Tuesday, December 6, 2011

'ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ?




'ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ?
കത്തെഴുതുന്ന ശീലം ഇപ്പോള്‍ ഇല്ലാതായി കൊണ്ടിരിക്കുന്നു. 'ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ?, അവിടെയൊ...?' തുടങ്ങിയ ചോദ്യങ്ങള്‍ തന്നെ മറവിയിലമര്‍ന്നിരിക്കുന്നു. എന്താണ് സുഖം..?, എനിക്ക് മാത്രം സുഖം മതിയോ...? എന്റെ സുഖം മറ്റുള്ളവരെ വേദനിപ്പിച്ചാലും എനിക്ക് അസുഖം തോന്നാഞ്ഞത് എന്ത് കൊണ്ട്....? ചോദ്യങ്ങള്‍ക്ക് മാത്രം പക്ഷേ അവസാനമില്ലെന്ന് രാധാകൃഷ്ണന്‍ പറയുന്നു. മുറ്റത്ത് തണല്‍ പടര്‍ത്തി നിന്ന മാവിന്റെ തണല്‍ നോക്കിയിരുന്ന് സംസാരിക്കുമ്പോള്‍ ഉള്ളിലും തണുപ്പ് പടര്‍ന്നു. ആത്മാന്വേഷണങ്ങള്‍ക്കിടയില്‍ ഞാനെന്ന ഉപ്പുപാവ അലിഞ്ഞില്ലാതാവുന്നതിന്റെ അനിവാര്യതയും ആ ഭാഷണം എന്നെ ബോധ്യപ്പെടുത്തി.
എല്ലാം മായ്ക്കുന്ന കടലായിരുന്നു സി രാധാകൃഷ്ണന് അമ്മയുടെ ജീവിതദു:ഖം. സ്വാതന്ത്യ്രസമരത്തിന്റെ തീചൂളയിലേക്ക് സ്വയംസമര്‍പ്പിച്ച അച്ഛന്‍. സ്വന്തം കാര്യങ്ങള്‍ നോക്കി ഓടിയകന്ന ബന്ധുക്കള്‍. മഹാസങ്കടങ്ങളുടെ തീക്കടല്‍ കടഞ്ഞ് തിരുമധുരമേകിയ അമ്മയാണ് ഈ ജന്മം കണ്ടിട്ടുള്ളതില്‍ ഏറ്റവും ദുഃഖസാന്ദ്രമായ കഥാപാത്രമെന്ന് എഴുത്തുകാരന്‍ പറയുന്നു. പഠിക്കണം, എല്ലായിടത്തും ഒന്നാമനായി സ്വര്‍ണ്ണമെഡലുകള്‍ നേടണം,ജോലി നേടി അമ്മയ്ക്കും സഹോദരങ്ങള്‍ക്കും തണലേകണം പല കാലത്തായി പൂവണിഞ്ഞ നിത്യവാശികള്‍ക്കിടയിലും രാധാകൃഷ്ണന്‍ എഴുതിയതെല്ലാം മലയാളികള്‍ നെഞ്ചിലേറ്റി. അംഗീകാരങ്ങള്‍ ഒന്നിന് പിറകേ ഒന്നായി തേടിയെത്തി. ഇപ്പോള്‍ വലിയ കീര്‍ത്തി മുദ്രയായ വള്ളത്തോള്‍ പുരസ്ക്കാരവും ഈ ചമ്രവട്ടത്തുകാരനെ തേടിയെത്തി.പുരസ്ക്കാരലബ്ധിയില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന്- "എന്ത് സന്തോഷം?. ഇപ്പോഴും നാട്ടില്‍ സി രാധാകൃഷ്ണന്‍ എന്ന് പറഞ്ഞാല്‍ ആരും അറിയില്ല. മാധവന്‍ നായരുടെ മകന്‍ അപ്പൂനെ അറിയ്വോ? എന്ന് ചോദിച്ചാല്‍ ചിലരൊക്കെ അറിയും''-എന്ന് മറുപടി. ശാസ്ത്രവും വിപ്ളവസത്യവും പ്രപഞ്ച ദര്‍ശനവും കൈകോര്‍ത്ത ഈ സാഹിത്യ പ്രപഞ്ചത്തിന് ലോകസാഹിത്യത്തില്‍ സമാനതകളില്ലെന്നത് വായനക്കാര്‍ തിരിച്ചറിഞ്ഞ മഹാസത്യം.
'മുന്‍പേ പറക്കുന്ന പക്ഷികള്‍'
ഡല്‍ഹിയില്‍ പേട്രിയറ്റില്‍ ജോലി നോക്കിയ കാലത്താണ് നക്സലൈറ്റ് ബാധിത പ്രദേശത്തെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആളെ ആവശ്യമുണ്ടെന്ന് കേള്‍ക്കുന്നത്. കല്യാണമൊന്നും കഴിക്കാത്ത സമയമായിരുന്നത് കൊണ്ട് ചാടിക്കയറി ദൌത്യമേറ്റു. 14 ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങാമെന്ന പ്രതീക്ഷയോടെയാണ് പശ്ചിമ ബംഗാളിലെ ഉള്‍ഗ്രാമങ്ങളിലേക്ക് യാത്ര തിരിച്ചത്. കനുസന്യാല്‍ ഉള്‍പ്പടെയുള്ള നേതാക്കളിലേക്ക് വഴിയുണ്ടാക്കിയപ്പോള്‍ തന്നെ 10-12 ദിവസം കഴിഞ്ഞു. ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറിയപ്പോള്‍ അവരുടെ എല്ലാ പ്രശ്നങ്ങളും മനസിലാക്കാന്‍ കഴിഞ്ഞു. മാറാന്‍ വസ്ത്രമോ ഒരു നേരത്തെ ഭക്ഷണമോ ഇല്ലാതെ അലഞ്ഞ നാളുകള്‍. പുഴയോരത്ത് കൌമാരക്കാരായ കുട്ടികളെ വരെ നിരത്തി നിര്‍ത്തി വിചാരണയോ വിധിപ്രഖ്യാപനമോ ഇല്ലാതെ പൊലീസുകാര്‍ വെടിവെച്ചുതള്ളിയ കാലം. ചിലരെയെല്ലാം തലകീഴായി മരത്തിലും പോസ്റ്റുകളിലും കെട്ടിത്തൂക്കി. കഴുകന്‍മാര്‍ കൊത്തിതിന്ന ശവങ്ങള്‍ നിത്യക്കാഴ്ച്ച. മടങ്ങുന്ന നേരത്ത് "നിങ്ങള്‍ക്ക് ഞങ്ങളെപ്പറ്റി അറിയാന്‍ പാടുള്ളതിലും കൂടുതല്‍ അറിയാം'' എന്ന് പറഞ്ഞ് നക്സലൈറ്റുകള്‍ തടഞ്ഞു. ചുരുക്കത്തില്‍ ഞാന്‍ അവരിലൊരാളായി. ഒടുവില്‍ ആറുമാസത്തിന് ശേഷം പൊലീസ് ഈ സംഘത്തെ പിടികൂടിയപ്പോഴാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. പേട്രിയേറ്റില്‍ തിരിച്ചെത്തിയ ശേഷം പഞ്ചാബിലേക്കും ഉത്തര്‍പ്രദേശിലേക്കും പര്യടനം നടത്തി. 'മുമ്പേ പറക്കുന്ന പക്ഷികള്‍' ജനിച്ചത് ഈ മാനസികാവസ്ഥയിലാണ്. ഒരിക്കലും, ആര്‍ക്ക് മുന്നിലും കീഴടങ്ങാത്ത ബംഗാളി ഗ്രാമീണരെയും ഏതളവു വരെയും സഹിക്കുന്ന സ്ത്രീകളെയും പരിചയപെടുന്നതും ഇക്കാലത്താണ്.
'സ്പന്ദമാപിനികളേ നന്ദി'
നാം നേടിയ നേട്ടങ്ങളെല്ലാം ശാസ്ത്രത്തിന്റെ സംഭാവനയാണ്. അതേസമയം ഇന്നനുഭവിക്കുന്ന എല്ലാ ദുരിതങ്ങളും അതിന്റെ സന്തതികളാണ്. ശാസ്ത്രജ്ഞന്‍ വിചാരിച്ചാല്‍ ലോകത്തെ മാറ്റി മറിക്കാന്‍ കഴിയില്ലേ? ഈ ദര്‍ശനവുമായി വേള്‍ഡ് സയന്റിസ്റ്റ് മൂവ്മെന്റ് എന്നൊരു സംഘടന പ്രവര്‍ത്തിച്ചിരുന്നു. ജനങ്ങള്‍ക്ക് ഗുണമില്ലാത്ത ശാസ്ത്രസ്ഥാപനങ്ങളെല്ലാം തകര്‍ക്കാന്‍ ഈ സംഘടന തീരുമാനിച്ചു. പൂനെ വേള്‍ഡ്വൈഡ് സീസ്മോളജി സെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഈ സംഘടനയില്‍ സജീവമായിരുന്നു. 'സ്പന്ദമാപിനികളേ നന്ദി' നോവലിന്റെ വിത്ത് മനസ്സില്‍ വീഴുന്നത് ഇക്കാലത്താണ്. എന്നാല്‍ ശാസ്ത്രജ്ഞന്‍മാരെ കൊണ്ട് വിപ്ളവം നടത്താന്‍ കഴിയില്ലെന്ന ബോധ്യം പിന്നീടുണ്ടായി. ചില അംഗീകാരങ്ങളും അഹന്തയെ തൃപ്തിപ്പെടുത്തുന്ന പുരസ്ക്കാരങ്ങളും മതി അവരുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താന്‍. ജനങ്ങള്‍ ഇടപെട്ട വിപ്ളവമേ വിപ്ളവമാകൂ. ജനകീയ വിപ്ളവത്തിന്റെ പരീക്ഷണ ഭൂമിയാണ് 'മുമ്പേ പറക്കുന്ന പക്ഷികള്‍'എന്ന നോവല്‍. ശാസ്ത്രത്തിന്റെ സാധ്യതകളും പരിമിതികളും അന്വേഷിച്ച ഉദ്യമമാണ് 'പുള്ളിപുലികളും വെള്ളിനക്ഷത്രങ്ങളും'.
വെള്ളി നക്ഷത്രങ്ങള്‍
ഇഎംഎസും എകെജിയും ഉള്‍പ്പടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അച്ഛന് വലിയ ബന്ധമായിരുന്നു. സ്വാതന്ത്യ്രലബ്ധിയുടെ പിറ്റേനാള്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ആളാണ് അച്ഛന്‍. 48 ല്‍ പൊലീസ്വേട്ട വ്യാപകമായപ്പോള്‍ ഇഎംഎസ് തറവാട് വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. പിന്‍വാതിലിലൂടെ പാതിരാത്രിയ്ക്ക് എത്തുന്ന ഇഎംഎസ് ഒറ്റവിളക്കിന്റെ നേരിയ വെളിച്ചത്തിലിരുന്ന് ഊണ് കഴിക്കുന്ന രംഗം ഇപ്പോഴും മനസിലുണ്ട്. പുലര്‍ച്ചെ പുഴയിലൂടെ നടന്ന് തിരുനാവയയ്ക്ക് പോവുമായിരുന്നു അദ്ദേഹം. വിക്ക് ചതിക്കുമെന്ന് കരുതി ആരോടും ഒരു വാക്കും മിണ്ടില്ല. മത്തിക്കറിയൊക്കെയാണ് മുത്തശി അദ്ദേഹത്തിന് പലപ്പോഴും വിളമ്പിയത്. 57ല്‍ മുഖ്യമന്ത്രിയായ സമയത്ത് പത്രത്തില്‍ പടം വന്നപ്പോഴാണ് ഇഎംഎസ് ആണ് വീട്ടില്‍ വന്നിരുന്നതെന്ന കാര്യം മുത്തശ്ശിക്കും വീട്ടുകാര്‍ക്കും പിടികിട്ടിയത്. ഇഎംഎസിന് മത്തിക്കറി കൊടുത്തെന്ന സങ്കടം നീണ്ടക്കാലം മുത്തശ്ശിയെ അലട്ടിയിരുന്നു. കോഴിക്കോട്ടേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ അച്ഛന് സാരമായി പരിക്കേറ്റപ്പോള്‍ എകെജിയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
'ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ'
കുറ്റിപ്പുഴയ്ക്കും മുണ്ടശേരിയ്ക്കും ശേഷം നിരൂപകരായവരില്‍ കൂടുതലും കോളേജ് അദ്ധ്യാപകരാണ്. അന്യഭാഷാ കൃതികള്‍ പഠിച്ച് ആ കൃതികളെ നമ്മുടെ സാഹിത്യവുമായി താരതമ്യപ്പെടുത്തിയാണ് ഇവര്‍ നിരൂപണം നടത്തിയത്. ആപ്പിള്‍കൃഷി മാത്രം പഠിച്ച ഒരാള്‍ക്ക് കിഴങ്ങ്കൃഷി മോശമെന്ന് തോന്നും. അവര്‍ക്ക് കിഴങ്ങിന്റെ ഗുണമേന്മയും അറിയില്ല. താരതമ്യപ്പെടുത്താന്‍ മാതൃകകളില്ലാത്ത എന്റെ പുസ്തകങ്ങള്‍ അവര്‍ കണ്ടില്ലെന്ന് നടിച്ചു. നിരൂപകരേക്കാള്‍ വായനക്കാരുടെ അംഗീകാരത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. അതെനിക്ക് ആവോളം കിട്ടുന്നുമുണ്ട്. പരിഹാരമില്ലെന്ന് കരുതിയ പല പ്രശ്നങ്ങള്‍ക്കും എന്റെ നോവലുകള്‍ വായിച്ച് പോംവഴി കണ്ടെത്തിയെന്ന് ചിലര്‍ പറയുമ്പോള്‍ അതാണ് ഏറ്റവും വലിയ അംഗീകാരം. ക്യാപിറ്റലിസത്തിന്റെയും പണക്കൊഴുപ്പിന്റെയും ഭവിഷ്യത്തുകള്‍ വിശദമായി പഠിക്കുകയാണ്- 'ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ' എന്ന നോവല്‍. പക്ഷേ ആ രീതിയിലുള്ള പഠനം അതിന് കിട്ടിയില്ല. പക്ഷേ ഇപ്പോള്‍ പൂര്‍ണ്ണ സംതൃപ്തനാണ്. ഒന്ന് കണ്ണടിച്ചിരുന്നാല്‍ അറിയാം- എന്റെ വായനക്കാരുടെ സ്നേഹവും പരിലാളനയും. വായനക്കാരാണ് എന്നെ പ്രണയിച്ചിട്ടുള്ളത്. അല്ലാതെയുള്ള പ്രണയം എനിക്കറിയില്ല. പട്ടിണി കിടന്ന് വലഞ്ഞവന് എന്ത് പ്രണയം?.എന്റെ കൃതികളിലും പ്രണയം കുറവാണ്. പക്ഷേ ഭാര്യ വത്സലയാണ് എന്റെ എല്ലാ കൃതികളുടെയും ആദ്യ വായനക്കാരി. സാധാരണക്കാരെ കുഴക്കുന്ന വല്ലതും രചനയിലുണ്ടോ?, കുട്ടികളുടെ മനസിനെ വേദനിപ്പിക്കുന്ന ഏതെങ്കിലും വാക്കുകളുണ്ടോ? ഈ കാര്യങ്ങള്‍ പരിശോധിക്കാനാണ് അവര്‍ വായിക്കുന്നത്. ജോലിയ്ക്ക് പോകുന്നില്ലെങ്കിലും ടീച്ചേഴ്സ് ട്രെയിനിങ്ങ് കഴിഞ്ഞതിന്റെ അനുഭവമുണ്ട് അവര്‍ക്ക്...
'തീക്കടല്‍ കടഞ്ഞ് തിരുമധുരം'
'എല്ലാം മായ്ക്കുന്ന കടല്‍', 'പുഴ മുതല്‍ പുഴ വരെ', 'വേര്‍പാടിന്റെ വിരല്‍പാടുകള്‍' ഈ പുസ്തകങ്ങള്‍ പഠിക്കുന്ന ആര്‍ക്കും അര്‍ദ്ധനാടുവാഴിത്ത വ്യവസ്ഥിതിയില്‍ നിന്നും ആധുനികതയിലേക്ക് വഴിമാറിയ കേരളസമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കും. അന്നത്തെ കേരളീയ സമൂഹത്തിന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയസാഹചര്യങ്ങള്‍ ഈ നോവലുകളിലുണ്ട്.
'എന്നെ ചൂഷണം ചെയ്യാന്‍ ഞാനാരെയും അനുവദിക്കില്ല'എന്ന ചിന്തയോടൊപ്പം 'സ്വയം ചൂഷകനാകില്ലെന്ന' വസ്തുതയും വ്യക്തികളുടെ മനസില്‍ ഇടംപിടിക്കണം. 'ഇനി ഒരു നിറകണ്‍ ചിരി'യ്ക്ക് ശേഷം 'ഉള്ളില്‍ ഉള്ളത്' മുതല്‍ ഈ ദര്‍ശനം വായനക്കാരുടെ മനസിലേക്ക് പകര്‍ത്താനാണ് ശ്രമിച്ചത്. ഈ ദര്‍ശനംകൈവരിച്ച ജനതയെ നയിക്കാന്‍ ഭരണകൂടത്തിന്റെ ആവശ്യമില്ല. എല്ലാ അന്യവല്‍ക്കരണങ്ങളെയും അതിജീവിക്കാന്‍ കെല്‍പ്പുള്ള ദര്‍ശനമാണത്.
എഴുത്തച്ഛന്റെ ജീവിത സഞ്ചാരങ്ങള്‍ അടയാളപ്പെടുത്തിയ 'തീക്കടല്‍ കടഞ്ഞ് തിരുമധുരം' നോവല്‍ വായിച്ച ശേഷം അമ്മ ജാനകിയമ്മ പറഞ്ഞു- "മതി, ഇനി അപ്പു ഒന്നും എഴുതിയില്ലെങ്കിലും കുഴപ്പമില്ല''. എന്റെ മനസിലെ ഏറ്റവും വലിയ അംഗീകാരവും ഇതാണ്.....

No comments: