Thursday, February 16, 2012


ഏതിലയും മധുരിക്കുന്ന കാടുകള്‍...

ന്റെ മുന്നിലെ ഇലയില്‍ വിളമ്പിയ സദ്യ ആവേശത്തോടെ തിന്നുതീര്‍ക്കുകയും തൊട്ടടുത്തിരിക്കുന്നവന്റെ ഇലയിലേക്ക് നാണമില്ലാതെ കൈയിട്ട് വാരി തിന്നുകയും ചെയ്യുന്ന ആ പ്രവണതയെ ആണല്ലോ 'അവിഹിതം' എന്ന ഓമനപേരിട്ട് സമൂഹം വിളിക്കുന്നത്. 
ഇത്തരം സവിശേഷ വ്യതിചലനം മലയാളീസമൂഹത്തില്‍ കണക്കില്ലാതെ കൂടിയിട്ടുണ്ടെന്നാണ് സമീപകാലത്തിറങ്ങിയ ചില മലയാളം സിനിമകള്‍ പറയുന്നത്. 'ഇന്ത്യാടുഡേ' യുടെയും മറ്റും കവര്‍ സ്റ്റോറിയായി ഈ വിഷയം പലവട്ടം വന്നിട്ടുണ്ടെങ്കിലും അതിന്റെ ആധികാരിതയില്‍ അവര്‍ തന്നെ സംശയാലുക്കളാണ് എന്ന നിഗമനമാണ് എനിക്കുള്ളത്. 

'ബ്യൂട്ടിഫുള്‍' 

100ാം ദിവസത്തിലേക്ക് കുതിക്കുന്ന വി കെ പ്രകാശിന്റെ സൂപ്പര്‍ഹിറ്റ് 'ബ്യൂട്ടിഫുള്‍' ടോട്ടല്‍ അവിഹിതബന്ധങ്ങളുടെ കണക്കെടുപ്പ് കൂടിയാണ്. കഴുത്തിന് താഴെ തളര്‍ന്ന് ഫോര്‍ട്ട്കൊച്ചിയിലെ കൊട്ടാരക്കെട്ടില്‍ കഴിയുന്ന സ്റ്റീഫന്‍ ലൂയീസ് തന്നെ പരിശോധിക്കുന്ന ഭര്‍ത്തൃമതിയായ ഡോക്ടറോട് അവരുടെ കൂട്ടുകാരനെ കുറിച്ച് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. വിദേശത്തുള്ള കൂട്ടുകാരനെ കാണാന്‍ താന്‍ ചില ഇല്ലാത്ത മെഡിക്കല്‍ ക്യാമ്പിന്റെ കഥ പറഞ്ഞ് വര്‍ഷത്തിലൊരിക്കല്‍ അങ്ങോട്ടോ, അല്ലെങ്കില്‍ അയാള്‍ ഇങ്ങോട്ടോ വരാറുണ്ടെന്ന് കുമ്പസരിച്ച ഡോക്ടര്‍ സിനിമയിലെ മര്‍മ്മപ്രധാനമായ ഒരു വണ്‍ലൈന്‍ ആംഗലേയ ഡയലോഗ് കാച്ചുന്നുണ്ട്- 'മാരേജ് ഈസ് എ ലൈസന്‍സ് ടു ഹാവ് ആന്‍ എക്സ്ട്രാ മാരിറ്റല്‍ അഫയര്‍'. കുളിമുറിയ്ക്കടുത്ത് വെച്ച് തന്നെ 'ട്രൈ' ചെയ്ത കമലുവിനോട് താന്‍ പറ്റില്ലെന്ന് പറഞ്ഞതാണ് അയാള്‍ക്ക് തന്നോടുള്ള ഈര്‍ഷ്യയ്ക്ക് കാരണമെന്ന് വേലക്കാരി കന്യക (!) സ്റ്റീഫനോട് അയാളുടെ താടി വെട്ടിയൊതുക്കുന്നതിനിടയില്‍ സൂചിപ്പിക്കുന്നുണ്ട്. എന്താണ് കന്യകയുടെ വിസമ്മതത്തിന് കാരമെന്ന് സ്റ്റീഫന്‍ ആരാഞ്ഞപ്പോള്‍- 'എന്തോ...എനിക്കപ്പോള്‍ മൂഡേ ഉണ്ടായിരുന്നില്ല' എന്നാണ് കന്യക പറയുന്നത്. അഞ്ജലിയെന്ന കള്ളപേരില്‍ എത്തുന്ന ഹോംനേഴ്സും സ്റ്റീഫന്റെ ബന്ധുവായ അലക്സും തമ്മിലുള്ള രഹസ്യധാരകളാണ് സിനിമയുടെ പ്ളോട്ടിന്റെ കാതല്‍. സ്റ്റീഫന്റെ ട്രൂപ്പിലെ യുവാവായ ഗായകനും തൊട്ടടുത്ത ഫ്ളാറ്റിലെ കൊച്ചമ്മയും തമ്മിലുള്ള രഹസ്യവേഴ്ച്ചകളെ പരസ്യമാക്കുന്ന സംഭാഷണങ്ങളും സിനിമയിലുണ്ട്. 

'ട്രാഫിക്' 
തൊട്ടുമുമ്പ് പുറത്തിറങ്ങിയ 'ട്രാഫിക്' എന്ന സിനിമയുടെയും പ്ളോട്ടില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാക്കുന്നത് ഡോ. എബേല്‍ തര്യന്റെ (കുഞ്ചാക്കോ ബോബന്‍) ഭാര്യയ്ക്ക് അയാളുടെ സുഹൃത്തുമായുള്ള അവിഹിതബന്ധമാണ്. എബേലിന്റെ ഇരുവശത്തും നിലയുറപ്പിച്ച്, അയാളുടെ പിറകിലൂടെ, സെറ്റിയിലൂടെ, കൈകള്‍ ചേര്‍ത്ത് പിടിക്കുന്ന ആ ബന്ധത്തിന്റെ ചുണ്ടില്‍ വിടരുന്നത് നിഗൂഡമായ ഒരു ചതിയുടെ ഹര്‍ഷം മതിവരുവോളം ആസ്വദിക്കുന്ന രണ്ടുപേരുടെ പുഞ്ചിരിയാണ്. ഡോ. എബേല്‍ സുന്ദരനാണ്. ഭാര്യയുടെ ജന്‍മദിനത്തില്‍ ഏറ്റവും നല്ല കാര്‍ തന്നെ അവള്‍ക്ക് 'വിസ്മയ-സമ്മാനമായി' നല്‍കണമെന്ന് വാശി പിടിക്കുന്ന മനസാണ് അയാള്‍ക്കുള്ളത്. അര്‍ദ്ധരാത്രി ഭാര്യയുടെ മൊബൈല്‍ഫോണ്‍ തുടര്‍ച്ചയായി 'ഇക്കിളി കൊണ്ട് ചിരിക്കുമ്പോള്‍' അതില്‍ സംശയത്തിന്റെ കരി നിഴല്‍ കാണാത്തവനാണ്. എന്നിട്ടും ഭാര്യ അയാളെ വാരിക്കുഴിയില്‍ വീഴ്ത്തി. നാഗരികതയുടെ ഭൂപടങ്ങളില്‍ ഇത്തരം വാരിക്കുഴികള്‍ ധാരാളമുണ്ടെന്നാണോ തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും ധ്വനിപ്പിക്കുന്നത്. തന്നെ വഞ്ചിപ്പിച്ച ഭാര്യയെ അവളുടെ ജന്‍മദിന സമ്മാനമായി നല്‍കാനിരുന്ന പുതിയ കാറിനാല്‍ എബേല്‍ ഇടിച്ചിടുമ്പോള്‍ തിയറ്ററില്‍ ഉയര്‍ന്ന കൈയ്യടികള്‍ സത്യത്തില്‍ എന്നെ പരിഭ്രമിപ്പിച്ചു. 'അവള്‍ക്ക് അത് തന്നെ വേണമെന്ന' കരിമ്പടത്തിനുള്ളിലും മറ്റെന്തിനൊക്കെയൊ നമ്മുടെ പ്രേക്ഷകര്‍ സത്യവാങ്ങ്മൂലം നല്‍കിയയെന്നാണ് എനിക്ക് അപ്പോള്‍ തോന്നിയത്. 

'ചാപ്പാകുരിശ്'

സമീര്‍താഹിര്‍ സംവിധാനം ചെയ്ത 'ചാപ്പാകുരിശ്' എന്ന സിനിമയില്‍ അര്‍ജുനും (ഫഹദ് ഫാസില്‍) സോണിയയും തമ്മിലുള്ള ബന്ധം അവിഹിതമാകുന്നത് അവര്‍ക്ക് നടുവില്‍ അര്‍ജുന്റെ പ്രതിശ്രുതവധു ആന്‍ (റോമ അസ്രാണി) നില്‍ക്കുന്നത് കൊണ്ട് മാത്രമല്ല. വീണ്ടും വീണ്ടും കണ്ട് മൂര്‍ച്ഛ അടയാനോ സോണിയയെ പിന്നീട് ബ്ളാക്ക്മെയില്‍ ചെയ്യാനുള്ള ട്രംപ്കാര്‍ഡായോ ആ വേഴ്ച അര്‍ജുന്‍ അയാളുടെ മൊബൈല്‍ ഹാന്‍ഡ്സെറ്റില്‍ ചിത്രീകരിക്കുന്നത് കൊണ്ടു കൂടിയാണ്.

'കോക്ടെയ്ല്‍' 

 'ബട്ടര്‍ഫ്ളൈ ഓണ്‍ ദി വീല്‍സ്' എന്ന കനേഡിയന്‍ സിനിമയുടെ സ്വതന്ത്ര മലയാള പരിഭാഷയായ 'കോക്ടെയ്ല്‍' പറഞ്ഞതും അവിഹിത ബന്ധത്തിന്റെ കഥയാണ്. നഗരത്തിലെ പ്രമുഖ ബില്‍ഡേഴ്സില്‍ ജോലി നോക്കുന്ന രവി എബ്രഹാമിന്റെ (അനൂപ് മേനോന്‍) സുരക്ഷിത ജീവിതത്തെ ഒറ്റദിവസം കൊണ്ട് മാറ്റി മറിക്കുന്ന അപരിചിതനായ വെങ്കിടേഷിന്റെ കഥയാണിത്. രവിയുടെ ഭാര്യയായ പാര്‍വ്വതിയുടെ പൂര്‍ണ്ണ സഹായത്തോടെയാണ് വെങ്കിടേഷ് 'ജീവിതനാടക'ത്തിന് തിരക്കഥയെഴുതിയത്. തെരുവ് പെണ്ണുങ്ങളെ വിലപേശി കാറിലെത്തിക്കാന്‍ ആവശ്യപ്പെട്ട്, പാര്‍വ്വതിയുടെ ശരീരത്തില്‍ ആസക്തിയോടെ വിരലോടിച്ച് സ്വന്തം ഭാര്യയുമായി രവി നടത്തിയ 'അവിഹിത ഇടപാടി' ന് വെങ്കിടേഷ് കണക്കു ചോദിക്കുന്നത്.

'ക്യാറ്റ് ആന്‍ഡ് മൌസ്'

സിബിമലയിലിന്റെ പുതിയ ചിത്രം 'ഉന്നം', കെ കെ രാജീവിന്റെ ചിത്രം- 'ഞാനും എന്റെ ഫാമിലിയും' ഇവയിലും വിവാഹേതര ബന്ധങ്ങള്‍ പ്രധാനപ്രമേയമാവുന്നു. 'ഉന്ന'ത്തിലെ അലോഷിയും (ആസിഫലി) ജെന്നിയും (റിമാകലിങ്കല്‍) 10ാം ക്ളാസ് മുതല്‍ കമിതാക്കളാണ്. ചില പ്രശ്നങ്ങള്‍ കൊണ്ട് അവര്‍ക്ക് ഒരുമിക്കാനായില്ല. അലോഷിയുടെ സുഹൃത്ത് കൂടിയായ ടോമിയെ (പ്രശാന്ത്നാരായണന്‍) വെട്ടിച്ച് എവിടെയെങ്കിലും ഒന്നിച്ച് ജീവിക്കണമെന്ന അഭിലാഷമാണ് അലോഷിയെയും ജെന്നിയെയും നയിക്കുന്നത്. ടോമിയെ പറ്റിച്ച് ഇരുവരും നടത്തുന്ന 'ക്യാറ്റ് ആന്‍ഡ് മൌസ്' ഗെയിം മാത്രമാണ് ചിത്രത്തില്‍ രസമുള്ള ചില സന്ദര്‍ഭങ്ങള്‍ സമ്മാനിക്കുന്നത്. 
ശ്യാമപ്രസാദിന്റെ 'ഒരേകടല്‍' സിനിമയില്‍ തന്റെ ആത്മാവിന് ആനന്ദമേകുന്ന പ്രൊഫ. നാഥന്റെ കൂടെ കഴിയാനാണ് ദീപ്തി ഒടുവില്‍ തീരുമാനിക്കുന്നത്. 
പഴയ ചില സിനിമകളിലും അവിഹിത ബന്ധം ചര്‍ച്ചാവിഷയമാകുന്നുണ്ട്. "മിസിസ് രാജാ.. നിങ്ങളുടെയുള്ളില്‍ ചുരമാന്തുന്ന ഒരു വേട്ടമൃഗമുണ്ടായിരുന്നു. ചങ്ങലയില്‍ കിടന്ന അതിനെ ഞാന്‍ മോചിപ്പിച്ചു അത്രേയുള്ളു..''- 'ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച' എന്ന സിനിമയില്‍ രോഹിണി രാജയോട് (ശ്രീവിദ്യ)  ഭാഗ്യനാഥന്‍ (സോമന്‍) പറയുന്ന സംഭാഷണമാണിത്. തന്നേക്കാള്‍ ഏറെ പ്രായകൂടുതലുള്ള, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഡോ. രാജയോടുള്ള മാനസികവും ശാരീരികവുമായ പൊരുത്തക്കേടാണ് രോഹിണിയെ ഭാഗ്യനാഥിന്റെ വളര്‍ത്തുമൃഗമാക്കിയത്. ശ്രീവിദ്യയുടെ ഭൂരിഭാഗം കഥാപാത്രങ്ങളും ഇത്തരം ബന്ധങ്ങളില്‍ മനഃപൂര്‍വ്വമോ അല്ലാതെയൊ പങ്കാളികളാവുന്നവരാണ്. കെ ജി ജോര്‍ജിന്റെ 'ഇര'യിലെ ആനി വേലക്കാരനുമായി നടത്തുന്ന ഇടപാടുകള്‍ ചിത്രത്തിന് അധികമാനം നല്‍കുന്നുണ്ട്. 
എംടിയുടെ 'നിര്‍മ്മാല്യ'ത്തില്‍ ദാരിദ്രത്തിന്റെ തീക്ഷ്ണതയാണ് പലിശക്കാരന് വഴങ്ങാന്‍ വെളിച്ചപാടിന്റെ ഭാര്യയെ പ്രേരിപ്പിച്ചത്. "എന്റെ രണ്ടു മക്കളെ പ്രസവിച്ച നീയോ...''എന്നാണ് ആ ഭീകര രംഗത്തിന് സാക്ഷിയായ വെളിച്ചപ്പാട് വിങ്ങിപൊട്ടുന്നത്. 

അക്ഷര അവിഹിതങ്ങള്‍

സിനിമകളില്‍ ചിത്രീകരിക്കുന്നതിനേക്കാള്‍ തീവ്രതയില്‍ അവിഹിത ബന്ധങ്ങള്‍ സാഹിത്യത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. വിജയന്റെയും എംടിയുടെയും മുകുന്ദന്റെയും നായകന്‍മാര്‍ ഇത്തരം ബന്ധങ്ങള്‍ ഉള്ളിലാവാഹിച്ചവരാണ്. ഒരഗമ്യഗമനത്തിന്റെ പട്ടടചൂടാണ് ഖസാക്കിലെ രവിയെ ഉലകം ചുറ്റിക്കുന്നത്. സേതുവിന്റെ പാണ്ഡവപുരം ഇത്തരം ബന്ധത്തിന്റെ മനശാസ്ത്രാവിഷ്കാരമാണ്. 'ഗുരുസാഗര' ത്തില്‍ പിനാകിയുടെ മകളാണ് ഇത്രയും കാലം താന്‍ തലോലിച്ചോമനിച്ച കല്യാണിയെന്ന ഭാര്യയുടെ വെളിപ്പെടുത്തല്‍ കുഞ്ഞുണ്ണിയ്ക്ക് ഇരിക്കപിണ്ഡമാവുന്നു. 
ഒടുവില്‍ വയലാര്‍ അവാര്‍ഡ് നേടിയ കെ പി രാമനുണ്ണിയുടെ 'ജീവിതത്തിന്റെ പുസ്തക'ത്തില്‍ അതിയന്നൂര്‍ കടപ്പുറത്തെ വിജയനും അതിയന്നൂര്‍ വിജയാ ബാങ്ക് ശാഖയിലെ ജീവനക്കാരിയായ ശില്‍പ്പ യോഗേഷ് ഭട്ടുമായുള്ള ബന്ധം ഹൃദ്യമാണ്. അതിയന്നൂര്‍ കടപ്പുറത്തെ മുക്കുവ സഹോദരങ്ങള്‍ക്കായി ലോണ്‍ അപേക്ഷകള്‍ നല്‍കാന്‍ ബാങ്കിലെത്തുന്ന വിജയന് ശില്‍പ്പ ആ ഫോറങ്ങള്‍ ശരിയാക്കുന്ന നേരമത്രയും അവളുടെ മുഖത്തല്ലാതെ മറ്റൊരിടത്തും നോക്കിയിരിക്കാനായില്ല. അയാളുടെ നോട്ടങ്ങളുടെ ആഴം കൂടും തോറും വെളുപ്പില്‍ നിന്ന് ചുവപ്പിലേക്കും ചുവപ്പില്‍ നിന്ന് രുധിരവര്‍ണ്ണത്തിലേക്കും അവള്‍ നിറം മാറുന്നു. "തെച്ചിയും ചെമ്പരത്തിയും കോളാമ്പിയും നിരന്ന തന്റെ പൂന്തോട്ടത്തിലാരോ ചെയിഞ്ചിങ്ങ് റോസ് നട്ടതായിട്ടാണ്'' വിജയന് അനുഭവപ്പെട്ടത്. ഭര്‍ത്താവോ ബന്ധുക്കളോ കുഞ്ഞുമോനോ ഇല്ലാത്ത ഒരു ദിവസം വിജയന്‍ കാല്‍ക്കുഴ തെറ്റിയ കാമുകിയെ കാണാന്‍ അവളുടെ വീട്ടിലെത്തുന്നുണ്ട്. മനസ് താളം തെറ്റുന്ന വേളയില്‍ അവളുടെ കുഞ്ഞുമോന്‍ മേശയിലുപേക്ഷിച്ച വായ പിളര്‍ന്ന ബാഗും ഷോക്കേസിലിരുന്ന ഭര്‍ത്താവിന്റെ ഫോട്ടോയും കണ്ണടയും  അയാളെ അലോസരപ്പെടുത്തുന്നു. എന്നാല്‍ ഒന്നാവാനുള്ള കാമിനിയുടെ താപത്തെ അതിജീവിക്കാന്‍ അയാള്‍ക്ക് ആവുന്നില്ല. ന്യൂസ് പേപ്പര്‍ കൊണ്ട് ഫോട്ടോയും കണ്ണടയും മൂടിയിട്ട് അവളുടെ അരികിലേക്ക് എത്തുന്ന അയാളോട്-"എന്താ വിജയന്‍..ഞാന്‍ നിങ്ങളുടേതല്ല.. എന്നെ പൂര്‍ണ്ണ മനസോടെ വിജയന് തരാന്‍ എനിക്ക് അവകാശമില്ലേ..?''- എന്ന് ശില്‍പ്പ ചോദിക്കുന്നു. ഈ ചോദ്യത്തിന്റെ പ്രസക്തിയും മാനവും വലുതാണ്. ആയിരംകണ്ണുള്ള പൊതുസമൂഹത്തിന്റെ വിചാരണയും അനിശ്ചിതത്ത്വവും ഇത്തരം ബന്ധങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അനിവാര്യതകളാണ്. ഇവയെല്ലാം ഉയര്‍ത്തുന്ന ചോദ്യങ്ങളും അനേകമാണ്. 

No comments: