Friday, February 17, 2012

ഇന്ന് സഞ്ചയനം...
അച്ഛന്റെ മരണം കൊണ്ട് ഏറ്റവുമധികം നഷ്ടമുണ്ടായത് സ്വാഭാവികമായും എനിക്കാണ്. ഭൂമിയുടെ വായിലേക്ക് അച്ഛനെ കിടത്തിയ പെട്ടി കയര്‍ കെട്ടിയിറക്കിയതും, പച്ച മണ്ണ് അതിന്റെ പുറത്തേക്ക് വീഴുന്നതിന്റെ മര്‍മ്മരം കേള്‍ക്കേണ്ടി വന്നതും നാലാം ക്ളാസില്‍ പഠിക്കുമ്പോഴാണ്. 
തെറ്റായ തീരുമാനങ്ങള്‍ മാത്രം ശുഷ്കിച്ച ഈ മനുഷ്യായുസില്‍ കൈകൊള്ളുകയും, തെറ്റിയ തീരുമാനങ്ങളുടെ കരുത്തില്ലാത്ത ചിറകിലേറി കുറച്ച് ദൂരം പറക്കുകയും, ഉയരങ്ങളില്‍ നിന്നും സ്വയം വീഴുകയും മറ്റുള്ളവരാല്‍ തള്ളിയിടപ്പെടുകയും ചെയ്ത ഒരാളെ സംബന്ധിച്ചിടത്തോളം അച്ഛന്റെ അഭാവം വലുതാണ്. അതിനാല്‍ 'അച്ഛനില്ലാത്ത ഒരു കുട്ടി' എന്ന പേരില്‍ ഈ ലോകം എനിക്ക് നല്‍കിയ സഹതാപം മരണം വരെ നിഴലായി പിന്തുടര്‍ന്നിരുന്നെങ്കില്‍ എന്ന മൃഗതൃഷ്ണ ഈ ജന്‍മത്തെ പ്രലോഭിപ്പിക്കുകയും അതേ അളവില്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. 
ബാല്യത്തില്‍ ഏതോ സായാഹ്നയാത്രയ്ക്കിടയില്‍ വിരല്‍തുമ്പ് വിട്ട് അപാരതയിലേക്ക് നടന്ന് മറഞ്ഞ ആ നിഴല്‍ നീളം രണ്ട് ഖണ്ഡങ്ങളായി എന്റെ ജീവിതത്തെ വിഭജിച്ചു. കൂട്ടുകാരുടെ അച്ഛന്‍മാരുടെ മീശകറുപ്പിലും, അദ്ധ്യാപകന്റെ സ്നേഹോപദേശങ്ങളിലും മേലുദ്യോഗസ്ഥരുടെ അധികാരവടിവിലും അച്ഛന്റെ പ്രായമുള്ള ഏത് അപരിചിതദേഹത്തിലും ആ നിഴല്‍ നീളം കണ്ടെടുക്കാനുള്ള അവസാനിക്കാത്ത ചികയല്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാവുകയും ചെയ്തു. 
ഐവര്‍മഠത്തിലെ നനഞ്ഞ മണല്‍ത്തിട്ടയില്‍, മുന്നില്‍ വെച്ച ഇല ചിന്തിലേക്ക്'എള്ളും,പൂവും, ചന്ദനവും' ചാലിക്കുമ്പോള്‍, ഒടുവില്‍ ഇലയിലുള്ളതെല്ലാം ഉള്ളംകൈയ്യിലെ ചൂടിലമര്‍ത്തി നെഞ്ചോടു ചേര്‍ത്ത് 'പിതൃക്കളെ ഒന്നടങ്കം സ്മരിക്കുമ്പോള്‍' ഞാനാഗ്രഹിക്കുന്ന മുഖം മനസിന്റെ കണ്ണാടിയില്‍ മാത്ര മിന്നിമറയാന്‍ അനുഷ്ഠിക്കുന്ന ആ ഏകാഗ്രധ്യാനത്തോളം ആഴമുണ്ട് അച്ഛന്റെ നഷ്ടത്തിന്...അമ്മയുടെ അച്ഛന്‍, അച്ഛന്റെ അച്ഛന്‍, അച്ഛന്‍ മരിച്ച വൃത്താന്തമറിഞ്ഞ് ഒരു ഗ്ളാസ് വെള്ളം അയല്‍വീട്ടില്‍ നിന്ന് വാങ്ങി കുടിച്ച് തളര്‍ന്ന് വീഴുകയും, കൃത്യം 90ാം ദിവസം അച്ഛന്റെ അടുത്തായി കുഴിച്ച കുഴിയില്‍ അദ്ദേഹത്തിന് 'കമ്പനി' നല്‍കുകയും ചെയ്ത ഇളയച്ഛന്‍....ഇവരുടെ മുഖങ്ങളെല്ലാം പച്ചപ്പില്‍ മനസിലുണ്ടെങ്കിലും എ മോഹനന്‍ നായരുടെ മുഖം മാത്രം തെറ്റി പിരിഞ്ഞ് നില്‍ക്കുന്നതിന്റെ വൈരുധ്യമാണ് എന്നെ അലട്ടിയിരുന്നത്. 
അക്ഷരങ്ങളും ദൃശ്യങ്ങളും അനുവാദമില്ലാതെ കടലെടുത്ത ഒരു ജന്‍മത്തിന്റെ ശിഷ്ട ഭാഗത്തില്‍ പരേതന് പുനര്‍ജനിക്കാന്‍ ഇടമൊരുക്കുകയായിരുന്നു പിന്നീടെന്റെ ലക്ഷ്യം. അമ്മ കാണാതെ, ഓജോ ബോര്‍ഡ് കളിച്ച് അച്ഛനെ മെഴുകതിരി മൂടിയ ഗ്ളാസിന്റെ ഇത്തിരിവട്ടത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് ഇതിന്റെ ഭാഗമായി കാണണം. പിതൃ-പുത്ര സ്നേഹം ചിത്രീകരിക്കുന്ന സിനിമകളും സാഹിത്യസൃഷ്ടികളും എന്നെ അലോസരപ്പെടുത്തി. ഉദാഹരണത്തിന് 'വാരണം ആയിരം' എന്ന സിനിമയില്‍ പുകവലിയ്ക്ക് അഡിക്റ്റ് ആയ അച്ഛന്‍ മകനോട് "നീ സിഗരറ്റ് വലിക്കരുത്. നീ വലിക്കുന്നത് എനിക്കിഷ്ടമല്ല'' എന്ന് പറയുന്ന ചെറിയ രംഗം എന്നെ വല്ലാത്ത ഒരു മൂഡില്‍ കൊണ്ടെത്തിച്ചു.  എന്റെ അച്ഛന്‍ നന്നായി സിഗരറ്റ് വലിക്കുമായിരുന്നു. വില്‍സിന്റെ മണമില്ലാത്ത രാത്രികള്‍ നാലാം ക്ളാസ് വരെ എന്റെ ജീവിതത്തില്‍ വിരളമായിരുന്നു. ഏത് ഗാഡനിദ്രയിലും ആ മണം എന്നെ ഉണര്‍ത്തുമായിരുന്നു. സിഗരറ്റ് കൂടുകള്‍ പൊളിച്ചുണ്ടാക്കുന്ന 'ചെറു നോട്ട് പാഡുകില്‍' ആവശ്യമുള്ള കണക്കുകള്‍, ഫോണ്‍ നമ്പറുകള്‍, ഓര്‍മ്മിക്കേണ്ട മേല്‍വിലാസങ്ങള്‍ എന്നിവ താല്‍ക്കാലികമായി കുറിച്ചിടുന്നത് അച്ഛന്റെ ശീലമായിരുന്നു. 
പോളിസ്റ്റര്‍ മുണ്ടും,ഫുള്‍കൈ ഷര്‍ട്ടുകളും, റെയ്ബാന്‍ ഗ്ളാസുകളും, രാജദൂത്, യമഹ ബൈക്കുകളുടെ കടലിരമ്പങ്ങളും, ചെറു വള്ളിയുള്ള ഹാന്‍ഡ് ബാഗും അച്ഛന്റെ ഭാഗങ്ങളായിരുന്നു.
അച്ഛന്‍ ഒരു പ്രമേഹരോഗിയായിരുന്നു. ഒരു ദിവസം നട്ടുച്ചയ്ക്ക് ഉറക്കത്തില്‍ നിന്നും ഞെട്ടിയെഴുന്നേറ്റ അച്ഛന്‍ വിയര്‍ത്തുകുളിക്കുകയും വലിയ പരവശം കാണിക്കുകയും ചെയ്തു. അമ്മയും ചേച്ചിയും കരഞ്ഞപ്പോള്‍, അയല്‍പക്കത്തെ ബാബു ഡോക്ടറെ ഓടി പോയി വിളിച്ചു കൊണ്ടു വന്നത് ഞാനാണ്. 
വന്നയുടന്‍, അച്ഛനരികില്‍ കട്ടിലില്‍ ഇരുന്ന ഡോക്ടര്‍ അമ്മയോട് സ്പൂണ്‍ പഞ്ചസാര കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. ഞൊടിയിടയില്‍ സ്പൂണ്‍ പഞ്ചാരയുമായി അമ്മയെത്തിയതും, ഡോക്ടര്‍ അച്ഛനോട് വാ പൊളിക്കാന്‍ പറഞ്ഞതും, പിളര്‍ന്ന വായിലേക്ക് പഞ്ചാരയിട്ടതും, പത്ത് മിനിറ്റിനുള്ളില്‍ തിരയടങ്ങിയ കടല്‍ പോലെ അച്ഛന്‍ ശാന്തനായതും, സ്പൂണ്‍ പഞ്ചാരയാല്‍ ലോകത്തിലെ എട്ടാമത്തെ അത്ഭുതം നിസാരമായി പ്രത്യക്ഷവല്‍ക്കരിക്കാമെന്ന നിസാര പുഞ്ചിരിയോടെ ഡോക്ടര്‍ ആ കൊച്ചുകുടുംബത്തെ നോക്കിയതും എന്നെ സംബന്ധിച്ചിടത്തോളം മിഴിവുള്ള ഒരോര്‍മയാണ്. 
'മൈ ഫാദേഴ്സ് നെയിം ഈസ് എ മോഹനന്‍ നായര്‍. ഹീ ഈസ് എ ബിസിനസ് മാന്‍' എന്ന് കോംപസിഷന്‍ ബുക്കില്‍ അമ്മയുടെ വാക്കുകള്‍ പകര്‍ത്തുന്നതിനോടൊപ്പം, ജെമസിന്റെ നിറമുള്ള മധുര ഗുളികകളായും, ഫൈവ് സ്റ്റാര്‍ പായ്ക്കറ്റിന്റെ കിരുകിരുപ്പായും, എണ്ണ പലഹാരങ്ങളുടെ വിവിധ രുചികളായും അച്ഛന്‍ എന്ന ഉണ്‍മ എന്റെ ഒരോ കോശങ്ങളിലും തള്ളിയടിച്ചു.
മ്യൂസിയത്തിലേക്കുള്ള ഫാമിലി ടൂറിനിടയില്‍ കിണറ്റില്‍ കിടന്ന ഹിപ്പോപൊട്ടാമസിന്റെ പിളര്‍ന്ന വായിലേക്ക് അച്ഛന്‍ അവിടെ കണ്ട പുല്‍തൊട്ടിയില്‍ നിന്നും പിടി പുല്ല് വാരിയിട്ടതും, ഔദ്യോഗിക കൃത്യത്തിനിടയ്ക്ക് 'ഏതോ വരത്തന്‍' നുഴഞ്ഞുകയറിയതിന്റെ അസ്ക്യതയോടെ കാവല്‍ക്കാരന്‍ അദ്ദേഹവുമായി കോര്‍ത്തതും, കൂട്ടുകാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം കൈയ്യാങ്കളി നടക്കുകയും, അച്ഛന്റെ വാച്ചിന്റെ ചില്ല് തട്ടി വാച്ച്മാന്റെ നെറ്റി പോറിയതും, നൂറിന്റെ ഒരു താള്‍ കൊണ്ട് കാര്യങ്ങളെല്ലാം സമ്പൂറാക്കിയതും വഴി 'ഡാഡി' എത്ര 'കൂള്‍' എന്ന തിരിച്ചറിവ് അദ്ദേഹം എനിക്കുണ്ടാക്കി. 
ഗുരുവായൂര്‍ യാത്രകള്‍ക്കിടയില്‍ കൂട്ടുകാരായ സലീം, അബ്ദു എന്നിവരെ രാമന്‍കുട്ടി, ജനാര്‍ദ്ദനന്‍, തുടങ്ങിയ ഹൈന്ദവനാമങ്ങളിലേക്ക് ജ്ഞാനസ്നാനപ്പെടുത്തുകയും അവരുടെ ഭാര്യമാര്‍ക്കും തരം പോലെ വൈവിധ്യമേറിയ ഹൈന്ദവനാമങ്ങള്‍ നല്‍കി നിശബ്ദമായ 'ക്ഷേത്ര പ്രവേശന' വിപ്ളവം നടത്തിയതിന് ശേഷം, അവര്‍ക്കൊപ്പം നിന്ന് കള്ളകണ്ണനെ പ്രാര്‍ത്ഥിക്കുമ്പോള്‍ അച്ഛന്റെ ചുണ്ടില്‍ വിടരാറുള്ള കള്ളചിരിയും എന്റെ നഷ്ടങ്ങളുടെ പട്ടികയില്‍ പെടുന്നു. 
അച്ഛന്റെ വിയോഗത്തിന് ശേഷം പല രാത്രികളിലും അമ്മയും മരിച്ചു പോയെന്ന്  പേക്കിനാവ് കാണുകയും 'സര്‍വ്വ മംഗള മാംഗല്യേ, ശിവേ സര്‍വ്വാര്‍ത്ഥ സാധികേ, ശരണ്യേ ത്രയംബംകേ ഗൌരി, നാരായണീ നമോസ്തുതേ' എന്ന ദേവീശ്ളോകം ചൊല്ലി ഞാന്‍ ചുവരിനോട് ചേര്‍ന്ന് കിടക്കുകയും ചെയ്തു. 
അലമാരയുടെ ചെറിയ അറയില്‍ തപ്പിയപ്പോള്‍പഴക്കമുള്ള മഞ്ഞച്ച ന്യൂസ്പേപ്പര്‍ എന്റെ കൈയ്യില്‍ തടഞ്ഞു. 'ഇന്ന് സഞ്ചയനം' എന്ന തലക്കെട്ടില്‍ തുടങ്ങി ദുഖാര്‍ത്തരായ ബന്ധുമിത്രാദികള്‍ എന്ന് അവസാനിക്കുന്ന ചെറിയ പരസ്യം കണ്ടപ്പോള്‍ എനിക്കുണ്ടായ ചില ഓര്‍മകളാണിത്...


No comments: