'ജയഭാരതിയുടെ പൊക്കിളിന് എന്തൊരു വലിപ്പമാ...ഒരു കിലോ അരി അതിലിട്ട് അരയ്ക്കാം'. ദേവകി ടീച്ചര്‍ ഷര്‍ട്ടിന്റെ മുകളിലെ ബട്ടണ്‍സിട്ട് കൊണ്ട് പറഞ്ഞു. 'കൈയ്യിലാണെങ്കില്‍ അച്ച് കുത്തിയൊരു പാടും.' ('ആനന്ദമാര്‍ഗം'- ഉണ്ണി ആര്‍)
ജയഭാരതിയെ അടിമുടി ഓര്‍മ്മിപ്പിച്ചതിന് 'ആനന്ദമാര്‍ഗം' എന്ന ചെറുകഥയ്ക്കും കഥാകൃത്ത് ആര്‍ ഉണ്ണിയ്ക്കും കടപ്പാട്. ഐ വി ശശിയുടെ ആദ്യ സിനിമയായ 'ഉത്സവ'മാണ് ജയഭാരതിയെ ആദ്യം കണ്ട സിനിമയെന്ന് ഓര്‍മ പറയുന്നു. ചാരിയിട്ട മരവാതില്‍ സോമന്‍ തള്ളിതുറന്നപ്പോള്‍, കൈയ്യില്‍ ഊരി മാറ്റിയ നനഞ്ഞ ബ്ളൌസുമായി ഭാരതി ബ്ളാക്ക് & വൈറ്റില്‍ നില്‍ക്കുന്നു. കൈകള്‍ കൊണ്ടൊരു ഗുണനചിഹ്നം മാറിന് കുറുകെ പണിത് നമ്രമുഖിയായി അവള്‍ നില്‍ക്കുന്നതും സോമന്‍ മാര്‍ജാര പാദനായി ആ പാനപാത്രത്തിനരികിലേക്ക് നടന്നടുക്കുന്നതും മുറിയിലെ കൊച്ചു ജനലിലൂടെ പുറത്ത് കനക്കുന്ന മഴയിലേക്ക് ക്യാമറ നോട്ടം മാറ്റുന്നതും മാത്രമേ ഇപ്പോള്‍ ഓര്‍മ്മയിലുള്ളു.
ആടി കുഴഞ്ഞൊരു ശരീരമായിരുന്നു ഭാരതിയുടേത്. 'ദാ..എന്നെ പിടിച്ചോ..' എന്ന് മൂളി നായകവൃക്ഷത്തിലേക്ക് പടരുന്നൊരു വനജ്യോത്സനാവള്ളി പോലെ അവര്‍ ടിവി സ്ക്രീനില്‍ വിരുന്നു വരുന്നു.
ഇന്നത്തെ നായികാസങ്കല്‍പ്പത്തിന് കടകവിരുദ്ധമായിരുന്നു ജയഭാരതിയെന്ന നടിയുടെ ഭൂമിശാസ്ത്രം.അവരുടെ പല്ലുകള്‍ക്കിടയിലെ ചെറിയ വിടവും കൈയ്യിലെ 'അച്ചുകുത്തും', ഉച്ചാരണരീതികളും പിന്‍ കഴുത്തിന് തൊട്ടുതാഴത്തുള്ള കറുത്ത പുള്ളിക്കുത്തും എനിക്കിഷ്ടമായിരുന്നു. വികാരവസന്തത്തിന്റെ ആദ്യതലോടലില്‍ തന്നെ ജയഭാരതിയുടെ എല്ലാശാഖകളും പൂത്തുലയും. മഴക്കാറ് കണ്ട മയിലിനെ പോലെ, നസീറോ, മധുവോ, വിന്‍സെന്റോ ഒന്ന് തൊട്ടാല്‍ മതി വേലിയേറ്റത്തിര അവരുടെ മുഖത്ത് ഓടിയെത്തും. അത്തരം സീനുകളില്‍ അവര്‍ അജയ്യയായിരുന്നു.നമ്മുടെ ശരാശരി പ്രേക്ഷകന് വേണ്ട വൈകാരികതയായിരുന്നു അത്.
ഭാരതിയുടെ ഒരുപാട് രംഗങ്ങള്‍ മനസില്‍ മിന്നിമറയുന്നുണ്ടെങ്കിലും 'ഇതാ ഇവിടെ വരെ' എന്ന സിനിമയിലെ അമ്മിണിയാണ് എനിക്ക് പ്രിയങ്കരി. പൈലി മാപ്ളയോടുള്ള (മധു) പ്രതികാരാഗ്നിയാണല്ലോ വിശ്വനാഥന് (സോമന്‍) അയാളുടെ മകള്‍ അമ്മിണിയെ പ്രണയകുരുക്കിലാക്കാന്‍ പ്രചോദനമേകിയത്. താറാക്കൂട്ടത്തിനിടയ്ക്ക് ഏതോ പാതിരാത്രിയില്‍ നടത്തിയ സംഗമത്തിന് ശേഷം അമ്മിണി ഗര്‍ഭിണിയായോ എന്നറിയാന്‍ വിശ്വനാഥന് ഔത്സുക്യമുണ്ട്. ഇടയ്ക്കിടയ്ക്ക് അയാള്‍ അവളോട് ചോദിക്കുന്നുണ്ട്- 'കുഴപ്പമൊന്നുമില്ലല്ലോ..?'എന്ന്. ഒരു ദിവസം അവള്‍ കായലില്‍ നീരാടുമ്പോഴാണ് വിശ്വനാഥന്‍ പമ്മി പരുങ്ങിയെത്തുന്നത്. 'കുഴപ്പമൊന്നുമില്ലലോ...?'- എന്ന പതിവ് ചോദ്യം. ഒരു കവിള്‍ വെള്ളം മഴവില്ലു പോലെ തുപ്പി 'എന്തോന്ന് കുഴപ്പം...ഒരു കൊഴപ്പവുമില്ല..' എന്ന് പറയുന്നതിലെ വശ്യത മനസിലുണ്ട്. ഒടുവില്‍ പൈലിയുടെ മരണശേഷം അപ്പച്ചന്‍ മാപ്പിളയോടൊപ്പം കര വിട്ട് പോകാന്‍ നേരം വിശ്വനാഥന്‍ അവള്‍ക്ക് നേരെ വെച്ച് നീട്ടിയ ജീവിതം പുല്ലു പുല്ലു പോലെ തട്ടിയെറിഞ്ഞ് ഈറ്റപുലിയുടെ ചീറ്റല്‍ കണക്ക് അവള്‍ പറയുന്നു-'പൈലിയുടെ മോളാടാ ഞാന്‍..' അതെ..അമ്മിണിയ്ക്ക് സമം അമ്മിണി മാത്രം.
മുതലാളി കാമുകനാല്‍ വഞ്ചിക്കപ്പെട്ട് വാഴച്ചോട്ടിലിരുന്ന് മഞ്ഞവെള്ളം ഛര്‍ദ്ദിക്കുന്ന ഭാരതിയ്ക്ക് നേരെ കൈയ്യോങ്ങി കൊണ്ട് അടൂര്‍ ഭവാനി/മീന/കവിയൂര്‍ പൊന്നമ്മ ചോദിക്കും- "ഏതവനാടീ അത്...? ഏതവനാണെന്ന്...പറഞ്ഞില്ലെങ്കില്‍ കൊല്ലും നിന്നെ''. ഇങ്ങനെയുള്ള സിനിമകളില്‍ ഭാരതിയുടെ ശരീരത്തെ കാണാതെ ആത്മാവിനെ സ്നേഹിക്കുന്ന മറ്റൊരു കാമുകനുണ്ടാകും. പക്ഷേ അയാളുടെ മാംസനിബന്ധമല്ലാത്ത അനുരാഗം അവള്‍ കാണുന്നില്ല. പണക്കാരനായ കാമുകന്‍ കക്ഷത്ത് സെന്റടിച്ചോ മധുരമുള്ള ചോക്ളേറ്റ് നല്‍കിയോ അവളെ പാട്ടിലാക്കും. 'കരകാണാകടല്‍' അത്തരത്തിലുള്ള ഒരു സിനിമയാണ്. അതില്‍ ജംബറും കൈലിയുമിട്ട് 'കാറ്റു വന്നു കള്ളനെ പോലെ' പാടി കുന്നിന്‍മുകളിലും പുഴയോരത്തും ഓടി നടക്കുന്ന കൌമാരക്കാരിയെ മറക്കാനാവില്ല. 'കുട്ട്യേടത്തി' യില്‍ വിരൂപിണിയായ കുട്ട്യേടത്തിയെ കളിയാക്കുന്ന സുന്ദരിയായ അനുജത്തിയുടെ വേഷാണ് ഭാരതിയ്ക്ക്. കുട്ടികളാരോ താക്കോല്‍ പഴുതിലൂടെ നോക്കുമ്പോള്‍ നാലു കാലുകള്‍ കെട്ടിപിണയുന്ന ദൃശ്യമുണ്ട്. ഒപ്പം ഭാരതിയുടെ വികാരമുഖവും.
ഭാരതിയുടെ മാസ്റ്റര്‍പീസായ 'രതിനിര്‍വേദം' റീലോഡ് ചെയ്തപ്പോള്‍ ഞാനത് കാണാന്‍പോയില്ല. ശ്വേതാമേനോന്‍ രതി ചേച്ചിയാവുന്നത് കാണാനുള്ള കെല്‍പ്പ് എനിക്കുണ്ടായില്ല. 'പപ്പൂ....' എന്ന ആ നീട്ടി വിളി മറന്നിട്ട് വേണ്ടേ പുതിയ രതി ചേച്ചിയെ കാണാന്‍. വിയര്‍പ്പ് പുതിയ ഭൂപടം തീര്‍ത്ത പച്ചബ്ളൌസും പുള്ളി പാവാടയുമിട്ട് അരുണ സൂര്യനെ പൊട്ടാക്കി നെറ്റിയില്‍ അണിഞ്ഞ് കഴുത്തില്‍ ടേപ്പിട്ട് സ്റ്റൂളിലിരുന്ന് തയ്ക്കുന്ന രതിചേച്ചി.. പപ്പുവിന്റെ സ്വപ്നദര്‍ശനത്തില്‍ കിടക്കയില്‍ മലര്‍ന്ന് കിടക്കുന്ന രതിചേച്ചി..'തിരുതിരുമാരന്‍ കാവില്‍ ആദ്യ വസന്തം കൊടിയേറി' എന്ന പാട്ടുണരുമ്പോള്‍ നൃത്തം ചവിട്ടുന്ന രതിചേച്ചി...ഇതെല്ലാം മറന്നിട്ട് വേണമല്ലോ രണ്ടാമതൊരു രതി ചേച്ചിയെ കാണാന്‍.
'സായൂജ്യം' സിനിമയില്‍ 'മറഞ്ഞിരുന്നാലും മനസിന്റെ ഉള്ളില്‍' എന്ന പാട്ടില്‍ കൈയ്യില്ലാത്ത മാക്സിയിട്ട് നഷ്ടകാമുകന്റെ സ്മൃതികളില്‍ തപ്തനിശ്വാസമുതിര്‍ക്കുന്ന ഭാരതിയെ നോക്കി അമ്മ വെറുപ്പോടെ പറഞ്ഞു- 'മൊഖത്ത് നിന്നും വടിച്ചെടുക്കാം'. ഹും..റോസ് പൌഡറിന്റെ കാര്യമാണ്. സംഗതി സത്യവുമാണ്. പക്ഷേ അമ്മയുടെ കമന്റ് എനിക്ക് തീരെ പിടിച്ചില്ല. 'മാനത്തെ മഴമുകില്‍ മാലകളിലേക്ക്' കണ്ണെറിഞ്ഞ് 'കണ്ണപ്പനുണ്ണി'യില്‍ പാടുന്ന ജയഭാരതി, സന്ധ്യകള്‍ ചാലിച്ച സിന്ദൂരം ചാര്‍ത്തി, വിണ്ണിലെ നക്ഷത്ര മഷിക്കൂട്ടാല്‍ കണ്ണെഴുതിയ ഈ നായികയുടെ വശ്യത കാലാതീതമാണ്. അതാണല്ലോ അല്ലെങ്കില്‍ അതുമാത്രമാണല്ലോ... ഒരുപാട് നഷ്ടകണക്കുകള്‍ സമ്മാനിക്കുന്ന വെളിച്ചത്ത് പിടിച്ച് ഇരുട്ടത്ത് കാണിക്കുന്ന സിനിമയെന്ന 'ഏര്‍പ്പാട്' നടിമാര്‍ക്ക് നല്‍കുന്ന ഏകബോണസ്....
ഃ "..... ചേട്ടന്‍ ശരിക്കും ഒരു സഹോദരനെ പോലെയാണ്. എല്ലാ കാര്യത്തിനും നമ്മുടെ ഒപ്പമുണ്ടാകും. ...... ചേട്ടന്‍ എപ്പോഴും ജോളിയാണ്. ചിരിച്ച് ചിരിച്ച് നമ്മളെ മണല് കപ്പിക്കും.
ഈ ജാതി 'കന്നത്തര'ങ്ങളാണ് മുഖാമുഖങ്ങളിലും ഓര്‍മകുറിപ്പുകളിലും പഴയതും പുതിയതുമായ നടിമാര്‍ മൊഴിയാറുള്ളത്. സിനിമയെന്ന മാക്യവെല്ലിയന്‍ ലോകത്തെ കുറിച്ചോ അവിടുത്തെ ഉപജാപങ്ങളെ പറ്റിയോ അടിച്ചമര്‍ത്തലുകളെ പറ്റിയോ ആര്‍ജ്ജവമുള്ള ഒന്നും ഒരാളും മരണശേഷമെങ്കിലും പ്രസിദ്ധീകരിക്കാന്‍ തുറന്നെഴുതിയിട്ടില്ല. അങ്ങനെയുള്ള തുറന്നെഴതലുകള്‍ ഏറ്റവുമധികം ആവശ്യപ്പെടുന്ന മേഖലയാണ് സിനിമ. കല്ലറകളില്‍ കിടന്നുറങ്ങുന്നവരെ മെനക്കെടുത്തിയാലും മരണം കാത്ത് കിടക്കുന്നവരെ വിചാരണ ചെയ്താലും ഇങ്ങനെയുള്ള തുറന്നെഴുത്ത് ആവശ്യമാണ്.
No comments:
Post a Comment