Monday, February 13, 2012

'ഉന്നം' തെറ്റിയ ബെടി പ്രേക്ഷരുടെ നെഞ്ഞത്ത് കയറിയപ്പോള്‍...

സംവിധായകന്‍ സിബിമലയില്‍ സിനിമയെടുക്കുന്നത് നിര്‍ത്തണമെന്ന് അദ്ദേഹത്തിന്റെ പഴയ സിനിമകളെ കുറച്ചെങ്കിലും ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ അഭ്യര്‍ത്ഥിക്കാനേ ഈ സാധാരണക്കാരന് സാധിക്കൂ.
ഏറ്റവും ഒടുവില്‍ സ്വാതിഭാസ്കറിന്റെ തിരക്കഥയില്‍ ആസിഫലി, റിമാകലിങ്കല്‍, ലാല്‍, നെടുമുടിവേണു, ശ്രീനിവാസന്‍ തുടങ്ങിയവരെ  പ്രധാനകഥാപാത്രങ്ങളാക്കി സിബിമലയില്‍ സംവിധാനം ചെയ്ത 'ഉന്നം' എന്ന സിനിമ വെറും ഉന്നം തെറ്റിയ ഒരു വെടിയാവുകയും ജാതകദോഷം ഒന്നുകൊണ്ട് മാത്രം സിനിമ കാണാന്‍ തിയറ്ററില്‍ കയറിയ ഞാനുള്‍പ്പടെയുള്ള മലയാളികളുടെ നെഞ്ചില്‍ തറയ്ക്കുകയും ചെയ്തതിന്റെ വേദനയാണ് ഈ ബ്ളോഗ്കുറിപ്പിന്റെ ഒരോ വാക്കിലും നിറയുന്നതെന്ന് മാന്യവായനക്കാര്‍ തിരിച്ചറിയണം.
ലോഹിതദാസിന്റെ തിരക്കഥയില്‍ നല്ല കുറച്ച് സിനിമകള്‍ ചുട്ടെടുത്ത സിബിമലയിലിന്റെ കൈയ്യില്‍ ഇപ്പോള്‍ മരുന്നില്ലെന്ന് ഈ സിനിമ കണ്ടിറങ്ങുന്ന ആര്‍ക്കും മനസിലാകും. ഉള്ള മരുന്നാകട്ടെ വര്‍ഷങ്ങളുടെ മഴ നനഞ്ഞ് 'ഒന്നിനും കൊള്ളാത്ത' പരുവത്തിലാകുകയും ചെയ്തു. 'അപൂര്‍വ്വ രോഗ'ത്തില്‍ സിബി നടത്തിയ പരീക്ഷണം നാട്ടുകാരില്‍ ചിലര്‍ക്ക് രസിച്ചതായി അദ്ദേഹത്തിന് കിട്ടിയ 'ഫീഡ്ബാക്ക്' അനുസരിച്ചാകണം, ട്വിസ്റ്റുകളും ടേണുകളും കൊണ്ട് പ്രേക്ഷകരെ കസേരതുമ്പത്തിരുത്തുമെന്ന് അദ്ദേഹത്തിന് തോന്നിയ ഈ നാലാംക്ളാസ് തിരക്കഥ തെരഞ്ഞെടുത്തത്. അതിന് ശേഷം അദ്ദേഹമെടുത്ത 'വയലിന്‍' ആകട്ടെ തന്ത്രികളെല്ലാം പൊട്ടി മലയാളസിനിമയുടെ തട്ടിന്‍പുറത്താവുകയും ചെയ്തു.
അഞ്ച്കോടി രൂപ വില മതിക്കുന്ന ഹെറോയിന്‍ ലോഡ് കൈയ്യിലെത്തുന്ന ബാലകൃഷ്ണ എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ (ശ്രീനിവാസന്‍) അത് വിറ്റ് ലാഭമുണ്ടാക്കാന്‍ പഴയ അധോലോക നായകന്‍ സണ്ണി കളപ്പുരക്കലിനെ (ലാല്‍) സമീപിക്കുന്നു. സണ്ണി തന്റെ സുഹൃത്തുക്കളായ അലോഷി (ആസിഫലി) മുരുകണ്ണന്‍ (നെടുമുടിവേണു), ടോമി (ഈ കഥാപാത്രത്തെ അവതരിപ്പിച്ച കിഴങ്ങനെ എനിക്ക് പരിചയമില്ല), ബഷീര്‍ (ഏതോ പുതുമുഖം) എന്നിവരോട് ഈ മഹാദൌത്യത്തില്‍ പങ്കാളികളാവാന്‍ ആവശ്യപ്പെടുന്നു. ഒരോരുത്തരും 50 ലക്ഷം രൂപ വീതമിട്ട് 2.50 കോടിയാക്കുന്നു. ബംഗലൂരുവിലേക്ക്  പോയി പണം കൊടുത്ത്, 'സ്റ്റഫ്' ബാലകൃഷ്ണയുടെ പക്കല്‍ നിന്നും വാങ്ങാനായി ബഷീറിനെ സണ്ണി ചുമതലപ്പെടുത്തുന്നു. എന്നാല്‍ പാതി വഴിക്ക് വെച്ച് ബഷീറിന്റെ കാര്‍ മുഖംമൂടി വെച്ച ഒരു തെണ്ടി തടയുന്നു. രണ്ടുപേരും തമ്മില്‍ അടി..മുഖംമൂടി വെച്ച തെണ്ടിയുടെ മുഖം മൂടി ഊരി നോക്കിയ ബഷീര്‍ ഞെട്ടിപോകുന്നു. വിദ്യാസാഗറിന്റെ പടത്തിന് പാടാന്‍ ചെന്നൈയിലേക്ക് കെട്ടിയെടുത്ത അലോഷിയായിരുന്നു അത്. പിടിവലിക്കിടയില്‍ ബഷീര്‍ പാലത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുന്നു.
ഇതേതുടര്‍ന്ന് അങ്കലാപ്പിലായി പോയ സണ്ണി മഹാദൌത്യത്തില്‍ പങ്കാളികളായ എല്ലാവരെയും ഫോര്‍ട്ട്കൊച്ചിയിലെ തന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തുന്നു. ആദ്യമെത്തിയത് അലോഷിയാണ്. സംസാരത്തിനിടയില്‍ അലോഷിയാണ് ബഷീറിനെ തട്ടിയതെന്ന് സണ്ണി കുശാഗ്രബുദ്ധി കൊണ്ട് ഗണിച്ചെടുക്കുന്നു. തുടര്‍ന്ന് ഫോണ്‍ വിളിക്കാന്‍ പോയ സണ്ണിയെ അലോഷി വെടിവെച്ചിടുന്നു. തുടര്‍ന്ന് ബെടികളുടെ പെരുമഴക്കാലം.....ബഷീര്‍, സണ്ണി, മുരുകണ്ണന്‍,ടോമി, ഇതെല്ലാം അന്വേഷിക്കാന്‍ വന്ന ബാലകൃഷ്ണ...എല്ലാവരെയും അലോഷി ബെടി ബെച്ച് കൊല്ലുന്നു. ഇവരെയൊക്കെ കൊല്ലാന്‍ അലോഷിയെ പ്രേരിപ്പിച്ചതോ ടോമിയുടെ ഭാര്യ (റിമ) യോടുള്ള അനുരാഗം. ലാസ്റ്റ്...എല്ലാരെയും കൊന്ന അലോഷിയെ മുരുകണ്ണന്റെ ഭാര്യ സെറീന (ശ്വേതാമേനോന്‍) ലബദ്ധത്തില്‍ ബെടി ബെച്ച് കൊല്ലുന്നു....ഹോ....80 രൂപ പോയെങ്കില്‍ എന്താ...മനോഹരമായ ഒരു പൂച്ചയും എലിയും കളി കാണാന്‍ കഴിഞ്ഞല്ലോ...ലാല്‍ മരിച്ചതിന് ശേഷം സത്യം പുറത്ത്വരാതിരിക്കാന്‍ ആ ജഡം മറ്റുള്ളവര്‍ ചേര്‍ന്ന് കുഴിച്ചിടുന്നു. ഫാഗ്യത്തിന് ഒരുത്തനും അന്വേഷിച്ച് വന്നില്ല. ബാലകൃഷ്ണയെ കൊന്ന് അലോഷി കാത്ത് സൂക്ഷിക്കുന്നത് പതിവുപോലെ റെഫ്രിജിറേറ്റിലാണ്. റിമാകലിങ്കല്‍ മുടിയൊക്കെ വെട്ടിയൊതുക്കി ഇന്ദിരാഗാന്ധിയെ പോലെയുള്ള ഷ്റൈലിഷ് ലുക്കിലാണ്. ലാസിഫലിയാകട്ടെ ഒരോ തവണ ബെടി ബെച്ച് ആള്‍ക്കാരെ കൊന്നതിന് ശേഷം "എനിക്ക് ചാകാന്‍ പേടിയാ അതാ ഞാന്‍ നിങ്ങളെ കൊന്നത്'' എന്ന് വാവിട്ട് നിലവിളിക്കുന്നു. (ആസിഫലി മലയാളം ഉച്ചാരണം മെച്ചപ്പെടുത്തിയില്ലെങ്കില്‍ വീട്ടിലിരിക്കേണ്ടി വരും).
സിബി ജീവിതത്തിലെടുത്ത ഏറ്റവും മോശം സിനിമയെന്ന ഖ്യാതി തീര്‍ച്ചയായും 'ഉന്നം' നേടും.

No comments: