Monday, February 13, 2012

ഫസ്റ്റ്ഷോ...സെക്കന്റ് ഷോ...തേര്‍ഡ് ഷോ...

അമ്മ: 'ലാലു, ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് നിനക്കറിയാമോ...?'
ലാലു: 'എന്താ അമ്മേ...?'
അമ്മ: 'ഇന്ന് നിന്റെ അച്ഛന്റെ ആണ്ടാണ്'
(ലാലുവിന്റെ മുഖം. ചുവരില്‍ അച്ഛന്റെ പടം. ദുരന്തരംഗങ്ങളിലെ സ്ഥിരം കുഴല്‍വിളി.)
അടുത്ത രംഗത്തിലും അമ്മയുടെ കണ്ണീര്‍മുഖം കണ്ട് ലാലുവിന്റെ ആത്മഗതം-"അമ്മയുടെ മുഖം കാണുമ്പോള്‍ എന്നും അച്ഛന്റെ ആണ്ടാണോയെന്ന് എനിക്ക് സംശയം തോന്നാറുണ്ട്''.


അച്ഛന്‍ മരിച്ചയുടനെ 'ചിത്രം' സിനിമ കാണുകയായിരുന്ന കൊച്ചുലാലുവിനെ അമ്മാവന്‍ തിയറ്റില്‍ നിന്ന് പിടിച്ചിറക്കി വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുന്നുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മാവനെ കുറിച്ച് ഓര്‍ക്കുമ്പോള്‍- "എന്റെ അച്ഛന്‍ മരിച്ച ശേഷം എന്നെയോ അമ്മയെയോ തിരിഞ്ഞുനോക്കാത്ത ആളാണ് ഞങ്ങളുടെ അമ്മാവന്‍. അതൊക്കെ ഞാന്‍ ക്ഷമിക്കും. പക്ഷേ 'ചിത്ര'ത്തിന്റെ ക്ളൈമാക്സ് കാണാന്‍ സമ്മതിക്കാത്തത് ഞാന്‍ മറക്കില്ല''- എന്നാണ് ലാലു അനുസ്മരിക്കുന്നത്.

സിനിമയെന്ന  മാധ്യമം അതിന്റെ പൂര്‍വ്വവഴികളെ അനുകരിച്ച് അതില്‍ നിന്ന് പുതിയ തിരക്കഥയ്ക്ക് ആവശ്യമുള്ള ഹാസ്യം ഉല്‍പ്പാദിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ഒരുപിടിയുണ്ട് ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ 'സെക്കന്റ് ഷോ' എന്ന സിനിമയില്‍.

മണല്‍ക്കടത്തില്‍ നിന്നും കഞ്ചാവ് കടത്തിലേക്കും അവിടെ നിന്ന് ജയിലിലേക്കും ചുവട് വെക്കുന്ന ലാലു ജയില്‍ മോചിതനായി മഴയുള്ള രാത്രിയില്‍ ഒരു ബസ്സ്റ്റോപ്പിലെത്തുന്നതും അവിടെ കണ്ട മറ്റൊരു യാത്രക്കാരനോട് തന്റെ ജീവിത വഴികള്‍ പറയുന്ന രീതിയിലാണ് 'സെക്കന്റ് ഷോ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പക, പ്രതികാരം, പ്രണയം, സുഹൃത്തുക്കള്‍ എല്ലാം ഒത്തിണങ്ങിയ ആ 'ആത്മഗതമാണ്' സിനിമയ്ക്ക് ജീവന്‍ നല്‍കുന്നത്. 'വാളെടുത്തവന്‍ വാളാല്‍' എന്ന പഴഞ്ചൊല്ലാണ് സിനിമയുടെ വണ്‍ലൈന്‍. പക്ഷേ പഴഞ്ചൊല്ലിനെ എത്രത്തോളം പുതുമയുള്ളതാക്കാം എന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും തിരക്കഥാകൃത്ത് വിന്നിയും 'തലപുകച്ചതിന്റെ' ഗുണം 'സെക്കന്റ് ഷോ'യില്‍ കാണുന്നുണ്ട്. ദുല്‍ക്കറിന്റെയും 'കുരുടിയെ' അവതരിപ്പിച്ച സണ്ണി വയേനയുടെയും തകര്‍പ്പന്‍ പെര്‍ഫോമന്‍സ് സിനിമയെ ഉയര്‍ത്തുന്നു. ഗൃഹപാഠം ചെയ്ത്, പാഠങ്ങള്‍ നന്നായി മനസിലുറപ്പിച്ചാണ് ദുല്‍ക്കര്‍ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുള്ളത്. പാരമ്പര്യത്തിന്റെ മുഴക്കമുള്ള ശബ്ദം ലാലുവിന്റെ ആത്മഗതത്തിന് ആവശ്യമുള്ള പഞ്ച് നല്‍കുന്നുണ്ട്.

"അന്നും ഇന്നും എന്നും പെണ്ണിന്റെ കാമുകന്‍ പണമാണ്''.
"ഒരായിരം ശത്രുക്കള്‍ക്ക് തുല്യമായി നീയൊരു മിത്രം പോരേടാ എനിക്ക്..'' തുടങ്ങിയ ദുല്‍ക്കറിന്റെ സംഭാഷണങ്ങള്‍ കൈയടി നേടുന്നുണ്ട്.


ബാബുരാജ് അവതരിപ്പിച്ച വാവച്ചന്റെ കീഴിലാണ് ലാലുവും കുരുടിയും കൂട്ടരും ആദ്യം ജോലിയ്ക്ക് ചേരുന്നത്. സിസി അടയ്ക്കാത്ത വണ്ടികള്‍ പിടിച്ചെടുക്കുകയാണ് ജോലി. വാവച്ചന്റെ ചേട്ടന്‍ നാടിനെ വിറപ്പിച്ച ഗുണ്ടയായിരുന്നു. പക്ഷേ ഒരുദിവസം കൂട്ടുകാരുമൊത്ത് നടന്ന് വരുമ്പോള്‍ കവിളില്‍ മറുകുള്ള ഒരു കൊച്ചുപയ്യന്‍ കൊളുത്തിയെറിഞ്ഞ പടക്കം കാലിനിടയില്‍ വീണ് പൊട്ടിയപ്പോള്‍ ഹൃദയാഘാതമുണ്ടായി അയാള്‍ മരിക്കുന്നു!!!. തുടര്‍ന്ന് വാവച്ചന്‍ ജീവിക്കുന്നത് ആ മറുകുള്ള പയ്യനെ കണ്ട് പിടിച്ച് പ്രതികാരം തീര്‍ക്കാനാണ്. വാവച്ചനെ വിഷ്ണുവര്‍ധന്‍ (സുധേഷ്ബെറി) കൊലപ്പെടുത്തിയപ്പോള്‍, ലാലുവും കൂട്ടരും അയാളുടെ കൂടെ ചേരുന്നു. സൂചികോട്ടയില്‍ നിന്ന് കഞ്ചാവ് കടത്തായിരുന്നു പുതിയ ജോലി. ഇടവേളയ്ക്ക് മുമ്പ് വിഷ്ണുവര്‍ധന്റെ ഗ്യാങ്ങുമായി ലാലുവും കൂട്ടരും തെറ്റി പിരിഞ്ഞു. വിഷ്ണുവര്‍ധന്റെ സംഘം ലാലുവിനെയും കൂട്ടരെയും വേട്ടയാടുന്നു. വെട്ട് കൊണ്ട് ഓടയില്‍ കിടക്കുമ്പോഴും ലാലുവിന്റെ ഹൃദയം പറയുന്നു- 'ഇതിന്റെ കണക്ക് ഞാന്‍ തീര്‍ക്കും.'
രണ്ടാമൂഴത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് പിന്നീട് ലാലുവും കൂട്ടരും. എന്നാല്‍ അനിവാര്യമായ തകര്‍ച്ച അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.
'ഫസ്റ്റ്ഷോ', 'സെക്കന്റ്ഷോ', 'തേര്‍ഡ് ഷോ' എന്നിങ്ങനെ മൂന്ന് ഖണ്ഡങ്ങളായി ക്രമാനുഗതമല്ലാത്ത രീതിയില്‍ പുരോഗമിക്കുന്ന സിനിമയ്ക്ക് അനുയോജ്യമായ ദൃശ്യപരിചരണമാണ് ക്യാമറാമാന്‍ പപ്പു നല്‍കിയിരിക്കുന്നത്. റെക്സ് വിജയന്റെ ബാക്ക്ഗ്രൌണ്ട് സ്കോര്‍ സിനിമയില്‍ ഒരു വഴിത്തിരിവാണ്.

ലാലുവിന്റെ പ്രണയമാകട്ടെ അവന്‍ ജയിലില്‍ പോകുന്നതോട് കൂടി പൊളിയുകയാണ്. 'ലാലുവേട്ടന്‍ വിളിച്ചാല്‍ ഏത് നരകത്തിലേക്കും ഇറങ്ങി വരാമെന്ന്' വാഗ്ദാനം ചെയ്ത മുറപെണ്ണ് മറ്റൊരുത്തന്റെ മുന്നില്‍ ചായയും ജിലേബിയും നിരത്തുമ്പോള്‍ ലാലു പറയുന്നു- "അന്നും ഇന്നും എന്നും പെണ്ണിന്റെ കാമുകന്‍ പണമാണ്''.

: ചുരുക്കത്തില്‍ ദുല്‍ക്കറിന്റെയും സണ്ണിയുടെയും മികച്ച അഭിനയവും മികച്ച തിരക്കഥയും സംവിധാനവും സിനിമയെ 'പുതുമുഖങ്ങളുടെ സിനിമ' എന്ന സാധാരണ ലേബലില്‍ നിന്ന് ഉയര്‍ത്തുന്നു.

No comments: