Tuesday, January 24, 2012

പത്മരാജന്‍.....

പത്മരാജന്‍, താമരയുടെ രാജാവോ...? അങ്ങനെ ഒരു പേരോ..? (ലോല മിസ്ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കുട്ടി)
"അല്ല, ഇനി വരുമെന്ന് പറഞ്ഞിട്ട് വരാതിരിക്കുമോ...?''-കറുത്ത ടെലിഫോണില്‍ ക്ളാരയോട് ജയകൃഷ്ണന്‍ ചോദിക്കുന്നു. അത്രമേല്‍ കാതരമായ ചോദ്യമാണിത്. ആ സംഭാഷണത്തിന് ശേഷം റിസീവര്‍ വെച്ച ജയകൃഷ്ണന്‍ രണ്ടാമതും അതെടുത്ത് ചെവിയോട് ചേര്‍ക്കുന്നുണ്ട്. ആ പെണ്‍ശബ്ദം ഒന്നുകൂടി കേള്‍ക്കുമോ എന്ന ഒരാന്തലാണ് അയാളെ കൊണ്ട് അത് ചെയ്യിക്കുന്നത്.അത് ചെയ്യിച്ചത് പത്മരാജനാണ്.
'നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍' എന്ന സിനിമയില്‍ വീട്ടുമുറ്റത്തേക്ക് സുഹൃത്തിന്റെ ബൈക്കില്‍ വരുന്ന പോള്‍ പൈലോക്കാരന്റെ (തിലകന്‍) വരവ് തിരക്കഥയിലെഴുതിയ ശേഷം പത്മരാജന്‍ ഇത്ര കൂടി എഴുതുന്നു-'അയാള്‍ ഒരു തൊപ്പി കഷണ്ടി മറക്കാനെന്ന പോലെ (?) വെച്ചിട്ടുണ്ട്'. കഥയുടെ അവസാനം പൈലോക്കാരനാല്‍ ചീത്തയാക്കപ്പെട്ട സോഫിയയെ ഏറ്റെടുക്കാന്‍ വന്ന സോളമന്‍ (മോഹന്‍ലാല്‍) അയാളെ അടിച്ചിടുമ്പോള്‍ ഇങ്ങനെ കൂടി കുറിക്കുന്നു. 'അയാളുടെ ചലനങ്ങളില്‍ ഒരു തവളയുടെ മന്ദത'.
ജോഷി സംവിധാനം ചെയ്ത് പത്മരാജന്‍ തിരക്കഥയെഴുതിയ 'ഈ തണുത്ത വെളുപ്പാന്‍ കാലത്ത്' എന്ന സിനിമയിലെ ഒരു രംഗം നോക്കൂ. റൊസാരിയോ കുടുബത്തെ കൊലപ്പെടുത്തിയെന്ന് എല്ലാവരും വിശ്വസിക്കുന്ന ക്രിസ്റ്റി (സുരേഷ്ഗോപി) യുടെ നാര്‍ക്കോഅനാലിസിസ് ടേപ്പ് കേള്‍ക്കുന്ന കുറ്റാന്വേഷകന്‍ ഹരിശങ്കര്‍ (മമ്മൂട്ടി). അയാളുടെ വിരല്‍തുമ്പില്‍ എരിയുന്ന സിഗരറ്റ്. മുന്നിലെ റെക്കോര്‍ഡറിലെ സൂചി മുന്നോട്ടും പിന്നോട്ടും ആടിയുലയുന്നു. ഒരു കുറ്റാന്വേഷകന്റെ മനസ് ശരി തെറ്റുകളിലേക്ക് സൂചി പോലെ ആടിയുലയുന്ന ദൃശ്യം.
'കൂടെവിടെ' സിനിമയില്‍ പോള്‍പുത്തൂരാനെ (റഹ്മാന്‍) ജീപ്പിടിച്ച് കൊന്നശേഷം ഹൌസ് അറസ്റ്റിലായ ക്യാപ്റ്റന്‍ തോമസിനെ (മമ്മൂട്ടി) കാണാനെത്തിയ ആലിസ് (സുഹാസിനി) താന്‍ ഊട്ടി വിടുകയാണെന്ന് തോമസിനോട് സൂചിപ്പിക്കുന്നു. ആ വാക്കുകള്‍ കേട്ട് ഒന്നും മിണ്ടാതെ നടന്നകലുന്ന തോമസ്. 'മൌനം ഘനീഭവിച്ച് നില്‍ക്കുന്ന തൂണുകളുള്ള ഇടനാഴിയിലൂടെ തോമസ് നടന്നകന്നു' എന്ന് പത്മരാജന്‍ കുറിച്ചിട്ടിരിക്കുന്നു. ആ ദൃശ്യം കണ്ടവര്‍ക്ക് പേന കൊണ്ടെഴുതിയതിനെ ഏത് രീതിയില്‍ ഫിലിമിലാക്കണമെന്ന് ധാരണയുള്ള ഒരു സംവിധായകനെ കാണാം.
ഐ വി ശശി സംവിധാനം ചെയ്ത 'കാണാമറയത്ത്' സിനിമയില്‍
തന്റെ ഇരട്ടി പ്രായമുള്ള റോയിച്ചനോട് (മമ്മൂട്ടി) ഷേര്‍ളിയ്ക്ക് (ശോഭന) തോന്നുന്ന അഭിനിവേശത്തിന് പിന്നില്‍ അയാള്‍ സിഗരറ്റ് കത്തിക്കാന്‍ ഉപയോഗിക്കുമ്പോള്‍ ജ്വാലയോടൊപ്പം  സംഗീതം കൂടി പൊഴിക്കുന്ന ലൈറ്ററിനും സ്ഥാനമുണ്ടല്ലോ...?
'മൂന്നാംപക്കം' നോക്കൂ. കടലില്‍ പോയ കൊച്ചുമകന്‍ ഭാസിയെ കുറിച്ച് കാര്‍ന്നോര്‍ കാണുന്ന പേക്കിനാവുകള്‍. കടപ്പുറത്ത് വളഞ്ഞ് പുളഞ്ഞ് നില്‍ക്കുന്ന തെങ്ങ്, മണല്‍പരപ്പ്, ചിത്രപണികളുള്ള വാതിലില്‍ വന്നിടിക്കുന്ന കൈത്തലങ്ങള്‍, കടലിനടയിലൂടെ നീന്തുന്ന ഭാസിയുടെ അവ്യക്തരൂപം, ഓടി തിരിഞ്ഞ് മണലിലൂടെ നടക്കുന്ന കാര്‍ണവര്‍ക്ക് മുന്നില്‍ കഴുത്ത് വരെ മണലിനാല്‍ മൂടപ്പെട്ട് കിടക്കുന്ന ഭാസി....ദൃശ്യബിംബങ്ങള്‍ കോര്‍ത്തിണക്കി മൃതിയുടെ സാഗരം തീര്‍ക്കുന്ന ഒരു തിരക്കഥാകൃത്ത് നമ്മുക്കുണ്ടായിരുന്നു.
പത്മരാജന്റെ ഏറ്റവും കരുത്തുറ്റ തിരക്കഥയാണ് 'കരിയിലക്കാറ്റ് പോലെ'. ആത്മകഥാസ്പര്‍ശമുള്ള ഹരികൃഷ്ണന്‍ (മമ്മൂട്ടി) എന്ന സാഹിത്യകാരനെ ചുറ്റിപറ്റിയുള്ള പത്മരാജന്റെ പ്രമേയത്തിന് മരണത്തിന്റെ ജ്വലനദീപ്തി. ഹരികൃഷ്ണന്റെ പൂര്‍ത്തിയാവാത്ത നോവല്‍ വായിച്ച് കുറ്റാന്വേഷക
ന്‍ അച്യുതന്‍കുട്ടി (മോഹന്‍ലാല്‍) പറയുന്നു- "എനിക്കിപ്പോ ഒരു സംശയം. നോവലില്‍ അങ്ങേര്‍ പറഞ്ഞത് പോലെ ഈ കേസും ആ ഒരു വൈറ്റല്‍ ക്ളൂവില്ലാതെ ക്ളോസ് ചെയ്യേണ്ടി വരുമോ...?''എന്ന്.
മലയാളത്തിലെ ഏറ്റവും പിരിമുറുക്കമുള്ള ചില രംഗങ്ങളും സംഭാഷണങ്ങളും ഈ ചിത്രത്തിലാണുള്ളത്. സാഹിത്യഅക്കാദമി ഹാളില്‍ വേദിയിലിരിക്കുന്ന ഹരികൃഷ്ണന്‍ ആദ്യം ശില്‍പ്പയെ (കാര്‍ത്തിക) കാണുമ്പോള്‍ പുഞ്ചിരിക്കുന്നു. പിന്നീട് മറവില്‍ നിന്ന അമ്മയെ (ശ്രീപ്രിയ) കാണുമ്പോള്‍ ഞെട്ടിതരിച്ച്  സിഗരറ്റ് കൊളുത്താന്‍ ശ്രമിക്കുന്നതും, ഹറിബറിയില്‍ സിഗരറ്റ് കൈയ്യില്‍ നിന്ന് തെറിക്കുന്നതും, വിയര്‍ത്ത് കുളിച്ച് വല്ലാത്തൊരു അവസ്ഥയില്‍ അയാള്‍ പാടുപെടുന്നതും എനിക്ക് പ്രിയപ്പെട്ട രംഗമാണ്. "മറ്റാരെയും കിട്ടാതെ ഡെസ്പറേറ്റായ ലോറി ഡ്രൈവര്‍മാര്‍ക്ക് നീയാലും മുഷിയില്ല. ഇറങ്ങി റോഡില്‍ ചെന്ന് നില്‍ക്ക്''-സുന്ദരിയല്ലാത്ത ശില്‍പ്പയുടെ അമ്മയോട്  മെയില്‍ ഷോവനിസ്റ്റായ ഹരികൃഷ്ണന്റെ ആക്രോശം. ശില്‍പ്പയെ മകളായി തിരിച്ചറിഞ്ഞ ഹരികൃഷ്ണന്റെ ആനന്ദം (ഫിലിം റോളുകള്‍ കൊണ്ട് ശില്‍പ്പയെ ഹരികൃഷ്ണന്‍ മൂടുമ്പോള്‍ ജോണ്‍സണ്‍ പകര്‍ന്ന പശ്ചാത്തല സംഗീതം).
സീസണില്‍ ഫാബിയനെ കൊന്നശേഷം വാനോടിച്ച് ജയിലിലേക്ക് മടങ്ങുന്ന ജീവന്റെ (മോഹന്‍ലാല്‍) ആത്മഭാഷണം എത്ര മനോഹരം- "വീണ്ടും എനിക്ക് തെരുവ് വിളക്കുകള്‍ നഷ്ടമാകാന്‍ പോകുന്നു. ഇത്തവണ എത്ര കാലത്തേക്കെന്ന് അറിയില്ല. ഭാഗ്യത്തിന് ഇത്തവണ എന്റെ പേരില്‍ സാഹചര്യ തെളിവുകള്‍ ഒന്നുമില്ല. പകരം എന്റെ ഷര്‍ട്ടില്‍, ശരീരത്തില്‍ എല്ലാം തെളിവുകളാണ്''. 

അപ്പോള്‍ കള്ളന്‍ പവിത്രനെ മറക്കാമോ...? പാത്രകച്ചവടക്കാരന്റെ ഗോഡൌണിലെ പാത്രകാട്ടില്‍ നിന്ന് തടഞ്ഞ വിഗ്രഹവുമായി ഓടുന്ന പവിത്രന്‍ ഗദ്ഗദത്തോടെ പറയുന്നു- "കള്ളനാണെങ്കിലും നിഷ്ഠയുള്ളവനായിരുന്നു...''. തിങ്കളാഴ്ച നല്ല ദിവസത്തില്‍ അമ്മയുടെ മരണശേഷം വീട് വില്‍ക്കാനുള്ള തീരുമാനം ഉപേക്ഷിച്ച മകന്‍ പറയുന്നു- "അങ്ങനെ പോയാലെങ്ങനെയാ...അമ്മ പറയാറുള്ളത് പോലെ പഴയ വീടാ...ആളും അനക്കവും ഇല്ലാതെ ചിതല്‍ പിടിച്ച്വീഴും. മച്ചിലെ കാര്‍ണവന്‍മാര്‍ ക്ഷമിക്കില്ല. നമ്മുടെ കുട്ടികള്‍ ഇവിടെ വളര്‍ന്നോട്ടെ...ഈ കാറ്റ് കൊണ്ട്.. ഇവിടുത്തെ വെളിച്ചമേറ്റ്...അത് കൊണ്ടവര്‍ക്ക് ഒരു കൊറവും വരില്ല...നല്ലതേ വരൂ..''.തന്നെ തിരിച്ചറിയാത്ത ഭാര്യയെ പിന്നിലുപേക്ഷിച്ച് അപാരതയിലേക്കെന്ന പോലെ കാറില്‍ പോകുന്ന ഇന്നലെയിലെ നരേന്ദ്രനെയും ഓര്‍ക്കുന്നു.  സിനിമ വിശദീകരണത്തിന്റെ കലയാണെങ്കില്‍ പത്മരാജന്റെ തിരക്കഥകള്‍  നല്ല സിനിമയ്ക്കുള്ള എല്ലാം ഒത്തിണങ്ങിയ ബ്ളൂചാര്‍ട്ടുകളായിരുന്നു.

No comments: