Saturday, December 3, 2011

'ഡേര്‍ട്ട്' അല്ലാത്ത 'ഡേര്‍ട്ടി പിക്ച്ചര്‍




'ഡേര്‍ട്ട്' അല്ലാത്ത 'ഡേര്‍ട്ടി പിക്ച്ചര്‍
'സില്‍ക്ക്' എന്ന് തന്നെ ജ്ഞാനസ്നാനം ചെയ്ത നിര്‍മാതാവിനോട് കൌതുകം നിറഞ്ഞ കണ്ണുകളോടെ രേഷ്മ പറഞ്ഞു-"ഞാന്‍ സില്‍ക്ക് ആണെങ്കില്‍, നിങ്ങള്‍ പുഴുവാണ്. പുഴുക്കളാണല്ലോ സില്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്നത്''. ഈ ഒറ്റ സംഭാഷണത്തില്‍ മിലന്‍ ലുത്ത്രിയയുടെ 'ഡേര്‍ട്ടി പിക്ച്ചര്‍' എന്ന സിനിമ അതിന്റെ ദര്‍ശനം ഒളിപ്പിച്ചിരിക്കുന്നു. അടക്കിപിടിച്ച കാമനകളുടെ ശവപ്പെട്ടികളില്‍ സദാചാരത്തിന്റെ ആണികളടിച്ച് കയറ്റി മനസ്സിന്റെ ഏറ്റവും ഇരുണ്ട മൂലകളില്‍ ഒളിപ്പിച്ച് വെച്ച നമ്മുടെ സമൂഹം തന്നെയാണ് തിളക്കമുള്ള, മാര്‍ദവമേറിയ 'സില്‍ക്ക്' എന്ന സാധനത്തെ ഉല്‍പ്പാദിപ്പിച്ചത്.
മിലന്‍ ലുത്ത്രിയയുടെ സിനിമ എന്നതിനേക്കാള്‍ 'ഡേര്‍ട്ടി പിക്ച്ചര്‍' തീര്‍ച്ചയായും വിദ്യാബാലന്‍ എന്ന നടിയുടെ സിനിമയാണ്. തുള്ളിതുളുമ്പുന്ന മാറിടകൌതുകത്തിനും ലിപ്സ്റ്റിക്കിനോടൊപ്പം ചുണ്ടില്‍ വരച്ച് ചേര്‍ച്ച ലൈംഗിക മുദ്രകളും കൊഴുത്ത ഉടലഴകും സമൃദ്ധമായി പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം പുരുഷ കേന്ദ്രീകൃതമായ സിനിമാകാര്‍ണിവെല്ലിലെ 'മാക്യവില്ലിയന്‍'തന്ത്രങ്ങള്‍ കാരണം ചിറകറ്റ് വീണ താരത്തിന്റെ വിഹ്വലതകളും വിദ്യ ത്രസിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
ഓടിട്ട വീട്ടിലെ ചുവരിനോട് ചേര്‍ത്ത് വെച്ച കോണിയില്‍ കയറി നിന്ന് കൊച്ചു രേഷ്മ 'നഗരകൌതുകങ്ങള്‍' കാണാന്‍ നടത്തുന്ന ശ്രമങ്ങളോടെയാണ് ചിത്രം തുടങ്ങുന്നത്. "ഇവിടെ താഴെ വീണാല്‍ നിന്നെ താങ്ങാന്‍ അമ്മയുണ്ട്. എന്നാല്‍ നഗരത്തിലെ ഉയരങ്ങളില്‍ നിന്ന് താഴെ വീണാല്‍ ആരാണ് നിന്നെ താങ്ങുക...?'' എന്ന അമ്മയുടെ പരിഭ്രമം കലര്‍ന്ന ചോദ്യം ചിത്രതാക്കോലായി മാറുന്നു. അമ്മയുടെ ചിറകിനടിയില്‍ നിന്ന് തന്നെ കാത്തിരിക്കുന ഉയരങ്ങളിലേക്ക് ഓടിയകന്ന രേഷ്മ സിനിമയുടെ നക്ഷത്ര വെളിച്ചത്തിലേക്ക് പാദമൂന്നുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ നിരയില്‍ സ്വന്തം ഊഴവും കാത്തുനില്‍ക്കുമ്പോള്‍ അസി.ഡയറക്ടറുടെ 'ഔട്ട്' എന്ന പ്രഖ്യാപനമാണ് മിക്കപ്പോഴും അവളെ സ്വപ്നങ്ങളില്‍ നിന്നും ഉണര്‍ത്താറുള്ളത്.
പട്ടിണി കിടന്ന് വലഞ്ഞ നാളുകള്‍, താരമാകാന്‍ എന്തും ചെയ്യാന്‍ തയാറാണെന്ന് സ്വയം പറഞ്ഞുറപ്പിച്ച മുഹൂര്‍ത്തങ്ങള്‍. അര്‍ദ്ധ നഗ്നയായി പുളയുന്ന ചാട്ടവാറും കൈയ്യിലേന്തി രതിമൂര്‍ച്ഛ അഭിനയിക്കാന്‍ ആളെ കിട്ടാതായപ്പോള്‍ രേഷ്മ ആ ദൌത്യം സധൈര്യം ഏറ്റെടുക്കുന്നു. കണ്ടു നില്‍ക്കുന്നവന്റെ ഞരമ്പുകളില്‍ തീപാറിക്കുന്ന പ്രകടനത്തോടെ അവള്‍ അത് അഭിനയിക്കുന്നു. എന്നാല്‍ അസി. ഡയറക്ടര്‍ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ സംവിധായകന്‍ അബ്രഹാം മുറിച്ചുമാറ്റുന്നു.'സിനിമയില്‍ ഒരു താരമേയുള്ളു. അത് സംവിധായകനാണെന്ന്' വിശ്വസിക്കുന്ന അബ്രഹാമും (ഇമ്രാന്‍ ഹാഷ്മി) രേഷ്മയും തമ്മിലുള്ള കുരിശു യുദ്ധത്തിന്റെ ആരംഭം ഇവിടെ നിന്നാണ്. എന്നാല്‍ അയാളുടെ പ്രകടമായ വെറുപ്പിന്റെ ആവരണത്തിനകത്ത് അവളോടുള്ള സ്നേഹത്തിന്റെ നിലാവുണ്ടെന്നതാണ് ഈ സിനിമയുടെ സൌന്ദര്യം വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകം.
ആദ്യ ദിനം 'നായ പോലും തിരിഞ്ഞു നോക്കാത്ത' അവസ്ഥ മറികടക്കാന്‍ സംവിധാകന്‍ മുറിച്ച് നീക്കിയ ഭാഗങ്ങള്‍ നിര്‍മാതാവ് സിനിമയില്‍ ചേര്‍ക്കുന്നു. അതി ശീഘ്രം കൊഴിയുന്ന ടിക്കറ്റുകളുടെ ചിത്രീകരണത്തോടെ രേഷ്മ താരമാകുന്നു. തുടര്‍ന്ന് ആ നിര്‍മ്മാതാവ് തന്നെ സ്മിത എന്ന് നാമകരണം ചെയ്ത് അവളെ സിനിമയില്‍ എത്തിക്കുന്നു.
ദക്ഷിണേന്ത്യന്‍ സിനിമയുടെ സിംഹാസനത്തില്‍ വാണരുളുന്ന സൂര്യകാന്തു (നസറുദ്ദീന്‍ ഷാ)മായിട്ടുള്ള സോങ്ങ് സ്വീക്വന്‍സ് ചിത്രീകരിക്കുമ്പോള്‍ മന:പൂര്‍വ്വം അയാള്‍ വരുത്തിയ ചില വീഴ്ച്ചകളെ തുടര്‍ന്ന് സില്‍ക്ക് അയാളുടെ മുന്നിലെത്തുന്നു. "പെണ്‍കുട്ടി നിന്നെ സഹായിച്ചത് കൊണ്ട് എനിക്ക് എന്താണ് നേട്ടം' എന്നാണ് വാര്‍ധക്യത്തില്‍ കാലൂന്നിയ സൂപ്പര്‍താരത്തിന്റെ ചോദ്യം. തന്റെ കൈയിലുള്ള സിഗരറ്റ് പാക്കറ്റിനെ ചുറ്റിയ പ്ളാസ്റ്റിക് കവര്‍ ചുരുട്ടിയെറിഞ്ഞ് "നീ ഈ സിനിമയില്‍ ഈ കവറിനെ പോലെയാണ്. ഒരാവശ്യവുമില്ലാത്ത ഒരു ഘടകം'' എന്ന് അയാള്‍ പറഞ്ഞപ്പോള്‍ ചെറു പുഞ്ചിരിയോടെ "ആ കവറില്ലായിരുന്നെങ്കില്‍ സാര്‍, ആ സിഗരറ്റുകള്‍ മഴയെ അതിജീവിക്കില്ലായിരുന്നു. ഒരു തീയ്ക്കും അതിനെ കത്തിക്കാന്‍ സാധിക്കില്ലായിരുന്നു അല്ലേ..?' എന്ന് ചോദിച്ച് അവള്‍ അയാളുടെ പുച്ഛത്തിന്റെ മുനയൊടിക്കുന്നു.
പിന്നീട് അയാളുടെ സിനിമകളെ "ടേക്ക്ഓഫ്'' ചെയ്യിക്കാനുള്ള സംവിധാനമായി സില്‍ക്കിന്റെ 'കുട്ടികുപ്പായ' പ്രകടനങ്ങള്‍.
നസറുദ്ദീന്‍ ഷാ തന്റെ വേഷം മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. "പെങ്ങള്‍, ബലാത്സംഗം, രക്തം'' എന്നീ മൂന്നുഘടകങ്ങളാണ് സിനിമയില്‍ വേണ്ടതെന്ന് സഹോദരനും തിരക്കഥാകൃത്തുമായ രമാകാന്തി(തുഷാര്‍ കപൂര്‍)നോട് പറയാന്‍ അയാള്‍ക്ക് ഉളുപ്പില്ല. അഴകിയ രാവണന്‍ മട്ടിലുള്ള അയാളുടെ വേഷഭൂഷാദികളും യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്ത അയാളുടെ ചിത്തഭ്രമഭാവനകളും കേട്ട് "സാര്‍, നിങ്ങള്‍ ഒരു ജീനിയസാണ്'' എന്ന് പറയുന്ന സ്തുതിപാഠകര്‍ ഉള്ളിടത്തോളം കാലം അയാള്‍ക്ക് ജീവിക്കാം (അതങ്ങനെ തന്നെ തുടരുകയും ചെയ്യും. സൂര്യകാന്ത് ആരുടെ പ്രതിരൂപമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലലോ).
കിടപ്പറസീനുകളില്‍ പളപളപ്പുള്ള കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും പുളഞ്ഞും ഭാവങ്ങള്‍ വരുത്തി സീല്‍ക്കാര ശബ്ദങ്ങളുണ്ടാക്കി ക്യാമറാമാനെയും സംവിധായകനെയും തൃപ്തിപ്പെടുത്തുന്നത് വരെ മരിച്ചഭിനയിക്കുന്ന നടിയുടെ ജീവിതവും 'ഡേര്‍ട്ടി പിക്ച്ചര്‍' വരഞ്ഞിടുന്നു. ഒരേ രംഗങ്ങള്‍ അവതരിപ്പിച്ച് മടുപ്പിന്റെ ചക്രവാളം കണ്ടതോടെ ഏകാന്തതയുടെ പിടിയില്‍ അകപ്പെടുന്ന ഈ നടിയുടെ ജീവിതമാണ് പിന്നീട് ചിത്രീകരിച്ചിട്ടുള്ളത്.
നിരന്തര മദ്യപാനത്തിലും പുകവലിയിലും അമര്‍ന്ന് ഉറക്കത്തിനുള്ള വഴികളന്വേഷിച്ച് ഉന്‍മാദാവസ്ഥയില്‍ വീഴുന്ന നടിയുടെ ദുരന്തവും പ്രേക്ഷകരെ അസ്വസ്ഥരാക്കും. അടിമുടി വിദ്യാബാലന്‍ മയമാണ് ഈ ചിത്രത്തില്‍. ചുമലുകളില്‍ സിനിമയുടെ മുഴുവന്‍ ഭാരവും താങ്ങുക മാത്രമല്ല 'ഡേര്‍ട്ടിപിക്ച്ചര്‍' എന്ന ചിത്രത്തെ ഉദാത്തമായ മറ്റൊരു തലത്തിലേക്ക് വളര്‍ത്താനും വിദ്യക്ക് സാധിച്ചിരിക്കുന്നു. ജീവിതാന്ത്യത്തിന് മുമ്പ് സില്‍ക്കിനോടുള്ള തന്റെ യഥാര്‍ത്ഥ വികാരം തിരിച്ചറിഞ്ഞ അബ്രഹാമിന്റെ സാമീപ്യം
മാത്രമായിരിക്കും അവര്‍ക്ക് ആശ്വാസം പകര്‍ന്നിരിക്കുക.
വിശാല്‍ ശേഖറിന്റെ സംഗീതം മനോഹരമാണ്. 'ഉലാല ഉലാല' എന്ന ഗാനം 80കളിലെ ബോളിവുഡിനെ ഓര്‍മ്മയിലെത്തിക്കും. 'ഇഷ്ക്ക് സൂഫിയാന' എന്ന ഗാനമാകട്ടെ ഉദാത്തമാണ്. 'ഒണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ' എന്ന ചിത്രത്തില്‍ തുടങ്ങിയ കാവ്യാത്മകമായ സംഭാഷണങ്ങള്‍ വഴി രജത് അറോറയും തിളങ്ങി.
അടിക്കുറിപ്പ്:
സിനിമയുടെ സഞ്ചാരവഴികളെ പൂര്‍ണ്ണമായും ബോധ്യപ്പെടുത്തുന്നതാണ് സിനിമാ നിരൂപകയായ ലൈലയുടെ ചെയ്തികള്‍. ഉള്ളു കൊണ്ട് സില്‍ക്കിനെ ആരാധിക്കുമ്പോഴും സദാചാരമൂല്യങ്ങള്‍ക്ക് ഓശാന പാടാന്‍ അവരെ അപഹസിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകളും ഗോസിപ്പുകളും വഴി കിണഞ്ഞ് പരിശ്രമിക്കുകയാണ് ലൈല. ഇവരുടെ ഓഫീസിന് പുറത്ത് മദ്യപിച്ച് സ്വന്തം കാറിന് മുകളില്‍ ഉന്‍മാദ നടനം നടത്തുന്ന സില്‍ക്കിനെ എല്ലാ ചാരുതയോടും കൂടി ഞാന്‍ ഇഷ്ടപ്പെട്ടു. വിദ്യയ്ക്ക് ഒരു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുകയും ചെയ്തു. അത് തന്നെയാണ് നമ്മള്‍ ഒക്കെ പറയുന്ന 'സോഫ്റ്റ് പോണ്‍' ഗണത്തില്‍ നിന്നും ഈ സിനിമയെ രക്ഷിച്ച് നിര്‍ത്തുന്ന ഘടകവും.

No comments: