Tuesday, January 10, 2012

ഒരു മരണത്തിന്റെ പുരാവൃത്തം
ആംബുലന്‍സിന്റെ നിലവിളി ശബ്ദം പടി കടന്ന് വന്നപ്പോള്‍ ഞാന്‍ ചുരുട്ടി വെച്ച കോസടിയുടെ മുകളില്‍ കമിഴ്ന്ന് കിടന്ന് ബാലരമ വായിക്കുകയായിരുന്നു. 
ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സ്കൂള്‍ വിട്ട് വന്ന നാലാം ക്ളാസുകാരന്‍ വീട്ടില്‍ ആരുമില്ലാത്തത് കണ്ട് പകച്ച് അയല്‍ വീടുകളിലെല്ലാം അമ്മയെ തേടി നടക്കുകയും  "അമ്മ ഇപ്പോ വരും.പുറത്ത് എവിടെയൊ പോയിരിക്കാ..''-എന്ന ജമീലാത്തയുടെ ആശ്വാസവചനത്തില്‍ ശമിച്ച്, അവരുടെ വീട്ടില്‍ നിന്ന് ഉണ്ണുകയും ചെയ്തു. ശേഷം വീട്ടിലെത്തി കോസടിയില്‍ വീണ് പുതിയ ബാലരമ തപ്പിയെടുത്ത് വായനയില്‍ മുഴുകുകയും ചെയ്തു.
ആംബുലന്‍സില്‍ നിന്ന് ഒരു ഇരുമ്പ് കട്ടില്‍ (കാലില്ല..) പുറത്തേക്കെടുക്കുന്നതും കരഞ്ഞ് തളര്‍ന്ന് അവശയായ അമ്മയെ ആരൊക്കെയൊ ചേര്‍ന്ന് താങ്ങിപിടിച്ചിരിക്കുന്നതും ഗ്രില്‍ ചതുരങ്ങളിലൂടെ കണ്ടു. ഒരുപാട് പേര്‍ വീട്ടിലേക്ക് വന്നു. അവരെല്ലാം പരിസര പ്രദേശങ്ങളില്‍ കൂടി നിന്നവരാവും. അച്ഛന്റെ സുഹൃത്തുക്കള്‍ ആംബുലന്‍സിനെ അനുഗമിച്ചിരുന്നു. ഉമ്മറത്ത് കൊണ്ടു വെച്ച ശരീരത്തിലേക്ക് നോക്കിയും കരഞ്ഞ് ചുവന്ന അമ്മയുടെ മുഖത്തേക്ക് നോക്കിയും ചുറ്റും കൂടി നിന്നവരുടെ മുഖത്തേക്ക് നോക്കിയും സമയം കളയുന്നതിടയില്‍ ഒട്ടോറിക്ഷയില്‍ ചേച്ചി വന്നിറങ്ങി. പുറത്തെ തിരക്ക് കണ്ടതും രാജനങ്കിളിന്റെ പിടി പൊട്ടിച്ച് അവള്‍ ഓടി മുറ്റത്തേക്ക് കയറുകയും അച്ഛന്റെ ശരീരത്തിലേക്ക് വീഴുകയും ചെയ്തു. ഓടിന്റെ പഴുതിലൂടെ വെളിച്ചത്തിന്റെ കീറ് വെള്ള പുതച്ച ശരീരത്തിലേക്ക് വീഴുന്നു. കരഞ്ഞ് തളര്‍ന്ന് അബോധാവസ്ഥയിലേക്ക് അമ്മ വഴുതിയപ്പോള്‍ പച്ച സ്കേര്‍ട്ടും ക്രീം  ഷര്‍ട്ടും ഇട്ട ചേച്ചി ചുവരോട് ചേര്‍ന്നിരുന്ന് ശബ്ദമില്ലാതെ കരഞ്ഞു. രാത്രികളില്‍ കേള്‍ക്കാറുള്ള വിജയ്സൂപ്പര്‍ സ്കൂട്ടറിന്റെ കട കട ശബ്ദം, വില്‍സിന്റെ മണമുള്ള ചുംബനം, കൈയ്യില്‍ വെച്ച് തരുന്ന ജെംസിന്റെയോ ഫൈവ്സ്റ്റാറിന്റെയൊ പാക്കറ്റുകള്‍...ഇനി മുതല്‍ ഇതൊന്നും കിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാനും കരയുമായിരുന്നു. അതുമല്ലെങ്കില്‍ ചില അപൂര്‍വ്വദിവസങ്ങളില്‍ നേരത്തെ വന്നാല്‍, എന്നെയും സ്കൂട്ടറിലിരുത്തി ട്യൂബ്ലെറ്റിന്റെ പാല്‍നിറമുള്ള കടകളിലേക്ക് കൂട്ടി കൊണ്ടുപോയി ചോദിക്കുന്നതെന്തും വാങ്ങിച്ച് തന്നിരുന്ന, അതുമല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനരികിലുള്ള കവിതാഹോട്ടലില്‍ കൊണ്ടിരുത്തി മുന്നില്‍ കൊണ്ട് വെച്ച വിഭവങ്ങള്‍ നോക്കി മന്ദിച്ചിരിക്കുന്ന എന്നോട് സ്നേഹത്തോടെ- "കഴിക്കെടാ..'' എന്ന് ചെറുപുഞ്ചിരിയോടെ പറയാറുള്ള ആള്‍ ഇനിയില്ലെന്ന് പറഞ്ഞാലും മതിയായിരുന്നു. ആര്‍ക്കും സമയമില്ലാത്തതിനാല്‍ അങ്ങനെയുള്ള വിശദീകരണങ്ങള്‍ക്കും ഇടയില്ലായിരുന്നു. ആള്‍ക്കാര്‍ക്കിടയിലൂടെ നൂണ്ട് മുറിയില്‍ കയറിയ ഞാന്‍ കട്ടിലില്‍ കയറി ജനലിലൂടെ ഉമ്മറത്തെ കാഴ്ച്ചകള്‍ കണ്ടു. കറുപ്പായിരുന്നു അച്ഛന്റെ നിറം. മുഖം ഒന്നു കൂടി കറുത്തിട്ടുണ്ടെന്ന് തോന്നി. മുഖത്തിന്റെ പാതി മറയ്ക്കുന്ന കെട്ടും മൂക്കിലെ തുളകളില്‍ തിരുകിയ പഞ്ഞിയും എന്നില്‍ വല്ലായ്മ ഉണര്‍ത്തി. പഞ്ഞിയില്‍ ചുവപ്പ് നിറം പടരുന്നുണ്ടോയെന്നും സന്ദേഹിച്ചു. നേരം വൈകുംതോറും മുറിയ്ക്കുള്ളിലെ മുഖങ്ങളുടെ എണ്ണം കൂടി. ആദ്യമൊക്കെ എനിക്ക് അതിന് ഒരു കണക്കുണ്ടായിരുന്നു. പിന്നെ, അതും മറന്നു. ലൈന്‍ വീട്ടിലെ കുടുസ് മുറിയില്‍ പുഴുക്കമേറി. കണ്ണുകളടച്ചു....
കണ്ണു തുറന്നപ്പോള്‍ ഞാന്‍ ഓടുന്ന ജീപ്പില്‍ രാജനങ്കളിന്റെ മടിയിലായിരുന്നു. "നാട്ടിലേക്കാ...?'' എന്ന ചോദ്യത്തിന് മുറുകിയ മുഖത്തോടെ- "ഉം...'' എന്നൊരു മൂളല്‍ മാത്രം വെച്ചു തന്നു. ഓടിയകലുന്ന വെളിച്ചം. മുന്നിലെ കണ്ണാടിയിലൂടെ നോക്കിയപ്പോള്‍ ആംബുലന്‍സ് പായുന്നുണ്ട്. നീല വെളിച്ചം അതിന്റെ തലയില്‍ കറങ്ങുന്നുണ്ട്. വീട്ടില്‍ ഉച്ചയ്ക്ക് വന്ന ആംബുലന്‍സ് തന്നെയാണ് അതെന്ന് എനിക്ക് തോന്നി. ചേച്ചിയും അമ്മയും കാണാതായിരിക്കുന്ന വിവരം ഞെട്ടലോടെ മനസിലാക്കിയപ്പോള്‍ ഒരു കരച്ചിലിന് വായ തുറന്ന എന്നെ രാജനങ്കിള്‍ ചേര്‍ത്ത് പിടിച്ച്. ഓടിയകലുന്ന വെളിച്ചം..കടകള്‍, പാലങ്ങള്‍, പുഴകള്‍, വയലുകള്‍, ഇരുട്ടിലും പുറത്തേക്ക് നോക്കിയിരുന്നു ഞാന്‍. പിന്നെ എപ്പോഴോ വീണ്ടും മയങ്ങി.
കണ്ണ് തുറന്നപ്പോള്‍ ആറ്റിങ്ങലിലെ അച്ഛന്‍ വീട്ടില്‍- "എന്റെ കൊച്ചിക്ക പോയേ...'' എന്ന അമ്മൂമ്മയുടെ നിലവിളി. അച്ഛന്റെ തലയുടെ രണ്ട് വശങ്ങളില്‍ പൊളിച്ച തേങ്ങയില്‍ തിരി എരിയുന്നതിലായിരുന്നു എന്റെ ദൃഷ്ടി. ചുവന്ന പട്ട് കൊണ്ട് മൂടിയിരുന്നു അച്ഛനെ. താഴെ പാടങ്ങള്‍ക്കപ്പുറത്ത് നിന്ന് കുറുക്കന്‍മാരുടെ ഓരിയിടലുകള്‍. മിന്നാമിനുങ്ങള്‍ ചെറു ടോര്‍ച്ചുമായി വീടിന് ചുറ്റും കറങ്ങുന്നുണ്ട്. നിലാവില്ലാത്ത രാത്രി. വയസികള്‍, വയസന്‍മാര്‍, ചെറുപ്പക്കാര്‍, കുട്ടികള്‍ എല്ലാവരും ഉണ്ട്. മുത്തച്ഛന്റെ റേഡിയോ ജനലരികില്‍ മൂകമായി ഇരിക്കുന്നു.
വോള്‍ട്ടേജ് കുറവായതിനാല്‍ ഇപ്പോള്‍ അച്ഛന്റെ മുഖം കാണാന്‍ വയ്യ. ചുവരില്‍ മുമ്പ് മരിച്ച് മണ്ണടിഞ്ഞവരുടെ ഫോട്ടോകള്‍ നിരത്തിയിരിക്കുന്നു. അവരുടെ തലയ്ക്ക് മുകളില്‍ മഞ്ഞയും ചുവപ്പും നിറങ്ങളുള്ള സീറോവോള്‍ട്ടുകള്‍ അപകടചിഹ്നം പോലെ മുനിഞ്ഞുകത്തി. മരണവീട്ടില്‍ നിന്ന് പോകുന്നവര്‍ തിണ്ണയില്‍ വെച്ചിരുന്ന ചുവണതുണിയിലേക്ക് പണമിടുന്നുണ്ടായിരുന്നു. (കച്ചപണം എന്നറിയപ്പെടുന്ന ഈ സമ്പ്രദായം അവിടുത്തെ ഒരു രീതി).
ചേച്ചിയും ഞാനും സ്കൂള്‍ യൂണിഫോമില്‍ തന്നെയാണ്. അമ്മ എനിക്കിഷ്ടമില്ലാത്ത ഓറഞ്ച് അല്ലികള്‍ നിരത്തി വെച്ചത് പോലെ ഡിസൈനുള്ള സാരിയുടുത്ത് അകത്തെ മുറിയില്‍ ചുമര് ചാരി ഇരിക്കുന്നത് തുറന്നിട്ട വാതിലിലൂടെ ഞാന്‍ കണ്ടു. കോമളം ആന്റിയും അടുത്തിരിപ്പുണ്ട്. ശിവന്റെ നെഞ്ചില്‍ നൃത്തംചവിട്ടുന്ന ഭദ്രകാളിയുടെ ചിത്രത്തിലേക്ക് കൂടി നോട്ടമെത്തിയതോടെ ഞാന്‍ തളര്‍ന്നു. കണ്ണുകടഞ്ഞു പോയി. നിലവിളി പരമകാഷ്ഠയില്‍ എത്തിയപ്പോഴാണ് പിന്നെ ഞാന്‍ കണ്ണുകള്‍ തുറന്നത്. ഇരുമ്പ് കട്ടില്‍ പൊക്കി പിടിച്ച് ആരൊക്കെയൊ മുറ്റത്തേക്കിറങ്ങുന്നത് കണ്ടു. അമ്മയുടെയും ചേച്ചിയുടെയും വിതുമ്പലുകള്‍ ശബ്ദഘോഷത്തിനിടയില്‍ വേറിട്ടുകേട്ടു. താഴത്തെ പറമ്പിലേക്ക് വിലാപയാത്ര നീണ്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ ആരോ എന്നെ ഒക്കത്തെടുത്ത് താഴത്തെ പറമ്പിലേക്ക് നടന്നു. തെങ്ങില്‍ കെട്ടിയിട്ട ബള്‍ബുകളുടെ പ്രകാശത്തില്‍ ദീര്‍ഘചതുരാകൃതിയില്‍ ഉരുവം കൊണ്ട കുഴി കുരുമുളക് ഇലകളുടെ വിടവിലൂടെ ഞാന്‍ കണ്ടു. കുറുക്കന്‍മാരുടെ ഓരിയിടല്‍ ഉച്ചത്തിലായി. മനുഷ്യരുടെ നിലവിയും. കയറില്‍ തൂക്കിയ മരപ്പെട്ടി കുഴിയിലേക്ക് ഇറക്കി വെക്കുന്നു...എല്ലാവരും വീണ്ടും കരയുന്നു. എനിക്ക് കരച്ചില്‍ വന്നില്ല. ഇപ്പോള്‍ നടന്നതിനും ഇനി നടക്കാന്‍ പോവുന്നതിനും ഒന്നും ഞാന്‍ ഉത്തരവാദിയല്ലെന്ന പൊട്ടിത്തരിപ്പ് എന്നിലുണ്ടാക്കിയത് അപ്പോള്‍ വീശിയ ചെറുകാറ്റിനാലാണോ...? എനിക്കറിയില്ല...കണ്ണുകടഞ്ഞ് പോകുന്നു..കണ്ണുകള്‍ അടഞ്ഞ്...അ....ട...ഞ്ഞ്...ആ രാത്രി അങ്ങനെ...

No comments: