Saturday, December 24, 2011

ഉണ്ണിക്കുട്ടന്റെക്രിസ്മസ്.....
മദ്യപിച്ചിലേലും ഉണ്ണിക്കുട്ടനെ അമ്മയ്ക്ക് വലിയ സംശയമാണ്. കൂട്ടുകാരുടെ കൂടെ പുറത്തൊന്ന് കറങ്ങി വന്നാലോ,ചുറ്റിയടിച്ച് വൈകി വീട്ടില്‍ വന്നു കയറിയാലോ അമ്മ ഒരു ഷെര്‍ലക്ക് ഹോംസ് ചിരിയോടെ മുറിയില്‍ എല്ലാം ഒന്ന് കണ്ണോടിച്ച്, മൂക്കെല്ലാം നന്നായി വിടര്‍ത്തി ഒന്ന് ചുറ്റിയടിച്ച് പോകും. ഉണ്ണാന്‍ വന്ന് വിളിക്കുമ്പോഴും ഈ പുകിലാണ്. പണ്ട് അച്ഛന്‍ റൌണ്ടടിച്ച് മടങ്ങി വരുമ്പോള്‍ ഈ പുകിലുണ്ടായിരുന്നു.
പിന്നെ...കൊലപാതകം നടത്തി ചോര പുരണ്ട കത്തിയും കൊണ്ട് പൊലീസ് സ്റ്റേഷനില്‍ ബുദ്ധിയുള്ള ആരെങ്കിലും ചെന്ന് കീഴടങ്ങുമോ...? ഇത്തരം ലോജിക്കൊന്നും അമ്മയെന്ന ഷെര്‍ലക്ക് ഹോംസിനില്ലലോ എന്ന് ക്രിസ്മസ് രാത്രി മദ്യപിച്ച് മദോന്‍മത്തനായി ഒന്നുരണ്ട് വാളുകള്‍ ചുഴറ്റി വീശി അയല്‍പക്കത്തെ പൂച്ചകളുടെ നിലവിളി ശബ്ദം ആസ്വദിച്ച് കൊച്ചിയിലെ കൊതുകുകളുടെ തന്തയ്ക്ക് വിളിച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ഉണ്ണിക്കുട്ടന്‍ നിരീച്ചു. അച്ഛന് വീട്ടില്‍ നിന്നിറങ്ങിയാല്‍ വീട്ടിലേക്ക് മടങ്ങാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. മൊബൈല്‍ ഫോണൊന്നുമില്ലെങ്കിലും ഈ കുടുംബം എന്ന സെറ്റപ്പിന്റെ ആകെത്തുക ഇങ്ങനെ ചിലതൊക്കെയാണല്ലോ...അത് കൊണ്ട് തന്നെയാണ് ഉണ്ണിക്കുട്ടന്‍ വിവാഹം വേണ്ടെന്ന് വെച്ചത്. മകന്റെ മകന് എന്റെ മുത്തച്ഛന്‍ ഒരു ക്രോണിക്ക് ബാച്ചിലര്‍ ആയിരുന്നു എന്ന് പറയാനുള്ള സൌകര്യവും ഭാവിയില്‍ കൈവരുമായിരിക്കും.
മദ്യപിക്കുന്നവരെല്ലാം അരാജകവാദികളാണെന്ന അഭിപ്രായമൊന്നും ഉണ്ണിക്കുട്ടനില്ല. മദ്യപിക്കുന്നത് അരാജകവാദിയാവാനുമല്ല. ചില മദ്യപാനികള്‍ അരാജകവാദികളും കൂടിയായിരുന്നു എന്ന് കണ്ടെത്തിയ ചിലരാണ് അരാജകവാദികളെല്ലാം മദ്യപാനികളാണെന്നും മദ്യപാനികളെല്ലാം അരാജകവാദികളാണെന്നുമുള്ള തത്ത്വം പടച്ചുണ്ടാക്കിയത്. ഈ സാമാന്യവല്‍ക്കരണത്തിന്റെ ഒക്കെ കുഴപ്പം അതാണ്. ജോണ്‍ എബ്രഹാമാണ് ഇതിന്റെ റോള്‍ മോഡല്‍. ജോണ്‍ മരിച്ച് മണ്ണടിഞ്ഞതിന് ശേഷം എല്ലാവരും ജോണിന്റെ കൂട്ടുകാരാണ്.
"ഞാനും ജോണും എടാ പോടാ ബന്ധമായിരുന്നു. ജോണ്‍ പലപ്പോഴും ഇവിടെ കേറി വരും. നാലുകാലിലായിരിക്കും വരവ്. പിന്നെയും കാശ് ചോദിക്കും. ഞാന്‍ കൊടുക്കും. രാവിലെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍-ദേ മുറ്റത്ത് ശവം മാതിരി കെടക്കുന്നു. ഞാനെടുത്ത് മുറിയിലിട്ടു. കൊറച്ച് കഴിഞ്ഞപ്പം ചാടി എഴുന്നേറ്റ് എനിക്ക് വെശക്കുന്നേ എന്നൊരു കരച്ചില്‍. ഞാന്‍ മത്തിയും ബ്രെഡും വാങ്ങി കൊടുത്തു''-പലരും പറഞ്ഞ അതേ ടോണില്‍ ഉണ്ണിക്കുട്ടന്‍ താനും ജോണ്‍ ഏബ്രഹാമുമായുള്ള ബന്ധം ഓര്‍ത്തെടുത്തു.
ഉണ്ണിക്കുട്ടന്‍ അത്ര വലിയ മദ്യപാനിയൊന്നുമല്ല. എന്നാല്‍ തരം കിട്ടിയാല്‍ (ഓസിന് കിട്ടിയാല്‍ പറയണ്ട കേട്ടോ) നല്ലോണം താങ്ങും. വാളു വെക്കാതെ മദ്യപാനരാത്രി പുലര്‍ന്നാല്‍ അതിലും വലിയ സായൂജ്യമില്ല. ഒരു നാലെണ്ണമൊക്കെ വിട്ട് കിട്ടിയ ഇടത്ത് മലര്‍ന്നടിച്ച് കിടന്നാല്‍ അന്തരീക്ഷത്തില്‍ ഒരു ഊഞ്ഞാല്‍ കിടക്ക തയാറാവുന്നത് ഉണ്ണിക്കുട്ടന്‍ അറിയും. അതില്‍ കിടന്ന് അങ്ങനെ താളത്തില്‍...തഞ്ചത്തില്‍...അങ്ങനെ ആടുമ്പോള്‍...അതാണല്ലോ... ആ...ആ... ഒരു രസം....ഈ ആട്ടത്തിന്റെ വേഗം കൂടുമ്പോഴാണ് വാളു വെക്കാന്‍ തോന്നുക(എന്നാണ് ഉണ്ണിക്കുട്ടന്റെ പക്ഷം).
മദ്യപിച്ചാല്‍ പിന്നെ ഉണ്ണിക്കുട്ടന് ഏറ്റവും പേടിയുള്ളത് സ്വന്തം നാക്കിനെയല്ല, പോക്കറ്റില്‍ കിടക്കുന്ന മൊബൈല്‍ ഫോണിനെയാണ്. എത്ര മദ്യപിച്ചാലും എന്തെങ്കിലുമൊക്കെ കുരുത്തക്കേട് ലക്ഷണംകെട്ട ഭാഷയില്‍ ടൈപ്പ് ചെയ്ത് എസ്എംഎസ് അയച്ച് കഴിഞ്ഞതില്‍ പിന്നെയാണ് ഉണ്ണിക്കുട്ടന്‍ കൈ നെറുകുംതലയില്‍ വെച്ച് "ഈശ്വരാ ഈ കൈവിട്ട എസ്എംഎസ്...''-എന്നൊക്കെ പറഞ്ഞ് കുറച്ച് നേരം സ്റ്റിലായി നില്‍ക്കുക പതിവാണ്.
ബാറിലിരുന്ന് മദ്യപിക്കുകയാണ് ഉണ്ണിക്കുട്ടന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. അരണ്ടവെളിച്ചവും എസിയുടെ കുളിരും മുന്നിലെ ടിവിയില്‍ കളിക്കുന്ന ഐഡിയ സ്റ്റാര്‍ സിങ്ങര്‍ രഞ്ജിനി ഹരിദാസുമൊക്കെ അപ്പോള്‍ ഉണ്ണിക്കുട്ടന് പെരുത്ത് ഇഷ്ടമാണ് (ഈ ഒരു നേരമൊഴിച്ച് എപ്പോ ഇവളെ ടിവിയില്‍ കണ്ടാലും കാലിന്റെ അറ്റത്ത് ഒരു തരിപ്പ് കയറുന്നതും കലി പാടുപെട്ട് അടക്കുന്നതിന്റെയും പാട് ഉണ്ണിക്കുട്ടനറിയാം.)
അങ്ങനെ ഒരു നാലഞ്ചെണ്ണം പിടിപ്പിച്ച് പുറത്തിറങ്ങി ദീപാലംകൃതമായ നഗരത്തെ നോക്കി 'നഗരമേ....നിന്റെ വൈദ്യുതാലിംഗനം' എന്ന് മനസില്‍ പാടി പുകയൂതി വിടുമ്പോള്‍...."ഈശ്വരാ ഈ ആനന്ദം നീ നാളേയും ഉണ്ടാക്കണേ...''-എന്നൊരറ്റ പ്രാര്‍ത്ഥനയില്‍ അവന്റെ ജന്‍മം അലിയും.
പിന്നെ പുലര്‍ച്ചെ ഒരു മൂന്ന് മൂന്നരയാവുമ്പോള്‍ കഴുത്തില്‍ ആരോ പോക്കി പിടിച്ചാലെന്ന പോലെ ഞെട്ടി എഴുന്നേല്‍ക്കുമ്പോള്‍ ഒരു കടല്‍ കുടിക്കാനുള്ള ദാഹം...കട്ടിലിന്റെ ചോട്ടില്‍ നിന്ന് കുപ്പി വലിച്ചെടുത്ത് വെള്ളം കുടിച്ച് തീര്‍ക്കുന്നതോടെ ദര്‍ബാരി രാഗത്തില്‍ ഒരലക്ക് അലക്കിയതിന്റെ ആനന്ദം.....എല്ലാവര്‍ക്കും ഉണ്ണിക്കുട്ടന്റെ ക്രിസ്മസ് ആശംസകള്‍.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം, പുകവലി ആരോഗ്യത്തിന് ഹാനികരം

Friday, December 23, 2011

കുറ്റവാളിയുടെയും അന്വേഷകന്റെയും 'സ്വാമി'

എല്ലാ കുറ്റവാളികളും അവശേഷിപ്പിക്കുന്ന ഒരടയാളമുണ്ടെന്ന ലോകതത്ത്വത്തില്‍ എസ്എന്‍ സ്വാമി ഇന്നും അടിയുറച്ചു വിശ്വസിക്കുന്നുണ്ട്. എത്ര ആസൂത്രണംചെയ്ത് നടപ്പാക്കിയ കുറ്റകൃത്യമായാലും അത് തെളിയിക്കപ്പെടാനുള്ളതാണ്. 'ദൈവത്തിന്റെ കൈ' എന്നൊക്കെ വിശേഷിപ്പിക്കുന്ന ഒരിടപെടല്‍ ഒഴിയാബാധപോലെ കുറ്റവാളിയെ പിന്തുടരുമെന്നും ഏതു കുറ്റാന്വേഷകനെയുംപോലെ സ്വാമിയും വിശ്വസിക്കുന്നു.
കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും മിടുക്കന്‍മാരായ കുറ്റാന്വേഷകരുടെയും പിന്നാലെ നിതാന്തജാഗത്രയോടെ എറണാകുളം സ്വദേശിയായ എസ്എന്‍ സ്വാമി എന്ന തിരക്കഥാകൃത്ത് സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. മലയാളത്തിലെ ഏക്കാലത്തെയും വലിയ ചലച്ചിത്രവിജയങ്ങള്‍ സ്വാമിയുടെ പേരിലുള്ളതാണ്. ബുദ്ധിരാക്ഷസനായ സേതുരാമയ്യര്‍, കള്ളക്കടത്തിനും അതിന്റേതായ ധാര്‍മികതയുണ്ടെന്നു പറഞ്ഞ സാഗര്‍ ഏലിയാസ് ജാക്കി, നിശ്ചയദാര്‍ഢ്യത്തിന്റെ പര്യായംപോലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പെരുമാള്‍, കോടതിക്കും അപൂര്‍വമായി തെറ്റുപറ്റാമെന്ന് ബോധ്യപ്പെടുത്തിയ അശോക് നരിമാന്‍.... മലയാളസിനിമയിലെ ഏറ്റവും തലയെടുപ്പുള്ള ചില നായകന്‍മാര്‍ സ്വാമിയുടെ പേനത്തുമ്പില്‍ പിറന്നവരാണ്.
ചരിത്രംകുറിച്ച സിബിഐ സീരിസിലെ അഞ്ചാമത് ചിത്രത്തിന്റെ പണിപ്പുരയിലാണ് സ്വാമി. സ്വന്തം തിരക്കഥയില്‍ ഒരു ചിത്രം സംവിധാനംചെയ്യാനുള്ള പദ്ധതിയുമുണ്ട്.
സ്വാമി സിനിമയില്‍ എത്തിയത് ആകസ്മികമായിട്ടാണ്. അച്ഛന്‍ ശിവറാമിന്റെകൂടെ തിരുവനന്തപുരത്ത് സിവില്‍ എന്‍ജിനിയറിങ് കരാര്‍ജോലികള്‍ ഏറ്റെടുത്ത് ജീവിച്ച സമയത്താണ് സുഹൃത്തുക്കളും പരിചയക്കാരും വഴി സിനിമയിലേക്ക് 'ഗ്രീന്‍കാര്‍ഡ്' കിട്ടുന്നത്. മോഹന്‍ലാല്‍ നായകനായി പോള്‍ബാബു സംവിധാനംചെയ്ത 'കൂടുംതേടി'യാണ് സ്വാമി ഒറ്റയ്ക്ക് തിരക്കഥയെഴുതിയ ആദ്യചിത്രം. 'ഗീതം', 'സ്നേഹമുള്ള സിംഹം' തുടങ്ങിയ കുടുംബചിത്രങ്ങള്‍ക്കുശേഷമാണ് 'ഇരുപതാം നൂറ്റാണ്ട്' വരുന്നത്. മോഹന്‍ലാലിനെ താരസോപാനത്തിലേക്ക് എടുത്തുയര്‍ത്തിയ ചിത്രം കെ മധു-എസ് എന്‍ സ്വാമി കൂട്ടുകെട്ടിനും തുടക്കമിട്ടു. മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' ആയിരുന്നു അടുത്തത്. എറണാകുളത്തെ പ്രമുഖ ഹോട്ടലില്‍ നടന്ന കൊലപാതകമായിരുന്നു സ്വാമിക്കു കിട്ടിയ 'സ്പാര്‍ക്ക്'. ഇത് കുമാരപുരത്തെ നടുക്കിയ ഓമന കൊലക്കേസായി മാറി. മലയാളികളുടെ മനസ്സ് കീഴടക്കിയ സേതുരാമയ്യരുടെ മാതൃക എന്‍ഐഎ മേധാവി രാധാ വിനോദ് രാജുവാണെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് സ്വാമി പറയുന്നു. "മമ്മൂട്ടിക്ക് രാജുവിനെ പരിചയമുണ്ടായിരുന്നു. എന്നാല്‍  കഥാപാത്രരൂപീകരണത്തില്‍ രാജു എന്നെ സ്വാധീനിച്ചിട്ടില്ല. ഓര്‍മിക്കപ്പെടുന്ന മികച്ച കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ നടന്‍മാര്‍ക്ക് വലിയ പങ്കുണ്ട്. ആ രീതിയില്‍ രാജു മമ്മൂട്ടിയെ സ്വാധീനിച്ചിട്ടുണ്ടോയെന്ന് അറിയില്ല''-സ്വാമി പറഞ്ഞു.
എവിടെനിന്നെങ്കിലും മനസ്സിലേക്ക് പാറിവീഴുന്ന 'സ്പാര്‍ക്കി' ല്‍നിന്നാണ് സ്വാമിയുടെ മിക്ക തിരക്കഥകളുടെയും പിറവി. യാത്രകളില്‍നിന്നോ പുസ്തകങ്ങളില്‍നിന്നോ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍നിന്നോ പത്രങ്ങളില്‍നിന്നോ സുഹൃത്തുക്കള്‍ പറഞ്ഞുകേട്ട കഥകളില്‍നിന്നോ  സ്പാര്‍ക്ക് മനസ്സില്‍ വീഴുന്നു. "അമേരിക്കയില്‍ 13 പേരെ കൊന്ന ഒരു കുറ്റവാളി ഇലക്ട്രിക് ചെയര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. വധശിക്ഷയ്ക്കു മുമ്പ് തന്നെ കാണാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് 13 പേരില്‍ ഒരാളെ കൊന്നത് താനല്ലെന്നു കുറ്റവാളി പറയുന്നു. ഇപ്പോള്‍ പറയുന്നതുകൊണ്ട് രക്ഷപ്പെടില്ലെന്നറിയാം. എന്നാല്‍ താന്‍ കൊലമരത്തിലേക്കു പോകുമ്പോഴും യഥാര്‍ഥ കുറ്റവാളി പുറത്ത് സന്തോഷത്തോടെ കഴിയുന്നത്  സഹിക്കാനാവില്ല- എന്നാണ് കുറ്റവാളിയുടെ പക്ഷം. ഏതോ ഇംഗ്ളീഷ് പുസ്തകത്തിന്റെ പുറംചട്ടയില്‍ നിന്നാണ് ഇത്രയും വരി വായിച്ചത്. എന്നാല്‍ പുസ്തകം ഞാന്‍ മുഴുവന്‍ വായിച്ചില്ല. മനസ്സില്‍ 'സേതുരാമയ്യര്‍ സിബിഐ' എന്ന സിനിമയുടെ സ്പാര്‍ക്ക് വീണുകഴിഞ്ഞു''- സ്വാമി പറഞ്ഞു. ഫ്രെഡറിക് ഫോര്‍സിത്തിന്റെ 'ഡേ ഓഫ് ജാക്കള്‍' എന്ന നോവലില്‍ നിന്നാണ് 'ഓഗസ്റ്റ്-1' സിനിമയുടെ സ്പാര്‍ക്ക് കിട്ടുന്നത്. കനഡയില്‍ ഏതോ തുറമുഖത്ത് വന്നടിഞ്ഞ കപ്പലില്‍ കരയ്ക്കിറങ്ങാനാവാതെ കുടുങ്ങിപ്പോയ വിദേശിയുടെ അനുഭവം വായിച്ചത് 'അടിക്കുറിപ്പ്' ആയി. പൊലീസില്‍ സ്വാമിക്ക് വളരെ അടുത്ത ചില സുഹൃത്തുക്കളുണ്ട്. തിരക്കഥയെഴുത്തിനിടയ്ക്കുള്ള സംശയനിവാരണത്തിന് ഇക്കൂട്ടരെയാണ് ആശ്രയിക്കാറുള്ളത്.
അടുത്തകാലത്തിറങ്ങിയ തന്റെ മികച്ച തിരക്കഥ മോഹന്‍ലാല്‍ നായകനായ 'ജനകന്‍' ആണെന്നാണ് സ്വാമിയുടെ വിലയിരുത്തല്‍. "നല്ല ഒരു സന്ദേശം പറയാതെ പറയുന്ന ചിത്രമാണ് 'ജനകന്‍'. എന്നാല്‍ എന്റെ സിനിമകളില്‍ ഏറ്റവും മോശമായി മാര്‍ക്കറ്റ്ചെയ്യപ്പെട്ട സിനിമയാണ് അത്''- ചിത്രം മികച്ച നേട്ടമുണ്ടാക്കാത്തതിന്റെ നിരാശ സ്വാമിയുടെ വാക്കുകളില്‍ തെളിഞ്ഞു.
അടുത്തകാലത്ത് സ്വാമിയുടെ തിരക്കഥകളില്‍ പുറത്തിറങ്ങിയ ജയറാം നായകനായ 'രഹസ്യപൊലീസ്', അമല്‍ നീരദ് സംവിധാനംചെയ്ത 'സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്', ഷാജി കൈലാസ് സംവിധാനംചെയ്ത 'ഓഗസ്റ്റ്-15' തുടങ്ങിയ സിനിമകള്‍ തിയറ്ററില്‍ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാക്കിയില്ല. പല രീതിയിലുള്ള സമ്മര്‍ദങ്ങള്‍ക്ക് വിധേയനായി എഴുതേണ്ടിവന്നതിന്റെ ഫലമായിട്ടാണ് ഇത്തരം പരാജയങ്ങളെന്ന് സ്വാമി വിലയിരുത്തി.
ആളുകളുടെ യുക്തിയെ ചോദ്യംചെയ്യാത്ത തിരക്കഥകള്‍ മാത്രമേ വിജയിക്കുകയുള്ളുവെന്ന് സ്വാമി പറയുന്നു. "അധോലോക നായകനായിരിക്കുമ്പോള്‍തന്നെ താന്‍ എങ്ങനെ അങ്ങനെയായിപ്പോയി എന്ന വിലയിരുത്തല്‍ ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ നടത്തുന്നുണ്ട്. പത്രമാധ്യമങ്ങള്‍ ഘോഷിച്ച അധോലോക നായകന്‍മാരായ വരദരാജമുതലിയാരുടെയും ഹാജിമസ്താന്റെയും ധീരസാഹസിക കഥകള്‍ വായിച്ച് ചോരയും നീരുമുള്ള ഒരു ചെറുപ്പക്കാരന്‍ അങ്ങനെയായിത്തീര്‍ന്നതില്‍ അതിശയമുണ്ടോ...? എന്നാണ് അയാളുടെ ചോദ്യം. അടിയന്തരാവസ്ഥയ്ക്കുശേഷം അധോലോകനായകന്‍മാരുടെ ചിത്രങ്ങള്‍ ഇന്ത്യാ ടുഡേപോലുള്ള മാസികകളുടെ കവറായി അടിച്ചുവന്നത് ഞാനോര്‍ക്കുന്നു. ഏത് നിമിഷവും ഒരു തോക്കോ റെയ്സറോ തന്റെ ജീവനെടുത്തേക്കാമെന്ന ബോധ്യവും അയാള്‍ക്കുണ്ട്''- കഥാപാത്രങ്ങളുടെ സഞ്ചാരവഴികളെക്കുറിച്ച് സ്വാമി വാചാലനായി.
"കഴിവുള്ള ഒരാള്‍ക്ക് എല്ലായിടത്തും സ്ഥാനമുണ്ട്. എന്റെ മിക്ക സിനിമകളും ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്. ചാനലുകള്‍ സംപ്രേക്ഷണംചെയ്യുന്ന സിനിമകളുടെ ടോപ്ലിസ്റ്റില്‍ എന്റെ സിനിമകളുണ്ട്. രാജീവ് ഗാന്ധി കൊലപാതകത്തെ അവലംബിച്ച് എഴുതിയ 'ദി ട്രൂത്ത്' എന്ന സിനിമ റിലീസായശേഷം കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം സിനിമയില്‍ കാണിച്ച രീതിയില്‍ ഒരന്വേഷണംകൂടി അനൌദ്യോഗികമായി നടത്തിയതിനുശേഷമാണ് ഫയല്‍ ക്ളോസ്ചെയ്തത്. കുറ്റാന്വേഷണസിനിമകള്‍ സാധാരണഗതിയില്‍ സ്ത്രീകളെയും കുട്ടികളെയും ആകര്‍ഷിക്കാറില്ല. എന്നാല്‍ എന്റെ മിക്കവാറും സിനിമകള്‍ കുടുംബങ്ങള്‍ ആസ്വദിച്ചു കണ്ടവയാണ്. മലയാളത്തിലെ മിക്ക സംവിധായകര്‍ക്കുംവേണ്ടി ഞാന്‍ തിരക്കഥകള്‍ എഴുതിയിട്ടുണ്ട്. സിനിമയിലെത്തി 30 കൊല്ലം കഴിഞ്ഞിട്ടും 'മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍' നില്‍ക്കുകയെന്നത് ഭാഗ്യമല്ലേ....?''- സ്വാമി സസ്പെന്‍സ് ഒളിപ്പിക്കാത്ത ചിരി പാസാക്കി  ചോദിക്കുന്നു.
 ഭാര്യ ഉമയും മക്കളായ ശിവരാമകൃഷ്നും ശ്രീലക്ഷ്മിയും ഉള്‍ക്കൊള്ളുന്നതാണ് സ്വാമിയുടെ കുടുംബം.
ഒരു മിഡില്‍ ക്ളാസ് കുടുംബത്തിന്റെ സിനിമാജാക്ക്പോട്ട്....


ജാക്ക്പോട്ട് സിനിമയുടെ പോസ്റ്റര്‍
"ഒരിടത്ത് ഒരിടത്തൊരു കുതിരക്കാരനുണ്ടായിരുന്നു. കുതിരക്കാരന് അയാളുടെ കുതിരയോട് വലിയ സ്നേഹം. അയാളുടെ കുതിര ഏത് പന്തയത്തിലും ഒന്നാമന്‍. അതോടെ, കുതിരക്കാരന്റെ ശത്രുക്കള്‍ മിടുക്കന്‍ കുതിരയെ കൊല്ലാന്‍ നിശ്ചയിച്ചു.......''

അച്ഛന്‍ കഥ പാതിവഴിക്ക് നിര്‍ത്തുന്നു. ഞാന്‍ ഉറങ്ങിയോ എന്ന് നോക്കാനാണ് അര്‍ദ്ധവിരാമം. രസച്ചരട് പൊട്ടിയതിന്റെ ദേഷ്യത്തില്‍ മാറത്തെ രോമം ചുറ്റി പിടിച്ച് വലിച്ചപ്പോള്‍-"ആവൂ...'' എന്ന് നൊന്തു വിളിച്ച് അച്ഛന്‍ കഥ തുടരുന്നു.
മേളം തിയറ്റര്‍ ഷൊര്‍ണ്ണൂര്‍
"അങ്ങനെ കുതിരക്കാരന്റെ എതിരാളികള്‍ ആ വെള്ളക്കുതിരയെ കൊല്ലാന്‍ വാടകകൊലയാളിയെ ചുമതലപ്പെടുത്തി. കുതിരക്കാരന്‍ ഇല്ലാത്ത നേരത്ത് അവന്‍ കുതിരയെ വെടി വെച്ചു. ഭാഗ്യത്തിന് കാലിന്‍മേലാണ് വെടി കൊണ്ടത് കേട്ടോ...?. പക്ഷേ കുതിരയ്ക്ക് പിനെന പന്തയത്തിലൊന്നും പങ്കെടുക്കാന്‍ പറ്റാതായി. അതോടെ കുതിരയുടെ ഉടമസ്ഥന്‍ കുതിരയെ കൊല്ലാന്‍ തീരുമാനിച്ചു. എന്നാല്‍ കുതിരക്കാരന്‍ സമ്മതിക്കുമോ...?''- (ഈ വാക്കുകളെ അസ്ത്രവേഗത്തില്‍ മുറിച്ചിട്ട് അമ്മയുടെ ഡയലോഗ് ഓവര്‍ലാപ് ചെയ്യുന്നു) - "ഓ...ജാക്ക്പോട്ടും കണ്ടല്ലേ....?. എന്നായിരുന്നു...?''. അടുക്കളയിലെ ജോലികള്‍ തീര്‍ത്ത് കിടപ്പ്മുറിയിലേക്ക് നീങ്ങിയ അമ്മ പുറത്ത് നിന്ന് കഥകളൊക്കെ കേട്ടറിഞ്ഞ് മമ്മൂട്ടി നായകനായ 'ജാക്ക്പോട്ട്' എന്ന സിനിമയുടേതാണ് ആ കഥയെന്ന നിഗമനത്തിലെത്തിയ ശേഷമാണ് ഈ ഡയലോഗ് കൊള്ളേണ്ട ലക്ഷ്യസ്ഥാനത്ത് കൃത്യമായി എറിഞ്ഞുകൊള്ളിച്ചത്.
തുടര്‍ന്ന് അച്ഛന്റെ 'അയ്യത്തടാ' ഭാവം. അമ്മയുടെ വീര്‍ത്ത്കെട്ടിയ മാനം പോലെയുള്ള മുഖം. കുടുംബത്തെ കൂട്ടാതെ കൂട്ടുകാരുമൊത്ത് ജാക്ക്പോട്ടെടുക്കാന്‍ പോയതിന്റെ സാഹചര്യത്തെ പറ്റി അച്ഛന്റെ സത്യവാങ്മൂലം.
(അല്‍പ്പം ലാഗ് ചെയ്ത ഈ നീണ്ട രംഗത്തിന് ശേഷം)
കട്ട് ടു
പകല്‍
വീട്ടുമുറ്റം
ഞാനും ചേച്ചിയും സ്കൂള്‍ വിട്ട് ഉത്സാഹത്തോടെ വീട്ടില്‍ വന്ന് കയറി, ബാഗുകളെല്ലാം അതാത് മൂലകളില്‍ ഡിസ്പോസ് ചെയ്ത്, കൈയ്യും കാലും മുഖവും കഴുകി, പൌഡറിട്ട്, നിറമുള്ള വസ്ത്രങ്ങളിഞ്ഞ് കോലായിലെത്തുന്നു. അമ്മയും ഒരുങ്ങി തയാറായി ഉമ്മറത്തുണ്ട്. ശബ്ദപഥത്തില്‍ (വിജയ്സൂപ്പര്‍ സ്കൂട്ടറിന്റെ കട കട ശബ്ദം).
ഒരു മിഡില്‍ ക്ളാസ് കുടുംബം ജാക്ക്പോട്ടെടുക്കാന്‍ ഷൊര്‍ണ്ണൂര്‍ മേളം തിയറ്ററിലേക്ക്...
മേളത്തിന് അന്നും ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ല. കാലക്രമത്തില്‍ ഡിടിഎസ്, യുഎഫ്ഒ തുടങ്ങിയ സാങ്കേതികവിദ്യകള്‍ രംഗപ്രവേശം നടത്തിയതൊഴിച്ചാല്‍, പശ്ചാത്തലം മാറ്റമില്ലാതെ തുടരുന്നു.
'ജാക്ക്പോട്ട്' വര്‍ണ്ണാഭമായ പോസ്റ്ററുകള്‍.(ദീര്‍ഘദൂര കാഴ്ച)
'ഗൌതം(മമ്മൂട്ടി) എന്ന ജോക്കി ഏതോ പന്തയത്തിനിടയില്‍ കുതിരയെ അള്ളിപിടിച്ചിരിക്കുന്ന' പ്രധാന പോസ്റ്റര്‍. വര്‍ണ്ണങ്ങള്‍ക്ക് വെളിച്ചമേകി ട്യൂബ്ലൈറ്റുകള്‍. ദൂരെ നിന്ന് പോസ്റ്ററുകള്‍ പതിച്ച ഈ ഇരുമ്പ് ബോര്‍ഡ് കാണുമ്പോഴേ എനിക്ക് പെരുത്താനന്ദം.
അലങ്കാരികമായി 'നെഞ്ചൊക്കെ വീര്‍ത്ത് വീര്‍ത്ത് ബലൂണാവുക'എന്നൊക്കെ പറയാം. മേളത്തിനോട് ചേര്‍ന്ന് ഒരു ചായക്കട, തൊട്ടടുത്ത് പാര്‍ടി ഓഫീസ്, അത് കഴിഞ്ഞാല്‍ ഒരു പാഴ്പറമ്പ്(ഇപ്പോള്‍ മൃഗാശുപത്രിയും, കള്ളുഷാപ്പും ഒക്കെ) അത് കഴിഞ്ഞാല്‍ അപ്സരാ ബാര്‍...(കുറെക്കാലം അടഞ്ഞുകിടന്ന അപ്സര ഇപ്പോള്‍ ജീര്‍ണ്ണോദ്ധാരണം ഒക്കെ കഴിച്ച്, പുത്തന്‍ പ്രതിഷ്ഠ നടത്തി ഭക്തര്‍ക്കായി തുറന്നു കൊടുത്തതിന്റെ സന്തോഷം രേഖപ്പെടുത്തട്ടെ)
മേളം തിയറ്ററിന്റെ മുന്നിലെ ചുവരില്‍  അര്‍ദ്ധ നഗ്നരായ ഒരു വേടനും വേടത്തിയും ആടിത്തിമിര്‍ക്കുന്ന സീന്‍ കാര്‍വ് ചെയ്തിട്ടുണ്ട്. രണ്ടാം നിലയിലെ ബാല്‍ക്കണിയിലിരുന്ന് ഫാമിലീസ് ചിത്രം കാണുന്നു.
ടിക്കറ്റ് മുറിച്ചെടുത്ത് അകത്തെ വാതില്‍ തള്ളിതുറക്കുമ്പോള്‍, പ്രാചീനമായ കര്‍ട്ടന്റെ മാറാലഗന്ധം...വെളിച്ചത്തിന്റെ സമചതുരം. 'കമ്മീഷണര്‍' ഒക്കെ ഇറങ്ങിയ സമയം വലിയ പുകിലാണ്. പെയിന്റിളകിയ 'ഫൌസ്ഫുള്‍' ബോര്‍ഡൊക്കെ കണ്ട് സ്കൂട്ടര്‍ തിരിക്കുന്ന ദിനം അച്ഛന്റെ കാര്യം പോക്കാണ്. അമ്മയുടെ അരിശം വാക്കുകള്‍ക്കോ ദൃശ്യങ്ങള്‍ക്കോ പകര്‍ത്താനാവില്ല. ഏറ്റവും മുന്‍നിരയില്‍ ഇരുമ്പ് കസാലയൊക്കെ തരപ്പെടുത്തി സിനിമ കണ്ട് 'കഴുത്തുളുക്കിയാലും' വേണ്ടില്ല. സിനിമ കാണാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ സിനിമ കാണുകയെന്നതിലുമപ്പുറം ഒരൊറ്റ സന്ധിക്കും അവരെ തളയ്ക്കാനാവില്ല.
'ഹാളില്‍ പുകവലിക്കരുത്', 'വാഹനങ്ങള്‍ സ്വന്തം റിസ്ക്കില്‍ പാര്‍ക്ക് ചെയ്യുക', 'മുന്നിലെ കസേരയില്‍ ചവിട്ടരുത്' തുടങ്ങിയ ആപ്തവചനങ്ങള്‍ക്ക് ശേഷം ഷൊര്‍ണ്ണൂരിലെ പ്രമുഖ വസ്ത്രശേഖരങ്ങളായ 'സരിത', 'ചമയം', 'ശോഭ' എന്നിവയുടെ പരസ്യസ്ലൈഡുകള്‍... തിരിഞ്ഞു നോക്കിയാല്‍ വെളിച്ചം ഒരു ചതുരത്തില്‍ നിന്ന് പുറപ്പെട്ട് ഒരു വെളിച്ച കുഴലിലൂടെ സഞ്ചരിച്ച് മുന്നിലെ ദീര്‍ഘചതുരമുണ്ടാക്കുന്നതിലെ കാവ്യാത്മകത.
പിന്നെ മേളം തിയറ്ററിന്റെ അന്തരിച്ച സ്ഥാപകന്റെ ബ്ളാക്ക് & വൈറ്റ് പ്രൊഫൈല്‍ പടം. ഭൂതകണ്ണാടി പോലെയുള്ള സ്പെക്റ്റ്സൊക്കെ വെച്ച ഒരു പാവം കാരണവര്‍. പുള്ളിയുടെ ചിത്രം തെളിയുന്നമാത്രയില്‍ ആയിരം കുറുക്കന്‍മാരുടെ തൊണ്ടകള്‍ ഒന്നിച്ച് തുറന്നാലെന്ന പോലെ നീണ്ട കൂവലുകളും ഓരിയിടലുകളും ചില കൈയ്യടികളും..."ഇത്രയും പണം മുടക്കി ടാക്കീസുണ്ടാക്കിയിട്ടും അയാളുടെ ഒരു ഗതിയോ...?''- എന്ന അമ്മയുടെ അല്‍പ്പം ഉയര്‍ന്ന ശബ്ദത്തിലുള്ള ആത്മഗതം. പിന്നീട് പ്രിയദര്‍ശന്റെ 'മേഘം' സിനിമയില്‍ തിയറ്റര്‍ ഉടമ ഷണ്‍മുഖത്തിന്റെ പടം കാണുമ്പോള്‍ നാട്ടുകാര്‍ കൂവുന്നതും വെള്ളിത്തിരയിലെ പടത്തില്‍ നിന്നും ചാടിയിറങ്ങിയ പോലെ സ്ക്രീനിന് മുന്നില്‍ ഞെളിഞ്ഞ് നിന്ന് ഷണ്‍മുഖം മുതലാളി-"ഒരു പണക്കാരനെ മാനിക്കാന്‍ പഠിക്കെടാ...''-എന്നാക്രോശിക്കുന്നതും കാണുമ്പോള്‍ മേളം ദിനം ഓര്‍മ വരും.
ഇടവേളകളെ തണുപ്പിക്കുന്ന ഐസ്ക്രീം. ഇടവേള കഴിഞ്ഞ് മടങ്ങിയെത്തിയ അച്ഛന്റെ വിരലുകളെയും ശ്വാസത്തെയും പൊതിഞ്ഞ 'വില്‍സ്' സുഗന്ധം. ഒരോ സിനിമാ കാഴ്ച്ചകളും പിന്നീട് ഓര്‍ത്തെടുക്കാന്‍ സഹായിക്കുന്ന ചിലതൊക്കെ മനസില്‍ കുടഞ്ഞിട്ടിരുന്നു. അങ്ങനെയല്ലാത്ത ഒരു സിനിമാ കാണലും ഉണ്ടായിട്ടില്ല.
മേളത്തിനടുത്ത് തന്നെയാണ് സുമാ തിയറ്ററും. തിയറ്റര്‍ ഉടമയുടെ ഭാര്യയുടെ പേരാണ് സുമ. അവരുടെ മകന്‍ എയര്‍ഫോഴ്സിലായിരുന്നു. ഒരു വിമാനാപകടത്തില്‍ മരിച്ചു പോയ ആ യുവാവിന്റെ ചിത്രം തിയറ്ററില്‍ ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്. കല്യാണം കഴിച്ച് മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴായിരുന്നു അപകടം. പിന്നെയുള്ളത് അനുരാഗാണ്. ഹിന്ദി, തമിഴ് ചിത്രങ്ങളാണ് അധികവും പ്രദര്‍ശിപ്പിക്കാറുള്ളത്. പൊട്ടിപൊളിഞ്ഞ മരകസാലകളും തറയും, ഫെനോയിലിന്റെ മടുപ്പിക്കുന്ന ഗന്ധവുമാണ് അനുരാഗിന്... കുറേക്കാലം അടച്ചിട്ട തിയറ്റര്‍ ഈ അടുത്താണ് വീണ്ടും തുറന്നത്. ഏതെങ്കിലും നല്ല സിനിമ അനുരാഗില്‍ വന്നാല്‍ അമ്മയുടെ മുഖം ചുളിയും. 'ഇനിയിപ്പോ അവിടെ വരെ പോയി രണ്ടര മണിക്കൂര്‍ ഇരിക്കണ്ടേ...' എന്നാണ് ഭാവം. എന്നാലും പോവാതിരിക്കാന്‍ കഴിയില്ല. ചെറുതുരുത്തി സൂരജ് 'എ' കാഴ്ചകളുടെ നഗരിയാണ്.
പക്ഷേ ആദ്യം പ്രദര്‍ശിപ്പിച്ചത് മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് 'ഇരുപതാം നൂറ്റാണ്ട്'. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അമ്മയ്ക്ക് ആ സിനിമ കാണണമെന്ന് തോന്നി. ഒരുപക്ഷേ ആ സിനിമ ആദ്യം കാണാന്‍ പോയപ്പോള്‍ ഉള്ള നൊസ്റ്റാള്‍ജിക്ക് സ്മരണകളായിരിക്കും അമ്മയെ വീണ്ടും സിനിമ കാണണമെന്ന് അച്ഛനോട് ആവശ്യപ്പെടാന്‍ ഇടയാക്കിയത്. പിന്നീട് ഞങ്ങള്‍ സൂരജില്‍ പോയിട്ടില്ല.
പണ്ട് ശിവക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഒരു ജവഹര്‍ തിയറ്റര്‍ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. പക്ഷേ തീപിടിച്ച് പോയെന്ന് കേട്ടു. അവിടെ നിന്നാണ് 'നായാട്ട്' കണ്ടതെന്ന് അമ്മ പറഞ്ഞതോര്‍ക്കുന്നു. ആ വഴി പോകുമ്പോള്‍ അങ്ങനെ ഒരു കൊട്ടക അവിടെയുള്ളതായി സങ്കല്‍പ്പിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്.

ജാക്ക്പോട്ട് കണ്ട് വിജയ് സൂപ്പറില്‍ മടക്കയാത്ര. അമ്മയും ചേച്ചിയും പിന്നില്‍. ഞാന്‍ മുന്നില്‍ നില്‍ക്കും. അച്ഛനോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മുന്നില്‍ ഹെഡ്ലൈറ്റിലേക്ക് എന്തൊക്കെയൊ പാറി വീഴുന്നത് കാണാം. ചിലപ്പോള്‍ തണുപ്പില്‍ പല്ലുകള്‍ കൂട്ടിയിടിക്കും. അപ്പോഴും മനസിലെ റെയ്സ്കോഴ്സില്‍ മമ്മൂട്ടി ഫിനിഷ് പോയിന്റിലേക്ക് കുതിക്കുകയായിരിക്കും...

Thursday, December 22, 2011

  • പാടാത്ത വീണയും പാടിയ  നാളുകള്‍....
  • കാളിദാസ കലാകേന്ദ്രത്തിന്റെ 'ഡോക്ടര്‍' നാടകത്തിന് ഹാര്‍മോണിയം വായിക്കാന്‍ ആളെ ആവശ്യമുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞാണ് 1961ലെ ഒരു സുപ്രഭാതത്തില്‍ കൊച്ചിക്കാരന്‍ അര്‍ജുനന്‍ കൊല്ലത്തെത്തിയത്.
    കലാകേന്ദ്രത്തിന്റെ പടിക്കലെത്തിയപ്പോള്‍ ചെറിയ വിറയലുണ്ടായി. മുറിക്കകത്തിരിക്കുന്നത് സാക്ഷാല്‍ ദേവരാജന്‍ മാസ്റ്ററാണ്. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ മാസ്റ്ററെ ഇഷ്ടരാഗങ്ങളോടൊപ്പം മനസ്സില്‍ സൂക്ഷിച്ച് ആരാധിച്ചിരുന്നു, ആ ഇരുപത്തിനാലുകാരന്‍. ആരാണെന്ന് അന്വേഷിച്ച ആളോട് ഹാര്‍മോണിയം വായിക്കാന്‍ വന്ന കൊച്ചിക്കാരന്‍ അര്‍ജുനന്‍ ആണെന്ന് അകത്ത് അറിയിക്കാന്‍ പറഞ്ഞേല്‍പ്പിച്ചു.
    'ഹാര്‍മോണിയം വായിക്കാന്‍ കൊച്ചിക്കാരന്‍ അര്‍ജുനന്‍ വന്നു നില്‍ക്കുന്നു..' അകത്തുചെന്നു പറയുന്നതു കേട്ടു. അല്‍പ്പസമയത്തിനു ശേഷം പരുക്കന്‍സ്വരത്തില്‍ ഒരു മറുപടി- 'അര്‍ജുനനായാലും ഭീമനായാലും പണി അറിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞുവിടും...'. നെഞ്ചിടിപ്പോടെ പുറത്തുനിന്ന അര്‍ജുനന്‍ മുന്നിലെ തൂണില്‍ ഉറപ്പിനായി പിടിച്ച നിമിഷം ദേവരാജന്‍ മാഷ് വരാന്തയിലേക്കിറങ്ങി വന്നു.
    അതുല്യമായ ഗുരു-ശിഷ്യ ബന്ധത്തിന്റെ തുടക്കമായിരുന്നു ആ കൂടിക്കാഴ്ച. മാസ്റ്ററുടെ മരണശേഷവും തന്നിലെ നന്മയെല്ലാം ഗുരുക്കന്‍മാരില്‍നിന്നു പകര്‍ന്നുകിട്ടിയതാണെന്ന് അര്‍ജുനന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ ആ മുഹൂര്‍ത്തം ജനി-മൃതികള്‍ക്കപ്പുറത്തേക്കും നീണ്ടു.
     പഴനി ജീവകാരുണ്യാശ്രമത്തില്‍ വച്ചാണ് അര്‍ജുനന്‍ ആദ്യമായി ഹാര്‍മോണിയം കാണുന്നത്. എല്ലാ സായാഹ്നങ്ങളിലും ആശ്രമത്തില്‍ ഭജനകള്‍ പാടുന്ന ഗായകസംഘമുണ്ടായിരുന്നു.  ഗഞ്ചിറയുടെയും ദോലക്കിന്റെയും ഹാര്‍മോണിയത്തിന്റെയും ഈണവും താളവും ആത്മാവില്‍ ഏറ്റുവാങ്ങിയ നാളുകള്‍. ഫോര്‍ട്ട്കൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും 14 കുട്ടികളില്‍ ഏറ്റവും ഇളയവനായി 1936 മാര്‍ച്ച് ഒന്നിനു ജനിച്ച എം കെ അര്‍ജുനനെ ജീവിതപ്രാരാബ്ധങ്ങളാണ് പഴനി ആശ്രമത്തിലെത്തിച്ചത്. ആശ്രമത്തില്‍ സ്വാമിമാര്‍ പറഞ്ഞുതരുന്നത് കുട്ടികള്‍ പാടിത്തുടങ്ങിയപ്പോള്‍ അര്‍ജുനനും ജ്യേഷ്ഠന്‍ പ്രഭാകരനും വാസനയുണ്ടെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് പാട്ടു പഠിപ്പിക്കാന്‍ അവര്‍തന്നെ സൌകര്യമൊരുക്കി. ജനിച്ച് ആറുമാസം തികയുന്നതിനുമുമ്പ് അച്ഛന്‍ നഷ്ടപ്പെട്ട കുട്ടിയുടെ മനസ്സിലെ മണ്‍വീണയില്‍ അനാഥത്വം കൂടുകെട്ടിയിരുന്നു. ജീവിതമെന്ന ഗാനത്തിന്റെ  സ്വരസ്ഥാനവും ഭാവിരാഗത്തിന്റെ  സഞ്ചാരഗതികളും  ഉറപ്പിച്ചത് പഴനി ജീവകാരുണ്യാശ്രമത്തിലെ ബാല്യകാലമാണെന്ന് അര്‍ജുനന്‍ മാസ്റ്റര്‍ ഓര്‍ക്കുന്നു.
    'ജനനീ ജന്മഭൂമി', 'അള്‍ത്താര', 'മുത്തുച്ചിപ്പി', 'കടല്‍പ്പാലം' തുടങ്ങി നിരവധി നാടകങ്ങള്‍ക്ക് അര്‍ജുനന്റെ ഹാര്‍മോണിയം ശ്രുതി പകര്‍ന്നു. കാളിദാസകേന്ദ്രത്തിന് നാടകമില്ലാത്ത സമയത്ത് കായംകുളം പീപ്പിള്‍സ് തിയറ്റേഴ്സ് (കെപിഎസി), ചങ്ങനാശേരി ഗീഥ, സൂര്യസോമ, ആലപ്പി തിയറ്റേഴ്സ്, കോഴിക്കോട് ചിരന്തന, ആറ്റിങ്ങല്‍ ദേശാഭിമാനി തുടങ്ങിയ സമിതികളുമായി സഹകരിച്ചു. കറുത്ത പൌര്‍ണമി (1968) ചിത്രത്തിലൂടെ അര്‍ജുനന്‍ മാഷ് സ്വതന്ത്ര സംഗീതസംവിധായകനായി. കറുത്ത പൌര്‍ണമിയിലെ പാട്ടുകള്‍ കേട്ട് ഇഷ്ടപ്പെട്ട ശ്രീകുമാരന്‍ തമ്പിയാണ് കെ പി കൊട്ടാരക്കരയോട് അര്‍ജുനന്റെ പേരു പറയുന്നത്. റസ്റ്റ്ഹൌസ് എന്ന ചിത്രം നിര്‍മിക്കാനുള്ള ഒരുക്കത്തിലായിരുന്നു കൊട്ടാരക്കര അപ്പോള്‍. മദ്രാസിലെത്തി തന്നെ കണ്ട ഉയരംകുറഞ്ഞ മെലിഞ്ഞ ചെറുപ്പക്കാരനെ കൊട്ടാരക്കരയ്ക്ക് കാഴ്ചയ്ക്കു പിടിച്ചില്ല. എന്നാല്‍ ചമ്രംപടിഞ്ഞിരുന്ന് ഹാര്‍മോണിയത്തില്‍ വിരലോടിച്ചപ്പോള്‍ കഥ മാറി. എത്രയോ ചുണ്ടുകള്‍ മൂളിനടന്ന 'പാടാത്ത വീണയും പാടും', 'യദുകുലരതിദേവനെവിടെ' തുടങ്ങിയ ഗാനങ്ങളും എം കെ അര്‍ജുനന്‍ എന്ന സംഗീതസംവിധായകനും ശ്രീകുമാരന്‍തമ്പി-എം കെ അര്‍ജുനന്‍ ജോഡിയും മലയാളത്തില്‍ പിറന്നത് 1964 ല്‍ പുറത്തിറങ്ങിയ റസ്റ്റ് ഹൌസോടെയാണ്. 1970-80 കാലഘട്ടം മലയാളസിനിമയ്ക്കു നല്‍കിയ സുവര്‍ണഗാനങ്ങളില്‍ എം കെ അര്‍ജുനന്റെ പങ്ക് വലുതാണ്.
    പണ്ട് കാലത്ത് റെക്കോഡിങ്ങ് വേളകള്‍ ഉത്സവപ്രതീതിയാണ് ജനിപ്പിച്ചിരുന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഓര്‍ക്കസ്ട്രയിലെ എല്ലാവര്‍ക്കും അവരവരുടേതായ പങ്കുവഹിക്കാനുണ്ടാവും. അവരുടെയെല്ലാം നാഥന്റെ റോളാണ് സംഗീതസംവിധായകന്- അദ്ദേഹം പറഞ്ഞു. സിനിമയില്‍ തിരക്കേറിയ '70-'80 കാലഘട്ടങ്ങളിലും മദ്രാസില്‍ താമസിക്കാനൊന്നും അര്‍ജുനന്‍ മാഷ് നില്‍ക്കില്ല. പണി കഴിഞ്ഞാല്‍ നാട്ടില്‍ ഭാര്യ ഭാരതിയും മക്കളുമടങ്ങുന്ന കൊച്ചുലോകത്തേക്കു മടങ്ങിയെത്താനാണ് തിടുക്കം.
    പാട്ടിന് സംഗീതം നല്‍കി എന്ന് അര്‍ജുനന്‍ മാഷ് ഒരിക്കല്‍പ്പോലും പറഞ്ഞില്ല. അര്‍ഥമുള്ള കവിതയ്ക്ക് സംഗീതചിറകു നല്‍കുന്ന മൃദുസ്പര്‍ശം നല്‍കാനാണ് മാഷ് എന്നും ശ്രദ്ധിച്ചിട്ടുള്ളത്. ആരു പാടണമെന്ന് ഞാന്‍ ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ല. ആരു പാടിയാലും സന്തോഷമാണ്. 'യേശുവിന് അക്ഷരസ്ഫുടതയുണ്ട്. കവിതയുടെ ഭാവം ചോരാതെ പാടും. രാഗങ്ങളുടെ സഞ്ചാരത്തെപ്പറ്റി നല്ല ധാരണയാണ്'- മറ്റു ഗായകരെ അപേക്ഷിച്ച് യേശുദാസിനുള്ള ഗുണങ്ങളെപ്പറ്റി മാഷ് വാചാലനായി. ഫോര്‍ട്ട്കൊച്ചി ഇലഞ്ഞിക്കല്‍ വീട്ടില്‍വച്ച് യേശു പാടിയ ഒരു പാര്‍ടി ഗാനം താന്‍ റെക്കോഡ്ചെയ്തു കേള്‍പ്പിച്ചപ്പോഴാണ് യേശുദാസ് ആദ്യമായി സ്വന്തം സ്വരം റെക്കോഡില്‍ കേട്ടതെന്ന് സന്തോഷത്തോടെ മാഷ് സ്മരിച്ചു. 'അയാള്‍ക്കത് വലിയ സന്തോഷമായിരുന്നു. പിന്നീട് പലപ്പോഴും യേശു അതു പറഞ്ഞിട്ടുണ്ട്'- അര്‍ജുനന്‍ മാഷ് പറഞ്ഞു.
    ജയരാജ് സംവിധാനംചെയ്യുന്ന 'നായിക' എന്ന ചിത്രത്തില്‍ എം കെ അര്‍ജുനന്‍ ഈണമിട്ട 'കസ്തൂരി മണക്കുന്നല്ലോ' എന്ന പാട്ട് ദാസ് വീണ്ടും ആലപിച്ചിരുന്നു. 'റെയില്‍വേസ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ചിലര്‍ പെട്ടെന്ന് തിരിച്ചറിയും. അരികിലേക്ക് ഓടി വന്ന് കാലില്‍തൊട്ട് നമസ്കരിക്കുമ്പോള്‍ അവര്‍ പറയും- മാഷിന്റെ പാട്ട് പാടിയാണ് എനിക്ക് മത്സരത്തില്‍ സമ്മാനം കിട്ടിയത്. മാഷിന്റെ എല്ലാ പാട്ടും ഇഷ്ടമാണ്. ചിലപ്പോള്‍ ചിലര്‍ ഫോണില്‍ വിളിച്ച് സന്തോഷം പറയും. സംഗീതംകൊണ്ട് ചിലതെല്ലാം നമ്മള്‍ ചെയ്തെന്നു തോന്നുന്ന നിമിഷങ്ങള്‍...'- അര്‍ജുനന്‍ മാഷ് പറഞ്ഞുനിര്‍ത്തി. ഹാര്‍മോണിയം ചേര്‍ത്തുപിടിക്കാന്‍ വലതു കൈയിന് ചെറിയ അസൌകര്യമുള്ളതൊഴിച്ചാല്‍ 75-ാം വയസ്സില്‍ അര്‍ജുനന്‍ മാഷ് എല്ലാ അ
    ര്‍ഥത്തിലും സന്തുഷ്ടനാ
    ണ്.

Wednesday, December 21, 2011

ഇസ്താംബൂള്‍ മ്യൂസിയം.


വിഖ്യാത തുര്‍ക്കിഷ് എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഓര്‍ഹന്‍ പാമുക്കിനെ ഉപമിക്കാറുള്ളത് ബോസ്ഫറസ് പാലത്തോടാണ്. യൂറോപ്പിനേയും ഏഷ്യയേയും കോര്‍ത്തിണക്കുന്ന   പാലം കിഴക്കിനേയും പടിഞ്ഞാറിനേയും ബന്ധിപ്പിക്കുന്ന അദ്ദേഹത്തിന് യോജിച്ച ഉപമയാണ്. ബോസ്ഫറസുമായി ഉപമിക്കുന്നതില്‍ പാമുക്കിനും സന്തോഷം-"പാലം ഒന്നിനും സ്വന്തമല്ല... സംസ്ക്കാരത്തിനും  ഭൂഖണ്ഡത്തിനും സ്വന്തമല്ലത്.'' പാമുക്ക് പറയുന്നു. പാമുക്കിന്റെ എഴുത്തുമുറിയില്‍ നിന്ന് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇസ്താംബൂളിലെ തോപ്കാപി കൊട്ടാരത്തിലേക്ക് ഒരു ഡ്രൈവിന്റെ അകലം . 400 വര്‍ഷം ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ  ആസ്ഥാനമന്ദിരമായ തോപ്കാപി മ്യൂസിയത്തിന്റെ  ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ നഗരത്തിന്റെ ഹൈ-ആംഗിള്‍ ഷോട്ട്- സാമ്രാജ്യങ്ങള്‍ ഗര്‍വോടെ മോതിരവിരലില്‍ അണിഞ്ഞ നഗരം ചരിത്രത്തിന്റെ വിഷാദ സ്മൃതിയില്‍ തല കുനിച്ചു നില്‍ക്കുന്നു. വിഷാദാക്കം കൂട്ടി പൊഴിയുന്ന മഞ്ഞ്, തിരക്ക് തേനീച്ച കൂടാക്കിയ ബസാറുകള്‍, ആകാശത്തിലെ സ്മാരകശിലകളായ പള്ളി മിനാരങ്ങള്‍.. അതിനെല്ലാമപ്പുറത്ത് അനുമാനിക്കാന്‍  പറ്റുന്ന ബോസ്ഫറസ് കടലിടുക്കിന്റെ കറുപ്പ്.. ഇടവിട്ടുയരുന്ന ഗോള്‍ഡന്‍ ഹോണ്‍ തുറമുഖത്തെ ചരക്ക് കപ്പലുകളുടെ യാത്രാമൊഴി.
                                    തോപ്കാപി കൊട്ടാരമാണ് ഓര്‍ഹന്‍പാമുക്കിന്റെ  'മൈ നെയിം ഈസ് റെഡ് 'നോവലിന്റെ ഭൂമിക. ഒട്ടോമന്‍ ചക്രവര്‍ത്തിമാരുടെ അഭിമാനമായ ചുവര്‍ചിത്രകാരന്‍മാരുടെ ഗാഥയാണത്. സുല്‍ത്താന്‍ മുറാദ് മൂന്നാമന്റെ നിര്‍ദേശപ്രകാരം പ്രതിഭയുടെ ഹൃദയം എലഗെന്റ് എഫന്‍ഡിയുടെ നേതൃത്വത്തില്‍ രഹസ്യപുസ്തകം തയാറാവുന്നു. കിഴക്കിന്റെ രീതികളില്‍ നിന്ന്  വഴിമാറി വെനീഷ്യന്‍ സമ്പ്രദായം അവലംബിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത് സുല്‍ത്താന്റെ  നിര്‍ബന്ധമായിരുന്നു. ആ മാതൃക അനുകരിക്കാന്‍ ചിത്രകാരന്‍മാര്‍ പരിശ്രമിക്കുന്നതിനിടയില്‍ ഗുരു എലഗന്റ് എഫന്‍ഡി കൊല്ലപ്പെടുന്നു. സംസ്കാരത്തിന്റെ ജൈവികതയില്‍ നിന്നും വേറിട്ട് നടന്ന കലാകാരന്‍മാര്‍ അനിവാര്യമെന്ന പോലെ അസൂയയുടെയും പകയുടെയും നരകത്തില്‍ പതിച്ചു. കലയോടുള്ള അവരുടെ ആത്മാര്‍പ്പണം  അമ്പരപ്പിക്കും.  പ്ളാറ്റോ പറഞ്ഞ പോലെ അനുകരണമാണ് അവര്‍ക്ക് ഏറ്റവും മഹത്ത്വമേറിയ കല. ചിത്രകാരന്‍ വരച്ച കുതിര അയാളുടെ സ്വന്തം കുതിരയായിരിക്കും. തടവറയുടെ കട്ടപിടിച്ച ഇരുട്ടിലും സ്വന്തം കുതിരയെ  കൈയ്യൊപ്പോടെ   വരയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കും. വര്‍ഷങ്ങളുടെ സാധനയിലൂടെയാണ് ഈ പ്രതിഭ സ്വന്തമാക്കുന്നത്. കണ്ണുകളുടെ അമിതോപയോഗം  പലരെയും അകാലത്തില്‍ അന്ധരാക്കും. ചിത്രകാരന് കിട്ടിയ  വലിയ അംഗീകാരവും ഇതാണ്. ഈ ബഹുമതി സ്വന്തമാക്കാന്‍ സ്വര്‍ണ്ണസൂചിയാല്‍ ചിലര്‍ കണ്ണ് പൊട്ടിക്കുന്ന ദൃശ്യം സായാഹ്ന സൂര്യശോഭയില്‍ പാമുക്ക് വിവരിക്കുമ്പോള്‍ വായനക്കാരന്റെ ആത്മാവിലൂടെയാണ് വിറ പായുന്നത്. കലയ്ക്കായി ജന്‍മം സമര്‍പ്പിച്ച പാരമ്പര്യമാണ് പാമുക്കിന്റേയും കൈമുതല്‍. ഉത്താരുധിനികമെന്ന് വിശേഷിപ്പിക്കാവുന്ന രചനാരീതിയാണ് പാമുക്കിന്റേത്. അദ്ദേഹത്തെ വായിക്കുമ്പോള്‍ രചനയുടെ നഗരത്തില്‍ ഉത്തരാധുനികത ഉണ്ടാക്കിയ ഭൂകമ്പത്തിന്റെ ശക്തി  ബോധ്യപെടും. സ്ഥല- കാല ആഖ്യാനത്തിന്റെ അച്ചാണി ഊരിത്തെറിച്ച ഭാഷ സ്വയം ഭ്രമണപഥം കണ്ടെത്തുന്നത് ഉള്‍ത്തരിപ്പോടെ വായനക്കാര്‍ തിരിച്ചറിയും.
ആഖ്യാനനൂലില്‍ സ്മരണയുടെ ചുവന്നമുത്തിനെ  കോര്‍ക്കുന്ന രീതി മാസ്റ്റര്‍പീസെന്ന് ലോകം വിലയിരുത്തിയ 'ബ്ളാക്ക് ബുക്കി' ലും തുടരുന്നു.  സായാഹ്നത്തില്‍ ഓഫീസില്‍ നിന്നും മടങ്ങിയ അഡ്വ ഗാലിപ് ഭാര്യ റൂയ ചെറുകുറിപ്പ് മാത്രം ശേഷിപ്പിച്ച്  പോയതായി മനസിലാക്കുന്നു. ബോസ്ഫറസ് പാലത്തിലൂടെ, ഇസ്താംബൂള്‍ തെരുവിലൂടെ റൂയയുടെ പൊള്ളുന്ന സ്മരണയുമായി ഗാലിപ് അലയുന്നു. അവള്‍ ഊരിയിട്ട ഹെയര്‍ ക്ളിപ്പുള്‍പ്പടെയുള്ള തിരുശേഷിപ്പുകള്‍ ഗാലിപിന്റെ  ആത്മാവില്‍ ചിത കൊളുത്തുന്നു. ബന്ധുവും  കോളമിസ്റ്റുമായ ജലാലിനെ ചുറ്റിപറ്റിയാണ് അന്വേഷണം നീങ്ങുന്നത്. ജലാലും അപ്രത്യക്ഷനാണ്. അന്വേഷണത്തിന്റെ പാരമ്യത്തിലാവട്ടെ, അന്വേഷകന്‍ ജലാലായി മാറുന്നു. ജലാലിന്റെ ഫ്ളാറ്റില്‍ താമസിക്കുന്ന ഗാലിപ് അയാളുടെ ഓര്‍മകളുടെ ശേഖരത്തിലൂടെ ഭ്രാന്തമായി സഞ്ചരിക്കുന്നു. പത്രത്തില്‍ ജലാലിന്റെ കോളം  എഴുതുന്നു. ആത്മാവിന്റെ  അതിരുവിട്ട അനുകരണവാസന സൃഷ്ടിച്ച  അസ്തിത്വ സംശയമാണ് നോവലിന്റെ  കാതല്‍. തുര്‍ക്കിയില്‍ മാറ്റത്തിന്റെ കാഹളമൂതിയ അറ്റാതുര്‍ക്കിന്റെ വിടവാങ്ങലിന് ശേഷം സംഭവിച്ചതും ഇതാണ്. ' ചലനവും ചേഷ്ടയും പുഞ്ചിരിയും താരങ്ങളുടെ വികൃതാനുകരണം മാത്രമായി അധപതിക്കുന്ന ദാരുണാവസ്ഥ. പാമുക്കിന്റെ ഭാവനയാവട്ടെ  കാലമാകുന്ന മണല്‍ കുമ്പിളില്‍ നിന്ന് വ്യക്തിത്വമുള്ള ഓര്‍മകളുടെ കാന്തതരികളെ  വേര്‍തിരിച്ചെടുക്കുന്ന കാന്തമാകുന്നു.
         70 കള്‍ക്ക് ശേഷം തുര്‍ക്കി രാഷ്ട്രീയത്തിലുണ്ടായ മാറ്റം  ഗൌരവത്തോടെ വിലയിരുത്തിയ 'സ്നോയും' ഓര്‍മയുടെ മടക്കയാരതയാണ്.  തട്ടമിടാനുള്ള അവകാശം നിഷേധിച്ചതിനാല്‍ കൌമാരക്കാരികള്‍ ആത്മഹത്യ പരമ്പര സൃഷ്ടിച്ച ഗ്രാമത്തിലെത്തിയ പത്രപ്രവര്‍ത്തകന്‍ 'കാ'യും നഷ്ടപ്പെട്ട കാമിനിയെ തിരിച്ച് കിട്ടുമെന്ന  വിശ്വാസം സൂക്ഷിക്കുന്നുണ്ട്. 'മൈ നെയിം ഈസ് റെഡിലെ' നായകനും  സമാനാവസ്ഥയിലാണ്. ഉസ്മാന്റെ ജീവിതത്തില്‍ കപ്പല്‍ചേതമുണ്ടാക്കിയ പുസ്തകം പ്രമേയമാക്കിയ നോവലാണ് 'ന്യൂലൈഫ്'. 'സൈലന്റ് ഹൌസ്', 'വൈറ്റ്കാസില്‍'  ഒടുവില്‍ ഇറങ്ങിയ 'മ്യൂസിയം ഓഫ് ഇനസന്‍സ്' എന്നീ സൃഷ്ടികള്‍ പാമുക്കിന്റെ സമ്പ്രദായം വ്യക്തമായി അടയാളപ്പെടുത്തുന്നു. 
         മ്യൂസിയം ഓഫ് ഇനസന്‍സില്‍ 70-80 ലെ തുര്‍ക്കി ജീവിതമാണ് വിഷയമാക്കിയത്.  കമാലിന് ബന്ധുവും നിര്‍ധനകുടുംബാംഗവുമായ ഫസനോടു തോന്നിയ അപൂര്‍വ്വരാഗത്തെ വരച്ചിടുകയാണ് നോവലില്‍.  പ്രണയത്തെ കാമനകളുടെ കേളിയായി  വിലയിരുത്തിയ കമാലിന്റെ ജീവിതം പിന്നീട് പിരിഞ്ഞു പോയ ഫസനായുള്ള ഏകാഗ്ര ധ്യാനമാകുന്നു. ഒരോ കാലത്തായി അവള്‍ ഉപേക്ഷിച്ച വസ്തുക്കള്‍ സൂക്ഷിക്കുന്ന അയാള്‍ അനുരാഗത്തിന്റെ മ്യൂസിയമാകുന്നു. പാന്റീസുകള്‍, നെയില്‍കട്ടര്‍, 4213 സിഗരറ്റ് കുറ്റി  പലതും അയാള്‍ ശേഖരിക്കുന്നു.
നോവലില്‍ ലയിച്ച  വായനക്കാരിയുടെ  അനുഭവം വായിക്കാം- "അവസാന പേജുകള്‍ വായിച്ചപ്പോള്‍ കരയുകയായിരുന്നു. ഞാന്‍ വിങ്ങിപ്പൊട്ടി. എനിക്കറിയാം പാമുക്കിന്റെ നോവലാണിതെന്ന്... പ്രായമേറുമ്പോള്‍ കലാകാരന്‍മാര്‍ സ്വയം ശുദ്ധീകരിക്കുമെന്ന് കേട്ടിരുന്നു. പാമുക്ക് സമ്മാനിച്ചതാവട്ടെ  പരിശുദ്ധമായ ഒരനുഭവവും. ''
കാഫ്കയില്‍ നിന്നും പൊട്ടിമുളച്ചവരാണ് പാമുക്കും മാര്‍കേസും കാല്‍വിനോയും കുന്ദേരയും.  ഏകാഗ്രതയില്‍  പാമുക്ക് ഇവരെ നിഷ്പ്രയാസം മറികടക്കുന്നു. ഫ്ളാറ്റില്‍ അടച്ചു പൂട്ടി തുര്‍ക്കിയുടെ പൊട്ടും പൊടിയും ചേര്‍ത്ത് മറ്റൊരു തുര്‍ക്കിയെ നെയ്യുകയാണ് അദ്ദേഹം. സ്വീഡിഷ് അക്കാദമി വിലയിരുത്തിയ പോലെ  ഇത് മഹത്ത്വമേറിയ സംസ്ക്കാരത്തില്‍ ലയിക്കലാണ്. ഭൂഖണ്ഡവും ജനപഥവും രാജ്യാതിര്‍ത്തിയും ഭേദിച്ച് 44 ഭാഷയിലും  പാമുക്കിനെ ആസ്വദിക്കുന്നതും ഇതു കൊണ്ടാണ്. ഒരോ വാക്കും ഓര്‍മകള്‍ക്കായുള്ള ദുഅ്വ ഇരക്കലാവുന്ന അനുഭവം മറ്റെവിടെ നിന്നാണ് കിട്ടുക ?.
ഉമ്പര്‍ട്ടോഎക്കോ പറഞ്ഞതു പോലെ " എഴുതുമ്പോള്‍ മൂന്നുവിരല്‍ മാത്രമല്ല ശരീരവും തലച്ചോറും ഹൃദയവും  വിങ്ങുന്ന അവസ്ഥ ''പാമുക്കിന്റെ രചനയെ പറ്റിയാവുമ്പോള്‍ അതിശയോക്തിയല്ല.

Tuesday, December 20, 2011

വരച്ച വരയില്‍ യേശുദാസന്‍....
വരകളേക്കാള്‍ മുമ്പ് മനസ്സിലുറച്ചത് അക്ഷരങ്ങളാണെന്ന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പറയുന്നു. തൃക്കാക്കരയിലെ വാടകവീട്ടില്‍ വില്ലേജ് ഓഫീസറായ അച്ഛന്‍ ജോണ്‍മത്തായിയുടെ ഏതോ കൂട്ടുകാരന്‍ വന്നപ്പോള്‍ സമ്മാനമായി കൊച്ചുകൈയ്യില്‍ പിടിപ്പിച്ച മുള്ളന്‍പന്നിയുടെ നീണ്ട് അറ്റംകൂര്‍ത്ത മുള്ളുകള്‍ മഷിയില്‍ മുക്കി പേനയാക്കിയാണ് ഭംഗിയുള്ള അക്ഷരങ്ങളെഴുതാന്‍ പഠിച്ചതെന്ന് യേശുദാസന്‍ ഓര്‍മിച്ചു.
സ്കൂള്‍ പഠനകാലത്ത് ഇടപ്പള്ളിയില്‍ മഹാകവി ചങ്ങമ്പുഴയുടെ വീടിന് മുന്നില്‍ പോയി നിന്നപ്പോഴും ഗെയ്റ്റിനടുത്ത് മതിലില്‍ പതിച്ചിരുന്ന 'ചങ്ങമ്പുഴ' എന്ന ബോര്‍ഡിലെ 'ഴ' എന്ന അക്ഷരത്തിന്റെ ഒഴുക്കും നീണ്ടവാലുമാണ് യേശുദാസനെ ആകര്‍ഷിച്ചത്. 'കാര്‍ട്ടൂണിസ്റ്റാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. എഞ്ചിനിയറാകാനായിരുന്നു ആഗ്രഹം. എഞ്ചിനിയറായാല്‍ കുറെ പണമുണ്ടാക്കാന്‍ സാധിക്കുമെന്ന ചിന്തയായിരുന്നു മനസില്‍'- ഇടപ്പള്ളി ചങ്ങമ്പുഴ നഗറിലെ വീട്ടിലിരുന്ന് യേശുദാസന്‍ പറഞ്ഞു. അതിനും മുമ്പ് തന്നെ യേശുവിന്റെ ദാസനാക്കാനായിരുന്നു വീട്ടുകാരുടെ ഉള്ളിലിരുപ്പെന്ന് മലയാളികളുടെ പ്രിയ കാര്‍ട്ടുണിസ്റ്റ് പറഞ്ഞു. പക്ഷേ അക്കാലത്ത് സെമിനാരിയിലെ അച്ഛന്‍മാരുടെ ജീവിതം യാതനകളും പീഡനങ്ങളും നിറഞ്ഞതായിരുന്നു. 'അച്ഛന്‍' പട്ടത്തിന് ഇന്നത്തെ ഗ്ളാമറുണ്ടായിരുന്നെങ്കില്‍ താന്‍ തീര്‍ച്ചയായും വൈദികനായേനെയെന്ന് പുഞ്ചിരിയോടെ കൂട്ടിചേര്‍ക്കാനും അദ്ദേഹം മടിച്ചില്ല. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഡള്ളാസ് അണുബോബുമായി നൃത്തം ചവിട്ടുന്ന ആദ്യ കാര്‍ട്ടൂണ്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'അശോകം' വാരികയില്‍ അടിച്ചു വന്നിട്ട് 56 കൊല്ലം കഴിഞ്ഞു. ചിത്രകലാദ്ധ്യാപകനായിരുന്ന ജ്യേഷ്ഠന്‍ കുര്യാക്കോസിന്റെ വരകളെ അനുകരിച്ചായിരുന്നു ആദ്യ സൃഷ്ടികള്‍. വിരലുകളില്‍ പെന്‍സിലും സ്കെച്ച്പേനയും ബ്രഷും മാറിമറിഞ്ഞ് ' ജര്‍മ്മന്‍ നിര്‍മിത 'റോട്ടെറിങ്ങ്-ഇങ്ക്' ആയപ്പോഴേക്കും യേശുദാസന്‍ ഇന്ത്യയിലെ എണ്ണം പറഞ്ഞ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായി.
വിമോചനസമരകാലത്ത് ജനയുഗത്തില്‍ അടിച്ച് വന്ന 'പടത്തലവന്റെ പടപ്പുറപ്പാട്' ആണ് മാവേലികര ഭരണിക്കാവ് ഗ്രാമത്തില്‍ കുന്നേല്‍ ചക്കാലെത്ത് വീട്ടില്‍ യേശുദാസന്റെ ആദ്യ ഹിറ്റ് കാര്‍ട്ടൂണ്‍. 'ഇഎംഎസിന്റെ മേശക്കാലില്‍ ഞാന്റെ കുതിരയെ കെട്ടുമെന്ന' മന്നത്ത് പത്മനാഭന്റെ  അശ്വമേധപ്രഖ്യാപനത്തെ പരിഹസിച്ച്  മരക്കുതിരയില്‍ പുളയുന്ന ചാട്ടവാറുമായി നീങ്ങുന്ന നായര്‍ പടത്തലവനെയായിരുന്നു യേശുദാസന്‍ വരച്ചത്. ഒരു സുപ്രഭാതത്തില്‍ വീട്ടുമുറ്റത്ത് ഇരച്ചെത്തിയ കാറില്‍ നിന്ന് പികെവിയും കാമ്പിശേരിയും ചാടിയിറങ്ങി വീട്ടുമുറ്റത്തെത്തി അന്തം വിട്ട മാതാപിതാക്കളോട് 'യേശുദാസനെ ജനയുഗം അങ്ങ് എടുക്കുകയാ...' എന്ന ഡയലോഗ് പറയുന്നതാണ് യേശുദാസന്റെ ഓര്‍മയിലെ അടുത്ത രംഗം. ജൂലൈ 19 1959ല്‍ മലയാളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണായ 'കിട്ടുമ്മാവന്‍' ജനയുഗത്തില്‍ പ്രത്യക്ഷപ്പെട്ടു. വെയിലും മഴയും ഉള്‍പ്പടെ സകലതും ചോര്‍ന്നൊലിക്കുന്ന കുടക്കീഴില്‍ നിന്ന് സൂര്യന് താഴെയുള്ള സകലതിനെയും പറ്റി ചര്‍ച്ച ചെയ്യുന്ന കിട്ടുമ്മാവനെയും കൂട്ടുകാരനായ ചട്ടമ്പി പൈലിയേയും കേരളം ഏറ്റെടുത്തു. ഒ വി വിജയന്‍ പേട്രിയറ്റില്‍ ചേരാന്‍ വേണ്ടി രാജി വെച്ച സാഹചര്യത്തില്‍ യേശുദാസന്‍ 1963ല്‍ ശങ്കേഴ്സ് വീക്കിലിയില്‍ ചേര്‍ന്നു. ഒരിക്കല്‍ വീക്കിലിയ്ക്കായി പട്ടംതാണുപിള്ളയെ വരച്ച് കൈയ്യില്‍ കൊടുത്തപ്പോള്‍ പെന്‍സില്‍ കൊണ്ട് കാര്‍ട്ടൂണില്‍ ഗുണനചിഹ്നമിട്ട് ശങ്കര്‍ പറഞ്ഞു- 'ഇത് പട്ടമല്ല'. കാര്യം പിടികിട്ടാതെ പകച്ചു നിന്ന യേശുദാസനോട് ശങ്കര്‍ പറഞ്ഞു-'പട്ടത്തിന്റെ മൂക്കിന് താഴെ ചെറിയ അരിമ്പാറ കൂടിയുണ്ട്. അതുണ്ടായാലേ പട്ടം പട്ടമാകൂ'. വിശദാംശങ്ങളെ പോലും പകര്‍ത്തുന്ന വരകള്‍ക്ക് കടപ്പെട്ടിരിക്കുന്നത് ശങ്കറിനോടാണെന്ന് യേശുദാസന്‍ പറഞ്ഞു. ശങ്കേഴ്സില്‍ മുമ്പുണ്ടായിരുന്ന അബുഎബ്രഹാമിന്റെയും ഒ വി വിജയന്റെയും ശൈലികളോട് ശങ്കറിന് യോജിപ്പുണ്ടായിരുന്നില്ല. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ അബുഎബ്രഹാം കോട്ടും സ്യൂട്ടുമണിഞ്ഞ് കൈയ്യില്‍ പുകയുന്ന ഹുക്കയുമായി തന്റെ മുന്നില്‍ വന്ന് 'ഹലോ മിസ്റ്റര്‍ ശങ്കര്‍' എന്ന് വിളിച്ച കാര്യം ഓര്‍മിപ്പിച്ച ശേഷം ശങ്കര്‍ പറഞ്ഞു-'നിങ്ങള്‍ എത്ര വലിയ കാര്‍ട്ടൂണിസ്റ്റായാലും അതു പോലെയാകരുത്'.
ശങ്കേഴ്സ് വീക്കിലിയില്‍ ചേരുന്നതിന് മുമ്പ് തന്നെ മലയാളി എംപിമാരും മറ്റും ശങ്കറിന്റെ വീരഗാഥകള്‍ പറഞ്ഞു കേള്‍ക്കാറുണ്ടായിരുന്നെന്ന് യേശുദാസന്‍ പറഞ്ഞു. ഒന്‍പത് പുരാണകിലയിലെ പ്രശസ്തമായ വീട്ടില്‍ പ്രധാനമന്ത്രി നെഹ്റു ഉള്‍പ്പടെയുള്ളവര്‍ നിത്യസന്ദര്‍ശകരാണെന്നും ചെറിയ ഡ്രോയിങ്ങ്ബോര്‍ഡ് കൈയിലേന്തി മുറിയിലൂടെ ഉലാത്തിയാണ് ശങ്കര്‍ ലോകപ്രശസ്തമായ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നതെന്നും തുടങ്ങി ധാരാളം സാങ്കല്‍പ്പിക കഥകള്‍ അവര്‍ പ്രചരിപ്പിച്ചു. ഒ വി വിജയന്റെ വരയും ശങ്കറിന് ഇഷ്ടമായിരുന്നില്ല. ഷേക്സ്പിയറിന്റെ ജൂലിയസ് സീസറിലെ അന്ത്യരംഗം അനുസ്മരിപ്പിക്കുന്ന രീതിയില്‍ വിജയന്‍ ഒരിക്കല്‍ ഒരു രാഷ്ട്രീയ കാര്‍ട്ടൂണ്‍ വരച്ചു. "രാവിലെ 7.30യ്ക്ക് കൈയ്യില്‍ പത്രം കിട്ടിയ ശേഷം ഞാന്‍ നേരെ പോയത് ബ്രിട്ടീഷ് കൌണ്‍സില്‍ ലൈബ്രറിയിലാണ്. അവിടെ പോയി ജൂലിയസ് സീസര്‍ നാടകം തപ്പിയെടുത്ത് അന്ത്യരംഗം മുഴുവന്‍ വായിച്ച് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ സമയം 11.30. വീണ്ടും കാര്‍ട്ടൂണില്‍ നോക്കിയപ്പോളാണ് എനിക്കതിലെ ഹാസ്യമെന്താണെന്ന് മനസിലായത്. അപ്പോഴേക്കും ഞാന്‍ ചിരി മറന്നിരുന്നു''- വരകള്‍ ഊരാകുടുക്കാവരുതെന്ന പാഠം താന്‍ പഠിച്ചത് അങ്ങനെയെന്ന് യേശുദാസന്‍. വിശാലമായ ഹാളില്‍ ശങ്കറിന്റെ ഓഫീസിനോട് ചേര്‍ന്നായിരുന്നു യേശുദാസനും ഇടം കിട്ടിയത്. മിക്കവാറും ദിവസങ്ങളില്‍ ഫോണ്‍കോളുകള്‍ വരുന്നതും ശങ്കര്‍ നര്‍മ്മങ്ങള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും ചിലപ്പോള്‍ തുടര്‍ച്ചയായി കലഹിക്കുന്നതും കേള്‍ക്കാമായിരുന്നെന്ന് യേശുദാസന്‍ ഓര്‍ക്കുന്നു. സംഭാഷണത്തിന്റെ അവസാനം 'പണ്ഡിറ്റ്ജി..' എന്ന് സംബോധന ചെയ്യുമ്പോഴാണ് അങ്ങേതലയ്ക്കല്‍ നെഹ്റുവാണ് ഇരിക്കുന്നതെന്ന് തിരിച്ചറിയുക. എന്നാല്‍ ശങ്കറിന് അതിന്റെ ഭാവമൊന്നുമില്ലെന്ന് യേശുദാസന്‍ ഓര്‍ക്കുന്നു.
രകള്‍ ഊരാക്കുടുക്കാവരുതെന്ന പാഠവും ശങ്കേഴ്സില്‍നിന്നാണ് യേശുദാസന്‍ പഠിച്ചത്. ജനയുഗം ബാലപ്രസിദ്ധീകരണമായ 'ബാലയുഗം' തുടങ്ങിയ കാലത്ത് അച്യുതമേനോന്റെ അഭ്യര്‍ഥനമാനിച്ച് യേശുദാസന്‍ അതിന്റെ സാരഥ്യം ഏറ്റെടുത്തു. എന്നാല്‍ 'ബാലയുഗം' അധികകാലം ഓടിയില്ല. തുടര്‍ന്ന് ശങ്കേഴ്സ് വീക്കിലി മോഡലില്‍ 'അസാധു' എന്ന വാരിക തുടങ്ങി. കുറച്ചുകാലത്തിനുശേഷം അതും നിലച്ചു. ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റായി തിളങ്ങുന്ന സമയത്താണ് മനോരമയുടെ വിളി. 1985ല്‍ മനോരമയില്‍ ചേര്‍ന്ന യേശുദാസന്‍ രണ്ടുപതിറ്റാണ്ടോളം അവിടെ തുടര്‍ന്നു. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷേപഹാസ്യ സിനിമ എന്ന് ഖ്യാതി നേടിയ കെ ജി ജോര്‍ജിന്റെ 'പഞ്ചവടിപ്പാലം', എ ടി അബുവിന്റെ 'എന്റെ പൊന്നുതമ്പുരാന്‍' തുടങ്ങിയ സിനിമകളുടെ രചനയിലും പങ്കാളിയായി. മാനേജ്മെന്റുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് മനോരമ വിട്ടത്. ('ദയാവധം' ഭയന്നെന്നാണ് യേശുദാസന്റെ പക്ഷം). 'മെട്രോ വാര്‍ത്ത' പത്രത്തില്‍ ചേര്‍ന്ന അദ്ദേഹം കുറച്ചുനാളുകള്‍ക്കു ശേഷം അതു വിട്ട് ദേശാഭിമാനിയിലെത്തി. സ്വന്തം നാട്ടുകാരിയായ മേഴ്സിയാണ് ഭാര്യ.
രാഷ്ട്രീയക്കാര്‍ക്ക് കാര്‍ട്ടൂണുകളോട് എന്നും താല്‍പ്പര്യമാണെന്ന് യേശുദാസന്‍ പറയുന്നു. മനോരമയിലായിരുന്ന കാലത്ത് നായനാരെ കളിയാക്കി സ്ഥിരമായി വരയ്ക്കുമായിരുന്നു. കാര്‍ട്ടൂണുകള്‍ കണ്ട് സങ്കടപ്പെട്ട് ശാരദടീച്ചര്‍ പത്രം അദ്ദേഹത്തെ കാണിച്ചപ്പോള്‍- 'അയാള്‍ അയാളുടെ ജോലി നന്നായി ചെയ്യുന്നു. നമ്മളും അത് ആസ്വദിക്കണം' എന്നായിരുന്നു നായനാരുടെ അഭിപ്രായം. മുഖ്യമന്ത്രിയാവാന്‍ ഡല്‍ഹിയില്‍നിന്നു പറന്നെത്തിയ ആന്റണി ഹൈക്കമാന്‍ഡിന്റെ തീരുമാനം കിട്ടാത്തതു കാരണം തിരുവനന്തപുരത്ത് റൂമെടുത്തു കഴിയുന്നത് കളിയാക്കി കാര്‍ട്ടൂണ്‍വരച്ചതും യേശുദാസന്‍ ഓര്‍മിച്ചു. പിറ്റേന്നു രാവിലെ വന്ന ആദ്യ കോള്‍ എ കെ ആന്റണിയുടെതായിരുന്നു. 'എടോ, ഞാനെന്നാല്‍ ഡല്‍ഹിക്കു മടങ്ങട്ടോ?' എന്നായിരുന്നു ആന്റണിയുടെ പരിഭവം. കെ കരുണാകരനെ നന്നായി കളിയാക്കി വരച്ച ഒരു സന്ദര്‍ഭത്തില്‍ 'യേശുദാസന് കാര്‍ട്ടൂണ്‍ വരക്കാനറിയില്ല' എന്നുവരെ പത്രാധിപരെ വിളിച്ച് പറഞ്ഞുകളഞ്ഞു. പിന്നീടൊരിക്കല്‍ നരസിംഹറാവുമൊത്ത് കരുണാകരന്റെ ഒരുഗ്രന്‍ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായി. 'വരയിലെ നായനാര്‍' എന്ന പുസ്തകത്തിനുശേഷം കരുണാകരന്റെ കാര്‍ട്ടൂണുകള്‍ ശേഖരിച്ച് പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് യേശുദാസന്‍.
പ്രവചനശേഷിയുള്ള കാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന ശങ്കറാണ് അന്നും ഇന്നും തന്റെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റെന്ന് എഴുപത്തിമൂന്നുകാരനായ യേശുദാസന്‍ പറയുന്നു. 
ചിത്രങ്ങള്‍: ജഗത് ലാല്‍ (ദേശാഭിമാനി)
കടപ്പാട്: ദേശാഭിമാനി, കൊച്ചിലൈവ്.

Sunday, December 18, 2011

ഗ്ളോറിഫൈഡ് കൊമേഡിയന്...... '
സലീംകുമാര്‍ അബുവിന്റെ പണപെട്ടിയുമായി...
  • സിനിമയിലെ കൊമേഡിയന്‍മാരുടെ ജീവിതം യഥാര്‍ത്ഥത്തില്‍ ട്രാജഡിയാണെന്ന് ചരിത്രം പറയും. നിമിഷാര്‍ദ്ധങ്ങള്‍ കൊണ്ട് പൊട്ടിച്ചിരിയുടെ രസതന്ത്രം സൃഷ്ടിക്കുന്ന നടന്‍മാര്‍ വെള്ളിത്തിരയെന്ന ദീര്‍ഘചതുരത്തിന് അപ്പുറം ചിരി മറന്നവരാണ്. താന്‍ കരയുന്നത് ആരും കേള്‍ക്കാതിരിക്കാനായി മഴയത്ത് നടക്കുന്നുവെന്ന് പറഞ്ഞ ചാപ്ളിന്റെ വാക്കുകള്‍ ഓര്‍മ വരും നമ്മുടെ ചില കൊമേഡിയന്‍മാരെ കാണുമ്പോള്‍. ജനശ്രദ്ധ തങ്ങളില്‍ പതിയുമ്പോഴും അര്‍ഹതയുള്ള  അംഗീകാരങ്ങള്‍ തങ്ങളെ തേടി വരാത്തതില്‍ നൊമ്പരമുള്ളവരാണ് മിക്കവരും.
  • പ്രേക്ഷകനെ ചിരിപ്പിക്കാനായി എന്ത് വിക്രിയയും കാണിക്കാന്‍ മടിയില്ലാത്ത അടൂര്‍ ഭാസിയും മണവാളന്‍ ജോസഫും ആലുമ്മൂടനും മറ്റും ആടിത്തിമിര്‍ത്ത വേദികളില്‍ മാറ്റം വരുന്നത് പത്മദളാക്ഷന്‍ എന്ന പപ്പുവിലൂടെയായിരുന്നു. പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ നിറഞ്ഞ പപ്പുവിന്റെ നൈസര്‍ഗികഗമായ അഭിനയശേഷി മലയാളികള്‍ക്ക് പുതിയ അനുഭവമായിരുന്നു.
  • ഭാവാഭിനയങ്ങളുടെ സൂക്ഷ്മാംശങ്ങളിലും സ്വാഭാവികമായ ഡയലോഗ് ഡെലിവറിയിലും ഹാസ്യത്തിന്റെ ചരടുകള്‍ മുറുക്കുന്ന ജഗതി ശ്രീകുമാറും പരിമിതികള്‍ക്കുള്ളില്‍ നിന്ന് മാളയും കുഞ്ചനും മലയാളികളുടെ ചുണ്ടുകളില്‍ ചിരി വിടര്‍ത്തി. മിമിക്രി വേദികളില്‍ നിന്നുള്ള കൊമേഡിയന്‍മാരുടെ കുത്തൊഴുക്ക് പിന്നീടായിരുന്നു. ജയറാം, ദിലീപ്, സൈനുദീന്‍, കലാഭവന്‍മണി, സലീംകുമാര്‍, നാദിര്‍ഷ തുടങ്ങി നീണ്ടൊരു ചിരിപട തന്നെ മലയാളസിനിമയിലെത്തി. ആ ചിരിപടയില്‍ ഒരാള്‍  ഇന്ത്യയിലെ മുഴുവന്‍ നായകന്‍മാരുടെ നെറുകയിലെത്തിയിരിക്കുന്നു. നവാഗതനായ സലീം അഹമ്മദ് സംവിധാനം ചെയ്ത 'അദാമിന്റെ മകന്‍ അബു'എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടിയ സലീംകുമാര്‍ അവാര്‍ഡ് നേട്ടം അറിഞ്ഞ ശേഷം ആദ്യം നടത്തിയ പ്രതികരണങ്ങളിലൊന്ന് ഇതായിരുന്നു- 'മിമിക്രിയില്‍ നിന്നും വന്നവര്‍ മറ്റുള്ളവരെ അനുകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് നമ്മുടെ ചില ബുജികള്‍ പറയുന്നു. മിമിക്രിയില്‍ നന്നായി അഭിനയിച്ചാലും ഇവര്‍ പറയും കോപ്രാട്ടിയാണെന്ന്. അഭിനയിക്കറിയാവുന്ന എല്ലാ മിമിക്രി താരങ്ങള്‍ക്കും ഞാന്‍ എന്റെ അവാര്‍ഡ് സമര്‍പ്പിക്കുന്നു. തന്റെ വാക്കുകള്‍ അഹങ്കാരമായി കണക്കാക്കരുതെന്നും അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മനൊമ്പരം മാത്രമായി വിലയിരുത്തണമെന്നും ചെറുചിരിയോടെ സലീംകുമാര്‍ തന്നെ പറയുകയുണ്ടായി. 'വാസന്തിയും ലക്ഷ്മിയും ഞാനും' എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ അവസാനഘട്ടത്തിലെത്തിയതും അവാര്‍ഡ് കിട്ടാത്തതിനെ തുടര്‍ന്ന് തളര്‍ന്ന് വീണതും കണ്ണ് മുകളിലേക്ക് പിടിച്ച് അന്ധനെ അനുകരിക്കുക മാത്രമാണ് മണി ചെയ്തതെന്ന് ചില സിനിമാനിരൂപകര്‍ അഭിപ്രായപ്പെട്ടതും പെട്ടെന്ന് ആരും മറക്കാത്ത സംഭവങ്ങളാണ്. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അത്തര്‍ കച്ചവടക്കാരനായ മുസല്‍മാനെ അഭിനയിക്കാന്‍ തനിക്ക് പൂര്‍വ മാതൃകകളൊന്നും ഇല്ലായിരുന്നെന്ന് സലീം പറഞ്ഞു. പറവൂറുകാരനായ തന്റെ ബാല്യകൌമാരങ്ങളിലും പിന്നീട് മുതിര്‍ന്ന ശേഷം മിമിക്രി താരമായി എറണാകുളത്ത് ചുറ്റി നടന്നപ്പോഴും അത്തരം ഒരു കഥാപാത്രത്തെ താന്‍ കടന്നുപോയതായി സലീം ഓര്‍ക്കുന്നില്ല. മക്കയ്ക്ക് പോവണം എന്ന ജീവിതാഭിലാഷം മാത്ര ം കൊണ്ടു നടക്കുന്ന വടക്കന്‍ മലബാറുകാരനായ അബുവിനെ സലീംകുമാര്‍ സ്വയം നിര്‍ണ്ണയിക്കുകയായിരുന്നു. 'ഒരിക്കല്‍ പോലും ചിത്രത്തില്‍ അബു കരയരുതെന്ന കാര്യത്തില്‍ മാത്രം എനിക്ക് വാശി ഉണ്ടായിരുന്നു. സംവിധായകനോട് ഞാന്‍ പറഞ്ഞു ഒരു തുള്ളി കണ്ണീര്‍ പോലും അബുവിന്റെ കണ്ണില്‍ നിന്നും പൊടിയില്ല. ചിത്രത്തില്‍ ചിലയിടത്ത് വൈകാരികമായ ചില സന്ദര്‍ഭങ്ങളില്‍ അബു കരഞ്ഞേ പറ്റൂ എന്ന് സംവിധായകന്‍ വാശിപിടിച്ചു. പക്ഷേ ഞാന്‍ സ്നേഹപൂര്‍വ്വം അദ്ദേഹത്തോട് കലഹിച്ചു.' ദു:ഖങ്ങളും അവഗണിക്കലുകളും ഉള്ളില്‍ അമര്‍ത്തിപിടിച്ചുള്ള അഭിനയത്തിന് ഉള്‍ച്ചൂട് കൂടുമെന്ന് സലീംകുമാര്‍ എന്ന 'ഗ്ളോറിഫൈഡ് കൊമേഡിയന് 'അറിയാമായിരുന്നു. കണ്ണീരും പതംപറച്ചിലും മെലോഡ്രാമാറ്റിക്ക് ആയി അധ:പതിക്കുന്നതിനെ സലീംകുമാര്‍ തന്നെ പലസിനിമകളിലും രൂക്ഷമായി അനുകരിച്ച് വിമര്‍ശിച്ചിട്ടുണ്ട്. ഷാഫി സംവിധാനം ചെയ്ത പുലിവാല്‍ കല്യാണത്തിലെ മണവാളന്‍ എന്ന കഥാപാത്രം സ്വന്തം അച്ഛനാണെന്ന് തെറ്റിദ്ധരിച്ച് ഒരാളെ ഭേദ്യം ചെയ്യുന്ന രംഗത്തില്‍ 'അച്ഛനാണത്രെ...അച്ഛന്‍..' എന്ന് തുടങ്ങുന്ന സംഭാഷണത്തില്‍ പഴയ ഉത്സവപറമ്പ് സെറ്റപ്പുകളെ സലീം കണക്കിന് പൂശുന്നുണ്ട്.
  • ജോസ്പ്രകാശ്, ബാലചന്ദ്രമേനോന്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ ചില അംശങ്ങളും വഷളാക്കാതെ സ്വന്തം ശൈലിയിലേക്ക് സലീം കുമാര്‍ ചിലപ്പോള്‍ വിളക്കി ചേര്‍ക്കാറുണ്ട്. അച്ഛനുറങ്ങാത്ത വീട്ടിലെ ഹതാശനായ പിതാവിന്റെ വേഷത്തില്‍ എത്തിയപ്പോഴെ സലീം തന്റെ റേഞ്ച് വ്യക്തമാക്കിയിരുന്നു. മുരളിയെ പോലുള്ള മികച്ച നടന്‍മാരുടെ ഒപ്പമുള്ള കോമ്പിനേഷന്‍ സീനുകളിലൊന്നും സലീം താഴെ പോയില്ല. പക്വതയുള്ള അഭിനയത്തിലൂടെ ജീവിതത്തിലെ ചില അനിവാര്യമായ ദുരന്ത മുഖങ്ങള്‍ അദ്ദേഹം ആവിഷ്കരിച്ചു. പിന്നീട് കമലിന്റെ പെരുമഴക്കാലത്ത് എന്ന സിനിമയില്‍ എല്ലാവരെയും വെറുപ്പിക്കുന്ന എളാപ്പയായി സലീംകുമാര്‍ യാത്രയുടെ ചെറുസൂചനകള്‍ തന്നു. ഒടുവില്‍ ആദാമിന്റെ മകനായ അബുവിലൂടെ സലീംകുമാറിന്റെ അഭിനയജീവിത്തതിലെ ഒരു ഘട്ടം പൂര്‍ത്തിയാവുന്നു.
  • ചിത്രത്തില്‍ കഷ്ടപ്പെട്ട് ഹജ്ജിനുള്ള കാശൊപ്പിക്കുന്ന അബുവിന്റെ ചെറിയ ഇരുമ്പ്പെട്ടി ഷൂട്ടിങ്ങ് കഴിഞ്ഞ് പോരുമ്പോള്‍ സലീംകുമാര്‍ കൂടെ എടുത്തു. ചില്ലറയും മുഷിഞ്ഞനോട്ടുകളുമൊക്കെ കൂട്ടിയാല്‍ 1600 രൂപയോളം ആ പാത്രത്തിലുണ്ട്. അബുവിന്റെ ഓര്‍മയ്ക്കായി ആ പാത്രം എന്നും തന്റെ വീടായ 'ലോഫിങ്ങ്വില്ല'യില്‍ സൂക്ഷിക്കുമെന്ന് സലീം പറഞ്ഞു. ബെസ്റ്റ് ആക്ടറിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ മമ്മൂട്ടിയുടെ കാരവാനില്‍ വെച്ചാണ് ആദാമിന്റെ മകന്‍ അബു എന്ന കഥയുടെ രണ്ടു വരി സംവിധായകന്‍ സലീം അഹമ്മദ് സലീംകുമാറിനോട് പറഞ്ഞത്. മമ്മൂട്ടിയുടെ കാരവാന്‍ പോലും രാശിയുള്ളതാണെന്ന് ഭാവിയില്‍ സലീം പറയും. സ്നേഹിതരോടും സുഹൃത്തുക്കളോടും നന്ദി പറയുമ്പോള്‍ സലീമിന്റെ കണ്ണുകളില്‍ നിറഞ്ഞ ചെറു നനവിനപ്പുറത്ത് തെളിഞ്ഞ് നില്‍ക്കുന്ന 'തിരുത്തിയില്ലേ...? ഞാന്‍ ചില ധാരണകളൊക്കെ തിരുത്തിയില്ലേ..?' എന്ന ചോദ്യം പെട്ടെന്ന് ശ്രദ്ധയില്‍ പെടുന്നതായിരുന്നു.

  • ഷൊര്‍ണ്ണൂരില്‍  ഒരുസിനിമാക്കാലം...
  •  റെസ്റ്റ്ഹൌസിനു താഴെ ഷൂട്ടിങ്ങ് യൂണിറ്റ്വണ്ടികളുംകാറുകളും നിന്നപ്പോഴേക്കും സമീപവാസികളും വഴിപോക്കരും റോഡിനിരുവശത്തും കാഴ്ച്ചക്കാരായി. റെസ്റ്റ്ഹൌസ് കയറ്റത്തിലായതു കൊണ്ട് എല്ലാവരും നടന്നുകയറാന്‍ തുടങ്ങി. പ്രമുഖതാരങ്ങളെയൊന്നും കാണാത്തതിനാല്‍ കാഴ്ച്ചക്കാരില്‍ ചിലര്‍ പിരിഞ്ഞുപോയി. വിയര്‍പ്പൊട്ടിയ മെറൂണ്‍ ടീഷര്‍ട്ടും മഞ്ഞ തലക്കെട്ടുമായി വരുന്ന താടിക്കാരനെ സമീപവാസികള്‍ക്കു പരിചയമുണ്ട്. ആരോ പറഞ്ഞു- ലോഹിതദാസിന്റെ പടമാ.മുന്നില്‍ നടക്കുന്ന പെണ്‍കുട്ടിക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ ഓര്‍മ്മിപ്പിക്കുന്ന നിറച്ചാര്‍ത്തുകളുള്ള വേഷവും ആഭരണങ്ങളും. "മീരാ...'' ലോഹിതദാസ് വിളിച്ചു. അവള്‍ തിരിഞ്ഞു നോക്കി. കാതിലെ വെള്ളിക്കമ്മലിന്റെ പ്രകാശം പ്രതിഫലിക്കുന്ന സുന്ദരമുഖം. സൂത്രധാരനിലെ ശിവാനിയിലേക്കുള്ള വേഷപകര്‍ച്ചയായിരുന്നു അത്. അവരിരുവരും എന്തൊക്കെയൊ സംസാരിച്ച് റസ്റ്റ്ഹൌസിലേക്ക് നടക്കുമ്പോള്‍ പുതിയ നായികയെ കുറിച്ചുള്ള വിലയിരുത്തല്‍ ആരംഭിച്ചു നെറം പോരാ കൂട്ടത്തില്‍ നിന്ന വല്യമ്മയുടെ ശബ്ദം. നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാവരും പിരിഞ്ഞു പോയി.
ഷൊര്‍ണ്ണൂര്‍-ഒറ്റപ്പാലം നിവാസികള്‍ക്ക് അങ്ങനെ ചില ഭാഗ്യങ്ങളുണ്ട്. മറ്റുള്ളവര്‍ക്ക് രണ്ടര-മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മിന്നിമറയുന്ന ദൃശ്യപ്പൊലിമയാണ് സിനിമയെങ്കില്‍ ഇവര്‍ക്കിത് സ്വന്തം നാടിന്റെ അല്ലെങ്കില്‍ പ്രദേശത്തിന്റെ സൃഷ്ടിയാണ്. ഷൂട്ടിങ്ങിന് സാക്ഷ്യം വഹിച്ചു കൊണ്ട് സിനിമയുടെ ഭാവി പ്രവചിക്കുന്നു. പല നടന്‍മാരും നടിമാരും നെഞ്ചിടിപ്പോടെ ആദ്യ രംഗത്തിന് ഹരിശ്രീ കുറിക്കുന്നതും ഇവരുടെ മുന്നിലായിരിക്കും. അഭിനയം ഇഷ്ടമായിലെങ്കില്‍ അഭിപ്രായവും മുഖത്തടിച്ചതു പോലെ മുഴങ്ങും. 'എവിടെ രക്ഷപെടാനാ?'. തിയറ്ററുകളില്‍ ചിലര്‍ ചില്ലറ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നതും മറക്കാനാവില്ല. അതിനിവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. സല്ലാപത്തിലെ ശാലീന സുന്ദരിയായ മഞ്ജു വാര്യര്‍ പഞ്ചവര്‍ണ്ണപൈങ്കിളിയെ തേടിപോവുന്നത് തന്റെ മുറ്റത്തിനു മുന്നിലെ ഇടവഴിയിലൂടെയാണെന്ന് പറയുന്നത് തെറ്റാണോ?. ചില വിരുതന്‍മാര്‍ താരം വെള്ളിത്തിരയില്‍ സംഭാഷണം പറയുന്നതിന് മുമ്പായി വള്ളിപുള്ളി തെറ്റാതെ തിയ്യറ്ററിലിരുന്ന് പറയും. " സിനിമയില്‍ എല്ലാവരും വന്നില്ല്യാ, തന്നില്യാ എന്നൊക്കെ പറയൂ. അതെന്താ ഞങ്ങള്‍ക്കൊന്നും ഭാഷയില്ലേ..?'' അസഹിഷ്ണുവായ ഒരു സുഹൃത്തിന്റെ സംശയം ഓര്‍മ വരുന്നു. മറുനാട്ടിലുള്ള നായികാനായകന്‍മാരുടെ മലയാളിത്തം സൂചിപ്പിക്കാന്‍ ഒറ്റപ്പാലത്തുകാരാണെന്നു പറയുന്നത് സാധാരണം.  ലോഹിത ദാസിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത 'പാഥേയം' (1995) ത്തിലെ സംഭാഷണമാണ് ഓര്‍മയിലെത്തുന്നത്. കല്‍ക്കട്ടയില്‍ വെച്ച് ചന്ദ്രദാസിനെ (മമ്മൂട്ടി) കണ്ടുമുട്ടുന്ന ഹരികുമാരമേനോന്‍ (ലാലു അലക്സ്) "നാടെവിടെയാ?''
ചന്ദ്രദാസ്: "മണ്ണാര്‍ക്കാട്.''
ഹരി: "ഞങ്ങള്‍ ഒറ്റപ്പാലമാണ്. കേട്ടിട്ടുണ്ടാവും ശങ്കരമംഗലം. ഇനി പറഞ്ഞു വന്നാല്‍ ചിലപ്പോള്‍ ബന്ധുക്കളുമാവും''.


വരിക്കാശേരി വ്യാധിക്കും മുമ്പ്
ഓര്‍മ്മകളിലേക്ക് ആദ്യം ഓടിയെത്തുന്നത് 'കരി പുരണ്ട ജീവിതങ്ങളാണ് '. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ വെയിലില്‍ കുതിര്‍ന്ന് കരിവണ്ടികളിലേക്ക് കരി കോരിയിടുന്ന നസീറും ജയനും. പ്രായത്തിന്റെ ഇറുകിപിടിച്ച കുട്ടിക്കുപ്പായങ്ങളുമായി ചട്ടക്കാരിയിലെ ജൂലി (ലക്ഷ്മി) തുള്ളിത്തിമിര്‍ത്ത്  നടന്നതും ഈ പരിസരങ്ങളില്‍. റെയില്‍വേ ക്വാര്‍ട്ടേഴ്സുകളിലെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ അവതരിപ്പിക്കുന്ന പാളങ്ങളില്‍ ഭരത് ഗോപിയും സറീനാ വഹാബും നെടുമുടി വേണുവും ഇവിടത്തുകാരായി കൂടുമാറി. ആര്‍ഭാടങ്ങളും അലങ്കാരങ്ങളുമില്ലാത്ത സിനിമാജീവിതവും നാട്ടുകാര്‍ക്ക് പരിചയമുണ്ട്. ഇടയ്ക്കിടയ്ക്ക് മദ്രാസ് മെയിലില്‍ ഭരത് ബാലന്‍ കെ നായര്‍ വന്നിറങ്ങും. കൈയ്യിലൊരു തുകല്‍പെട്ടിയുമായി വിയര്‍ത്തു കുളിച്ചായിരിക്കും വരവ്. പ്ളാറ്റ്ഫോം മുറിച്ചു കടക്കുന്നത് പരിചയക്കാര്‍ക്കുള്ള നിറഞ്ഞ ചിരിയുമായി. താരവഴക്കുകളുടേയും പഴിചാരലുകളുടേയും വര്‍ത്തമാനകാല കാഴ്ച്ചകള്‍ക്കിടയിലും ആ ഫ്രെയിമിന്റെ ചാരുത മങ്ങിയിട്ടില്ല.
ഒരുപാടോര്‍മകള്‍ക്കു നടുവിലും പ്രിയ ദത്തുപുത്രന്‍-ലോഹിതദാസിന്റെ സ്മരണകള്‍ക്കു വേറിട്ട ഈണം. ഷൊര്‍ണ്ണൂര്‍- പരുത്തി= റോഡിലുള്ള പ്രിയദര്‍ശിനി ലോഹി താവളമാക്കിയ കാലം. രചനയ്ക്ക് വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുന്ന ഭൂപ്രകൃതി. മാന്തോപ്പുകളും കിളികളഉടെ ചിലയ്ക്കലുകള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷവും.(അഭയം എന്ന വൃദ്ധസദനമാണ് അവിടെ ഇപ്പോള്‍). ചിലപ്പോള്‍ മാത്രം എഴുത്തുമാളത്തില്‍ നിന്നും ലോഹി പുറത്തിറങ്ങും. തലയില്‍ പതിവു കെട്ടും. കഥയുടെ പിരിമുറുക്കത്തിനനുസരിച്ച് കെട്ടിന്റെ മുറുക്കവും കൂടും. കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന്റെ ഒരംശമെങ്കിലും സ്വന്തമാക്കാനാണ് ഇതെന്ന് ലോഹിയുടെ ന്യായീകരണം. സിഗരറ്റ് വലിച്ച് നാട്ടുകാരില്‍ ഒരാളായി വഴിയരികില്‍ കുറ്റിയടിക്കുന്നു. തിരക്കിട്ട് അങ്ങാടിയിലേക്ക് പോകുന്ന ആരെങ്കിലും ഒന്നു ബ്രേക്കിട്ട് കഥയുടെ വളര്‍ച്ചയെ കുറിച്ച് ആരായുന്നു. കോണ്‍വെന്റിലെ കുട്ടികള്‍ മടങ്ങിപോവുന്ന നേരമായിരിക്കും അത്. പരിചയം തോന്നുന്ന കുട്ടികള്‍ ഒന്ന് പുഞ്ചിരിച്ചാല്‍ കഥാകാരന്‍ ലോഭമില്ലാതെ പുഞ്ചിരികള്‍ പൊഴിക്കും. പിന്നീട്സംവിധാനം ചെയ്ത കാരുണ്യത്തില്‍ ജയറാമിന്റെ സഹോദരി പഠിക്കുന്നതും ഈ കോണ്‍വെന്റില്‍ തന്നെ. ഉദ്യാനപാലകനിലെ സുധാകരന്‍ നായരുടെ(മമ്മൂട്ടി) പൂങ്കാവനം കണ്ടുപിടിക്കാന്‍ കുറച്ചൊന്നുമല്ല ലോഹി പാടുപെട്ടത്.ഒടുവില്‍ ഷൊര്‍ണ്ണൂര്‍ അറ്റത്ത് കുന്നത്താഴത്താണ് മനസ്സിനിണങ്ങിയ വീട് കണ്ടെത്തിയത്. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കുഞ്ഞിരാമന്‍ ആശാന്റെ വണ്ടി കയറാത്ത വര്‍ക്ക്ഷോപ്പ് ഒറ്റപ്പാലം കണ്ണിയംപുറത്താണ്. ഗ്രാമീണയാത്രകള്‍ക്കിടയില്‍ എപ്പോഴോ മനസ്സിലുടക്കിയതാവണം. സര്‍ക്കസ് കൂടാരങ്ങളുടെ കഥ പറഞ്ഞ ജോക്കറും ചെറുതുരുത്തി പരിസരങ്ങളിലാണ് ഇതള്‍ വിടര്‍ന്നത്.


വിചിത്രാനുഭവങ്ങളും ഷൂട്ടിങിനിടയില്‍ ഉണ്ടായിട്ടുണ്ട്. മനിശേരിയില്‍ സമനിലതെറ്റിയ ഒരാള്‍ ഡയറക്ടറോട് റോളഭ്യര്‍ത്ഥിച്ചതും അവസരം കിട്ടാഞ്ഞിട്ടും നിരാശനാവാതെ ആദ്യാവസാനം മികച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളറെ പോലെ ലൊക്കേഷനിലാകെ നിറഞ്ഞുനിന്നതും അന്ന് കണ്ടു ചിരിക്കാനുള്ള കാഴ്ച്ച മാത്രമായിരുന്നു. ചില വിദേശ നിര്‍മ്മിത കാറുകളും മറ്റും റോഡിലൂടെ പറക്കുമ്പോള്‍ മമ്മൂട്ടിയാണെന്ന് അനുമാനങ്ങളുണ്ടാവും. ഒരോ തവണ നേരിട്ട് കാണുമ്പോഴും വിസ്മയത്തിന്റെ ഒരല നാട്ടുകാര്‍ക്കിടയിലൂടെ കടന്നുപോവും. "കഴിഞ്ഞ തവണത്തേക്കാള്‍ ചെറുപ്പമായി'' എന്ന വിലയിരുത്തലുകള്‍... ഒരു രസികന്റെ അഭിപ്രായത്തില്‍ മമ്മൂട്ടി ചെയ്യേണ്ട റേആള്‍ യയാതിയുടേതാണെന്നാണ്. മമ്മൂട്ടിയുടെ മെനുവിനെ കുറിച്ചുള്ള ചര്‍ച്ചകളും രസകരമാണ്. പച്ചക്കറി കഷ്ണങ്ങളും ജ്യൂസുമാണെന്ന് ചിലര്‍ വാദിച്ചുറപ്പിക്കുന്നതും കേട്ടിട്ടുണ്ട്. ചിരി വെറുതേ കളയാത്ത ജഗതിയും, ലഹരിയുടെ വണ്ടിയില്‍ നിന്നും ഇടയ്ക്കിടക്ക് കൈ വീശി കാണിക്കാറുണ്ടായിരുന്ന ഒടുവിലും, ആള്‍ക്കൂട്ടത്തോടുള്ള പരിഭ്രമം ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത സ്വന്തം മോഹന്‍ലാലും ഏറ്റവും ഒടുവില്‍ ബോഡിഗാര്‍ഡിന്റെ ചിത്രീകരണവേളയില്‍ ബോഡിഗാര്‍ഡുകളുടെ അകമ്പടിയോടെ മനിശീരി കിള്ളിക്കാവ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിപുലിവാല്‍ പിടിച്ച ഡയാന മേരി കുര്യനെന്ന സാക്ഷാല്‍ നയന്‍താരയും... അങ്ങനെ എത്ര എത്ര മുഖങ്ങള്‍.. വരിക്കാശേരിയുടെ സ്ഥിതിയും പരിതാപകരം. ഒരോ തവണയും താരനായകരുടെ ഗരിമയ്ക്കൊത്ത് കോലം മാറുന്ന അകത്തളങ്ങള്‍ നിറയെ അവശിഷ്ടങ്ങള്‍, മെഴുക്ക് പിടിച്ച കുളങ്ങള്‍, പൊടിയും മാറാലയും തൂങ്ങുന്ന ഉള്ളകങ്ങള്‍, പരിക്ക് പറ്റിയ തൂണുകള്‍..

മാറ്റത്തിന്റെ ഗതിവേഗങ്ങള്‍ക്കിടയില്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിന്നും ഈ പ്രദേശങ്ങളും മാഞ്ഞുപോയേക്കാം. പക്ഷേ കാലത്തിന്റെ, ചരിത്രത്തിന്റെ സ്ക്രീനുകളില്‍ ഒരു കാലഘട്ടത്തിന്റെ ഓര്‍മകള്‍ പിന്നെയും ബാക്കിയാവും. അതു കൊണ്ടു തന്നെയാണ് സിനിമയെ കാലത്തില്‍ കൊത്തിവെച്ച ശില്‍പ്പമായി ചിലരെങ്കിലും വിലയിരുത്തിയത്..

Saturday, December 17, 2011

സാറാ ടീച്ചറുടെ കാപ്പിയും ഒരു കഥാകൃത്തിന്റെ അഭിമുഖവും....

  1. "നിങ്ങള്‍ക്ക് അഭിമുഖം തന്നിട്ട് എനിക്ക് എന്താ കാര്യം...?. ഈ ബിയറിന്റെ കാശ് നിങ്ങള്‍ കൊടുക്കുമോ...?. ആട്ടെ, താന്‍ മദ്യപിക്കില്ലേ....?, ഓ.....ഹോട്ട് മാത്രമേ കഴിക്കുകയുള്ളു അല്ലേ....?''-മലയാളത്തിലെ പ്രശസ്തനായ ഒരു യുവ കഥാകൃത്ത് എന്നോട് ചോദിച്ചു.
  2. ഞാന്‍ ആലോചിച്ചു. കൈയ്യില്‍ കാശ് വളരെ കമ്മിയാണ്. മാഗസിന്‍ എഡിറ്ററുടെ പൊല്ലാപ്പൊന്നും കഥാകാരന്‍മാര്‍ക്ക് അറിയേണ്ടതില്ലല്ലോ....ഇയാളെ തന്നെ അഭിമുഖം ചെയ്യണമെന്ന വാശി ഉള്ളില്‍ നുരഞ്ഞു പൊന്തി. മുന്നിലെ ബിയര്‍ ഗ്ളാസിലെ വെണ്‍പത നോക്കി കൊതിയോടെ ഞാന്‍ പറഞ്ഞു- "ഇല്ല...ഞാന്‍ മദ്യപിക്കില്ല..''. അരണ്ട ബാര്‍വെളിച്ചത്തിലിരുന്ന് ഇന്റര്‍വ്യൂ തകൃതിയായി മുന്നേറി. ഈ ചെറുകഥാകൃത്ത് വ്യക്തിപരമായി എനിക്കിഷ്ടമുള്ള കുറച്ച് ചെറുകഥകള്‍ എഴുതിയ ആളാണ്. ഒരു കഥ വായിച്ച് തീര്‍ക്കുമ്പോള്‍- 'ദൈവമേ...ഈ കഥയെഴുതാന്‍ എനിക്കായില്ലല്ലോ...'എന്നൊരാന്തല്‍ ഉള്ളില്‍ സൃഷ്ടിക്കുന്ന കഥകളാണ് എന്റെ നല്ല കഥകള്‍. ഭാഷയിലെ പുതിയ പരീക്ഷണങ്ങളെ കുറിച്ചും തല തെറിച്ച ഉപമകളെ കുറിച്ചും സംഭാഷണങ്ങള്‍ വഴി മാറി.കഥാകൃത്ത് സുഭാഷ്ചന്ദ്രന്‍ ഒരു കഥയില്‍ പറയുന്നത് പോലെ- 'ദൈവത്തിന്റെ തോളില്‍ കൈയ്യിട്ട് നടന്നിട്ട് ഇപ്പോള്‍ പിരിഞ്ഞതേയുള്ളു' എന്ന ഭാവമായിരുന്നു കഥാകൃത്തിന്.
  3. തലേ ദിവസം ഇദ്ദേഹത്തെ ഞാന്‍ തന്നെ നേരിട്ട് വിളിച്ചാണ് അഭിമുഖത്തിന് സമ്മതിപ്പിച്ചത്. അതിന് മുമ്പ് ഞങ്ങളുടെ യൂണിയന്‍ അഡ്വൈസര്‍ വിളിച്ചപ്പോള്‍ അഭിമുഖത്തിന് തയാറല്ലെന്ന് ഇദ്ദേഹം തുറന്നടിച്ചിരുന്നു. തുടര്‍ന്നാണ് ഞാന്‍ ഇടപെട്ടത്. "താങ്കളുടെ കഥകളെല്ലാം വായിച്ചിട്ടുണ്ട്. മിക്കവാറും കഥകളെല്ലാം ഇഷ്ടമാണ്. നേരിട്ട് കണ്ട് സംസാരിക്കണമെന്ന് ഒരാശയുണ്ട്. എപ്പോള്‍ വരണം...?''- എന്നാണ് ചോദിച്ചത്. തിരക്കിന്റെ ഒഴിവുകഴിവുകള്‍ക്ക് ശേഷം നാളെ ഉച്ചയ്ക്ക് ഓഫീസില്‍ ചെല്ലാന്‍ അനുമതി കിട്ടി.
  4. വര്‍ഷങ്ങള്‍ക്ക് മുമ്പ് 'ആലാഹയുടെ പെണ്‍മക്കള്‍ക്ക്' കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയപ്പോഴാണ് ഞാന്‍ സാറ ടീച്ചറെ കാണാന്‍ പോയത്. മീശ കുരുക്കാത്ത പ്ളസ്വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍ അപ്പോള്‍. മുളങ്കുന്നത്ത്കാവിലേക്ക് വണ്ടി കയറുന്നതിന് മുമ്പ് അതു വരെ സാറാ ടീച്ചര്‍ എഴുതിയതൊക്കെ വായിച്ച്, വെടിപ്പുള്ള ചോദ്യാവലികള്‍ തയാറാക്കി, പുതിയ മാതൃഭൂമി ആഴ്ച്ചപതിപ്പിന്റെ ഉള്ളിലൊളിപ്പിച്ച് വേണ്ട തയാറെടുപ്പുകള്‍ നടത്തിയിരുന്നു. സുന്ദരമായ വീടായിരുന്നു ടീച്ചറുടേത്. മുറ്റത്തെ മരങ്ങളെ പോലെ തണുപ്പ് അവിടെയെല്ലാം വേര് പടര്‍ത്തിയിരുന്നു. ഉമ്മറതിണ്ണയില്‍ പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ചിതറികിടന്നിരുന്നു.
  5. "അവാര്‍ഡുകള്‍ പുസ്തകത്തിന് മുകളിലേക്ക് വീഴുന്ന സ്പോട്ട് ലൈറ്റാണെന്ന് ചിലര്‍ പറയുന്നു..? ടീച്ചര്‍ക്ക് എന്ത് തോന്നുന്നു...?''-മുഖത്ത് നോക്കാതെ ഒരു ചോദ്യം കാച്ചി, ഞാന്‍ കസേരയിലേക്ക് ചാഞ്ഞിരുന്നു. കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍, എന്റെ കുട്ടിമുഖത്തേക്ക് വാത്സല്യങ്ങളോടെ നോക്കിയിരിക്കുന്ന സാറാടീച്ചറെയാണ് കണ്ടത്. "മോനെ, അതൊന്നും എനിക്കറിയില്ല കേട്ടോ...? മോന്‍ എന്റെ കഥയേതെങ്കിലും വായിച്ചിട്ടുണ്ടോ...?''- നന്നായി ചിരിച്ച് ടീച്ചര്‍ ചോദിച്ചു.
  6. ഞാന്‍ ഒന്നു വല്ലാണ്ടായി. "ഏയ്...ഇവന്‍ ടീച്ചറുടെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്''- എന്ന മലയാളം ടീച്ചറുടെ സത്യവാങ്ങ്മൂലം കച്ചിതുരുമ്പായി. പിന്നെ,പേടിച്ചില്ല. മുഖത്ത് നോക്കി തന്നെ എല്ലാ ചോദ്യങ്ങളും ചോദിച്ചു. സ്നേഹത്തോടെ, പുഞ്ചിരിയോടെ ടീച്ചര്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമേകി. നല്ല 'കിടുക്കനൊരു' കാപ്പിയും തന്നു. പുറത്തേക്കിറങ്ങുമ്പോഴും എനിക്ക് അതിന്റെ രുചി നഷ്ടപ്പെട്ടിരുന്നില്ല.
  7. "അപ്പോള്‍...താന്‍ മദ്യപിക്കില്ലെന്ന് തന്നെയാണോ പറയുന്നത്..?''കഥാകൃത്തിന്റെ ചോദ്യം വീണ്ടുമുയര്‍ന്നു. അയാള്‍ ബിയര്‍ ഫിനിഷ് ചെയ്തിരുന്നു. പുറത്തേക്കിറങ്ങിയപ്പോള്‍, ഞാന്‍ പോക്കറ്റില്‍ കൈയ്യിട്ടു. പക്ഷേ, ഒന്നു നിവര്‍ന്ന് നിന്ന കഥാകൃത്ത് പറഞ്ഞു- "വേണ്ട, ചോദ്യങ്ങളൊക്കെ കൊള്ളാം...പൈസ ഞാന്‍ കൊടുത്തോളാം...''. എനിക്ക് വലിയ സന്തോഷം തോന്നി. എപ്പോഴും അങ്ങനെയാണ്. നമ്മള്‍ എഴുതിയതോ പറഞ്ഞതോ ആയ കാര്യങ്ങള്‍ നന്നായിരുന്നെന്ന് നമ്മള്‍ സ്നേഹിക്കുന്ന ചിലര്‍ പറയുമ്പോള്‍ അതിനോളം വലുതായി മറ്റൊന്നുമില്ല.
  8. സാറ ടീച്ചര്‍ പിന്നെയും എഴുതി. ആത്മാര്‍ത്ഥമായിട്ടാണ് ഒരോ വാക്കും അവരെഴുതുന്നതെന്ന് എനിക്ക് തോന്നി. അത് പോലെ എഴുതാന്‍ അവര്‍ക്കേ സാധിക്കുകയുള്ളുവെന്നും അനുഭവപ്പെട്ടു.
  9. 'മാറ്റാത്തി', 'ഒതപ്പ്', 'ഊരുകാവല്‍', 'ഷെല്‍ട്ടര്‍', ഏറ്റവുമൊടുവില്‍ 'ആതി'....ടീച്ചര്‍ ഒരോ പുസ്തകവും ഒരോ ചവിട്ടുപടികളാക്കുന്നു. 'ഊരുകാവല്‍' വായിച്ച് ഞാന്‍ തരിച്ചു പോയിട്ടുണ്ട്. "നോക്ക്...ഈ ഭൂമിയില്‍ ആരും തൊടാത്ത മണ്ണ് ഉണ്ടോയെന്ന് നോക്ക്...''-എന്ന് ആക്രോശിക്കുന്ന താരയെ നോക്കൂ. വാലി പ്രണയത്തോടെ ചവിട്ടികുഴച്ച, അംഗദന്റെ കുഞ്ഞിക്കാലുകള്‍ ചവിട്ടികുഴക്കാത്ത മണ്ണുണ്ടോയെന്ന് നോക്കാനാണ് കാമാതുരനായ സുഗ്രീവനോട് താര ആക്രോശിക്കുന്നത്. പ്രകൃതിയുടെയും പെണ്‍മയുടെയും പൊട്ടിത്തരിപ്പുകളായി ഒരോ സൃഷ്ടയും വിടരുന്നു. പക്ഷേ നമ്മുടെ കഥാകൃത്തിനോടുള്ള സ്നേഹം ഇപ്പോള്‍ ഇല്ല. അതെന്റെ കൌമാരജീവിതത്തിലെ ഒരു വഴിത്താവളം മാത്രമായി. കൃത്രിമമായി ഭാഷയെ ചവിട്ടികുഴച്ച് വ്യത്യസ്ത ശില്‍പ്പമാണ് ഞാന്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറയുന്ന കലാകാരനോടുള്ള പ്രണയം പൊയ്പോയിരിക്കുന്നു....പക്ഷേ ആ കാപ്പിയുടെ രുചി ഇപ്പോഴും നിലനില്‍ക്കുന്നു. നോക്കൂ, നമ്മള്‍ വിചാരിക്കും പോലെയല്ല...സ്ത്രീകള്‍ എല്ലാം ആത്മാര്‍ത്ഥതയോടെ ചെയ്ത് തീര്‍ക്കുന്നവരാണ്..ആത്മാര്‍ത്ഥയോടെ...

Friday, December 16, 2011

'പവനായി 916'
"ലുക്ക് മിസ്റ്റര്‍, ഐ ആം നോട്ട് എ അലവലാതി. ഐ  ആം പവനായി. എ റിയല്‍ പ്രൊഫഷണല്‍ കില്ലര്‍''- നാടോടിക്കാറ്റ് എന്ന സിനിമയില്‍ പവനായി പറഞ്ഞ ഡയലോഗുകള്‍ ഇപ്പോഴും മലയാളികള്‍ മറന്നിട്ടില്ലെന്ന് ക്യാപ്റ്റന്‍ രാജു പറയുന്നു.
ദാസനും വിജയനും കാരണം മാനം നഷ്ടപ്പെട്ട വടക്കാഞ്ചേരിക്കാരനായ ആ പാവം പ്രൊഫഷണല്‍ കില്ലറെ മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ക്യാപ്റ്റന്‍. 'പവനായി 916' എന്ന് പേരിട്ട ചിത്രത്തിന്റെ തിരക്കഥയെല്ലാം പൂര്‍ത്തിയായെന്ന് ക്യാപ്റ്റന്‍ രാജു. മലയാളികള്‍ക്ക് ഇപ്പോഴും പവനായി എന്ന് കേട്ടാല്‍ ഒരു ചെറു ചിരി വിടരും. 'മല പോലെ വന്നത് എലി പോലെ പോയെന്ന' ശൈലിയ്ക്ക് പകരം 'അങ്ങനെ പവനായിയും ശവമായി' എന്ന ഒരൊറ്റ വാക്യം പറഞ്ഞും ചിലപ്പോള്‍ പ്രേക്ഷകര്‍ ക്യാപ്റ്റനോടുള്ള സ്നേഹം പ്രകടിപ്പിക്കും.
"എവിടെ പോയാലും ജനങ്ങള്‍ 'രാജുവേട്ടാ' എന്നും കുട്ടികള്‍ 'പവനായീ' എന്നും നീട്ടി വിളിക്കും. പട്ടാളത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇപ്പോള്‍ ലെഫ്റ്റനന്റ് ജനറല്‍ എങ്കിലുമായേനെ.പക്ഷേ  ലെഫ്റ്റനന്റ് ജനറലാണെന്ന് വിചാരിച്ച് കലാകാരന് നല്‍കുന്ന സ്നേഹവും ബഹുമാനവും നാട്ടുകാര്‍ നല്‍കുമോ?''- പാടിവട്ടത്തെ ഫ്ളാറ്റിലിരുന്ന് ഗാംഭീര്യമാര്‍ന്ന സ്വരത്തില്‍ ക്യാപ്റ്റന്‍ ചോദിക്കുന്നു. പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി രാജു ഡാനിയേല്‍ എന്ന ക്യാപ്റ്റന്‍രാജു ഏഴു കൊല്ലമായി കൊച്ചിയിലാണ് താമസം. കൊച്ചി താമസിക്കാന്‍ രസമുള്ള സ്ഥലമാണെന്നാണ് ക്യാപ്റ്റന്റെ അഭിപ്രായം.
'എന്ത് ആവശ്യത്തിനാണ് രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധങ്ങള്‍ നടക്കുന്നത്?'- എന്ന ചോദ്യം മന:സാക്ഷിയോട് ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ് സൈന്യം വിട്ടതെന്ന് ക്യാപ്റ്റന്‍ സൂചിപ്പിച്ചു.
കുട്ടിക്കാലത്ത് പത്തനംതിട്ട വേണുഗോപാല്‍ ടാക്കീസിലിരുന്ന്  കണ്ട സിനിമകള്‍ നടനാകണമെന്ന ആഗ്രഹം കൊച്ചുരാജുവിന്റെ ഉള്ളില്‍ ഉണര്‍ത്തി. മകനെ ഡോക്ടറാക്കണമെന്നായിരുന്നു സ്കൂള്‍ അദ്ധ്യാപകരായ മാതാപിതാക്കളുടെ ആഗ്രഹം.അത് പ്രകാരം ഡിഗ്രി സുവോളജിയ്ക്ക് ചേര്‍ന്നെങ്കിലും മികച്ച വിജയം കൈവരിക്കാനായില്ല. തുടര്‍ന്നാണ് സൈന്യത്തിലേക്ക് അപേക്ഷിച്ചത്. മിലിട്ടറി സര്‍വ്വീസ് വിട്ട ശേഷം സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക്.ജോഷിയുടെ 'രക്തം' ആയിരുന്നു ആദ്യ ചിത്രം. പിന്നീട് നീണ്ട 32 വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ ഇംഗ്ളീഷുള്‍പ്പടെ വിവിധ ഭാഷകളിലായി 500 ലേറെ സിനിമകള്‍.
"മലയാളസിനിമയുടെ നായകസങ്കല്‍പ്പത്തിന് അനുയോജ്യമായ  രൂപമല്ല എനിക്കുള്ളത്. ഇത്രയും ഉയരമുള്ള നായകന്‍മാരെ മലയാളികള്‍ക്ക് സങ്കല്‍പ്പിക്കാനാവില്ല.അവര്‍ക്ക് ഇടത്തരം തടിമിടുക്കുള്ള നായകന്‍മാരെ മതി. പിന്നെ എനിക്ക് നായികമാരെ കണ്ടെത്താനും പ്രയാസമായിരുന്നു. സ്റ്റൂളിലൊക്കെ കയറ്റി നിര്‍ത്തി ഉയരമൊപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. പിന്നെ ഒരോരുത്തര്‍ക്കും ഒരോ കഴിവുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍''- സൌന്ദര്യവും ആകാരസൌഷ്ഠവും ഒത്തിണങ്ങിയിട്ടും നായകകഥാപാത്രങ്ങളെ തേടിയെത്താത്തതിനുള്ള കാരണം ക്യാപ്റ്റന്‍ ചൂണ്ടികാട്ടി.
നായകനായില്ലെങ്കിലും നായകനോടൊപ്പമോ അതിലുമേറെയൊ പ്രേക്ഷകള്‍ ഇഷ്ടപ്പെട്ട ഒരുപാട് കഥാപാത്രങ്ങള്‍ ക്യാപ്റ്റന്റെ പേരിലുണ്ട്. സിബിമലയില്‍ സംവിധാനം ചെയ്ത 'ഓഗസ്റ്റ്-1' എന്ന സിനിമയില്‍ ആയുധത്തേക്കാള്‍ മൂര്‍ച്ചയും ലക്ഷ്യബോധവുമുള്ള പ്രതിനായകന്‍, ആവനാഴി'യിലെ സുന്ദരനായ വില്ലന്‍ സത്യരാജ്,  'ഗൌരവഭാവം ഒരുറുക്ക് കെട്ട് പോലെ കൊണ്ട് നടന്ന് ശീലിച്ച' ഒരു വടക്കന്‍ വീരഗാഥയിലെ  അരിങ്ങോടര്‍, നാടോടിക്കാറ്റില്‍ മലപ്പുറം കത്തിയും അമ്പുവില്ലും ഗൂര്‍ഖാകത്തിയും പെട്ടിയിലിട്ട് വിജയനേയും ദാസനെയും കൊല്ലാനെത്തിയ പവനായി, 'സിഐഡി മൂസയിലെ' സിഐഡി കരംചന്ദ്....ക്യാപ്റ്റന്‍ ചരിത്രമാക്കിയ കഥാപാത്രങ്ങള്‍ നിരവധി.
"പഴശിരാജയിലെ ഉണ്ണിമുത്തയായി വേഷമിട്ട് എംടി സാര്‍ ഇരുന്ന മുറിയ്ക്കുള്ളിലേക്ക് ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ സന്തോഷം എനിക്ക് മറക്കാനാകില്ല. ആ കഥാപാത്രത്തിന് വേണ്ടി എഴുതി വെച്ചതെല്ലാം എന്നില്‍ കണ്ടതിന്റെ സന്തോഷമായിരുന്നു അത്. അരിങ്ങോടരെ കുറിച്ച് എന്നെ കാണുമ്പോഴെല്ലാം സംസാരിക്കാറുണ്ട്. നന്നായി അഭിനയിച്ചാല്‍ ആരും കാണാതെ പുറകിലെത്തി തോളിലൊരു തട്ട് തട്ടി പോകുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ആ തട്ട് എനിക്ക് ദേശീയ അവാര്‍ഡിനേക്കാള്‍ വിലപ്പെട്ടതാണ്''- നടനെന്ന നിലയില്‍ മനസിന് സന്തോഷം തോന്നിയ ചില മുഹൂര്‍ത്തങ്ങള്‍ ക്യാപ്റ്റന്‍ ഓര്‍മ്മിച്ചെടുത്തു.
"സിനിമ സാമ്പാര്‍ പോലെയാണ്. പല തരത്തിലുള്ള ആളുകള്‍ എവിടെ നിന്നെക്കെയൊ എത്തി പ്രവര്‍ത്തിക്കുന്ന മേഖല. അവിടെ വാശിയും വൈരാഗ്യവും മനസില്‍ സൂക്ഷിക്കുന്നവരുണ്ട്. സ്വന്തം കാര്യം നോക്കി സ്ഥലം വിടുന്നവരുണ്ട്. ജീവിതമൂല്യങ്ങള്‍ക്ക് ഒരു പ്രാധാന്യവും നല്‍കാതെ കുട്ടികളി നടത്തുന്നവരുണ്ട്, നല്ല സംസ്കാരത്തോടെ പെരുമാറുന്നവരുമുണ്ട്. ഇവര്‍ക്കൊന്നും നല്ല രീതിയില്‍ പെരുമാറാനുള്ള പരിശീലനം നല്‍കാന്‍ താരസംഘടനയായ അമ്മയ്ക്ക് പോലും സാധിക്കില്ല.''- മലയാളസിനിമയെ തളര്‍ത്തുന്ന പ്രശ്നങ്ങളെ കുറിച്ച് ക്യാപ്റ്റന്റെ കാഴ്ച്ചപാടിതാണ്.
ജീവിതത്തില്‍ അമ്മയാണ് തന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളതെന്ന് ക്യാപ്റ്റന്‍ പറയുന്നു. "കഴിക്കുമ്പോള്‍ ഒരു വറ്റ് ചോറ് പാത്രത്തിന് വെളിയില്‍ പോയാല്‍ അമ്മ എന്നെ തല്ലും. നീ കോടീശ്വരന്റെ മകനല്ലെന്നും കളയാന്‍ ഇവിടെ ചോറില്ലെന്നും പറയും''- സ്കൂള്‍ ടീച്ചറായിരുന്ന അമ്മ അന്നമ്മ പഠിപ്പിച്ച ചിട്ടയും മര്യാദയും മരണം വരെ കൈവിടാനാവില്ലെന്നും ക്യാപ്റ്റന്‍ പറഞ്ഞു.
97ല്‍ 'ഇതാ ഒരു സ്നേഹഗാഥ' എന്ന ചിത്രത്തിലൂടെ ക്യാപ്റ്റന്‍ സംവിധാനരംഗത്തും മികവറിയിച്ചു.ദക്ഷിണേന്ത്യയില്‍ ഇപ്പോള്‍ 18 കോടി രൂപ വാങ്ങുന്ന നടന്‍ വിക്രമിനും സൂപ്പര്‍ നായികയായിരുന്ന ലൈലയ്ക്കും അവസരം നല്‍കാന്‍ കഴിഞ്ഞതാണ് ആ സിനിമയുടെ പ്രത്യേകതയെന്ന് ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തു. സൌമ്യനായ വീട്ടുകാരന്റെ റോളില്‍ ജീവിതത്തിലും തിളങ്ങുന്ന ക്യാപ്റ്റന്റെ സഹധര്‍മ്മിണി പ്രമിളയാണ്.ഏക മകന്‍ രവിരാജ് കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്നു.
എംടി തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന 'രണ്ടാമൂഴം' എന്ന ചിത്രത്തില്‍ തനിക്ക് ഒരു മികച്ച വേഷമുണ്ടാകുമെന്നാണ് ക്യാപ്റ്റന്റെ പ്രതീക്ഷ. "രണ്ടാമൂഴം പോലുള്ള ചിത്രത്തില്‍ ഒരു മികച്ച കഥാപാത്രത്തെ കിട്ടിയാല്‍ പിന്നെ കുറേ വര്‍ഷത്തേക്ക് ആളുകള്‍ ക്യാപ്റ്റന്‍ രാജുവിനെ ഓര്‍ക്കുന്നത് അതിന്റെ പേരിലാകും.പിന്നെ അടുത്ത വേഷം വരും.''- ക്യാപ്റ്റന്‍ ജീവിതത്തിലും സിനിമയിലുമുള്ള തന്റെ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ക്യാപ്റ്റന്‍ സംഭാഷണം അവസാനിപ്പിച്ചു.

Thursday, December 15, 2011



അച്ചായന്‍ ജോളിയാണ്........
"ഞാന്‍ ഒന്നിന് വേണ്ടിയും കാത്തിരിക്കാറുമില്ല. എന്റെ ഉന്നമൊട്ട് പിഴയ്ക്കാറുമില്ല''- 'നിര്‍ണ്ണയം' സിനിമയില്‍ അവതരിപ്പിച്ച കമ്മീഷണര്‍ ജാവേദ്ഖാന്‍ എന്ന കഥാപാത്രം പറയുന്ന ഈ സംഭാഷണം ലാലുഅലക്സിന്റെ സിനിമാജീവിതത്തിനും ബാധകമാണ്.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിനിടയില്‍ താന്‍ ഒന്നിന് വേണ്ടിയും കാത്തിരുന്നിട്ടില്ലെന്ന് വെറ്റിലയില്‍ ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രം 'കോബ്ര'യുടെ സെറ്റില്‍ ജോണ്‍ സാമുവല്‍ എന്ന കഥാപാത്രത്തിനായുള്ള വേഷപകര്‍ച്ചയ്ക്കിടയില്‍ ലാലുഅലക്സ് പറയുന്നു. സെറ്റില്‍ ലാലുഅലക്സ് അടിമുടി 'ജോളി'യാണ്. സംവിധായകന്‍ ലാല്‍, നടന്‍മാരായ സലീംകുമാര്‍, മണിയന്‍പിള്ള രാജു, തൊട്ടിങ്ങോട്ട് മേക്കപ്പ് മാനും ലൈറ്റ്ബോയും മെസുകാരും വരെ അച്ചായന്റെ സാമീപ്യത്താല്‍ ഹാപ്പി.
"ലാലു അലക്സ് ചെയ്താല്‍ ഈ കഥാപാത്രം നന്നാവുമെന്ന് സംവിധായകനും തിരക്കഥാകൃത്തിനും തോന്നിയാല്‍ മാത്രമേ അവര്‍ എന്നെ തേടി വന്നിട്ടുള്ളു. സിനിമാലോകത്തെ ഒരു ക്ളിക്കിലും കോക്കസിലും ഞാന്‍ അംഗമല്ല. അതു കൊണ്ടു തന്നെയാണ് ചെറിയ ചെറിയ ഇടവേളകള്‍ അഭിനയജീവിതത്തിലുണ്ടായത്. അവസരത്തിന് വേണ്ടി ഞാന്‍ ആരുടെയും പിന്നാലെ പോയിട്ടില്ല. സിനിമയില്ലാത്തപ്പോള്‍ വെറുതേ വീട്ടിലിരിക്കും''-ലാലു അലക്സ് അഭിനയജീവിതത്തെ വിലയിരുത്തി. 'ഈനാട്' എന്ന ചിത്രത്തിലെ എഎസ്പിയായാലും 'പാഥേയ'ത്തിലെ ഹരികുമാരമേനോനായാലും 'മഞ്ഞു പോലൊരു പെണ്‍കുട്ടി'യിലെ മാനുവലങ്കിളായാലും 'ഇവിടം സ്വര്‍ഗമാണ്' എന്ന ചിത്രത്തിലെ ആലുവാചാണ്ടിയായാലും കൃത്യം ഇടവേളകളില്‍ ലാലുഅലക്സ് മലയാളികളുടെ മനസിലേക്ക് മടങ്ങിയെത്തുക പതിവാണ്. ഈ പ്രതിഭാസത്തെ കുറിച്ച് ചോദിച്ചപ്പോള്‍- "എല്ലാം നമ്മുക്ക് വേണ്ടി സംഭവിക്കുന്നതാണ്''-എന്ന് ചെറുപുഞ്ചിരിയോടെ ലാലു കൂട്ടിചേര്‍ത്തു.
1978ല്‍ എന്‍ ശങ്കരന്‍നായര്‍ സംവിധാനം ചെയ്ത 'ഈ ഗാനം മറക്കുമോ?' ആണ് ആദ്യ ചിത്രം. അതിനും മുമ്പ് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മരുന്നുകമ്പനിയുടെ റെപ്രസെന്റേറ്റീവായിരുന്നു പിറവംകാരന്‍ ലാലുഅലക്സ്. "നല്ല ഒന്നാന്തരം റെപ്രസെന്റേറ്റീവായിരുന്നു ഞാന്‍. ഡോക്ടര്‍മാരെ കുപ്പിയിലാക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു. കമ്പനിയില്‍ നിന്ന് പ്രത്യേക ആനുകൂല്യങ്ങളും കിട്ടിയിരുന്നു''- പൂര്‍വ്വാശ്രമ ജീവിതത്തെ കുറിച്ച് ലാലു വാചാലനായി. സിനിമയിലേക്ക് കടന്നുവരുന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്. ഏത് സാധാരണക്കാരനേയും പോലെ വെള്ളിത്തിരയിലെ വിസ്മയം മാത്രമായിരുന്നു തനിക്ക് സിനിമയെന്ന് ലാലുഅലക്സ്. ശിവാജിയും സത്യനും നസീറും അടൂര്‍ഭാസിയും തകര്‍ത്തഭിനിയിച്ച സിനിമകള്‍ കൊട്ടകയിലിരുന്ന് കാണുമ്പോള്‍ മനസിലും മുഖത്തും ആശ്ചര്യം. ആശ്ചര്യം പിന്നീട് ആഗ്രഹത്തിലേക്ക് വഴിമാറി. ഒരു പരിചയക്കാരന്‍ കൂട്ടുകാരനോട് പറഞ്ഞ് ആ കൂട്ടുകാരന്‍ മറ്റൊരു കൂട്ടുകാരനോട് പറഞ്ഞ് ആ കൂട്ടുകാരന്‍ സംവിധായകന്‍ ശങ്കരന്‍ നായരോട് പറഞ്ഞ് ലാലു അലക്സ് സിനിമയിലെത്തി. മുന്‍സിഫ് കോടതിയില്‍ ഉദ്യോഗസ്ഥനായ അച്ഛന്‍ വി ഇ ചാണ്ടിയ്ക്ക് ലാലു സിനിമയിലേക്ക് പോകുന്നതില്‍ ആശങ്കയുണ്ടായിരുന്നു. 'സ്ഥിരം ജോലിയാവുമോ?'-എന്ന വീട്ടുകാരുടെ ആശങ്കയില്‍ അടിസ്ഥാനമുണ്ടെന്ന് കണ്ട് സിനിമയിലെത്തിയിട്ടും ലാലു റെപ്പിന്റെ ജോലി വിട്ടില്ല. മലയാളസിനിമയിലെ ട്രെന്‍ഡ് സെറ്ററുകളിലൊന്നായ ഐ വി ശശിയുടെ 'ഈ നാട്' എന്ന സിനിമയില്‍ ക്ഷുഭിത യൌവ്വനത്തിന്റെ ചടുലതയുള്ള എഎസ്പി റോളില്‍ തിളങ്ങിയതോടെ സിനിമ കൊണ്ട് ജീവിക്കാമെന്ന ധൈര്യമുണ്ടായി. തുടര്‍ന്ന് സംഭവിച്ചതെല്ലാം നല്ലതിനാണെന്ന് ലാലുഅലക്സ് അടിയുറച്ച് വിശ്വസിക്കുന്നു.
തൊണ്ണൂറുകളില്‍ കോമഡി റോളുകളിലേക്ക് ചേക്കേറിയ ലാലുഅലക്സ് സംഭാഷണശൈലിയുടെ പ്രത്യേകത കൊണ്ട് നേട്ടങ്ങള്‍ കൊയ്തു. "കേട്ടോ....പെണ്ണിന്റെ അപ്പാ....', 'കേട്ടോടാ മാനേ...' തുടങ്ങിയ ഡയലോഗുകള്‍ മിമിക്രിക്കാര്‍ക്ക് ചാകരയൊരുക്കി. "കോമഡിയ്ക്ക് വേണ്ടി പ്രത്യേകം കണ്ടെത്തിയ ശൈലിയൊന്നുമല്ല അത്. ചില കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഇട്ട ചില ശൈലികള്‍ വിജയിച്ചെന്ന് മാത്രം''-ലാലുഅലക്സ് പറഞ്ഞു.
സിനിമയിലെത്തി കാല്‍നൂറ്റാണ്ട് പിന്നിട്ട ലാലുച്ചായന് നാട്ടുകാര്‍ അടുത്ത് തകര്‍പ്പന്‍ സ്വീകരണം നല്‍കിയിരുന്നു. പിറവത്തോടുള്ള അടുപ്പമാണ് അച്ചായന്റെ ഏറ്റവും വലിയ വീക്ക്നെസ്. പിറവത്തെ പള്ളിയും പുഴയും നാട്ടുകാരും നല്‍കിയ ഊര്‍ജ്ജമാണ് തന്റെ കൈമുതലെന്നും അദ്ദേഹം അഭിമാനത്തോടെ പറയുന്നു. ഭാര്യ ബെറ്റിയും മക്കളായ ബെന്നും സെന്നും സിയയും അച്ചായന് സ്നേഹവും പ്രോത്സാഹനവുമേകുന്നു. 'ഓര്‍ക്കുട്ട് ഒരോര്‍മ്മ കൂട്ട്' എന്ന ചിത്രത്തിലൂടെ ലാലുവിന്റെ മകന്‍ ബെന്നും സിനിമാലോകത്തേക്ക് പ്രവേശിക്കുകയാണ്. മൊത്തത്തില്‍ ഈ ക്രിസ്തമസും അച്ചായന്‍ അടിച്ചുപൊളിക്കുകയാണ്.....


കട കടന്ന് പടന്നച്ചിരി.....
"വയസെത്രയായി....?''- നട്ടുച്ചയ്ക്ക് തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലുള്ള കടയില്‍ കയറി സോഡ ചോദിച്ച യുവാവ് കടക്കാരന്‍ ഫ്രിഡ്ജില്‍ നിന്നും സോഡ എടുക്കുന്നതിനിടയില്‍ ഒരു ചോദ്യമെറിഞ്ഞു. 
സോഡ പൊട്ടിക്കുന്നതിനിടയില്‍ കണ്ണിറുക്കി ചെറുചിരിയോടെ കെടിഎസ് പടന്നയില്‍ പറഞ്ഞു-"ഈ മകരത്തില്‍ 36. മകരം വന്നില്ലേല്‍ അതുമില്ല...'' കൊച്ചുപടന്നയില്‍ തായി സുബ്രഹ്മണ്യന്‍ എന്ന കെടിഎസ് പടന്നയിലിന് ശരിക്കും വയസ് 76. "അതില്‍ 36 കൊല്ലവും നാടകമായിരുന്നുന്നെന്ന്''പടന്നയില്‍ തിരുത്തും. സിനിമയിലും നാടകത്തിലുമായി കെടിഎസ് പടന്നയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 54 വര്‍ഷം കഴിഞ്ഞു. 
'ഫിഗറില്ലാത്ത കാലം'
പഠിക്കാന്‍ മിടുക്കനായിരുന്നു താനെന്ന് കെടിഎസ് ഓര്‍ക്കുന്നു. എന്നിട്ടും 47ല്‍ അഞ്ചാംക്ളാസില്‍ പഠിക്കുമ്പോള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. "പരീക്ഷ എഴുതാന്‍ മൂന്നു രൂപ ഫീസ് കൊടുക്കണം. സാമ്പത്തിക പരാധീനതകള്‍ കാണിച്ച് അപേക്ഷ കൊടുത്തപ്പോള്‍ ഫീസ് ഒന്നര രൂപയായി. പക്ഷേ കൂലിപ്പണിക്കാരനായ അച്ഛന്‍ തായിക്ക് അതും ഒപ്പിക്കാന്‍ പറ്റിയില്ല''-പകുതി വഴിയില്‍ മുറിഞ്ഞ പഠനം ഇന്നും പടന്നയിലിന്റെ നെഞ്ചിലൊരു നോവാണ്. അത് വല്ലാത്ത കാലമായിരുന്നു. വീട്ടിലും നാട്ടിലും ഒന്നും തിന്നാനില്ലാത്ത അവസ്ഥ. പട്ടിണി മാറ്റാന്‍ ആള്‍ക്കാര്‍ അസമിലേക്കും കൊളമ്പിലേക്കും വണ്ടി കയറിയ കാലം. "കടലപിണ്ണാക്ക് ഇടിച്ച് പൊടിച്ച് ശര്‍ക്കരയും തേങ്ങാപൂളും ചെരണ്ടിയിട്ട് ഒരുണ്ടയാക്കി കഴിച്ച് വിശപ്പടക്കും. മൂന്നു ദിവസമൊക്കെ അടുപ്പിച്ച് പട്ടിണി കിടന്നിട്ടുണ്ട്. കരഞ്ഞ് വാശി പിടിച്ചപ്പോള്‍ അമ്മ മാണി കദളിവാഴയുടെ കട വെട്ടി ഉപ്പിട്ട് പുഴുങ്ങി തന്നിട്ടുണ്ട്. എന്ത് കഴിച്ചാലും അന്നൊക്കെ ദഹിക്കുമായിരുന്നു''- പടന്നയില്‍ പറഞ്ഞു. പട്ടിണി കിടക്കുമ്പോഴും നടനാകണം എന്ന വാശി ചെറുപ്പത്തിലേ മനസില്‍ മുള പൊട്ടിയിരുന്നു. അച്ഛന്‍ തായി കോല്‍കളി, ഉടുക്കുകൊട്ട്, ഓണക്കളി, തുടങ്ങി അക്കാലത്ത് നാട്ടില്‍ ഉണ്ടായിരുന്ന കലകളിലൊക്കെ 'സ്റ്റാറായിരുന്നു'. ഏഴു മക്കളില്‍ ആ പാരമ്പര്യം സുബ്രഹ്മണ്യനാണ്  കിട്ടിയത്. പക്ഷേ അഭിനയിക്കാന്‍ ചെന്നപ്പോള്‍ നാട്ടിലുള്ള നാടകസംവിധായകന്‍മാരൊക്കെ പറഞ്ഞു-"സുബ്രഹ്മണ്യന്‍ ഫിഗര്‍ പോരാ...''എന്ന്. പഴയ ഇന്ദ്രന്‍സിന്റെ പകുതിയായിരുന്നു അന്നത്തെ പടന്നയില്‍. നൂലു പോലെയാണ് ഇരിപ്പെങ്കിലും ആരുടെ മുന്നിലും തലകുനിക്കാന്‍ മനസനുവദിച്ചില്ല-"ഒരു റോളുണ്ടെന്ന് കേട്ടു. പറ്റുമെങ്കില്‍ എന്നെ അഭിനയിപ്പിക്കണം. ഇല്ലെങ്കില്‍ വേണ്ട''-നാടകത്തിനായാലും സിനിമയ്ക്കായാലും പടന്നയില്‍ ചാന്‍സ് ചോദിച്ചിട്ടുള്ളത് ഇങ്ങനെയാണ്. ആരും അഭിനയിപ്പിച്ചില്ല. അപ്പോള്‍ സ്വയം നാടകമെടുക്കാന്‍ തീരുമാനിച്ചു. കേരളപിറവിയോടനുബന്ധിച്ച് സ്വയം തിരനാടകമെഴുതി 57ല്‍ തൃപ്പൂണിത്തുറക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച 'കേരളപിറവി' എന്ന നാടകമാണ് കെടിഎസ് പടന്നയിലിന്റെ ആദ്യ നാടകം. 
'അരങ്ങിലെ പടന്നയില്‍' 
"എന്റെ ഒപ്പം അഭിനയിക്കുന്നവരൊക്കെ ഫസ്റ്റ്ബെല്‍ അടിക്കുമ്പോഴേ അരക്കുപ്പി പൊട്ടിച്ച് വായിലൊഴിക്കും. തട്ടിലേക്ക്കയറാന്‍ ധൈര്യമുണ്ടാക്കാനാണ് അടിക്കുന്നത്. പക്ഷേ മദ്യപിച്ച് തട്ടിലേക്ക് കയറാന്‍ എനിക്ക് വല്യ പേടിയാണ്. സദസില്‍ 1000 പേരുണ്ടെങ്കില്‍ 2000 കണ്ണുകളും നമ്മുടെ മുഖത്തേക്ക് കൂര്‍പ്പിച്ച് നോക്കിയിരിപ്പാവും. ഒരു ചെറിയ ചലനം പാളിയാല്‍ മതി ആ കഥാപാത്രം ഓട്ടയാവും''-അഭിനയത്തെ കുറിച്ച് പടന്നയിലിന്റെ ദര്‍ശനമിതാണ്.ചങ്ങനാശിേ ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങല്‍ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളില്‍ സഹകരിച്ച പടന്നയില്‍ 80 ലധികം സിനിമകളില്‍ അഭിനയിച്ചെങ്കിലും വിലമതിക്കുന്നത് അരങ്ങിലെ കാലമാണ്. 
"ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്ന് നാടകം കാണുന്നവര്‍ക്ക് തോന്നും. സിനിമയില്‍ ചെമ്പരത്തിപ്പൂവിനെ ചങ്കാക്കാന്‍ ഒരുപാട് വിദ്യകളുണ്ട്''-അദ്ദേഹം വിലയിരുത്തുന്നു. ഒരു സീസണില്‍ 300ഉും 400ഉും നാടകങ്ങള്‍ വരെ കളിച്ചിട്ടുണ്ട്. നാടകം കളിക്കുന്നവര്‍ക്ക് പെണ്ണു കിട്ടാത്ത കാലമാണ്. ഒരുപാട് പ്രശ്നങ്ങള്‍ക്ക് ശേഷമാണ് പള്ളുരുത്തിക്കാരി രമണിയെ വിവാഹം കഴിക്കുന്നത്. തൃപ്പൂണിത്തുറയില്‍ കണ്ണംകുളങ്ങര ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലുള്ള മുറുക്കാന്‍കട തുടങ്ങിയത് നാടകത്തില്‍ സജീവമായിരുന്ന സമയത്താണ്. പടന്നയിലിനും രമണിയ്ക്കും ശ്യാം, സ്വപ്ന, സനല്‍, സാജന്‍ എന്നിങ്ങനെ നാലു മക്കള്‍. 
വെള്ളിത്തിരയും വെപ്പുപല്ലും...
രാജസേനന്റെ 'അനിയന്‍ബാവ ചേട്ടന്‍ബാവ'യാണ് ആദ്യം പുറത്തിറങ്ങിയ സിനിമ. നാലുതലമുറകളുടെ അധിപനായ ഒരു മുതുമുത്തശ്ശന്‍. ജയറാമിന് വേണ്ടി പെണ്ണുകാണാന്‍ ചെല്ലുന്ന സീനില്‍ "എന്റെ മകനാണിവന്‍, ഇവന്റെ മകനാണവന്‍''എന്നു തുടങ്ങുന്ന ഡയലോഗ് ഹിറ്റായി. തുടര്‍ന്ന് രാജസേനന്റെ തന്നെ 'ആദ്യത്തെ കണ്‍മണി', 'ദില്ലിവാല രാജകുമാരന്‍', 'കഥാനായകന്‍'തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. ഇടയ്ക്ക് കൂടുതല്‍ ശ്രദ്ധേയമായ കോമഡി സന്ദര്‍ഭങ്ങള്‍ കിട്ടാനായി തനിയ്ക്ക് വെപ്പുപല്ലാണെന്ന് സംവിധായകരോട് പറഞ്ഞതും തുടര്‍ന്ന് എല്ലാ സിനിമകളിലും വെപ്പു പല്ല് ഊരേണ്ടി വന്നതും ഓര്‍ത്ത് പടന്നയില്‍ ചിരിച്ചു. "സിനിമയില്‍ അങ്ങനെയാണ് ഒരു ട്രാക്കില്‍ വീണാല്‍ പിന്നെ അങ്ങനെ പോകേണ്ടി വരും''. 
എന്നും പുലര്‍ച്ചെ നാലിന് പടന്നയിലിന്റെ കട തുറക്കും. സോഡ പൊട്ടിക്കുന്നതിനും മുറുക്കാന്‍ കൊടുക്കുന്നതിനും പൈസ വാങ്ങി പെട്ടിയിലിടുന്നതിനും എല്ലാം പടന്നയിലിന് ഒരു സ്റ്റൈലുണ്ട്. ചിലര്‍ മൊബൈലില്‍ കെടിഎസിന്റെ ഫോട്ടോ എടുക്കും. മക്കളെ കൊണ്ട് 'ഷേയ്ക്ക്ഹാന്‍ഡ്' കൊടുപ്പിക്കും. 
"നാടകത്തില്‍ നിന്നും എന്തുണ്ടാക്കിയെന്ന് ഇന്നാള്‍ ഒരു കൂട്ടുകാരന്‍ ചോദിച്ചു-"ഞാന്‍ അലമാരയില്‍ നിന്നും അഞ്ച് ആധാരമെടുത്ത് ടീപ്പോയിലിട്ടു. വീടും പറമ്പും ഈ കടയും എല്ലാം ഞാന്‍ ഉണ്ടാക്കിയത് അഭിനയിച്ചാണ്. പക്ഷേ ആവോളം കഷ്ടപ്പെട്ടിട്ടുണ്ട് എല്ലാത്തിനും..''ചെറുചിരിയോടെ പടന്നയില്‍ പറഞ്ഞുനിര്‍ത്തി. 

Tuesday, December 13, 2011


ആത്മകഥയെഴുതാത്ത ഖദീജ.....
തേന്‍മാവിന്‍ കൊമ്പത്ത് സിനിമയില്‍ ഖദീജ   Add caption
    'തേന്‍മാവിന്‍കൊമ്പത്ത്'എന്നസിനിമയില്‍'മുത്തുഗൌ'വിന്റെ അര്‍ത്ഥം തപ്പി അലയുന്ന  മാണിക്യനെ (മോഹന്‍ലാല്‍) കുനിച്ചു നിര്‍ത്തി ഇടിക്കുന്ന കാട്ടുവഴിയിലെ ജഗജില്ലി അമ്മൂമ്മയായിട്ടാണ് ചിറയ്ക്കല്‍ പറമ്പില്‍   ഖദീജ സിനിമയില്‍ ഒടുവില്‍ മലയാളികള്‍ക്ക് മുന്നിലെത്തിയത്. 
'മുത്തുഗൌ' എന്ന് മാണിക്യന്‍ അമ്മൂമ്മയോട് പറയുന്നതും കഴുത്തില്‍ പിടിച്ച് മാണിക്യനെ അവര്‍ കുനിച്ച് നിര്‍ത്തുന്നതും കൈമുട്ട് ഊക്കില്‍ മുതുകിലേക്കിടുന്നതും മലയാളികള്‍ ഒരിക്കലും മറക്കാത്ത രംഗങ്ങളിലൊന്നാണ്. ഇടിക്കാന്‍ നേരം സംവിധായകന്‍ പ്രിയദര്‍ശന്‍ ഖദീജയോട് പറഞ്ഞു. "ചേച്ചീ, ലാലിനെ ശരിക്കും പെരുമാറിക്കോ...'' അതുകേട്ട് ലാലും ചെറുപുഞ്ചിരിയോടെ പറഞ്ഞു- "ചേച്ചീ സീന്‍ കലക്കട്ടെ, ശരിക്കും ഇടിച്ചോ, മടിക്കണ്ട...''. വടുതലയിലെ തന്റെ വാടക വീട്ടിലിരുന്ന് 71 വയസ്സുകാരിയായ ഖദീജ 17 കൊല്ലങ്ങള്‍ക്ക് മുമ്പിലെ ആ സീന്‍ ഓര്‍മ്മിച്ച് പറഞ്ഞു-"ലാലിന്റെ ഒക്കെ മുഖത്ത് നോക്കി എങ്ങനെയാ ഇടിക്കുന്നേ..ഞാന്‍ പറഞ്ഞു-ശരിക്കും ഇടിക്കുന്നത് പോലെ കാണിക്കാം ലാലേ, ഇടി കൊണ്ട പോലെ നിന്നാല്‍ മതിയല്ലോ...'. പക്ഷേ, 'തേന്‍മാവിന്‍ കൊമ്പിലെ' ആ രംഗം കാണുന്ന ആര്‍ക്കും അത് സിനിമയിലെ ഒരു സീനാണെന്ന് തോന്നില്ല. 'തേന്‍മാവിന്‍ കൊമ്പത്തിന്റെ ഹിന്ദി പതിപ്പായ 'സാത് രംഗ് കെ സപ്നെ'യിലായിരുന്നു ഖദീജ അവസാനമായി അഭിനയിച്ചത്. റോളും കഥാസന്ദര്‍ഭവും അതു തന്നെ. പക്ഷേ മോഹന്‍ലാലിന് പകരം മാണിക്യനായത് അരവിന്ദ് സ്വാമി. ലാലിനെ പോലെ കുനിയാനും കരയാനും ഒന്നും തന്നെ കിട്ടില്ല എന്ന ഭാവത്തില്‍ സ്വാമി നിന്നു. 'പിടിച്ച് കുനിച്ച് ഒരെണ്ണം കൊടുക്ക് ചേച്ചീ' എന്നായി പ്രിയന്റെ നിര്‍ദേശം.  ഷൂട്ടിങ്ങ് തീര്‍ന്നപ്പോള്‍ സീന്‍ വേണ്ട പോലെ ഫലിച്ചില്ലെന്ന തോന്നല്‍ ഖദീജയ്ക്കുണ്ടായിരുന്നു 'അയാള്‍ നമ്മുടെ ലാലിനെ പോലെ ഫ്ളെക്സിബിള്‍ അല്ലലോ..' ഫ്ളെക്സിബിള്‍ ആയ അഭിനയശൈലിയാണ് ഖദീജയ്ക്ക് എന്നുമിഷ്ടം. മറുവശത്ത് നില്‍ക്കുന്നത് പ്രേം നസീറായാലും സത്യനായാലും കൊട്ടാരക്കരയായാലും അടൂര്‍ഭാസിയായാലും ഫ്ളെക്സിബിള്‍ ആയ അഭിനയം വഴി തന്റെ കടമ ഭംഗിയായി നിറവേറ്റാനാണ് ഖദീജ ഇഷ്ടപ്പെട്ടത്. ചുമയും, ശ്വാസം മുട്ടലും, വാര്‍ധക്യ രോഗങ്ങളും വലയ്ക്കുന്ന വര്‍ത്തമാന കാലത്തും ഫ്ളെക്സിബിള്‍ അഭിനയശൈലിയെ ഇവര്‍ ഇഷ്ടപ്പെടുന്നു. അമ്മയുടെ കൈനീട്ടമാണ് ഈ നടിയുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്. 
പെരുമ്പാവൂരുകാരിയാണ് ഖദീജ. ചെറുപ്പം മുതല്‍ നൃത്തത്തോടും പാട്ടിനോടുമുള്ള അഭിനിവേശം ഏഴാംക്ളാസുകാരിയായ കൊച്ചുഖദീജയെ നാടകവേദിയിലെത്തിച്ചു. അമ്മ ഫാത്തിമ കോണ്‍ഗ്രസുകാരിയാണെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ടിക്കാരോട്  വിശ്വാസമായിരുന്നു. പാര്‍ടിക്കാര്‍ നേതൃത്വം നല്‍കിയ നാടകങ്ങളിലായിരുന്നു ഖദീജ ആദ്യം അഭിനയിച്ചത്. പ്രതിഭാ ആര്‍ട്ട്സിന്റെയും മറ്റും നാടകങ്ങളില്‍ ഒരുപാട് അഭിനയിച്ചു. പി ജെ ആന്റണിയെയും ശങ്കരാടിയെയും വക്കച്ചനേയും പരിചയപ്പെടുന്നത് അവിടെ നിന്നാണ്. ഒരു ദിവസം കലൂര്‍ ആസാദ് ഹാളില്‍ നാടകം നടക്കുമ്പോള്‍ കൊച്ചിക്കാരനായ കച്ചവടക്കാരന്‍ മാത്യു ഖദീജയെ വേദിയില്‍ ഒന്നു കണ്ടു. പ്രഥമ ദൃഷ്ടിയില്‍ അനുരാഗം ജനിച്ച മാത്യു ഖദീജയുടെ പിറകേ നടന്നു. ഒടുവില്‍ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ ഭേദിച്ച് അവര്‍ വിവാഹിതരായി. ഖദീജ മേരി മാത്യുവായി ജ്ഞാനസ്നാനം ചെയ്തു. ആറ് മക്കള്‍ ജനിച്ച ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്.  ഇളയ കുഞ്ഞ് സോഫിയെയും ഒക്കത്തിരുത്തി തേവര പാലത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ പോയ സമയത്താണ് നടി മീന കൊച്ചിയിലെത്തിട്ടുണ്ടെന്ന വിവരം കേട്ടത്. അവസാനമായി അവരെ ഒന്നു കാണാം എന്ന് വിചാരിച്ച് ഹോട്ടലിലേക്ക് നടന്നു. "നീ എന്തിനാടീ മരിക്കുന്നേ..? നീ ഈ കുഞ്ഞിന് വേണ്ടി ജീവിക്കണം. സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ ചാന്‍സ് മേടിച്ച് തരാം'' എന്ന മീനയുടെ ഉറപ്പില്‍ 27ാം വയസില്‍ മാടത്തരുവി കൊലക്കേസ് (1967) സിനിമയില്‍ അഭിനയജീവിതം തുടങ്ങാന്‍ ഖദീജയെ സഹായിച്ചു.  കാട്ടുകുരങ്ങ്, വാഴ്വേമായം, പരീക്ഷ, ആര്യങ്കാവ് കൊള്ളസംഘം, ഹലോ ഡാര്‍ലിങ്, ചന്ദനചോല, സ്വര്‍ണ്ണമീനുകള്‍, അസുരവിത്ത്, 'കള്ളിചെല്ലമ്മ' 'ചിത്രമേള', 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍''സത്യഭാമയ്ക്കൊരു പ്രേമലേഖനം' തുടങ്ങി 100ലധികം സിനിമകള്‍. വനിതാ സിഐഡി, കുശുമ്പിപ്പാറുമാര്‍, ആളും തരവും നോക്കാതെ ആര്‍ക്കിട്ടും രണ്ട് പൊട്ടിക്കാന്‍ മടികാണിക്കാത്ത കില്ലാഡികള്‍... സിനിമയിലെ ഖദീജയുടെ റോളുകള്‍  ഈ രീതിയില്‍ മാറി മറിഞ്ഞു.
ഖദീജ
നായകന്‍മാര്‍ക്ക് 10,000-12,000, നായികമാര്‍ക്ക് 8,000-9,000, പിന്‍നിര താരങ്ങള്‍ക്ക് 1,000-2,000 രൂപ കിട്ടുന്ന കാലം. ചുരുക്കം ചിലരൊഴിച്ച് നിര്‍മാതാക്കള്‍ പലരും നടിമാരെ പറ്റിക്കുന്നതില്‍ വിരുതന്‍മാര്‍. മൂന്നും നാലും മാസം കഷ്ടപ്പെട്ട് അഭിനയിക്കുന്ന പൈസയാണ് ഇവര്‍ മുക്കുന്നത്. ഡബ്ബിങ്ങ് കഴിഞ്ഞാല്‍ പൈസ തരാം എന്ന് പറയുന്നവര്‍ പിന്നീട് കണ്ടാല്‍ ആലുവാമണപ്പുറത്ത് കണ്ട പരിചയം കാണിക്കില്ല. അക്കാലത്ത് 400 രൂപയ്ക്ക് ബംഗ്ളാവ് പോലത്തെ വീട് മദ്രാസില്‍ കിട്ടും. ചാന്‍സ് ചോദിച്ച് അലഞ്ഞുതിരിഞ്ഞെത്തുന്ന പലര്‍ക്കും അഭയം നല്‍കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഖദീജ പറയുന്നു. എന്നാല്‍ കൈ പിടിച്ച് ഉയര്‍ത്തി വിട്ടവര്‍ പിന്നീട് കണ്ട ഭാവം നടിച്ചില്ലെന്ന് തെല്ലും സങ്കടമില്ലാതെ അവര്‍ കൂട്ടിചേര്‍ക്കുന്നു. 
പക്ഷേ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. 'എടീ പെണ്ണേ എന്താടീ വിശേഷം..?'എന്ന സത്യന്‍ മാഷിന്റെ പതിവ് കുശലാന്വേഷണം ഓര്‍മയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു. ലഞ്ച്ബ്രേക്കിന് എല്ലാവരും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കും. കൊളസ്ട്രോള്‍ ആയതിനാല്‍ പ്രേം നസീറിന് വീട്ടില്‍ നിന്നും ഭക്ഷണം കൊടുത്തയക്കും. എന്നാലും 'ഒരു കഷ്ണം അങ്ങോട്ടിട്ട്, ഒരു പപ്പടം ഇങ്ങോട്ടിട്ട്' എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുമ്പോള്‍ നസീറും അതില്‍ പങ്ക് ചേരും. ബഹദൂറും അടൂര്‍ഭാസിയുമൊക്കെ സ്വന്തം ദുഖ:ങ്ങളെ ചിരിമുത്തുകളാക്കി മാറ്റും. മദ്രാസിലെ പ്രസിദ്ധമായ സ്വാമീസ് ലോഡ്ജിലായിരുന്നു സിനിമാക്കാരില്‍ മിക്കവരും താമസിച്ചിരുന്നത്. മധു ഒരു പെട്ടിയുമായി വന്ന് അഭിനയിച്ച് നാട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു പതിവ്. 
ഷൂട്ടിങ്ങ് ഇല്ലാത്ത സമയത്ത് മലയാളത്തിന്റെ മര്‍ലിന്‍ മണ്‍റോ എന്ന് ഖ്യാതി നേടിയ വിജയശ്രീയുടെയും നടി ശ്രീലതയുടെയും കൂടെ കര്‍മ്മാരിയമ്മന്‍ കോവിലില്‍ പോവും. അതുമിതും പറഞ്ഞ് അവിടെയും ഇവിടെയും ചുറ്റിയടിക്കും. വശ്യ മനോഹരിയായ വിജയശ്രീയുടെ മരണം തന്നെ ഇപ്പോഴും നൊമ്പരപ്പെടുത്തുന്നുവെന്ന് ഖദീജ പറയും.
"അക്കാലത്തെ നായികമാരുടെ കൂടെ മിക്കവാറും ബന്ധുക്കളും അല്ലാത്തവരുമായി 10-15 ആള്‍ക്കാര്‍ കാണും. മിക്കവാറും പേര്‍ക്ക് കുടുംബ പ്രാരാബ്ധങ്ങള്‍ ഉണ്ടാവും. അനിയത്തിമാരെ കല്യാണം കഴിച്ച് അയക്കണം, സഹോദരങ്ങളെ പഠിപ്പിക്കണം, വയസ്സായ അച്ഛനമ്മമാര്‍ക്ക് ആശ്രയമാകണം. ഒടുവില്‍ അവര്‍ക്ക് സ്വന്തം ജീവിതം ജീവിക്കാന്‍ കഴിയാതെ വരും. എല്ലാം വിശ്വസിച്ച് ഏല്‍പ്പിക്കുന്നവര്‍ ചിലപ്പോള്‍ ക്രൂരമായി വഞ്ചിക്കും. ചിലര്‍ മനസമാധാനത്തിനായി, ഒരു രാത്രി എല്ലാം മറന്ന് ഒന്നുറുങ്ങാനായി മദ്യപിച്ച് തുടങ്ങും...പിന്നെ കൈക്കുമ്പിളിലെ വെള്ളം പോലെ ഒരു ജീവിതം ചോര്‍ന്നു പോവും''- ഖദീജ ഓര്‍ത്തെടുത്തു. 
സീനിയര്‍ താരങ്ങളെ തകര്‍ത്ത് തരിപ്പണമാക്കി താന്‍ ഇന്ത്യയുടെ മുഴുവന്‍ അഭിമാനമാവുമെന്ന് ഒരു യുവതാരം മുന്നിലെ ടിവി സെറ്റില്‍ ആഞ്ഞടിക്കുകയായിരുന്നു അപ്പോള്‍. ടി വിയില്‍ നോക്കി  ചെറു പുഞ്ചിരിയോടെ ഖദീജ  പറഞ്ഞു- " സീനിയര്‍ താരങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരവും ബഹുമാനവും നല്‍കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. നസീര്‍ സാറൊക്കെ വരുമ്പോള്‍ ഞങ്ങള്‍ അറിയാതെ എഴുന്നേറ്റ് ഗുഡ്മോണിങ്ങൊക്കെ പറയും. എത്ര വലുതായാലും ഗുരുത്വം മറക്കരുത്, ആരും..''. ഖദീജ ഒരു കാലത്തിന്റെ പ്രതീകമാണ്. മദ്രാസ് മലയാളസിനിമയുടെ ഹോളിവുഡായിരുന്ന കാലത്തിന്റെ...പക്കാകൊമേഴ്സ്യല്‍ സിനിമയുടെ എല്ലാ ചേരുവകളും ആ കാലത്തിന്റെ പ്രത്യേകതയാണ്. സ്നേഹത്തിന്റെ നിലാവും കൊടിയ വഞ്ചനയുടെ നിഴല്‍ രൂപങ്ങളും അതിലുണ്ട്. പക്ഷേ സാക്ഷിയായിരിക്കുന്ന ഒരാള്‍ അറിഞ്ഞോ അറിയാതെയൊ എല്ലാത്തിലും പങ്കാളിയാവുന്നത് കൊണ്ട്- 'എല്ലാ സത്യങ്ങളും തുറന്നു പറയാനാവില്ല. അതു കൊണ്ട് ഒരാത്മ കഥ എഴുതാന്‍ കഴിയില്ല'- എന്ന് ഖദീജ തുറന്നു പറയുന്നു. 
' 
 'ഏറ്റവുംവലിയപണിഎന്നും സംവിധാകനായിരിക്കുമല്ലോ...!'.

ടപ്പള്ളി റെയില്‍വേ ഗെയ്റ്റ് പരിസരം മുതല്‍ കൊച്ചി നഗരം വരെയുള്ള യാത്രകളിലെന്നും വാപ്പച്ചിയുടെ തോളിനോട് പറ്റിചേര്‍ന്ന് കണ്ട അരുമക്കാഴ്ച്ചകളാണ് ആഷിക്കിന്റെ പ്രിയപ്പെട്ടസിനിമ.
ഷോപ്പിങ്ങ് കോംപ്ളക്സുകളും കെട്ടിട സമുച്ചയങ്ങളും ഫ്ളാറ്റുകളും മള്‍ട്ടിപ്ളെക്സുകളും കൊച്ചിയില്‍ അന്നില്ലായിരുന്നു. ഇന്ന് കൊച്ചി ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നു. എന്നാലും ആഷിക്ക് അബു സ്നേഹത്തോടെ പറയും- "വാപ്പച്ചിയുടെ ചുമലില്‍ കയറി കണ്ട കാഴ്ച്ചയോളം വലിയ ഉയരമൊന്നും കൊച്ചിയിലെ ഒരു കെട്ടിടത്തിനുമില്ലെന്ന്''. വാപ്പച്ചിയോടുള്ള ആഷിക്കിന്റെ ഈ പ്രണയമാണ് 'ഡാഡികൂള്‍' സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച വീരനായ അച്ഛന്റെ ചമയങ്ങള്‍ക്ക് വര്‍ണ്ണമേകിയത്.  ഈ ഓണക്കാലത്ത് നാക്കിലതുമ്പില്‍ 'സോള്‍ട്ട് ആന്‍ഡ് പെപ്പറ'ിന്റെ വിജയമധുരം കൂടി വിളമ്പുമ്പോള്‍ വാപ്പച്ചിയ്ക്കും കൊച്ചിയ്ക്കും ആഷിക്കിനെ ഓര്‍ത്ത് അഭിമാനിക്കാനുള്ള വകയുണ്ട്.
കൊച്ചിയില്‍ നിന്നാണ് 'ഡാഡികൂള'ിന്റെ കഥയും ആഷിക്കിന് കിട്ടുന്നത്. എറണാകുളം ഗ്രൌണ്ട് സ്റ്റോപ്പില്‍ പണ്ട് ട്രാഫിക്ക് സിഗ്നല്‍ ഉണ്ടായിരുന്നില്ല. ഒരു വയര്‍ലെസ് സെറ്റും പിടിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ഒരു പൊലീസുകാരനുണ്ടായിരുന്നു അവിടെ. ഇടയ്ക്ക് ഗ്രൌണ്ടില്‍ നിന്ന് ക്രിക്കറ്റ് കളിയുടെ ആരവമുയരുമ്പോള്‍ പൊലീസുകാരന്‍ ട്രാഫിക്ക് നിയന്ത്രണം പെരുവഴിയില്‍ ഉപേക്ഷിച്ച് മഹാരാജാസിലേക്ക് വലിയും. പുറത്ത് ട്രെയിന്‍ മറിഞ്ഞാലും പിന്നെ അദ്ദേഹം ശ്രദ്ധിക്കില്ല.അതിന്റെ പേരില്‍ അദ്ദേഹത്തിന് നേരെ പലനടപടിയും ഉണ്ടായിട്ടുണ്ട്. പക്ഷേ പൊലീസുകാരന്റെ ക്രിക്കറ്റ് കമ്പത്തിന് മാത്രം കുറവൊന്നും വന്നില്ല. ഈ പൊലീസുകാരനാണ് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഡാഡികൂളില്‍ മമ്മൂട്ടി അവതരിപ്പിച്ച ആന്റണി സൈമണായത്.
സിനിമാക്കാര്‍ക്ക് ഇന്ന് കൊച്ചി 'ചോട്ടാമുംബൈ'യാണ്. മാഫിയയും സെക്സ്റാക്കറ്റും ക്വട്ടേഷന്‍ സംഘങ്ങളും തടിമാടന്‍ ഗുണ്ടകളും മേയുന്ന കറുത്ത നഗരമാണ് ഫ്രെയിമുകളില്‍ നിറയുന്നത്. സിനിമാക്കാര്‍ക്ക് കൊച്ചിയോട് വല്ല വിരോധവുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആഷിക്കിന്റെ മറുപടി ഇതായിരുന്നു- "കൊച്ചിയില്‍ ഇല്ലാത്തത് ഒന്നുമില്ല. എല്ലാ അടിയൊഴുക്കുകളും ഇവിടെ കൂടി കടന്നുപോകുന്നുണ്ട്. എന്ന് കരുതി, പട്ടിച്ചങ്ങലയും മറ്റും കഴുത്തിലിട്ട് നടക്കുന്ന ഗുണ്ടകളുടെ നഗരമാണ് കൊച്ചിയെന്ന് വിചാരിക്കരുത്''.
ഒട്ടും സംശയിക്കണ്ട, സ്നേഹിക്കാവുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന തറവാട്ടില്‍ പിറന്ന ഗുണ്ടകളും ക്രിമിനലുകളും കൊച്ചിയിലുണ്ട്. പക്ഷേ അവരുടെ നെറ്റിയില്‍ ഗുണ്ടയെന്ന ലേബലൊന്നും ഒട്ടിച്ചിട്ടുണ്ടാവില്ല. കണ്ടാല്‍ നമ്മുടെ അയല്‍പക്കത്തെ പയ്യന്‍മാരെ പോലെയിരിക്കും അവരെന്നും ആഷിക്ക് കൂട്ടിചേര്‍ത്തു. മനുഷ്യപറ്റുള്ള  ഗുണ്ടകളെയും ഡോണുകളുടെ ഹൃദയാര്‍ദ്രതയുംമലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന മമ്മൂട്ടി ചിത്രം 'ഗ്യാങ്ങ്സ്റ്റര്‍' ആണ്ആഷിക്കിന്റെ അടുത്തചിത്രം. പക്ഷേ എല്ലാവരും പ്രതീക്ഷിക്കുന്ന പോലെ കൊച്ചിയിലല്ല കഥ നടക്കുന്നത്. കാസര്‍ഗോഡ്-മംഗലാപുരം പ്രദേശമാണ് ആഷിക്കിന്റെ മനസ്സിലുള്ളത്. "കാസര്‍ഗോഡും മംഗലാപുരത്തും മറ്റും ഇത്തരം ഡോണുകള്‍ ധാരാളമുണ്ട്. ഐ വി ശശി സംവിധാനം ചെയ്ത 'അതിരാത്ര' ത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച താരാദാസ് എന്ന അധോലോക നായകന്‍ പൊലീസുകാരില്‍ നിന്ന് രക്ഷപ്പെട്ടാന്‍ റോഡില്‍ പണം വിതറി തിരക്കുന്നുണ്ടാക്കുന്നുണ്ട്. ഇത് കാസര്‍ഗോഡ് പണ്ട് നടന്ന സംഭവമാണ്. അത്തരം യഥാര്‍ത്ഥസംഭവങ്ങളും കഥകളും ചേര്‍ത്താണ് 'ഗ്യാങ്ങ്സ്റ്റര്‍' തയാറാക്കുന്നത്''-ആഷിക്ക് പറഞ്ഞു.
ഷിക്കും കൂട്ടുകാരായ അമല്‍നീരദും അന്‍വര്‍റഷീദും കൊച്ചിയുടെ ഭൂമിശാസ്ത്രം മന:പാഠമാക്കിയവരാണ്. മഹാരാജാസ് കാലത്തും അതിനുമുമ്പും കൊച്ചി കണ്ട് നടന്ന് കുറെ ചെരുപ്പ് തേഞ്ഞതാണെന്ന് ഇവര്‍ പറയും. അതുകൊണ്ട് തന്നെ കൊച്ചിയെ പോലെ ചടുലതയും പുതുമയും നിറഞ്ഞതാണ് ഇക്കൂട്ടരുടെ സിനിമാസങ്കല്‍പ്പവും. മഹാരാജാസ് കാലത്ത് ചൂടിയ  എസ്എഫ്ഐ കുട സിനിമയിലെ വേനല്‍ചൂടില്‍ നിന്നും ആഷിക്കിനെ സംരക്ഷിച്ചിട്ടുണ്ട്. "എസ്എഫ്ഐ കാലത്ത് ബക്കറ്റ് പിരിവിനായി കയറിയിറങ്ങാത്ത വീടില്ല. പലപ്പോഴും അടിയും കൊള്ളേണ്ടി വന്നിട്ടുണ്ട്. ജയിലില്‍ കിടന്ന അനുഭവവുമുണ്ട്''. അതു കൊണ്ട് തന്നെ ഒരാളുടെ മുന്നിലും നട്ടെല്ല് വളച്ച് നില്‍ക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്ന് ആഷിക്ക് പറയുന്നു. "പുറത്ത് നിന്ന് ഒരാള്‍ കൊച്ചിയെ കാണുന്നത് പോലെയല്ല ഞാനും അമലും അന്‍വറും മറ്റും കാണുന്നത്. അതിന്റെ സ്നേഹവും പരിഗണനയും ഞങ്ങളുടെ ഫ്രെയിമിലുണ്ടാകും''-ആഷിക്ക് പറഞ്ഞു. 
ഥ ആവശ്യപ്പെട്ടത് കൊണ്ട്് 'സോള്‍ട്ട് ആന്‍ഡ് പെപ്പര്‍' അധികവും തിരുവനന്തപുരത്ത് ചിത്രീകരിച്ചത്. എപ്പോഴും കൊച്ചി കാണിച്ച് കാണികളെ ബോറടിപ്പിക്കണ്ടെന്ന് കരുതിയാണ് മാറ്റമെന്നും കരുതാം. പ്രേക്ഷകര്‍ക്ക് കൊച്ചുകൊച്ചു വിസ്മയങ്ങള്‍ നല്‍കാനാണ് ആഷിക്ക് ശ്രമിക്കുന്നത്. വിശദമായ തിരക്കഥയും കൂറ്റന്‍ ഡയലോഗുകളും കൊണ്ട് സിനിമ കെട്ടിപൊക്കുന്ന കാലം കഴിഞ്ഞെന്നാണ് ഈ സംവിധായകന്റെ പക്ഷം. കൊച്ചുകൊച്ചു വിസ്മയങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കാനാണ് ശ്രമം. 'സോള്‍ട്ട് ആന്‍ഡ് പെപ്പ' റില്‍ നായകന്‍മാരുടെ തല്ലു മാത്രം കൊണ്ട് നടന്ന എവര്‍ഗ്രീന്‍ വില്ലന്‍ ബാബുരാജിനെ മലയാളികളുടെ സ്വന്തം നളനാക്കിയതും, സിനിമയുടെ തുടക്കത്തില്‍ കേരളക്കരയിലെ എല്ലാ രുചിയും കോര്‍ത്തിണക്കിയൊരു 'കോക്ക്ടെയ്ല്‍' ടൈറ്റില്‍ സോങ്ങ് ഉണ്ടാക്കിയതും, അവിയല്‍ ബാന്‍ഡിന്റെ തട്ടുപൊളിപ്പന്‍ 'ആനക്കള്ളന്‍'പാട്ട് ചേര്‍ത്തൊരു അവസാനമുണ്ടാക്കിയതും ആഷിക്കുണ്ടാക്കിയ ചെറിയ ചില വിസ്മയങ്ങള്‍ മാത്രം...
കൊച്ചു വിസ്മയങ്ങള്‍ ചേര്‍ന്നാണ് വലിയ വിസ്മയം ഉണ്ടാകുന്നതെന്ന് ആഷിക്കിനറിയാം. പക്ഷേ ഇക്കാര്യം നിര്‍മാതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതാണ് ഏറ്റവും വലിയ പണി. "പുതിയ പുതിയ പരീക്ഷണങ്ങള്‍ പറയുമ്പോള്‍, അത് നടപ്പില്ലെന്ന് പറയുന്നവരോട് എനിക്ക് സഹതാപമേയുള്ളു. പക്ഷേ, അവരെ അത് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നമ്മള്‍ പരമാവധി ശ്രമിക്കും. ചിലപ്പോള്‍ നമ്മള്‍ വിജയിക്കും.''-ആഷിക്ക് പറയുന്നു. പക്ഷേ, അങ്ങനെ ചെയ്യേണ്ടത് ഒരു സംവിധായകന്റെ കടമയാണെന്ന് ആഷിക്ക് കൂട്ടിചേര്‍ക്കും.
കാരണം: 'ഏറ്റവും വലിയ പണി എന്നും സംവിധാകനായിരിക്കുമല്ലോ...!'.