Sunday, May 27, 2012

'റോസാദലങ്ങളും കുപ്പിചില്ലുകളും'
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'റോസാദലങ്ങളും കുപ്പിചില്ലുകളും' എന്ന പുസ്തകത്തിലൂടെ വിശ്വസാഹിത്യത്തില്‍ തനിക്കുള്ള അനുഭവപരിചയവും സൈന്‍ പ്രസിദ്ധീകരിച്ച 'എന്റെ പ്രദക്ഷിണ വഴികള്‍' എന്ന പുസ്തകത്തിലൂടെ പത്രപ്രവര്‍ത്തനത്തിലെ വിശാലമായ ഇടപെടലുകളും വിവരിച്ച എസ് ജയചന്ദ്രന്‍ നായര്‍ ഈ രണ്ട് മേഖലയ്ക്കും ചേരാത്ത ഇടപെടലിലൂടെയാണ് ഇപ്പോള്‍ ചരിത്രത്തിലിടം പിടിച്ചിരിക്കുന്നത്.
പത്രാധിപരുടെ കത്രിക ഉപയോഗിച്ച് ഒരു എഴുത്തുകാരനും അദ്ദേഹത്തിന്റെ വായനക്കാരും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധം മുറിച്ചു നീക്കിയ അദ്ദേഹത്തിന് താന്‍ ചരിത്രപരമായ ഒരു ഇടപെടല്‍ നടത്തിയതായി തോന്നിയിരിക്കണം. സര്‍ഗപരമായ ശേഷിയ്ക്ക് മുകളില്‍ രാഷ്ട്രീയമായ പക്ഷങ്ങള്‍ നോക്കി ചില പത്രാധിപന്‍മാര്‍ ഇടപെട്ടിരുന്നെങ്കില്‍ മലയാളസാഹിത്യത്തിന്റെ ചരിത്രം ഇതല്ലാതാവുമായിരുന്നു. പല മികച്ച കൃതികളും കാലത്തിന്റെ ചവറ്റുകുട്ടയില്‍ വീഴുമായിരുന്നു. കൈയെഴുത്ത് പ്രതികള്‍ക്ക് മേല്‍ പരന്ന് കിടന്ന് 'ഒരുപാട് ചാമ്പലുകള്‍ ഊതി യകറ്റി പ്രതിഭയുടെ കനല്‍'-കണ്ടെത്തുന്ന ഹര്‍ഷം എംടിയെ പോലെ മലയാളം ഓര്‍മ്മിക്കുന്ന ചില പത്രാധിപന്‍മാര്‍ കുറിച്ചിട്ടത് ഓര്‍ക്കുന്നു. രാഷ്ട്രീയത്തിന്റെയും ജാതിയുടെയും പക്ഷപാതപരമായ ഭൂതകണ്ണാടിയിലൂടെ നോക്കി ശീലിക്കുമ്പോഴാണ്  ചില പത്രാധിപന്‍മാര്‍ സങ്കുചിതത്വത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ അഭയം കണ്ടെത്തുന്നത്. തികച്ചും നിഷ്പക്ഷമെന്ന് സ്വയം വിലയിരുത്തി എഴുതുന്ന വരികള്‍ക്കിടയില്‍ ഇത്തരക്കാര്‍ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ വെടിമരുന്ന് നിറയ്ക്കും.
'വാക്കിന്റെ സദാചാരമെന്ന' പേരില്‍ ദേശാഭിമാനിയില്‍ കവി എഴുതിയ ലേഖനമാണ് വാരികയുടെ പത്രാധിപരെ ചൊടിപ്പിച്ചത്. 'വിഖ്യാതമായ കൊലപാതകത്തെ' ന്യായീകരിക്കുന്ന ഒറ്റ വരി പോലും ഇല്ലാത്ത ആ ലേഖനം പക്ഷേ പത്രാധിപരുടെ കണ്ണടയിലൂടെ വായിച്ചപ്പോള്‍ 'കണ്ണില്‍ചോരയില്ലാത്ത' പക്ഷം പിടിക്കലായി. ചരിത്രത്തോട് നീതി പുലര്‍ത്താന്‍ താന്‍ ഇത്രയെങ്കിലും ചെയ്യേണ്ടേ...?- എന്ന അടിക്കുറിപ്പോടെ അദ്ദേഹം കാവ്യത്തെ അച്ചുകൂടത്തില്‍ നിന്നും തിരിച്ചുവിളിച്ചു. വിശാലമായ വായനാനുഭവമുള്ള പത്രാധിപരെന്നാണ് 'പച്ചകുതിര'യില്‍ എഴുതിയ പുസ്തകപരിചയത്തില്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ജി ഈ പത്രാധിപരെ വിശേഷിപ്പിച്ചത്. എന്നാല്‍ ആ വായനപരിചയത്തിന്റെ വെട്ടത്തില്‍ കാര്യങ്ങളെ നോക്കികാണാന്‍ അദ്ദേഹം തയാറായില്ല. സ്റ്റാലിനിസ്റ്റ് റഷ്യയെ കുറിച്ചും ബുള്‍ഗകോവിനെ കുറിച്ചും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിനെ കുറിച്ചും വാചാലനായ പത്രാധിപര്‍ക്ക് ന്യായീകരണമില്ലാത്ത ഈ സെന്‍സര്‍ഷിപ്പില്‍ അഭിമാനം കൊള്ളുന്നു. താന്‍ തന്റെ ദൌത്യം നിറവേറ്റിയെന്ന് ആശ്വസിക്കുന്നു. സ്വതന്ത്രവും നിഷ്പക്ഷവും എന്ന് പത്രാധിപര്‍ വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ വാരികയ്ക്കും ഇതിന്റെ ഖ്യാതി ചരിത്രം വീതിച്ചു നല്‍കട്ടെ  എന്ന് ആശംസകളോടെ
തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടിന് അനുസരിച്ച് എഴുതിയില്ലെങ്കില്‍ കവിതകളും കഥകളും ലേഖനങ്ങളും ഈ വിലാസത്തിലേക്ക് അയക്കേണ്ടതില്ല- പത്രാധിപര്‍ എന്ന ഒരു ചെറുകുറിപ്പ് അടുത്ത ലക്കം വാരികയില്‍ പ്രതീക്ഷിക്കുന്നു......ഒരു  വായനക്കാരന്‍
punch ഇല്ലാത്ത ഹീറോ...
വിനോദ് ഗുരുവായൂരിന്റെ രചന, ഗോപിസുന്ദറിന്റെ സംഗീതം, കനല്‍ കണ്ണന്റെ സംഘട്ടനരംഗങ്ങള്‍, ഇവയെ എല്ലാം ഏകോപിപ്പിക്കുന്ന ദീപന്റെ സംവിധാനം ഈ ഘടകങ്ങള്‍ ഒത്തിണങ്ങിയപ്പോള്‍ പൃഥ്വിരാജിന്റെ പുതിയ സിനിമ 'ഹീറോ' ശരാശരിയ്ക്കും താഴെ ഒതുങ്ങി പോയി.
പൃഥ്വിരാജിന്റെ തടിമിടുക്കിനും അനൂപ്മേനോന്റെ മികച്ച പ്രകടനത്തിനും യാമി ഗൌതമിന്റെ സൌന്ദര്യത്തിനും ചിത്രത്തെ രക്ഷിക്കാനായില്ല.
ഇന്ത്യന്റുപ്പിയ്ക്ക് ശേഷം രണ്ടുനേരം വര്‍ക്ക്ഔട്ട് ചെയ്ത് പ്രതിദിനം 30 മുട്ടകള്‍ വിഴുങ്ങി ഒപ്പിച്ചെടുത്ത സ്റ്റാമിന മതിയായില്ല പൃഥ്വിയ്ക്ക് ഈ സിനിമയെ രക്ഷിക്കാന്‍. പുതിയ മുഖത്തിന് ശേഷം ചെറുപ്പക്കാരെ കോരിത്തരിപ്പിക്കാന്‍ 'ആക്ഷന്‍ പാക്ക്ഡ് സിനിമ' എന്ന ലക്ഷ്യവുമായി ഇറങ്ങിയ ദീപന് പിഴച്ചത് അതിനൊത്ത ഒരു കഥ തെരഞ്ഞെടുക്കുന്നതിലാണ്. സ്റ്റണ്ട് സീനുകളില്‍ ഡ്യൂപ്പ് കളിച്ച് നടന്ന ഒരാള്‍ സിനിമയിലെ ഹീറോയാകുന്നു എന്ന കഥാതന്തു ഒരു പക്ഷേ രസിപ്പിക്കുന്ന എന്റര്‍ടെയ്നര്‍ക്കുള്ള എല്ലാ വിഭവങ്ങളും കോര്‍ത്തിണക്കുന്ന സിനിമയാക്കി മാറ്റാമായിരുന്നു. പക്ഷേ വിനോദ് ഗുരുവായൂരിന്റെ സ്ക്രിപ്റ്റില്‍ അതിനുള്ള വെടിമരുന്നില്ലാതെ പോയി.
ആലയില്‍ ചുട്ടുപഴുത്ത ഇരുമ്പ് പോലെ രൂപാന്തരം സംഭവിച്ച പൃഥ്വിയാണ് 'ഹീറോ'യില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഈ ചെറുപ്പക്കാരന്റെ ധൈര്യവും ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാര്‍ഥതയും ഒരിക്കല്‍ കൂടി പ്രശംസിക്കേണ്ടിയിരിക്കുന്നു. പക്ഷേ, അത് മാത്രം പോരല്ലോ ഒരു സിനിമയെ വിജയിപ്പിക്കാന്‍. ചിത്രത്തില്‍ സംവിധായകന്റെ വേഷത്തിലെത്തിയ അനൂപ് മേനോന്റെ പെര്‍ഫോമന്‍സ് അസാധ്യം എന്ന് മാത്രം വിലയിരുത്താവുന്ന ഒരു ഇന്നിങ്ങ്സാണ്. കെട്ടഴിച്ചു വിട്ട അനൂപ്മേനോന്‍ വീണ്ടും വിസ്മയങ്ങള്‍ സൃഷ്ടിച്ചു. കണ്ടിരിക്കാം എന്ന ഒരൊറ്റ ഗുണമേ നായിക യാമി ഗൌതമിനുള്ളു. ചിത്രത്തിലെ പ്രതിനായകനായി എത്തിയ തമിഴ്നടന്‍ ശ്രീകാന്ത് തന്റെ ഭംഗിയും അഭിനയസാധ്യതയും ധൂര്‍ത്തടിച്ചു കളഞ്ഞു. 'പുതിയ മുഖം' തിരിച്ചടിക്കാന്‍ നിര്‍ബന്ധിതനായ ഒരു ചെറുപ്പക്കാരന്റ കഥയാണ്. എന്നാല്‍ ഹീറോയിലെ ടാര്‍സണ്‍ ആന്റണിയെ ആ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ദീപനായില്ല. ഗോപീസുന്ദറിന്റെ ബാക്ക്ഗ്രൌണ്ട് സംഗീതം അസഹനീയം എന്നേ വിലയിരുത്തനാവൂ. കനല്‍കണ്ണന്റെ സംഘട്ടന രംഗങ്ങളും നന്നായില്ല. തലൈവാസല്‍ വിജയ്, ടിനിടോം, ജാഫര്‍ ഇടുക്കി, നെടുമുടി വേണു എന്നിവര്‍ ശരാശരി പ്രകടനം നടത്തി.

Sunday, May 20, 2012


അരികെ so close............
ഒരിക്കല്‍ പോലും പ്രണയിച്ചിട്ടില്ലാത്തവരാണോ പ്രണയത്തെ കുറിച്ച് കൂടുതല്‍ ആകുലരാകുന്നത്..?. ശ്യാമപ്രസാദിന്റെ 'അകലെ' കണ്ടിറങ്ങിയപ്പോള്‍ തോന്നിയതാണിത്.വെറും ശാരീരികമായ ആകര്‍ഷണം മാത്രമാണോ പ്രണയം?, അടുത്തിരിക്കുമ്പോഴാ അകന്നിരിക്കുമ്പോഴാ പ്രണയത്തിന് മാറ്റേറുന്നത്...?, ഒരു വ്യക്തിയെ പൂര്‍ണ്ണമായും മറ്റൊരു വ്യക്തിയിലേക്ക് പകരാനോ പകര്‍ത്താനോ കഴിയുമോ....?. പുറമേക്ക് ലളിതം. എന്നാല്‍ അതിസങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍.
'അരികെ' ഒരു ത്രികോണ പ്രണയകഥയാണ്. ലിംഗ്വിറ്റിക്സ് ഗവേഷകനായ ശന്തനു(ദിലീപ്), അയാളുടെ പൂര്‍വ്വവിദ്യാര്‍ഥിനി  കല്‍പ്പന (സംവൃത), അവളുടെ അത്മാര്‍ഥ സുഹൃത്ത് അനുരാധ (മംമ്ത) എന്നിവരാണ് ത്രികോണത്തെ പൂരിപ്പിക്കുന്നത്.
കല്‍പ്പനയുടെയും ശന്തനുവിന്റെയും പ്രണയത്തിന് ഇടനിലക്കാരി അനുരാധയാണ്.കൌമാരത്തിലെ ഒരു മോശം അനുഭവം അനുരാധയെ പ്രണയ വിരോധിയാക്കുന്നു. 'ലോകത്തെ അവസാനത്തെ കാമുകനും കാമുകിയുമെന്ന്' ശന്തനുവിനെയും കല്‍പ്പനയെയും വിശേഷിപ്പിക്കുന്ന അനു ഇവരുടെ പ്രണയം വിജയിപ്പിക്കാന്‍ വേണ്ടി എന്ത് ത്യാഗം ചെയ്യാനും തയാറാണ്. പ്രണയസാഫല്യത്തിന് വേണ്ടി ഓടിനടക്കുന്ന ശന്തനുവിന് കല്‍പ്പനയുടെ ആത്മാര്‍ഥതയില്‍ സംശയം തോന്നുമ്പോള്‍ 'ഉറപ്പിനായി' അയാള്‍ ആശ്രയിക്കുന്നത് അനുരാധയെയാണ്. കല്‍പ്പനയുടെയും ശന്തനുവിന്റെയും സമാഗമങ്ങളിലും സംഭാഷണങ്ങളിലും അനുവും പങ്കാളിയാണ്. എങ്കിലും, കല്‍പ്പനയെ പൂര്‍ണ്ണമായും മനസിലാക്കുന്നതില്‍ അനുരാധയും ശന്തനുവും പൂര്‍ണ്ണമായും പരാജയപ്പെട്ടു.  തൊട്ടടുത്ത് നിന്നപ്പോഴും ശന്തനുവിനും അനുരാധയ്ക്കും പരസ്പരം തോന്നിയ പ്രണയം കൈമാറുന്നതില്‍ അവര്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. 
സുനില്‍ ഗംഗോപദ്ധ്യായയുടെ കഥയ്ക്ക് ശ്യാമപ്രസാദ് തന്നെയാണ് തിരക്കഥ ഒരുക്കിയത്. ടെന്നസി വില്യംസിന്റെ ഗ്ളാസ്ഹൌസ് നാടകത്തിന്റെ ചലചിത്രഭാഷ്യമായ 'അകലെ'യുമായി താരതമ്യം ചെയ്യുമ്പോള്‍ 'അരികെ' എത്രയോ പിന്നിലാണ്. സിനിമ ഡീറ്റെയിലിങ്ങിന്റെ കലയായതിനാല്‍ തിരക്കഥയിലും വിശദാംശങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ശ്യാമപ്രസാദിന് അറിയാതെ അല്ല. പക്ഷേ 'അരികെ'യുടെ തിരക്കഥയില്‍ നിരവധി പോരായ്മകളുണ്ട്. ബംഗാള്‍ സിനിമയുടെ സുവര്‍ണ്ണകാല പാരമ്പര്യത്തിന്റെ ഊര്‍ജവും ആര്‍ജവവും ഉള്‍കൊണ്ടാണ് ശ്യാമപ്രസാദ് മുന്നോട്ടുനീങ്ങുന്നത്. അതിന്റെ പുതുമ 'അരികെ'യ്ക്കുണ്ട്. കഥാപാത്രങ്ങളെ ഉള്‍കൊള്ളുന്നതില്‍ മംമ്തയും സംവൃതയും വിജയിച്ചു. എല്ലാ സീനുകളിലും ഉണ്ടെന്ന് പറയാവുന്ന റോളാണ് മംമ്തയ്ക്ക്. സിനിമയെ താങ്ങി നിര്‍ത്തുന്ന പ്രകടനമാണ് അവരുടേത്. സംവൃതയുടെ അമ്മായിയായി എത്തിയ ഗായിക ചിത്രാഅയ്യരുടെ മികച്ചപ്രകടനമാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. പതിഞ്ഞ താളത്തില്‍ പോകുന്ന സിനിമയ്ക്ക് ചിത്ര നല്‍കുന്ന ചടുലത ആസ്വാദ്യമാണ്. ഇന്നസെന്റ്, ഊര്‍മ്മിള ഉണ്ണി, വിനീത്, മാടമ്പ് കുഞ്ഞുകുട്ടന്‍ തുടങ്ങി മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും നന്നായി. അഴഗപ്പന്റെ ദൃശ്യങ്ങളും ഔസേപ്പച്ചന്റെ ഈണവും പതിവുപോലെ സിനിമയ്ക്ക് മാറ്റ് കൂട്ടി. ശ്യാമപ്രസാദിന്റെ മികച്ച ചിത്രമെന്ന് വിലയിരുത്താന്‍ കഴിയില്ലെങ്കിലും എന്തോ ചില കാരണങ്ങളാല്‍ ഇഷ്ടം തോന്നുന്ന ഒരു സിനിമയാണിത്. 'അകലങ്ങളിലേക്ക് വേര്‍പിരിഞ്ഞു പോകുന്നവരുടെ അനുഭൂതിയാണ് 'അകലെ'. എന്നാല്‍ തൊട്ടടുത്ത് ഇരിക്കുമ്പോഴും  തിരിച്ചറിയാതെ പോകുന്നവരുടെ കഥയാണ് 'അരികെ' എന്ന സംവിധായകന്റെ വാക്കുകള്‍ 50 ശതമാനമെങ്കിലും ശരിയായത് കൊണ്ടായിരിക്കാം അതെന്ന് തോന്നുന്നു.