Thursday, December 8, 2011

ഭൂമിയിലെ ദൈവത്തിന്റെ ചാരന്‍.....................

ഭൂമിയില്‍ ദൈവത്തിന്റെ ചാരനായിരുന്നു ഹെമിങ്വേ: ആര്‍ച്ചീബാള്‍ഡ് മാക്ലീഷ്.
മീന്‍ പിടിക്കാന്‍ കഴിയാതെ, ശിക്കാറിന് പോകാന്‍ സാധിക്കാതെ, കാളപ്പോര് ആസ്വദിക്കാനാവാതെ, മനസില്‍ ആഴത്തില്‍ പതിഞ്ഞ ചില മുദ്രകള്‍ തൃപ്തികരമായി എഴുതി പിടിക്കാനാവാതെ ഈ ജീവിതം എന്ത് ജീവിതമാണ്.....?, അങ്ങനെയുള്ള ജീവിതം 'പാപ്പയ്ക്ക്' വേണ്ട. അത് കൊണ്ട് ഭൂമിയില്‍ പിറന്ന ദൈവത്തിന്റെ സ്വന്തം ചാരന്‍ ആത്മാവിനെ ഇല്ലാതാക്കി.
"എല്ലാ കഥകളും നീണ്ടു പോകുമ്പോള്‍ മരണത്തിലവസാനിക്കുന്നു. അത് മാറ്റി നിര്‍ത്തി കഥ പറയുന്ന ആളാകട്ടെ നല്ല കാഥികനുമല്ല'' 'ഡെത്ത് ഇന്‍ ദി ആഫ്റ്റര്‍ നൂണ്‍' എന്ന കൃതിയില്‍ ഹെമിങ്വേ തന്നെ കുറിച്ചിട്ട വരികള്‍. 1928 ഡിസംബറിലെ ഒരു തണുത്ത പ്രഭാതത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ക്ളാരന്‍സ് എഡ്വേര്‍ഡ് ഹെമിങ്വേയും ജീവന്‍ ഒടുക്കുകയായിരുന്നു. "എനിക്ക് വല്ലാത്ത ക്ഷീണം. മുകളില്‍ പോയി ഒന്നു മയങ്ങട്ടെ''എന്ന സ്നേഹത്തില്‍ പൊതിഞ്ഞ യാത്രാമൊഴി ഭാര്യയ്ക്ക് നല്‍കി സ്റ്റെയര്‍കെയ്സ് കയറി പോയ അദ്ദേഹം പിന്നീട് തിരിച്ചിറങ്ങുകയുണ്ടായില്ല.
വീട്ടില്‍ മടങ്ങിയെത്തിയ ഏണസ്റ്റ് അനിയന്‍ ലീസെസ്റ്ററോട് പറഞ്ഞു- "സംസ്ക്കാരസമയത്ത് കരയരുത്. എനിക്കത് നിര്‍ബന്ധമാണ്. മറ്റുള്ളവര്‍ കരയട്ടെ. പക്ഷേ, നമ്മുടെ കുടുംബത്തില്‍ ആരും കരയരുതെന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ട്.''. 33 കൊല്ലങ്ങള്‍ക്ക് ശേഷം ഇഡാഹോവിലെ മലഞ്ചെരിവില്‍ ഒരു വെടിയൊച്ച കൂടി പ്രകമ്പനം സൃഷ്ടിച്ചു. ഇത്തവണ യാത്ര പോയത് പ്രിയപ്പെട്ട 'പാപ്പ' തന്നെയായിരുന്നു.
ജീവിതാഘോഷത്തിന്റെ മാസ്മരികതയിലൂടെ ലോകത്തെ വിശ്വസിപ്പിച്ച പാപ്പ, മനുഷ്യന്‍ അധൃഷ്യനാണെന്നും പോരാട്ടങ്ങള്‍ക്ക് അവനെ തോല്‍പ്പിക്കാന്‍ മാത്രമേ കഴിയുകയുള്ളുവെന്നും ഉള്ളിന്റെയുള്ളില്‍ എരിഞ്ഞുകത്തുന്ന ആത്മചൈതന്യത്തിന്റെ ദീപശിഖയെ കെടുത്താനാവില്ലെന്നും ഉള്ള ആപ്തവാക്യം ലോകത്തിന്റെ ചുവരിലെഴുതി വെച്ച പാപ്പ, ലഭ്യമായ എല്ലാ ഫോട്ടോഗ്രാഫിലും ചിരി മങ്ങാതെ മാത്രം ലോകം കണ്ട പാപ്പ.....എല്ലാ രീതിയിലും അദ്ദേഹം ഒരു പ്രസ്ഥാനമായിരുന്നു. എഴുത്തിന്റെ ശൈലിയില്‍, ജീവിതം ജീവിച്ച് തീര്‍ത്ത രീതിയില്‍, ഒടുവില്‍ കാലത്തിന് മുന്നില്‍ കീഴടങ്ങാതെ താന്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ മൃത്യുവുമായി കൂടിക്കാഴ്ച്ച നടത്തിയ മിടുക്കന്‍. 1954 ജനുവരിയില്‍ ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഹെമിങ്വേ മരിച്ചുവെന്ന് പത്രങ്ങള്‍ എഴുതിയിരുന്നു. ഹെമിങ്വേയും ഭാര്യയും സഞ്ചരിച്ച വിമാനത്തിന്റെ പൈലറ്റായ റോയ് മാര്‍ഷിന് നിയന്ത്രണം തെറ്റുകയായിരുന്നു. നിലത്ത് വീണ വിമാനത്തിന് തീ പിടിച്ചു. പൊന്തക്കാട്ടില്‍ നിന്നും സാരമായ പരിക്കുകളോടെ കയറി വന്ന ഹെമിങ്വേ ചിരിച്ച് കൊണ്ട് ചോദിച്ചു- "കുട്ടികളേ, ജീവിതം അത്ഭുതകരമല്ലേ...?''. പക്ഷേ അപകടത്തില്‍ ഭാര്യ മേരിയുടെ രണ്ട് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു.
പക്ഷേ ഹെമിങ്വേ മരിച്ചുവെന്ന് ലോകം കരുതി. പത്രങ്ങളില്‍ ചരമക്കുറിപ്പുകളും അനുശോചനലേഖനങ്ങളും മുഖപ്രസംഗങ്ങളും നിറഞ്ഞു. ആശുപത്രി കിടക്കയില്‍ അവയെല്ലാം വിസ്തരിച്ച് വായിച്ച് പൊട്ടിചിരിച്ച് പാപ്പ പറഞ്ഞു- "പല ചരമക്കുറിപ്പുകളും നന്നായിട്ടുണ്ട്. ചിലേടത്ത് വസ്തുതകള്‍ തെറ്റിയിരിക്കുന്നു. സത്യത്തില്‍, എന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ ഞാന്‍ അര്‍ഹിക്കുന്നതല്ല''.
പ്രാപഞ്ചികമായ എതിര്‍പ്പുകളെ തച്ചുടച്ച് കൊണ്ട് മനുഷ്യന്‍ നടത്തുന്ന അജയ്യമായ യാത്രകളായിരുന്നു ഹെമിങ്വേയെ ഹരം കൊള്ളിച്ചിരുന്നത്. ലൈഫ് മാസികയില്‍ അച്ചടിച്ച് വന്ന 'കിഴവനും കടലും' അത്തരം അജയ്യഗാഥകളുടെ ഗിരിപ്രഭാഷണമായിരുന്നു. മാര്‍ലോ മത്സ്യത്തിന്റെ പിന്നാലെ ഒരു കടല്‍കിഴവന്‍ നടത്തുന്ന യാത്രകള്‍ ഉള്ളുലയ്ക്കുന്ന ഹെമിങ്വേ ശൈലിയില്‍ അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാക്കി. ക്യൂബന്‍ കടലുപ്പിന്റെ രുചിയറിഞ്ഞ പാപ്പയ്ക്ക് ആ പുസ്തകം ജീവിതത്തിന്റെ ഭാഗമായിരുന്നു. പുസ്തകത്തിന്റെ കൈയ്യെഴുത്ത് പ്രതി വായിച്ച ലേലന്റ് ഹോവാര്‍ഡ് നിറകണ്ണുകളോടെ ഹെമിങ്വേയോട് പറഞ്ഞു- 'പാപ്പ, ഇത് പ്രസിദ്ധീകരിക്കണം..'. 1952 സെപ്റ്റംബറില്‍ ലൈഫ് വാരികയില്‍ നോവല്‍ അച്ചടിച്ച് വന്നു. ആ വര്‍ഷം ലൈഫിന്റെ 50 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്.
കൊടുമ്പിരി കൊള്ളുന്ന യുദ്ധരംഗത്ത് ഹെമിങ്വേ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പട്ടാളക്കാരനായും റെഡ്ക്രോസിന്റെ ആംബുലന്‍സ് ഡ്രൈവറായും യുദ്ധ റിപ്പോര്‍ട്ടറായും ഹെമിങ്വേ സേവനമനുഷ്ഠിച്ചു. നിരവധി തവണ മരണത്തെ മുഖാമുഖം കണ്ടു. നിരവധി സ്ത്രീകള്‍ ഹെമിങ്വേ എന്ന വാടകവീട്ടില്‍ അന്തിയുറങ്ങി. ഇറങ്ങി പ്പോയി. അപ്പോഴും പാപ്പാ പാപ്പ തന്നെയായി നിലകൊണ്ടു. അതിനിടയിലും അദ്ദേഹം എഴുതി കൊണ്ടേയിരുന്നു. "എഴുത്ത് ഒരു ആഫ്രിക്കന്‍ ശിക്കാര്‍ പോലെയാണ്. ഒരു സിംഹം വീണാല്‍ അടുത്തതിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ശ്രദ്ധ മുഴുവന്‍ അതൊന്നില്‍ മാത്രമായിരിക്കും''. ഒരിക്കലും ക്ഷീണിക്കാത്ത പ്രതിഭയുടെ രസതന്ത്രം മനസിലാക്കാന്‍ ഈ ഒരു ഡയലോഗ് മാത്രം മതി.
1954ല്‍ നൊബേല്‍ സമ്മാനം കിട്ടിയപ്പോള്‍ ഹെമിങ്വേ ആശുപത്രി കിടക്കയിലായിരുന്നു. അമേരിക്കന്‍ അംബാസിഡറാണ് ഹെമിങ്വേയ്ക്ക് വേണ്ടി പുരസ്ക്കാരം ഏറ്റുവാങ്ങിയത്. നൊബേല്‍ സമിതിയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ലോകത്തെ എല്ലാ എഴുത്തുകാര്‍ക്കും ഇനി എഴുത്തിന്റെ വഴി തെരഞ്ഞെടുക്കുന്നവര്‍ക്കും സുവിശേഷമായി തോന്നും- "പ്രസംഗിക്കാനുള്ള സൌകര്യമോ, അതുണ്ടെങ്കില്‍ തന്നെയും വേണ്ടത്ര വാക്പാടവമോ ഇല്ലാത്തതു കൊണ്ടാണ് ആല്‍ഫ്രഡ് നൊബേലിന്റെ മഹനീയമായ ഈ ഉദാരതയ്ക്ക് ഞാന്‍ ഈ വിധത്തില്‍ അധികൃതരോട് നന്ദി പറയുന്നത്. സമ്മാനം നേടാത്ത മഹാന്‍മാരായ സാഹിത്യകാരന്‍മാരെപ്പറ്റി അറിയുന്ന ഒരെഴുത്തുകാരനും താഴ്മയോടെയല്ലാതെ ഇത് സ്വീകരിക്കാന്‍ കഴിയില്ല.
യഥാര്‍ത്ഥ സാഹിത്യകാരന് ഒരോ പുസ്തകവും ഒരു പുതിയ തുടക്കമായിരിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നേടാന്‍ കഴിയുന്നതിനപ്പുറമുള്ള എന്തോ നേടിയെടുക്കാനുള്ള മറ്റൊരു പരിശ്രത്തിന്റെ തുടക്കം. ഒരിക്കലും ചെയ്തിട്ടില്ലാത്തതോ മറ്റുള്ളവര്‍ ശ്രമിച്ച് പരാജയപ്പെട്ടതോ ചെയ്തു തീര്‍ക്കാനായിരിക്കണം അയാള്‍ എപ്പോഴും ശ്രമിക്കേണ്ടത്. അങ്ങിനെ വരുമ്പോള്‍ വല്ലപ്പോഴും മഹാഭാഗ്യം കൊണ്ട് അയാള്‍ വിജയിച്ചേക്കും. നന്നായി മുമ്പെഴുതപ്പെട്ട ചിലത് മറ്റൊരു വിധത്തിലെഴുതുകയേ വേണ്ടുവെങ്കില്‍ സാഹിത്യരചന എത്ര ലഘുവായിരിക്കും....!''. സാഹിത്യത്തോടുള്ള ഹെമിങ്വേയുടെ സമീപനവും ദര്‍ശനവും തെളിയിക്കുന്നതാണ് ഈ വാക്കുകള്‍. എഴുത്ത് എത്രത്തോളം ദുര്‍ഘടം പിടിച്ച ഷിക്കാറാണെന്നും ഈ വാക്കുകള്‍ നമ്മെ ബോധ്യപ്പെടുത്തും.
പപ്പാ എന്ന ഓമനപേര് ഹെമിങ്വേ ഇഷ്ടപ്പെട്ടിരുന്നു. പരിചയത്തിലുള്ള പെണ്‍കിടാങ്ങളെയെല്ലാം 'മോളേ' എന്ന് വിളിക്കുന്നത് കൊണ്ടാണ് അദ്ദേഹത്തിന് ആ പേര് കിട്ടിയതെന്ന് ജീവചരിത്രകാരന്‍മാര്‍ പറയുന്നു. പ്രസിദ്ധ നടി മേരിലിന്‍ ഡിയട്രി താനാണ് ആ പേരിട്ടതെന്ന് സൂചിപ്പിച്ചിരുന്നു. മേരിലിന്‍ മാത്രമല്ല നേരത്തെ പറഞ്ഞത് പോലെ അദ്ദേഹത്തിന്റെ ജീവിതസത്രത്തില്‍ നിരവധി താമസക്കാരികള്‍ ഉണ്ടായിരുന്നു.
'മരണത്തിന്റെ ദിവസമാണ് മനുഷ്യന് ജനനത്തിന്റെ ദിവസത്തേക്കാള്‍ മനോഹരം', എം ടി വാസുദേവന്‍നായര്‍ ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കുന്ന ആ മനോഹരമായ ആപ്തവാക്യം- 'ഒരു മരണത്തിന് നാം ദൈവത്തോട് കടപ്പെട്ടിരിക്കുന്നു', തുടങ്ങി മൃത്യുവിനെ ആഴത്തിലറിഞ്ഞവന്റെ നിരവധി ആത്മഗതങ്ങള്‍ ഹെമിങ്വേയുടെ രചനാലോകത്തിലുണ്ട്. അതിനോടൊപ്പം തന്നെ വൈലോപ്പിള്ളി പാടിയത് പോലെ 'ഹാ! വിജിഗീഷു, മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപടം താഴ്ത്താന്‍' എന്ന മട്ടിലുള്ള വീരേതിഹാസങ്ങളുമുണ്ട്.
കിഴവനും കടലിലും എന്ന നോവലില്‍ 84 ദിവസം കരിംപട്ടിണി അനുഭവിച്ച് ഈ ദിവസം ഞാന്‍ വിജയം കാണും എന്ന് പറഞ്ഞ് ബോട്ട് കടലിലേക്കിറക്കുന്ന സാന്തിയാഗോവിനെ ഞാന്‍ നമിക്കുന്നു.ഒടുവില്‍ സ്രാവുകള്‍ കൊത്തി തീര്‍ത്ത മാര്‍ലിന്‍ മത്സ്യത്തിന്റെ അസ്ഥികൂടവുമായി കരയ്ക്ക് കയറി വീട്ടിലെത്തി അന്തിയുറങ്ങിയ സാന്തിയാഗോ സ്വപ്നം കണ്ടത് നല്ല എണ്ണം പറഞ്ഞ സിംഹങ്ങളെയാണ്.... അതായിരുന്നു ഹെമിങ്വേ എന്ന് പറയുന്നതിനോടൊപ്പം സിനിമാസ്റൈലില്‍ അതാവണമായിരുന്നു ഹെമിങ്വേ എന്ന് നാം ഇന്ന് ഓര്‍ക്കുന്നു...

No comments: