Wednesday, June 8, 2016

                               




                                    ഒരു നീണ്ട പൈങ്കിളി കഥ



ഈ കഥയിൽ പറയുന്ന സംഭവങ്ങൾ തുടങ്ങുമ്പോൾ, ഉണ്ണി പത്താം ക്ലാസ്സിൽ രണ്ടാം വട്ടവും തോറ്റ്, പുഴയോരത്തെ പഞ്ചാരമണലിലും ബസ്‌സ്റ്റോപ്പിനരികിലെ കലുങ്കിലും ശിവക്ഷേത്രത്തിലെ ആൽത്തറയിലും പ്രഭാതം മുതൽ പ്രദോഷം വരെ ചെലവിടുന്ന കാലമാണ്. കളിക്കൂട്ടുകാരി തങ്കമണി നഗരത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക്‌ ചേർന്നതും, പട്ടുപാവാടയും ദാവണിയും സാരിയും ചുറ്റി  ഓരോദിവസവും ഓരോ വർണത്തിലുള്ള തുമ്പിയായി ബസ്‌ കയറുന്നതും ഇറങ്ങുന്നതും അവൻ അസൂയയോടെ നോക്കിനിൽക്കുമായിരുന്നു. സന്ധ്യകളിൽ അവൾ അമ്പലത്തിലേക്ക് വരുന്നത് വരെ   അവൻ ആൽത്തറയിൽ കാത്തുനിൽക്കും. എന്നാൽ, തന്നോടുള്ള തങ്കമണിയുടെ പരിഗണന ഓരോ സന്ധ്യയിലും ഇടിയുന്ന  കാര്യം അവന് ശരിക്കും ബോധ്യപ്പെട്ടു. അതായത് വിടർന്ന പൂവിൽ നിന്നും വാടിയപൂവായും പൂമൊട്ടായും അവളുടെ ചുണ്ടുകൾ പൂട്ടിക്കെട്ടുന്നത് അവൻ അറിഞ്ഞു. പിന്നെ, പിന്നെ കൺവെട്ടത്ത് വരാതെ ദൂരെ നിന്ന് മാത്രം അവളുടെ തേർവാഴ്ച്ചകൾക്ക് അവൻ സാക്ഷ്യം വഹിച്ചു.
എന്നാൽ, അപ്പോൾ മുതൽ തങ്കമണിയുടെ സമാധാനം  ഇല്ലാണ്ടായി തുടങ്ങി. ആദ്യം കാണാതായത് കോളേജിൽ പോകുന്ന കുട്ടിക്ക് അച്ഛൻ പട്ടണത്തിൽ നിന്നും വാങ്ങിക്കൊടുത്ത വള്ളിക്കെട്ടുള്ള ആ പുതിയ ചെരുപ്പാണ്. ക്ഷേത്രമതിലിന് പുറത്തെ നന്ത്യാർവട്ടത്തിന് മുന്നിൽ അഴിച്ചിട്ടതാണ്. എന്നാൽ, തിരിച്ചുഇറങ്ങി, ഒരിക്കൽക്കൂടി തേവരെ തൊഴുത്‌,  നന്ത്യാർവട്ടത്തിന് മുന്നിൽ എത്തിയപ്പോൾ അവിടെ തേഞ്ഞു ബ്ലേഡ് പരുവത്തിലായ ഒരു സ്ലിപ്പെർ.. കരഞ്ഞു കരഞ്ഞു കണ്മഷി മുഴുവൻ ഒലിച്ച് വീട്ടിൽ തിരിച്ചെത്തിയ തങ്കമണിയെ എന്ത് ചൊല്ലി ആശ്വസിപ്പിക്കേണ്ടൂ എന്നറിയാതെ ദാമോദര-ദാക്ഷായണി ദമ്പതികൾ വിഷമിച്ചു. അടുത്തതവണ ക്ഷേത്രത്തിൽ പോകുമ്പോൾ അമ്മയുടെ പ്ലാസ്റ്റിക്‌ ചെരുപ്പാണ് അവൾ ഇട്ടത്. എന്നാൽ, തിരിച്ചുവന്നപ്പോ അതും കാണാതായി. കല്ലിലും മുള്ളിലും ചവിട്ടി പൂപാദങ്ങൾ   വിഷമിച്ച് നടന്നകലുന്നത്  പകയോടെ ഉണ്ണി നോക്കിനിന്നു. ഈ രീതിയിൽ ഒരു ജോഡി തല്ലിപൊളി ചെരുപ്പ് കൂടി നഷ്ടമായതോടെ ''ഞാൻ ഇനി അമ്പലത്തിൽ പോവില്ല'' എന്ന് പ്രതിജ്ഞ എടുത്തു തങ്കമണി കട്ടിലിലേക്ക് ആർത്തലച്ചു വീണു. എന്നാൽ, ഒരാഴ്ച കഴിഞ്ഞ് തങ്കമണിക്ക് അമ്പലത്തിൽ പോകാതെ നിവർത്തിയില്ല..അന്ന് അവളുടെ പിറന്നാൾ ആണ്. അച്ഛൻ പറമ്പിൽ ഇടുന്ന ചെരുപ്പ് ഇട്ട് മനസില്ലാമനസോടെ പുറത്തേക്ക് ഇറങ്ങിയ തങ്കമണിയോട് ദാമോദരൻ നായർ പറഞ്ഞു- '' നീ ആ നല്ല ചെരുപ്പ് എടുത്തിട്''- അവൾ ആശങ്കയോടെ അച്ഛനെ നോക്കി.   എന്നാൽ, പുള്ളി എന്തോ ഉറച്ചമട്ടിൽ ആണെന്ന് കണ്ട് അവൾ താതവാക്യം അനുസരിച്ചു.
തങ്കമണിക്കും ഏറെ പിന്നിലായി ഒരു അപരിചിതനെ പോലെ ദാമോദരൻ
നായർ പമ്മി നടന്നു. പതിവുപോലെ, നന്ത്യാർവട്ടത്തിന് മുന്നിൽ ചെരുപ്പ് ഊരിയിട്ട് അവൾ ക്ഷേത്രതിനുള്ളിലേക്ക് പോയി.  വാസു മേസ്തിരിയുടെ പൂട്ടിയ പലചരക്കുകടയുടെ പിന്നിൽ ആരോ പതുങ്ങുന്നത് ഉണ്ണിയുടെ സൂക്ഷ്മനേത്രങ്ങളിൽ തെളിഞ്ഞു. അമ്പലക്കുളത്തിന്റെ മതിൽക്കെട്ടിന് പിന്നിലാണ് അവൻ . അവിടെ ഇരുന്നാൽ നന്ത്യാർവട്ടം ഉൾപ്പടെ ക്ഷേത്രമതിൽക്കെട്ട് മുഴുവൻ കാണാം.. കറുപ്പിൽ സ്വർണനിറമുള്ള വാറുള്ള പുത്തൻചെരുപ്പ്.. രണ്ടും കൽപ്പിച്ച് മുഖത്തിന്റെ പാതി കൈലേസ് കൊണ്ട് മൂടിക്കെട്ടി അവൻ പുറത്തേക്കിറങ്ങി. ഒറ്റ ഓട്ടത്തിന് നന്ത്യാർവട്ടത്തിന് മുന്നിലെത്തി ചെരുപ്പ് റാഞ്ചി തിരിച്ചോടിയ അവൻ ''കള്ളാ...നിക്കെടാ അവിടെ...'' തുടങ്ങിയ ആക്രോശങ്ങൾ കേട്ടില്ല, ചീറിപാഞ്ഞു  വന്ന രണ്ടോ മൂന്നോ കല്ലുകളിൽ നിന്നും അവൻ നിഷ്പ്രയാസം ഒഴിഞ്ഞുമാറി. ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തെത്തിയ തങ്കമണി  നായയെ പോലെ കിതക്കുന്ന അച്ഛനെ കണ്ടു അന്ധാളിച്ചു. നെട്ടൊട്ടത്തി നിടെ , എവിടെയോ തട്ടിവീണ്‌ അയാളുടെ മുട്ടുപൊട്ടിയിരുന്നു.  നിരാശയും അരിശവും കൊണ്ട് പുകഞ്ഞില്ലാതായ പരുവത്തിൽ വീട്ടിലെത്തിയ ദാമോദരൻ നായർ ഉറങ്ങും വരെ 'നമ്മുക്ക് അറിയാവുന്ന ആരോ ആണെന്ന്' പറഞ്ഞുകൊണ്ടിരുന്നു. പിറ്റേന്നു കാലത്ത്, പൂമുഖ വാതിൽ തുറന്ന ദാക്ഷായണി അമ്മ നാലോ അഞ്ചോ ജോഡി ചെരുപ്പുകളുടെ കബന്ധങ്ങൾ കണ്ടുഞെട്ടി. പിഞ്ഞിക്കീറിയും പല കഷ്ണങ്ങൾ ആക്കിയും ചെരുപ്പ് എന്ന സങ്കൽപ്പത്തെ പോലും നിലത്തടിച്ചു കൊന്ന  ക്രൂരത കണ്ട് തങ്കമണി തളർന്നുവീണു. മൂന്നുദിവസം പനി  പിടിച്ചു കിടന്നു.  ''എന്റെ കുട്ടി കോളേജിൽ പോയി പഠിക്കണ പിടിക്കാത്ത ആരോ ആണ്‌ ''- ദാമോദരൻ  നായർ ഒരു നിഗമനത്തിൽ  എത്തി.
നാലാം ദിവസം പനി മാറി കുളിച്ച വൈകിട്ട് അമ്പലത്തിലേക്ക് ഇറങ്ങിയ തങ്കമണി നഗ്നപാദയായിരുന്നു. എന്തൊക്കെയോ  ശാന്തത മുഖത്ത്  കളിയാടിയിരുന്നു. തങ്കമണിയുടെ ചെരുപ്പ് ഇല്ലാത്ത സന്ധ്യകൾ ഉണ്ണിക്ക് അസഹനീയമായിരുന്നു. കുറച്ചുദിവസങ്ങൾ കൊണ്ട് അവളുടെ ചെരുപ്പ് റാഞ്ചൽ അവന്റെ ജീവിതവ്രതം ആയി മാറിയിരുന്നു. ഇപ്പോൾ ജീവിതത്തിന് ഒരു ലക്ഷ്യവും ഇല്ലാണ്ടായിരിക്കുന്നു. വിരസത താങ്ങാനാവാതെ മറ്റു ചില പെൺകുട്ടികളുടെ  ചെരുപ്പുകൾ റാഞ്ചി നോക്കിയെങ്കിലും തങ്കമണിയുടെ ചെരുപ്പുകൾ കൈക്കലാക്കുമ്പോൾ ലഭിച്ചിരുന്ന ഉന്മാദം- അതില്ല. അവളുടെ നഗ്നപാദങ്ങൾ കാണുമ്പോൾ തോന്നിയിരുന്ന സന്തോഷം എവിടെ ??. പിന്നെ, പിന്നെ അവൻ വീണ്ടും ആൽതറയിൽ അവളുടെ വരവും കാത്തിരുന്നു. ഇപ്പോൾ, അവനെ കാണുമ്പോൾ അവൾ വാടിയ ഒരു ചിരി സമ്മാനിക്കാറുണ്ട്. നിരാശയും ആത്മനിന്ദയും  ഏറിയ ഒരു രാത്രിയിൽ അവൻ ബോംബയിലേക്ക് കള്ളവണ്ടി കയറി. അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും ആ പഴയ ആൽത്തറയിൽ എത്തുമ്പോൾ ഉണ്ണി ആളാകെ മാറിയിരുന്നു.
അഞ്ചു വർഷത്തെ ബോംബെ വാസം ശാരീരികമായും മാനസികമായും അയാളെ ഏറെ കടുപ്പിച്ചിരുന്നു. വലത്തേ പുരികത്തിനു താഴെ, തേരട്ടയെ പോലെ പോലെ ഉണങ്ങിയ ഒരു മുറിപ്പാട്, പിരിച്ചു വെച്ച കൊമ്പൻ മീശയുടെ വായ്ത്തലകൾ, ഉരുണ്ടുകളിക്കുന്ന പേശികൾ- എല്ലാം കൂടി ഒരു ദാദയുടെ മട്ട്...ആൽത്തറയിൽ കുത്തിയിരുന്ന് പഴയ ചങ്ങായിമാരുമായി ബോംബെ കഥകൾ പൊട്ടിച്ചുരസിക്കുന്ന ഉണ്ണി ഭായിയുടെ കണ്ണുകൾ, നിറം മങ്ങിയ ഓയിൽ സാരി ചുറ്റിയ മെലിഞ്ഞ പെൺരൂപത്തിലേക്ക് വീണതും, നാലു കണ്ണുകൾ തിരിച്ചറിവിന്റെ പ്രകാശത്തിൽ അൽപ്പം വിടർന്നതും വേറെ ആരും കണ്ടില്ല. തങ്കമണിയുടെ ചുണ്ടിൽ ഇപ്പോൾ ഒരു പുഞ്ചിരി മിന്നിമാഞ്ഞു. ഉണ്ണിയാകട്ടെ ചിരിക്കാൻ മറന്നെങ്കിലും അവളുടെ പാദങ്ങളിലേക്ക് നോക്കാൻ മറന്നില്ല. ഉണ്ട്... ഒരു പ്ലാസ്റ്റിക്‌ ചെരുപ്പ്... നന്ത്യാർവട്ടത്തിന് മുന്നിൽ ചെരുപ്പ് ഊരിയിട്ട് അവൾ അകത്തേക്ക് പോയപ്പോൾ അവൻ പ്രത്യേകിച്ച് ഒരു താൽപര്യവും തോന്നിക്കാത്ത രീതിയിൽ അവൻ കൂട്ടുകാരോട് അവളെ കുറിച്ച് അന്വേഷിച്ചു. മൂന്ന് കൊല്ലം മുൻപ് ഒരു വല്ല്യ തറവാട്ടിലേക്ക് പുതുപെണ്ണായി ചെന്നുകയറിയ ദിവസം മുതൽ ഒരു കുഞ്ഞിനു വേണ്ടിയുള്ള സമ്മർദം ആയിരുന്നു തങ്കമണിക്ക് നേരിടേണ്ടി വന്നത്. ആദ്യ പേരകുട്ടിക്ക് എല്ലാ സ്വത്തുക്കളും എഴുതിവെക്കുമെന്ന അമ്മായിഅമ്മയുടെ വിളംബരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് ആണ്മക്കളും ഒരു കുഞ്ഞിക്കാലിന് വേണ്ടി കൊണ്ടുപിടിച്ചു പരിശ്രമിക്കുന്ന കാലമായിരുന്നു അത്. മൂത്ത രണ്ടുപേരും തോൽവി അംഗീകരിച്ച്, വ്രതങ്ങളും വഴിപാടുകളുമായി  ഭാര്യമാരെ ശപിച്ച് ജീവിക്കുന്ന കാലത്താണ് ഇളയവൻ ജിനച്ചന്ദ്രനെ കൊണ്ട് ഒരു ഭാഗ്യപരീക്ഷണം നടത്താൻ തള്ള തയാറായത്. രണ്ടുതവണ ഗർഭിണിയായി, തങ്കമണി ആ പ്രതീക്ഷക്ക് ചെറുചിറക് നൽകിയെങ്കിലും അഞ്ചാം മാസത്തിലും നാലാം മാസത്തിലും കുടം വീഞ്ഞുടഞ്ഞു. കപ്പിനും ചുണ്ടിനും ഇടയിൽ തോറ്റതോടെ ജിനചന്ദ്രൻ മുഴുക്കുടിയനായി. മണിക്കൂറുകൾ ഇടവിട്ടുള്ള കുടിയും വിരസത അകറ്റാൻ തങ്കമണിയെ തൊഴിക്കലുമായി അവരുടെ ജീവിതം മുന്നോട്ടുപോയി. ഒടുവിൽ സഹിക്കാൻ പറ്റാതായപ്പോൾ ദാമോദരൻ നായർ മകളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോന്നു. കഴിഞ്ഞ വർഷം അയാളും മരിച്ചതോടെ അവൾക്ക് അമ്മയും അമ്മക്ക് അവളും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. ഇപ്പോൾ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ട്യൂഷനും അല്ലറ ചില്ലറ തയ്യൽപണിയുമായി അവളുടെ ജീവിതം മുന്നോട്ടുപോകുന്നു...


രണ്ടു ദിവസം കഴിഞ്ഞ് ഒരു സന്ധ്യക്ക്‌ നന്ത്യാർവട്ടത്തിന് മുന്നിലിട്ട ചെരുപ്പ് കാണാതായപ്പോൾ തങ്കമണിയുടെ ചുണ്ടിൽ വിടർന്ന പുഞ്ചിരിയുടെ നിഴൽ കണ്ടപ്പോൾ ഉണ്ണിയുടെ ചുണ്ടിലും ഒരു  പുഞ്ചിരി വിടർന്നു..