Tuesday, January 24, 2012


ഇത്രയും മാത്രം.....
അഴീക്കോട് മാഷ് ക്ഷീണിതനായിരുന്നു. വേദിയിലേക്ക് നടന്നുകയറാനും കസേരയില്‍ ഇരിക്കാനും കൂടുതല്‍ സമയമെടുത്തു. വിയര്‍ത്ത് കുളിച്ച് ട്യൂബ്ലൈറ്റിന്റെ പാല്‍നിലാവില്‍ സദസിനെ നോക്കി അല്‍പ്പനേരമിരുന്നു. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സംഘാടകരില്‍ ചിലര്‍ വേദിയിലെത്തി കസേരയോട് ചേര്‍ന്ന് നിന്ന് എന്തെല്ലാമോ പറയുന്നു. ചിലരൊക്കെ പരിചയം പുതുക്കാന്‍ അടുത്തെത്തി. അദ്ദേഹം എല്ലാവരെയും തിരിച്ചറിഞ്ഞോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പക്ഷേ സംശയലേശമില്ലാതെ എല്ലാവര്‍ക്കും പുഞ്ചിരി വാരിവിതറാന്‍ മടിച്ചില്ല. സമസ്ത കേരള സാഹിത്യപരിഷത്തിന്റെ മലയാളവാരാചരണം ഉദ്ഘാടനം ചെയ്യാന്‍ നവംബറില്‍ ഏറ്റിരുന്നെങ്കിലും രോഗപീഡകള്‍ യാത്ര അനുവദിച്ചില്ല. എറണാകുളത്തപ്പന്‍ മൈതാനത്ത് അദ്ദേഹം എത്തുമോയെന്ന കാര്യത്തില്‍ സന്ദേഹമുണ്ടായിരുന്നു. പക്ഷേ പറഞ്ഞതിലും പതിനഞ്ച് മിനിറ്റോളം വൈകി പരിചിതമായ കാര്‍ ഒഴുകിയെത്തി. വെള്ളയില്‍ പൊതിഞ്ഞ ശുഷ്കരൂപം വേദിയിലേക്ക് നടന്നടുത്ത്. എല്ലാ സൂര്യനും ചുറ്റുമുണ്ടാകാറുള്ള ഉപഗ്രഹവലയം അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്നു. 
"വായനയുടെയും ചിന്തയുടെയും ലോകത്ത് നാം വലിയ അസ്തമനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്'' സുകുമാറിന്റെ പ്രഭാഷണം ആരംഭിച്ചു. പതിഞ്ഞ ജ്വാലയായി കൊളുത്തപ്പെട്ട് അത് ആളികയറുമെന്ന് എല്ലാവരെയും പോലെ പ്രതീക്ഷിച്ചു. വിവാദങ്ങള്‍ കുറിക്കാന്‍ നോട്ട്പാഡില്‍ പേനത്തുമ്പൊട്ടിച്ച് ഇരുന്നു. ഒരോ വാക്കിന് ശേഷവും സ്വഭാവികമായ വിറയല്‍. ആ വിറയല്‍ അടുത്ത വാക്കിലേക്കുള്ള വിജാഗിരിയാകും. വാക്കുകളുടെ വാതിലുകളെല്ലാം കൂടി ചേരുന്ന വലിയ വാതില്‍ ആണ് മാഷിന്റെ പ്രഭാഷണമെന്ന് തോന്നാറുണ്ട്. ഒന്ന്-ഒന്നര മണിക്കൂര്‍ ചേതന പിടിച്ചിരുത്താനുള്ള അദ്ദേഹത്തിന്റെ പാടവം അതുല്യമായിരുന്നു. അതാ...വാചകങ്ങള്‍ പലതും പകുതിയില്‍ കാലിടറി വീഴുന്നു. ക്ഷണിക്കപ്പെടാത്ത അതിഥികളെ പോലെ ചുമകള്‍ ആ ചുമലുകളെ വിറപ്പിക്കുന്നു. ഒന്നു രണ്ടു വട്ടം വെള്ളം കുടിച്ച് ആത്മതാളം കണ്ടെത്താനുള്ള ശ്രമമാണ് പിന്നീട്. വിയര്‍ത്ത് കുളിച്ച് സദസിലേക്ക് നോക്കി അദ്ദേഹം നിന്നു. "ഇപ്പോഴത്തെ കുട്ടികള്‍ക്ക് വായന കുറവാണ്. 25 വയസില്‍ ഞാനൊക്കെ എന്തൊക്കെ പുസ്തകങ്ങളാണ് വായിച്ചിരുന്നതെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഭയം തോന്നുന്നു''-ചുമകള്‍ വീണ്ടും അദ്ദേഹത്തെ പൊതിഞ്ഞു. 
വിജയന്‍മാഷുടെ പ്രഭാഷണം നേരിട്ട് കേള്‍ക്കാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല. പക്ഷേ അദ്ദേഹം പറഞ്ഞതും എഴുതിയതും വായിച്ചിരുന്നു. വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണ കവിതാസമാഹാരത്തിന് അദ്ദേഹം എഴുതിയ അവതാരികവചനം പോല്‍-"രാത്രികളില്‍ നിന്ന് പകലുകളിലേക്കിട്ട പാലങ്ങള്‍ പോലെ, വാറ്റിയെടുത്ത മദ്യം പോലെയാണ് വൈലോപ്പിള്ളിയുടെ ഭാഷ''. ഹാ...!  കൊതിച്ചു പോയിട്ടുണ്ട്. വാറ്റിയെടുത്ത മദ്യം പോലെ ഒരു ഭാഷ...വിജയന്‍ മാഷ് മരിച്ചപ്പോള്‍ ആരോടും പറയാതെ ലോകമലേശ്വരത്തേക്ക് വണ്ടി കയറാന്‍ എന്നെ പ്രേരിപ്പിച്ചതും ആ വാക്കുകളാണ്. പക്ഷേ അഴീക്കോട് മാഷിന്റെ പ്രഭാഷണങ്ങള്‍ ഞാന്‍ പല വട്ടം കേട്ടിരുന്നു. ഏതൊരു പ്രഭാഷണവും കേള്‍ക്കാന്‍ ഇരിക്കുന്നത് പോലെ മനസിനെ വിദൂരസ്ഥലികള്‍ ഇഷ്ടം പോലെ മേയാന്‍ കടിഞ്ഞാണഴിച്ച് വിട്ട്, അങ്ങനെ കേട്ടിരിക്കുമ്പോള്‍... പക്ഷേ ഈ മനുഷ്യന്റെ വിറയ്ക്കുന്ന വാക്കുകള്‍ ഏതോ  ബിന്ദുവില്‍ ആ കടിഞ്ഞാണ്‍ തട്ടിയെടുക്കുകയും തുടര്‍ന്ന് മണിക്കൂറിലേറെ നേരത്തെ സൂചിപ്പിച്ച വാക്കില്‍ നിന്ന് വാക്കിലേക്കുള്ള വിജാഗിരി ഉറപ്പിക്കുന്ന നൈസര്‍ഗിക ക്രിയയിലേക്ക് ചേതസ്സിനെ ആവാഹിച്ചെടുക്കുകയും ചെയ്യും. 
വീണ്ടും ചുമകള്‍..."ഡോക്ടര്‍മാര്‍ എന്നോട് അധികം സംസാരിക്കാന്‍ പാടില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ ഇത്രയും ദൂരം വന്ന സ്ഥിതിയ്ക്ക് ഇത്രയെങ്കിലും പറയണമല്ലോ...''-അഴീക്കോട് മാഷ് പ്രഭാഷണം നിര്‍ത്തി. കൈയ്യടികള്‍. 
ജോലി ചെയ്യുന്ന പത്രത്തിന്റെ ഓണാഘോഷ പരിപാടിയ്ക്ക് മാഷെത്തിയപ്പോള്‍ എല്ലാവരുടെയും ഒപ്പമിരുന്നു ഉണ്ടു. രണ്ട് ഗ്ളാസ് പായസം കുടിച്ചു. സന്തുഷ്ടനായി പറഞ്ഞു-"ഡോക്ടര്‍മാര്‍ മധുരം തൊടാന്‍ പാടില്ലെന്ന് കര്‍ശനമായി വിലക്കി. പക്ഷേ ഒന്നോ രണ്ടോ ഗ്ളാസ് ഒക്കെ കുടിക്കുന്നതില്‍ കുഴപ്പമില്ല അല്ലേ...?''. മഹാബലിയെ കുറിച്ച് ധാരാളം സംസാരിച്ച ശേഷം "ഈ ഓണവെയിലില്‍ മഹാനായ ബലിയെയും കാത്തിരുന്ന നിങ്ങള്‍ അല്‍പ്പബലിയായ എന്നെ കാണാനും വാക്കുകള്‍ക്ക് കാതോര്‍ക്കാനും തയാറായല്ലോ...സന്തോഷം...'' അദ്ദേഹം അന്ന് അവസാനിപ്പിച്ചത് ഇങ്ങനെയാണ്. മാഷ് കാറില്‍ കയറി പോയി. മൈക്ക് വെച്ച ചാനലുകാരോട് ഒന്നും പറഞ്ഞില്ല... ഖണ്ഡനവും മണ്ഡനവും ദേഷ്യമാണെങ്കിലും ഈ മനുഷ്യനെ ഇഷ്ടമായിരുന്നു. കാണുന്നതും കേള്‍ക്കുന്നതും ഇഷ്ടമായിരുന്നു. ആ ഇഷ്ടത്തിനായി...

No comments: