Thursday, January 12, 2012


വെള്ളപൂച്ചയും ലൈന്‍വീടുകളും.....
പണ്ട് നാം സ്നേഹിച്ചവരകന്നോ, മൃതിപ്പെട്ടോ-
വന്‍ പകയോടെ ചേരി മാറിയോ പൊയ്പോകുന്നു. 
(വൈലോപ്പിള്ളി) 


"നിങ്ങള്‍ മാറി നിന്നേ മോഹനന്‍ ചേട്ടാ...ഇന്ന് ഞാന്‍ ഈ നായിന്റെ  മോനെ കൊല്ലും''. ജഡം പോലെ നില്‍ക്കുന്ന ഗംഗാധരന്‍ ചേട്ടന്റെ നേരെ കുതിക്കാനൊരുങ്ങുകയാണ് അമ്മുവിന്റെ അച്ഛന്‍. സത്യത്തില്‍ എനിക്ക് ഒന്നും മനസിലായില്ല. ലൈന്‍ വീടുകളുടെ ഉമ്മറത്ത് ധാരാളം പേര്‍ കൂടി നില്‍പ്പുണ്ട്. എല്ലാവരുടെയും മുഖത്ത് ആശങ്കയുണ്ട്. ഗംഗാധരന്‍ ചേട്ടന്റെ ഭാര്യയും അമ്മുവിന്റെ അമ്മയും കരയുന്നുണ്ട്. അമ്മുവിന്റെ അച്ഛനെ ഒരുവിധം സമാധാനിപ്പിച്ച് തിണ്ണയില്‍ കൊണ്ടു പോയി ഇരുത്തി. ആശ്വാസവചനങ്ങള്‍ എന്തൊക്കെയൊ കാതില്‍ പറഞ്ഞാണ് അയാളെ ഒതുക്കിയത്. ആരോ കൊണ്ടുവന്ന ഒരു മൊന്ത വെള്ളം വായിലേക്ക് പകര്‍ന്ന് അയാള്‍ തലയ്ക്ക് കൈയ്യും കൊടുത്ത് ഇരിപ്പായി. ഒരു കൈലി മാത്രമുടുത്ത ഗംഗാധരന്‍ ചേട്ടന്‍ തറഞ്ഞു പോയ മട്ടില്‍ അവിടെ തന്നെ നില്‍പ്പാണ്. എല്ലാവരും വെറുതെ നില്‍ക്കുകയാണെങ്കിലും അദൃശ്യമായ ഏതോ  മുറിവ് അവരുടെ ഉള്ളിലെല്ലാം തുറന്നിരിക്കുന്നുണ്ടെന്നും മുറികണ്ണിലൂടെ ചോര ഒഴുകുന്നുണ്ടെന്നും തോന്നി. എന്റെ കണ്ണുകള്‍ അമ്മുവിനെ തെരഞ്ഞു. തിണ്ണയുടെ ഏറ്റവും അറ്റത്ത് ഒരു പെറ്റികോട്ടിട്ട് കൌതുകം നിറഞ്ഞ കണ്ണുകളോടെ എല്ലാം നോക്കി നില്‍പ്പുണ്ടവള്‍. താന്‍ മൂലമാണ് ഈ പുകിലത്രയും ഉണ്ടാവുന്നതെന്ന് തോന്നിപ്പിക്കുന്ന ഒന്നും അവളുടെ നോട്ടത്തിലോ ഭാവത്തിലോ ഇല്ല. 
'മൊട്ടച്ചി' എന്ന് ഉറക്കെവിളിച്ച് അവളെ ദേഷ്യം പിടിപ്പിക്കുന്നത് ഞങ്ങളുടെ പ്രധാന വിനോദമായിരുന്നു. പത്ത്-പന്ത്രണ്ട് വയസ് കാണും അവള്‍ക്ക്. കാതില്‍ രണ്ട് സ്വര്‍ണ്ണ മൊട്ടുകള്‍. കാണാന്‍ അത്ര ചേലൊന്നുമില്ല. ഗംഗാധരന്‍ ചേട്ടന്‍ കയറി വാതിലടച്ചു. പിന്നെയും കുറെ നേരം കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി പോവുകയും ഇരുട്ട് വീണപ്പോള്‍ ഒരു മിനി ലോറി മുറ്റത്ത് വന്ന് നില്‍ക്കുകയും ചെയ്തു. അവര്‍ വീട് മാറാനുള്ള നീക്കം തുടങ്ങി. തല്‍ക്കാലം ഓമന ചേച്ചിയുടെ വീട്ടിലേക്കും അത് കഴിഞ്ഞ് പുതിയ വീട് തപ്പി കണ്ടു പിടിച്ച് അങ്ങോട്ടും നീങ്ങാനാണ് പദ്ധതി. ഒന്നു രണ്ട് മണിക്കൂര്‍ കൊണ്ട് സാധനങ്ങളെല്ലാം പെറുക്കികെട്ടി ഗംഗാധരന്‍, ഭാര്യ ഓമന, മകന്‍ ഏഴാം ക്ളാസുകാരന്‍ ചന്തു എന്നിവര്‍ കൂടുമാറി. ലൈന്‍ വീടുകളില്‍ ഇത്തരം കൂടുമാറലുകള്‍ സ്വാഭാവികമാണ്. വാടകചീട്ടിന്റെ കാലം കഴിയുമ്പോള്‍ തനിക്ക് പിടിച്ച ആളല്ലെങ്കില്‍ ഹാജിയാര്‍ വീട് കാലിയാക്കാന്‍ പറയും. ശമ്പളത്തിനൊപ്പിച്ച് ഒരു ഇടം കണ്ടെത്തിയാല്‍ മുറ്റത്ത് വന്ന് നില്‍ക്കുന്ന മിനി ലോറിയില്‍ സാധനങ്ങള്‍ കുത്തിനിറച്ച് തൊട്ട് പിന്നാലെ ഒരു ജീപ്പിലോ കാറിലോ കുടുംബം അങ്ങോട്ടു നീങ്ങും. പക്ഷേ രണ്ടും മൂന്നും വര്‍ഷം താമസിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കണ്ടിട്ടുള്ള ഔപചാരികമായ യാത്രപറച്ചിലുകളോ പുതിയ വീട്ടിലേക്കുള്ള ക്ഷണങ്ങളോ ഗംഗാധരന്‍ചേട്ടന്‍ വീട് മാറിയപ്പോള്‍ ഉണ്ടായില്ല. വാക്കേറ്റവും തമ്മില്‍ തല്ലും ലൈന്‍ വീടുകളില്‍ പതിവാണ്. പക്ഷേ, അത്തരത്തില്‍ ഉള്ള കല്ലുകടികള്‍ മണിക്കൂറുകള്‍ കൊണ്ടോ ദിവസങ്ങള്‍ കൊണ്ടോ ഏറിയാല്‍ ആഴ്ച്ചകള്‍ കൊണ്ടോ പഴയ മട്ടിലാവുകയും ചെയ്യും. നേഴ്സായ ഓമനചേച്ചി വീട്ടിലില്ലാത്ത സമയത്ത്, ചന്തു സ്കൂളില്‍ പോയ സമയത്ത്, ഗംഗാധരന്‍ ചേട്ടന്‍ വീട്ടില്‍ തനിച്ചുള്ള സമയത്ത്, സ്കൂളില്‍ പോവാത്ത അമ്മു ഓമനചേച്ചിയുടെ വീട്ടിലേക്ക് പോയ സമയത്ത് ഉണ്ടായ എന്തോ സംഭവമാണ് ഇത്രയും വലിയ പൊട്ടിത്തെറിയിലേക്ക് വഴിമരുന്നിട്ടതെന്ന് കൂടി നിന്നവരുടെ അടക്കംപറച്ചിലുകള്‍ക്ക് ചെവിയോര്‍ത്തും,അമ്മയും അയല്‍വീട്ടിലെ ചേച്ചിമാരും തമ്മിലുള്ള ചര്‍ച്ചകള്‍ ഒളിച്ച് നിന്ന് കേട്ടും ഞാന്‍ മനസിലാക്കി. 
"നിങ്ങള്‍ മാറി നിന്നേ മോഹനന്‍ ചേട്ടാ...ഇന്ന് ഞാന്‍ ഈ നായിന്റെ  മോനെ കൊല്ലും''- എന്ന വാക്കുകള്‍ എന്റെ ഉള്ളില്‍ മുഴങ്ങി. അച്ഛനും മറ്റുള്ളവരും പിടിച്ച് നിര്‍ത്തിയില്ലെങ്കില്‍ അയാള്‍ അത് ചെയ്തേക്കുമെന്ന് എനിക്കപ്പോള്‍ തോന്നി. കൊടുങ്കാറ്റിന്റെ ബലമുണ്ടായിരുന്നു അപ്പോള്‍ അയാള്‍ക്ക്...
വീട് മാറി പോയവര്‍ പണ്ടും വേദനിപ്പിച്ചിട്ടുണ്ട്. ഫാത്തിമ ചേച്ചിയുടെയും ഭര്‍ത്താവ് അക്ബറിന്റെയും പോക്കും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. കാതില്‍ സ്വര്‍ണ്ണവളയങ്ങളിട്ട, നല്ല ചന്തമുള്ള സാരികളുടുക്കുന്ന, സുന്ദരിയായ ഫാത്തിമയെ കുറിച്ച് എന്നെ എടുത്ത് ഉമ്മ വെക്കുമ്പോള്‍ കുത്തുന്ന മീശയുള്ള അക്ബറിന് എപ്പോഴാണ് സന്ദേഹമുദിച്ചത്....?. കല്യാണം കഴിഞ്ഞ് വര്‍ഷമേറെയായെങ്കിലും അവര്‍ക്ക് ഒരു കുഞ്ഞിക്കാല്‍ (?) കാണാന്‍ യോഗമുണ്ടായില്ല. അക്ബറിന്റെ കുഴപ്പമാണെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയപ്പോള്‍ അത് മറച്ച് വെച്ച് ഫാത്തിമയ്ക്കാണ് പ്രശ്നമെന്ന് അക്ബര്‍ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞു. പുറമേക്ക് കുഴപ്പങ്ങളൊന്നും കണ്ടില്ലെങ്കിലും അവരുടെ ഉള്ളില്‍ പരസ്പര വിദ്വേഷത്തിന്റെ കനലെരിയുന്നുണ്ടായിരുന്നു. തന്നോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഫാത്തിമ മറ്റുള്ളവരുമായി ചില ഏര്‍പ്പാടുകള്‍ തുടങ്ങിയിട്ടുണ്ടെന്നായി അക്ബറിന്റെ പക്ഷം. രാത്രികാലങ്ങളില്‍ ചുവരുകള്‍ക്കപ്പുറത്ത് നിന്നും ശകാരങ്ങളും പൊട്ടികരച്ചിലുകളും പതിവായി. ഒടുവില്‍ അവര്‍ ഇരുവരും വീട് മാറി പോയി. അവര്‍ പിന്നീട് വേര്‍ പിരിഞ്ഞോ എന്ന കാര്യമൊന്നും എനിക്കറിയില്ല. 
വഴക്കുകള്‍ ചിലപ്പോള്‍ കൈയ്യാങ്കളിയിലേക്ക് നീങ്ങുന്നതിന് സാക്ഷിയായിട്ടുണ്ട്. റെയില്‍വേ ജീവനക്കാരനായ മുത്തുരാമന്റെ പത്നി രാധാലക്ഷ്മിയെ പറ്റി പാല്‍ക്കാരി പത്മാക്ഷി ഏതോ വീട്ടുകാരിയോട് പറഞ്ഞ നിര്‍ദോഷമായ കമന്റ്, ഇരുവരും തമ്മിലുള്ള ഗംഭീര സംഘട്ടത്തിന് വഴിയൊരുക്കി. തടിച്ചിയായ രാധാലക്ഷ്മിപത്മാക്ഷിയുടെ മെലിഞ്ഞ കഴുത്തില്‍ പിടിച്ച് അടുത്തുള്ള ചുവരോട്  ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ നിരങ്ങി നിലത്തേക്കിരുന്ന് ഒരു ഓടിന്‍ കഷ്ണമെടുത്ത പത്മാക്ഷിയേയും, രാധാലക്ഷ്മിയുടെ ശിരസില്‍ നിന്ന് ചോര ഫൌണ്ടെയ്ന്‍ പോലെ തെറിക്കുന്നതും, അവര്‍ നിലത്തേക്ക് വീഴുന്നതും ഞാന്‍ കണ്ടു. നാട്ടുകാര്‍ അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. കുറച്ച് കഴിഞ്ഞ് പൊലീസുകാരെത്തി പത്മാക്ഷിയേയും കൊണ്ടുപോയി. 
ലൈന്‍ വീട്ടില്‍ നിന്നാണ് ഞാന്‍ ആദ്യമായി കല്യാണം കഴിക്കുന്നത്. ഞങ്ങളുടെ മൂന്ന് വീട് അപ്പുറത്തുള്ള മുസ്ളീം കുടുംബത്തിലെ സാബിദ ചേച്ചിയാണ് എന്റെ ഭാര്യയാണെന്ന് ഔദ്യേഗികമായി പ്രഖ്യാപനം നടത്തിയത്. സുന്ദരിയായ സാബിദ ചേച്ചി "ഞാനെ നിന്റെ കെട്ടിയോളാണേ...'' എന്ന് പറയുമ്പോള്‍ മൂന്നാം ക്ളാസുകാരന്റെ മുഖത്ത് വിടരുന്ന ലജ്ജ കാണുന്നതിലുള്ള തമാശയായിരുന്നു അതിന് പിന്നില്‍. "അപ്പോള്‍...താജിക്കയോ...?''. ഗള്‍ഫിലുള്ള സാബിദാത്തയുടെ ഭര്‍ത്താവ് താജുദ്ദീനെ ഉദ്ദേശിച്ച് ഞാന്‍ ചോദിക്കും. "അയ്യേ...അന്നെ കണ്ടതും ഞാന്‍ ഓരെ വിട്ടില്ലേ...''- എന്ന മറുപടി കൂടി കേള്‍ക്കുമ്പോള്‍ ഞാന്‍ നാണിച്ച് ചത്ത് പോകും. കാരണം ഒരു വെള്ള പൂച്ചയെ പോലെ സുന്ദരിയായിരുന്നല്ലോ സാബിദാത്ത...

No comments: