Tuesday, November 4, 2014

  'ഗോണ്‍ ഗേള്‍' ദാമ്പത്യഅപരലോകം

ഓര്‍ഹന്‍ പാമുക്കിന്റെ 'ബ്ലാക്ക്‌ബുക്ക്' എന്ന നോവലും  ഡേവിഡ് ഫിഞ്ചറുടെ പുതിയ സിനിമ  'ഗോണ്‍ഗേളും' തുടങ്ങുന്നത് ഒരേ ഇടത്ത് തന്നെ. ബ്ലാക്ക്‌ബുക്കില്‍ ഒരു സായാഹ്ത്തില്‍ വീട്ടിലെത്തുന്ന ഗാലിപ്പ് എന്ന അഭിഭാഷന്‍ ഭാര്യ റൂയയുടെ അഭാവത്തില്‍ അത്ഭുതപ്പെടുന്നു. ഗോണ്‍ഗേളില്‍ നായകന്  നിക്ക് വീട്ടിലെത്തുമ്പോള്‍ ഭാര്യ ആമിയെ കാണാതെ ഭയപ്പെടുന്നു. അന്നേ ദിവസം ആമിയുടെയും നിക്കിന്റെയും  അഞ്ചാം വിവാഹവാര്‍ഷികമാണെന്ന പ്രത്യേകതയുമുണ്ട്.
ആമിയുടെ സ്വര്‍ണ്ണതലമുടിയിഴകള്‍ താലോലിക്കുന്ന നിക്കിലാണ്‌  സിനിമ തുടങ്ങുകയും അവസാനിക്കുകയും  ചെയുന്നത്.  അങ്ങനെ ചെയ്യുമ്പോള്‍ അയാളുടെ ആത്മഗതം ഇങ്ങയൊണ്- '' നീ  എന്താണ് ആലോചിക്കുന്നത്?. നിനക്ക്  എന്താണ് അനുഭവപ്പെടുന്നത്?. നാം ഇരുവരും പരസ്പരം എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നത്?''-  ഏത് വിവാഹവും സൃഷ്ടിക്കുന്ന അടിസ്ഥാനചോദ്യങ്ങള്‍ ഇതൊക്കെയാണെന്ന് നിക്ക് കൂട്ടിചേര്‍ക്കുന്നു.
ആമിയും നിക്കും  പരസ്പരം കണ്ടുമുട്ടുന്നതും പ്രണയബദ്ധരാവുന്നതും വിവാഹിതരാവുന്നതും ദാമ്പത്യജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവുന്നതും നിക്കിന്റെ  ഓര്‍മകളിലൂടെയും ആമിയുടെ ഡയറിക്കുറിപ്പിലൂടെയും നാം  കാണുന്നു. മനശാസ്ത്രജ്ഞരായ ആമിയുടെ മാതാപിതാക്കള്‍ അവളുടെ കുട്ടിക്കാലത്തെ അവലംബിച്ച് സൃഷ്ടിച്ച
ആമി കഥാപരമ്പരയിലെ നായികയായത്‌ കൊണ്ട്   ആമിയുടെ അഭാവം വലിയവാര്‍ത്തയാവുന്നു. ഭാര്യയുടെ ദിനചര്യകളെ കുറിച്ചോ സുഹൃത്തുക്കളെ പറ്റിയോ രക്തഗ്രൂപ്പിനെ  പറ്റിയോ കാര്യമായ വിവരമൊന്നുമില്ലെന്ന നിക്കിന്റെ  വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അയാളെ സംശയത്തിന്റെ നിഴലിലാക്കുന്നു. അടുക്കളയിലെ രക്തക്കറയും ആമി ആറ് ആഴ്ച്ച ഗര്‍ഭിണിയായിരുന്നുവെന്ന അവളുടെ സുഹൃത്തിന്റെ വെളിപ്പെടുത്തലും അഞ്ചാം വിവാഹവാര്‍ഷികത്തിനു  ആമി ഭര്‍ത്താവിനോരുക്കിയ  'സര്‍പ്രൈസ് ട്രഷര്‍ ഹണ്ടിന്റെ' സൂചകളും നിക്കിനെ  കൂടുതല്‍ കുരുക്കിലാക്കുന്നു.


ആദ്യ പകുതി പ്രധാമായും കുറ്റാന്വേഷണ  ചിത്രമെന്ന പോലെ നീങ്ങുന്ന ഗോണ്‍ഗേള്‍ രണ്ടാം പകുതിയില്‍ ദാമ്പത്യത്തിന്റെ ഇടവഴികളെ കുറിച്ചുള്ള അന്വേഷണം ആകുന്നു . തന്നെ വഞ്ചിച്ച ഭര്‍ത്താവിനു  ആമി കാത്തുവെച്ച പ്രതികാരം ചുരുളഴിയുമ്പോള്‍ സമൂഹം മുദ്രവെച്ച വിവാഹഉടമ്പടികള്‍ ഉള്ളിലൊതുക്കിയ ഇരുണ്ട ലോകങ്ങള്‍ പ്രേക്ഷകരെ ഭയപ്പെടുത്തുന്നു. ആമിയുടെ സ്വപ്ത്തിലെ നായകന് ആകാനുള്ള  തന്റെ പ്രയത്ങ്ങള്‍ പരാജയപ്പെട്ടതിനെ പറ്റി നിക്കിന്റെ വിവരണങ്ങളും തന്റെ വിശ്വാസത്തെ വഞ്ചിച്ച പങ്കാളിയുടെ ക്രൂരതയെ കുറിച്ചുള്ള ആമിയുടെ ഓര്‍മകളും വ്യക്തിത്വങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യത്യസ്ത വഴികളിലേക്ക് വെളിച്ചം വീശുന്നു.
നിക്കായി  ബെന്‍ ആഫ്ളെക്കും ആമിയായി റോസാമൊണ്ട് പിക്കെയും നിറഞ്ഞു നില്ക്കുന്നു . 'ഫൈറ്റ് ക്ളബ്ബിലും', 'സെവേനിലും ' 'സോഡിയാക്കിലും' കണ്ട അപരലോകം തന്നെയാണ് ഗോണ്‍ഗേളിലും ഫിഞ്ചര്‍ ഒരുക്കുന്നത്. മൂര്‍ച്ചയുള്ള എഡിറ്റിങ്ങാണ് ചിത്രത്തിന്റെ എടുത്തുപറയേണ്ട മറ്റൊരുസവിശേഷത. പ്രണയത്തിന്റെയും പങ്കുവെക്കലിന്റെയും മശാസ്ത്രം ചികയുന്ന സംഭാഷണങ്ങള്‍ ഓര്‍മയില്‍ നില്ക്കുന്നു,