Tuesday, December 20, 2011

വരച്ച വരയില്‍ യേശുദാസന്‍....
വരകളേക്കാള്‍ മുമ്പ് മനസ്സിലുറച്ചത് അക്ഷരങ്ങളാണെന്ന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പറയുന്നു. തൃക്കാക്കരയിലെ വാടകവീട്ടില്‍ വില്ലേജ് ഓഫീസറായ അച്ഛന്‍ ജോണ്‍മത്തായിയുടെ ഏതോ കൂട്ടുകാരന്‍ വന്നപ്പോള്‍ സമ്മാനമായി കൊച്ചുകൈയ്യില്‍ പിടിപ്പിച്ച മുള്ളന്‍പന്നിയുടെ നീണ്ട് അറ്റംകൂര്‍ത്ത മുള്ളുകള്‍ മഷിയില്‍ മുക്കി പേനയാക്കിയാണ് ഭംഗിയുള്ള അക്ഷരങ്ങളെഴുതാന്‍ പഠിച്ചതെന്ന് യേശുദാസന്‍ ഓര്‍മിച്ചു.
സ്കൂള്‍ പഠനകാലത്ത് ഇടപ്പള്ളിയില്‍ മഹാകവി ചങ്ങമ്പുഴയുടെ വീടിന് മുന്നില്‍ പോയി നിന്നപ്പോഴും ഗെയ്റ്റിനടുത്ത് മതിലില്‍ പതിച്ചിരുന്ന 'ചങ്ങമ്പുഴ' എന്ന ബോര്‍ഡിലെ 'ഴ' എന്ന അക്ഷരത്തിന്റെ ഒഴുക്കും നീണ്ടവാലുമാണ് യേശുദാസനെ ആകര്‍ഷിച്ചത്. 'കാര്‍ട്ടൂണിസ്റ്റാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. എഞ്ചിനിയറാകാനായിരുന്നു ആഗ്രഹം. എഞ്ചിനിയറായാല്‍ കുറെ പണമുണ്ടാക്കാന്‍ സാധിക്കുമെന്ന ചിന്തയായിരുന്നു മനസില്‍'- ഇടപ്പള്ളി ചങ്ങമ്പുഴ നഗറിലെ വീട്ടിലിരുന്ന് യേശുദാസന്‍ പറഞ്ഞു. അതിനും മുമ്പ് തന്നെ യേശുവിന്റെ ദാസനാക്കാനായിരുന്നു വീട്ടുകാരുടെ ഉള്ളിലിരുപ്പെന്ന് മലയാളികളുടെ പ്രിയ കാര്‍ട്ടുണിസ്റ്റ് പറഞ്ഞു. പക്ഷേ അക്കാലത്ത് സെമിനാരിയിലെ അച്ഛന്‍മാരുടെ ജീവിതം യാതനകളും പീഡനങ്ങളും നിറഞ്ഞതായിരുന്നു. 'അച്ഛന്‍' പട്ടത്തിന് ഇന്നത്തെ ഗ്ളാമറുണ്ടായിരുന്നെങ്കില്‍ താന്‍ തീര്‍ച്ചയായും വൈദികനായേനെയെന്ന് പുഞ്ചിരിയോടെ കൂട്ടിചേര്‍ക്കാനും അദ്ദേഹം മടിച്ചില്ല. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഡള്ളാസ് അണുബോബുമായി നൃത്തം ചവിട്ടുന്ന ആദ്യ കാര്‍ട്ടൂണ്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'അശോകം' വാരികയില്‍ അടിച്ചു വന്നിട്ട് 56 കൊല്ലം കഴിഞ്ഞു. ചിത്രകലാദ്ധ്യാപകനായിരുന്ന ജ്യേഷ്ഠന്‍ കുര്യാക്കോസിന്റെ വരകളെ അനുകരിച്ചായിരുന്നു ആദ്യ സൃഷ്ടികള്‍. വിരലുകളില്‍ പെന്‍സിലും സ്കെച്ച്പേനയും ബ്രഷും മാറിമറിഞ്ഞ് ' ജര്‍മ്മന്‍ നിര്‍മിത 'റോട്ടെറിങ്ങ്-ഇങ്ക്' ആയപ്പോഴേക്കും യേശുദാസന്‍ ഇന്ത്യയിലെ എണ്ണം പറഞ്ഞ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായി.
വിമോചനസമരകാലത്ത് ജനയുഗത്തില്‍ അടിച്ച് വന്ന 'പടത്തലവന്റെ പടപ്പുറപ്പാട്' ആണ് മാവേലികര ഭരണിക്കാവ് ഗ്രാമത്തില്‍ കുന്നേല്‍ ചക്കാലെത്ത് വീട്ടില്‍ യേശുദാസന്റെ ആദ്യ ഹിറ്റ് കാര്‍ട്ടൂണ്‍. 'ഇഎംഎസിന്റെ മേശക്കാലില്‍ ഞാന്റെ കുതിരയെ കെട്ടുമെന്ന' മന്നത്ത് പത്മനാഭന്റെ  അശ്വമേധപ്രഖ്യാപനത്തെ പരിഹസിച്ച്  മരക്കുതിരയില്‍ പുളയുന്ന ചാട്ടവാറുമായി നീങ്ങുന്ന നായര്‍ പടത്തലവനെയായിരുന്നു യേശുദാസന്‍ വരച്ചത്. ഒരു സുപ്രഭാതത്തില്‍ വീട്ടുമുറ്റത്ത് ഇരച്ചെത്തിയ കാറില്‍ നിന്ന് പികെവിയും കാമ്പിശേരിയും ചാടിയിറങ്ങി വീട്ടുമുറ്റത്തെത്തി അന്തം വിട്ട മാതാപിതാക്കളോട് 'യേശുദാസനെ ജനയുഗം അങ്ങ് എടുക്കുകയാ...' എന്ന ഡയലോഗ് പറയുന്നതാണ് യേശുദാസന്റെ ഓര്‍മയിലെ അടുത്ത രംഗം. ജൂലൈ 19 1959ല്‍ മലയാളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണായ 'കിട്ടുമ്മാവന്‍' ജനയുഗത്തില്‍ പ്രത്യക്ഷപ്പെട്ടു. വെയിലും മഴയും ഉള്‍പ്പടെ സകലതും ചോര്‍ന്നൊലിക്കുന്ന കുടക്കീഴില്‍ നിന്ന് സൂര്യന് താഴെയുള്ള സകലതിനെയും പറ്റി ചര്‍ച്ച ചെയ്യുന്ന കിട്ടുമ്മാവനെയും കൂട്ടുകാരനായ ചട്ടമ്പി പൈലിയേയും കേരളം ഏറ്റെടുത്തു. ഒ വി വിജയന്‍ പേട്രിയറ്റില്‍ ചേരാന്‍ വേണ്ടി രാജി വെച്ച സാഹചര്യത്തില്‍ യേശുദാസന്‍ 1963ല്‍ ശങ്കേഴ്സ് വീക്കിലിയില്‍ ചേര്‍ന്നു. ഒരിക്കല്‍ വീക്കിലിയ്ക്കായി പട്ടംതാണുപിള്ളയെ വരച്ച് കൈയ്യില്‍ കൊടുത്തപ്പോള്‍ പെന്‍സില്‍ കൊണ്ട് കാര്‍ട്ടൂണില്‍ ഗുണനചിഹ്നമിട്ട് ശങ്കര്‍ പറഞ്ഞു- 'ഇത് പട്ടമല്ല'. കാര്യം പിടികിട്ടാതെ പകച്ചു നിന്ന യേശുദാസനോട് ശങ്കര്‍ പറഞ്ഞു-'പട്ടത്തിന്റെ മൂക്കിന് താഴെ ചെറിയ അരിമ്പാറ കൂടിയുണ്ട്. അതുണ്ടായാലേ പട്ടം പട്ടമാകൂ'. വിശദാംശങ്ങളെ പോലും പകര്‍ത്തുന്ന വരകള്‍ക്ക് കടപ്പെട്ടിരിക്കുന്നത് ശങ്കറിനോടാണെന്ന് യേശുദാസന്‍ പറഞ്ഞു. ശങ്കേഴ്സില്‍ മുമ്പുണ്ടായിരുന്ന അബുഎബ്രഹാമിന്റെയും ഒ വി വിജയന്റെയും ശൈലികളോട് ശങ്കറിന് യോജിപ്പുണ്ടായിരുന്നില്ല. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ അബുഎബ്രഹാം കോട്ടും സ്യൂട്ടുമണിഞ്ഞ് കൈയ്യില്‍ പുകയുന്ന ഹുക്കയുമായി തന്റെ മുന്നില്‍ വന്ന് 'ഹലോ മിസ്റ്റര്‍ ശങ്കര്‍' എന്ന് വിളിച്ച കാര്യം ഓര്‍മിപ്പിച്ച ശേഷം ശങ്കര്‍ പറഞ്ഞു-'നിങ്ങള്‍ എത്ര വലിയ കാര്‍ട്ടൂണിസ്റ്റായാലും അതു പോലെയാകരുത്'.
ശങ്കേഴ്സ് വീക്കിലിയില്‍ ചേരുന്നതിന് മുമ്പ് തന്നെ മലയാളി എംപിമാരും മറ്റും ശങ്കറിന്റെ വീരഗാഥകള്‍ പറഞ്ഞു കേള്‍ക്കാറുണ്ടായിരുന്നെന്ന് യേശുദാസന്‍ പറഞ്ഞു. ഒന്‍പത് പുരാണകിലയിലെ പ്രശസ്തമായ വീട്ടില്‍ പ്രധാനമന്ത്രി നെഹ്റു ഉള്‍പ്പടെയുള്ളവര്‍ നിത്യസന്ദര്‍ശകരാണെന്നും ചെറിയ ഡ്രോയിങ്ങ്ബോര്‍ഡ് കൈയിലേന്തി മുറിയിലൂടെ ഉലാത്തിയാണ് ശങ്കര്‍ ലോകപ്രശസ്തമായ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നതെന്നും തുടങ്ങി ധാരാളം സാങ്കല്‍പ്പിക കഥകള്‍ അവര്‍ പ്രചരിപ്പിച്ചു. ഒ വി വിജയന്റെ വരയും ശങ്കറിന് ഇഷ്ടമായിരുന്നില്ല. ഷേക്സ്പിയറിന്റെ ജൂലിയസ് സീസറിലെ അന്ത്യരംഗം അനുസ്മരിപ്പിക്കുന്ന രീതിയില്‍ വിജയന്‍ ഒരിക്കല്‍ ഒരു രാഷ്ട്രീയ കാര്‍ട്ടൂണ്‍ വരച്ചു. "രാവിലെ 7.30യ്ക്ക് കൈയ്യില്‍ പത്രം കിട്ടിയ ശേഷം ഞാന്‍ നേരെ പോയത് ബ്രിട്ടീഷ് കൌണ്‍സില്‍ ലൈബ്രറിയിലാണ്. അവിടെ പോയി ജൂലിയസ് സീസര്‍ നാടകം തപ്പിയെടുത്ത് അന്ത്യരംഗം മുഴുവന്‍ വായിച്ച് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ സമയം 11.30. വീണ്ടും കാര്‍ട്ടൂണില്‍ നോക്കിയപ്പോളാണ് എനിക്കതിലെ ഹാസ്യമെന്താണെന്ന് മനസിലായത്. അപ്പോഴേക്കും ഞാന്‍ ചിരി മറന്നിരുന്നു''- വരകള്‍ ഊരാകുടുക്കാവരുതെന്ന പാഠം താന്‍ പഠിച്ചത് അങ്ങനെയെന്ന് യേശുദാസന്‍. വിശാലമായ ഹാളില്‍ ശങ്കറിന്റെ ഓഫീസിനോട് ചേര്‍ന്നായിരുന്നു യേശുദാസനും ഇടം കിട്ടിയത്. മിക്കവാറും ദിവസങ്ങളില്‍ ഫോണ്‍കോളുകള്‍ വരുന്നതും ശങ്കര്‍ നര്‍മ്മങ്ങള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും ചിലപ്പോള്‍ തുടര്‍ച്ചയായി കലഹിക്കുന്നതും കേള്‍ക്കാമായിരുന്നെന്ന് യേശുദാസന്‍ ഓര്‍ക്കുന്നു. സംഭാഷണത്തിന്റെ അവസാനം 'പണ്ഡിറ്റ്ജി..' എന്ന് സംബോധന ചെയ്യുമ്പോഴാണ് അങ്ങേതലയ്ക്കല്‍ നെഹ്റുവാണ് ഇരിക്കുന്നതെന്ന് തിരിച്ചറിയുക. എന്നാല്‍ ശങ്കറിന് അതിന്റെ ഭാവമൊന്നുമില്ലെന്ന് യേശുദാസന്‍ ഓര്‍ക്കുന്നു.
രകള്‍ ഊരാക്കുടുക്കാവരുതെന്ന പാഠവും ശങ്കേഴ്സില്‍നിന്നാണ് യേശുദാസന്‍ പഠിച്ചത്. ജനയുഗം ബാലപ്രസിദ്ധീകരണമായ 'ബാലയുഗം' തുടങ്ങിയ കാലത്ത് അച്യുതമേനോന്റെ അഭ്യര്‍ഥനമാനിച്ച് യേശുദാസന്‍ അതിന്റെ സാരഥ്യം ഏറ്റെടുത്തു. എന്നാല്‍ 'ബാലയുഗം' അധികകാലം ഓടിയില്ല. തുടര്‍ന്ന് ശങ്കേഴ്സ് വീക്കിലി മോഡലില്‍ 'അസാധു' എന്ന വാരിക തുടങ്ങി. കുറച്ചുകാലത്തിനുശേഷം അതും നിലച്ചു. ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റായി തിളങ്ങുന്ന സമയത്താണ് മനോരമയുടെ വിളി. 1985ല്‍ മനോരമയില്‍ ചേര്‍ന്ന യേശുദാസന്‍ രണ്ടുപതിറ്റാണ്ടോളം അവിടെ തുടര്‍ന്നു. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷേപഹാസ്യ സിനിമ എന്ന് ഖ്യാതി നേടിയ കെ ജി ജോര്‍ജിന്റെ 'പഞ്ചവടിപ്പാലം', എ ടി അബുവിന്റെ 'എന്റെ പൊന്നുതമ്പുരാന്‍' തുടങ്ങിയ സിനിമകളുടെ രചനയിലും പങ്കാളിയായി. മാനേജ്മെന്റുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് മനോരമ വിട്ടത്. ('ദയാവധം' ഭയന്നെന്നാണ് യേശുദാസന്റെ പക്ഷം). 'മെട്രോ വാര്‍ത്ത' പത്രത്തില്‍ ചേര്‍ന്ന അദ്ദേഹം കുറച്ചുനാളുകള്‍ക്കു ശേഷം അതു വിട്ട് ദേശാഭിമാനിയിലെത്തി. സ്വന്തം നാട്ടുകാരിയായ മേഴ്സിയാണ് ഭാര്യ.
രാഷ്ട്രീയക്കാര്‍ക്ക് കാര്‍ട്ടൂണുകളോട് എന്നും താല്‍പ്പര്യമാണെന്ന് യേശുദാസന്‍ പറയുന്നു. മനോരമയിലായിരുന്ന കാലത്ത് നായനാരെ കളിയാക്കി സ്ഥിരമായി വരയ്ക്കുമായിരുന്നു. കാര്‍ട്ടൂണുകള്‍ കണ്ട് സങ്കടപ്പെട്ട് ശാരദടീച്ചര്‍ പത്രം അദ്ദേഹത്തെ കാണിച്ചപ്പോള്‍- 'അയാള്‍ അയാളുടെ ജോലി നന്നായി ചെയ്യുന്നു. നമ്മളും അത് ആസ്വദിക്കണം' എന്നായിരുന്നു നായനാരുടെ അഭിപ്രായം. മുഖ്യമന്ത്രിയാവാന്‍ ഡല്‍ഹിയില്‍നിന്നു പറന്നെത്തിയ ആന്റണി ഹൈക്കമാന്‍ഡിന്റെ തീരുമാനം കിട്ടാത്തതു കാരണം തിരുവനന്തപുരത്ത് റൂമെടുത്തു കഴിയുന്നത് കളിയാക്കി കാര്‍ട്ടൂണ്‍വരച്ചതും യേശുദാസന്‍ ഓര്‍മിച്ചു. പിറ്റേന്നു രാവിലെ വന്ന ആദ്യ കോള്‍ എ കെ ആന്റണിയുടെതായിരുന്നു. 'എടോ, ഞാനെന്നാല്‍ ഡല്‍ഹിക്കു മടങ്ങട്ടോ?' എന്നായിരുന്നു ആന്റണിയുടെ പരിഭവം. കെ കരുണാകരനെ നന്നായി കളിയാക്കി വരച്ച ഒരു സന്ദര്‍ഭത്തില്‍ 'യേശുദാസന് കാര്‍ട്ടൂണ്‍ വരക്കാനറിയില്ല' എന്നുവരെ പത്രാധിപരെ വിളിച്ച് പറഞ്ഞുകളഞ്ഞു. പിന്നീടൊരിക്കല്‍ നരസിംഹറാവുമൊത്ത് കരുണാകരന്റെ ഒരുഗ്രന്‍ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായി. 'വരയിലെ നായനാര്‍' എന്ന പുസ്തകത്തിനുശേഷം കരുണാകരന്റെ കാര്‍ട്ടൂണുകള്‍ ശേഖരിച്ച് പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് യേശുദാസന്‍.
പ്രവചനശേഷിയുള്ള കാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന ശങ്കറാണ് അന്നും ഇന്നും തന്റെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റെന്ന് എഴുപത്തിമൂന്നുകാരനായ യേശുദാസന്‍ പറയുന്നു. 
ചിത്രങ്ങള്‍: ജഗത് ലാല്‍ (ദേശാഭിമാനി)
കടപ്പാട്: ദേശാഭിമാനി, കൊച്ചിലൈവ്.

No comments: