Thursday, December 8, 2011

ത്രികോണപ്രണയകഥയിലെ ഒരു ദുരന്തനായകന്....

ത്രികോണപ്രണയകഥയിലെ ഒരു ദുരന്തനായകന്....
ജയിക്കാന്‍ നാല് റണ്‍സ് മാത്രം ആവശ്യമുള്ളപ്പോള്‍, ബാറ്റിങ്ങിനിറങ്ങിയ വാലറ്റക്കാരനെ പോലെയാണ് ഒരര്‍ത്ഥത്തില്‍ ത്രികോണപ്രണയ കഥയിലെ പരാജയപ്പെട്ട നായകന്‍. സിംഗിള്‍ എടുത്താല്‍ അപ്പുറത്ത് നില്‍ക്കുന്ന പേരെടുത്ത ബാറ്റ്സ്മാന്‍ സ്ട്രൈക്കെടുത്ത് ബൌണ്ടറി പായിച്ച് വിജയം നേടുമെന്ന പ്രതീക്ഷ അയാള്‍ക്കുണ്ട്. എഡ്ജോ പാഡോ തട്ടി ബോള്‍ ബൌണ്ടറിയിലേക്ക് പാഞ്ഞേക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. എന്നാല്‍ എണ്ണം പറഞ്ഞ ഒരു യോര്‍ക്കര്‍ അയാളുടെ മിഡില്‍ സ്റ്റമ്പ് തെറിപ്പിച്ചാല്‍, നിസംഗനായി, ഹെല്‍മെറ്റ് ഊരി കൈയ്യില്‍ പിടിച്ച്, സ്വയം പഴിച്ച്, തല കുനിച്ച് അയാള്‍ മടങ്ങുന്നു.
എല്ലാ ത്രികോണപ്രണയകഥയിലും ദുരന്തനായകന് ഇത്തരം പ്രതീക്ഷകളും സ്വപ്നങ്ങളും അവസാന നിമിഷം വരെ ശേഷിക്കാറുണ്ട്. താന്‍ മൂന്നാമനായി മാറുന്നതും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുന്നതും കളിക്കളത്തില്‍ മറ്റ് രണ്ടു പേരുടെ കളികള്‍ കണ്ടിരിക്കേണ്ടിക്കേണ്ടി വരുന്നതും അയാളുടെ വിധിയാണ്.
പെണ്‍കുട്ടിയ്ക്കും ആണ്‍കുട്ടിയ്ക്കും പരസ്പര സ്നേഹമുണ്ടെന്ന് അവര്‍ക്കിരുവര്‍ക്കും ബോധ്യപ്പെട്ട് കഴിഞ്ഞാല്‍ മൂന്നാമന്‍ അപ്രത്യക്ഷനാവുക സ്വഭാവികമാണ്. പിന്നീട് അയാള്‍ ജീവിക്കുന്നത് ചില മിഥ്യാലോകങ്ങളിലായിരിക്കും. ഒറ്റപ്പെട്ട്, വിഷണ്ണനായി നടക്കുന്ന തന്നോട് പെണ്‍കുട്ടിയ്ക്ക് സഹതാപമുണ്ടാകുമെന്നും ആ സഹതാപം രണ്ടാമനോടുള്ള അനുരാഗത്തെ ജയിക്കുമെന്നും അയാള്‍ കരുതുന്നതാണ് ഒന്നാംഘട്ടം. എത്ര തീവ്രമായി, അസാധാരണമായി താന്‍ പെണ്‍കുട്ടിയെ പ്രണയിക്കുന്നുണ്ടെന്ന് ആത്മസാക്ഷ്യം നടത്താന്‍ അയാള്‍ പലവട്ടം ഒരുമ്പെടും. പിന്നീട് 'എല്ലാം തുലഞ്ഞു പോകട്ടെ'എന്ന ജീവിതവീക്ഷണവുമായി അയാള്‍ അലഞ്ഞുതിരിയും.
കണ്‍മുന്നിലുള്ള ഏറ്റവും വലിയ കെട്ടിടത്തിന്റെ മുകളിലേറി ആത്മഹത്യയ്ക്ക് ഒരുമ്പെടുന്നതും അതറിഞ്ഞ് പെണ്‍കുട്ടി ഓടിയെത്തുന്നതും ഒടുവില്‍ കണ്ണീരോടെ രണ്ടാമനേക്കാള്‍ കൂടുതല്‍ അവള്‍ തന്നെ പ്രണയിക്കുന്നുവെന്ന് സമ്മതിച്ച് നെഞ്ചിലേക്ക് ചായുന്നതും മനസ് വീണ്ടും വീണ്ടും റിവൈന്‍ഡ് ചെയ്ത് കാണിക്കും. അതുമല്ലെങ്കില്‍ കുളിമുറിയില്‍ ഈ ലോകത്തെ മുഴുവന്‍ ഉള്ളിലൊതുക്കി കൊണ്ട് നില്‍ക്കുന്നതും മൂര്‍ച്ചയേറിയ ബ്ളെയ്ഡിന്റെ വായ്ത്തല ഉള്ളിലൊരു പുളിപ്പും ദേഹമാകെ പൊട്ടിത്തരിപ്പും ഉണ്ടാക്കി കൈത്തണ്ടയില്‍ ചുവപ്പുരേഖ ഉണ്ടാക്കുന്നതും, ചോരയൂറുന്ന കൈത്തണ്ട തണുത്ത വെള്ളത്തിലേക്ക് തൂക്കിയിടുന്നതും, നിഴലും നിലാവും ഊറിക്കൂടുന്ന വേളയില്‍ അകംപുറം മറിഞ്ഞ് മരിക്കുന്നതും, മരണശേഷം മൃതദേഹം കാണാന്‍ അവള്‍ എത്തുന്നതും, ആരോ എങ്ങനെയൊ മൂന്നാമന്റെ ഡയറിക്കുറിപ്പുകളും കാല്‍പ്പനിക ലിഖിതങ്ങളും പെണ്‍കുട്ടിയുടെ അടുത്ത് എത്തിക്കുന്നതും, രാത്രിയില്‍ എല്ലാം മയങ്ങിയ നേരത്ത് ബെഡ്ലാമ്പിന്റെ അരണ്ട വെട്ടത്തില്‍ എത്ര ഓടിയിട്ടും ഫിനിഷിങ്ങ് പോയിന്റില്‍ എത്താത്ത അയാളുടെ ദൈന്യമോഹങ്ങളും നഷ്ടനെടുവീര്‍പ്പുകളും ഓര്‍ത്ത് അവള്‍ നിശ്വസിക്കുന്നതും, അവള്‍ക്ക് കാണാന്‍ കഴിയില്ലെങ്കിലും അവളെയും മറ്റ് പലതിനെയും കണ്ടു കൊണ്ട് അത് കണ്ട് നില്‍ക്കുന്നതുമുള്‍പ്പടെ അയാള്‍ പല കാഴ്ചകളും കണ്ടെന്നിരിക്കും. ഒരോ മെസേജ് റിങ്ങ്ടോണും അയാളുടെ ഹൃദയത്തെയും ശരീരത്തെയും പ്രകമ്പനം കൊള്ളിക്കും.
ടിവി സ്ക്രീനില്‍ സെവന്‍ ജി റെയിന്‍ബോ കോളനിയില്‍ ഹൃദയം തകര്‍ന്ന - 'കണ്‍പേസും വാര്‍ത്തകള്‍ പുരിവതിലൈ' എന്ന പാട്ടിലെ നായകന്റെ തല മാറുന്നതും തന്റെ തല പകരം കയറുന്നതായും അയാള്‍ സങ്കല്‍പ്പിക്കും. 'വാരണം ആയിരം' എന്ന സിനിമയിലെ 'അവ എന്ന എന്ന തേടി വന്ത അഞ്ജല..' എന്ന പാട്ടില്‍ പ്രണയം നഷ്ടപ്പെട്ട നായകന്‍ മയക്കുമരുന്നിന് അടിമയാകുന്നതും കൈത്തണ്ടയില്‍ വയര്‍ മുറുക്കി സിറിഞ്ച് അതിലേക്കിറക്കി ഉന്‍മാദഹാസം പൊഴിക്കുന്നതും അയാളെയും ഉന്‍മാദിയാക്കും. അടിമുടി കാല്‍പ്പനികതയിലും പകല്‍ക്കിനാവിലും മുഴുകി അയാള്‍ ഒരു 'എടുക്കാചരക്കാവും'. പിന്നെ 'പോട്ടെ പുല്ല്' എന്ന ഭാവത്തില്‍ സഞ്ചരിക്കുന്ന അയാള്‍ക്ക് മുന്നില്‍ പ്രണയലീലകള്‍ പിന്നെയും തുടരും. അടുത്തടുത്തിരിക്കുന്ന കാമുകി-കാമുകന്‍മാരെ ഒരു കൊല്ലിയുടെ മുകളില്‍ നിന്ന് അവര്‍ കാഴ്ച്ചകള്‍ കാണുകയായിരുന്നെങ്കില്‍ എന്ന് മൂന്നാമന്‍ ചിലപ്പോള്‍ സങ്കല്‍പ്പിച്ച് പോകും...........
വ്യക്തിപരമായ കാര്യമാണെങ്കിലും കലവറയില്ലാത്ത സ്നേഹവും സഹാനുഭൂതിയും ഒരിക്കലും പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്ന് അയാള്‍ക്ക് സുലഭമായി കിട്ടിയെന്നിരിക്കും. സത്യത്തില്‍ ആരും ഈ കേസില്‍ കുറ്റക്കാരല്ലെന്ന് ബോധം തെളിയുന്ന വേളയില്‍ അയാള്‍ക്ക് ബോധ്യമുണ്ടാകും.
സത്യത്തില്‍ എന്തിന് വേണ്ടിയാണ് പ്രണയിക്കുന്നതെന്ന് ബോധ്യമില്ലാത്ത ഒരാള്‍ പ്രണയിക്കാന്‍ ശ്രമിച്ചതിന്റെ ഭവിഷ്യത്തുകളാണ് ഇതെല്ലാം എന്നയാള്‍ വീണ്ടും വീണ്ടും പറഞ്ഞ് ബോധ്യപ്പെടുത്തും. 'ശപിച്ച് കൊണ്ട് കൊഞ്ചുന്ന, മോഹിച്ച് കൊണ്ട് വെറുക്കുന്ന' പെണ്‍കുലത്തെ അയാള്‍ വെറുക്കാന്‍ പഠിക്കും. ഐസിലേറെയും തണുത്ത വെള്ളത്തില്‍ പോലും ചാടാന്‍ കഴിയാതെ മുന്‍കാലത്ത് ചൂടുവെള്ളത്തില്‍ വീണ അനുഭവമുള്ള ആ പൂച്ച മടിച്ച് നില്‍ക്കും. പെണ്‍കുട്ടികളോട് സംസാരിക്കാന്‍ അസാധാരണമായ ഭയമുള്ള അയാള്‍ തന്റെ പിടിപ്പ്കേടാണ് പ്രണയനഷ്ടത്തിന് കാരണമായതെന്ന് വിലയിരുത്തി, ആ വിലയിരുത്തലില്‍ വെന്തുരുകും.
എത്ര മയത്തില്‍, സ്നേഹത്തില്‍ സംസാരിച്ചാലും-"നിന്നോട് ഇഷ്ടം തോന്നില്ല. നിന്റെ ചോദ്യങ്ങള്‍ക്ക് ഒരാത്മാര്‍ത്ഥയില്ലാത്ത പോലെ'' തോന്നുന്നുവെന്ന് ചിലര്‍ പറയുന്നത് കേട്ട് വിസ്മയിപ്പിച്ച്, പിന്നീട് ആത്മപരിശോധന നടത്തി അതും ശരിയാണല്ലോ എന്ന് കണ്ടെത്തി എനിക്ക് എന്തോ പറ്റിയല്ലോ...? എന്നോര്‍ത്ത് അയാള്‍ അന്തിച്ച് നില്‍ക്കും. പ്രശസ്ത നോവലിസ്റ്റായ ഓര്‍ഹന്‍ പാമുക് പറയുന്നത്- 'ഒരു പെണ്‍കുട്ടി ഒരാളെ പരിചയപ്പെട്ട് 20 നിമിഷത്തിനുള്ളില്‍, അയാള്‍ ഭാവിയില്‍ തനിക്ക് ആര്‍ക്കായിരിക്കണം...' എന്ന തീരുമാനം കൈകൊള്ളുമെന്നാണ്. എന്തോ അയാള്‍ക്കത് അങ്ങനെ വിശ്വസിക്കാന്‍ കഴിയില്ല. പുസ്തകങ്ങളില്‍ എഴുതി വെച്ചതെല്ലാം ആരെല്ലാമോ എത്രയോ പാടുപെട്ടും ചിന്തിച്ചും എഴുതി വെച്ചതാണെന്ന് പ്രാചീനമായ ഒരു വിശ്വാസം അയാള്‍ക്കുണ്ടെങ്കിലും, സ്വന്തം അനുഭവം തൊടാത്ത ഒരു വാക്കും അയാള്‍ ഇനി വിശ്വസിക്കില്ല....അതിനും ചില കാരണങ്ങളുണ്ട്.
പെണ്‍കുട്ടി ഇന്ന് കറുത്ത നിറത്തിലുള്ള ചുരിദാര്‍ ഇട്ടാല്‍ തന്റെയും അവളുടെയും മനസ് ഒരേ രീതിയിലാണ് ചിന്തിക്കുന്നതെന്ന് ആശ്വസിച്ച് നല്ല പ്രണയം സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്ന ഒരു മഠയനായിരുന്നു അയാള്‍.അവളും താനും ഭക്ഷണം കഴിക്കുന്ന ഹോട്ടലിലെ റേഡിയോയില്‍ ചിത്രഗീതം പരിപാടി നടക്കുമ്പോള്‍ അടുത്ത് വരുന്ന പാട്ട് 'തൂവാനതുമ്പികളിലെ' 'ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി....' എന്ന പാട്ടാണെങ്കില്‍ തങ്ങള്‍ വിവാഹം കഴിക്കുമെന്ന് സങ്കല്‍പ്പിക്കുന്നതും മൂക്കിലൂടെയുള്ള സുഖകരമല്ലാത്ത ശബ്ദത്തില്‍- 'ശ്രോതാക്കള്‍ ആവശ്യപ്പെട്ട ചലചിത്ര ഗാനത്തില്‍ അടുത്തത് തുവാനതുമ്പികളിലെ ഒന്നാം രാഗം പാടി. ഗാനരചന: ശ്രീകുമാരന്‍ തമ്പി,സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ആലാപനം: ജി വേണുഗോപാല്‍' എന്ന് കേള്‍ക്കുന്നതും അതില്‍ വിസ്മയിക്കുന്നതും ആഹ്ളാദിക്കുന്നതും അയാളുടെ ശീലമായിരുന്നു. ബസില്‍ പോകുമ്പോള്‍ നീണ്ടു മെലിഞ്ഞ കൈത്തണ്ട മുകളിലെ കമ്പിയില്‍ ചുറ്റിപിടിച്ചിരിക്കുന്നതും, കാതിലെ സ്വര്‍ണ്ണനൂലിന്റെ അറ്റത്ത് പളുങ്ക്മണി കൊരുത്ത കമ്മല്‍ അയാളുടെ മനസ് പോലെ ആടിയുലയുന്നതും കാണുന്നതും അയാളില്‍ തരംഗമുയര്‍ത്തിയിരുന്നു. മാര്‍ക്വേസിന്റെ നോവലുകളിലെ പ്രണയത്തിന്റെ ജനാലയിലൂടെ ലോകത്തെ മുഴുവന്‍ കാണാനും ഏതോ തെരുവിലെ ഇലകള്‍ പൊഴിയുന്ന മരത്തിന് കീഴില്‍ പ്രണയിനിയെ കാത്ത് വഴിയോരത്തുള്ള ബെഞ്ചില്‍ യുഗയുഗാന്തരങ്ങളോളം കാത്തിരിക്കുന്നതാണ് പ്രണയമെന്നും അയാള്‍ ചിന്തിക്കും.
ഇതിനെല്ലാം ഉപരിയായി ഒരു പെണ്‍കുട്ടി തകര്‍ത്ത അഹന്തയുടെ കോട്ടകളുടെ അവശിഷ്ടങ്ങള്‍ പേറി സഞ്ചരിക്കേണ്ടി വരിക എന്നതാണ് അയാള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ പാരിതോഷികം. പെണ്‍കുട്ടികളോട് കൂടുതല്‍ മര്യാദയ്ക്ക് പെരുമാറാനും, ആ മര്യാദയില്‍ അഭിമാനിക്കാനുമുള്ള വക ഈ തകര്‍ച്ച അയാള്‍ക്ക് നല്‍കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.

No comments: