
'അങ്ങാടി' സിനിമയില്‍ സുരേഖ കുളിക്കാന്‍ തയാറായി കടവത്ത് നില്‍ക്കുന്ന വേളയില്‍ തലയില്‍ കര്‍ചീഫ് കെട്ടിയ സുകുമാരന്‍ ആ വഴി പാസ് ചെയ്യുകയും ആ മനോഹര ദൃശ്യത്തില്‍ വ്യാമുഗ്ദനായി അവിടെ തങ്ങി നില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പടികളിറങ്ങി വന്ന സുകു സുരേഖയെ എണ്ണ തേപ്പിക്കുകയും തുടര്‍ന്ന് സംഭവിക്കേണ്ടതെല്ലാം സംഭവിക്കുകയും ചെയ്തു. നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ ക്യാമറ കുളത്തിലേക്ക് നോക്കുകയും പിന്നീട് ഓട്ടിറമ്പില്‍ നിന്ന് മഴത്തുള്ളികള്‍ ഇറ്റു വീഴുമ്പോള്‍ തിരിച്ചെത്തുകയും ചെയ്തു. മുഖ്യധാരാ സിനിമകളുടെ സവിശേഷതയാണ് ഇത്തരം പ്രതീതാത്മക ദൃശ്യങ്ങള്‍. ഐ വി ശശിയാണ് ബദല്‍ യാഥാര്‍ത്ഥ്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കെങ്കേമന്‍. 'ഉയരങ്ങള്‍' എന്ന സിനിമയില്‍ യുവാവായ എസ്റ്റേറ്റ് മാനേജര്‍ (മോഹന്‍ലാല്‍) മരിച്ചു പോയ കിഴവന്‍ മാനേജറുടെ ഭാര്യയെ (കാജല്‍കിരണ്‍) കിടക്കയിലെത്തിച്ച ശേഷം ചില ചില്ലറ പൊടികൈകള്‍ നടത്തുകയും ദൃശ്യം കട്ട് ചെയ്ത് വിറകുകള്‍ കത്തിയമരുന്ന ദൃശ്യത്തിലേക്ക് ഒട്ടിച്ചുചേര്‍ക്കുകയും ചെയ്തു. 'മൊണ്ടാഷ്' തുടങ്ങിയ സാങ്കേതിക സംജ്ഞാവലികള്‍ക്ക് പകരം 'ഒട്ടിച്ചുചേര്‍ക്കല്‍' എന്ന പദം പ്രയോഗിച്ചതിന് ഐസന്‍സ്റ്റീന്‍ പിതാവ് പൊറുക്കട്ടെ. ഉടയുന്ന കുപ്പിവളകള്‍, എരിഞ്ഞ് തീരുന്ന സിഗരറ്റ്, നുരഞ്ഞ് പതഞ്ഞ് പുറത്തേക്ക് തെറിക്കുന്ന ബിയര്‍, ആര്‍ത്തലച്ച് വീഴുന്ന വെള്ളച്ചാട്ടം, തേന്‍ നുകരുന്ന ചിത്രശലഭം, ചുവരില്‍ തറച്ച് വെച്ച ഇണകുരുവികളുടെ ചിത്രം....നീളുന്ന ഒട്ടിക്കല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ സിനിമയില്‍ നിന്ന് ഏതാണ്ട് പടിയിറങ്ങി പോയെന്ന് തന്നെ പറയാം.
കിടപ്പറ/റേപ്പ്/മഴനൃത്തം/ഐറ്റം തുടങ്ങിയവ വരുമ്പോള്‍ നമ്മള്‍ അത് കാണുന്നത് വേണ്ടപ്പെട്ടുന്നവര്‍ കാണുന്നുണ്ടെന്ന ജാള്യം മറയ്ക്കാനുള്ള പൊടികൈകളെ ഭാഗ്യരാജ് ഒരു സിനിമയില്‍ കാണിക്കുന്നുണ്ട്. ഉര്‍വ്വശിയും നായകനും തമ്മിലുള്ള ചൂടേറിയ ഒരു കിടപ്പറരംഗം വെള്ളിത്തിരയില്‍ കൊഴുക്കുമ്പോള്‍ വെള്ളമിറക്കി കൊണ്ട് ചുറ്റുംപാടും നോക്കുന്ന നായകന്‍ ഭാര്യയും കുട്ടികളും അത് കാണുണ്ടെന്ന് മനസിലാക്കി തന്റെ പക്കലുള്ള ചില്ലറ പൈസയോ താക്കോലോ നിലത്തിടുകയും കുടുംബത്തെ കൊണ്ട് രംഗം തീരുന്നത് വരെ തപ്പിക്കുകയും ചെയ്യുന്നുണ്ട്.
വില്ലന്‍ നായികയെ ഓടിച്ചിട്ട് പിടിച്ച് അവളെ കിടക്കയില്‍ കൊണ്ടിട്ട് ഇത്തരം ഒട്ടിക്കല്‍ ദൃശ്യത്തില്‍ രംഗമവസാനിച്ചാല്‍ കുട്ടികള്‍ പരസ്പരം, നെടുവീര്‍പ്പിട്ട്- "അവള്‍ നശിച്ചു...'' എന്ന് പറയും. പുഴയിലോ, റെയില്‍വേട്രാക്കിലോ കിടപ്പ് മുറിയിലോ അവളുടെ ജഡമേ പ്രതീക്ഷിക്കാവൂ എന്ന പ്രതീക്ഷ ഞങ്ങളുടെ ഉള്ളില്‍ വളരും. അതങ്ങനെയാണ്. അങ്ങനെയായേ പറ്റൂ.... എന്ന വിധാതാവിന്റെ വിധി കുട്ടിക്കാലത്തേ അംഗീകരിക്കാന്‍ പ്രചോദനം നല്‍കിയ ദൃശ്യങ്ങള്‍.
"നായിക നശിച്ചാല്‍ നായകന് അവളെ ഏറ്റെടുത്ത് കൂടേ...?'' എന്ന സംശയമൊന്നും ആര്‍ക്കുമില്ല. ഇനി അവളെ എന്ത് മണ്ണാങ്കട്ടയ്ക്ക് കൊള്ളും. എല്ലാം പോയില്ലേ...? കനപ്പെട്ട എന്തോ നിധി നായികയുടെ ശരീരത്തില്‍ നിന്ന് വില്ലന്‍ പറിച്ചെടുത്തുവെന്നും പ്രൊമിത്യൂസിന്റെ കൊത്തിയെടുക്കപ്പെട്ട കരള്‍ പോലെ അടുത്ത പുലരിയില്‍ വളര്‍ന്ന് വീണ്ടുമൊരു കൊത്തിയെടുക്കലിന് അത് പര്യാപ്തമാവില്ലെന്നും ആരും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല.ഒരിക്കല്‍ പോയാല്‍ 'അത്' പോയത് തന്നെ. കൈകുമ്പിളിലെ വെള്ളം ചോര്‍ന്ന് പോയാല്‍ പിന്നെ......സോളമന്‍ മാത്രമാണ് മറിച്ചൊരു ഓപ്ഷന്‍ മലയാളികള്‍ക്ക് കാണിച്ച് തന്നത്. രാത്രിയുടെ വന്യതയില്‍ ടാങ്കര്‍ലോറിയില്‍ കുതിച്ചെത്തി 'എല്ലാം പോയ' സോഫിയയെ കയറ്റി കൊണ്ടുപോയ മുന്തിരി തോപ്പുകളിലെ സോളമന്‍. പോള്‍ പൈലോക്കാരന്‍ എന്ന തവളവില്ലന് രണ്ട് പൂശു പൂശി പെണ്ണിനെയും കൊണ്ടു പോയ മഹാനുഭാവന്‍. മലയാളസിനിമയുടെ ചരിത്രത്തില്‍ സോളമന്‍ സ്ഥാനം പിടിച്ചതും അങ്ങനെയാണ്. നായികയെ നശിപ്പിച്ച നായകന്‍ കുപ്പി പൊട്ടിച്ച് അവന്റെ പണ്ടത്തില്‍ കയറ്റി ജയിലില്‍ പോകുന്ന സീനിലാണല്ലോ പണ്ടൊക്കെ സിനിമകള്‍ അവസാനിച്ചിരുന്നത്.
ഇപ്പോള്‍ സിനിമകളില്‍ റേപ്പുകള്‍ കുറവാണ്. ഇല്ലെന്ന് തന്നെ പറയാം. സിത്താരയുടെ 'അഗ്നി' എന്ന ചെറുകഥയിലാണ് ഞാന്‍ പേടിച്ചു പോയ ഒരു റേപ്പ് അടുത്ത കാലത്ത് വായിച്ചത്. സാനിറ്ററി നാപ്കിന്‍ പോലും പൊട്ടിച്ചെറിഞ്ഞ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ദൃശ്യം ഭയങ്കരം തന്നെ. ആളുകളെ പേടിപ്പിക്കുന്ന കഥകളേ എഴുതൂ എന്ന് ചില കഥാകാരികള്‍ വ്രതമെടുത്താല്‍ വായനക്കാര്‍ പനി പിടിച്ച് കിടപ്പിലായി പോകും.
മലയാളത്തിലെ ഏറ്റവും വലിയ റേപ്പ് സീന്‍ നടന്നത്-'ഒരിടത്തൊരു പോസ്റ്റ്മേന്‍' എന്ന നസീര്‍ ചിത്രത്തിലാണ്. വിജയശ്രീയെ ഓടിച്ചിട്ട് അക്ഷരാര്‍ത്ഥത്തില്‍ റേപ്പ് ചെയ്യാന്‍ ശ്രമിച്ച വില്ലനെ ഒടുവില്‍ വിധി പോലെ നസീറെത്തി തുരത്തിയോടിച്ചു. ചിലപ്പോള്‍ സാഹചര്യങ്ങള്‍ റേപ്പിന് കാരണമാവും. ഗര്‍ഭിണിയായ ഭാര്യ പ്രസവത്തിന് വീട്ടില്‍ പോയ കാലത്ത് ഉണ്ണിമേരിയെ പോലൊരു പാല്‍ക്കാരി മഴ നനഞ്ഞ് വന്നാല്‍ സോമനെ പോലൊരു നായകന്‍ എന്ത് ചെയ്യും...?. പാഥേയം, ഹിറ്റ്ലര്‍ തുടങ്ങിയ ചിത്രങ്ങളോടെ ഇത്തരം റേപ്പുകളുടെ കാലവും കഴിഞ്ഞെന്ന് പറയാം. "പെണ്ണുങ്ങളെ വഴി നടക്കാന്‍ സമ്മതിക്കാത്ത അലവലാതി ഷാജീീീ'' മാരും പടിയിറങ്ങി. പൊതുവേ രംഗം ശാന്തം. ഉഷാര്‍...
കുറിപ്പ്: ചാപ്പാകുരിശ് എന്ന സിനിമ ഉത്തരാധുനിക സിനിമയാണെന്ന് ചിലര്‍ വിലയിരുത്തിയത് ഫഹദ് ഫാസിലും രമ്യാനമ്പീശനും തമ്മില്‍ നടത്തിയ ലിപ് ടു ലിപ് കിസ് ഘടകം നോക്കിയാണ്. അങ്ങനെയെങ്കില്‍ ബാലനും ജനാര്‍ദ്ദനനും ജോസ്പ്രകാശും കെ പി ഉമ്മറും നടമാടിയ കാലം പോസ്റ്റ് പോസ്റ്റ് മോഡേണ്‍ അല്ലേ???
No comments:
Post a Comment