Saturday, December 17, 2011

സാറാ ടീച്ചറുടെ കാപ്പിയും ഒരു കഥാകൃത്തിന്റെ അഭിമുഖവും....

  1. "നിങ്ങള്‍ക്ക് അഭിമുഖം തന്നിട്ട് എനിക്ക് എന്താ കാര്യം...?. ഈ ബിയറിന്റെ കാശ് നിങ്ങള്‍ കൊടുക്കുമോ...?. ആട്ടെ, താന്‍ മദ്യപിക്കില്ലേ....?, ഓ.....ഹോട്ട് മാത്രമേ കഴിക്കുകയുള്ളു അല്ലേ....?''-മലയാളത്തിലെ പ്രശസ്തനായ ഒരു യുവ കഥാകൃത്ത് എന്നോട് ചോദിച്ചു.
  2. ഞാന്‍ ആലോചിച്ചു. കൈയ്യില്‍ കാശ് വളരെ കമ്മിയാണ്. മാഗസിന്‍ എഡിറ്ററുടെ പൊല്ലാപ്പൊന്നും കഥാകാരന്‍മാര്‍ക്ക് അറിയേണ്ടതില്ലല്ലോ....ഇയാളെ തന്നെ അഭിമുഖം ചെയ്യണമെന്ന വാശി ഉള്ളില്‍ നുരഞ്ഞു പൊന്തി. മുന്നിലെ ബിയര്‍ ഗ്ളാസിലെ വെണ്‍പത നോക്കി കൊതിയോടെ ഞാന്‍ പറഞ്ഞു- "ഇല്ല...ഞാന്‍ മദ്യപിക്കില്ല..''. അരണ്ട ബാര്‍വെളിച്ചത്തിലിരുന്ന് ഇന്റര്‍വ്യൂ തകൃതിയായി മുന്നേറി. ഈ ചെറുകഥാകൃത്ത് വ്യക്തിപരമായി എനിക്കിഷ്ടമുള്ള കുറച്ച് ചെറുകഥകള്‍ എഴുതിയ ആളാണ്. ഒരു കഥ വായിച്ച് തീര്‍ക്കുമ്പോള്‍- 'ദൈവമേ...ഈ കഥയെഴുതാന്‍ എനിക്കായില്ലല്ലോ...'എന്നൊരാന്തല്‍ ഉള്ളില്‍ സൃഷ്ടിക്കുന്ന കഥകളാണ് എന്റെ നല്ല കഥകള്‍. ഭാഷയിലെ പുതിയ പരീക്ഷണങ്ങളെ കുറിച്ചും തല തെറിച്ച ഉപമകളെ കുറിച്ചും സംഭാഷണങ്ങള്‍ വഴി മാറി.കഥാകൃത്ത് സുഭാഷ്ചന്ദ്രന്‍ ഒരു കഥയില്‍ പറയുന്നത് പോലെ- 'ദൈവത്തിന്റെ തോളില്‍ കൈയ്യിട്ട് നടന്നിട്ട് ഇപ്പോള്‍ പിരിഞ്ഞതേയുള്ളു' എന്ന ഭാവമായിരുന്നു കഥാകൃത്തിന്.
  3. തലേ ദിവസം ഇദ്ദേഹത്തെ ഞാന്‍ തന്നെ നേരിട്ട് വിളിച്ചാണ് അഭിമുഖത്തിന് സമ്മതിപ്പിച്ചത്. അതിന് മുമ്പ് ഞങ്ങളുടെ യൂണിയന്‍ അഡ്വൈസര്‍ വിളിച്ചപ്പോള്‍ അഭിമുഖത്തിന് തയാറല്ലെന്ന് ഇദ്ദേഹം തുറന്നടിച്ചിരുന്നു. തുടര്‍ന്നാണ് ഞാന്‍ ഇടപെട്ടത്. "താങ്കളുടെ കഥകളെല്ലാം വായിച്ചിട്ടുണ്ട്. മിക്കവാറും കഥകളെല്ലാം ഇഷ്ടമാണ്. നേരിട്ട് കണ്ട് സംസാരിക്കണമെന്ന് ഒരാശയുണ്ട്. എപ്പോള്‍ വരണം...?''- എന്നാണ് ചോദിച്ചത്. തിരക്കിന്റെ ഒഴിവുകഴിവുകള്‍ക്ക് ശേഷം നാളെ ഉച്ചയ്ക്ക് ഓഫീസില്‍ ചെല്ലാന്‍ അനുമതി കിട്ടി.
  4. വര്‍ഷങ്ങള്‍ക്ക് മുമ്പ് 'ആലാഹയുടെ പെണ്‍മക്കള്‍ക്ക്' കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയപ്പോഴാണ് ഞാന്‍ സാറ ടീച്ചറെ കാണാന്‍ പോയത്. മീശ കുരുക്കാത്ത പ്ളസ്വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍ അപ്പോള്‍. മുളങ്കുന്നത്ത്കാവിലേക്ക് വണ്ടി കയറുന്നതിന് മുമ്പ് അതു വരെ സാറാ ടീച്ചര്‍ എഴുതിയതൊക്കെ വായിച്ച്, വെടിപ്പുള്ള ചോദ്യാവലികള്‍ തയാറാക്കി, പുതിയ മാതൃഭൂമി ആഴ്ച്ചപതിപ്പിന്റെ ഉള്ളിലൊളിപ്പിച്ച് വേണ്ട തയാറെടുപ്പുകള്‍ നടത്തിയിരുന്നു. സുന്ദരമായ വീടായിരുന്നു ടീച്ചറുടേത്. മുറ്റത്തെ മരങ്ങളെ പോലെ തണുപ്പ് അവിടെയെല്ലാം വേര് പടര്‍ത്തിയിരുന്നു. ഉമ്മറതിണ്ണയില്‍ പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ചിതറികിടന്നിരുന്നു.
  5. "അവാര്‍ഡുകള്‍ പുസ്തകത്തിന് മുകളിലേക്ക് വീഴുന്ന സ്പോട്ട് ലൈറ്റാണെന്ന് ചിലര്‍ പറയുന്നു..? ടീച്ചര്‍ക്ക് എന്ത് തോന്നുന്നു...?''-മുഖത്ത് നോക്കാതെ ഒരു ചോദ്യം കാച്ചി, ഞാന്‍ കസേരയിലേക്ക് ചാഞ്ഞിരുന്നു. കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍, എന്റെ കുട്ടിമുഖത്തേക്ക് വാത്സല്യങ്ങളോടെ നോക്കിയിരിക്കുന്ന സാറാടീച്ചറെയാണ് കണ്ടത്. "മോനെ, അതൊന്നും എനിക്കറിയില്ല കേട്ടോ...? മോന്‍ എന്റെ കഥയേതെങ്കിലും വായിച്ചിട്ടുണ്ടോ...?''- നന്നായി ചിരിച്ച് ടീച്ചര്‍ ചോദിച്ചു.
  6. ഞാന്‍ ഒന്നു വല്ലാണ്ടായി. "ഏയ്...ഇവന്‍ ടീച്ചറുടെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്''- എന്ന മലയാളം ടീച്ചറുടെ സത്യവാങ്ങ്മൂലം കച്ചിതുരുമ്പായി. പിന്നെ,പേടിച്ചില്ല. മുഖത്ത് നോക്കി തന്നെ എല്ലാ ചോദ്യങ്ങളും ചോദിച്ചു. സ്നേഹത്തോടെ, പുഞ്ചിരിയോടെ ടീച്ചര്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമേകി. നല്ല 'കിടുക്കനൊരു' കാപ്പിയും തന്നു. പുറത്തേക്കിറങ്ങുമ്പോഴും എനിക്ക് അതിന്റെ രുചി നഷ്ടപ്പെട്ടിരുന്നില്ല.
  7. "അപ്പോള്‍...താന്‍ മദ്യപിക്കില്ലെന്ന് തന്നെയാണോ പറയുന്നത്..?''കഥാകൃത്തിന്റെ ചോദ്യം വീണ്ടുമുയര്‍ന്നു. അയാള്‍ ബിയര്‍ ഫിനിഷ് ചെയ്തിരുന്നു. പുറത്തേക്കിറങ്ങിയപ്പോള്‍, ഞാന്‍ പോക്കറ്റില്‍ കൈയ്യിട്ടു. പക്ഷേ, ഒന്നു നിവര്‍ന്ന് നിന്ന കഥാകൃത്ത് പറഞ്ഞു- "വേണ്ട, ചോദ്യങ്ങളൊക്കെ കൊള്ളാം...പൈസ ഞാന്‍ കൊടുത്തോളാം...''. എനിക്ക് വലിയ സന്തോഷം തോന്നി. എപ്പോഴും അങ്ങനെയാണ്. നമ്മള്‍ എഴുതിയതോ പറഞ്ഞതോ ആയ കാര്യങ്ങള്‍ നന്നായിരുന്നെന്ന് നമ്മള്‍ സ്നേഹിക്കുന്ന ചിലര്‍ പറയുമ്പോള്‍ അതിനോളം വലുതായി മറ്റൊന്നുമില്ല.
  8. സാറ ടീച്ചര്‍ പിന്നെയും എഴുതി. ആത്മാര്‍ത്ഥമായിട്ടാണ് ഒരോ വാക്കും അവരെഴുതുന്നതെന്ന് എനിക്ക് തോന്നി. അത് പോലെ എഴുതാന്‍ അവര്‍ക്കേ സാധിക്കുകയുള്ളുവെന്നും അനുഭവപ്പെട്ടു.
  9. 'മാറ്റാത്തി', 'ഒതപ്പ്', 'ഊരുകാവല്‍', 'ഷെല്‍ട്ടര്‍', ഏറ്റവുമൊടുവില്‍ 'ആതി'....ടീച്ചര്‍ ഒരോ പുസ്തകവും ഒരോ ചവിട്ടുപടികളാക്കുന്നു. 'ഊരുകാവല്‍' വായിച്ച് ഞാന്‍ തരിച്ചു പോയിട്ടുണ്ട്. "നോക്ക്...ഈ ഭൂമിയില്‍ ആരും തൊടാത്ത മണ്ണ് ഉണ്ടോയെന്ന് നോക്ക്...''-എന്ന് ആക്രോശിക്കുന്ന താരയെ നോക്കൂ. വാലി പ്രണയത്തോടെ ചവിട്ടികുഴച്ച, അംഗദന്റെ കുഞ്ഞിക്കാലുകള്‍ ചവിട്ടികുഴക്കാത്ത മണ്ണുണ്ടോയെന്ന് നോക്കാനാണ് കാമാതുരനായ സുഗ്രീവനോട് താര ആക്രോശിക്കുന്നത്. പ്രകൃതിയുടെയും പെണ്‍മയുടെയും പൊട്ടിത്തരിപ്പുകളായി ഒരോ സൃഷ്ടയും വിടരുന്നു. പക്ഷേ നമ്മുടെ കഥാകൃത്തിനോടുള്ള സ്നേഹം ഇപ്പോള്‍ ഇല്ല. അതെന്റെ കൌമാരജീവിതത്തിലെ ഒരു വഴിത്താവളം മാത്രമായി. കൃത്രിമമായി ഭാഷയെ ചവിട്ടികുഴച്ച് വ്യത്യസ്ത ശില്‍പ്പമാണ് ഞാന്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറയുന്ന കലാകാരനോടുള്ള പ്രണയം പൊയ്പോയിരിക്കുന്നു....പക്ഷേ ആ കാപ്പിയുടെ രുചി ഇപ്പോഴും നിലനില്‍ക്കുന്നു. നോക്കൂ, നമ്മള്‍ വിചാരിക്കും പോലെയല്ല...സ്ത്രീകള്‍ എല്ലാം ആത്മാര്‍ത്ഥതയോടെ ചെയ്ത് തീര്‍ക്കുന്നവരാണ്..ആത്മാര്‍ത്ഥയോടെ...

No comments: