുറത്തെങ്ങാണ്ട് പോയിരിക്കുകയാ..മോള്‍ കയറിയിരിക്ക്..'' എന്ന ചൂണ്ടലില്‍ കൊരുക്കി അകത്ത് കയറ്റി ഇരുത്തി. കോലായില്‍ എത്തിയ അവളോട് "മോള്‍ വാ..'' എന്ന് പറഞ്ഞ് മുകളിലെ മുറിയിലേക്ക് കൊണ്ടുപോയി ഇരുത്തി. അടുത്ത ഷോട്ടില്‍ റസലിങ്ങ് ആരംഭിച്ചു. എതിര്‍ക്കാന്‍ കിണഞ്ഞ സുമലത. കൂടം കൊണ്ട് കല്ല് പൊട്ടിക്കുന്ന മുഖഭാവത്തോടെ ആയുന്ന ബാലന്‍. ജനാലയിലൂടെ ഇതെല്ലാം കണ്ട് ഐസായി നില്‍ക്കുന്ന കാര്യസ്ഥന്‍ പപ്പു. ഒടുവില്‍ വിയര്‍ത്ത് കുളിച്ച്, മൂവന്തി നേരത്ത് പാടത്ത് നിന്ന് കയറുന്ന കൃഷീവലനെ പോലെ ബാലന്‍ ഉയരുന്നു. യവനിക വലിച്ച് താഴ്ത്തും പോലെ സുമലതയുടെ തെറുത്ത് കയറ്റിയ മഞ്ഞ സാരി വലിച്ച് താഴെയിടുന്നു. ചെറുപ്പത്തില്‍ കണ്ട ഏതോ സിനിമയില്‍ നിന്നാണ് ഈ ദൃശ്യം.ഇത്തരം സിനിമകള്‍ നട്ടുച്ചയ്ക്ക് ചാനലുകളില്‍  കണ്ട് വളര്‍ന്ന ബാല്യങ്ങള്‍ നിരവധി. പണ്ട് ടെലിവിഷന്‍ സ്ക്രീനുകളില്‍ ഇത്തരം സീനുകള്‍ തെളിയുമ്പോള്‍ അച്ഛനോ അമ്മയോ കുട്ടിക്ക് വേണ്ടപ്പെട്ടവരോ- "മോന്‍/മോള്‍ അകത്ത് പോയി കളിച്ചോ...'' എന്നോ മറ്റോ പറഞ്ഞ് നൈസില്‍ അവരെ ഒഴിവാക്കാറുണ്ട്.
'അങ്ങാടി' സിനിമയില്‍ സുരേഖ കുളിക്കാന്‍ തയാറായി കടവത്ത് നില്‍ക്കുന്ന വേളയില്‍ തലയില്‍ കര്‍ചീഫ് കെട്ടിയ സുകുമാരന്‍ ആ വഴി പാസ് ചെയ്യുകയും ആ മനോഹര ദൃശ്യത്തില്‍ വ്യാമുഗ്ദനായി അവിടെ തങ്ങി നില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പടികളിറങ്ങി വന്ന സുകു സുരേഖയെ എണ്ണ തേപ്പിക്കുകയും തുടര്‍ന്ന് സംഭവിക്കേണ്ടതെല്ലാം സംഭവിക്കുകയും ചെയ്തു. നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ ക്യാമറ കുളത്തിലേക്ക് നോക്കുകയും പിന്നീട് ഓട്ടിറമ്പില്‍ നിന്ന് മഴത്തുള്ളികള്‍ ഇറ്റു വീഴുമ്പോള്‍ തിരിച്ചെത്തുകയും ചെയ്തു. മുഖ്യധാരാ സിനിമകളുടെ സവിശേഷതയാണ് ഇത്തരം പ്രതീതാത്മക ദൃശ്യങ്ങള്‍. ഐ വി ശശിയാണ് ബദല്‍ യാഥാര്‍ത്ഥ്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കെങ്കേമന്‍. 'ഉയരങ്ങള്‍' എന്ന സിനിമയില്‍ യുവാവായ എസ്റ്റേറ്റ് മാനേജര്‍ (മോഹന്‍ലാല്‍) മരിച്ചു പോയ കിഴവന്‍ മാനേജറുടെ ഭാര്യയെ (കാജല്‍കിരണ്‍) കിടക്കയിലെത്തിച്ച ശേഷം ചില ചില്ലറ പൊടികൈകള്‍ നടത്തുകയും ദൃശ്യം കട്ട് ചെയ്ത് വിറകുകള്‍ കത്തിയമരുന്ന ദൃശ്യത്തിലേക്ക് ഒട്ടിച്ചുചേര്‍ക്കുകയും ചെയ്തു. 'മൊണ്ടാഷ്' തുടങ്ങിയ സാങ്കേതിക സംജ്ഞാവലികള്‍ക്ക് പകരം 'ഒട്ടിച്ചുചേര്‍ക്കല്‍' എന്ന പദം പ്രയോഗിച്ചതിന് ഐസന്‍സ്റ്റീന്‍ പിതാവ് പൊറുക്കട്ടെ. ഉടയുന്ന കുപ്പിവളകള്‍, എരിഞ്ഞ് തീരുന്ന സിഗരറ്റ്, നുരഞ്ഞ് പതഞ്ഞ് പുറത്തേക്ക് തെറിക്കുന്ന ബിയര്‍, ആര്‍ത്തലച്ച് വീഴുന്ന വെള്ളച്ചാട്ടം, തേന്‍ നുകരുന്ന ചിത്രശലഭം, ചുവരില്‍ തറച്ച് വെച്ച ഇണകുരുവികളുടെ ചിത്രം....നീളുന്ന ഒട്ടിക്കല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ സിനിമയില്‍ നിന്ന് ഏതാണ്ട് പടിയിറങ്ങി പോയെന്ന് തന്നെ പറയാം.
കിടപ്പറ/റേപ്പ്/മഴനൃത്തം/ഐറ്റം തുടങ്ങിയവ വരുമ്പോള്‍ നമ്മള്‍ അത് കാണുന്നത് വേണ്ടപ്പെട്ടുന്നവര്‍ കാണുന്നുണ്ടെന്ന ജാള്യം മറയ്ക്കാനുള്ള പൊടികൈകളെ ഭാഗ്യരാജ് ഒരു സിനിമയില്‍ കാണിക്കുന്നുണ്ട്. ഉര്‍വ്വശിയും നായകനും തമ്മിലുള്ള ചൂടേറിയ ഒരു കിടപ്പറരംഗം വെള്ളിത്തിരയില്‍ കൊഴുക്കുമ്പോള്‍ വെള്ളമിറക്കി കൊണ്ട് ചുറ്റുംപാടും നോക്കുന്ന നായകന്‍ ഭാര്യയും കുട്ടികളും അത് കാണുണ്ടെന്ന് മനസിലാക്കി തന്റെ പക്കലുള്ള ചില്ലറ പൈസയോ താക്കോലോ നിലത്തിടുകയും കുടുംബത്തെ കൊണ്ട് രംഗം തീരുന്നത് വരെ തപ്പിക്കുകയും ചെയ്യുന്നുണ്ട്.
വില്ലന്‍ നായികയെ ഓടിച്ചിട്ട് പിടിച്ച് അവളെ കിടക്കയില്‍ കൊണ്ടിട്ട് ഇത്തരം ഒട്ടിക്കല്‍ ദൃശ്യത്തില്‍ രംഗമവസാനിച്ചാല്‍ കുട്ടികള്‍ പരസ്പരം, നെടുവീര്‍പ്പിട്ട്- "അവള്‍ നശിച്ചു...'' എന്ന് പറയും. പുഴയിലോ, റെയില്‍വേട്രാക്കിലോ കിടപ്പ് മുറിയിലോ അവളുടെ ജഡമേ പ്രതീക്ഷിക്കാവൂ എന്ന പ്രതീക്ഷ ഞങ്ങളുടെ ഉള്ളില്‍ വളരും. അതങ്ങനെയാണ്. അങ്ങനെയായേ പറ്റൂ.... എന്ന വിധാതാവിന്റെ വിധി കുട്ടിക്കാലത്തേ അംഗീകരിക്കാന്‍ പ്രചോദനം നല്‍കിയ ദൃശ്യങ്ങള്‍.
"നായിക നശിച്ചാല്‍ നായകന് അവളെ ഏറ്റെടുത്ത് കൂടേ...?'' എന്ന സംശയമൊന്നും ആര്‍ക്കുമില്ല. ഇനി അവളെ എന്ത് മണ്ണാങ്കട്ടയ്ക്ക് കൊള്ളും. എല്ലാം പോയില്ലേ...? കനപ്പെട്ട എന്തോ നിധി നായികയുടെ ശരീരത്തില്‍ നിന്ന് വില്ലന്‍ പറിച്ചെടുത്തുവെന്നും പ്രൊമിത്യൂസിന്റെ കൊത്തിയെടുക്കപ്പെട്ട കരള്‍ പോലെ അടുത്ത പുലരിയില്‍ വളര്‍ന്ന് വീണ്ടുമൊരു കൊത്തിയെടുക്കലിന് അത് പര്യാപ്തമാവില്ലെന്നും ആരും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല.ഒരിക്കല്‍ പോയാല്‍ 'അത്' പോയത് തന്നെ. കൈകുമ്പിളിലെ വെള്ളം ചോര്‍ന്ന് പോയാല്‍ പിന്നെ......സോളമന്‍ മാത്രമാണ് മറിച്ചൊരു ഓപ്ഷന്‍ മലയാളികള്‍ക്ക് കാണിച്ച് തന്നത്. രാത്രിയുടെ വന്യതയില്‍ ടാങ്കര്‍ലോറിയില്‍ കുതിച്ചെത്തി 'എല്ലാം പോയ' സോഫിയയെ കയറ്റി കൊണ്ടുപോയ മുന്തിരി തോപ്പുകളിലെ സോളമന്‍. പോള്‍ പൈലോക്കാരന്‍ എന്ന തവളവില്ലന് രണ്ട് പൂശു പൂശി പെണ്ണിനെയും കൊണ്ടു പോയ മഹാനുഭാവന്‍. മലയാളസിനിമയുടെ ചരിത്രത്തില്‍ സോളമന്‍ സ്ഥാനം പിടിച്ചതും അങ്ങനെയാണ്. നായികയെ നശിപ്പിച്ച നായകന്‍ കുപ്പി പൊട്ടിച്ച് അവന്റെ പണ്ടത്തില്‍ കയറ്റി ജയിലില്‍ പോകുന്ന സീനിലാണല്ലോ പണ്ടൊക്കെ സിനിമകള്‍ അവസാനിച്ചിരുന്നത്.
ഇപ്പോള്‍ സിനിമകളില്‍ റേപ്പുകള്‍ കുറവാണ്. ഇല്ലെന്ന് തന്നെ പറയാം. സിത്താരയുടെ 'അഗ്നി' എന്ന ചെറുകഥയിലാണ് ഞാന്‍ പേടിച്ചു പോയ ഒരു റേപ്പ് അടുത്ത കാലത്ത് വായിച്ചത്. സാനിറ്ററി നാപ്കിന്‍ പോലും പൊട്ടിച്ചെറിഞ്ഞ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ദൃശ്യം ഭയങ്കരം തന്നെ. ആളുകളെ പേടിപ്പിക്കുന്ന കഥകളേ എഴുതൂ എന്ന് ചില കഥാകാരികള്‍ വ്രതമെടുത്താല്‍ വായനക്കാര്‍ പനി പിടിച്ച് കിടപ്പിലായി പോകും.
 മലയാളത്തിലെ ഏറ്റവും വലിയ റേപ്പ് സീന്‍ നടന്നത്-'ഒരിടത്തൊരു പോസ്റ്റ്മേന്‍' എന്ന നസീര്‍ ചിത്രത്തിലാണ്. വിജയശ്രീയെ ഓടിച്ചിട്ട് അക്ഷരാര്‍ത്ഥത്തില്‍ റേപ്പ് ചെയ്യാന്‍ ശ്രമിച്ച വില്ലനെ ഒടുവില്‍ വിധി പോലെ നസീറെത്തി തുരത്തിയോടിച്ചു. ചിലപ്പോള്‍ സാഹചര്യങ്ങള്‍ റേപ്പിന് കാരണമാവും. ഗര്‍ഭിണിയായ ഭാര്യ പ്രസവത്തിന് വീട്ടില്‍ പോയ കാലത്ത് ഉണ്ണിമേരിയെ പോലൊരു പാല്‍ക്കാരി മഴ നനഞ്ഞ് വന്നാല്‍ സോമനെ പോലൊരു നായകന്‍ എന്ത് ചെയ്യും...?. പാഥേയം, ഹിറ്റ്ലര്‍ തുടങ്ങിയ ചിത്രങ്ങളോടെ ഇത്തരം റേപ്പുകളുടെ കാലവും കഴിഞ്ഞെന്ന് പറയാം. "പെണ്ണുങ്ങളെ വഴി നടക്കാന്‍ സമ്മതിക്കാത്ത അലവലാതി ഷാജീീീ'' മാരും പടിയിറങ്ങി. പൊതുവേ രംഗം ശാന്തം. ഉഷാര്‍...

കുറിപ്പ്: ചാപ്പാകുരിശ് എന്ന സിനിമ ഉത്തരാധുനിക സിനിമയാണെന്ന് ചിലര്‍ വിലയിരുത്തിയത് ഫഹദ് ഫാസിലും രമ്യാനമ്പീശനും തമ്മില്‍ നടത്തിയ ലിപ് ടു ലിപ് കിസ് ഘടകം നോക്കിയാണ്. അങ്ങനെയെങ്കില്‍ ബാലനും ജനാര്‍ദ്ദനനും ജോസ്പ്രകാശും കെ പി ഉമ്മറും നടമാടിയ കാലം പോസ്റ്റ് പോസ്റ്റ് മോഡേണ്‍ അല്ലേ???

Tuesday, January 10, 2012

ഒരു മരണത്തിന്റെ പുരാവൃത്തം
ആംബുലന്‍സിന്റെ നിലവിളി ശബ്ദം പടി കടന്ന് വന്നപ്പോള്‍ ഞാന്‍ ചുരുട്ടി വെച്ച കോസടിയുടെ മുകളില്‍ കമിഴ്ന്ന് കിടന്ന് ബാലരമ വായിക്കുകയായിരുന്നു. 
ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സ്കൂള്‍ വിട്ട് വന്ന നാലാം ക്ളാസുകാരന്‍ വീട്ടില്‍ ആരുമില്ലാത്തത് കണ്ട് പകച്ച് അയല്‍ വീടുകളിലെല്ലാം അമ്മയെ തേടി നടക്കുകയും  "അമ്മ ഇപ്പോ വരും.പുറത്ത് എവിടെയൊ പോയിരിക്കാ..''-എന്ന ജമീലാത്തയുടെ ആശ്വാസവചനത്തില്‍ ശമിച്ച്, അവരുടെ വീട്ടില്‍ നിന്ന് ഉണ്ണുകയും ചെയ്തു. ശേഷം വീട്ടിലെത്തി കോസടിയില്‍ വീണ് പുതിയ ബാലരമ തപ്പിയെടുത്ത് വായനയില്‍ മുഴുകുകയും ചെയ്തു.
ആംബുലന്‍സില്‍ നിന്ന് ഒരു ഇരുമ്പ് കട്ടില്‍ (കാലില്ല..) പുറത്തേക്കെടുക്കുന്നതും കരഞ്ഞ് തളര്‍ന്ന് അവശയായ അമ്മയെ ആരൊക്കെയൊ ചേര്‍ന്ന് താങ്ങിപിടിച്ചിരിക്കുന്നതും ഗ്രില്‍ ചതുരങ്ങളിലൂടെ കണ്ടു. ഒരുപാട് പേര്‍ വീട്ടിലേക്ക് വന്നു. അവരെല്ലാം പരിസര പ്രദേശങ്ങളില്‍ കൂടി നിന്നവരാവും. അച്ഛന്റെ സുഹൃത്തുക്കള്‍ ആംബുലന്‍സിനെ അനുഗമിച്ചിരുന്നു. ഉമ്മറത്ത് കൊണ്ടു വെച്ച ശരീരത്തിലേക്ക് നോക്കിയും കരഞ്ഞ് ചുവന്ന അമ്മയുടെ മുഖത്തേക്ക് നോക്കിയും ചുറ്റും കൂടി നിന്നവരുടെ മുഖത്തേക്ക് നോക്കിയും സമയം കളയുന്നതിടയില്‍ ഒട്ടോറിക്ഷയില്‍ ചേച്ചി വന്നിറങ്ങി. പുറത്തെ തിരക്ക് കണ്ടതും രാജനങ്കിളിന്റെ പിടി പൊട്ടിച്ച് അവള്‍ ഓടി മുറ്റത്തേക്ക് കയറുകയും അച്ഛന്റെ ശരീരത്തിലേക്ക് വീഴുകയും ചെയ്തു. ഓടിന്റെ പഴുതിലൂടെ വെളിച്ചത്തിന്റെ കീറ് വെള്ള പുതച്ച ശരീരത്തിലേക്ക് വീഴുന്നു. കരഞ്ഞ് തളര്‍ന്ന് അബോധാവസ്ഥയിലേക്ക് അമ്മ വഴുതിയപ്പോള്‍ പച്ച സ്കേര്‍ട്ടും ക്രീം  ഷര്‍ട്ടും ഇട്ട ചേച്ചി ചുവരോട് ചേര്‍ന്നിരുന്ന് ശബ്ദമില്ലാതെ കരഞ്ഞു. രാത്രികളില്‍ കേള്‍ക്കാറുള്ള വിജയ്സൂപ്പര്‍ സ്കൂട്ടറിന്റെ കട കട ശബ്ദം, വില്‍സിന്റെ മണമുള്ള ചുംബനം, കൈയ്യില്‍ വെച്ച് തരുന്ന ജെംസിന്റെയോ ഫൈവ്സ്റ്റാറിന്റെയൊ പാക്കറ്റുകള്‍...ഇനി മുതല്‍ ഇതൊന്നും കിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാനും കരയുമായിരുന്നു. അതുമല്ലെങ്കില്‍ ചില അപൂര്‍വ്വദിവസങ്ങളില്‍ നേരത്തെ വന്നാല്‍, എന്നെയും സ്കൂട്ടറിലിരുത്തി ട്യൂബ്ലെറ്റിന്റെ പാല്‍നിറമുള്ള കടകളിലേക്ക് കൂട്ടി കൊണ്ടുപോയി ചോദിക്കുന്നതെന്തും വാങ്ങിച്ച് തന്നിരുന്ന, അതുമല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനരികിലുള്ള കവിതാഹോട്ടലില്‍ കൊണ്ടിരുത്തി മുന്നില്‍ കൊണ്ട് വെച്ച വിഭവങ്ങള്‍ നോക്കി മന്ദിച്ചിരിക്കുന്ന എന്നോട് സ്നേഹത്തോടെ- "കഴിക്കെടാ..'' എന്ന് ചെറുപുഞ്ചിരിയോടെ പറയാറുള്ള ആള്‍ ഇനിയില്ലെന്ന് പറഞ്ഞാലും മതിയായിരുന്നു. ആര്‍ക്കും സമയമില്ലാത്തതിനാല്‍ അങ്ങനെയുള്ള വിശദീകരണങ്ങള്‍ക്കും ഇടയില്ലായിരുന്നു. ആള്‍ക്കാര്‍ക്കിടയിലൂടെ നൂണ്ട് മുറിയില്‍ കയറിയ ഞാന്‍ കട്ടിലില്‍ കയറി ജനലിലൂടെ ഉമ്മറത്തെ കാഴ്ച്ചകള്‍ കണ്ടു. കറുപ്പായിരുന്നു അച്ഛന്റെ നിറം. മുഖം ഒന്നു കൂടി കറുത്തിട്ടുണ്ടെന്ന് തോന്നി. മുഖത്തിന്റെ പാതി മറയ്ക്കുന്ന കെട്ടും മൂക്കിലെ തുളകളില്‍ തിരുകിയ പഞ്ഞിയും എന്നില്‍ വല്ലായ്മ ഉണര്‍ത്തി. പഞ്ഞിയില്‍ ചുവപ്പ് നിറം പടരുന്നുണ്ടോയെന്നും സന്ദേഹിച്ചു. നേരം വൈകുംതോറും മുറിയ്ക്കുള്ളിലെ മുഖങ്ങളുടെ എണ്ണം കൂടി. ആദ്യമൊക്കെ എനിക്ക് അതിന് ഒരു കണക്കുണ്ടായിരുന്നു. പിന്നെ, അതും മറന്നു. ലൈന്‍ വീട്ടിലെ കുടുസ് മുറിയില്‍ പുഴുക്കമേറി. കണ്ണുകളടച്ചു....
കണ്ണു തുറന്നപ്പോള്‍ ഞാന്‍ ഓടുന്ന ജീപ്പില്‍ രാജനങ്കളിന്റെ മടിയിലായിരുന്നു. "നാട്ടിലേക്കാ...?'' എന്ന ചോദ്യത്തിന് മുറുകിയ മുഖത്തോടെ- "ഉം...'' എന്നൊരു മൂളല്‍ മാത്രം വെച്ചു തന്നു. ഓടിയകലുന്ന വെളിച്ചം. മുന്നിലെ കണ്ണാടിയിലൂടെ നോക്കിയപ്പോള്‍ ആംബുലന്‍സ് പായുന്നുണ്ട്. നീല വെളിച്ചം അതിന്റെ തലയില്‍ കറങ്ങുന്നുണ്ട്. വീട്ടില്‍ ഉച്ചയ്ക്ക് വന്ന ആംബുലന്‍സ് തന്നെയാണ് അതെന്ന് എനിക്ക് തോന്നി. ചേച്ചിയും അമ്മയും കാണാതായിരിക്കുന്ന വിവരം ഞെട്ടലോടെ മനസിലാക്കിയപ്പോള്‍ ഒരു കരച്ചിലിന് വായ തുറന്ന എന്നെ രാജനങ്കിള്‍ ചേര്‍ത്ത് പിടിച്ച്. ഓടിയകലുന്ന വെളിച്ചം..കടകള്‍, പാലങ്ങള്‍, പുഴകള്‍, വയലുകള്‍, ഇരുട്ടിലും പുറത്തേക്ക് നോക്കിയിരുന്നു ഞാന്‍. പിന്നെ എപ്പോഴോ വീണ്ടും മയങ്ങി.
കണ്ണ് തുറന്നപ്പോള്‍ ആറ്റിങ്ങലിലെ അച്ഛന്‍ വീട്ടില്‍- "എന്റെ കൊച്ചിക്ക പോയേ...'' എന്ന അമ്മൂമ്മയുടെ നിലവിളി. അച്ഛന്റെ തലയുടെ രണ്ട് വശങ്ങളില്‍ പൊളിച്ച തേങ്ങയില്‍ തിരി എരിയുന്നതിലായിരുന്നു എന്റെ ദൃഷ്ടി. ചുവന്ന പട്ട് കൊണ്ട് മൂടിയിരുന്നു അച്ഛനെ. താഴെ പാടങ്ങള്‍ക്കപ്പുറത്ത് നിന്ന് കുറുക്കന്‍മാരുടെ ഓരിയിടലുകള്‍. മിന്നാമിനുങ്ങള്‍ ചെറു ടോര്‍ച്ചുമായി വീടിന് ചുറ്റും കറങ്ങുന്നുണ്ട്. നിലാവില്ലാത്ത രാത്രി. വയസികള്‍, വയസന്‍മാര്‍, ചെറുപ്പക്കാര്‍, കുട്ടികള്‍ എല്ലാവരും ഉണ്ട്. മുത്തച്ഛന്റെ റേഡിയോ ജനലരികില്‍ മൂകമായി ഇരിക്കുന്നു.
വോള്‍ട്ടേജ് കുറവായതിനാല്‍ ഇപ്പോള്‍ അച്ഛന്റെ മുഖം കാണാന്‍ വയ്യ. ചുവരില്‍ മുമ്പ് മരിച്ച് മണ്ണടിഞ്ഞവരുടെ ഫോട്ടോകള്‍ നിരത്തിയിരിക്കുന്നു. അവരുടെ തലയ്ക്ക് മുകളില്‍ മഞ്ഞയും ചുവപ്പും നിറങ്ങളുള്ള സീറോവോള്‍ട്ടുകള്‍ അപകടചിഹ്നം പോലെ മുനിഞ്ഞുകത്തി. മരണവീട്ടില്‍ നിന്ന് പോകുന്നവര്‍ തിണ്ണയില്‍ വെച്ചിരുന്ന ചുവണതുണിയിലേക്ക് പണമിടുന്നുണ്ടായിരുന്നു. (കച്ചപണം എന്നറിയപ്പെടുന്ന ഈ സമ്പ്രദായം അവിടുത്തെ ഒരു രീതി).
ചേച്ചിയും ഞാനും സ്കൂള്‍ യൂണിഫോമില്‍ തന്നെയാണ്. അമ്മ എനിക്കിഷ്ടമില്ലാത്ത ഓറഞ്ച് അല്ലികള്‍ നിരത്തി വെച്ചത് പോലെ ഡിസൈനുള്ള സാരിയുടുത്ത് അകത്തെ മുറിയില്‍ ചുമര് ചാരി ഇരിക്കുന്നത് തുറന്നിട്ട വാതിലിലൂടെ ഞാന്‍ കണ്ടു. കോമളം ആന്റിയും അടുത്തിരിപ്പുണ്ട്. ശിവന്റെ നെഞ്ചില്‍ നൃത്തംചവിട്ടുന്ന ഭദ്രകാളിയുടെ ചിത്രത്തിലേക്ക് കൂടി നോട്ടമെത്തിയതോടെ ഞാന്‍ തളര്‍ന്നു. കണ്ണുകടഞ്ഞു പോയി. നിലവിളി പരമകാഷ്ഠയില്‍ എത്തിയപ്പോഴാണ് പിന്നെ ഞാന്‍ കണ്ണുകള്‍ തുറന്നത്. ഇരുമ്പ് കട്ടില്‍ പൊക്കി പിടിച്ച് ആരൊക്കെയൊ മുറ്റത്തേക്കിറങ്ങുന്നത് കണ്ടു. അമ്മയുടെയും ചേച്ചിയുടെയും വിതുമ്പലുകള്‍ ശബ്ദഘോഷത്തിനിടയില്‍ വേറിട്ടുകേട്ടു. താഴത്തെ പറമ്പിലേക്ക് വിലാപയാത്ര നീണ്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ ആരോ എന്നെ ഒക്കത്തെടുത്ത് താഴത്തെ പറമ്പിലേക്ക് നടന്നു. തെങ്ങില്‍ കെട്ടിയിട്ട ബള്‍ബുകളുടെ പ്രകാശത്തില്‍ ദീര്‍ഘചതുരാകൃതിയില്‍ ഉരുവം കൊണ്ട കുഴി കുരുമുളക് ഇലകളുടെ വിടവിലൂടെ ഞാന്‍ കണ്ടു. കുറുക്കന്‍മാരുടെ ഓരിയിടല്‍ ഉച്ചത്തിലായി. മനുഷ്യരുടെ നിലവിയും. കയറില്‍ തൂക്കിയ മരപ്പെട്ടി കുഴിയിലേക്ക് ഇറക്കി വെക്കുന്നു...എല്ലാവരും വീണ്ടും കരയുന്നു. എനിക്ക് കരച്ചില്‍ വന്നില്ല. ഇപ്പോള്‍ നടന്നതിനും ഇനി നടക്കാന്‍ പോവുന്നതിനും ഒന്നും ഞാന്‍ ഉത്തരവാദിയല്ലെന്ന പൊട്ടിത്തരിപ്പ് എന്നിലുണ്ടാക്കിയത് അപ്പോള്‍ വീശിയ ചെറുകാറ്റിനാലാണോ...? എനിക്കറിയില്ല...കണ്ണുകടഞ്ഞ് പോകുന്നു..കണ്ണുകള്‍ അടഞ്ഞ്...അ....ട...ഞ്ഞ്...ആ രാത്രി അങ്ങനെ...

Monday, January 9, 2012

ബൂളിയന്‍ ആള്‍ജിബ്രയും കൊഴിഞ്ഞ ഇലകളും....

"ഇപ്പോള്‍ എത്ര ഇല കൊഴിഞ്ഞു അഖിലേ...?''- കണക്ക് സാറിന്റെ ചോദ്യം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. പ്ളസ്ടു ക്ളാസില്‍ ബൂളിയന്‍ ആള്‍ജിബ്ര പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. ബോര്‍ഡില്‍ എന്തോ എഴുതാനോ വരക്കാനോ അങ്ങോര്‍ തിരിഞ്ഞ മാത്രയില്‍ സ്വപ്നസഞ്ചാരിയായതാണ് ഞാന്‍. പുള്ളിയുടെ നേരത്തെ പറഞ്ഞ ചോദ്യം കഴിഞ്ഞതും പിള്ളേരൊക്കെ ചിരി തുടങ്ങി. ജനലുകളള്‍ക്കിടയിലൂടെ നോക്കിയാല്‍ കാണുന്ന, ബില്‍ഡിങ്ങ് ബ്ളോക്കിന്റെ രണ്ടാം നില വരെ മാത്രം ഉയരത്തില്‍ വളര്‍ന്ന കൊച്ചുമരത്തിലെ മഞ്ഞയിലകള്‍ പൊഴിയുന്ന കാലമാണല്ലോ അത്. ഒരോ ഇലകള്‍ക്കും ഞാന്‍ കൃത്യമായി കണക്കെടുക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇലകള്‍ക്കും അപ്പുറത്ത് നീലാകാശത്തിലായിരുന്നു പക്ഷേ എന്റെ കണ്ണുകള്‍. സത്യത്തില്‍ ഞാന്‍ ടി വി കൊച്ചുബാവയുടെ 'വൃദ്ധസദനം' എന്ന നോവല്‍ വായിച്ചതിന്റെ ഹാങ്ങ്ഓവറിലായിരുന്നു. പിറ്റേ ദിവസം കണക്ക് പേപ്പര്‍ കൊണ്ടു വരുമ്പോള്‍ മാഷ് എന്നെ നോക്കി ഗൂഡമായി പുഞ്ചിരിച്ചു. ഒരോരുത്തരുടെയും പേര് വിളിച്ച് പേപ്പര്‍ കൊടുത്ത് അത്യാവശ്യം മാര്‍ക്കുള്ളവര്‍ക്ക് ഉപദേശവും അതില്ലാത്തവര്‍ക്ക് പുറത്ത് കൈ വീശി ഒരു മേടും കൊടുക്കുകയാണ് പതിവ്. ഒടുവില്‍ എന്റെ പേരും വിളിച്ചു. തോല്‍ക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കാരണം പഠിപ്പിച്ചതൊന്നും എനിക്ക് മനസിലായില്ല. പരീക്ഷ എഴുതിയതും എനിക്ക് മനസിലായില്ല. പക്ഷേ മാര്‍ക്ക് കിട്ടുമ്പോള്‍ തോല്‍ക്കുമെന്ന കാര്യത്തില്‍ 916 ഉറപ്പുണ്ടായിരുന്നു. എന്നെ മുന്നില്‍ വിളിച്ച് നിര്‍ത്തി പതുക്കെ തോളില്‍ വിരലുകളമര്‍ത്തി 'ദശരഥം' സിനിമയില്‍ മോഹന്‍ലാല്‍ സുകുമാരിയോട് ചോദിക്കുന്ന "ആനി കുഞ്ഞിനെ സ്നേഹിക്കുന്നത് പോലെ മാഗിയ്ക്ക് എന്നെ സ്നേഹിച്ചു കൂടേ...?'' മട്ടില്‍ "അഖില്‍ ഇപ്പോള്‍ ഏത് പുസ്തകമാ വായിക്കുന്നത്...?'' എന്ന് മൃദുവായി ചോദിച്ചു. തല കറങ്ങുന്നതിനിടയില്‍ സംയമനം പാലിച്ച് ഞാന്‍- "വൃദ്ധസദനം'' എന്ന് പറഞ്ഞതും അദ്ദേഹം പൊട്ടിച്ചിരിച്ചു. "എടാ നീ ഈ പ്രായത്തിലേ വൃദ്ധ സദനത്തിലേക്കുള്ള പാതയിലാണോ...?'' എന്ന് പറഞ്ഞ് പരീക്ഷാപേപ്പര്‍ നവജാതശിശുവിനെ പോലെ അദ്ദേഹം എന്റെ കൈയിലേക്ക് വെച്ചു തന്നു. ഒറ്റഅക്കത്തിന്റെ ചുവന്നലാളിത്യത്തില്‍ നിറഞ്ഞ മനസോടെ തിരിച്ചെത്തി ഞാന്‍ ബെഞ്ചിലമര്‍ന്ന് ഇരുന്നു.
പ്ളസ്വണ്‍, പ്ളസ്ടു ക്ളാസുകളിലെ കണക്ക് പഠനം പോലൊരു നരകയാതന ഞാന്‍ ഇന്നോളം വേറെ അനുഭവിച്ചിട്ടില്ല. ഹ്യുമാനിറ്റീസിന്റെ പറുദീസയിലോട്ട് വീട്ടുകാര്‍ കെട്ടിയ വേലി കാരണം പ്രവേശിക്കാന്‍ കഴിയാതെ ഞാന്‍ സയന്‍സ് ബാച്ചിലെത്തിയതായിരുന്നു. ഫോര്‍മാലിന്‍ മണം നട്ടംതിരിക്കുന്ന ബോട്ടണി ലാബും, മുറിച്ചു കൊലപ്പെടുത്തിയ കൂറകളെ രണ്ടാം നിലയില്‍ സുവോളജി ലാബിന്റെ മുന്നില്‍ നിന്ന് താഴേക്കിട്ട് 'കൊല്ലാകൊല്ല' ചെയ്യുന്ന പരീക്ഷണയജ്ഞവും, ഒരു കാലത്തും എനിക്ക് ഗത്യന്തരം തന്നിട്ടില്ലാത്ത ബീജ സമവാക്യങ്ങളും, പിപ്പെറ്റിലൂടെ (പിപ്പെറ്റോ ബ്യൂററ്റോ ആവോ...) വലിച്ചെടുത്ത രാസലായിനിയുടെ അമ്ളരുചിയും ഒത്തൊരുമിച്ച് ഒരാളെ അയാളല്ലതാക്കി മാറ്റുന്ന- മാര്‍ക്സിന്റെ ഭാഷയില്‍- 'അന്യവല്‍ക്കരണം'- കൊണ്ട് പൊറുതിമുട്ടിയ കാലഘട്ടം. നേരത്തെ പറഞ്ഞ മരവും ആകാശവും കുറച്ച് പുസ്തകങ്ങള്‍ മാത്രമുള്ള സ്കൂള്‍ ലൈബ്രറിയും സുന്ദരി കൊച്ചുങ്ങളുടെ കാതിലെ കമ്മലുകളുടെ പ്രകാശവും മാത്രമായിരുന്നു നേര്‍വരയിലേക്ക് മനസിനെ എത്തിക്കാന്‍ സഹായിച്ച ചില ശീലങ്ങള്‍.
പാണ്ഡു മരിച്ചതിന് ശേഷം ഹസ്തിനപുരിയിലേക്ക് മടങ്ങിയെത്തുന്ന കുന്തിയുടെയും മക്കളുടെയും വീക്ഷണകോണില്‍ നിന്ന് 'രണ്ടാമൂഴത്തിന് (എംടി ഈ ആത്മാവിനോട് 'സദയം' പൊറുക്കട്ടെ) ഒരു തിരക്കഥയെഴുതാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ ഡിഫനറന്‍സിയേഷനും ഇന്റഗ്രേഷനും ക്ളാസില്‍ പൊടിപൊടിക്കുകയായിരുന്നു. അച്ഛന്‍ മരിച്ചതിന്റെ ഗൌരവം തിരിയാത്ത അര്‍ജുനന്‍ നിര്‍ത്തിയിട്ട രഥങ്ങള്‍ക്കിടയിലൂടെ ഓടികളിക്കുന്ന ദൃശ്യം മനസില്‍ ഓടികളിക്കുമ്പോള്‍ 'കെമിക്കല്‍ ബോണ്ടിങ്ങ്' സൂപ്പര്‍ഫാസ്റ്റ് ക്ളാസിലൂടെ കുതിച്ച് പായുകയാവും.
ലൈബ്രറിയില്‍ മാത്രമായിരുന്നു ആത്മശാന്തി. രാവിലെ നേരത്തെയും ഉച്ചയ്ക്ക് ഊണ്‍ കഴിച്ചതിന് ശേഷവും വൈകിട്ട് ക്ളാസുകള്‍ കഴിഞ്ഞതിന് ശേഷവും ലൈബ്രറിയില്‍ തന്നെ ഞാന്‍ മുട്ടുകുത്തി. "വായിക്കാറുണ്ടോ...?''എന്ന ചോദ്യത്തിന് ശേഷം, "ആനന്ദിന്റെ ആള്‍ക്കൂട്ടം വായിച്ചിട്ടുണ്ടോ..?'' എന്ന് ചോദിക്കുകയും ഉവ്വെന്ന് തലയാട്ടിയപ്പോള്‍ ഇരിക്കാന്‍ കസേര വലിച്ചിടുകയും ചെയ്ത സംസ്കൃതം അദ്ധ്യാപകനായിരുന്നു ആത്മാര്‍ത്ഥ സുഹൃത്ത്. ഹ്യുമാനിറ്റീസ് വിഭാഗത്തിലെ അദ്ധ്യാപകന്‍, മലയാളം ടീച്ചര്‍ ഇവരെല്ലാം ഒത്തൊരുമിച്ച് നേതൃത്വം നല്‍കിയിരുന്ന ഒരു സ്കൂള്‍ ന്യൂസ് പേപ്പര്‍...ജീവിതം മുന്നോട്ടു നീക്കാന്‍ ഞാന്‍ കണ്ടെത്തിയ ചില്ലറ മാര്‍ഗങ്ങളായിരുന്നു ഇവയൊക്കെ....
കണക്ക് പഠിപ്പിച്ചിരുന്നവരെല്ലാം കാണിച്ച സഹാനുഭൂതിയും അതിരറ്റതായിരുന്നു. അവസരമുള്ളപ്പോഴൊക്കെ ചില പൊതുവേദികളില്‍ സംസാരിക്കാന്‍ അവര്‍ അവസരം തന്നു. പിടിഎ മീറ്റിങ്ങുകളില്‍ കുതിച്ചെത്തിയ അമ്മപീരങ്കിയെ സാഹിത്യത്തിലാണ് അവന് കമ്പമെന്നും അതത്ര മോശമല്ലെന്നും  പറഞ്ഞ് വെള്ളമൊഴിച്ച് കെടുത്താനും അവരില്‍ ചിലര്‍ മുന്നിട്ടിറങ്ങി. അവരുടെ സ്നേഹത്തിന് വാക്രൂപം കൊടുക്കാന്‍ മാത്രം മുന്നേറിയില്ലെങ്കിലും വെറുതെ ഇരിക്കുമ്പോള്‍ മനസില്‍ നിറയുന്ന അവരുടെ മുഖങ്ങളാണ് ഈ കുറിപ്പെന്നെ കൊണ്ടെഴുത്തിച്ചതെന്ന ജാമ്യത്തോടെ....

ചില രാത്രികളില്‍- കണക്ക് പരീക്ഷയില്‍ നട്ടം തിരിഞ്ഞ് ശ്വാസം പോലും കിട്ടാതെ ഉഴറിയ എന്നെ സ്വപ്നം കാണുന്നു. വരാന്തയിലൂടെ നടന്നു നീങ്ങവേ എക്സാം മുറിക്കുള്ളിലേക്ക് കണ്ണോടിച്ച് നടന്നു നീങ്ങിയ സാറിന് എങ്ങനെ കടപ്പാടറിയിക്കണം....?. കാരണം ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു. നോട്ടത്തില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് തൊട്ടടുത്തിരുന്നവന്റെ ഒന്നാം പേജ് പിടിച്ച് വാങ്ങി, ആദ്യ പത്ത് ചോദ്യങ്ങളുടെ ഉത്തരം പകര്‍ത്തിയാണ് സപ്ളി എന്ന കയര്‍കുരുക്കില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുങ്ങുന്നു. കണ്ണുകള്‍ തുറന്നപ്പോള്‍ കൊതുക് വലയും തലയ്ക്കുമുകളിലെ പുസ്തകങ്ങളും കാണുന്നു. ഭാഗ്യം തടിച്ച മാക്സ് ടെസ്റ്റ് ബുക്കല്ല.... ഏതോ നോവലാണത്. ഒരു നദിയിലും രണ്ടാമതിറങ്ങേണ്ട ഗതികേട് ഒരു ജീവിക്കുമില്ലെന്ന് മന്ത്രിച്ച് ഞാന്‍ ഉറങ്ങുന്നു.

Friday, January 6, 2012

പാടുന്ന പൈങ്കിളികള്‍.....
ദിഗന്തം പിളര്‍ക്കുന്ന ഒരു നിലവിളി മുഴങ്ങി.(തുടരും), റെസ്റ്റോറന്റിന്റെ ഒരു മൂലയില്‍ അവരറിയാതെ അവരെ ശ്രദ്ധിച്ച് രണ്ട് ചാര കണ്ണുകള്‍ തിളങ്ങി.(തുടരും), ഇരുളില്‍ മുങ്ങിയ തറവാടിന്റെ മുറ്റത്ത് ഒരു ടാറ്റാ എസ്റ്റേറ്റ് ബ്രേക്കിട്ടു.(തുടരും) ഈ രീതിയില്‍ ഒരോ ലക്കവും അവസാനിച്ചിരുന്ന നോവലുകള്‍ ആവേശത്തോടെ വായിച്ചിരുന്ന ബാല്യം കുറച്ചകലെയാണ്.
കമലാഗോവിന്ദ്, ജോയ്സി, ജോസി വാഗമറ്റം, ബാറ്റണ്‍ബോസ്, മാത്യുമറ്റം,സുധാകര്‍ മംഗളോദയം, കോട്ടയം പുഷ്പനാഥ്, ഏറ്റുമാനൂര്‍ ശിവകുമാര്‍, മെഴുവേലി ബാബുജി, എം ഡി അജയഘോഷ്, എന്‍ കെ ശശിധരന്‍...തുടങ്ങി നിരവധി എഴുത്തുകാര്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചിരുന്ന ബാല്യമായിരുന്നു അത്. ദൂരദര്‍ശന്‍ മാത്രം ഭരിച്ചിരുന്ന വിനോദസാമ്രാജ്യത്തില്‍ വീട്ടമ്മമാര്‍ക്കും കൌമാരക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും വേണ്ട വിനോദവിഭവങ്ങളെല്ലാം നോവല്ലെന്ന ചിമിഴിലൊതുക്കി ആഴ്ച്ചതോറും വീടു കയറി വന്നവരാണവര്‍.
 കമലാഗോവിന്ദിന്റെ 'വസുന്ധരാ മെഡിക്കല്‍സ്', ജോസി വാഗമറ്റത്തിന്റെ 'പാളയം', ഏറ്റുമാനൂര്‍ ശിവകുമാറിന്റെ 'ആയില്യംകാവ്', സുധാകര്‍ മംഗളോദയത്തിന്റെ 'നിറമാല' മാത്യുമറ്റത്തിന്റെ 'മണവാട്ടി', എം ഡി അജയഘോഷിന്റെ 'സ്നേഹമുള്ള സിംഹം' തുടങ്ങിയ നോവലുകള്‍ക്ക് ചുരുങ്ങിയത് എന്റെ വായനാജീവിതത്തിലെങ്കിലും സമാന്തരമായ ഒരു സ്ഥാനമുണ്ട്. മുട്ടത്ത്വര്‍ക്കി, കാനം ഇ ജെ, നീലകണ്ഠന്‍ പരമാര തുടങ്ങിയ പൂര്‍വ്വസൂരികളുടെ മാര്‍ഗം പിന്തുടര്‍ന്ന് ലളിതമായ റാപ്പറില്‍ വിനോദമാകുന്ന മിഠായി പൊതിഞ്ഞു നല്‍കുന്നതില്‍ ഇവര്‍ കാണിച്ച പ്രാഗല്‍ഭ്യം സാധരണക്കാരില്‍ സാധരണക്കാരായ വായനക്കാരെങ്കിലും നന്ദിയോടെ സ്മരിക്കും. അമ്മയുടെ 'മ' പ്രിയത്തെ വെറുത്തിരുന്ന അച്ഛന്‍ പോലും അമ്മയോ ചേച്ചിയോ വീട്ടിലില്ലാത്ത സമയത്ത് അവയില്‍  ചിലത് വായിക്കുന്നത് ഞാന്‍ കണ്ണാലേ കണ്ടിട്ടുണ്ട്. തലയിണകള്‍ക്കടിയിലും കിടപ്പുമുറിയിലെ ടീപ്പോയിലും അടുക്കളയുടെ അരപ്ളെയ്സിലും അവ അലക്ഷ്യമായി കിടക്കുന്നതും കണ്ടിട്ടുണ്ട്. മതിലുകള്‍ക്ക് മുകളിലൂടെ ഈ ലക്കം കിട്ടാത്ത അയല്‍ക്കാരിക്കായി അമ്മ ചിലപ്പോള്‍ അത് കൈമാറും. മധുരപലഹാരങ്ങളോ, വിശിഷ്ട വിഭവങ്ങളോ കൈമാറുമ്പോഴോ നിരുപദ്രവകരമായ ചില ഗോസിപ്പുകള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞതിന് ശേഷമോ, വാങ്ങിയ പുതിയ സാരികള്‍ പരസ്പരം കാണിച്ച് താരതമ്യം നടത്തിയതിന് ശേഷമോ വിടരാറുള്ള പുഞ്ചിരി അവരുടെ മുഖത്ത് അപ്പോള്‍ കാണാം.
മുഖചിത്രമായി സുന്ദരികളായ നടിമാരുടെ ക്ളോസപ്പ് പുഞ്ചിരികള്‍, പുതിയ സിനിമാ വിശേഷങ്ങള്‍, മന:ശാസ്ത്രജ്ഞനോട് ചോദിക്കാം, കിനാവും കണ്ണീരും, വിധിയുടെ ബലിമൃഗങ്ങള്‍, ജുബ്ബാച്ചേട്ടന്‍, എല്‍ബി, ലോലന്‍-തുടങ്ങിയ കാര്‍ട്ടൂണ്‍ നമ്പറുകള്‍, നര്‍മ്മമുത്തുകള്‍, ഇന്ദ്രജിത്തിന്റെ പുരാണകഥനം, ഇമാമിന്റെ 'മെക്കയിലേക്കുള്ള മാര്‍ഗം', മിസിസ് കെ എം മാത്യു, ടോഷ്മ ബിജുവര്‍ഗീസ് തുടങ്ങിയവരുടെ പാചകകുറിപ്പുകള്‍...എല്ലാത്തിനും പുറമേ ഖണ്ഡശയായി പുഞ്ചിരികളും കണ്ണീരും വാഗ്ദാനം ചെയ്യുന്ന നോവലുകള്‍. മംഗളവും മനോരമയും പാടാറുള്ള പതിവ് പല്ലവിയുടെ ചിട്ടവട്ടങ്ങള്‍ ഇതൊക്കെ തന്നെ.
ജോസി വാഗമറ്റത്തിന്റെ ലോറിക്കാരന്‍ നോബിള്‍ വിഖ്യാത കഥാപാത്രമാണ്. കാരിരുമ്പിന്റെ കരുത്തുള്ളപ്പോഴും കുട്ടികളുടേത് പോലെ നിര്‍മ്മലമായ മനസ് കാത്തുസൂക്ഷിക്കുന്ന നോബിള്‍ 'പാളയം', 'വലയം' തുടങ്ങിയ നോവലുകളില്‍ പ്രധാനകഥാപാത്രമാണ്. പിന്നീട് മനോജ് കെ ജയന്‍ നോബിളായി 'പാളയം' എന്ന സിനിമ പുറത്തിറങ്ങി. പൊടിപ്പാറവക്കന്‍ എന്ന മലയോര ഗുണ്ടയുടെ മകനായി പിറന്ന രാരിച്ചനെ അറിയുമോ...? വക്കന്റെ ശല്യം സഹിക്കാന്‍ കഴിയാതെ നാട്ടുകാര്‍ അയാളെ വകവരുത്തുന്നു. എന്നാല്‍ കലിയടങ്ങാത്ത നാട്ടുകാര്‍ തന്റെ അമ്മയുടെയും പെങ്ങമാരുടെയും മാനത്തിന് വില പറഞ്ഞപ്പോള്‍ രാരിച്ചനും കഠാരയെടുക്കേണ്ടി വന്നു. ഈ കഥയാണ് ജോസിയുടെ തന്നെ 'ദ്രാവിഡന്‍' എന്ന നോവല്‍ പറയുന്നത്. വിജയരാഘവന്‍ നായകനായി ദ്രാവിഡന്‍ എന്ന ആക്ഷന്‍ ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. ജോസിയുടെ മാസ്റ്റര്‍പീസ് പക്ഷേ 'തടങ്കല്‍ പാളയമാണ്'. അത്മാര്‍ത്ഥ സ്നേഹിതന്റെ വഞ്ചനയെ തുടര്‍ന്ന് മരണം മുന്നില്‍ കണ്ട വിന്‍സെന്റ് ആത്മരക്ഷാര്‍ത്ഥം നടത്തുന്ന തിരിച്ചടികളാണ് 'തടങ്കല്‍പാളയം'.
വസുന്ധര എന്ന താന്‍പോരിമയുള്ള സ്ത്രീകഥാപാത്രം തന്നെ വഞ്ചിച്ച ഭര്‍ത്താവിന്റെ കുടുംബക്കാരോടും മറ്റ് ദുഷ്ടന്‍മാരോടും പടപൊരുതി  'വസുന്ധര മെഡിക്കല്‍സ്' എന്ന വന്‍സംരഭം കെട്ടിപടുത്തതിന്റെ കഥയാണ് കമലാഗോവിന്ദിന്റെ 'വസുന്ധരാമെഡിക്കല്‍സ്'. ശ്രീവിദ്യ വസുന്ധരയായി ഈ നോവല്‍ സീരിയല്‍ രൂപത്തിലും പുറത്തിറങ്ങിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ് അധികമാവുന്നതിന് മുമ്പ് കാര്‍ഗില്‍ യുദ്ധത്തില്‍ ജവാനായ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരു യുവ വിധവയുടെ കഥയാണ് കമലാഗോവിന്ദിന്റെ 'സഹനം'. ഏഴാം ക്ളാസില്‍ 38 ലക്കമുള്ള ഈ നോവല്‍ നാല് പേജുള്ള കഥയായി ചുരുക്കിയെഴുതിയാണ് കെവിആര്‍ ഹൈസ്കൂളില്‍ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയായ ഞാന്‍ കഥാരചനയില്‍ ആദ്യമായി ഒന്നാം സ്ഥാനം നേടുന്നത്. പിന്നീട് വളരെക്കാലം കഴിഞ്ഞ് ബോര്‍ഹെസ് കാഫ്ക്കയുടെ ഒരു നോവല്‍ നാല് പേജുള്ള ഒരു കഥയാക്കി ചുരുക്കിയിട്ടുണ്ടെന്ന സത്യമറിഞ്ഞ് സത്യത്തില്‍ ഞാന്‍ നടുങ്ങി പോയി.
കുടുംബ നോവലുകളുടെ ചക്രവര്‍ത്തിയാണ് സുധാകര്‍ മംഗളോദയം. 'നിറമാല', 'ഒറ്റക്കൊലുസ്', 'പത്നി', 'വാസ്തുബലി', 'നന്ദിനി ഒപ്പോള്‍' തുടങ്ങി മംഗളോദയത്തിന്റെ നോവലുകളാണ് ഞാന്‍ ഏറ്റവും കൂടുതല്‍ വായിച്ചിട്ടുള്ളത്. അച്ഛനും അമ്മയും രണ്ട് പെണ്‍കുട്ടികളുമടങ്ങിയ കുടുംബത്തിന് വിധി വൈപരീത്യത്താല്‍ സംഭവിക്കുന്ന ചില പ്രതിസന്ധികളാണ് മംഗളോദയത്തിന്റെ ഇഷ്ട വിഷയം. ഇവയില്‍ പലതും സിനിമയായിട്ടുണ്ട്. തുളസിക്കതിര്‍ ചൂടിയ മുട്ടറ്റം മുടിയുള്ള, ചന്ദനകുറിയ്ക്ക് പോലും അലങ്കാരമായ നെറ്റികളുള്ള മംഗളോദയത്തിന്റെ ഗ്രാമീണ കന്യകമാരെ എനിക്കിഷ്ടമായിരുന്നു.
ആക്ഷന്‍ നോവലുകളിലൂടെ വായനക്കാരെ ത്രസിപ്പിച്ച നോവലിസ്റ്റുകളാണ് ബാറ്റണ്‍ബോസും മെഴുവേലി ബാബുജിയും എന്‍ കെ ശശിധരനും. ചടുലമായ കഥാഖ്യാനവും സ്റ്റണ്ടും മാദകത്വമുള്ള പെണ്‍കൊടികളും ഇവരുടെ നോവലുകളെ ശ്രദ്ധേയമാക്കി. ബോസിന്റെ 'ഗര്‍ജനം', മെഴുവേലി ബാബുജിയുടെ 'സ്രാവ്', എന്‍ കെ ശശിധരന്റെ 'വന്യം' തുടങ്ങിയ നോവലുകളെ മറക്കുവതെങ്ങനെ...?
മാന്ത്രികതയുടെ ആവാഹനകളങ്ങളിലേക്ക് വായനക്കാരെ കാന്തിക ശക്തിയോടെ വലിച്ചിഴക്കുകയായിരുന്നു ഏറ്റുമാനൂര്‍കാരന്‍ ശിവകുമാര്‍. 'സൂര്യകിരീടം' എന്ന നോവല്‍ നോക്കൂ. മന്ത്രവാദം പഠിക്കാനായി പ്രശസ്ത മന്ത്രവാദിയായ സൂര്യ നമ്പൂതിരിയുടെ ഇല്ലത്തെത്തിയ ഫ്രാങ്ക്ളിന്‍ ജാക്ക് എന്ന അമേരിക്കക്കാരന്‍ നല്ല മന്ത്രവാദവും ചീത്ത മന്ത്രവാദവും പഠിച്ച് വെടക്കായി, നമ്പൂതിരിയുടെ മകളെയും പെഴപ്പിച്ച്, നമ്പൂതിരിയെ കാലപുരിയ്ക്കയച്ച് ആ ദേശത്തിന്റെ തന്നെ ഭയമായി മാറിയ കഥ എത്രയോ രാത്രികളില്‍ എന്റെ ഉറക്കം കെടുത്തി. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകള്‍ ജെയിംസ്ബോണ്ട്, ഷെര്‍ലക്ക്ഹോംസ് തുടങ്ങി സാധാരണക്കാര്‍ക്ക് അപ്രാപ്യരായ വിദേശ ബുജികളെ മലയാളം പേശുന്ന കഥാപാത്രങ്ങളിലൊതുക്കി. ജോയ്സിയുടെ നോവലുകള്‍ ഇപ്പോള്‍ ഓര്‍മ്മയില്‍ നിന്ന് എടുത്ത് പറയാന്‍ പറ്റുന്നില്ല. നോവല്‍ അവസാനിക്കുമ്പോള്‍ നോവലിസ്റ്റിന്റെ പാസ്പോര്‍ട്ട് സൈസ് പടം കൊടുക്കുന്നതും പതിവായിരുന്നു. ആ ചിത്രങ്ങളില്‍ നോക്കി- ഈശ്വരാ ഇങ്ങേരായിരുന്നല്ലോ ഇത്രയും കാലം വാക്കുകളാവുന്ന പാശം കൊണ്ട് അനങ്ങാന്‍ കഴിയാത്ത വണ്ണം എന്നെ കെട്ടിയിട്ടിരുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ഒരുപാട് കുന്നുകളുടെ മുകളില്‍ നിന്നും ഒഴുകിയിറങ്ങിയ തണുത്ത കാറ്റില്‍ മേലാസകലം കുളിരുകോരും.രോമാഞ്ചങ്ങള്‍ കതിരിടും. "ആരാധകര്‍ ഉണ്ണാക്കന്‍മാര്‍''- എന്ന് ആര്‍ത്തട്ടഹസിച്ച സാഗര്‍ കോട്ടപ്പുറമായിരുന്നില്ല (മോഹന്‍ലാല്‍) അവരാരും...എനിക്കുറപ്പുണ്ട്. ഒരു അഭിനന്ദനത്തിനായി, അംഗീകാരത്തിന്റെ പുഞ്ചിരിക്കായി അവരെല്ലാവരും ദാഹിച്ചിരുന്നു. 'നന്നായെടോ...' എന്ന് അന്യന്റെ മുഖത്ത് നോക്കി അഭിനന്ദിക്കുന്നതിലും കവിഞ്ഞൊരു ചങ്ക്പറിയല്‍ മലയാളികള്‍ക്കില്ലല്ലോ....അത് കൊണ്ട് ഇവരെല്ലാവരും പൈങ്കിളി എഴുത്തുകാരായി. പക്ഷേ പൈങ്കിളികളുടെ ചിറകുകളില്‍ എല്ലാ വര്‍ണ്ണങ്ങളും ഒത്തിണങ്ങിയിരുന്നു. അവരുടെ കിളി കൊഞ്ചലുകള്‍ക്ക് ഞങ്ങള്‍ കാതോര്‍ത്തിരുന്നിരുന്നു....

അടിക്കുറിപ്പ്: വിഖ്യാത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള പോലും മനോരമയില്‍ നോവലെഴുതുന്നതാണ് തനിക്കിഷ്ടം എന്ന് പറഞ്ഞിരുന്നു. 'കണ്ണാടിവീടുകള്‍', 'അഗ്നിചിറകുകള്‍' തുടങ്ങി അബ്ദുള്ളാക്ക മനോരമയില്‍ എഴുതിയ നോവലുകള്‍ വായിച്ച് ഒട്ടോക്കാരും ബസുകാരും വീട്ടമ്മമാരും കച്ചവടക്കാരും വരെ അങ്ങേരെ സ്നേഹം കൊണ്ട് പൊതിഞ്ഞ മധുര സ്മരണകള്‍ അയവിറക്കിയാണ് അങ്ങോര്‍ അങ്ങനെ പറഞ്ഞത്.

വാല്‍കഷ്ണം: ഈ നോവലുകളുടെ പടങ്ങള്‍ എല്ലാം ഒറ്റവാക്കില്‍ 'സൊയമ്പന്‍' എന്ന് വിശേഷിപ്പിക്കാവുന്നവയാണ്. ചിത്രകാരന്‍മാര്‍ ഭാവനയിലുള്ള എല്ലാ മാതൃകകളെയും മനസിലിട്ടുഴിഞ്ഞ് വരയ്ക്കുന്ന സ്ത്രീജനങ്ങള്‍ക്ക് വല്ലാത്ത മുഴുപ്പും കരുത്തും ഉള്ളതിനാല്‍ ഇവര്‍ പേജുകള്‍ പൊളിച്ച് ഇപ്പോഴെങ്ങാനും പുറത്ത് ചാടുമോ...? എന്നോര്‍ത്ത് ചില കുറുക്കന്‍മാര്‍ എല്ലാം ആഴ്ച്ചകള്‍ തോറും വായ് പൊളിച്ച് ഇരുന്നിരുന്ന് പോല്‍....

Thursday, January 5, 2012

ഓര്‍മകളുടെ പിന്നിട്ട് കളി!
എല്ലാ കളികളിലും ഭാഗ്യത്തിന്റെ അംശമുണ്ട്. കുട്ടിക്കാലത്തെ കളികളെ കുറിച്ച് ആലോചിക്കുമ്പോള്‍ ഭാഗ്യത്തിന്റെ സ്വാധീനത്തെ കുറിച്ച് കൂടിയാണ്  ആലോചന. ഉദാഹരണം: 'പിന്‍' ഇട്ട് കളി. ഞങ്ങള്‍ക്ക് വളരെ ഇഷ്ടമുണ്ടായിരുന്ന കളി. ഞങ്ങള്‍ എന്നാല്‍ ഞാനും ചേച്ചിയും. കണ്ണുകളെല്ലാം പൂട്ടി നില്‍ക്കുന്ന കുട്ടികള്‍ക്കായി നിഷ്പക്ഷരെന്ന് പൊതുവിശ്വാസമുള്ള ആരെങ്കിലും എവിടെയെങ്കിലും സേഫ്റ്റി പിന്‍ ഒളിപ്പിക്കും. ചിലപ്പോള്‍ അലക്ഷ്യമായി മുറ്റത്തേക്കിടും, ചിലപ്പോള്‍ ആരുടെയെങ്കിലും വസ്ത്രത്തില്‍ അവരറിയാതെ തൊടുത്ത് വെക്കും. പിന്‍ തേടിയുള്ള ഭാഗ്യാന്വേഷണ യാത്രകള്‍ക്ക് നിധി തേടി പോകുന്നവന്റെ മനസുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു. കരിയിലകള്‍ക്കും ചെറുകല്ലുകള്‍ക്കും പുല്ലുകള്‍ക്കും ഇടയില്‍ തിളങ്ങുന്ന പിന്‍ കണ്ടെത്തുന്നവന്റെ ഹര്‍ഷം.....പിന്‍ തേടിയുള്ള യാത്രയ്ക്ക് ലക്ഷ്യബോധം നല്‍കുന്നത് പിന്‍ ഇട്ട ആള്‍ തന്നെയാണ്. പിന്നിനോട് അടുക്കും തോറും 'ചൂട്...ചൂട്...ചൂട്...' എന്നും അകലുംതോറും 'തണുപ്പ്...തണുപ്പ്....ഐസ് പോലെത്തെ തണുപ്പ്' എന്നുമുള്ള മുന്നറിയിപ്പുകള്‍. പിന്നെടുത്ത് മറ്റ് ഭാഗ്യാന്വേഷികളുടെ കണ്ണും കൈയ്യും വെട്ടിച്ച് പിന്‍ ഇട്ട ആള്‍ക്ക് കൊടുക്കുന്നതോടെ ഗെയിം ഓവര്‍.
ചൂതാട്ടക്കാരന്റെ മനസ് എപ്പോഴും ഭാഗ്യത്തില്‍ വിശ്വസിക്കുന്നു. അച്ഛന് ചീട്ടുകളിയിലായിരുന്നു കമ്പം. ചീട്ടുകള്‍ മ
ച്ച്  'അകത്തോ പുറത്തോ...?' എന്ന് ഒരാള്‍ ചോദിക്കുന്നതും നിര്‍ഭാഗ്യവാനായ ഒരാള്‍ 'അകത്ത്..' എന്ന് പറയുന്നതും ചീട്ടുകള്‍ തിരിച്ച് വെക്കുമ്പോള്‍ അയാളുടെ മുഖത്ത് പരിഭ്രമം പടരുന്നതും  ബൈക്കിന്റെ താക്കോല്‍ മേശപ്പുറത്ത് വെച്ച് എതിരാളിയുടെ മുന്നിലേക്ക് അയാസത്തോടെ അയാള്‍ തള്ളി നീക്കുന്നതുമായ ദൃശ്യങ്ങള്‍ അച്ഛന്റെ വാക്കുകളിലൂടെ എന്റെ മനസില്‍ ദൃശ്യങ്ങളായി കിടപ്പുണ്ട്. എനിക്ക് ചീട്ടുകളി അറിയില്ല. ആയിരങ്ങളും വാഹനങ്ങളും പുരയിടങ്ങളും ആത്മാഭിമാനവും വട്ടമേശയ്ക്ക് മുന്നില്‍ അടിയറ വെക്കുന്ന കളിയായിരിക്കണം അത്.
ഒളിച്ചുകളി, നാലുമൂല, കൊച്ചികളി, ഓടിതൊടല്‍, സിനിമാപേര് എഴുതി കളിക്കല്‍, അന്താക്ഷരി, കള്ളനും പൊലീസും,  ...തുടങ്ങിയ കളികളാണ് ഞങ്ങള്‍ കൂടുതലും കളിച്ചിട്ടുള്ളത്. കൂട്ടുകാരികളെല്ലാം പെണ്‍കുട്ടികള്‍. മുതിര്‍ന്നവര്‍. ചേച്ചിയുടെ കൂട്ടുകാര്‍. ഉച്ചയ്ക്ക് ശേഷം കോലായില്‍ വട്ടമിട്ടിരുന്ന് പാട്ടുകള്‍ പാടി ഏറ്റവും പ്രയാസമുള്ള ഒരക്ഷരത്തില്‍ മറ്റുള്ളവരെ കുരുക്കാനുള്ള ഉദ്യമമായി അന്താക്ഷരി മാറും. പാട്ടുകള്‍ പാടുമ്പോള്‍ മുഖവും ഭാവാര്‍ദ്രമാകുന്ന ചിത്രങ്ങളും ഓര്‍മ്മയിലുണ്ട്. അനുരാഗഗാനങ്ങള്‍ കണ്ണുകളടച്ച് ഭാവസാന്ദ്രമായി ആലപിച്ച് തീരുമ്പോള്‍ ചുറ്റുമുള്ളവ+ കളിയാക്കല്‍ തുടങ്ങും. 
'ലണ്ടന്‍...ലണ്ടന്‍...സ്റ്റാച്യു' എന്ന പ്രഖ്യാപനത്തിന് ശേഷം എല്ലാവരും പ്രതിമകളാവുന്നു. ഇളകാതെ നില്‍ക്കുന്ന പ്രതിമകളെ നോട്ടം കൊണ്ടും സ്പര്‍ശം കൊണ്ടും വാക്കുകള്‍ കൊണ്ടും ചിരിപ്പിക്കാനുള്ള തീവ്രയജ്ഞ പരിപാടിയാണ് അടുത്തത്. ചിരിച്ചില്ലെങ്കിലും പല്ല് പുറത്ത് കാണിച്ചാല്‍ മതി ഔട്ടാവാന്‍. നെയിം, പ്ളെയ്സ്, അനിമല്‍, തിങ്ങ്, സിനിമ.... എന്നിവയൊക്കെ എഴുതിയുണ്ടാക്കുന്ന മറ്റൊരു കളിയുണ്ട്. എഴുതി എഴുതി എഴുതി ലോകത്തെവിടെയുമില്ലാത്ത സ്ഥലങ്ങളും സിനിമകളും പേരുകളും കണ്ടെത്തുമ്പോള്‍ തര്‍ക്കം മുറുകുന്നു. തര്‍ക്കത്തിനൊടുവില്‍ എഴുതി കൊണ്ടിരുന്ന കടലാസെല്ലാം കീറി കഷ്ണങ്ങളാക്കി പരസ്പരം മുഖത്തെറിയുന്നതോടെ ഈ കളിക്ക് യവനിക  വീഴും.
ക്യാരംസാണ് എനിക്ക് ഇഷ്ടമുള്ള കളി. തേക്കില്‍ തീര്‍ത്ത ഒരൊന്നാന്തരം ക്യാരംബോര്‍ഡ് ഏതോ ക്ളബ്ബ് പൂട്ടിപോയപ്പോള്‍ അച്ഛന്‍ ചുളുവിലയ്ക്ക് വാങ്ങി വീട്ടിലെത്തിച്ചിരുന്നു. ആനകൊമ്പില്‍ തീര്‍ത്ത ഒരു സ്ട്രൈക്കറും ഉണ്ടായിരുന്നു. ഓണപ്പൂക്കളം പോലെ കോയിനുകള്‍ അടുക്കി വെച്ച 'കളര്‍' ഒന്നിന് മുകളില്‍ ഒന്നൊയി കോയിനുകള്‍ അടുക്കി വെച്ച് (ഇന്‍ഷുറന്‍സ് പരസ്യങ്ങളില്‍ നാണയങ്ങള്‍ അടുക്കി വെക്കുന്നത് പോലെ) 'റുപ്പീസും' കളിക്കുമായിരുന്നു. സ്ട്രൈക്കര്‍ പോയിന്റില്‍ വെച്ച് ആദ്യ ഷോട്ടില്‍ തന്നെ നാല് കോയിനുകള്‍ നാല് പോക്കറ്റുകളിലേക്കും പായിക്കുന്ന മികവുണ്ടായിരുന്നു മുതിര്‍ന്നവര്‍ക്ക്. 'റെഡും' 'ഫോളോവറും' ഫിനിഷ് ചെയ്താല്‍ പകുതി കളി കഴിഞ്ഞെന്നാണ് പ്രമാണം. കണ്ണ് തെറ്റുമ്പോള്‍ ബോര്‍ഡില്‍ നിന്ന് കോയിനുകള്‍ അടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോള്‍- "ബോര്‍ഡീന്ന് കൈയ്യെടുക്ക്...''- എന്ന് കര്‍ശനമായി വിലക്കുന്ന അച്ഛന്റെ ശബ്ദം ഓര്‍മയുണ്ട്.
ബുദ്ധിമാന്‍മാരുടെ കളി എന്ന ഖ്യാതിയുള്ളതിനാല്‍ ചെസിനോട് ഭയം കലര്‍ന്ന ഭക്തിയുണ്ടായിരുന്നു. കുട്ടികള്‍ ചെസ് കളിക്കുന്നതില്‍ അച്ഛനും അമ്മയ്ക്കും സന്തോഷമേ ഉള്ളു. ചെസ് കളിക്കാന്‍ പെട്ടെന്ന് ഉണ്ടാകുന്ന 'പൂതി' ചെക്ക്മെയ്റ്റുകളില്‍ കണ്ണീര്‍ പുരളും. ബാലരമയില്‍ നിന്നോ പൂമ്പാറ്റയില്‍ നിന്നോ സമ്മാനമായി കിട്ടിയ 'കാട്ടിലെ കളി' ബോര്‍ഡിലൊട്ടിച്ച് കുട്ടികളും മുതിര്‍ന്നവരും വാശിയോടെ കളിക്കുമായിരുന്നു. ചതുര രൂപത്തില്‍ വെട്ടിയെടുത്ത മരക്കട്ട ചുറ്റിയെറിഞ്ഞ്, കുത്തുകളുടെ എണ്ണം നോക്കി ബട്ടണ്‍ കരുക്കള്‍ നീക്കി വെക്കുമ്പോള്‍ ചില അക്കങ്ങളില്‍ പാമ്പുകളും കടുവകളും തക്കം പാര്‍ത്തിരിക്കുന്നുണ്ടാവും. വായില്‍ വീണാല്‍ കളങ്ങള്‍ താഴേക്ക് ചാടി വീണ്ടും തുടക്കത്തില്‍ ചെന്നിരിക്കും. അച്ഛനും അമ്മാവനും വാശിയോടെ കാട്ടിലെ കളി കളിക്കുമ്പോള്‍ നൂറിന്റെ നോട്ടുകളാണ് സമ്മാനതുകയാവുക. നോട്ട് ടീപ്പോയില്‍ വെച്ചാണ് കളി തുടങ്ങുക. കുട്ടികള്‍ ആകാംക്ഷയോടെ ചുറ്റും കൂടി നില്‍ക്കും.
വെസ്റ്റിന്തീസും ഇന്ത്യയും തമ്മിലുള്ള ക്രിക്കറ്റ് കളിയാണ് ഞാന്‍ ടിവിയില്‍ ആദ്യമായി കാണുന്ന ക്രിക്കറ്റ് മാച്ച്. ലാറയും ഹൂപ്പറും ബാറ്റ് ചെയ്യുന്നു. ആ കളി ഇന്ത്യ തോറ്റു. തുടര്‍ന്ന് ക്രിക്കറ്റിലേക്ക് ഞങ്ങളുടെ കളികള്‍ ചേക്കേറി.
നിരയായി പോകുന്ന ഉറുമ്പുകളുടെ മധ്യത്തില്‍ വിരല്‍ കൊണ്ടൊരു വര വരച്ച് വഴി തെറ്റിക്കുന്നതും വിനോദമായിരുന്നു. 'സ്വാമിയേ ശരണമയപ്പ...' എന്ന് വിളിച്ച് വാടകവീടിന്റെ ഉമ്മറതിണ്ണയില്‍ വന്നിരിക്കാറുണ്ടായിരുന്ന 100 വയസുകാരി മുത്തിയമ്മയുടെ വരണ്ട് ചുളുങ്ങി ചെതുമ്പല്‍ പറ്റിയത് പോലെയുള്ള പുറത്ത് ഗ്രില്ലുകള്‍ക്കിടയിലൂടെ ഈര്‍ക്കില്‍ ഇട്ട് കുത്തി രസിച്ചതും ഓര്‍മ്മയുണ്ട്. ഭാഗ്യത്തിന്റെ നൂല്‍പാലത്തിലൂടെയുള്ള യഥാര്‍ത്ഥ സഞ്ചാരമാണ് 'നൂറാം കോല്'. ഏറ്റവും തര്‍ക്കമുണ്ടാക്കുന്ന കളിയും ഇത് തന്നെ. ഒരു ഈര്‍ക്കില്‍ കഷ്ണം കൊണ്ട് ഒരുപാട് ഈര്‍ക്കില്‍ കഷ്ണങ്ങള്‍ ഇളകാതെ തട്ടി മാറ്റുന്ന സര്‍ക്കസ് വിദ്യ. കഞ്ഞിയും കറിയും വെച്ച് കളിക്കുന്നതില്‍ മിഡില്‍ ക്ളാസ് കുടുംബത്തിന്റെ സകല രംഗങ്ങളും സമര്‍ത്ഥമായി എഡിറ്റ് ചെയ്ത് ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നു. വ്യാപാരത്തില്‍ കണിശക്കാരനായ കച്ചവടക്കാരന്‍ ചിരട്ട തുലാസുമായി അരിയും സാമാനങ്ങളും വിറ്റ് പണമുണ്ടാക്കി. വടി ലാത്തിയാക്കി കുറ്റവാളികളെ അടിച്ചമര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥനും നീതിമാനായ രാജാവും കുടുംബത്തെ പ്രാണന് തുല്യം സ്നേഹിച്ചിരുന്ന ഗൃഹനാഥനും കാറില്‍ വന്നിറങ്ങുന്ന സൂപ്പര്‍സ്റ്റാറും സമൂഹത്തിലെ എല്ലാ നിയമങ്ങളും അനുസരിക്കുന്ന മര്യാദാപുരുഷോത്തമന്‍മാരായിരുന്നു. ഏത് പ്രായത്തിലാണോ ഒരാളുടെ ജീവിതത്തില്‍ നിന്ന് കളികളും കളിനിയമങ്ങളും പടിയിറങ്ങുന്നത്....?

Tuesday, January 3, 2012

മര്‍ലിന്‍ മണ്‍റോ ഓഫ് മലയാളം...
വിജയശ്രീയോളം സുന്ദരിയായ ഒരു നടിയെ മലയാള സിനിമ കണ്ടിട്ടില്ലെന്നാണ് തോന്നുന്നത്. എല്ലാം ഒത്തിണങ്ങിയ സൌന്ദര്യമായിരുന്നു അവരുടേതെന്ന് ചില പഴയ സഹപ്രവര്‍ത്തകരുടെ ഓര്‍മകളും പഴയ ചില സിനിമകള്‍ കണ്ടതിന്റെ ഓര്‍മകളും ഇഴ ചേരുമ്പോള്‍ തോന്നുന്നു. 'മറുനാട്ടില്‍ ഒരു മലയാളി' എന്ന സിനിമയിലെ 'ഗോവര്‍ധന ഗിരി കൈയ്യിലുയര്‍ത്തിയ ഗോപകുമാരന്‍ വരുമോ തോഴീ.....?' എന്ന് ചഞ്ചല മിഴിയിണകളാല്‍ വിജയശ്രീ ചോദിക്കുമ്പോള്‍ 'വരും...വരും...തീര്‍ച്ചയായും അവന്‍ വരും'- എന്ന് എന്റെ മനസ് എത്രയോ തവണ മന്ത്രിച്ചിട്ടുണ്ട്. കാരണമില്ലാത്ത ഒരാത്മഹത്യയായി വിജിയുടെ മരണം ഇന്നും അവശേഷിക്കുന്നു.  സാമുദ്രിക ലക്ഷണമെല്ലാം ഒത്തിണങ്ങിയ ശരീരം ആവോളം പ്രദര്‍ശിപ്പിക്കാന്‍ അവര്‍ക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല.
ജയരാജ് സംവിധാനം ചെയ്ത് പ്രേക്ഷകപ്രീതിയോ നിരൂപക ശ്രദ്ധയോ നേടാതെ തിയറ്റര്‍ വിട്ട 'നായിക' എന്ന സിനിമ വിജിയുടെ മരണമാണ് പറയുന്നതെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. മലയാളസിനിമയിലെ വടവൃക്ഷങ്ങളായ രണ്ട് സ്റ്റുഡിയോകള്‍ തമ്മിലുള്ള കിടമത്സരമാണ് ആ സുന്ദരിയുടെ മരണത്തിന് ഇടയാക്കിയതെന്ന് സിനിമ പറയുന്നു. ആ സിനിമ ഭാഗ്യവശാല്‍ എനിക്ക് കാണാന്‍ സാധിച്ചില്ല. വിജയശ്രീ തകര്‍ത്തഭിനയിച്ച 'പൊന്നാപുരം കോട്ട' എന്ന ചിത്രത്തിലെ 'വള്ളിയൂര്‍കാവിലെ...' എന്ന ഗാനരംഗ ചിത്രീകരണത്തിനിടയില്‍ അരുവിയില്‍ സ്വയം പൂത്തുലഞ്ഞ് കുളിക്കുകയായിരുന്ന വിജയശ്രീയുടെ ചേല പെട്ടെന്നൊരൊഴുക്കില്‍ താഴേക്ക് വഴുതി വീണെന്നും അവസരം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുക എന്ന സാധ്യത പോലും തട്ടിയകറ്റി കൊണ്ട് ഛായാഗ്രാഹകന്‍ ആ രംഗം ഷൂട്ട് ചെയ്തെന്നും അതില്‍ മനം നൊന്താണ് വിജയശ്രീ എന്ന മലയാളികളുടെ മര്‍ളിന്‍മണ്‍റോ ആത്മഹത്യ ചെയ്തതെന്നും ചില കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ആ ഗാനവും വിജയശ്രീ അഭിനയിച്ച ഒട്ടുമിക്ക ഗാനങ്ങളും സിനിമകളും ആവേശത്തോടെ കണ്ട എനിക്ക് ആ കഥയില്‍ സത്യത്തിന്റെ കാതലില്ലെന്ന് വെളിപ്പെട്ടു. പിന്നീട് 'ചന്ദ്രോത്സവം'സിനിമയില്‍ ചിറയ്ക്കല്‍ ശ്രീഹരി (മോഹന്‍ലാല്‍) തന്റെ നൊസ്റ്റാള്‍ജിക് ബാല്യകാലത്തെ കുറിച്ച് കൂട്ടുകാരോട് സംസാരിക്കുമ്പോള്‍ പഴയ ടാക്കീസ് മരബെഞ്ചിലിരുന്ന് 'പൊന്നാപുരം കോട്ട' എത്ര വട്ടമാണ് കണ്ടതെന്ന് തനിക്കോര്‍മയില്ലെന്ന് പറയുന്നുണ്ട്.
ഒട്ടും വൈഷമ്യമില്ലാതെയാണ് അത്തരം രംഗങ്ങളില്‍ അവര്‍ അഭിനയിച്ചിരുന്നത്. 'പോസ്റ്റ് മാനെ കാണാനില്ല' എന്ന സിനിമയില്‍ വിജയശ്രീ ഇരയാവുന്ന മിനിറ്റുകള്‍ നീണ്ട ഒരു ബലാല്‍ത്സംഗ സീക്വന്‍സുണ്ട്. കാണേണ്ടതെല്ലാം വെളിച്ചം കണ്ടതിന് ശേഷമാണ് പ്രേം നസീറെത്തി ഇക്കുറി നായികയുടെ മാനം കാത്തത്. മിക്ക ഗാനരംഗങ്ങളിലും സുതാര്യമായ ബ്ളൌസണിഞ്ഞാണ് അവര്‍ അഭിനയിച്ചിരുന്നത്.വടക്കന്‍പാട്ട് സിനിമകളുടെ ഗാനരംഗങ്ങളില്‍ കഴുത്തിറക്കി വെട്ടിയ ബ്ളൌസുകള്‍ക്കിടയിലൂടെ അവര്‍ പുറത്തേക്ക് തുളുമ്പുമായിരുന്നു. മെയില്‍ ഗെയ്സ് എന്ന് ഇപ്പോള്‍ പല നിരൂപകരും വിശേഷിപ്പിക്കുന്ന കാമനാദൃഷ്ടികളെ അവ തൃപ്തിപ്പെടുത്തിയിരുന്നു. ഷൂട്ടിങ്ങില്ലാതെ സമയത്ത് സുഹൃത്തുക്കളായ സഹനടികളോടൊത്ത് ചുറ്റിക്കറങ്ങാനാണ് അവര്‍ ഇഷ്ടപ്പെട്ടിരുന്നത്. മദ്യത്തില്‍ വിഷം കലര്‍ത്തി ഒരു പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയും സഹോദരനുമാണ് വിജിയെ കൊന്നതെന്ന് ഒരു സഹനടി അനൌദ്യോഗിക സംഭാഷണത്തിനിടയ്ക്ക് പറഞ്ഞതോര്‍ക്കുന്നു.
വിജയശ്രീ ഭയങ്കര വാശിക്കാരിയായിരുന്നെന്ന് മറ്റ് ചിലര്‍ ഓര്‍ക്കുന്നു. കുട്ടികളെ പോലെയായിരുന്നു ചില നേരങ്ങളില്‍ അവരുടെ പെരുമാറ്റമെന്നും അറിഞ്ഞു.
വിട്ടുവീഴ്ച്ചകളും കീഴടങ്ങലുകളും നടികളുടെ ജീവിതത്തെ ചിലപ്പോള്‍ നരകതുല്യമാക്കും. കോക്കസുകളും ക്ളിക്കുകളും അന്നും സജീവമായിരുന്നു. ഇന്നത്തേക്കാള്‍ എത്രയോ അധികമായിരുന്നു അന്ന് നടന്‍മാരുടെ തേരോട്ടം. സത്യത്തില്‍ അന്ന് സ്ത്രീകഥാപാത്രങ്ങള്‍ക്ക് സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഐറ്റംഗേള്‍സ് പിന്നെയാണ് രംഗപ്രവേശം നടത്തുന്നത്. കാണികളുടെ കാമനകളെ തൃപ്തിപ്പെടുത്തുക നായികമാരുടെ ദൌത്യമായിരുന്നു. വടക്കന്‍പാട്ടുകളുടെ പേര് പറഞ്ഞ് നടിമാര്‍ക്ക് നല്‍കിയിരുന്ന വേഷം അല്‍പ്പം മനുഷ്യപറ്റുള്ള ആര്‍ക്കും സഹിക്കാനാവില്ല. വെള്ള ബ്ളൌസിട്ട് നടക്കുന്ന നായികയ്ക്ക് അടിവസ്ത്രം നിഷേധ്യ വസ്തുവായിരിക്കും. ചില ക്ഷേത്രങ്ങളിലെ സാലഭഞ്ജികകള്‍ പോലെ നിറഞ്ഞ 'മാറിടത്തിലെ ആദ്യ നഖക്ഷതം' മറക്കുവാന്‍ പോലും കഴിയാതെ നായികമാര്‍ ആടിപ്പാടി, നീര്‍ച്ചോലകളില്‍ പൂത്ത്തളിര്‍ത്തു, വില്ലന്‍മാരുടെ വിയര്‍പ്പ്മണത്തിനും ശരീരഭാരത്തിനും അടിയില്‍ ചതഞ്ഞരഞ്ഞു. 'ആകെ നനഞ്ഞാല്‍ കുളിരില്ലെന്ന' പഴമൊഴി ഏറ്റവും അനുയോജ്യമാകുന്നത് ഇവരുടെ കാര്യത്തിലാണ്. ഷീലയ്ക്കും ജയഭാരതിയ്ക്കും ഒക്കെ ചില മികച്ച വേഷങ്ങള്‍ എങ്ങനെയൊ കിട്ടി. എന്നാല്‍ പാവം വിജിയ്ക്ക് അതിനും യോഗമുണ്ടായില്ലെന്ന് ഖേദത്തോടെ ഓര്‍ക്കുന്നു.
'യവനിക' സിനിമയില്‍ നാടകമുതലാളി തിലകന്‍ പറയുന്ന സംഭാഷണമില്ലേ- "പൊന്നു സാറേ...ആണും പെണ്ണും കൂടി കഴിയുന്ന ഏര്‍പ്പാടാ..എപ്പോള്‍ എന്താണ് ഉണ്ടാവുകയെന്ന് ആര്‍ക്കാ പറയാന്‍ സാധിക്കുക...?'' എന്ന ഡയലോഗ് ഏത് വിനോദമാളിയുടെ ഇരുട്ടറയിലേക്കും വഴികാട്ടും.
അവരും ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടാകും. അയാളെ വിവാഹം കഴിച്ച് കുട്ടികളും കുടുംബവുമായി കഴിയുന്നത് സ്വപ്നം കണ്ടിട്ടുണ്ടാകും. "ഒരു പെണ്ണിനെ കണ്ടാല്‍ ആദ്യം നോക്കുക അവളുടെ വയറിലേക്കാണ്. പാവം, എന്തെങ്കിലും കഴിച്ചിട്ടുണ്ടാകുമോ എന്നാണ്  മനസ് ആദ്യം ചോദിക്കുക''- കോവിലന്‍ ഏതോ കഥയിലോ നോവലിലോ അഭിമുഖ സംഭാഷണത്തിലോ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. പൂര്‍ണ്ണ സമ്മതത്തോടെയല്ലാതെ ഒരു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് ഒന്നാന്തരം കുറ്റകൃത്യമാണ്. മദ്യത്തിന്റെ ഉന്‍മാദത്തിലോ പ്രലോഭനത്തിന്റെ ചൂണ്ടലിലോ മൌനം സമ്മതമെന്ന അഴകൊഴമ്പന്‍ ന്യായീകരണത്തിലോ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ കൊലക്കയറുകള്‍ക്കും മോക്ഷം നല്‍കാനാവാത്ത കുറ്റകൃത്യമാണ് അയാള്‍ നടത്തിയതെന്ന് പറയാന്‍ മടിക്കേണ്ട കാര്യമില്ല.
ചിലപ്പോള്‍ മുടി റിബണുകള്‍ കൊണ്ട് പിന്നി കെട്ടി കൂട്ടുകാരോടൊപ്പം സ്കൂളില്‍ പോകുന്ന കൊച്ചുമിടുക്കിയായി, ചിലപ്പോള്‍ കുറച്ച് കൂടി വളര്‍ന്ന് പെറ്റികോട്ടിട്ട് നമ്മുടെ വീട്ടില്‍ ചുറ്റിത്തിരിയുന്ന ചേച്ചിയായി...അങ്ങനെയും ചില പെണ്‍കാഴ്ച്ചകള്‍ നമ്മുടെ ഉള്ളിലുണ്ട്. സര്‍പ്പസൌന്ദര്യങ്ങള്‍ ഇത്തരം കാഴ്ച്ചകള്‍ നമ്മുടെ കണ്‍വെട്ടത്ത് നിന്ന് മറയ്ക്കുകയല്ലേ???.

Monday, January 2, 2012

അനൂപ്
ബ്യൂട്ടിഫുള്‍ കോക്ക്ടെയില്‍...
എന്തിനും ഏതിനും അനൂപ്മേനോന് അയാളുടേതായ ഒരു ശൈലിയുണ്ട്. അത്മാനുരാഗത്തിന്റെ ഊര്‍ജപ്രവാഹമാണ് അയാളുടെ ചേഷ്ടകളെ വേറിട്ടതാകുന്നത്. രാജേഷ്പിള്ള സംവിധാനം ചെയ്ത ട്രെന്‍ഡ്സെറ്റര്‍ 'ട്രാഫിക്'(2011) സിനിമയിലെ സിറ്റിപൊലീസ് കമ്മീഷണര്‍ അജ്മല്‍ നാസര്‍ എന്ന കഥാപാത്രത്തെ നോക്കൂ. ചിത്രത്തിന്റെ പ്രധാന രംഗങ്ങളിലെല്ലാം കണ്‍ട്രോള്‍ റൂമിലിരുന്ന് ഒരു റിമോട്ട് കണ്‍ട്രോളിലൂടെ മറ്റ് കഥാപാത്രങ്ങളുടെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന ഒന്നാന്തരം ഒരാസൂത്രകനാണ് അയാള്‍. ഇന്റര്‍വെല്ലിനടുത്ത സീനില്‍ ശ്രീനിവാസനും കുഞ്ചാക്കോബോബനും ആസിഫ് അലിയും സഞ്ചരിക്കുന്ന ആംബുലന്‍സിലെ വയര്‍ലസ്സെറ്റുമായി കണ്‍ട്രോള്‍ റൂമിനുള്ള ബന്ധം നഷ്ടമാകുന്നു. കൈയ്യിലെ വയര്‍ലസ് സെറ്റ് സഹപ്രവര്‍ത്തകന് നേരേ നീട്ടി ധൃതിയില്‍-"ചെക്ക്ഇറ്റ്...ചെക്ക്ഇറ്റ്..''എന്ന് പറയുന്നതിലെ സ്വഭാവികതയുടെ ഒരൊഴുക്ക് ഇതെഴുതുമ്പോള്‍ മുന്നില്‍ തെളിയുന്നുണ്ട്. പിന്നെ ഇന്റര്‍വെല്‍ സീനില്‍- "സര്‍..ദി വാന്‍ ഈസ് മിസിങ്ങ്'' എന്ന് സഹപ്രവര്‍ത്തകന്‍ വിധി കല്‍പ്പിക്കുമ്പോള്‍- "വാട്ട്...?''-എന്ന അജ്മല്‍ നാസറിന്റെ വിസ്മയതള്ളിച്ചയാണ് ആ സിനിമയുടെ ജാതകം തിരുത്തിക്കുറിച്ച ഘടകങ്ങളിലൊന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അര്‍ബന്‍ യൂത്തിന്റെ പ്രതിരൂപമായി ചിലപ്പോള്‍ ഇയാളുടെ ചേഷ്ടകളും ചലനങ്ങളും വിലയിരുത്തപ്പെടും. ഏത് ഷോപ്പിങ്ങ് മോളിലെ നക്ഷത്രവെളിച്ചത്തിനിടയിലും ഈ 'ഹാന്‍സം-ഗൈ' നമ്മുടെ ശ്രദ്ധ നേടും. ഏലവേറ്ററില്‍ പിടിച്ച് ആത്മവിശ്വാസം നിറഞ്ഞ മുഖഭാവത്തോടെ ഇയാള്‍ കയറിവരുന്ന ഷോട്ടില്‍ ഒരു സിനിമ തുടങ്ങാം. ഏകാന്തമായി ബീച്ചിലിരുന്ന് നഷ്ടപ്രണയിനിയുടെ ഓര്‍മകള്‍ നുണയുന്ന കാമുകനായും ഇയാളെ എളുപ്പത്തില്‍ സങ്കല്‍പ്പിക്കാം. നേര്‍ത്ത പുഞ്ചിരിക്കിടയില്‍ അഗാധമായ വിഷാദം ഒളിപ്പിക്കാനും ചെറിയ ചില ചിട്ടകള്‍ മകനെയൊ/മകളെയൊ പഠിപ്പിക്കുന്ന കര്‍ക്കശകാരനായ, എന്നാല്‍ സ്നേഹനിധിയായ ഒരച്ഛനായും ഇയാളെ നിരൂപിക്കാം. കന്യാമറിയത്തിന്റെ കണ്ണാടികൂടിന് മുന്നില്‍ കൈവെച്ച് മെഴുകുതിരി നാളങ്ങളുടെ വെളിച്ചത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ അനൂപിന്റെ മുഖം ചിലപ്പോള്‍ ഓര്‍മയിലേക്ക് ഓടിയെത്താറുണ്ട്.
രഞ്ജിത്തിന്റെ 'തിരക്കഥ'യിലെ അജയചന്ദ്രനായി ഇയാള്‍ തകര്‍ത്തഭിനയിച്ചപ്പോള്‍ മലയാളസിനിമയുടെ ഭാവി യില്‍ നിര്‍ണ്ണായക പങ്കാളിത്തം വഹിക്കാന്‍ പോന്ന ഒരാളെ പലരും ഇയാളില്‍ കണ്ടു. എന്നാല്‍ അഹങ്കാരിയും തന്റേടിയുമാണ് ഇയാളെന്ന് മുദ്രകുത്തി അവസരങ്ങളുടെ കിളിവാതിലുകള്‍ ഇയാള്‍ക്ക് നേരെ ചാരിയിടുകയാണുണ്ടായത്. അനൂപാകട്ടെ അതിലൊട്ടും സങ്കടം രേഖപ്പെടുത്തിയതുമില്ല. അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് താനെന്ന ആത്മവിശ്വാസം അയാള്‍ക്കുണ്ടായിരുന്നു. മിക്ക യുവതാരങ്ങളെയും പോലെ അക്ഷരം കണ്ടാല്‍ അലര്‍ജിയുണ്ടാവില്ലെന്നതും അനൂപിന്റെ സവിശേഷതയാണ്. ഓര്‍ഹന്‍ പാമുക്കിന്റെ നോവല്‍ മൈ നെയിം ഈസ് റെഡിനെ കുറിച്ച് സംസാരിക്കാനാണ് സംവിധാകന്‍ രഞ്ജിത്ത് തന്നെ ആദ്യം വിളിച്ചതെന്ന് അനൂപ് ഓര്‍ക്കുന്നു. അജയചന്ദ്രന്റെയും മാളവികയുടെയും കഥ മുഴുവന്‍ വിവരിച്ച് രഞ്ജിത്ത് അജയചന്ദ്രന്‍ ഒഴിച്ചുള്ള കഥാപാത്രങ്ങള്‍ക്ക് പറ്റിയ നടീനടന്‍മാര്‍ ആരൊക്കെ എന്ന് അനൂപിനോട് പറഞ്ഞു. അജയചന്ദ്രനാവാന്‍ ആരാണ് നല്ലതെന്ന ചോദ്യത്തിന് തന്റെ കാഴ്ച്ചപ്പാടില്‍ ആ കഥാപാത്രത്തിനിങ്ങിയ ചില നടന്‍മാരെ കുറിച്ച് അനൂപും രഞ്ജിത്തിനോട് പറഞ്ഞു. എന്നാല്‍ നീയാണ് അജയചന്ദ്രനാവുന്നത് എന്ന രഞ്ജിത്തിന്റെ ഡയലോഗ് കേട്ട് താന്‍ ഞെട്ടിയതായി അനൂപ് പറയുന്നു.
'ബട്ടര്‍ഫ്ളൈ ഓണ്‍ ദീ വീല്‍സ്' 'കോക്ക്ടെയ്ല്‍' എന്ന സിനിമയായപ്പോള്‍ ആ സിനിമ ഒരു സ്ലീപ്പര്‍ഹിറ്റായപ്പോള്‍ ചിലര്‍ അനൂപിന് നേരെ പിന്നെയും മുഖംതിരിച്ചു. 'അടിച്ച് മാറ്റി പടമുണ്ടാക്കുന്നത് വലിയ കാര്യമല്ല' എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ 'ബ്യൂട്ടിഫുള്‍' മലയാളികള്‍ കൈ നീട്ടി സ്വീകരിച്ചപ്പോള്‍ അതിന്റെ ഒറിജിനലുകള്‍ കണ്ടെത്താനുള്ള സത്യാന്വേഷണ പരീക്ഷണങ്ങളില്‍ മുഴുകുകയാണ്. പ്രണയത്തില്‍ അനുപംഖേറിന്റെ മകനായും അനൂപ് പ്രേക്ഷകപ്രീതി നേടി.
തിരസ്ക്കരിക്കപ്പെടുന്ന പ്രണയത്തിന്റെ നൊമ്പരവും, ഇന്നലെ വരെ ഒളിച്ചു വെക്കേണ്ടതെന്ന് പലരും കരുതിയ ചില മുഹൂര്‍ത്തങ്ങളുടെ വെളിപാടുകള്‍, കഥാഗതിയെ മാറ്റിമറിക്കുന്ന ചടുലമായ ട്വിസ്റ്റുകള്‍, വണ്‍ലൈന്‍ ഡയലോഗുകളുടെ സൂചികൂര്‍പ്പ്...തിരക്കഥാകൃത്തെന്ന നിലയിലും അനൂപ് ഇവിടെ വേരുറപ്പിക്കുകയാണ്. യാത്രകള്‍, വായന, സിനിമകള്‍, സംഗീതം അഭിനയിക്കാത്ത അനൂപിന്റെ ഇഷ്ടലോകങ്ങളും കൌതുകരം.
'വെണ്‍ശംഖിലെ ലയഗാന്ധര്‍വ്വമായി'-എന്നൊക്കെ കുറിക്കാന്‍ കഴിയുന്ന ചെറുപ്പക്കാരനായ ഒരു ഗാനരചയിതാവും അനൂപിലുണ്ടെന്ന്
വി കെ പ്രകാശ് സംവിധാനം ചെയ്ത 'ബ്യൂട്ടിഫുള്‍' സിനിമയിലെ 'മഴനീര്‍തുള്ളികള്‍ നിന്‍ തനുനീര്‍മുത്തുകള്‍' എന്ന ഗാനം തെളിയിച്ചു. 'അവനവനോട് തന്നെ നുണ പറയുന്ന ജീവിയാണ് മനുഷ്യന്‍',(കോക്ക്ടെയ്ല്‍) 'മെച്ചുരിറിറ്റി ഈസ് ഓള്‍ എബൌട്ട് ലോസിങ്ങ് മൈ ഇന്നസെന്‍സ'് (ബ്യൂട്ടിഫുള്‍) തുടങ്ങിയ ഓര്‍മ്മയില്‍ നില്‍ക്കുന്ന സംഭാഷണങ്ങളും ജീവിത മുഹൂര്‍ത്തങ്ങളും എഴുതുന്ന തിരക്കഥാകൃത്തായും നല്ല നടനായും അനൂപ് ഇനിയും നേട്ടങ്ങള്‍ കൈവരിക്കട്ടെ. സ്ക്രീനിലെ ആദ്യദര്‍ശനത്തില്‍ തന്നെ വര്‍ണ്ണകടലാസുകള്‍ വാരിയെറിയുന്ന ഫാന്‍സ്അസോസിയേഷന്‍ ബാലാരിഷ്ടതകള്‍ക്കും സംവിധായകരെയും അണിയറപ്രവര്‍ത്തകരെയും ആജ്ഞാനുവര്‍ത്തികളാക്കുന്ന താരസിംഹാസനങ്ങള്‍ക്കും അപ്പുറത്തേക്കുള്ള ആര്‍ജ്ജവമുള്ള ഒരു അടയാളപ്പെടുത്തലാവും അതെന്ന കാര്യത്തില്‍ സംശയമില്ല...

Sunday, January 1, 2012

കോടികളുടെ ഗെയിം പ്ളാനുകള്‍...
 പുകച്ചുരുളുകള്‍ക്കിടയില്‍ നിന്ന് ഏതിരുട്ടില്‍ നിന്ന് കേട്ടാലും തിരിച്ചറിയാവുന്ന ആ പൊട്ടിച്ചിരി-"ഐ...ആം ദി കിങ്'' എന്ന ഉന്‍മാദ ഭാഷണം. അതെ ഡോണ്‍ ഇക്കുറിയും മടങ്ങിയെത്തി. പക്ഷേ പഴയ പഞ്ചുണ്ടോ എന്ന് സംശയം.
അംബുലന്‍സ് ഡോര്‍ അടയുമ്പോള്‍ റോമയ്ക്ക് (പ്രിയങ്കാചോപ്ര) മാത്രം തോന്നിയ സംശയമില്ലേ....?. ഡോണിന്റെ അപരനായ വിജയിനോട് തന്റെ സ്നേഹം അറിയിച്ചപ്പോള്‍ "ഐ സ്റ്റില്‍ ലവ് വൈല്‍ഡ് കാറ്റ്സ്'' എന്ന മറുമൊഴിയും കത്തിമുന പോലുള്ള നോട്ടവും വഴിയാണ് ഡോണ്‍ മരിച്ചിട്ടില്ലെന്ന് റോമ അന്ന് അനുമാനിച്ചത്. അത് കഴിഞ്ഞിട്ട് കാലം കുറച്ചായി. അമിതാബിന്റെ ഡോണിനെ സ്വതസിദ്ധമായ ഭാഷ്യം നല്‍കുകയായിരുന്നു എസ്ആര്‍കെ അന്ന് ചെയ്തത്. അതാകട്ടെ 'കിങ്ങ്ഖാന്‍' എന്ന ബ്രാന്‍ഡായി ഷാരൂഖിനെ മാറ്റുകയും ചെയ്തു.
ഫ്രഞ്ച് റിവേറിയയില്‍ ചേര്‍ന്ന ലഹരിമരുന്ന് ലോബിയുടെ ഉന്നതതല യോഗത്തില്‍ നിന്നാണ് ഡോണ്‍-2 തുടങ്ങുന്നത്. തങ്ങളുടെ കുത്തക തകര്‍ക്കാനെത്തിയ ഏഷ്യന്‍കരുത്തായി ഡോണിനെ വിലയിരുത്തുന്ന സംഘം അയാളെ ഉന്‍മൂലനം ചെയ്യാന്‍ തീരുമാനിക്കുന്നു. ഡോണ്‍ തായ്ലന്‍ഡിലാണ്. ഹൈആംഗിള്‍ ഷോട്ടില്‍ കുതിക്കുന്ന സ്പീഡ്ബോട്ടില്‍ പാറിപ്പറക്കുന്ന മുടിയിഴകളോടെ സിഗാര്‍പുകച്ചുരുളുകള്‍ക്കിടയില്‍ ഡോണ്‍ അവതരിക്കുന്നു. 'കൊക്കേയ്ന്‍ കെട്ട്' എടുക്കാന്‍ പോയ ഡോണിനെ വകവരുത്താന്‍ ഒരു സംഘം ശ്രമിക്കുന്നു. എന്നാല്‍ തോക്കും കൊണ്ട് നില്‍ക്കുന്ന നേതാവിനോട് "ബാങ്കോക്കിലെ ഏറ്റവും നല ഹോട്ടല്‍ ഏതാണെന്നാണ്'' ഡോണ്‍ ആരാഞ്ഞത്. "എന്തിനാണ്?''-എന്ന് പാവം വില്ലന്‍. "നിങ്ങളെയെല്ലാം തട്ടിയിട്ട് ഇന്ന് ബാങ്കോക്കിലെ മികച്ച ഹോട്ടലില്‍ ഇറ്റാലിയന്‍ ഡിഷസും കഴിച്ച് ഈ സായാഹ്നം ചെലവിടാനാണ്'' ആലോചിക്കുന്നതെന്ന് ഡോണ്‍. തകര്‍പ്പന്‍ അടിയ്ക്ക് ശേഷം എല്ലാ വില്ലന്‍മാരെയും കഴുവേറ്റി ഡോണ്‍ മടങ്ങുന്നു.
മലേഷ്യയില്‍ ഇന്റര്‍പോള്‍ ചീഫ് മല്ലിക്ക് (ഓംപുരി) രാജിവെക്കാനുള്ള തീരുമാനം സഹപ്രവര്‍ത്തകയായ റോമയോട് അറിയിക്കുന്നതാണ് അടുത്തരംഗം. 'ഡോണിനെ മാത്രം പിടിക്കാന്‍ തനിക്കായില്ലല്ലോ'എന്നാണ് മല്ലിക്ക്ജിയുടെ ദു:ഖം."ഇനി ആ ചുമതല റോമയ്ക്കാണെന്ന്''-മല്ലിക്ക്. ലിഫ്റ്റില്‍ താഴെ വന്നിറങ്ങിയ ഇക്കൂട്ടര്‍ വായപൊളിച്ച് നില്‍ക്കുന്നതാണ് അടുത്ത ഷോട്ട്. സാക്ഷാല്‍ ഡോണ്‍ ദേ സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന ്പശ്ചാത്തപ വിവശനായി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുന്ന മട്ടില്‍ മുമ്പില്‍ നില്‍ക്കുന്നു. ഡോണിനെ പിടിച്ച് ഇവര്‍ പണ്ട് വര്‍ധാനെ (ബുമാന്‍ ഇറാനി) കിടന്ന ജയിലിലേക്ക് അയക്കുന്നു. ഓറഞ്ച് നിറത്തിലുള്ള ജയില്‍യൂണിഫോം അണിഞ്ഞ് ജയിലിലേക്കെത്തുന്ന ഡോണിനെ ആര്‍പ്പ്വിളികളോടെ സഹമുറിയന്‍മാര്‍ സ്വീകരിക്കുന്നു. 'നരകത്തിലേക്ക് സ്വാഗതം' എന്ന ആമുഖത്തോടെ വര്‍ധാനും ഡോണ്‍ അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് ഡോണിനെ കൊല്ലാന്‍ വര്‍ധാന്‍ജിയുടെ ചില തുക്കിടി നമ്പേഴ്സ്. ഡോണ്‍ജി അതെല്ലാം തവിടുപൊടിയാക്കി വര്‍ധാന് ഒന്നാന്തരം ഒരോഫര്‍ കൊടുക്കുന്നു. ഇതനുസരിച്ച് ജയില്‍ഭക്ഷണത്തില്‍ 'തൂറ്റല്‍മരുന്ന്' ഇട്ട് ഇരുവരും പുറത്തുകടക്കുന്നു.
ഇഷാകോപിക്കര്‍ക്ക് പകരം ഇക്കുറി ഡോണിന്റെ കാമിനിയാകുന്നത് ലാറാദത്തയാണ് (സത്യം പറയാമല്ലോ, എനിക്ക് അയമ്മയെ തീരെ പിടിച്ചില്ല. ഇഷയ്ക്ക് നല്ല കാന്താരി മുളകിന്റെ ലുക്സ് ഉണ്ടായിരുന്നു). ഇനിയാണ് ഡോണ്‍ അദ്ദേഹത്തിന്റെ ഗ്രാന്റ്പ്ളാന്‍. കഴിഞ്ഞ ഭാഗത്ത് വെഷം കൊടുത്ത് കാലപുരിയ്ക്കയച്ച സിങ്കാനിയജി ബെര്‍ളിനിലെ യൂറോ പ്രിന്റിങ്ങ് ബാങ്കായ ഡിസെഡ്ബിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി 'അടുത്തതായി ബാങ്ക് തലവനായി തെരഞ്ഞെടുക്കാന്‍ പോകുന്ന സുജായിയെ കൊല്ലാന്‍ നടത്തിയഗൂഡാലോചന നടത്തുന്ന ടേപ്പ് പ്രത്യുപകാരമായി വര്‍ധാന്റെ പക്കല്‍ നിന്ന് പിടുങ്ങുന്ന ഡോണ്‍ അത് വെച്ച് ബാങ്കിന്റെ വൈസ്പ്രസിഡന്റും സര്‍വ്വോപരി ഇന്ത്യാക്കാരനുമായ ദിവാന്‍ജിയെ ബ്ളാക്ക്മെയില്‍ ചെയ്യുന്നു. നൂറോ ആയിരമോ കോടിയോ ആണ് ഡോണിന്റെ ലക്ഷ്യമെന്ന് ചിന്തിച്ച ഫൂള്‍സിനെ പറ്റിച്ച് നോട്ട് അടിച്ചിറക്കുന്ന കമ്മട്ടമാണ് തന്റെ ലക്ഷ്യമെന്ന് ഡോണ്‍ പറയുമ്പോള്‍ കേട്ടിരിക്കുന്ന നമ്മുടെ വായ പൊളിയും (കൈയ്യിലെ പൈസയോ പോയി. ഇനി ഈച്ചയോ പ്രാണിയോ കയറി സുയിപ്പാവണ്ട എന്ന് ചിന്തിച്ച് വായ അടച്ച് പിടിച്ച് 'ആ അത്തരം സ്വപ്നം കാണുന്നത് കൊണ്ടല്ലേ അങ്ങേര്‍ ഡോണും നമ്മള്‍ കോണും ആയി പോയതെന്ന് ചിന്തിച്ച് സില്‍മ കാണുന്നത് തുടര്‍ന്നു)
തക്കസമയത്ത് റോമാജിയും സ്ഥലത്തെത്തി. റോമയും ദിവാനും പങ്കെടുക്കുന്ന ഗ്രാന്റ് പാര്‍ടിയിലേക്ക് ദേ വരുന്ന് ഇണക്കുരുവികളെ പോലെ ഹൃതിക്ക് റോഷനും ലാറദത്തയും. ലാറ ദിവാനെയും ഹൃതിക് പ്രിയങ്കയെയും പിടിച്ച് ഒരൊന്നര ഡാന്‍സ്. ഡാന്‍സ് കഴിഞ്ഞതും ഹൃതിക്ക്ജി സ്ഥലം വിട്ടു. റോമയ്ക്കാകട്ടെ ഹൃതിക്കിനെ ഏടെയോ കണ്ടതാണല്ലോ എന്ന പൂര കണ്‍ഫ്യൂഷ്യസ്. അപ്പൊ പൊറത്ത് കാറിലിരുന്ന് ഹൃതിക്ക്ജിയുടെ മാസ്ക് ഊരിയെറിഞ്ഞ് ദേണ്ടേ നമ്മുടെ ഡോണിരിക്കുന്നു. പിന്നെ റോമയും ടീമും ഒരു കാറിലും ഡോണ്‍ അങ്ങേരും ദിവാന്‍ജിയും മറ്റൊരു കാറിലും അടാര്‍ ചെയ്സ്. ഡോണ്‍ ഇടയ്ക്കിടയ്ക്ക് 'മേരി ജംഗ്ലി ബില്ലി...മേരി ജംഗ്ലി ബില്ലി...' എന്ന് അപസ്മാരം പിടിച്ച പോലെ പുലമ്പുന്നുണ്ട്.
അങ്ങനെ ബാങ്കിന്റെ ഉള്ളില്‍ കയറി കമ്മട്ടം കൊള്ളയടിക്കാന്‍ ഡോണ്‍ ഒരു അപാര പ്ളാന്‍ തയാറാക്കുന്നു. ഇതിന് സഹായിക്കുന്നതിന് സമീര്‍ (കുനല്‍ കപൂര്‍) എന്നൊരു ഡോണ്‍ ഭ്രാന്തനായ കമ്പ്യൂട്ടര്‍ പ്രോഗാമറിനെ കണ്ടെത്തുന്നു. സമീറും വര്‍ധാനും ജബ്ബാറും അയിഷയും കൂട്ടരും സര്‍വ്വോപരി ചേര്‍ന്ന് ഒരുക്കിയ പ്ളാന്‍ വിജയിക്കുമോ...? ഡോണ്‍ വീണ്ടും കിംഗാകുമോ?????. എല്ലാരേയും കാലപുരിയ്ക്കയച്ച് പുള്ളി വീണ്ടും സിഗരറ്റ് വലിച്ച് തള്ളുമോ??? എന്ന കാര്യങ്ങള്‍ സിനിമ കണ്ട് തീരുമാനിക്കുക. ശങ്കര്‍ എസാന്‍ ലോയ് ടീമിന്റെ പാട്ടുകള്‍ ഒന്നും കൊള്ളില്ല. തിരക്കഥ മീന്‍വല പോലെ നെറയെ തുളകളുള്ളതാണ്. പിന്നെ ഡോണ്‍ ആയി ഷാറൂഖ് നടത്തുന്ന വിലാസങ്ങള്‍ കണ്ടിരിക്കാം എന്നല്ലാതെ മറ്റ് വിശേഷങ്ങള്‍ ഒന്നുമില്ല.  ബെര്‍ളിനും മലേഷ്യയും സ്വിറ്റ്സര്‍ലാന്റും കാണാനുള്ള ടൂര്‍ കൂടിയാണ് ഇതെന്നും പറയാം.
ഒരു കഥാപാത്രം കാലത്തിനനുസരിച്ച് വികാസം പ്രാപിക്കുന്നത് മനസിലാക്കാം. പക്ഷേ പടച്ചതമ്പുരാനോളം പ്രൌഡി അതിന് പതിച്ച് നല്‍കരുതെന്ന് ഫര്‍ഫാന്‍ അക്താര്‍ മനസിലാക്കണം. പക്ഷേ ബോളിവുഡ് സിനിമ എന്ന ഗെയിമും ഗെയിം പ്ളാനും അറിയുന്ന ഇക്കൂട്ടര്‍ക്ക് അതൊന്നും എന്നെങ്കിലും ചിന്തിക്കാനുള്ള ഒരു വിഷയമാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഡോണിനേക്കാള്‍ പെരുത്ത ഡോണുകളും ഗെയിംപ്ളാനുകളും കിടലന്‍ ഉപജാപങ്ങളുമാണ് അവിടം ഭരിക്കുന്നത്. പിന്നെ കോടികള്‍ തട്ടുന്ന ഗംഭീരന്‍ പ്ളാനുകളാണ് ഇപ്പോള്‍ അധികവും തിരക്കഥകളാവുന്നത്. ധൂമും മങ്കാത്തയും എല്ലാം ഇത്തരം പ്ളാനുകളാണ്. പ്ളാനുകള്‍ വിജയിക്കട്ടെ, നായകന്‍മാര്‍ കോടികള്‍ കവര്‍ന്ന ബാഗുകളുമായി കൂട്ടാളികളെയെല്ലാം 'ശശികളാക്കി' രക്ഷപ്പെടട്ടെ...ഇതാണ് വാണിജ്യസിനിമ..ഇതാണ് ലോകം..