Saturday, June 23, 2012


ചേച്ചിപൂച്ചകള്‍
ഞാനും ചേച്ചിയും ഒന്നിച്ചാണ് സ്കൂളില്‍ പോയിരുന്നത്. ഞാന്‍ പഠിച്ചിരുന്നത് കെവിആര്‍ ഹൈസ്കൂള്‍ ഷൊര്‍ണ്ണൂരിലും അവള്‍ പഠിച്ചിരുന്നത് സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂളിലുമായിരുന്നു. രണ്ടു സ്കൂളുകളോടും എനിക്കിഷ്ടമാണ്. വെള്ള ഷര്‍ട്ടും നീല പാന്റസുമണിഞ്ഞ് ഞാനും (ഏഴാം ക്ളാസിന് ശേഷം, അഞ്ചിലും ആറിലും ട്രൌസേഴ്സ്) ക്രീം ഷര്‍ട്ടും പച്ച പവാടയും അണിഞ്ഞ്, പച്ച റിബ്ബണ്‍ കൊണ്ട് മുടി പിന്നികെട്ടി അവളും അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തുന്നതിനിടയില്‍ ആരുമറിയാതെ ഞങ്ങള്‍ക്കിടയില്‍ ഒന്നും രണ്ടും മൂന്നും മഹായുദ്ധങ്ങള്‍ കഴിഞ്ഞിരിക്കും. എന്റെ കൈത്തണ്ടയില്‍ നിറയെ രക്തം പുരണ്ട ചന്ദ്രകലകള്‍ ഉദിച്ചിരിക്കും. പൂച്ച കൈപടം നിലത്തമര്‍ത്തുമ്പോള്‍ നീളുന്ന കൂര്‍ത്തനഖങ്ങള്‍ തന്നെയായിരുന്നു അവള്‍ക്കുമുണ്ടായിരുന്നത്. എനിക്ക് അവളെ പേടിയായിരുന്നു. നാലു വയസ് മൂപ്പുണ്ടെങ്കിലും ചേച്ചി എന്ന് വിളിക്കാന്‍ എനിക്ക് മടിയായിരുന്നു. അത് ഇന്നും തുടരുന്നു. ഇടംകൈയ്യന്‍ സ്പിന്‍ബോളര്‍ ബിനോയിയോ സിക്സറടിച്ച്, മുന്നോട്ട് വീണ മുടി പിന്നിലേക്ക് മാടിയൊതുക്കുന്ന സഞ്ജയ്യോ അവളെ കല്യാണം കഴിക്കണമെന്ന് ഞാന്‍ ആശിച്ചു. എന്നാല്‍ കൂര്‍ത്തനഖങ്ങളെ പേടിച്ച് അവളോട് അത് പറഞ്ഞില്ല. 
മടക്കയാത്രകളില്‍ അവളുടെ കൂട്ടുകാരികളും ഉണ്ടാവും. ആസന്നമായ പരീക്ഷകളും പുതിയ ബോളിവുഡ് സിനിമകളും സഹപാഠികളെ കുറിച്ചുള്ള കുശുമ്പ് വര്‍ത്തമാനങ്ങളുടെയും ശബ്ദരേഖയായിരുന്നു ആ മടക്കയാത്രകള്‍. എന്ത് കേട്ടാലും അതെല്ലാം മുന്‍പേ അറിയാമെന്ന് ഭാവിക്കുന്ന സഹപാഠിയെ പറ്റിക്കാനായി 'ചിക്പഗ്' എന്ന ചോക്ളേറ്റ് കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതും കഴിഞ്ഞ തവണ അച്ഛന്‍ വിദേശത്ത് നിന്ന് വന്നപ്പോള്‍ ഒരു പെട്ടി 'ചിക്പഗ്' കൊണ്ടുവന്നിരുന്നെന്ന് അവള്‍ തിരിച്ചടിച്ചതും പറഞ്ഞ് അവര്‍ പൊട്ടിചിരിച്ചപ്പോള്‍ ഞാനും അതില്‍ പങ്കാളിയായി. ഒരോ കണക്ക് പരീക്ഷയും കഴിഞ്ഞ് അവരുടെ പക്കല്‍ നിന്ന് മോറല്‍സയന്‍സ് ടെക്സ്റ്റും സ്നേഹസേനയും ലൈബ്രറി പുസ്തകങ്ങളും കിട്ടിയിരുന്നു. ഒരോ കണക്കുപരീക്ഷയിലും വഴികണക്ക് തെറ്റി വലഞ്ഞ് സെന്റ്തെരേസാസില്‍ എത്തുന്ന എന്റെ സങ്കടക്കടല്‍ ഏറ്റുവാങ്ങിയതും അവരാണ്.അവരില്‍ ചിലരെ ഫെയ്സ്ബുക്കില്‍ നിന്ന് ഞാന്‍ കണ്ടെടുത്തിരിക്കുന്നു. എല്ലാവരും കുട്ടികളും കുടുംബങ്ങളുമായി സുഖമായിരിക്കുന്നു.
ഒരുനാള്‍ സ്കൂളില്‍ നിന്ന് മടങ്ങുന്നതിനിടയില്‍ 'ടര്‍ട്ടില്‍സ്' എന്നെഴുതിയ എന്റെ ബാഗിന്റെ പിന്നിലെ വള്ളി നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയുടെ വശത്തെ കൊക്കില്‍ കുടുങ്ങിയതും, നിലതെറ്റി  റോഡിലേക്ക് വീണതും, ഒട്ടോ എന്നെ തട്ടിയിട്ടതും  ഓര്‍മ വരുന്നു. തല പൊട്ടിയ എന്നേയും കൊണ്ട് ആശുപത്രിയിലേക്ക് ഓട്ടോ കുതിക്കുമ്പോള്‍  അവളുടെ കണ്ണുകളില്‍ നീര്‍ പൊടിയുന്നത് ഞാന്‍ കണ്ടു. എനിക്ക് അതില്‍ ആഹ്ളാദം തോന്നി.
ആശുപത്രിയിലെ തണുത്ത ഇടനാഴിയില്‍ എന്റെ കൈത്തണ്ടയിലേക്ക് അമ്മ കരുതലോടെ വെച്ച നവജാതശിശുവിന്റെ നെറ്റിയില്‍ നിറയെ കുരുന്ന് രോമങ്ങളുണ്ടായിരുന്നു. തിരിതുണി പോലെ കുഴഞ്ഞ കൈത്തണ്ടയിലെ വിരലുകളിലെ കുഞ്ഞുനഖങ്ങള്‍  എന്നെ ആഹ്ളാദിപ്പിച്ചു. ഒരോ വര്‍ഷവും എന്നെ ഭയപ്പെടുത്തുന്നു. മനസിന്റെ അടിത്തട്ടിലുള്ള ഏതോ ചില ഓര്‍മകള്‍ കൂടി മാഞ്ഞു പോകുന്നതിന്റെ അവ്യക്തമായ ആശങ്കയാണത്. ചേച്ചിപൂച്ചകളെ കുറിച്ചുള്ള ഓര്‍മചിത്രങ്ങള്‍ക്കും ബാധകമാണ് ഈ പ്രകൃതിനിയമം.
'നരക' പാര്‍ടി
അമല്‍നീരദ് ഈ കൊച്ചുകേരളത്തില്‍ ജനിക്കേണ്ട ആളായിരുന്നില്ല. അദ്ദേഹം ജീവിച്ചിരിക്കേണ്ട കാലഘട്ടവും ഇതാകേണ്ടിയിരുന്നില്ലെന്ന് പുതിയ സിനിമ 'ബാച്ച്ലര്‍ പാര്‍ടി' വ്യക്തമാക്കുന്നു. ചിലിയിലോ മെക്സികോയിലോ ഹോങ്കോങ്ങിലോ ചൈനയിലോ കുറഞ്ഞപക്ഷം ഹോളിവുഡിലോ ജനിച്ചിരുന്നെങ്കില്‍ മികച്ച ചിത്രത്തിനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം 'ബാച്ച്ലര്‍ പാര്‍ടി' നേടിയേനെ. ചിത്രം കാണുമ്പോഴും പുറത്തിറങ്ങുമ്പോഴും പ്രേക്ഷകര്‍ വിളിക്കുന്ന തെറിവിളികള്‍ കൂട്ടികിഴിച്ചാലും അടുത്തകാലത്തിറങ്ങിയ കലാപസൃഷ്ടികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് 'ബാച്ച്ലര്‍ പാര്‍ടി' തന്നെ. 'ബിഗ്ബി', 'സാഗര്‍ ഏലിയാസ് ജാക്കി', 'അന്‍വര്‍' തുടങ്ങി മലയാളസിനിമാചരിത്രത്തില്‍ കള്‍ട്ട് ക്ളാസിക് പദവി നേടിയെടുത്ത ചിത്രങ്ങള്‍ക്ക് ശേഷമാണ് അമല്‍ ബാച്ചിലര്‍മാരുടെ പാര്‍ടിയുമായി എത്തിയത്. 'ലൈഫ് ഈസ്‌ എ ബോറിംഗ് ഹൈവേ, ജസ്റ്റ്‌ ഓഫ്‌ റോഡ്‌ ഇറ്റ്‌ ' എന്ന പരസ്യവാചകവുമായി ഇറങ്ങിയ സിനിമ കണ്ടിരിക്കേണ്ട സൌഭാഗ്യമുണ്ടായ പ്രേക്ഷകര്‍ ഹൈവേ പോയിട്ട് ഒരു വെട്ടുവഴിയിയെങ്കിലും മുന്നില്‍ കണ്ടിരുന്നെങ്കില്‍ ഇറങ്ങി ഓടിയേനെ. ഒരു പക്ഷേ 30 കൊല്ലങ്ങള്‍ക്ക് ശേഷം മലയാളസിനിമയിലെ അമൂല്യ സൃഷ്ടികളില്‍ ഒന്നായി ബാച്ച്ലര്‍ പാര്‍ടി വിലയിരുത്തപ്പെട്ടേക്കാം.
'വാളെടുത്തവന്‍ വാളാല്‍' എന്ന ബൈബിള്‍ വാചകമാണ് ചിത്രത്തിന്റെ മൂലം. അധോലോകവുമായി പൊക്കിള്‍ കൊടി ബന്ധമുള്ള നായകന്‍മാര്‍, അരയിലും, ഷൂസിലും ബെല്‍റ്റിനടിയിലും തോക്കുകളും ഗ്രനേഡുകളും ഒളിപ്പിച്ച് നടക്കുന്ന സ്ഫോടകശേഷിയുള്ള നായകന്‍മാര്‍, 'വാലാട്ടി പക്ഷികളെ' പോലെ എല്ലാം കുലുക്കി നടക്കുന്ന ഐറ്റംഗേളുകള്‍, 'അണ്ടര്‍വേള്‍ഡിനെ അണ്ടര്‍വെയറിനടിയില്‍' കൊണ്ടുനടക്കുന്ന പ്രതിനായകന്‍മാര്‍, അമല്‍നീരദ് ചിത്രങ്ങളുടെ ട്രേഡ്മാര്‍ക്കായ സ്ലോമോഷനുകള്‍......എല്ലാം ഈ പാര്‍ടിയില്‍ മോരും മുതിരയും പോലെ ഒത്തുചേര്‍ന്നിരിക്കുന്നു. 'ദി എക്സൈല്‍' എന്ന ഹോങ്കോങ്ങ് ചിത്രത്തിന്റെ കോപ്പിക്യാറ്റാണ് അമലിന്റെ പാര്‍ടിയെന്ന് ചില ദോഷൈകദൃക്കുകള്‍ പ്രചരിപ്പിക്കുന്നത് ഞാന്‍ വിശ്വസിച്ചിട്ടില്ല. കലാഭവന്‍മണി (അയ്യപ്പന്‍), ഇന്ദ്രജിത്ത് (ഗീവര്‍ഗീസ്), ആസിഫലി (ടോണി), ഫക്കീര്‍ (വിനായകന്‍), റഹ്മാന്‍ (ബെന്നി) എന്നീ ക്വട്ടേഷന്‍ സംഘങ്ങള്‍ മാറി മാറി പിടിക്കുന്ന ക്വട്ടേഷനുകളും അതിനിടയിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിന്റെ പ്രമേയം. ക്ളൈമാക്സില്‍ മൂന്നാംലോക മഹായുദ്ധത്തെ അനുസ്മരിപ്പിക്കുന്ന വെടിവെപ്പില്‍ എല്ലാ നായകന്‍മാരും കൊല്ലപ്പെടുന്നു. നരകത്തിലെത്തുന്ന നായകന്‍മാരും വില്ലന്‍മാരും നേരത്തെ അവിടെ സീറ്റ് ബുക്ക് ചെയ്ത നടി പത്മപ്രിയയുമായി 'കപ്പാ കപ്പാ കപ്പപുഴുക്ക്...' എന്ന പാട്ടും പാടി നൃത്തമാടുന്നതോടെ ചിത്രം കലാശിക്കുന്നു. വെള്ളിത്തിരയ്ക്ക് തീപിടിക്കുന്നു. നാട്ടുകാര്‍ ഇറങ്ങിയോടുന്നു. കൊട്ടക മുഴുവന്‍ കത്തി നശിക്കുന്നു....!!!!!!
ടുജി സ്പെക്ട്രം അഴിമതിയില്‍ നിന്നുള്ള കോടികണക്കിന് രൂപയുമായി കേരളം വഴി കടന്നുപോയ ട്രക്കിലെ അതികായനായ സെക്യൂരിറ്റിഗാര്‍ഡായി പൃഥ്വിരാജുമുണ്ട് ബാച്ച്ലര്‍ പാര്‍ടിയില്‍. സ്വന്തം കൈയ്യില്‍ നിന്ന് കാശു മുടക്കിയാണ് അമല്‍ ബാച്ച്ലര്‍ പിടിച്ചിരിക്കുന്നത്. അന്‍വറിന് പണമിറക്കിയ സഖറിയാസ് ബ്രദേഴ്സ് പിന്നീട് പതം പറഞ്ഞ് കേരളം മുഴുവന്‍ നടന്നത് ഓര്‍മിച്ചായിരിക്കണം അമല്‍ നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞത്. ചിത്രത്തിന് തിരക്കഥയെഴുതിയ ആര്‍ ഉണ്ണിയും സന്തോഷ് എച്ചിക്കാനവും ഒരു 100 നല്ല കഥ എഴുതിയാലേ ഈ 'തിരക്കഥാപാപം' അവരുടെ തലയില്‍ നിന്നും മാറുകയുള്ളു. രമ്യാനമ്പീശന്റെ ന്യൂജനറേഷന്‍ യാത്ര എങ്ങോട്ടാണെന്ന് ഞാന്‍ വിസ്മയിക്കുന്നു. വ്യത്യസ്ത സ്റ്റൈലിലുള്ള മധുപാന-ധൂമപാന രംഗങ്ങള്‍ ഒരുപിടിയുണ്ട് ചിത്രത്തില്‍. കത്രികയുമായി നോക്കിയിരിക്കുക മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്ത സേവനമെന്ന് വേദനയോടെ തിരിച്ചറിയുന്നു. രാഹുല്‍രാജ്- റഫീഖ് അഹമ്മദ് ടീമിന്റെ ഗാനങ്ങളാണ് ഏക ആശ്വാസം. വിവേക് ഹര്‍ഷന്റെ എഡിറ്റിങ്ങും നിലവാരം പുലര്‍ത്തി.  തുടര്‍ന്നും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട് സുഹൃത്ത് അമല്‍നീരദിനെ ഇടനെഞ്ചോടു ചേര്‍ത്ത് പിടിച്ച് അഭിവാദ്യം ചെയ്യുന്നു.

Monday, June 18, 2012

നിറയുന്ന മധുചഷകങ്ങള്‍....

മദ്യപാനികളെ ക്ളാസ്-1, 2,3 എന്നിങ്ങനെ തരംതിരിക്കുകയാണ് രഞ്ജിതിന്റെ പുതിയ ചിത്രമായ 'സ്പിരിറ്റ്'. അഞ്ച് ലോക ഭാഷകള്‍ സംസാരിക്കുകയും ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കുകയും ലോകക്ളാസിക്കുകള്‍ എല്ലാം മനഃപാഠമാക്കുകയും ചെയ്ത രഘുനന്ദനന് കുടി ഒരലങ്കാരമാണ്. കുടിയന്റെ ആര്‍ഭാടങ്ങളും ആലഭാരങ്ങളും അയാള്‍ക്ക് ഇണങ്ങും. കവിയായ സമീറിന്റെ മദ്യപാനം സര്‍ഗാത്മകതയുടെ ഉണര്‍വിന് വേണ്ടിയാണ്. സ്വയം എരിഞ്ഞടങ്ങി കവിതയുടെ പൂക്കള്‍ വിടര്‍ത്തുന്നവന്റെ മദ്യപാനവും സിനിമയില്‍ പലയിടത്തും ന്യായീകരിക്കപ്പെടുന്നുണ്ട്. പ്ളംബര്‍ മണിയന്‍ ജീവിതത്തിലെ പുറമ്പോക്കുകാരനാണ്. ബീവറേജസ് ക്യൂവില്‍ മഴയും വെയിലും കൊണ്ട് കുത്തിനിന്ന് കുപ്പികള്‍ വാങ്ങുകയും ടോയിലറ്റിലെ വെള്ളം മിക്സ് ചെയ്ത് അടിക്കുകയും ഭാര്യയെയും മക്കളെയും കണക്കിന് പൂശുകയും ചെയ്യുന്ന മണിയന്റെ മദ്യപാനം ആഗോളപ്രശ്നമാണ്.
ബുദ്ധിജീവിയായ രഘുനന്ദനന് 25 കൊല്ലത്തെ മദ്യപാനം ഒറ്റ ഗാനരംഗം കൊണ്ട് തുടച്ചെറിയാന്‍ കഴിഞ്ഞപ്പോള്‍ പ്ളംബര്‍ മണിയന് റീഹാബിലേഷന്‍ സെന്ററില്‍ അഭയം തേടേണ്ടി വരുന്നു. മദ്യപാനത്തിന് എതിരെയുള്ള സന്ദേശം പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ ഗ്ളോറിഫൈഡ് മധുപാന രംഗങ്ങളാണ് ഹൈലൈറ്റ്. 'വീഞ്ഞ് കുപ്പിയിലാക്കിയ കവിതയാണെന്നും' മറ്റുമുള്ള ബുദ്ധിജീവി വചനങ്ങള്‍ മേമ്പോടിയാവും. ലോകോത്തര മദ്യങ്ങളുടെ ബോട്ടിലുകളെല്ലാം ഷോകേസില്‍ നിരത്തി വെച്ച്, ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി, മഞ്ഞ ടൈപ്പ്റൈറ്ററിന് മുന്നിലിരുന്ന്, തന്റെ മരണത്തോടെ മാത്രം പൂര്‍ത്തിയാവുന്ന 'സ്പിരിറ്റ്' എന്ന നോവല്‍ ടൈപ്പ് ചെയ്യുകയാണ് രഘുനന്ദന്‍. ഒ വി വിജയനും മാര്‍കേസും ബോബ് മാര്‍ളിയും ആരാധനാപാത്രങ്ങള്‍. ഈഗോയുടെ മൂര്‍ത്തിയാണ് അദ്ദേഹം. രാവിലെ കട്ടന്‍ചായ ഒഴിച്ച് രണ്ടെണ്ണം പിടിച്ചില്ലെങ്കില്‍ കൈ വിറയ്ക്കുന്ന ക്രോണിക് മദ്യപാനി. ചാനലില്‍ സെലിബ്രിറ്റി ചാറ്റ്ഷോ അവതരിപ്പിച്ച് പ്രേക്ഷകരെ ആനന്ദതുന്ദിലാരാക്കുന്നതിലും രഘുനന്ദന്‍ മുന്നിലാണ്. 'കള്ളു കുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്നും മറ്റുള്ളവരുടെ പുറത്ത് കയറി നിരങ്ങരുതെന്നു'മാണ് രഞ്ജിത്തിന് പറയാനുള്ളത്. 'ദിവസം രണ്ടെണ്ണം നീറ്റായി അടിച്ച് വീട്ടില്‍ പോകുന്നത് ആരോഗ്യത്തിനും ബുദ്ധിയ്ക്കും സര്‍ഗാത്മകതയ്ക്കും അത്യുത്തമമാണെന്ന്' വ്യംഗ്യം.
നായകന്‍മാര്‍ മറ്റുള്ളവരെ നന്നാക്കുന്ന പരിപാടി 'പ്രാഞ്ചിയേട്ടന്‍' മുതലാണ് രഞ്ജിത്ത് തുടങ്ങിയത്. പ്രാഞ്ചിയിലെ ബിജുമേനോന്‍ അവതരിപ്പിച്ച മയക്കുമരുന്ന് അഡിക്റ്റിന് പകരം നന്ദുവാണ് ലോക്കല്‍ കുടിയന്‍ പ്ളംബര്‍ മണിയനാവുന്നത്. മണിയന്റെ കണ്ണുകള്‍ രഘുനന്ദനന്‍ തുറപ്പിക്കുന്നതോടെ ചിത്രത്തിന് തിരശീല വീഴുന്നു.
മോഹന്‍ലാലാണ് സ്പിരിറ്റില്‍ സ്പിരിറ്റ് നിറയ്ക്കുന്നത്. തനിക്ക് എളുപ്പത്തില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന കഥാപാത്രത്തിനെ മള്‍ട്ടി ഡൈമന്‍ഷണല്‍ ആക്കിയത് ലാലിന്റെ മിടുക്കാണ്. കൈയും മനസും വിറയ്ക്കുന്ന അസല്‍ മദ്യപാനിയായി ലാല്‍ എല്ലാ ഫ്രെയിമിലും നിറഞ്ഞു. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം നന്ദുവിന്റേതാണ്. ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതി മുഴുവന്‍ നന്ദുവിന്റെ ചുമലിലാണ്. 90 ശതമാനം സീനുകളും ഇന്‍ഡോര്‍ ആയതിനാല്‍ മടുപ്പിക്കാത്തതിന്റെ ക്രെഡിറ്റില്‍ പാരി ക്യാമറാമാന്‍ വേണുവിന്. റഫീക്ക് അഹമ്മദിന്റെ വരികളും ഷഹബാസിന്റെ സംഗീതവും ഹൃദ്യം. തിരക്കഥയുടെ കാര്യത്തില്‍ രഞ്ജിത്ത് പിന്നിലേക്ക് പോയിരിക്കുന്നു. മധുവും ശങ്കര്‍രാമകൃഷ്ണനും ലെനയും കനിഹയും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. നാലുകാലില്‍ ഇഴയുന്ന ഒരു സമൂഹത്തിന് ലഹരിയില്‍ മുങ്ങിയ പാരിതോഷികമാണ് സ്പിരിറ്റ്.

Wednesday, June 13, 2012

'shanghai'- കാലഘട്ടത്തിന്റെ സ്വരം...
ദിബാകര്‍ ബാനര്‍ജിയുടെ 'ഷാങ്ങ്ഹായ്' ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് മികച്ച രാഷ്ട്രീയ സിനിമകളില്‍ ഒന്നാണ്. 12 കോടി നിര്‍മാണത്തിന് മുടക്കുകയും 8 കോടി മാര്‍ക്കറ്റിങ്ങിന് വേണ്ടി ചെലവിടുകയും ചെയ്ത 'ഷാങ്ങ്ഹായ്' ഈ കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. സമകാലീന ഇന്ത്യന്‍ അവസ്ഥയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്ന നിരവധി രംഗങ്ങളുള്ള ഈ സിനിമ ജനാധിപത്യത്തിന്റെ മൂല്യശോഷണത്തെ കുറിച്ചുള്ള സംവിധായകന്റെ വിയോജനകുറിപ്പാണ്.
'ഭാരത്നഗര്‍' എന്ന സാങ്കല്‍പ്പികനഗരത്തെ ആഡംബരത്തിന്റെ പര്യായമായ 'ഷാങ്ങ്ഹായ്' പറുദീസയായി മാറ്റിയെടുക്കാന്‍ കോര്‍പറേറ്റുകളും രാഷ്ട്രീയകക്ഷികളും കൈകോര്‍ത്തുണ്ടാക്കിയ അവിശുദ്ധസഖ്യം നടത്തുന്ന ഹീനമായ ചതുരംഗകളിയാണ് സിനിമ പ്രമേയവല്‍കരിക്കുന്നത്. എല്ലാ സ്വര്‍ഗത്തിനും കൊടുക്കേണ്ട വില ഇവിടെയും ജനങ്ങള്‍ കൊടുക്കേണ്ടി വരും. വീട്, ഭൂമി, സ്വാതന്ത്രം,ഉപജീവന മാര്‍ഗങ്ങള്‍. അങ്ങനെ 'ഷാങ്ങ്ഹായ്ക്ക്' വേണ്ടി പലതും ജനങ്ങള്‍ ത്യജിക്കേണ്ടി വരുമെന്ന് ചൂണ്ടികാണിച്ച് പ്രൊഫ. അഹമ്മദിയെ (പ്രൊസെന്‍ജിത്ത്) പോലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നതോടെ രക്തം മുക്കി എഴുതേണ്ട ചില രാഷ്ട്രീയചലനങ്ങള്‍ക്കാണ് കാലം വഴിയൊരുക്കിയത്.
ഇന്റര്‍നാഷണല്‍ ബിസിനസ് പാര്‍ക്കിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന പദ്ധതിയ്ക്ക് എതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിച്ച ശേഷം പ്രൊഫ. അഹമ്മദി ഓഡിറ്റോറിയത്തിന് പുറത്തേക്കിറങ്ങിയപ്പോള്‍ പാഞ്ഞു വന്ന ട്രക്ക് അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുന്നു. നൂറുകണക്കിനാളുകളും പൊലീസും നോക്കി നില്‍ക്കുമ്പോഴാണ് ട്രക്ക് അഹമ്മദിയെ ഇടിച്ച്തെറിപ്പിച്ച് ഇരുളിലേക്ക് മറഞ്ഞത്. അഹമ്മദിയ്ക്ക് നേരേയുണ്ടായത് കൊലപാതക ശ്രമമാണ് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥിനിയായ ശാലിനിയും (കല്‍ക്കി), ആ രാത്രിയിലെ നിര്‍ണ്ണായകമായ വീഡിയോ ഫൂട്ടേജ് കൈയ്യില്‍ വന്നു പെട്ട നീലചിത്ര ഛായാഗ്രാഹകനായ ജോഗിന്ദര്‍ പാര്‍മറും (ഇമ്രാന്‍ ഹഷ്മി), സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിയമിച്ച ടി എ കൃഷ്ണന്‍ (അഭയ് ഡിയോള്‍)  അന്വേഷണ കമ്മീഷനും രംഗത്ത് എത്തുന്നതോടെ ഷാങ്ങ്ഹായ് വേഗം കൈവരിക്കുന്നു.
മികച്ച ഒരുപിടി രംഗങ്ങളുണ്ട് ഈ സിനിമയില്‍- പ്രൊഫ. അഹമ്മദിയ്ക്ക് നേരേയുണ്ടായ കൊലപാതകശ്രമത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്ന കൃഷ്ണന്‍ കമ്മീഷന്റെ മുറിയുടെ ഒത്തനടുക്ക് തൊട്ടടുത്ത മൈതാനത്ത് നിന്നും കുട്ടികള്‍ എറിഞ്ഞ ബാസ്ക്കറ്റ്ബോള്‍ വന്നു വീണപ്പോള്‍ ഉണ്ടായ നിശബ്ദതയ്ക്ക് മാനങ്ങള്‍ പലതാണ്. പ്രകൃതിയേയും പരിസ്ഥിതിയേയും ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കുന്ന ചോരകുടിയന്‍ നേതാക്കള്‍ ഫോണ്‍ എടുത്ത ഉടനെ 'ജയ് പ്രകൃതി' എന്ന് അഭിസംബോധന ചെയ്യുന്നത് രസകരമാണ്. എത്ര കഴുകിയാലും വൃത്തിയാകില്ലെന്ന പോലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടിച്ച്തുടക്കുന്ന ശിപായികള്‍ മിക്കവാറും ഫ്രെയിമുകളില്‍ നിറയുന്നതും ശ്രദ്ധേയം. അഹമ്മദിയ്ക്ക് നേരേയുണ്ടായ ആക്രമണങ്ങളെ കുറിച്ചുള്ള കൃഷ്ണന്‍ കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് 'for every action, there is an equal and opposite reaction' എന്ന മോഡി വചനമാണ് ഉന്നത പൊലീസുദ്യോഗസ്ഥന്‍ മറുപടിയായി നല്‍കുന്നത്.

നാടകീയതയില്ല. അതി വൈകാരികതയല്ല. ഇമ്രാന്‍ഹഷ്മിയും അഭയ് ഡിയോളും പ്രൊസെന്‍ജിത്ത് ചാറ്റര്‍ജിയും ഉള്‍പ്പടെയുള്ള താരനിര ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചത്. വാസ്ലിസ് വസ്ലിക്കോസിന്റെ 'z' എന്ന നോവലിനെ അാവലംബിച്ച് സംവിധായകന്‍ ഒരുക്കിയ തിരക്കഥ മികച്ചതാണ്. നമ്രതാറാവുവിന്റെ എഡിറ്റിങ്ങും നിക്കോസ് ആന്‍ഡ്രിസാകിസിന്റെ ക്യാമറയും വിശാല്‍ ശേഖറിന്റെ സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടുന്നു. ഭരണവര്‍ഗവും പ്രതിപക്ഷവും കൈകോര്‍ത്ത് പിടിച്ച കറുത്ത ഇടനാഴികളില്‍ ചീഞ്ഞളിയുന്ന ജനാധിപത്യത്തിന്റെ ജാതകമാണ് 'ഷാങ്ങ്ഹായ്'...

Friday, June 1, 2012





ഡയമണ്ട് നെക്ലേസ്.
കണ്ടിരിക്കാന്‍ സുഖമുള്ള സിനിമയാണ് ലാല്‍ജോസിന്റെ 'ഡയമണ്ട് നെക്ലേസ്'. ചെറുകഥയുടെ ഒതുക്കമുള്ള മൂലകഥ, നല്ല തിരക്കഥ, നിലവാരമുള്ള സംഗീതം, അഭിനേതാക്കളുടെ മോശമല്ലാത്ത പ്രകടനം...തുടങ്ങി വാണിജ്യസിനിമയ്ക്ക് അനിവാര്യമായ ഘടകങ്ങള്‍ എല്ലാം കോര്‍ത്തിണക്കി കൊണ്ടാണ് ലാല്‍ജോസ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഒപ്പം ജോയ് ആലുക്കാസിന്റെയും മാക്സ് സൂപ്പര്‍മാര്‍ക്കറ്റിന്റെയും പരസ്യങ്ങള്‍ സിനിമയ്ക്കുള്ളിലേക്ക് ഫലപ്രദമായി സംയോജിപ്പിച്ച് കുറച്ച് 'തുട്ട്' ലാഭിക്കുകയും ചെയ്തു.
ദുബായില്‍ ഓങ്കോളജിസ്റ്റായ ഡോ. അരുണിന്റെ (ഹഫദ്ഫാസില്‍) അച്ചടക്കമില്ലാത്ത സാമ്പത്തികജീവിതം അനിവാര്യമായും അയാളെ കൊണ്ടെത്തിച്ച സാമ്പത്തികപ്രതിസന്ധികളാണ് 'ഡയമണ്ട് നെക്ലേസ്'. 'പ്ളാസ്റ്റിക് മണി'യുടെ ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മതിമറക്കുന്ന അരുണിനെയും കൂട്ടരെയും നേരിട്ട് അവതരിപ്പിക്കുന്ന ഗാനത്തിലൂടെ സിനിമ തുടങ്ങിയത് നന്നായി. ക്രെഡിറ്റ് കാര്‍ഡുകളുടെ ചീട്ടുകൊട്ടാരം തകര്‍ന്നത് പെട്ടെന്നായിരുന്നു. ബുര്‍ജ് ഖലീഫയിലെ ഫ്ളാറ്റില്‍ നിന്നും ലേബര്‍ക്യാമ്പിലേക്കുള്ള പതനം അയാള്‍ അര്‍ഹിച്ചതായിരുന്നു. ഹോസ്പിറ്റലിലെ നേഴ്സായ ലക്ഷ്മിയുമായി (ഗൌതമിനായര്‍) മാനസികമായും ശാരീരികമായും അയാള്‍ അടുത്തിരുന്നു. എന്നാല്‍ നാട്ടിലെത്തി അമ്മയുടെയും സാഹചര്യങ്ങളുടെയും നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ മറ്റൊരു വിവാഹം കഴിക്കുന്നു. മായയുമായി (സംവൃത) അയാള്‍ അടുക്കുന്നത് ഡോക്ടറും രോഗിയുമെന്ന നിലയിലാണെങ്കിലും ആ ബന്ധം മറ്റ് ചില തലങ്ങളിലേക്ക് അവരറിയാതെ വളരുന്നു. ബാങ്കുകള്‍ അരുണിന്റെ മേലുള്ള പിടി മുറുക്കുയാണ്. ഈ പ്രതിസന്ധിയിലാണ് 'ഡയമണ്ട് നെക്ലേസ്' ചിത്രത്തിലേക്ക് കടന്നുവരുന്നത്.
ബംഗാളി ഷോര്‍ട്ട്ഫിലിമാണ് ചിത്രത്തിന് പ്രചോദനം. 'സ്പാനിഷ് മസാല'യ്ക്ക് ശേഷം തകര്‍ന്നടിഞ്ഞ ലാല്‍ജോസിന്റെ മടങ്ങിവരവാണ് ഈ ചിത്രം. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയ്ക്ക് ഇന്റര്‍വെല്‍ വരെയെങ്കിലും ഒഴുക്കുണ്ട്. തിരക്കഥയിലെ 'ഫ്രെഷ്നസ്' എടുത്തു പറയേണ്ട ഘടകമാണ്. 'ന്യൂജനറേഷന്‍ സിനിമ' എടുക്കണമെന്ന് കരുതിക്കൂട്ടിയാണ് 'ഡയമണ്ട് നെക്ലേസ്' ഒരുക്കിയിരിക്കുന്നത്. ന്യായീകരിക്കാവുന്നതും അല്ലാത്തതുമായ ശാരീരിക വിട്ടുവീഴ്ച്ചകളും പുരുഷ വീക്ഷണത്തിന്റെ (മെയില്‍ ഗെയ്സ്) അതിപ്രസരമുള്ള സന്ദര്‍ഭങ്ങളും ഡയമണ്ട് നെക്ലേസിന്റെ മാറ്റുകുറയ്ക്കുന്നതും അതുകൊണ്ടാണ്. മായ എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായി വികസിപ്പിക്കാന്‍ തിരക്കഥാകൃത്തിനായിട്ടില്ല. അതോടൊപ്പം ലക്ഷ്മിയുടെ അമ്മയുടെ ഹോസ്പിറ്റല്‍ കെട്ടാനുള്ള നെട്ടോട്ടം അവിശ്വസനീയം. മനുഷ്യത്വമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാളത്തില്‍ ശ്രീനിവാസന്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളുവെന്ന ചിലരുടെ മുന്‍ധാരണ ഊട്ടി ഉറപ്പിക്കുന്നു സിനിമയിലെ 'വേണുവേട്ടന്‍'. പൊങ്ങച്ചക്കാരികളായ കൊച്ചമ്മമാരും നാട്ടിന്‍പുറത്തെ നന്‍മയും ഒരിക്കല്‍ കൂടി അഭ്രപാളിയിലെത്തിക്കാന്‍ ലാല്‍ജോസ് മറന്നില്ല.
'മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി' ഹഫദ്ഫാസില്‍ ചില 'ജെസ്റ്റുകള്‍' കൊണ്ടാണ് ഡോ. അരുണിനെ ഹൃദ്യമാക്കിയത്. പുതിയ കാലഘട്ടത്തില്‍ ഭാവങ്ങള്‍ വാരിവിതറി നാട്ടുകാരെ വെറുപ്പിച്ചിട്ട്കാര്യമില്ലെന്ന ബോധോദയമാണ് ഹഫദിനെ മുന്നോട്ടുനയിക്കുന്നത്. ഗൌതമിയുടെ വലിയ കണ്ണുകളും അവര്‍ക്ക് നല്‍കിയിരിക്കുന്ന ശബ്ദവും മനോഹരമാണ്. കലാമണ്ഡലം രാജ്ശ്രീയായി അനുശ്രീയുടെ പ്രകടനം പുതുമുഖ നടിയെ സംബന്ധിച്ച് സ്വപ്നതുല്യമായ അരങ്ങേറ്റമാണ്. ഇടയ്ക്കിടക്ക് മാല പിടിച്ച് നേരേയിടുന്ന നവവധുവിന്റെ ചേഷ്ടയും സംഭാഷണങ്ങളും ഓര്‍മ്മയില്‍ നില്‍ക്കുന്നു. "ആരോ മാന്ത്രികവടിയാല്‍ സൃഷ്ടിച്ച മായാനഗരം''-എന്ന് അരുണ്‍ വിശേഷിപ്പിച്ച ദുബായുടെ സൌന്ദര്യം മുഴുവന്‍ സമീര്‍താഹിറിന്റെ ദൃശ്യങ്ങളിലുണ്ട്. അതത് കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് സിനിമയെടുക്കാനുള്ള ലാല്‍ജോസിന്റെ വിജയമായേ ഡയമണ്ട് നെക്ലേസിനെ കണക്കാക്കേണ്ടതുള്ളു. പുതുതലമുറയുടെ തരംഗത്തിനൊത്ത് ലാല്‍ മാറിയോ എന്ന് കാത്തിരുന്ന് കാണേണ്ട കാഴ്ച്ചയാണ്.