Monday, January 9, 2012

ബൂളിയന്‍ ആള്‍ജിബ്രയും കൊഴിഞ്ഞ ഇലകളും....

"ഇപ്പോള്‍ എത്ര ഇല കൊഴിഞ്ഞു അഖിലേ...?''- കണക്ക് സാറിന്റെ ചോദ്യം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. പ്ളസ്ടു ക്ളാസില്‍ ബൂളിയന്‍ ആള്‍ജിബ്ര പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. ബോര്‍ഡില്‍ എന്തോ എഴുതാനോ വരക്കാനോ അങ്ങോര്‍ തിരിഞ്ഞ മാത്രയില്‍ സ്വപ്നസഞ്ചാരിയായതാണ് ഞാന്‍. പുള്ളിയുടെ നേരത്തെ പറഞ്ഞ ചോദ്യം കഴിഞ്ഞതും പിള്ളേരൊക്കെ ചിരി തുടങ്ങി. ജനലുകളള്‍ക്കിടയിലൂടെ നോക്കിയാല്‍ കാണുന്ന, ബില്‍ഡിങ്ങ് ബ്ളോക്കിന്റെ രണ്ടാം നില വരെ മാത്രം ഉയരത്തില്‍ വളര്‍ന്ന കൊച്ചുമരത്തിലെ മഞ്ഞയിലകള്‍ പൊഴിയുന്ന കാലമാണല്ലോ അത്. ഒരോ ഇലകള്‍ക്കും ഞാന്‍ കൃത്യമായി കണക്കെടുക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇലകള്‍ക്കും അപ്പുറത്ത് നീലാകാശത്തിലായിരുന്നു പക്ഷേ എന്റെ കണ്ണുകള്‍. സത്യത്തില്‍ ഞാന്‍ ടി വി കൊച്ചുബാവയുടെ 'വൃദ്ധസദനം' എന്ന നോവല്‍ വായിച്ചതിന്റെ ഹാങ്ങ്ഓവറിലായിരുന്നു. പിറ്റേ ദിവസം കണക്ക് പേപ്പര്‍ കൊണ്ടു വരുമ്പോള്‍ മാഷ് എന്നെ നോക്കി ഗൂഡമായി പുഞ്ചിരിച്ചു. ഒരോരുത്തരുടെയും പേര് വിളിച്ച് പേപ്പര്‍ കൊടുത്ത് അത്യാവശ്യം മാര്‍ക്കുള്ളവര്‍ക്ക് ഉപദേശവും അതില്ലാത്തവര്‍ക്ക് പുറത്ത് കൈ വീശി ഒരു മേടും കൊടുക്കുകയാണ് പതിവ്. ഒടുവില്‍ എന്റെ പേരും വിളിച്ചു. തോല്‍ക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കാരണം പഠിപ്പിച്ചതൊന്നും എനിക്ക് മനസിലായില്ല. പരീക്ഷ എഴുതിയതും എനിക്ക് മനസിലായില്ല. പക്ഷേ മാര്‍ക്ക് കിട്ടുമ്പോള്‍ തോല്‍ക്കുമെന്ന കാര്യത്തില്‍ 916 ഉറപ്പുണ്ടായിരുന്നു. എന്നെ മുന്നില്‍ വിളിച്ച് നിര്‍ത്തി പതുക്കെ തോളില്‍ വിരലുകളമര്‍ത്തി 'ദശരഥം' സിനിമയില്‍ മോഹന്‍ലാല്‍ സുകുമാരിയോട് ചോദിക്കുന്ന "ആനി കുഞ്ഞിനെ സ്നേഹിക്കുന്നത് പോലെ മാഗിയ്ക്ക് എന്നെ സ്നേഹിച്ചു കൂടേ...?'' മട്ടില്‍ "അഖില്‍ ഇപ്പോള്‍ ഏത് പുസ്തകമാ വായിക്കുന്നത്...?'' എന്ന് മൃദുവായി ചോദിച്ചു. തല കറങ്ങുന്നതിനിടയില്‍ സംയമനം പാലിച്ച് ഞാന്‍- "വൃദ്ധസദനം'' എന്ന് പറഞ്ഞതും അദ്ദേഹം പൊട്ടിച്ചിരിച്ചു. "എടാ നീ ഈ പ്രായത്തിലേ വൃദ്ധ സദനത്തിലേക്കുള്ള പാതയിലാണോ...?'' എന്ന് പറഞ്ഞ് പരീക്ഷാപേപ്പര്‍ നവജാതശിശുവിനെ പോലെ അദ്ദേഹം എന്റെ കൈയിലേക്ക് വെച്ചു തന്നു. ഒറ്റഅക്കത്തിന്റെ ചുവന്നലാളിത്യത്തില്‍ നിറഞ്ഞ മനസോടെ തിരിച്ചെത്തി ഞാന്‍ ബെഞ്ചിലമര്‍ന്ന് ഇരുന്നു.
പ്ളസ്വണ്‍, പ്ളസ്ടു ക്ളാസുകളിലെ കണക്ക് പഠനം പോലൊരു നരകയാതന ഞാന്‍ ഇന്നോളം വേറെ അനുഭവിച്ചിട്ടില്ല. ഹ്യുമാനിറ്റീസിന്റെ പറുദീസയിലോട്ട് വീട്ടുകാര്‍ കെട്ടിയ വേലി കാരണം പ്രവേശിക്കാന്‍ കഴിയാതെ ഞാന്‍ സയന്‍സ് ബാച്ചിലെത്തിയതായിരുന്നു. ഫോര്‍മാലിന്‍ മണം നട്ടംതിരിക്കുന്ന ബോട്ടണി ലാബും, മുറിച്ചു കൊലപ്പെടുത്തിയ കൂറകളെ രണ്ടാം നിലയില്‍ സുവോളജി ലാബിന്റെ മുന്നില്‍ നിന്ന് താഴേക്കിട്ട് 'കൊല്ലാകൊല്ല' ചെയ്യുന്ന പരീക്ഷണയജ്ഞവും, ഒരു കാലത്തും എനിക്ക് ഗത്യന്തരം തന്നിട്ടില്ലാത്ത ബീജ സമവാക്യങ്ങളും, പിപ്പെറ്റിലൂടെ (പിപ്പെറ്റോ ബ്യൂററ്റോ ആവോ...) വലിച്ചെടുത്ത രാസലായിനിയുടെ അമ്ളരുചിയും ഒത്തൊരുമിച്ച് ഒരാളെ അയാളല്ലതാക്കി മാറ്റുന്ന- മാര്‍ക്സിന്റെ ഭാഷയില്‍- 'അന്യവല്‍ക്കരണം'- കൊണ്ട് പൊറുതിമുട്ടിയ കാലഘട്ടം. നേരത്തെ പറഞ്ഞ മരവും ആകാശവും കുറച്ച് പുസ്തകങ്ങള്‍ മാത്രമുള്ള സ്കൂള്‍ ലൈബ്രറിയും സുന്ദരി കൊച്ചുങ്ങളുടെ കാതിലെ കമ്മലുകളുടെ പ്രകാശവും മാത്രമായിരുന്നു നേര്‍വരയിലേക്ക് മനസിനെ എത്തിക്കാന്‍ സഹായിച്ച ചില ശീലങ്ങള്‍.
പാണ്ഡു മരിച്ചതിന് ശേഷം ഹസ്തിനപുരിയിലേക്ക് മടങ്ങിയെത്തുന്ന കുന്തിയുടെയും മക്കളുടെയും വീക്ഷണകോണില്‍ നിന്ന് 'രണ്ടാമൂഴത്തിന് (എംടി ഈ ആത്മാവിനോട് 'സദയം' പൊറുക്കട്ടെ) ഒരു തിരക്കഥയെഴുതാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ ഡിഫനറന്‍സിയേഷനും ഇന്റഗ്രേഷനും ക്ളാസില്‍ പൊടിപൊടിക്കുകയായിരുന്നു. അച്ഛന്‍ മരിച്ചതിന്റെ ഗൌരവം തിരിയാത്ത അര്‍ജുനന്‍ നിര്‍ത്തിയിട്ട രഥങ്ങള്‍ക്കിടയിലൂടെ ഓടികളിക്കുന്ന ദൃശ്യം മനസില്‍ ഓടികളിക്കുമ്പോള്‍ 'കെമിക്കല്‍ ബോണ്ടിങ്ങ്' സൂപ്പര്‍ഫാസ്റ്റ് ക്ളാസിലൂടെ കുതിച്ച് പായുകയാവും.
ലൈബ്രറിയില്‍ മാത്രമായിരുന്നു ആത്മശാന്തി. രാവിലെ നേരത്തെയും ഉച്ചയ്ക്ക് ഊണ്‍ കഴിച്ചതിന് ശേഷവും വൈകിട്ട് ക്ളാസുകള്‍ കഴിഞ്ഞതിന് ശേഷവും ലൈബ്രറിയില്‍ തന്നെ ഞാന്‍ മുട്ടുകുത്തി. "വായിക്കാറുണ്ടോ...?''എന്ന ചോദ്യത്തിന് ശേഷം, "ആനന്ദിന്റെ ആള്‍ക്കൂട്ടം വായിച്ചിട്ടുണ്ടോ..?'' എന്ന് ചോദിക്കുകയും ഉവ്വെന്ന് തലയാട്ടിയപ്പോള്‍ ഇരിക്കാന്‍ കസേര വലിച്ചിടുകയും ചെയ്ത സംസ്കൃതം അദ്ധ്യാപകനായിരുന്നു ആത്മാര്‍ത്ഥ സുഹൃത്ത്. ഹ്യുമാനിറ്റീസ് വിഭാഗത്തിലെ അദ്ധ്യാപകന്‍, മലയാളം ടീച്ചര്‍ ഇവരെല്ലാം ഒത്തൊരുമിച്ച് നേതൃത്വം നല്‍കിയിരുന്ന ഒരു സ്കൂള്‍ ന്യൂസ് പേപ്പര്‍...ജീവിതം മുന്നോട്ടു നീക്കാന്‍ ഞാന്‍ കണ്ടെത്തിയ ചില്ലറ മാര്‍ഗങ്ങളായിരുന്നു ഇവയൊക്കെ....
കണക്ക് പഠിപ്പിച്ചിരുന്നവരെല്ലാം കാണിച്ച സഹാനുഭൂതിയും അതിരറ്റതായിരുന്നു. അവസരമുള്ളപ്പോഴൊക്കെ ചില പൊതുവേദികളില്‍ സംസാരിക്കാന്‍ അവര്‍ അവസരം തന്നു. പിടിഎ മീറ്റിങ്ങുകളില്‍ കുതിച്ചെത്തിയ അമ്മപീരങ്കിയെ സാഹിത്യത്തിലാണ് അവന് കമ്പമെന്നും അതത്ര മോശമല്ലെന്നും  പറഞ്ഞ് വെള്ളമൊഴിച്ച് കെടുത്താനും അവരില്‍ ചിലര്‍ മുന്നിട്ടിറങ്ങി. അവരുടെ സ്നേഹത്തിന് വാക്രൂപം കൊടുക്കാന്‍ മാത്രം മുന്നേറിയില്ലെങ്കിലും വെറുതെ ഇരിക്കുമ്പോള്‍ മനസില്‍ നിറയുന്ന അവരുടെ മുഖങ്ങളാണ് ഈ കുറിപ്പെന്നെ കൊണ്ടെഴുത്തിച്ചതെന്ന ജാമ്യത്തോടെ....

ചില രാത്രികളില്‍- കണക്ക് പരീക്ഷയില്‍ നട്ടം തിരിഞ്ഞ് ശ്വാസം പോലും കിട്ടാതെ ഉഴറിയ എന്നെ സ്വപ്നം കാണുന്നു. വരാന്തയിലൂടെ നടന്നു നീങ്ങവേ എക്സാം മുറിക്കുള്ളിലേക്ക് കണ്ണോടിച്ച് നടന്നു നീങ്ങിയ സാറിന് എങ്ങനെ കടപ്പാടറിയിക്കണം....?. കാരണം ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു. നോട്ടത്തില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് തൊട്ടടുത്തിരുന്നവന്റെ ഒന്നാം പേജ് പിടിച്ച് വാങ്ങി, ആദ്യ പത്ത് ചോദ്യങ്ങളുടെ ഉത്തരം പകര്‍ത്തിയാണ് സപ്ളി എന്ന കയര്‍കുരുക്കില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുങ്ങുന്നു. കണ്ണുകള്‍ തുറന്നപ്പോള്‍ കൊതുക് വലയും തലയ്ക്കുമുകളിലെ പുസ്തകങ്ങളും കാണുന്നു. ഭാഗ്യം തടിച്ച മാക്സ് ടെസ്റ്റ് ബുക്കല്ല.... ഏതോ നോവലാണത്. ഒരു നദിയിലും രണ്ടാമതിറങ്ങേണ്ട ഗതികേട് ഒരു ജീവിക്കുമില്ലെന്ന് മന്ത്രിച്ച് ഞാന്‍ ഉറങ്ങുന്നു.

No comments: