Saturday, April 28, 2012


 എന്റെ പാപ്പ.....
hemingwayയുടെ ലോകത്ത് നിന്ന് എന്നോ ഇറങ്ങിവന്ന കഥാനായകനെയാണ് അദ്ദേഹം പലപ്പോഴും അനുസ്മരിപ്പിച്ചത്. ആകാരവും ഉള്‍കാമ്പും മാനദണ്ഡമാക്കി താരതമ്യം ചെയ്യുമ്പോള്‍ ചിലപ്പോള്‍ നുരയുന്ന മധുചഷകവുമായി മുന്നിലിരിക്കുന്നത് സാക്ഷാല്‍ hemingway തന്നെയാണോ എന്ന മതിഭ്രമം എനിക്കുണ്ടായി. കൊച്ചി നഗരം എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ പാരിതോഷികമാണ് ഈ ബന്ധമെന്ന് മനസ് വീണ്ടും മന്ത്രിച്ചു. ഗുരുവാണോ സുഹൃത്താണോ സഹപാഠിയാണോ ഏറ്റവുമടുത്ത ബന്ധുവാണോ...?. ചില ചോദ്യങ്ങള്‍ക്ക് ജീവിതത്തില്‍  പ്രസക്തിയില്ലെന്ന് വീണ്ടും തിരിച്ചറിയുന്നു. 
മഴ തകര്‍ത്തുപെയ്യുമ്പോള്‍ ഞങ്ങള്‍ ബസിന്റെ പിന്‍സീറ്റിലാണ്. ഫോര്‍ഷോര്‍ റോഡിലൂടെ കുലുങ്ങികുലുങ്ങി ബസ് പായുന്നു. കായല്‍തിരകള്‍ അഞ്ഞടിക്കുന്നുണ്ട്. ദൂരെ അപരിചിത നഗരങ്ങള്‍ പോലെ കപ്പലുകള്‍. 'നഗരമേ നിന്റെ വൈദ്യുതാലിംഗനം...'-എന്ന് ഉറക്കെ പാടാനുള്ള അദമ്യമാനന്ദം ഞാന്‍ ഉള്ളിലടക്കി. കൊച്ചിയുടെ ഈണത്തില്‍ അദ്ദേഹം എന്നോട് സംസാരിക്കുകയാണ്. അവിചാരിതമായ കപ്പല്‍ച്ചേതങ്ങളില്‍ മനസ് തകര്‍ന്നടിയുമ്പോള്‍ ആശ്രയിക്കാവുന്ന പേശീബലമുള്ള ആശ്രയം. 
"ജീവിതത്തില്‍ ഒന്നിനോടും commitment ഇല്ലാത്തവനെ പേടിക്കണം. അവനവനോട് മാത്രം   commitment    ഉള്ളവനെ അതിനേക്കാളും പേടിക്കണം''- അദ്ദേഹം പറഞ്ഞു. മനസിലെ താളില്‍ ആ വാക്കുകള്‍ ബോധത്തിന്റെ പെന്‍സില്‍ കുറിച്ചിട്ടു. 
ശാന്തസമുദ്രത്തിലൂടെ സൌമ്യയാനം നടത്തുന്ന ഏതോ ചെറിയകപ്പലില്‍ മലര്‍ന്ന് കിടന്ന് ആകാശത്തെ നോക്കുകയാണ് ഞാനെന്ന് ഞാന്‍ സങ്കല്‍പ്പിച്ചു. പായ്മരത്തില്‍ ഭാരമുള്ള, പേരറിയാത്ത ഒരു കടല്‍പക്ഷി വന്നിരുന്നതും, അതിന്റെ നിഴല്‍ എന്റെ നെഞ്ചില്‍ ഭൂപടം വരച്ചിട്ടതും ഞാന്‍ സ്വപ്നം കണ്ടു. കപ്പല്‍പായ കാറ്റുവളയ്ക്കുന്നതിന്റെ ഇരമ്പം കാതുകളില്‍ ചൂളംകുത്തി. 
എപ്പോഴാണ് നാം ഒരാളെ നമ്മുക്ക് വേണ്ടപ്പെട്ടയാളെന്ന് മുദ്രകുത്തുന്നത്?. പ്രക്ഷുബ്ധമായ മനസുമായി ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവുമിരുന്ന് സംസാരിക്കുമ്പോള്‍ നമ്മുടെ പ്രശ്നങ്ങള്‍ ഒരോന്നും പറയാതെ അറിഞ്ഞ്, അതിനെ കുറിച്ച് സംസാരിക്കുന്ന ഒരാള്‍ എനിക്ക് വേണ്ടപ്പെട്ടവനാണ്. എന്നാല്‍, ഒരു മനസുകളെ മറിച്ചിട്ട മനശാസ്ത്രജ്ഞന്റെ ഹര്‍ഷം അവരുടെ കണ്ണുകളില്‍ ഉണ്ടാവില്ല. "നീ അതിനെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കേണ്ട കേട്ടോ. നിന്നെ കൊണ്ട് സാധിക്കും.''- അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ നാലുവര്‍ഷമായി ഞാന്‍ കൊച്ചിയിലാണ്. ജന്‍മനാടിനേക്കാള്‍ പൊക്കിള്‍ക്കൊടി ബന്ധം ഈ നാടുമായിട്ടാണ്. രക്തബന്ധത്തേക്കാള്‍ ആഴമുള്ള എന്റെ ചില ബന്ധങ്ങളും ഇവിടെയാണ്. രക്തബന്ധമുള്ളവര്‍ക്ക് കൂടുതല്‍ അറിയാമെന്ന കുഴപ്പമുണ്ട്. നമ്മുടെ പ്രശ്നങ്ങളെ അവര്‍ ലഘൂകരിക്കും. 'ഓ..ഇവനെ എനിക്കറിയില്ലേ...?'- എന്ന മുന്‍വിധി അവരുടെ വിലയിരുത്തലുകളില്‍ ചിലന്തിവല നെയ്യും. എന്നാല്‍ അപരിചിത സ്ഥലികളെ കുറിച്ച് ചോദിച്ചറിയാനും കണ്ടറിയാനും കേട്ടറിയാനുമുള്ള സുഹൃത്തുക്കളുടെ ആഗ്രഹമാണ് ഒരോ സൌഹൃദത്തിനും ആഴമേകുന്നത്. ചില സുഹൃത്തുക്കള്‍ എന്നെ വഞ്ചിച്ചപ്പോള്‍ നിര്‍ണ്ണായകസന്ദര്‍ഭങ്ങളില്‍ ആകസ്മികമായി ചിലര്‍ എന്നെ താങ്ങി നിര്‍ത്തി. അതിലൊന്നാണ് ഈ സാന്തിയാഗോ* യുമായുള്ള ബന്ധം. ഒരുപാട് സ്ഥലങ്ങള്‍ കാണിച്ചുതന്നു. ഒരുപാട് പേരെ പരിചയപ്പെടുത്തി. രാത്രികളില്‍ ലഹരിയുടെ തിരകളില്‍ ഞങ്ങളുടെ കപ്പല്‍ അപരിചിതഭൂഖണ്ഡങ്ങള്‍ തേടി. "ജനലും വാതിലും തുറന്നിട്ടാല്‍ കൊറേ വെളിച്ചം കയറു''-മെന്ന് അയാള്‍ പറഞ്ഞത് വീടിനെ കുറിച്ചല്ല എന്റെ മനസിനെ കുറിച്ചായിരുന്നു. കൊച്ചിയുടെ വശ്യമായ വന്യത അയാളുടെ ധമനികളില്‍ ഒഴുകുന്നുണ്ടെന്ന് ചിലപ്പോള്‍ എനിക്ക് തോന്നും. ഹെമിങ്ങ്വേയുടെ ചെല്ലപ്പേര് പാപ്പയെന്നാണ്. എന്റെ പാപ്പയാണ് കൊച്ചി എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ സമ്മാനം. ജീവന്റെ രസമുകുളങ്ങളെ അംഗീകരിക്കാനും ആസ്വദിക്കാനും എന്നെ പഠിപ്പിച്ചത് പാപ്പയാണ്. ഉപ്പ്രുചിയുള്ള കടല്‍ക്കാറ്റ് എന്റെ മനസിന് നല്‍കിയ സാന്ദ്രതയാണത്. 
* അദ്ദേഹം സാങ്കല്‍പ്പികകഥാപാത്രമല്ല. 
* സാന്തിയോഗോ,  hemingway യുടെ  കടല്‍ക്കിഴവന്‍. 

Tuesday, April 24, 2012

പുസ്തകവില്‍പ്പനക്കാരന്‍
മുറിയിലെ പുസ്തകങ്ങള്‍ എല്ലാം വില്‍ക്കാന്‍ തീരുമാനിച്ചു. പലരും ചോദിച്ചു-"എന്തിനാണ് പുസ്തകങ്ങള്‍ വില്‍ക്കുന്നത്?. ഇത്രയും കഷ്ടപ്പാടായോ?.വീട്ടില്‍ തന്നെ നല്ലൊരു ലൈബ്രറി തുടങ്ങികൂടേ..?''.പക്ഷേ, ഈ ചോദ്യങ്ങള്‍ക്കൊന്നും എന്റെ ഉറപ്പിനെ അലിയിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്ന് കൊല്ലകാലമായി കൊച്ചിയില്‍ നിന്നും ഞാന്‍ വാങ്ങികൂട്ടിയ പുസ്തകങ്ങളാണ്. ലോകക്ളാസിക്കുകളും പള്‍പ്പ്ഫിക്ഷനും മെഡിക്കല്‍സയന്‍സും ഫോറന്‍സിക് വിജ്ഞാനവും അക്കൂട്ടത്തിലുണ്ട്. കട്ടിലിന് മുന്നിലെ ജനല്‍പടിയില്‍ എല്ലാം പല നിലകളായി കൂട്ടി വെച്ചിരിക്കുന്നു. രാവിലെ കണികാണാനും രാത്രി ഗുഡ്നൈറ്റ് പറയാനും എനിക്ക് പുസ്തകങ്ങള്‍ മാത്രമേ ഉള്ളു. ജനല്‍ പാളികള്‍ തുറന്നിട്ടാല്‍ പുസ്തകനിലകള്‍ക്ക് മുകളില്‍ ചിലപ്പോള്‍ നിലാവുദിക്കുന്നത് കാണാം.
ഉമ്പര്‍ട്ടോഎക്കോയും കാല്‍വിനോയും പാമുക്കും യോസയും നബാക്കോവും സി വി രാമന്‍പിള്ളയും ചന്തുമേനോനും വൈലോപ്പിള്ളിയും ഒത്തൊരുമിച്ച് ഈഗോയുടെ പിടിയിലകപ്പെടാതെ ഇവിടെ ഒരുമിച്ച് കഴിയുന്നു. കുറച്ച് പുസ്തകങ്ങള്‍ എന്റെ സഹപ്രവര്‍ത്തകന്റെ നാട്ടിലെ ലൈബ്രറിയ്ക്കായി കൊടുത്തു. പുസ്തകങ്ങളെല്ലാം പഴയ ബാഗില്‍ അടുക്കി വെക്കുമ്പോള്‍ ഞാന്‍ എന്തോ അമ്മയെ കുറിച്ചോര്‍ത്തു. കൈയ്യിലെ കാശ് മുഴുവന്‍ പുസ്തകം മേടിച്ച് കളയുന്നതിന് അവര്‍ പറയുന്ന ശകാരങ്ങളുടെ 'ലോഹലായിനി' ഇപ്പോഴും എന്റെ ചെവിയില്‍ തിളയ്ക്കുകയാണ്. പക്ഷേ പുസ്തകങ്ങള്‍ വില്‍ക്കാന്‍ പോകുന്നെന്ന് ഭീഷണി മുഴക്കിയാല്‍ അവരുടെ മട്ട് മാറും- "ഇനിയിപ്പോ അത് വിറ്റിട്ട് വേണം കഞ്ഞികുടിക്കാന്‍. അല്ലാതെ ഒറക്കം വരില്ല...''.കൈയ്യില്‍ പെട്ടെന്ന് പുനത്തിലിന്റെ 'മരുന്ന്' തടഞ്ഞു. അതൊന്ന് മറിച്ചുനോക്കിയപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. ഒരുപാട് പുസ്തകശാലകള്‍ കയറിയിറങ്ങി, ഏറ്റവും പ്രിയപ്പെട്ട പെണ്‍കുട്ടിയെ തേടിയലഞ്ഞ് കണ്ടെത്തുന്നത് പോലെയാണ് ഉമ്പര്‍ട്ടോഎക്കോയുടെ 'ഇന്‍ ദി നെയിം ഓഫ് റോസ്' ഞാന്‍ കണ്ടെത്തിയത്. അത് കണ്ടെത്തിയപ്പോള്‍ എനിക്കുണ്ടായ സന്തോഷം ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു. പോകുന്നിടത്തെല്ലാം പുസ്തകങ്ങള്‍ ചുമക്കുന്നത് പ്രയാസമുള്ള കാര്യമാണ്. എല്ലായിടത്തും അതിനുള്ള സ്ഥലമോ സൌകര്യമോ കാണണമെന്നില്ല. വീട്ടിലാണെങ്കില്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ വെക്കാന്‍ ഇടമില്ല. എല്ലാ ഷെല്‍ഫുകളിലും പുസ്തകങ്ങളാണ്. അവയെല്ലാം പൂപ്പല്‍ പിടിച്ച് നശിക്കുന്നു. ഈ വസ്തുതകളെല്ലാം ചൂണ്ടികാണിച്ച് ഞാന്‍ മനസിനെ ശാന്തമാക്കി.
പുസ്തകങ്ങള്‍ വാങ്ങാന്‍ ചെല്ലുമ്പോഴും വില്‍ക്കാന്‍ ചെല്ലുമ്പോഴും വായനക്കാരന് യാതൊരു പരിഗണനയുമില്ല. നല്ല പുസ്തകങ്ങള്‍ക്ക് വേണ്ടി ഞാന്‍ ആരോടും വിലപേശാറുമില്ല.(പൈറേറ്റഡ് കോപ്പി വില്‍ക്കുന്നവരോടൊഴിച്ച്). 
'രണ്ടാംകൈ' പുസ്തകശാലയില്‍ തിരക്ക് കുറവാണ്. കിതച്ച്, വിയര്‍ത്ത് ഞാന്‍ പുസ്തകബാഗ് പെണ്‍കുട്ടിയുടെ ടേബിളിന് പുറത്ത് വെച്ചു. 'എന്തെല്ലാമുണ്ട് കാണട്ടേ...?' എന്ന ധാര്‍ഷ്ട്യം അവരുടെ മുഖത്ത് നിറഞ്ഞു. മുതലാളിയുമായി ഫോണില്‍ സംസാരിച്ച് അവര്‍ വിളംമ്പരം ചെയ്ത വില വളരെ കുറവാണ്. എന്നാലും ഞാന്‍ പുസ്തകങ്ങള്‍ വിറ്റു. ഓര്‍ഹന്‍ പാമുക്കിന്റെ 'ബ്ളാക്ക്ബുക്ക്',  ഫോക്നറുടെ 'സൌണ്ട് ആന്‍ഡ് ഫ്യുറി', തുടങ്ങിയ പുസ്തകങ്ങള്‍ അവസാനനിമിഷം വില്‍പ്പനയില്‍ നിന്നും പിന്‍വലിച്ചു. ഫോക്നറുടെ 'ലൈറ്റ് ഓഫ് ഓഗസ്റ്റ്' വാങ്ങി. അതിന്റെ വില കിഴിച്ചുള്ള തുക കൈയ്യില്‍ വാങ്ങി. സാന്റിയാഗോറൊണ്‍ക്ളാഗിയോലോയുടെ 'റെഡ് ഏപ്രില്‍' വേണോ വേണ്ടയോ എന്ന സംശയത്തിലാണ് വില്‍പ്പനക്കാരി. പുസ്തകം വാങ്ങാന്‍ വന്ന ചെറുപ്പക്കാരന്റെ കണ്ണുകള്‍ അതിലുടക്കി. 'ഞാനെടുക്കുന്നു..'-അവന്‍ പറഞ്ഞു. അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. പുസ്തക വില്‍പ്പനക്കാരിക്ക് അത്ഭുതം. കാലിയായ ബാഗെടുത്ത് ഞാന്‍ പുറത്തേക്ക് നീങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷമായി സന്തോഷത്തോടെ ഞാന്‍ പുസ്തകം വായിച്ചിട്ടില്ല. ജോലിയുടെ ഭാഗമായും സഹജമായ കുരുത്തക്കേട് കാരണവും വളരെ വൈകി കൂടണയുകയും വളരെ വൈകി മാത്രം ഉണരുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വല്ലാതെ 'ഉത്തേജിതനാകുന്ന' സന്ദര്‍ഭത്തില്‍ മാത്രമാണ്  വായന നടക്കുന്നത്. എന്നാലും വായനക്കാരനും പുസ്തകവും തമ്മിലുള്ള അദൃശ്യസംവാദത്തെ കുറിച്ച് എനിക്ക് ബോധ്യമുണ്ട്. വായിക്കാനല്ലെങ്കിലും പുസ്തകങ്ങള്‍ ഞാന്‍ വാങ്ങികൂട്ടുന്നു. എന്നെങ്കിലും അവ വായിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ലെന്ന വിശ്വാസമാണ് അതിന് കാരണം. ആ വിശ്വാസമാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും...

Thursday, April 19, 2012


ലിജോ-പ്രതീക്ഷകളുടെ സംവിധായകന്‍....
മലയാളികളുടെ പ്രിയങ്കരനായ നടന്‍ ജോസ്പെല്ലിശേരിയുടെ മകന്‍ ലിജോ മലയാളത്തിലെ ഏറ്റവും മികച്ച പുതുതലമുറ സംവിധായകരില്‍ ഒരാളാണ്. അര്‍ഹിച്ച അംഗീകാരമോ ജനപ്രീതിയോ അയാള്‍ക്ക് ഇനിയും കിട്ടാത്തത് ഒരാസ്വാദകന്‍ എന്ന നിലയില്‍ എന്നെ സങ്കടപ്പെടുത്തുന്നു. ആഷിക്ക്അബു, അമല്‍നീരദ്, അന്‍വര്‍റഷീദ്, അരുണ്‍കുമാര്‍ അരവിന്ദ് തുടങ്ങി മികച്ച സംവിധായകരുടെ പട്ടികയില്‍ ഇടം കണ്ടെത്തിയ സംവിധായകരുമായി താരതമ്യപ്പെടുത്തിയാല്‍ ലിജോ ഇവരേക്കാള്‍ എത്രയോ മികച്ച സംവിധായകനാണെന്ന് അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങള്‍ 'നായകന്‍'(2010), സിറ്റിഓഫ് ഗോഡ് (2011) സാക്ഷ്യപ്പെടുത്തുന്നു. അതുല്യമായ 'ഫ്രെഷ്നസ്' ഈ സിനിമകളുടെ ഒരോ ഘടകത്തിലും നിറഞ്ഞുനില്‍ക്കുന്നു. ആഖ്യാനശൈലിയിലും ഫ്രെയിം കമ്പോസിഷനിലും അപാരമായ കൈയ്യടക്കവും പക്വതയും കൈമുതലായുള്ള ഈ ചെറുപ്പക്കാരനെ നമ്മുടെ സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ച അധികം വൈകാതെ കാണാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.
കഥകളി വേഷക്കാരനും അധോലോക നായകനുമായ വരദനുണ്ണിയുടെ കഥ പറയുന്ന 'നായകന്‍' പാടിപഴകിയ പ്രതികാരകഥ എത്ര വശ്യമായി അവതരിപ്പിക്കുന്ന സിനിമയാണ്. കണ്ടുപഴകിയ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും മിടുക്കനായ ഈ സംവിധായകന്റെ വീക്ഷണകോണില്‍ പുതുമയുടെ മാസ്മരികപരിവേഷം നേടിയെടുക്കുന്നതിന് സാക്ഷിയാവുന്നത് വിസ്മയകരമായ അനുഭൂതിയാണ്. ആഖ്യാനത്തിന്റെ അടരുകളിലെല്ലാം ഇയാള്‍ തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയിരിക്കുന്നു. ഈ സിനിമ ടിവിയിലാണ് ഞാന്‍ കണ്ടത്. തിയറ്റര്‍ സ്ക്രീനില്‍ 'നായകന്‍' കാണാന്‍ കഴിയാത്തതിന്റെ സങ്കടം കുറെനാള്‍ എന്നെ വേട്ടയാടി. 'പുറപ്പാടി'ല്‍ നിന്നും തുടങ്ങി 'കലാശ'ത്തില്‍ സമാപിക്കുന്ന ഈ സിനിമ ഒരു നവാഗത സംവിധായകനെ സംബന്ധിച്ചിടത്തോളം 'ഡ്രീം ഡെബ്യൂട്ട്' എന്ന് മാത്രം വിശേഷപ്പിക്കാന്‍ സാധിക്കുന്ന  കലാസംരഭമാണ്. ലാറ്റിനമേരിക്കന്‍ സിനിമകളുടെ ഊര്‍ജപ്രവാഹവും ക്ളാസിക്കല്‍ കഥന പാരമ്പര്യത്തിന്റെ ചിട്ടവട്ടങ്ങളും വിളക്കിചേര്‍ത്ത് ഉരുവപ്പെടുത്തിയ ഈ സിനിമ മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച കൊമേഴ്സ്യല്‍ സിനിമകളില്‍ ഒന്നാണ്. നിഴലും വെളിച്ചവും കെട്ടുപിണയുന്ന കഥകളിയരങ്ങുകളും പ്രതിനായകന്റെ (സിദ്ദിഖ്) സഞ്ചാരവഴികളിലെ 'ഡീറ്റൈയില്‍ഡ് വിഷ്വലൈസേഷനും' ഈ സിനിമയുടെ ചൈതന്യം ഇരട്ടിയാക്കുന്നു. അച്ഛനും സഹോദരിയും കൊല്ലപ്പെട്ട വൃത്താന്തമറിഞ്ഞ് നാട്ടിടവഴിയിലൂടെ വരദന്‍ (ഇന്ദ്രജിത്ത്) ഓടിയടുക്കുന്ന സീനിന് ഇപ്പോഴും മനസില്‍ മങ്ങലേറ്റിട്ടില്ല.
മള്‍ട്ടിപ്പിള്‍ നരേഷന്റെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ 'സിറ്റിഓഫ് ഗോഡ്' ബോക്സ്ഓഫീസ് പരാജയമായതിന്റെ പേരില്‍ അതിന്റെ പിന്നില്‍ സഹകരിച്ച അണിയറപ്രവര്‍ത്തകരുടെ തീരാദുഃഖത്തില്‍ ഞാനും പങ്കാളിയാവുന്നു. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഈ സിനിമ കാണാനായിരുന്നു എന്റെ ദുര്യോഗം. കാരണം ആശിച്ച്,പിടിച്ച് തിയറ്ററില്‍ എത്തിയപ്പോള്‍ സിനിമാപോസ്റ്ററുകള്‍ മാറിയിരുന്നു. മൂന്നടരുകളായി ഒഴുകിയ ജീവിതകാഴ്ച്ചകളെ ബന്ധിപ്പിച്ച് സിനിമയുടെ എല്ലാ സാധ്യതകളും വിളക്കിചേര്‍ത്ത് ലിജോ 'സിറ്റി ഓഫ് ഗോഡ്' ഒരുക്കി. സിനിമാനിരൂപകരെല്ലാം വാഴ്ത്തിപാടിയെങ്കിലും മലയാളികള്‍ക്ക് പുതുമയുടെ ഈ നിറക്കൂട്ട് വായ്ക്ക് പിടിച്ചില്ല. 2011ലെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയില്‍ സിറ്റി ഓഫ് ഗോഡ് ഇടം കണ്ടെത്തി.
സിനിമ ചെയ്യാന്‍ ഡീറ്റൈയില്‍ഡ് ആയിട്ടുള്ള ഒരു കഥയോ നോവലോ ആവശ്യമില്ല. ദൃശ്യങ്ങളുടെ കലൈഡോസ്കോപ്പ് തിരിയുമ്പോള്‍ ചിലപ്പോള്‍ കഥയുടെ മാതൃക അതില്‍ തെളിഞ്ഞ് വന്നേക്കാം. പറഞ്ഞ് പറഞ്ഞ് 'ഓല പൊട്ടിയ' സിനിമാകഥകള്‍ പോലും ലിജോ ജോസ് പെല്ലിശേരിയ്ക്ക് ഒരു ഉജ്വല സിനിമയാക്കി മാറ്റാന്‍ സാധിക്കും. സംവിധായകന്‍ എന്ന നിലയില്‍ അയാള്‍ നേടിയെടുത്ത പാഠങ്ങളുടെയും സങ്കല്‍പ്പത്തിന്റെയും വിജയമാണത്. എനിക്ക് സംശയമില്ല, ഒരു നാള്‍ മലയാളസിനിമ ഈ ചെറുപ്പക്കാരന്റെ മുന്നില്‍ ശിരസ് നമിക്കും. അതിന് ഇനി താമസമില്ല. ലിജോയുടെ അടുത്ത സിനിമയ്ക്കായി സസ്നേഹം കാത്തിരിക്കുന്നു..................

Wednesday, April 18, 2012




am not a virgin...
"can i have sex with you...?''- പതിഞ്ഞ സ്വരത്തില്‍ ഹെഗ്ഡേ 22 വയസുള്ള കോട്ടയംകാരി പെണ്‍കുട്ടി ടെസാ കെ എബ്രഹാമിനോട് ചോദിച്ചു. കുടിക്കാന്‍ അത്യാവശ്യമായി ഒരു ഗ്ളാസ് വെള്ളം ചോദിക്കുന്നത് പോലെ. ഇരയെ കീഴ്പ്പെടുത്താന്‍ ബോണ്‍സായ് പൂച്ചെട്ടി ഹെഗ്ഡേ അവളുടെ തലയില്‍ ആഞ്ഞടിച്ചു. തറയിലൂടെ വലിച്ചിഴച്ച് കിടക്കയിലിട്ട് ബലാല്‍ത്സംഗം ചെയ്തു. 
ആഗ്രഹം അടങ്ങിയപ്പോള്‍ പിന്നെ ഭ്രാന്തടക്കാനായി ഹെഗ്ഡേയുടെ അടുത്തശ്രമം. വീണ്ടും ടെസയെ അയാള്‍ ബലാല്‍ത്സംഗം ചെയ്തു. ടെസയുടെ കാമുകന്‍ സിറിളാണ് അവളെ ഹെഗ്ഡേയുടെ ഭ്രാന്തമായ കാമനകളുടെ കുരിശില്‍ തറയ്ക്കാന്‍ കൂട്ടുനിന്നത്. ആഷിക്ക് അബുവിന്റെ പുതിയ ചിത്രം-'22 ഫീമെയില്‍ കോട്ടയം' ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്നു. ബംഗലൂരുവില്‍ നേഴ്സായ, കാനഡ എന്ന വാഗ്ദത്ത ഭൂമിക സ്വപ്നം കാണുന്ന കോട്ടയംകാരി ടെസയുടെ കഥയാണിത്. 
ഹെഗ്ഡേ (  പ്രതാപ് പോത്തന്‍ ) രണ്ടാമതും പീഡിപ്പിക്കാനെത്തുമ്പോള്‍ ക്രിസ്തുവിന്റെ ചിത്രം തൂങ്ങുന്ന ചുവരിനോട് ടെസ (റീമാകല്ലിങ്കല്‍) ചേര്‍ന്നിരിക്കുമ്പോള്‍ ചിത്രത്തിന്റെ ഇടവേളയാണ്. 'കര്‍ത്താവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റേണമേ..'-എന്ന വാക്കുകള്‍ സ്ക്രീനില്‍ തെളിയുമ്പോള്‍ വല്ലാത്ത അസ്വസ്ഥത നമ്മളെ പൊതിയും. 
"അവളുടെ ശരീരം നിറയെ കടിയേറ്റ പാടുകളാണ്. രണ്ട് വിരളുകള്‍ ഒടിഞ്ഞിട്ടുണ്ട്''-ടെസയുടെ കൂട്ടുകാരി സിറിളിനോട് പറഞ്ഞു. ഹോസ്പിറ്റല്‍ ബെഡില്‍ കനല്‍കിടക്കയിലെന്ന പോലെ നീറി കിടക്കുന്ന ടെസയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും,അവളുടെ ഒടിയാത്ത വിരളുകള്‍ സിറിളിനെ നോക്കി 'എന്തോ പറയാനെന്ന പോലെ' ചലിക്കുന്നതിനൊപ്പം റെക്സ് വിജയന്റെ സാന്ദ്രസംഗീതം ചേര്‍ന്നപ്പോള്‍ അത് വല്ലാത്ത വൈകാരികത സൃഷ്ടിച്ചു. റിമയുടെയും സിറിളിനെ അവതരിപ്പിച്ച ഫഹദിന്റെയും ഏറ്റവും നല്ല അഭിനയമുഹൂര്‍ത്തങ്ങളാണ് നാം കണ്ടത്. എട്ടുവയസുകാരിയെ വരെ റേപ്പ് ചെയ്ത് കൊന്ന, മാനിയാക്കായ ഹെഗ്ഡേയെ അവതരിപ്പിച്ച പ്രതാപ് പോത്തന്‍ സ്ഫുലിംഗങ്ങള്‍ കെട്ടടങ്ങില്ലെന്ന് ബോധ്യപ്പെടുത്തി. 'ഒന്നും വെറുതെ കിട്ടില്ലാ ടെസാ..'-എന്ന് പറഞ്ഞ ഡി കെ (സത്താര്‍), 'ഭൂമി ഒരു സ്വര്‍ഗമാണെന്നും നീയതിലെ മാലാഖയാണെന്നും' ടെസയോട് പറഞ്ഞ ശയ്യാവലംബിയായ വൃദ്ധന്‍ (ടി ജി രവി) ഒരുപിടി നല്ല കഥാപാത്രങ്ങള്‍. 
ഈ പറഞ്ഞ ഗുണങ്ങളെല്ലാം ചേര്‍ന്ന് നില്‍ക്കുമ്പോഴും ഈ സിനിമ ഒരു കൊമേഴ്സ്യല്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. പ്രതികാരം ചെയ്യാനുള്ള ടെസയുടെ നീക്കങ്ങള്‍ 'ലോജിക്കിനെ' പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്നില്ല. ശരാശരി തിരക്കഥയില്‍ ആഷിക്ക്അബു എന്ന യുവസംവിധായകന്റെ പ്രതിഭ സൃഷ്ടിച്ച ലോകമാണ് '22 എഫ്കെ' എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഫെമിനിസത്തിന്റെയോ ലിംഗസമത്വത്തിന്റെയൊ താരതമ്യപഠനങ്ങള്‍ നമ്മളെ നിരാശപ്പെടുത്തിയേക്കും. ആഴമേറിയ ദൈവവിശ്വാസത്തില്‍ നിന്നാണോ ഈ പെണ്‍കുട്ടി പ്രതികാരത്തിനുള്ള ഊര്‍ജം കണ്ടെത്തിയതെന്ന സംശയം എന്നെ ഇപ്പോഴും മഥിക്കുന്നു. ജയില്‍രംഗങ്ങള്‍ പലതും 80കളില്‍ പുറത്തിറങ്ങിയ ബാലുമഹേന്ദ്രയുടെ 'യാത്ര'യില്‍ നിന്നും പുരോഗമിച്ചിട്ടില്ല. ഇതിലും കടുത്ത ശിക്ഷയില്ലെന്ന് ആലോചിച്ചുറപ്പിച്ചാണ് 'ആ ശിക്ഷ' ടെസ സിറിളിന് നല്‍കുന്നത്. എന്നാലും ജയിച്ചത് സിറിള്‍ തന്നെയല്ലേ എന്ന് തോന്നും അവസാന സീനുകളില്‍. 'ഐ അയാം നോട്ട് എ വിര്‍ജിന്‍' എന്ന ടെസ തുറന്ന് പറഞ്ഞത് കൊള്ളാമെങ്കിലും മറ്റ് പല സംഭാഷണങ്ങളും ഒന്നാന്തരം കല്ലുകടികളാണ്. നാലോ അഞ്ചോ കോട്ടുവായകള്‍ വിട്ടാലേ ക്ളൈമാക്സ് കഴിഞ്ഞുകിട്ടുകയുള്ളു. ശ്രീരാം രാഘവന്റെ 'ഏക് ഹസീനാ ദി' എന്ന ബോളിവുഡ്ചിത്രത്തില്‍ നിന്നും സിനിമ പ്രചോദനം ഉള്‍കൊണ്ടിട്ടുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിച്ചിട്ടുണ്ട്.
 'സ്പിറ്റ് ഓണ്‍ ദി ഗ്രേവ്' സിനിമയില്‍ നിന്നാണ് ക്ളൈമാക്സ് കടം കൊണ്ടതെന്നുംചിലര്‍ ഇതിനോടകം പറഞ്ഞിട്ടുണ്ട്. മറുപാതികളോട് ഒരുപറ്റം മനോരോഗികള്‍ നടത്തുന്ന നരകീയ പീഡനങ്ങളെ ആഴത്തില്‍ തിരിച്ചറിയാനും അത് പ്രതിരോധിക്കാനും പറഞ്ഞ ഒരു ചിത്രമെന്ന നിലയില്‍ ഈ സിനിമ ഞാന്‍ ഇഷ്ടപ്പെടുന്നു. 

Monday, April 16, 2012

വരാന്‍ പോകുന്ന നല്ല നാളുകള്‍......

വിവേകമുള്ള ആസ്വാദകര്‍ കാത്തിരുന്ന സുമുഹൂര്‍ത്തം ഇതാ ആഗതമായി. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ രണ്ട് ചക്രവാളങ്ങളില്‍ മാത്രം ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിരുന്ന മലയാളസിനിമ പുതിയ ആകാശങ്ങള്‍ തേടി തുടങ്ങിയിരിക്കുന്നു. പതിറ്റാണ്ടുകളോളം രംഗം അടക്കിഭരിച്ച താരശരീരങ്ങള്‍ സ്വഭാവ കഥാപാത്രങ്ങളിലേക്ക് കൂടുമാറി നല്ല സിനിമയുടെ ഭാഗഭാക്കായി തീരേണ്ട അനിവാര്യതയാണ് ഇടവേളയ്ക്ക് ശേഷം നാം കാണാന്‍ പോകുന്നത്. അവരെ സംബന്ധിച്ചിടത്തോളം ജന്‍മം കൊണ്ടും കര്‍മ്മം കൊണ്ടും നേടിയെടുത്ത പ്രതിഭ ഇമേജിന്റെ അതിര്‍വരമ്പുകളില്ലാതെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള കഥാഗതിയിലെ നിര്‍ണ്ണായകമായ വഴിത്തിരിവാകും അത്.  രാജേഷ് പിള്ളയുടെ ട്രാഫിക്, ആഷിക്ക്അബുവിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, സമീര്‍താഹിറിന്റെ ചാപ്പാക്കുരിശ്, അരുണ്‍കുമാര്‍ അരവിന്ദിന്റെ ഈ അടുത്തകാലത്ത്,വി കെപ്രകാശിന്റെ ബ്യൂട്ടിഫുള്‍ തുടങ്ങി കലാപരമായും വാണിജ്യപരമായും വിജയിച്ച ഒരുപിടി സിനിമകളുടെ പ്രവാഹമാണ് ഈ അനിവാര്യമായ മാറ്റത്തിന് വേഗമേകുന്നത്.
ഈ അടുത്തകാലത്തിറങ്ങിയ പല സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെയും ബോക്സ് ഓഫീസ് കളക്ഷന്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ് പറയുന്നത്. നഗരങ്ങളിലെ മള്‍ട്ടിപ്ളെക്സുകളെയും ന്യൂജനറേഷനെയും തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ എന്ന് ഒരുപറ്റം നിരൂപകന്‍മാര്‍ വിമര്‍ശിക്കുമ്പോഴും ആ ഘടകം തന്നെയാണ് ഇനിയങ്ങോട്ട് മലയാളസിനിമയുടെ ജാതകം തിരുത്തികുറിക്കാന്‍ പോകുന്നതെന്ന തിരിച്ചറിവുള്ള ഒരുപറ്റം കലാകാരന്‍മാരാണ് ഈ കടപുഴക്കി എറിയലിന് ചുക്കാന്‍ പിടിക്കുന്നത്. മികച്ച ഒന്നോ രണ്ടോ വിജയങ്ങള്‍ കനിഞ്ഞനുഗ്രഹിച്ചില്ലെങ്കില്‍ വമ്പന്‍താരങ്ങള്‍ മണ്‍മറഞ്ഞു പോയേക്കുമെന്ന വൃത്താന്തമാണ് മലയാളം സിനിമാലോകത്ത് നിന്ന് അറിയാന്‍ സാധിച്ചത്. അടുത്തെങ്ങും അതിനുള്ള സാധ്യതയില്ലെന്നാണ് നിരീക്ഷകരും പറയുന്നത്.
നല്ല സിനിമയല്ലെങ്കില്‍ സൂപ്പര്‍താരങ്ങളെ ആവശ്യമില്ലെന്ന നിലപാടാണ് യുവതലമുറയ്ക്കുള്ളത്. സിനിമകള്‍ തിയറ്ററില്‍ പോയി കാണുന്നതും അവരാണ്. കണ്ട ഉടനെ സിനിമയെ കുറിച്ചുള്ള വിലയിരുത്തലുകള്‍ എസ്എംഎസ്, സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ ജ്വരം പോലെ പടര്‍ന്നുപിടിക്കുന്നു. "ഹൌ ഈസ് ...........? ഫ്രണ്ട്സ്...''- എന്ന് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് അതിന് കിട്ടുന്ന കമന്റുകള്‍ തുലനം ചെയ്ത് വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ തിയറ്ററിലേക്ക് തിരിക്കുന്നവരാണ് പലരും. സിനിമ അടിച്ചുമാറ്റിയതാണെങ്കില്‍ മൂന്നോ നാലോ ദിവസത്തിനുള്ളില്‍ അത് അങ്ങാടി പാട്ടാകും. പുതിയ സിനിമകള്‍ അരങ്ങ് തകര്‍ക്കുന്നതിന്റെ അലോസരം ശ്രീനിവാസനെ പോലുള്ള തലമുതിര്‍ന്ന (!) ബുദ്ധിജീവികള്‍ പോലും തുറന്ന് പ്രകടിപ്പിക്കുന്നു- "മിക്ക സിനിമകളും കൊറിയന്‍ സിനിമകളില്‍ നിന്ന് അടിച്ച് മാറ്റിയതാണെന്ന്''- അങ്ങോര്‍ ഒരു ടെലിവിഷന്‍ ചാനലില്‍ തട്ടിവിടുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ എനിക്ക് ആ മനുഷ്യനോട് പുച്ഛം തോന്നി. മാറുന്ന കാലത്തിന്റെ മിടിപ്പെടുക്കാന്‍ മിനക്കെടാതെ, തന്റെ ധാര്‍ഷ്ട്യങ്ങളും ജല്‍പ്പന്നങ്ങളും തിരക്കഥയില്‍ വിളക്കി ചേര്‍ത്ത് ഇലയറിയാതെ വിളമ്പിവിടുന്ന ഇത്തരക്കാരുടെ ചരമഗീതം കൂടിയാകും ഇനിയുള്ള സിനിമകള്‍ പാടാന്‍ പോകുന്നത്.
മാറാന്‍ തയാറാല്ലാത്ത എല്ലാവരും പടിയിറങ്ങേണ്ടി വരും. ഷാജി കൈലാസ്, സിബിമലയില്‍, സത്യന്‍ അന്തിക്കാട്, കമല്‍, ഫാസില്‍ തുടങ്ങി ഇതിനോടകം പേരെടുത്തവര്‍ ആ പേര് സൂക്ഷിച്ചു വെക്കുന്നതാണ് നല്ലതെന്ന് സമീപകാല സൃഷ്ടികള്‍ ബോധ്യപ്പെടുത്തി. പുതിയ ചെറുപ്പക്കാരുടെ ഊര്‍ജ്ജം അവരോട് സംസാരിക്കുമ്പോള്‍ അറിയാം. അവര്‍ക്ക് അവരുടെ സിനിമയെ കുറിച്ച് വ്യക്തമായ കാഴ്ച്ചപാടുണ്ട്. അത് ആരോടാണ് സംവദിക്കേണ്ടത് എന്നും വ്യക്തമായ ധാരണയുണ്ട്. എന്തെങ്കിലും നന്‍മയുണ്ടെങ്കില്‍ ആ ചിത്രത്തെ സ്നേഹിക്കുന്ന മലയാളികളുടെ പാരമ്പര്യത്തിന് ഇളക്കം തട്ടിയിട്ടില്ല. ഉദയ്കൃഷ്ണ-സിബി കെ തോമസ് ഉള്‍പ്പടെയുള്ള ചില്ലറ എഴുത്തുകാരും സുരാജ് വെഞ്ഞാറമ്മൂടിനെ പോലെയുള്ള ഇന്‍സ്റ്റന്റ് പാലടകളും  കൂടി കടന്നുപോകുന്നതോടെ ഈ വീട് ഇനിയും പച്ച പിടിക്കും....

Wednesday, April 11, 2012


സിനിമയിലെ പത്രക്കാരും പൊലീസുകാരും 

സുരേഷ്ഗോപി നായകനായി അശോകന്‍ സംവിധാനം ചെയ്ത 'ആചാര്യന്‍' എന്ന സിനിമയില്‍ ജഗതി പത്രപ്രവര്‍ത്തകന്റെ റോളിലാണ് എത്തിയത്. കടപ്പുറത്ത് അടിഞ്ഞ ശവത്തിന് ചുറ്റും നൂറുകണക്കിനാളുകള്‍ കൂടി നില്‍ക്കുന്നു. പൊലീസും മറ്റ് അധികൃതരും പ്രാഥമിക നിഗമനങ്ങള്‍ നടത്തുമ്പോള്‍ വാര്‍ത്ത ശേഖരിക്കാന്‍ ജഗതി അവിടെ എത്തുന്ന ഒരു രംഗമുണ്ട്. കമിഴ്ന്നു കിടക്കുന്ന മൃതദേഹം തലങ്ങും വിലങ്ങും പരിശോധിച്ച ശേഷം മാറി നില്‍ക്കുന്ന ഒരു മത്സ്യതൊഴിലാളിയുടെ ചെവിയില്‍ ഒച്ച താഴ്ത്തി ജഗതി- "ശവത്തിന്റെ അപ്പുറത്ത് കിടക്കുന്ന മീന്‍ ഫ്രീയായിട്ട് കൊടുക്കുമോ...?'' എന്ന് ചോദിക്കുന്നു. താഴ്ന്ന സ്വരത്തില്‍ "സോറി സാര്‍...അത് സിഐ സാര്‍ പറഞ്ഞ് വെച്ചിരിക്കുകയാ..''-എന്ന് മത്സ്യതൊഴിലാളി മറുപടി കൊടുക്കുന്നു. പൊലീസുകാരെയും പത്രക്കാരെയും ഒരുപോലെ 'പൂശുന്ന' മറ്റൊരു രംഗം മലയാളസിനിമയിലില്ല. 
ചില പത്രക്കാരും പൊലീസുകാരും അങ്ങനെയാണ്. 
"ഹൈവേയില്‍ ലോറി കയറി ചത്തവന്റെ അണ്ടര്‍വെയര്‍ തപ്പാന്‍ ഏത് മുഴുത്ത പൊലീസുകാരനും ഒന്നറയ്ക്കും. പക്ഷേ താന്‍ അത് ചെയ്യും''- എന്നാണ് കെ മധു സംവിധാനം ചെയ്ത 'നരിമാന്‍' എന്ന സിനിമയില്‍ സുരേഷ്ഗോപി അവതരിപ്പിച്ച അശോക്നരിമാന്‍ സ്ഫടികം ജോര്‍ജ് അവതരിപ്പിക്കുന്ന മേലാപ്പീസറോട് പറയുന്നുണ്ട്. വില്ലന്‍മാരുടെ പാതിരാത്രി ദര്‍ബാറുകളില്‍ പങ്കെടുത്ത ശേഷം അവശേഷിക്കുന്ന മദ്യം ന്യൂസ്പേപ്പറില്‍ പൊതിഞ്ഞെടുത്ത് വില്ലന് സലാം വെച്ച് പോകുന്ന 'ദി കിങ്ങിലെ' മോണിങ്ങ് ബേര്‍ഡ് തങ്കച്ചനെ (അസീസ്) പോലുള്ള കഥാപാത്രങ്ങള്‍ മുഖ്യധാരസിനിമയില്‍ ധാരാളം വന്നിട്ടുണ്ട്. 
പൊതുജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പൊലീസും അവര്‍ക്ക് സത്യസന്ധമായ വാര്‍ത്തകളും വസ്തുതകളും എത്തിച്ചു കൊടുക്കേണ്ട പൊലീസുകാരനും പത്രക്കാരനും രാഷ്ട്രീയക്കാരുടെ ഏറാന്‍മൂളികളായും ഉപജാപകസംഘത്തിലെ 'എലൈറ്റ്' പ്രതിനിധികളായും തരംതാഴുമ്പോള്‍ സംഭവിക്കുന്ന മൂല്യശോഷണം വലുതാണ്. മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന പത്രക്കാര്‍ക്കും പൊലീസുകാര്‍ക്കും അഭിമാനക്ഷതമുണ്ടാക്കുന്ന പുഴുകുത്തുകള്‍ പൊതുസമൂഹത്തിലെ എല്ലാ മേഖലകളിലുമെന്ന പോലെ ഇവര്‍ക്കിടയിലുമുണ്ട്. 
ഇത്തരക്കാരെ തുറന്നുകാണിക്കാന്‍ 90കളിലെ ഫയര്‍ബ്രാന്‍ഡ് സിനിമകള്‍ക്ക് സാധിച്ചിട്ടുണ്ട്. പെരുമഴ പോലെ പെയ്ത് തോര്‍ന്ന ഇത്തരം സിനിമകള്‍ക്ക് ഭാവിയില്‍ എന്തെങ്കിലും പ്രസക്തിയുണ്ടാക്കാന്‍ 'എരിവിനും പുളിയ്ക്കും വേണ്ടി' തയാറാക്കിയ ഇത്തരം സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വില്ലന്‍മാര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം അപ്പപ്പോള്‍ കണക്ക് പറഞ്ഞ് എണ്ണി വാങ്ങുന്നരാണ് ഇത്തരം സിനിമകളിലെ പൊലീസുകാരും പത്രക്കാരും. ടൌണിലെ കണ്ണായ ഇടത്തുള്ള ഹൌസിങ്ങ് പ്ളോട്ടിനോ പുതിയ കാറിനോ അഡ്വാന്‍സ് കൊടുക്കുക, വീടിന് രണ്ടാം നില പണിയുക, തുടങ്ങിയ ചില്ലറ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാശ് മേടിക്കുന്നത്. റിയല്‍എസ്റ്റേറ്റ്, ബ്യൂട്ടിപാര്‍ലര്‍, ടൂറിസ്റ്റ് ബസ്- ടാക്സി, കാപ്പിതോട്ടം, ചെമ്മീന്‍കെട്ട് നേട്ടങ്ങള്‍ നിരവധിയാണ്. വാങ്ങിച്ച കാശിനുള്ള പണി കൃത്യമായി, ആരും മോശം പറയാനിടയാക്കാതെ ഇവര്‍ ചെയ്ത് തീര്‍ക്കും. ദേവന്‍, സ്ഫടികം ജോര്‍ജ്, എന്‍ എഫ് വര്‍ഗീസ്, രാജന്‍ പി ദേവ്, അസീസ് എന്നിവരെയാണ് ഇത്തരം റോളുകളില്‍ അധികവും കണ്ടിട്ടുള്ളത്. ചില പൊലീസുകാരുടെ ഫോണ്‍ ബില്‍ പോലും കൊടുക്കുന്നത് വില്ലനായിരിക്കും. ജോഷി സംവിധാനം ചെയ്ത 'പ്രജ'യില്‍ ബാബുരാജിന്റെ എസ്പി കഥാപാത്രത്തോട് ഷമ്മിതിലകന്‍ അവതരിപ്പിച്ച കൊണാരക് ബലരാമന്‍ ഗര്‍ജ്ജിക്കുന്നു- "ഞാന്‍ വിളിക്കുമ്പോള്‍, വിളിക്കുന്ന ഇടത്ത് നിന്നെ കിട്ടാനാണെടാ ഫൂള്‍, നിന്റെ രണ്ട് ഫോണിന്റെയും ബില്‍ എന്റെ കമ്പനി കൊടുക്കുന്നത്''. 
"എന്ത് വന്നാലും എനിക്ക് സര്‍ക്കുലേഷന്‍ കൂട്ടണം കൂടുതല്‍ പത്രം അടിക്കണം''- എന്ന ധാര്‍ഷ്ട്യപ്പെടുന്ന പത്രമുതലാളിമാര്‍ (പത്രം), "ഈ ഐപിഎസ് കിരീടം പോണെങ്കില്‍ പോട്ടെ, തനിക്ക് ഞാന്‍ മറ്റൊരു കിരീടം വെച്ച് തരും സാമന്തരാജാവിന്റെ കിരീടം''- എന്ന രാഷ്ട്രീയ പുംഗവന്റെ ഡയലോഗ് കേട്ട് കോള്‍മയിര്‍ കൊള്ളുന്ന കമ്മീഷണര്‍ (കിങ്ങ്), "കൂട്ടത്തിലൊള്ള ഒരുത്തനെയും നമ്പരുതെന്ന് പറഞ്ഞ്''- നീറ്റായി വില്ലന് രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുക്കുന്ന ഡിവൈഎസ്പി (എഫ്ഐആര്‍)...പൊലീസുകാരുടെയും പത്രക്കാരുടെയും സഹായത്തോടെ എത്ര കൊള്ളരുതായ്മകളാണ് സിനിമകളില്‍ വില്ലന്‍മാര്‍ ചെയ്തുകൂട്ടിയത്. അതിന്റെ പകുതിയെങ്കിലും യഥാര്‍ഥജീവിതത്തിലുണ്ടെന്നതാണ് സത്യം.
പത്രപ്രവര്‍ത്തകന്‍ കൂടിയ രഞ്ജിപണിക്കര്‍ തയാറാക്കിയ തിരക്കഥകള്‍ഇത്തരക്കാരെ തുറന്നുകാണിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത 'പത്രം' സിനിമയില്‍ ജാഗ്രത പോലെ നട്ടെല്ലുള്ള ഒരു പത്രത്തെയും ശേഖരനെ പോലെ അന്തസുള്ള എഡിറ്ററെയും രഞ്ജി വരഞ്ഞിട്ടുണ്ട്. 
ഡെന്നീസ് ജോസഫ് തിരക്കഥ എഴുതിയ 'നിറക്കൂട്ടില്‍'പ്രശസ്തനായ ഒരാളെ തട്ടികൊണ്ടുപോകുന്നതിന് ദൃക്സാക്ഷിയായ ശേഷം അത് പത്രത്തില്‍ കൊടുക്കാതെ അയാളെ രക്ഷിക്കാന്‍ നേതൃത്വം കൊടുത്ത റിപ്പോര്‍ട്ടറെ (ഉര്‍വശി) പത്രാധിപര്‍ (ജോസ്പ്രകാശ്) ശകാരിക്കുന്നത്്- "സാമൂഹ്യസേവനം നടത്തുന്നതിനല്ല നെനക്ക് ഞാന്‍ ശമ്പളം തരുന്നത്''- എന്നാണ്. മാനഭംഗപ്പെട്ട പെണ്‍കുട്ടിയെ കുറിച്ച് വാര്‍ത്ത നല്‍കാന്‍ ശ്രമിച്ച ജി കൃഷ്ണമൂര്‍ത്തിയെ ഭ്രാന്തനെന്ന് മുദ്രകുത്തി ജയിലില്‍ അടക്കാന്‍ രാഷ്ട്രീയക്കാരും പത്രാധിപരും പൊലീസുകാരും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയാണ് 'ന്യുഡല്‍ഹി'യെ ശ്രദ്ധേയമാക്കിയത്. 
 സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സമൂഹം സിനിമയില്‍ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തൂലികാനാമത്തില്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന തികച്ചും സാധാരണക്കാരനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ശ്രീനിവാസന്‍ വേഷമിട്ടുണ്ട്. "ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഹിന്ദുവിനും മുസ്ളീമിനും ക്രിസ്ത്യാനിക്കും വീതം വെച്ച് കൊടുക്കാനുള്ളതാണ് വാര്‍ത്തയെന്ന് ആരെങ്കിലും പറഞ്ഞു പഠിപ്പിച്ചാല്‍ അത് ചെവികൊള്ളരുതെന്നാണ് പത്രത്തില്‍ നന്ദഗോപാല്‍ (സുരേഷ്ഗോപി) ഗര്‍ജ്ജിക്കുന്നത്. "ജനങ്ങളെ രക്ഷിച്ചുപിടിക്കാനാണ് പൊലീസെന്നും അതാവണം പൊലീസെന്നും'' ഗര്‍ജ്ജിക്കുകയാണ് രൌദ്രത്തിലെ നരേന്ദ്രന്‍ (മമ്മൂട്ടി). ഈ രീതിയില്‍ നേരിട്ട് ഇവന്‍മാരുടെ മുഖത്ത് നോക്കി പത്ത് പറയാന്‍ സാധിക്കാത്ത ജനങ്ങളുടെ തരിപ്പ് തീര്‍ത്ത് നൂറും ഇരുന്നൂറും തികച്ചോടിയിരുന്ന സിനിമകള്‍ ചരിത്രത്തിന്റെ ഭാഗമായി. ഇനി അത്തരം സിനിമകള്‍ പടച്ചുവിട്ടാല്‍ നിര്‍മ്മാതാവിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് തിരക്കഥാകൃത്തും സംവിധായകനും മാത്രമായിരിക്കും ഉത്തരവാദിത്വം.

ലാസ്റ്റ്വേര്‍ഡ്- അഴിമതിയും അരാജത്വവും കൈകോര്‍ക്കുമ്പോള്‍ ഉപജാപക സംഘങ്ങള്‍ ജനിക്കുന്നു. ഇവര്‍ക്കെതിരെ ഈ ഒറ്റയാന്റെ പോരാട്ടം പ്രതിവിധിയാകുന്നില്ല. എങ്കിലും........

Monday, April 9, 2012

തീവണ്ടികഥ.....

റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്നത് പ്രയാസമുള്ള ജോലിയാണ്. ആഴ്ച്ചപതിപ്പുകളോ ബാഗില്‍ കരുതിയ പുസ്തകമോ നൂറു രൂപയ്ക്ക് കിട്ടുന്ന ചേതന്‍ഭഗതിന്റെ നോവലുകളോ കാത്തിരിപ്പ് എളുപ്പമാക്കുന്നില്ല. വളരെ പഴയ കാര്യങ്ങളില്‍ ചിലത് ഓര്‍മിക്കുന്നത് തടയാനാവില്ല. പ്ളാറ്റ്ഫോമിനെ അടിമുടി കുളിപ്പിക്കുന്ന മഴയോ ഇളംവെയിലില്‍ ട്രാക്കില്‍ നിന്നുയരുന്ന പ്രാവുകളോ ഉണ്ടായിരുന്നെങ്കില്‍ ഓര്‍മകളില്‍ നിന്നും ചിന്തകളില്‍ നിന്നും രക്ഷപ്പെടാമായിരുന്നെന്ന് ഉള്ളിലിരിക്കുന്നവന്‍ പറയും. കണ്‍വയര്‍ ബെല്‍റ്റിലെന്ന പോലെ മുന്നിലൂടെ പോകുന്ന യാത്രക്കാരെ നോക്കി നില്‍ക്കുന്നതും മടുപ്പുളവാക്കും.
പിന്നില്‍ നിന്ന് നമ്മുക്ക് പരിചയമുള്ള എന്നാല്‍ ദീര്‍ഘകാലമായി എസ്എംഎസ് പോലും അയക്കാത്ത ഒരു സുഹൃത്ത് പേര് നീട്ടി വിളിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോകും. അത് പെണ്‍കുട്ടിയായാല്‍ അത്രയും നല്ലത്. എന്നാല്‍ അവരോട് ഇപ്പോള്‍ എങ്ങനെ പെരുമാറുമെന്ന് മുന്‍കൂട്ടി നിങ്ങളോട് പറയാന്‍ സാധിക്കാത്തത് കഷ്ടമാണെന്ന് എനിക്കറിയാം. നല്ല പരിചയമുള്ള പെണ്‍സുഹൃത്ത് വഴിയരികില്‍ കണ്ടപ്പോള്‍ ചിരിച്ച്, അടുത്ത് വന്ന് സംസാരിച്ചപ്പോള്‍ മിഴിച്ചു നോക്കി നിന്ന ദൃശ്യം മനസിലുണ്ട്. "എന്തായിത്...? എന്നെ മനസിലായില്ലേ...?''-എന്നവള്‍ ദയനീയമായി ചോദിച്ചപ്പോള്‍ ദയനീയമായി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിയത് എന്നെ ഇന്നും വേദനിപ്പിക്കുന്നു. ദേഷ്യപ്പെട്ട് അവള്‍ നടന്ന് കാണാമറയത്തായപ്പോഴാണ് എനിക്ക് ആളെ പിടികിട്ടിയത്.
പാളങ്ങള്‍ക്കപ്പുറത്ത് പരസ്യപലകകള്‍ 'ആരെടാ..' എന്ന ഭാവത്തില്‍ നെഞ്ചും വിരിച്ച് നില്‍പ്പുണ്ട്. കൊച്ചിയില്‍ എത്തിയാല്‍ എന്നെ അടിമുടി ഉലക്കാറുള്ളത് പരസ്യപലകകളാണ്. പല രൂപത്തില്‍, പല ഭാവത്തില്‍ 'നിന്നെ കൊണ്ട് നോക്കിപ്പിച്ചേ അടങ്ങുള്ളുടാ...''- എന്ന മട്ടില്‍ പ്രലോഭിപ്പിക്കുന്ന വേഷമിട്ട് പോകുന്ന പെണ്‍കുട്ടിയെ പോലെയാണ് അവര്‍. ഇപ്പോള്‍ കണ്‍മുമ്പില്‍ കൂടിയും അത്തരം പെണ്‍കുട്ടികള്‍ കടന്നുപോകുന്നുണ്ട്. ഈ പൊരിഞ്ഞ ചിന്തകള്‍ക്കിടയിലും അവരെയെല്ലാം നോക്കി മനസില്‍ ഞാന്‍ ചിലത് കണക്കുകൂട്ടുന്നുമുണ്ട്.

 എംടി

ഒരിക്കല്‍ പ്ളാറ്റ്ഫോമിലൂടെ എംടി കടന്നുപോയി. "പോടാ.. പോയി പരിചയപ്പെടെടാ...''-ഏഴാംക്ളാസുകാരന്റെ ചുമലില്‍ തട്ടി ചേച്ചി പറഞ്ഞു. ബഷീര്‍ പറഞ്ഞത് പോലെ പഴയ നൂലന്‍ വാസുവൊന്നുമല്ല...ഒരു ഗഡാഗഡിയന്‍ നായര്‍ പ്രമാണിയാണ് മുന്നിലൂടെ കടന്നുപോകുന്നത്. വാല്യക്കാരും കരയിലെ മറ്റ് ചില പ്രമാണിമാരും വഴി തെളിക്കുന്നുണ്ട്. ചുവന്ന ഫ്രെയിമുള്ള കണ്ണാടിയില്‍ ട്യൂബ്ലൈറ്റ് പ്രതിഫലിച്ചു. വാ തുറന്നാല്‍ എംടിയും രണ്ടാമൂഴവും മാത്രം ഉരുവിട്ട് നടന്നത് കൊണ്ടാണ് ചേച്ചി എന്നെ പ്രചോദിപ്പിച്ചത്. പക്ഷേ ധൈര്യമുണ്ടായില്ല. പ്ളാറ്റ്ഫോമുകളിലെ ഹിഗിന്‍ബോതംസിന്റെയും മാതൃഭൂമിയുടെയും പുസ്തകശാലകളില്‍ കറങ്ങിയടിച്ച് ലോകക്ളാസിക്കുകള്‍ ചൂണ്ടിയെടുത്തിരുന്ന കഥയും എംടിയാണ് പറഞ്ഞത്. പക്ഷേ ഇപ്പോള്‍ ലോകക്ളാസിക്കുകള്‍ പോയിട്ട് ഗുണമുള്ള ഒരു എഞ്ചുവടി പോലും കിട്ടാനില്ല.

ഒരു പഴയകഥ

നിര്‍വഹണത്തിന്റെ ആനന്ദം മാത്രമാണ് ഉഴുന്നുവട കഴിച്ച് ചായ കുടിച്ചപ്പോള്‍ കിട്ടിയത്. പണ്ട് ലേഡീസ് കംമ്പാര്‍ട്ട്മെന്റിലായിരുന്നു നാട്ടിലേക്ക്   (ന്ന് വെച്ചാല്‍ തിരുവന്തോരത്തേക്ക്) യാത്ര. ഏഴാംക്ളാസ് വരെ ഞാന്‍ ബര്‍ത്തുകളില്‍ പമ്മി കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തു. മറ്റുള്ള കംമ്പാര്‍ട്ട്മെന്റില്‍ കയറാന്‍ എനിക്ക് പേടിയായിരുന്നു. അമ്മയുടെ നിഘണ്ടുവില്‍ റിസര്‍വേഷന്‍ പോലുള്ള പദങ്ങള്‍ അന്നും ഇന്നും കയറി പറ്റിയിട്ടില്ല. ഒരിക്കല്‍ തിരുവന്തോരത്ത്  നിന്ന് കയറിയപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ചില പെണ്‍കുട്ടികളുമുണ്ടായിരുന്നു. അമ്മയ്ക്കും ചേച്ചിയ്ക്കും താഴത്തെ സീറ്റുകളില്‍ 'തിരക്കില്‍ അല്‍പ്പം ഇടം' കിട്ടി. ഞാന്‍ 'ആള്‍ക്കൂട്ടത്തില്‍ തനിയെ' ഭാവത്തില്‍ അങ്ങനെ നിന്നപ്പോള്‍ 'ഇത് എന്താ ഈ ചെക്കന്‍ ഈടെ' എന്ന ഭാവം അമ്മയുടെ അടുത്തിരുന്ന ഒരു വല്യമ്മയുടെ കണ്ണുകളില്‍ തെളിഞ്ഞു. അത് ചോദ്യമായി മാറുന്നതിന് മുമ്പ് "മോനു.. ഇവിടെ കയറികൊള്ളു...'' എന്ന് ഒരു ശബ്ദമുയര്‍ന്നു. തല ഉയര്‍ത്തി നോക്കിയപ്പോള്‍ മുകളിലെ ബര്‍ത്തില്‍ ചുരുണ്ട മുടിയും ചാരകണ്ണുകളുമുള്ള ഒരു ചേച്ചിയാണ്. ഞാന്‍ ചാടികയറി ഇരിപ്പുറപ്പിച്ചു. എന്റെ കൈയ്യില്‍ 'രണ്ടാമൂഴം' ഇരിപ്പുണ്ട്. ഗദയും ചുഴറ്റി 'ഞാന്‍ റെഡി' എന്ന ഭാവത്തില്‍ നില്‍ക്കുന്ന ഭീമനാണ് എന്റെ ഐശ്വര്യം മട്ടില്‍ പുസ്തകം നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നത് കണ്ട ചുരുണ്ട മുടി ചേച്ചി- "മോന്‍വായിക്കുമോ...ഇതാ ഈ ചേച്ചി കവിത എഴുതും''എന്നടിച്ചു. അപ്പോഴാണ് ഞങ്ങള്‍ക്ക് പിറകില്‍ ഒരു ദേഹം കിടപ്പുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. ചുവന്ന ചുരിദാറിട്ട ഒരു സുന്ദരി ചേച്ചി കവിയുടെ ഗൌരവമുള്ള പുഞ്ചിരി എനിക്ക് നേരേ എറിഞ്ഞു.
അങ്ങനെ ആ രാത്രി ഞങ്ങള്‍ പലതും പറഞ്ഞിരുന്നു. ഇടയ്ക്കിടക്ക് താഴെ നോക്കുമ്പോള്‍ എന്റെ ചേച്ചി മുകളിലോട്ട് പാളിനോക്കുന്നത് കാണാമായിരുന്നു. 'മൊത്തം സെറ്റപ്പ് എനിക്കത്ര പിടിച്ചില്ല' എന്ന ഭാവം അവളുടെ കണ്ണുകളില്‍ മിന്നിമാഞ്ഞു. 'നീ പോടീ' എന്ന നോട്ടം ഞാനും നിന്ദയോടെ ചുരുട്ടി താഴേക്കിട്ടു.
പറഞ്ഞു വന്നപ്പോള്‍ ചുരുണ്ടമുടി ചേച്ചിയുടെ വീട് നമ്മുടെ അതിരാണിപാടത്തിനടുത്താണ്. "അതായത് എസ് കെ പൊറ്റക്കാടിന്റെ ദേശത്തിന്റെ കഥയുടെ ഒന്നാമത്തെ അദ്ധ്യായമായ-ഓര്‍മകളുടെ സംഭരണി- ന്ന് വെച്ചാല്‍ വലിയ വാട്ടര്‍ ടാങ്കിന്റെ തൊട്ടടുത്താണ് എന്റെ വീട്''-ചുരുണ്ടമുടി ചേച്ചി പറഞ്ഞു. എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യെന്നായി. ചേച്ചിയോട് ചേര്‍ന്നിരുന്ന് ഞാന്‍ ചോദിച്ചു- "ശരിക്കും...?''. ഷൊര്‍ണ്ണൂരില്‍ ഇറങ്ങാന്‍ നേരത്ത് കൈയ്യില്‍ തടഞ്ഞ പോക്കറ്റ് ഡയറിയിലെ താള്‍ പറിച്ച് ചേച്ചി പേരും മേല്‍വിലാസവും നമ്പറും എഴുതി തന്ന്- "ഇടയ്ക്ക് വിളിക്കണംട്ടോ..'' എന്ന് പറഞ്ഞ് കവിളിള്‍ തട്ടിയ ശേഷം ബര്‍ത്തിലേക്ക് ചാഞ്ഞിരുന്ന് മയക്കമായി. കവയത്രി ചേച്ചി പൂണ്ട ഉറക്കത്തിലായിരുന്നു. ഉറക്കം പുളിക്കുന്ന കണ്ണുകളുമായി പ്ളാറ്റ്ഫോമിലേക്ക് ഇറങ്ങിയപ്പോഴും ഷൊര്‍ണ്ണൂര്‍ പ്രഭാതം പബ്ളിക് ലൈബ്രറിയില്‍ നിന്നെടുത്ത രണ്ടാമൂഴത്തിലെ ഭീമന്‍ കണ്ണിമ ചിമ്മാതെ ഗദ ചുഴറ്റി പ്രാക്ടീസ് ചെയ്യുകയായിരുന്നു.

Saturday, April 7, 2012


മനുഷ്യനെ മടുപ്പിക്കുന്ന ചില കാര്യങ്ങള്‍...
സിനിമ കാണിക്കാമെന്നോ മിഠായിയോ പേരക്കയോ തരാമെന്നോ ഉള്ള ചെറുപ്രലോഭനങ്ങളുടെ ചൂണ്ടയില്‍ കുരുക്കി കൊച്ച് ഇരകളെ തങ്ങളുടെ മാളങ്ങളിലേക്ക് വിളിച്ച് വരുത്തുന്നവരാണ് മിക്കരും. 
ചിലര്‍ വേട്ടക്കാരന്റെ മകളുടെ സഹപാഠിയോ കളിക്കൂട്ടുകാരിയോ ആവും. നരകീയപീഡനം കഴിഞ്ഞ് കഴുത്തിറുക്കി കൊലപ്പെടുത്തി മരങ്ങളുടെ വിടവിലോ സെപ്റ്റിക് ടാങ്കിലോ പണി തീരാത്ത വീട്ടിനുള്ളിലെ ചാക്കിലോ ഒളിപ്പിക്കുന്നു. ഇതിന് ശേഷം പിന്നീട് അവന്‍ കുഞ്ഞിനെ തപ്പി അലയുന്ന വീട്ടുകാരുടെ നൊമ്പരത്തില്‍ പങ്കാളിയാവുന്നു. അന്വേഷിച്ചലയുന്ന നാട്ടുകാരുടെ കൂട്ടത്തിന് മുന്നില്‍ ചൂട്ടും കത്തിച്ച് മുന്നില്‍ നടക്കുന്നു. ചിലപ്പോള്‍ ദൃക്സാക്ഷികളില്‍ ആരെങ്കിലും ചൂണ്ടികാണിക്കുമ്പോള്‍ അവന്റെ പൊയ്മുഖം അഴിഞ്ഞ് വീഴുന്നു. നാട്ടുകാര്‍ അരിശം തീരുന്നത് വരെ പട്ടിയെ പോലെ തല്ലിചതയ്ക്കുമ്പോള്‍ അവന്‍ മനുഷ്യനെ പോലെ നിലവിളിക്കുന്നു.
ജനിച്ച് വീണ കുഞ്ഞിന്റെ ഓമനതുടയ്ക്കിടയിലും സുഖത്തിന്റെ പറുദീസ കാണുന്ന മനോരോഗികള്‍ നമ്മുക്കിടയില്‍ പതുങ്ങിയിരിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ കേട്ടത് നിലമ്പൂരിലെ കഥയാണ്. കൊച്ചുകുട്ടികളുടെ മൃതദേഹം എവിടെ നിന്നെങ്കിലും കിട്ടിയെന്ന് വാര്‍ത്തകള്‍ വരുമ്പോള്‍ തന്നെ മനസിന്റെ അലാറം ശബ്ദിക്കുന്നു- 'മൃഗയാ വിനോദത്തിനിടയില്‍ വീണ ഒരു ഇരയാവും' എന്ന്. സ്വന്തം കുട്ടിയുടെ കവിളുകള്‍ തലോടി, നെറ്റിയില്‍ ഉമ്മ വെക്കുമ്പോള്‍ വാത്സല്യം മാത്രം തോന്നുന്നവന് അന്യന്റെ കുട്ടിയെ കാണുമ്പോള്‍ അരക്കെട്ട് തരിക്കുന്നത് മാനസിക വൈകല്യം മാത്രമായി പരിഗണിക്കാനാവില്ല. എല്ലാ മാതാ-പിതാക്കള്‍ക്കും എല്ലാ സമയവും സ്വന്തം കുട്ടികള്‍ക്ക് ചുറ്റും ജാഗ്രതയുടെ വലയം തീര്‍ക്കാന്‍ കഴിയില്ല. മാനായി വന്ന മാരീചനെ പോലെയാണ് പലപ്പോഴും വേട്ടക്കാര്‍ അവതരിക്കുക. അച്ഛനെയോ ചേട്ടനെയോ നോക്കികാണുന്നത് പോലെ തന്നെയാണ് കുഞ്ഞികണ്ണുകള്‍ അയല്‍പക്കത്തെ ചേട്ടനെയും കാണുന്നത്. ഒരു മനുഷ്യായുസിനെ നെടുകെ പിളര്‍ക്കുന്നവര്‍ക്ക് കുഞ്ഞിചിരിയോ കണ്‍പീലിയോ ഓര്‍മയുടെ ഏഴയലത്ത് പോലും എത്താറില്ലെന്നാണ് അവരുടെ പ്രവൃത്തികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
സ്വന്തം മക്കളെ പീഡിപ്പിച്ച അച്ഛന്‍മാരും (!) വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. മരവിച്ച ജഡം പോലെ മുറ്റത്ത് കിടന്ന ഒരു പത്രത്തില്‍ പത്രത്തില്‍ പട്ടാമ്പിയിലെ റെജികുമാര്‍ സ്വന്തം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി സെപ്റ്റിക്ടാങ്കില്‍ തള്ളിയ വാര്‍ത്തയുമുണ്ടായിരുന്നു. മടവാളു കൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് സ്വന്തം മകളെ അയാള്‍ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചിരുന്നു. അയാള്‍ ഇപ്പോള്‍ തൂക്കുകയര്‍ കാത്ത് കഴിയുകയാണെന്ന് തോന്നുന്നു. ഒരു തരത്തിലുള്ള മാനസിക വിഭ്രാന്തിയുമില്ലാത്ത ആളാണ് അയാളെന്ന് ചില അയല്‍ക്കാരും സഹപ്രവര്‍ത്തകരും ചാനലുകളോട് പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. 

പെണ്‍കുട്ടിയെ കൊന്ന് ജഡം മരത്തിന്റെ വിടവില്‍ തിരുകി രക്ഷപ്പെട്ട 10 വയസുകാരന്റെ പ്രചോദനം വീട്ടില്‍ അച്ഛന്‍ കണ്ടിരുന്ന നീലചിത്രങ്ങളായിരുന്നു. മൊബൈലുകളില്‍ സഞ്ചരിക്കുന്ന നീലപ്രവാഹം  ജിംനാസ്റ്റിക്സോ എയറോബിക്സോ പോലെയുള്ള കായിക ഇനമായി സെക്സിനെ കാണാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നവയാണ് അവയില്‍ മിക്കതും. ഉപയോക്താക്കളില്‍ അധികവും കൌമാരക്കാരാണ്. ലൈംഗിക വിദ്യഭ്യാസമെന്നാല്‍ രഹസ്യഭാഗങ്ങള്‍ ചൂണ്ടികാണിച്ച് പാഠങ്ങള്‍ നല്‍കുന്നതാണെന്ന് അറച്ച് അത് പടിക്ക് പുറത്ത് നിര്‍ത്തേണ്ടതാണെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ എത്രയോ തവണ അവരുടെ മനസ് മാറാന്‍ കേരളത്തിലെ ദൈംദിന വാര്‍ത്തകള്‍ സഹായിക്കേണ്ടതാണ്.
പലയിടത്തും വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന കൌണ്‍സിലിങ്ങിലൂടെയാണ് മൃഗയാവാര്‍ത്തകള്‍ പുറത്തുവരുന്നത്. അതുവരെ സമൂഹത്തില്‍ മാന്യന്‍മാരായി ഒളിച്ചുകളി നടത്തിയിരുന്ന പലരും അഴിക്കുള്ളിലാവുന്നത് നാട്ടുകാര്‍ക്ക് കൌതുകമായി. പശ്ചിമകൊച്ചിയില്‍ ഒരിടത്ത് മോഹന്‍ലാലിന്റെ സിനിമകള്‍ കാണിക്കാമെന്ന് പ്രലോഭിപ്പിച്ച് വീട്ടില്‍ കൊണ്ടുവന്ന കുട്ടികളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കാലം മാറും തോറും വാര്‍ത്തകള്‍ ക്രൂരവും നിഷ്ഠൂരവുമാകുന്നു. എല്ലായിടത്തും വേട്ടക്കാര്‍ മറഞ്ഞിരിക്കുന്നു. കവി എഴുതിയത് പോലെ ഒരു കത്തിയോ തേറ്റയോ അവര്‍ കരുതി വെച്ചിട്ടുണ്ട്. കന്‍മഷമില്ലാത്ത ആകാശങ്ങളെ പിളര്‍ക്കാന്‍ അവര്‍ക്ക് തെല്ലും മടിയില്ല..