Monday, October 15, 2012

'മുറിഞ്ഞു പോയ ജപമാല'
'മുറിഞ്ഞു പോയ ജപമാല'-ഈ വാക്കുകള്‍ എത്ര ഉദാത്തമാണ്. അടുത്തകാലത്ത് വായിച്ച വരികള്‍ക്കിടയില്‍ നിന്നും ഈ വാക്കുകള്‍ മാത്രം എന്തോ എന്റെ മനസില്‍ ഉടക്കി നില്‍ക്കുന്നു.
എന്തിലോ, ഏതിലോ തട്ടിയുടക്കി പൊട്ടിപോയൊരു പാവം ജപമാല. സാറാജോസഫിന്റെ 'ഒതപ്പ്' എന്ന നോവലിലെ നായിക മര്‍ഗലീത്തയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്കെവിടെ....?.'ആലാഹയുടെ പെണ്‍മക്കള്‍', 'മാറ്റാത്തി' എന്നീ നോവലുകളുടെ ചക്രം പൂര്‍ത്തിയായത് 'ഒതപ്പി'ലാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ എന്റെ വായനയില്‍ ആ ചക്രം ഇനിയും പൂര്‍ത്തിയായിട്ടില്ല. 'ഊരുകാവലി'ലും, 'ആതി'യിലും അത് വികസിക്കുന്നു. ഒട്ടും സങ്കീര്‍ണ്ണമല്ലത്. ഭൂമിയിലെ എല്ലാ ഗര്‍ഭപാത്രങ്ങളുടെയും മിടിപ്പ് അതിലറിയാം. ആഴങ്ങളില്‍ നിന്നും ഒരുറവ പൊട്ടുന്നത് പോലെ സ്വഭാവികവും നൈസര്‍ഗികവുമായ ഒരു പ്രതിഭാസം. പ്രകൃതിയും പ്രേമവും മനുഷ്യസ്നേഹവും രാഷ്ട്രീയവും ലിംഗനീതിയും സ്വയം മുദ്ര പതിപ്പിച്ച, ചവിട്ടിക്കുഴച്ച മണ്ണ്. അതില്‍ എന്തും മുളപൊട്ടും. ഭിന്നസ്വരങ്ങള്‍ കൂടികുഴഞ്ഞ്, അതിസാന്ദ്രമായൊരു മറുഭാഷ ഈ കൃതികളില്‍ ഉരുവപ്പെടുന്നു....മര്‍ഗലീത്തയും ഫാ. റോയ് ഫ്രാന്‍സീസ് കരീക്കനും യോഹന്നാന്‍ കശീശയും അഗസ്റ്റിനും കണ്ടെത്തുന്ന ലോകങ്ങള്‍ എത്ര അന്തരപ്പെട്ടിരിക്കുന്നു...അനുരാഗം ആനന്ദമാണെന്നും ആനന്ദമാര്‍ഗം ദൈവത്തിന്റെ വഴിയാണെന്നും തിരിച്ചറിയുന്നു. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒന്നിനും  ആ ഭൂമികയില്‍ ഇടമില്ല. ഗര്‍ഭജലത്താലെന്ന പോലെ സര്‍വ്വവും ജ്ഞാനസ്നാനപ്പെടുന്ന സ്നേഹത്തിന്റെ പറുദീസയാണിത്. അരുവികള്‍ സ്നേഹയാനം തുടരുമ്പോള്‍, വിത്തുകള്‍ പലതും മൂളക്കത്തോടെ പൊട്ടി വിടരുമ്പോള്‍, കിളികള്‍ സങ്കീര്‍ത്തനം പൊഴിക്കുമ്പോള്‍ കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും പൂര്‍ണ വിരാമം കുറിക്കപ്പെടുന്നു. മണ്ണില്‍ ചാലിച്ച് പൂര്‍ണത കൈവന്ന വിശുദ്ധി എത്ര ഉദാത്തമാണ്....