Thursday, March 29, 2012

പാതിരാത്രിയുടെ നിറം...
ഒരാനയുടെ തുമ്പികൈയില്‍ ചാരിനിര്‍ത്തി ഒരു പെണ്ണിനെ ഭോഗിക്കണമെന്ന കുട്ടിയപ്പന്റെ വിചിത്രസ്വപ്നം (ലീല), ബാല്യവിസ്മയത്തിന്റെ വര്‍ണ്ണത്തില്‍ മാത്രം ലോകം കാണാന്‍ ശീലിച്ച 12കാരി ആലീസിന്റെ അവിഹിത ഗര്‍ഭം (ആലീസിന്റെ അത്ഭുതലോകം), പാതിരാത്രി നടക്കാനിറങ്ങിയ വൃദ്ധന് 'ബാദുഷ' എന്ന് പേര് പറഞ്ഞത് കൊണ്ടുമാത്രം പൊലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്ന നരകപീഡനം (ബാദുഷ എന്ന കാല്‍നടയാത്രക്കാരന്‍), ഒഴിവുദിനത്തിന്റെ ആലസ്യമകറ്റാന്‍ കള്ളനും പൊലീസും എഴുതി കളിച്ച മൂന്ന് സുഹൃത്തുക്കള്‍   'കള്ളനായ' കൂട്ടുകാരന് വിധിച്ച മരണശിക്ഷ (ഒഴിവുദിവസത്തെ കളി), കവലയിലെ കപ്പേളയിലെ ഉണ്ണീശോ മഴ നനയുന്നത് കണ്ട് സഹിക്കാനാവാതെ അവനെ വീട്ടിലേക്ക് എടുത്ത കുഞ്ഞേട്ടന്‍ (കോട്ടയം-17), നീലചിത്രത്തിലെ നായിക ഫിലിം റെപ്രസന്‍റ്റേറ്റീവുമായി നടത്തുന്ന ദീര്‍ഘസംഭാഷണം (നീലചിത്രം)- ആര്‍ ഉണ്ണിയുടെ കഥാലോകം അങ്ങനെ ഇങ്ങനെ നീണ്ട് വിശാലമായി കിടക്കുന്നു......
കനത്ത പാതിരാത്രിയുടെ നിറമാണ് അവയ്ക്ക്. ഉന്‍മാദത്തിന്റെ ചതുപ്പിലേക്ക് ഏത് നിമിഷവും വഴുതിയേക്കാവുന്ന സ്വബോധത്തെ ചേര്‍ത്ത് പിടിച്ച്, ആയാസപ്പെട്ട് ഒരാള്‍ എഴുതുന്ന കഥകളാണല്ലോ ഇതെന്ന് ചില വായനക്കാര്‍ക്ക് തോന്നിയേക്കും. പരേതാത്മാക്കള്‍ നിറഞ്ഞ തീവണ്ടി കംമ്പാര്‍ട്ട്മെന്റ് പോലെ അതങ്ങനെ സഞ്ചരിക്കുന്നു. വിചിത്രമായ ശീലങ്ങളും ചിന്തകളും മിക്ക കഥാപാത്രങ്ങള്‍ക്കുമുണ്ട്. എലികളും പൂച്ചകളും കാക്കകളും മുണ്ടികളും അണ്ണാനും ഇവിടെ ഇടമുണ്ട്. അവയെല്ലാം ചിന്തിക്കുന്നു. പെരുമാറുന്നു.
"പിള്ളേച്ചാ...എനിക്കൊന്ന് ഭോഗിക്കണം''-പാതിരാത്രി വാതിലില്‍ മുട്ടി പിള്ളേച്ചനെ വിളിച്ചുണര്‍ത്തി മുറ്റത്തെ ചാമ്പയ്ക്ക് ചോട്ടിലേക്ക് മാറ്റി നിര്‍ത്തി കുട്ടിയപ്പന്‍ 'ലീല'യില്‍ ഉണര്‍ത്തിക്കുന്നു. ആവര്‍ത്തനത്തെ വെറുക്കുന്നവനാണ് കുട്ടിയപ്പന്‍. ചരിത്രത്തിന്റെ ശിരസറ്റ ജഡങ്ങളും തകര്‍ക്കപ്പെട്ട വിശ്വാസങ്ങളും അവന്റെ ഉള്ളിലുണ്ട്. അഴിച്ചുവെച്ച നെറ്റിപ്പട്ടം പോലെ ആനയുടെ കൊമ്പില്‍ ചാരി നില്‍ക്കുന്ന പെണ്‍കുട്ടിയെ ആനകൊമ്പില്‍ പിടിച്ച് ഭോഗിച്ചാല്‍ കുട്ടിയപ്പന്റെ പ്രശ്നങ്ങള്‍ ഒടുങ്ങുമോ...?. ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. എന്നാല്‍ കുട്ടിയപ്പനെ കാണുമ്പോള്‍ മുഖമാകെ ചുവന്ന് തുടുക്കുന്ന ഉഷയും, ദാസപാപ്പി പറഞ്ഞ ബിന്ദുവും കുട്ടിയപ്പന്‍ നല്‍കിയ സുഖത്തെ കുറിച്ച് പറയുന്നില്ല. ഉടുത്തിരുന്നതെല്ലാം ഉരിഞ്ഞിട്ട ശേഷം, മേലാസകലം എണ്ണതേച്ച്, ടേപ്പ് റെക്കോഡറിട്ട് കളിച്ചോളാനാണ് കുട്ടിയപ്പന്‍ ഉഷയോട് പറഞ്ഞതെന്ന് ഉഷ തന്നെ പറയുന്നു. വെള്ള വിരിച്ച്, സാമ്പ്രാണിയും ചന്ദനതിരിയും കത്തിച്ച് വെച്ച്, ശവം പോലെ കിടക്കുന്ന തന്നെ അപ്പനാണ് മരിച്ച് കിടക്കുന്നതെന്ന് വിചാരിച്ച്, നെഞ്ചത്തടിച്ച് നിലവിളിക്കാനാണ് ബിന്ദുവിനോട് കുട്ടിയപ്പന്‍ പറഞ്ഞത്. ലീലയുടെ അപ്പന്‍ തങ്കപ്പനോട് കുട്ടിയപ്പന്‍ പറയുന്നത് കൊച്ചുകുട്ടികളെ ധൈര്യം കിട്ടാന്‍ ആനയ്ക്കടിയിലൂടെ നടത്തിക്കുന്നത് പോലെ കരുതിയാല്‍ മതിയെന്നാണ്. അവസാനം നഗ്നയായ ലീലയെ തുമ്പികൈയില്‍ ചാരി നിര്‍ത്തിയ ശേഷം നെറ്റിയില്‍ ഒരുമ്മ കൊടുക്കുക മാത്രമാണ് കുട്ടിയപ്പന്‍ ചെയ്തത്. കുട്ടികളുടെ അപ്പനാണോ ഉണ്ണിയുടെ കുട്ടിയപ്പന്‍...?. ആര്‍ക്കറിയാം...?.
പാതിരാത്രി പെയ്ത്ത് വെള്ളം ഇളകികിടന്ന ഓടിലൂടെ ഒലക്കവണ്ണത്തില്‍ 'അവന്റെ' തലയില്‍ വീഴുന്നത് കണ്ട് സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് കുഞ്ഞേട്ടന്‍ കപ്പേളയിലെ ഉണ്ണീശോയെ  വീട്ടിലെ ചായ്പ്പില്‍ കയറ്റികിടത്തിയത്. ഞായറാഴ്ച നേരം വെളുത്തപ്പോള്‍ തന്നെ ഭാര്യ അവനെ കൊട്ടയിലിട്ട് എടുത്ത സ്ഥലത്ത് കൊണ്ടുവെക്കാന്‍ കുഞ്ഞേട്ടനോട് പറഞ്ഞു. പക്ഷേ നാട്ടുകാര്‍ എല്ലാം അറിഞ്ഞിരുന്നു. 'ഭാര്യയ്ക്ക് ചെന പിടിയ്ക്കാത്തതാണ് പ്രശ്നമെങ്കില്‍ മാറ്റി കെട്ടിനോക്കെടാ..'- എന്നായിരുന്നു നാട്ടുകാരുടെ ആക്രോശം. പള്ളിക്കമ്മിറ്റി കൂടി പള്ളിയില്‍ നിന്ന് വിലക്കുകയും ചെയ്തു. പക്ഷേ ചായ്പ്പില്‍ കണ്ട അറ്റ് വീണ ചെറുവിരല്‍ ആരുടേതാണോ...? എന്ന അന്ധാളിപ്പില്‍ കുഞ്ഞേട്ടനും ഭാര്യയും നില്‍ക്കുന്ന ദൃശ്യത്തിലാണ് 'കോട്ടയം-17' എന്ന കഥ സമാപിച്ചത്.
ഒഴിവുദിവസത്തില്‍ നന്ദാവനം ലോഡ്ജിലെ 70ാം നമ്പര്‍ മുറിയില്‍ കൂടിയ നാലുപേര്‍ വിരസതയകറ്റാനാണ് കള്ളനും പൊലീസും എഴുതി കളിക്കാന്‍ തീരുമാനിച്ചത്. ധര്‍മ്മപാലനാണ് രാജാവായി തെരഞ്ഞെടുക്കപ്പെട്ടത്. ജയറാംപടിക്കലിന്റെ ആരാധകനായ ധര്‍മ്മപാലന്‍ അടിയന്തിരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ പടം പോക്കറ്റിലിട്ട് നടന്നവനാണ്. നാല് പെഗ് നല്‍കിയ ലഹരിയുടെ പൊയ്ക്കാലില്‍ രാജാവായി സ്വയം അവരോധിച്ച ധര്‍മ്മപാലന്‍ മേശപ്പുറത്തിരുന്ന കുപ്പി പൊട്ടിച്ച് കള്ളന്റെ നറുക്ക് കിട്ടിയ അശോകന്റെ പള്ളയ്ക്ക് കയറ്റുന്ന വിചിത്രദൃശ്യത്തിലാണ് ഉണ്ണി 'ഒഴിവ്ദിവസത്തെ കളി' ഫ്രീസ് ചെയ്യുന്നത്.
'നീലചിത്ര'ത്തില്‍ പെട്ടിയില്‍ നിന്ന് പുറത്ത് വന്ന് ഫിലിം റെപ്രസന്‍റ്റേറ്റീവുമായി സംഭാഷണത്തിലേര്‍പ്പെടുന്ന നായിക മെലിഞ്ഞുണങ്ങിയ സാധാരണ പെണ്‍കുട്ടിയാണ്. യാഥാര്‍ഥ്യവും പൊയ്കാഴ്ച്ചകളും തമ്മിലുള്ള ഹിമാലയന്‍ വ്യത്യാസമാണ് ഈ കഥയില്‍ വിടര്‍ന്നത്.
ഉപ്പുകാറ്റിന്റെ രുചി നുകര്‍ന്ന് കക്കയും ചിപ്പിയും പെറുക്കി ശുദ്ധവായു ശ്വസിച്ച്, നക്ഷത്രങ്ങളോട് സംസാരിച്ച് നടന്ന വൃദ്ധനെ പൊലീസ് തടഞ്ഞതും 'ബാദുഷ' എന്നയാള്‍ പേര് പറഞ്ഞതോടെ മുഖമടച്ച് ഒരടി വീണതും, പൊലീസ് സ്റ്റേഷനില്‍ ഭൂമിയിലെ നരകത്തെ അയാള്‍ നേരിട്ട് കാണുന്നതും 'ബാദുഷ എന്ന കാല്‍നടയാത്രക്കാരന്‍' കഥയെ നൊമ്പരപ്പെടുത്തുന്ന അനുഭവമാക്കുന്നു.
'മനുഷ്യാലയചന്ദ്രിക' എന്ന കഥയില്‍ മനുഷ്യകഥാപാത്രങ്ങളില്ല. അച്ഛനെയും അമ്മയെയും കണ്ടന്‍ പൂച്ച തിന്നതോടെ അനാഥനായ ഒരു പാവം ചുണ്ടെലിയാണ് കേന്ദ്രകഥാപാത്രം.ആള്‍പാര്‍പ്പില്ലാത്ത വീട്ടിലെ കട്ടിലും കസേരയും ചുവന്നപുതപ്പും ചുവരിലെ കരയുന്ന തോക്കും ഉപകഥാപാത്രങ്ങള്‍. ഇവരുടെ രസലോകം തകര്‍ത്ത് ഒരുനാള്‍ താഴുകള്‍ തുറക്കപ്പെടുന്നതും ഷൂസുകളും ചെരുപ്പുകളും തറയിലൂടെ നടന്ന് നീങ്ങുന്നതും, വീട് പൊളിക്കുന്നതോടെ കണ്ടന്‍ പൂച്ചയുടെ മുന്നില്‍ ചെന്ന് മരണം ഇരക്കാമെന്നും ചുണ്ടന്‍ തീരുമാനിക്കുന്നതോടെ കഥ സമാപ്തം.
മാര്‍കേസിന്റെ 'ചൊവ്വാഴ്ച്ചത്തെ മരണം' പോലെ സുന്ദരമാണ്  'മൂന്ന് യാത്രക്കാര്‍' എന്ന കഥ. നാരായണഗുരുവിന്റെ ചരിത്രത്തിലിടം പിടിക്കാത്ത ഭാര്യയുടെ ആത്മകഥയായ 'കാളിനാടകം', മധ്യവയസിന്റെ തീരാനോവുകള്‍ക്കിടയിലും സന്തോഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഒരുപറ്റം സ്ത്രീകള്‍ നടത്തുന്ന ശ്രമം പറയുന്ന 'ആനന്ദമാര്‍ഗം', അന്ധയായിട്ടും എസ് കെ പൊറ്റെക്കാടിന്റെ സഞ്ചാരസാഹിത്യ കൃതികള്‍ കൊച്ചുമോളെ കൊണ്ട് വായിപ്പിച്ച്്, പറമ്പിനപ്പുറത്തുള്ള കുന്നുകളെയും പാലങ്ങളെയും ഇടവഴികളെയും  ലണ്ടനെന്നും ആഫ്രിക്കയെന്നും മെക്കയെന്നും പേരിട്ട് വിളിച്ച്  അവിടം സന്ദര്‍ശിക്കുന്ന ഉമ്മച്ചിയുടെ കഥ പറയുന്ന 'തോടിനപ്പുറം പറമ്പിനപ്പുറം', 'മുദ്രാരാക്ഷസം' തുടങ്ങി ഉണ്ണിയുടെ ഈ സമാഹാരത്തിലെ മിക്ക കഥകളും വലിയ ലോകങ്ങള്‍ തേടുന്നവയാണ്.

Wednesday, March 28, 2012

ജനകീയനായ ദാമോദരന്‍
അടിമുടി ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ഒരു കലാകാരന്‍ കൂടി യാത്രാമൊഴി പറഞ്ഞിരിക്കുന്നു. ടി ദാമോദരന്റെ തിരക്കഥകളുടെ ഏറ്റവും വലിയ സവിശേഷത അതിലുടനീളം വേരോടിയിരുന്ന ജനകീയതയുടെ സചേതനപ്രവാഹമാണ്. രാഷ്ട്രീയം അതിശക്തമായ അന്തര്‍ധാരയായി ഒഴുകിയ ആദ്യപാദം. ചിലപ്പോള്‍ അരാഷ്ട്രീയതയിലേക്കും 90 കള്‍ക്ക് ശേഷം മൃദുഹൈന്ദവ നിലപാടുകളിലേക്കും  എഴുതപ്പെട്ട ദൃശ്യങ്ങള്‍ വഴിമാറി സഞ്ചരിച്ച രണ്ടാംപാദം, എന്നിങ്ങനെ ടി ദാമോദരന്റെ തിരക്കഥാലോകത്തെ രണ്ടായി വേര്‍തിരിക്കാം. ശരാശരി മധ്യവര്‍ഗ മലയാളിയുടെ ചാപല്യമായിരുന്നു അത്.
ഗാന്ധിസവും രാമരാജ്യവും ഓര്‍മകളിലേക്ക് വിടവാങ്ങിയതിന് ശേഷം നിലനിന്ന രാഷ്ട്രീയസാഹചര്യത്തില്‍ ഗാന്ധിയുടെ പിന്‍ഗാമികള്‍ എന്ന് പ്രഖ്യാപിച്ചവര്‍ അധികാരസോപാനത്തില്‍ അമര്‍ന്നിരിക്കാന്‍ എന്ത് വൃത്തികേടും ചെയ്യാന്‍ മടിക്കാത്ത ഉപജാപകസംഘങ്ങളായി അധഃപതിച്ചതിന്റെ ആശങ്ക അദ്ദേഹത്തിന്റെ എഴുത്തില്‍ നിറഞ്ഞുനിന്നു. അതോടൊപ്പം തന്റെ വീക്ഷണകോണില്‍ അനുഭവപ്പെട്ട വിപ്ളവപ്രസ്ഥാനത്തിന്റെ ശൈഥില്യങ്ങളും തീവ്രവിപ്ളവ പ്രസ്ഥാനത്തിനോട് അനുഭവപ്പെട്ട ആകര്‍ഷണീയതയും ടി ദാമോദരന്റെ പൊളിറ്റിക്കല്‍-മസാല എന്റര്‍റ്റെയ്നറുകളില്‍ നിറഞ്ഞുതുളുമ്പി. "സത്യരാജ്..നിന്നെ ശിക്ഷിക്കാന്‍,നീതിപീഠത്തിന് ഭയമായിരിക്കും. പക്ഷേ, എനിക്കതില്ല..''- എന്ന് പ്രഖ്യാപിച്ച് അന്ത്യവിധി നടപ്പാക്കുന്ന 'ആവനാഴി'യിലെ നായകന്‍ രാജ്യത്ത് നിലനില്‍ക്കുന്ന നീതി-ന്യായ വ്യവസ്ഥിതികളോടുള്ള അവിശ്വാസം കൂടിയാണ് രേഖപ്പെടുത്തിയത്. ഈ അവിശ്വാസം പിന്നീട് മുഖ്യധാരാസിനിമകളുടെ മുഖമുദ്രയായി. "തീവ്രവിപ്ളവ പ്രസ്ഥാനക്കാരോട് നിങ്ങള്‍ക്ക് പുച്ഛമാണല്ലോ....?''-എന്ന് 'അടിമകള്‍ ഉടമകള്‍' സിനിമയില്‍ മുകേഷ് അവതരിപ്പിച്ച കഥാപാത്രം മമ്മൂട്ടിയുടെ രാഘവനോട് ചോദിക്കുമ്പോള്‍, "ഇല്ല, സുഹൃത്തേ..അത് നിങ്ങളുടെ ധാരണയാണ്. എനിക്കവരുടെ ത്യാഗത്തോട് ആദരവാണ്.''-എന്ന് സൂചിപ്പിക്കുന്ന ഡയലോഗാണ് അയാള്‍ മറുപടി നല്‍കിയത്. ഒരര്‍ഥത്തില്‍ അത് ടി ദാമോദരന്‍ എന്ന തിരക്കഥാകൃത്തിന്റെ കൂടി നിലപാടാണ്. ചാട്ടുളി പോലെ തുളയ്ക്കുന്ന സംഭാഷണങ്ങളുടെ പേരിലാണ് ദാമോദരന്‍ അധികവും അറിയപ്പെടുന്നത്. "ആര്‍ത്തിരമ്പി വരുന്ന ജനക്കൂട്ടത്തിനെ നേരിടാന്‍ ഒടിയാറായ ലാത്തിയും ചട്ടയുമായി നില്‍ക്കേണ്ടി വരുന്ന പൊലീസുകാരനും മനുഷ്യനാണെന്നും അയാള്‍ക്കും കുടുംബമുണ്ടെന്നും''-മന്ത്രിയുടെ മുഖത്ത് നോക്കി വിളിച്ച് പറയുന്ന ഇന്‍സ്പെക്ടര്‍ ബാലുവാണ് ഓര്‍മ്മയില്‍ ഓടിയെത്തുന്നത്.  പക്ഷേ, ഒരോദിവസവും തള്ളി നീക്കാന്‍ പെടാപാട് പെടുന്ന തൊഴിലാളികളും അവരെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്ന ഇടനിലക്കാരും ഇടനിലക്കാര്‍ക്ക് കൂട്ട് നില്‍ക്കുന്ന അധികാരി വര്‍ഗത്തിന്റെയും കാഴ്ച്ചകള്‍ മുഖ്യധാരസിനിമയുടെ വിരുന്ന്മേശയിലേക്ക് വിളമ്പി വെച്ചതിന്റെ പേരിലാകും ദാമോദരന്‍ ഭാവിയില്‍ ഓര്‍മ്മിക്കപ്പെടുക.
കാറോടിക്കുന്ന, വിലകൂടിയ സിഗരറ്റ് വലിക്കുന്ന, കൂളിങ്ങ്ഗ്ളാസ്വെക്കുന്ന, സുഗന്ധലേപനങ്ങള്‍ പൂശി പറന്ന് നടക്കുന്ന മുതലാളിമാര്‍ക്കും കൊച്ചുമുതലാളിമാര്‍ക്കും വിശപ്പടക്കാന്‍ അപ്പം കിട്ടുന്നത് റിക്ഷവലിക്കുന്നവരുടെയും കൂലികളുടെയും വിയര്‍പ്പില്‍ നിന്നും രക്തത്തില്‍ നിന്നുമാണെന്ന് ഉദ്ഘോഷിക്കുന്ന അങ്ങാടിയിലെ ജയന്റെ ആ വിഖ്യാത ഡയലോഗ്- "മേ ബി വീ ആര്‍ പുവര്‍, ടോളിപുള്ളേഴ്സ്....ബട്ട് വീ ആര്‍ നോട്ട് ബെഗേഴ്സ്...'' കേള്‍ക്കാന്‍ മാത്രം 27 തവണ ആ സിനിമ കണ്ടവരുണ്ട്. ഉപനയനത്തിന്റെ പുണ്യവും വേദമന്ത്രങ്ങളുടെ പവിത്രതയും കൈമുതലായുള്ള നായകന്‍മാര്‍ തൊഴിലില്ലായ്മയുടെ പത്മവ്യൂഹത്തില്‍ പെടുന്ന അഭിമന്യുകുമാരന്‍മാരാണെന്നും ഭൂപരിഷ്കരണവും, സംവരണവും താഴ്ന്ന വര്‍ഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുമാണെന്ന് ഇതിന് വളംവെച്ചതെന്നും പറയാതെപറയുന്ന പ്രതിലോമകരമായ നിലപാടുകള്‍ പിന്നീട് ഈ തിരക്കഥാകൃത്ത് തന്നെ കൈകൊണ്ടിട്ടുണ്ട്. അനില്‍ സംവിധാനം ചെയ്ത 'അടിവേരുകള്‍'സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന തൊഴിലില്ലാത്ത സവര്‍ണ്ണ കഥാപാത്രം ഫോറസ്റ്റ് റേഞ്ചറും സുഹൃത്തും പിന്നോക്ക വിഭാഗക്കാരനുമായ മുകേഷിന്റെ കഥാപാത്രത്തോട് ഇത് പച്ചയ്ക്ക് പറയുന്നുമുണ്ട്. മലയപുലയന്റെ വാഴക്കുല മോഷ്ടിച്ച മകന്റെ പാപം തീര്‍ക്കാന്‍ അത് ചുമന്ന് പുലയന്റെ വീട്ടുമുറ്റത്തെത്തിച്ച് അയാളോടും കുടുംബത്തോടും മാപ്പ് പറയുന്നുണ്ട് ദാമോദരന്റെ നമ്പൂതിരി (ആര്യന്‍) . ഷാജികൈലാസിന്റെ മഹാത്മയിലും ജാതിയുടെ രാഷ്ട്രീയം നിര്‍ലജ്ജം അദ്ദേഹം വാരിവിതറിയിട്ടുണ്ട്.
ഇങ്ങനെ ഭിന്നമുഖങ്ങളുള്ള ഒരു തിരക്കഥാകൃത്താണ് വിടപറഞ്ഞിരിക്കുന്നത്. ഈനാട്, ഇനിയെങ്കിലും, മീന്‍, ആര്യന്‍, അഭിമന്യു, കരിമ്പന, വാര്‍ത്ത, തുഷാരം, നാണയം, കാറ്റത്തെകിളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്നപൂവേ,മേഘം, ആനവാല്‍മോതിരം തുടങ്ങി യെസ്യുവര്‍ ഓണര്‍ വരെ നീണ്ട തിരക്കഥകള്‍ക്ക് വിരാമം കുറിച്ച് ജനകീയനായ തിരക്കഥാകൃത്ത് എന്ന മേല്‍വിലാസത്തോടെ ദാമോദരന്‍ മടങ്ങുമ്പോള്‍ അങ്ങാടിയിലെ ഒരു രംഗമാണ് ഓര്‍മ്മിക്കുന്നത്. തൊഴിലാളി നേതാവായ ജയന്റെ കഥാപാത്രത്തെ സ്വാധീനിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പുതുപണക്കാരനായ സുകുമാരന്റെ ഗോപി ചോദിക്കുന്നു-"നിനക്ക് എന്താണുള്ളത്...?. നീ, എന്ത് നേടി..?''. ക്യാമറ നീളുന്നത് ആര്‍ത്തിരമ്പുന്ന കോഴിക്കോട് അങ്ങാടിയിലേക്കാണ്.കൈചൂണ്ടി കൊണ്ട് ജയന്‍ പറയുന്നു-"എനിക്കവരില്ലേ....അവരുടെ സ്നേഹമില്ലേ...''. അതെ തെറ്റുകള്‍ തിരുത്താനും മുന്നേറാനുമുള്ള ജനങ്ങളുടെ കരുത്തിലാണ് ടി ദാമോദരന്‍ വിശ്വസിച്ചിരുന്നത്.

Sunday, March 25, 2012

ടുത്തകാലത്ത്, പിന്നല്ല................


  • മുരളി ഗോപി തല പുകച്ച് എഴുതിയ തിരക്കഥ, അങ്ങനെ എഴുതിയ തിരക്കഥയിലെ കേന്ദ്രകഥാപാത്രമായ അജയ് കുര്യനെ അദ്ദേഹം തന്നെ വിസ്മയിപ്പിക്കും വിധം അവതരിപ്പിച്ചതിന്റെ ഓര്‍മ, അരുണ്‍കുമാര്‍ അരവിന്ദിന്റെ മികച്ച സംവിധാനം, 'ഈ അടുത്ത കാലത്ത്' എന്ന സിനിമയെ ഇഷ്ടപ്പെടാനുള്ള കാരണങ്ങള്‍ ഇവയാണ്.
    അവിഹിതം, പോര്‍ണോ സിനിമാപിടുത്തം, ദാദാഗിരി, ഒറ്റപ്പെട്ട വാര്‍ധക്യജീവിതങ്ങള്‍, ലൈവ് ടെലികാസ്റ്റിങ്ങിന്റെ കുണ്ടാമണ്ടികള്‍, മാലിന്യപ്രശ്നങ്ങള്‍, യെല്ലോ ജേണലിസം, ലൈംഗിക പ്രശ്നങ്ങള്‍, ലിംഗപ്രശ്നങ്ങള്‍, നാഗരികജീവിതകാഴ്ച്ചകള്‍ ഇവയെല്ലാം കോര്‍ത്തിണക്കി ഒരു സീരിയല്‍ കില്ലറെ നടുക്ക് പ്രതിഷ്ഠിച്ച് ഒരുക്കിയ ചിത്രം ജനങ്ങളെ വിനോദിപ്പിക്കുന്നുണ്ടെന്നാണ് തിയറ്റുകളിലെ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. റൂബിക്സ് ക്യൂബിന്റെ മാതൃകയിലാണ് ചിത്രം ഒരുക്കിയതെന്ന് അണിയറക്കാര്‍ പറയുന്നുണ്ടെങ്കിലും എനിക്ക് അങ്ങനെ അനുഭവപ്പെട്ടില്ല.
    തിരുവനന്തപുരം നഗരത്തിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയുടെ എംഡി അജയ്കുര്യന്‍ (മുരളി ഗോപി), അയാളുടെ ഭാര്യയും പഴയ ബോളിവുഡ് സോഫ്റ്റ്-പോണ്‍ സിനിമകളിലെ നായികയുമായ മാധുരി (തനുശ്രീഘോഷ്), മാധുരി-അജയ് ദമ്പതികളുടെ
    ദാമ്പത്യത്തിലെ പാളിച്ചകള്‍ മുതലെടുത്ത് മാധുരിയെ വളയ്ക്കാനും, അത് വഴി ഒരു ബ്ളൂഫിലിം സിഡി ഒരുക്കാനും കച്ചകെട്ടിയിറങ്ങിയ ഉത്തരേന്ത്യന്‍ ചെത്ത്പയ്യന്‍ രുസ്തം (നിഷാന്‍), മാലിന്യ കുമ്പാരത്തില്‍ തപ്പി നടന്ന്, മാലിന്യങ്ങളില്‍ നിന്ന് കൌതുകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഒരുമ്പെട്ട് പായുന്ന വിഷ്ണു (ഇന്ദ്രജിത്ത്), അയാളുടെ ഭാര്യ രമണി (മൈഥിലി), നഗരത്തെ നടുക്കിയ പരമ്പര-കൊലപാതകിയെ തപ്പി ക്ഷീണിച്ചവശനായ സ്കോട്ട്ലാന്‍ഡ് യാര്‍ഡ് പരിശീലനം നേടിയ പൊലീസ് സിങ്കം കമ്മീഷണര്‍ ടോം ചെറിയാന്‍ (അനൂപ്മേനോന്‍), അയാളുടെ പ്രതിശ്രുതവധുവും 'ബര്‍ക്കദത്ത്' മോഡല്‍ ടിവി റിപ്പോര്‍ട്ടറുമായ രൂപ (ലെന), ആവശ്യമില്ലാതെ തെറി വിളിച്ച് നടക്കുന്ന ദാദ വാട്ട്സണ്‍ (ബൈജു, വേയ്സ്റ്റ് കഥാപാത്രം) തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. ലൊട്ടുലൊടുക്ക്, ഗുലുഗുലുമാല്‍ കഥാപാത്രങ്ങള്‍ വേറെയുമുണ്ട് ഒരുലോഡ്....
    അജയ്കുര്യന്‍-മാധുരി ദമ്പതികളുടെ ദാമ്പത്യതകര്‍ച്ചയാണ് പ്രധാന വിഷയം. ഒരിക്കല്‍ ഗഡാഗഡിയന്‍ 'വുമണൈസര്‍' ആയിരുന്ന അജയ്കുര്യന്‍ ഹൈദരാബാദിലെ ഒരു പബ്ബില്‍ വെച്ച് ഒരു കിടിലന്‍ സര്‍ദാര്‍ജിയുടെ കിടു ഭാര്യയുടെ ചന്തിയ്ക്ക് പിടിക്കുകയും  കോപാകുലനായ സര്‍ദാര്‍ജി ഒറ്റചവിട്ടിന് അജയ്കുര്യന്റെ 'ഫിലമെന്റ്'ചവിട്ടി പൊട്ടിക്കുകയും ചെയ്ത ശേഷം (ഈ കഥ സത്യമാണോ എന്നറിയില്ല അജയ് അയാളുടെ ഡോക്ടറോട് പറഞ്ഞ ഈ കഥയ്ക്ക് ഒരു കറുത്ത നുണക്കഥയുടെ എല്ലാ നിറവുമുണ്ട്) 'ഇംപൊട്ടന്റ്' ആയ അജയ് സുന്ദരിയും മദാലസയുമായ ഭാര്യയ്ക്ക് മുന്നില്‍ പുരുഷകേസരിയാണെന്ന് തെളിയിക്കാന്‍ നടത്തുന്ന നാടകങ്ങളാണ് ഒന്നാംപകുതിയെ സജീവമാക്കിയത്. ഹോസ്പിറ്റലില്‍ സ്റ്റാഫിലെ സുന്ദരിയായ യുവതിയെ കൊണ്ട് 15 മിനിറ്റ് കൂടുമ്പോള്‍ പ്രണയ എസ്എംഎസ് സെല്ലിലേക്ക് അയപ്പിക്കുകയും ഭാര്യയെ കൊണ്ട് അത് വായിപ്പിക്കുകയും 'എന്തായിതെന്ന്...?' അവള്‍ അമ്പരക്കുമ്പോള്‍ "ഓ...ഈ പിള്ളേരുടെ ഒരു കാര്യം..ഇന്‍ഫാക്ചേഷന്‍..'' എന്ന് മൊഴിയുകയും ചെയ്യുന്ന അജയ് കുര്യനായി മുരളി സ്വയം പകര്‍ന്നിരിക്കുന്നു. ഭാര്യയെ ദേഷ്യം പിടിപ്പിക്കാന്‍ ഏതോ മാഗസിനിലെ അര്‍ദ്ധനഗ്നയായ മോഡലിന്റെ ഫോട്ടോഗ്രാഫില്‍ ആസക്തിയോടെ വിരലോടിക്കുകയും "ഇന്ന് ഇനി ഉഷാറായി ഒന്ന് കുളിക്കണം..''-എന്ന് അശ്ളീലചുവയില്‍ അവളോട് പറഞ്ഞ ശേഷം ടോയ്ലെറ്റില്‍ കയറി 'എന്തോ നടക്കുന്നു' എന്നറിയിക്കാന്‍ ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന സൈക്കിക് കഥാപാത്രം അജയ്കുര്യന് മലയാളസിനിമയില്‍ പൂര്‍വ്വ മാതൃകകളില്ല.
    അജയ് കുര്യന്റെ പെരുമാറ്റത്തില്‍ നിരാശയായ മാധുരി രുസ്തത്തിന്റെ വലയില്‍ വീഴുന്നു. അവര്‍ ഒരുമിച്ച് മാധുരിയുടെ വീട്ടില്‍ (അവിടെ തളര്‍ന്ന് കിടക്കുന്ന അവളുടെ അമ്മ മാത്രമാണ് ഉള്ളത്)ഒരു രാത്രി കൂടാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ആ വീട് കൊള്ളയടിക്കാനുള്ള പ്ളാനുമായി വിഷ്ണു അവിടെ ഓടി കയറുകയും ചെയ്യുന്നു. രുസ്തവും വിഷ്ണുവും തമ്മില്‍ നടക്കുന്ന സംഘട്ടനത്തിനിടയില്‍ പലതും സംഭവിക്കുന്നു. ഇടവേള വരെ ഇങ്ങനെ നീങ്ങുന്നു സിനിമ.
    'മള്‍ട്ടിലീനിയര്‍ നരേഷന്‍' ഈ സിനിമയ്ക്ക് ആവശ്യമായിരുന്നോ എന്ന് സംശയിക്കുന്നവരുണ്ട്. എന്നാല്‍ അത് കൊണ്ട് പ്രത്യേകിച്ച് ദോഷമൊന്നും പറ്റിയിട്ടില്ലെന്നാണ് എനിക്ക് തോന്നിയത്. 'രസികന്‍' എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയ മുരളി എഴുത്തിലെ തന്റെ രണ്ടാമൂഴം വേസ്റ്റാക്കിയില്ല. "ഹേ...ചേച്ചി..'' എന്ന് കാതരമായി വിളിച്ച് മാധുരിയുടെ പിറകേ നടക്കുന്ന രുസ്തവും, മല വന്ന് മുന്നില്‍ നിന്നാലും 'പിന്നല്ല.....''- എന്ന് പറയുന്ന ഇന്ദ്രജിത്തും നല്ല കഥാപാത്രങ്ങളാണ്. മാധുരിയുടെ കുമ്പസാരം കേള്‍ക്കാന്‍ കുമ്പസാരകൂടിനുള്ളില്‍ നൊട്ടിനുണഞ്ഞിരുന്ന പുരോഹിതന്‍ തുറന്ന് പറയാന്‍ കരുത്തില്ലാതെ അവള്‍ നടന്ന് നീങ്ങിയപ്പോള്‍ ഹതാശനായി നോക്കിനില്‍ക്കുന്നത് നല്ല മുഹൂര്‍ത്തമാണ്. കടക്കാരില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന വിഷ്ണുവിനെ രണ്ട്വട്ടം രക്ഷിച്ചത് ശാഖ നടത്തുന്ന ആര്‍എസ്എസുകാരാണ് എന്ന് സൂചിപ്പിച്ചത് കല്ലുകടി.
    ഷെഹ്നാദ് ജെലാലിന്റെ ദൃശ്യങ്ങളും കൊള്ളാം. ശരിയുടെയും തെറ്റിന്റെയും കള്ളികളില്‍ ഒതുക്കി നിര്‍ത്താനാവാത്ത കഥാപാത്രങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്. അപ്രതീക്ഷിത്മായ വളവ് തിരിവുകള്‍ അവരെ നയിക്കുന്നു. പക്ഷേ.. എല്ലാം നഷ്ടപ്പെട്ട് ഒതുങ്ങാന്‍ അവര്‍ക്കാവില്ല. ചാരത്തിനിടയില്‍ അവര്‍ ജീവിതം വാരികൂട്ടുന്നു. വീണ്ടും ജീവിക്കുന്നു. ഇന്ദ്രജിത്ത് വളരെ മനോഹരമായി അവതരിപ്പിച്ച 'പിന്നല്ല.........''- എന്ന സംഭാഷണം ഇതിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഇണങ്ങുന്നു. 






കിങ്ങിനും കമ്മീഷണര്‍ക്കും റീത്ത് വെച്ചപ്പോള്‍ വന്ന ചില ഓര്‍മ്മകള്‍....

ഞായറാഴ്ച പകല്‍ 11ന് എറണാകുളം പത്മ തിയറ്റിലെത്തി ആണുങ്ങളില്‍ ആണുങ്ങളായ, ഈരണ്ട് വീതം നാല് ചങ്കുകള്‍ കൈവശം വെച്ചിരുന്ന കമ്മീഷണര്‍ ഭരത്ചന്ദ്രനും കിങ്ങ് ജോസഫ് അലക്സിനും ഒരോ റീത്തുകള്‍ വെച്ച് മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി. ഷാജികൈലാസ്-രഞ്ജിപണിക്കര്‍ ചിത്രം കണ്ടിറങ്ങിയതിന്റെ 'അലങ്കാരങ്ങളോ ആലഭാരങ്ങളോ' മനസില്‍ ഇല്ല. കമ്മീഷണര്‍ ഭരത്ചന്ദ്രനും കലക്ടര്‍ ജോസഫ് അലക്സും എന്റെ നൊസ്റ്റാള്‍ജിയയുടെയും മലയാളസിനിമയുടെ ചരിത്രത്തിന്റെയും ഭാഗമാണ്. അഴിമതിയും അരാജകത്വവും കരിഞ്ചന്തയും കൊള്ളിവെപ്പും ഉപജാപങ്ങളും വര്‍ഗീയകാര്‍ഡും കള്ളപണവും കൊളാഷ് തീര്‍ത്ത 90കളിലെ പൊതുമണ്ഡലത്തിന്റെ സൃഷ്ടികള്‍. പവര്‍ബ്രോക്കര്‍മാരെയും റോയല്‍ പിമ്പുകളെയും കോണ്‍ക്യുബൈനുകളെയും (വെപ്പാട്ടി) കശക്കിയെറിഞ്ഞ ഉഷ്ണപ്രവാഹങ്ങള്‍. ഇടിമുഴക്കം തീര്‍ത്ത 'ഫയര്‍ബ്രാന്‍ഡ്' ഡയലോഗുകള്‍ ഇരുവരുടെയും മുഖമുദ്ര. "ഈ ശരീരത്തിലെ അവസാന രോമം വരെ നരച്ചാലും...എന്നെ കൊണ്ടാവില്ല സാര്‍..ഇവന്റെ ഒക്കെ എടുത്ത് വെച്ച് ......... കൊടുക്കാന്‍''-എന്ന് ഐജി ബാലചന്ദ്രനോട് കട്ടായം പറഞ്ഞ ഭരത്ചന്ദ്രന്റെ ഒരോ ചലനങ്ങളിലും അസഹിഷ്ണുവായ, കണ്‍വെട്ടത്തെ കാട്ടുനീതികള്‍ കണ്ട് അലോസരപ്പെടുന്ന ഒരാളുണ്ടായിരുന്നു. "കൈ എടുക്കണം മിസ്റ്റര്‍...''- തോളില്‍ കൈ വെച്ചവനോട് ആക്രോശിക്കുമ്പോഴും മേലധികാരികളുടെ തിട്ടൂരങ്ങള്‍ക്ക് മുന്നില്‍ കടിഞ്ഞാണിടപ്പെട്ട് മുഷ്ടി ചുരുട്ടി കാലില്‍ ഇടിച്ച് അരിശം തീര്‍ക്കുമ്പോഴും അയാളുടെ മൂക്കിന് താഴെ എപ്പോഴും 'മൌനം കിടന്ന് തിളക്കുന്നുണ്ടായിരുന്നു'.
 'ഒരു നാട് മുഴുവന്‍ കത്തിയെരിയുമ്പോള്‍' വീണ വായിച്ച് രസിച്ച കമ്മീഷണര്‍ ശങ്കര്‍ ഒരു ലോ ആന്‍ഡ് ഓര്‍ഡര്‍ സിറ്റുവേഷന്‍ ഹാന്‍ഡില്‍ ചെയ്യാന്‍ നിങ്ങള്‍ എന്നെ പഠിപ്പിക്കെണ്ടെന്ന് പറഞ്ഞപ്പോള്‍ ജോസഫ് അലക്സ് മുരണ്ടത് ഇപ്പോഴും ചെവിയിലുണ്ട്-"ദി ഹെല്‍ യു നോ....''. നേതാക്കന്‍മാര്‍ക്ക് ബോര്‍ഡെഴുതാനും ബാനറെഴുതാനും നോട്ടുമാലയിടാനും ഓടി നടക്കുന്ന, ഖദറിന് കഞ്ഞി പിഴിയാന്‍ പോലും കെല്‍പ്പില്ലാത്ത അണികളെ കുറിച്ചുള്ള അയാളുടെ വിലാപവും ഓര്‍മ്മയിലുണ്ട്. "പിന്നെയും രഹസ്യമായും പരസ്യമായും കഴുതകളെന്ന് നീയൊക്കെ വിളിക്കുന്ന പാവം ജനങ്ങള്‍''. അതെ....ഈ ജനങ്ങളെ തന്നെയാണ് പുതിയ കിങ്ങും കമ്മീഷണറും പറ്റിച്ചത്. ഇനി എന്റെ വക ഒരു ഡയലോഗ്- "സ്വന്തം കുഞ്ഞിന് പാലും ബിസ്ക്കറ്റും മേടിക്കാന്‍ വെച്ചിരുന്ന കാശെടുത്ത്, നട്ടപ്ര വെയിലത്ത് മണിക്കൂറുകള്‍ കുറ്റിയടിച്ച് നിന്ന്, ഇവിടെ കയറിയത് നിങ്ങളുടെ ഈ പേക്കൂത്ത് കാണാനല്ല''. ലോജിക്ക് എന്ന വാക്കിനെ പോലും നാണിപ്പിക്കുന്ന സ്റ്റോറിലൈന്‍, പഴയ ഡയലോഗുകള്‍ വീണ്ടും പൊതിഞ്ഞെടുത്ത് പുത്തന്‍ ബര്‍ഗറുകള്‍ എന്ന വ്യാജേനയാണ് രഞ്ജി നാട്ടുകാര്‍ക്ക് നല്‍കിയിരിക്കുന്നത്. 
സുരേഷ്ഗോപിയുടെ അവതാരലക്ഷ്യം ഭരത്ചന്ദ്രനെ അവതരിപ്പിക്കുക എന്നതായത് കൊണ്ട് അദ്ദേഹം ആ റോളില്‍ വീണ്ടും തിളങ്ങിയെന്ന് എഴുതാന്‍ എനിക്ക് മടിയില്ല. ഡയലോഗ് ഡെലിവറിയുംപണ്ടുണ്ടായിരുന്ന 'അടിമുടി തെളപ്പി'ന്റെ തിരുശേഷിപ്പുമാണ് ഇക്കുറിയും ഭരതിനെ രക്ഷിച്ചത്. പക്ഷേ ജോസഫ് അലക്സ് എന്നെ നിരാശപ്പെടുത്തി. 'സ്ഥലത്തെ പ്രധാന പയ്യന്‍സ്' എന്ന സിനിമയില്‍ താടി ചൊറിഞ്ഞ് നില്‍ക്കുന്ന വില്ലന്‍ നരേന്ദ്രപ്രസാദിനോട് ജഗദീഷ് കാച്ചുന്ന രഞ്ജി ഡയലോഗ്- "നിങ്ങളുടെ ഈ വെര്‍ബല്‍ ഡയറിയ-വാക്കുകളുടെ അജീര്‍ണ്ണം. അത് കേട്ട് എനിക്ക് ഛര്‍ദ്ദിക്കാന്‍ വരുന്നു. ഐ ഫീല്‍ ലൈക്ക് വോമിറ്റിങ്ങ്..'. നിര്‍ഭാഗ്യവശാല്‍ രഞ്ജി കുറിച്ച ഈ സംഭാഷണം അദ്ദേഹത്തിന്റെ സിനിമാഎഴുത്തിന്റെ കാര്യത്തിലും അറംപറ്റി. 
വലിയ എഴുത്തുകാരന്‍ ഒന്നുമല്ല രഞ്ജി പണിക്കര്‍ എന്ന് ഈ നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. പക്ഷേ, പഴയ 'കമ്മീഷണര്‍' നോക്കൂ. ജസ്റ്റിസ് നരേന്ദ്രന്‍ (കരമന), മോഹന്‍തോമസ് (രതീഷ്), ശ്രീലത (ചിത്ര), മുഹമ്മദ് ഇക്ബാല്‍ (വിജയരാഘവന്‍), വട്ടപ്പാറ (അഗസ്റ്റിന്‍) ഒരുപിടി നല്ല കഥാപാത്രങ്ങള്‍. "പണത്തിന് പണം...പിന്നെ, ബിനാമി ബന്ധങ്ങളും. വേറെ എന്തൊക്കെ തരാന്‍ കഴിയും..?. ഒരൊറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ടവര്‍. അവരുടെ ജീവനും സ്വത്തും സമാധാനവും...? മടക്കി തരാനാവുമോ...? കഴിയില്ല, മിസ്റ്റര്‍ രാജന്‍ ഫെലിക്സ്...നിങ്ങള്‍ക്കെന്നല്ല...ഈ ഇരിക്കുന്ന നിങ്ങളുടെ ദൈവം മോഹന്‍ തോമസിന് പോലും കഴിയില്ല''- പൂവന്തറ കലാപത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ വന്ന് കണ്ട് സ്വാധീനിക്കാന്‍ ശ്രമിച്ച മേനോനോടും ഫെലിക്സിനോടും മോഹന്‍തോമസിനോടും ജസ്റ്റിസ് നരേന്ദ്രന്‍ പറഞ്ഞ ഈ സംഭാഷണം എനിക്കേറ്റവും പ്രിയയപ്പെട്ടതാണ്. മോഹന്‍തോമസിനെ അവതരിപ്പിച്ച രതീഷിന്റെ പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സും മറക്കാനാവില്ല. പിന്നീട് 'ഭരത്ചന്ദ്രന്‍ ഐപിഎസ്' എന്ന രണ്ടാംഭാഗത്തില്‍ പ്രതിനായകനായി സായ്കുമാറും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കൊല്ലപ്പെട്ട ശ്രീലതാ വര്‍മ്മയുടെ സംസ്ക്കാരത്തിന് വീട്ടിലെത്തിയ ഭരതിനും ഇന്ദുവിനും നേര്‍ക്ക്  നാട്ടുകാര്‍ നടത്തുന്ന കൈയ്യേറ്റ ശ്രമവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളും, ജസ്റ്റിസ് നരേന്ദ്രന്റെ ജീവനും ജഡത്തിനും തീ കൊളുത്തി ഭീമന്‍രഘുവിന്റെ വില്‍ഫ്രഡ്  സ്ലോമോഷനില്‍ നടന്നകലുന്നത്, ഇക്ബാലിന് അവസാനജലം നല്‍കി വായില്‍ റിവോള്‍ വര്‍ തിരുകി വെടി ഉതിര്‍ക്കുന്നതിന് മുമ്പ്- "ചെന്ന് പറഞ്ഞേക്കണം ഭരത് ചന്ദ്രനോട്..മോഹന്‍ തോമസിന്റെ ദീനാനുകമ്പയെ പറ്റി..'' എന്ന മോഹന്‍തോമസിന്റെ ഡയലോഗ്, വിഖ്യാതമായ 'ഉച്ചിഷ്ടം അമേദ്യം' ഡയലോഗ് കാച്ചിയ ശേഷം ഭരത് നടന്നകലുമ്പോള്‍ ഒരറ്റത്ത് നിന്ന് തുടങ്ങി നിര മുഴുവന്‍ കൃത്യമായി സല്യൂട്ട് ചെയ്യുന്ന പൊലീസുകാര്‍.....അതൊരു കാഴ്ച്ചയായിരുന്നു. ഷാജി കൈലാസും രഞ്ജിയും സുരേഷ്ഗോപിയും അതിജീവനത്തിന് വേണ്ടി ഒരുമിച്ചപ്പോള്‍ വിടര്‍ന്നതാണ് ആ വിസ്മയം. ഒപ്പം വാണിജ്യസിനിമകളുടെ ചരിത്രത്തില്‍ ഏക്കാലവും ഓര്‍മ്മിക്കപ്പെടുന്ന രാജാമണിയുടെ പശ്ചാത്തല സംഗീതവും. ഏത് സുഷുപ്തിയില്‍ കേട്ടാലും "കമ്മീഷണര്‍ വരുന്നേ...'' എന്ന് പറയിക്കുന്ന ബി ജി....
കിങ്ങില്‍ പപ്പുവിന്റെ മികച്ച പ്രകടനവും കുട്ടിയുടെ മൂക്കില്‍ നിന്നൊലിച്ച നീര് തുടച്ചെടുത്ത ശേഷം അടുത്ത സീനില്‍ സോപ്പ് തിരുമ്മി കഴുകി അതൊന്ന് കൂടി മണത്ത് "ഛെ...എന്ത് ചെയ്താലും പോണില്ലല്ലോ...ആ ഉളുമ്പ് ചെക്കന്റെ മൂക്കള നാറ്റം..'' എന്ന മുരളിയുടെ ഡയലോഗ്, പിന്നെ ജോസഫ് അലക്സിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍' ഡയലോഗ്....അങ്ങനെ ഒരുപാടുണ്ട്...
കിങ്ങ് ആന്‍ഡ് കമ്മീഷണറില്‍ ഒന്നുമില്ല. സുരേഷ്ഗോപിയുടെ ഡയലോഗുകള്‍ കൊള്ളാം. എനിക്ക് തോന്നിയ ഒരേ ഒരു നല്ല അഭിപ്രായം. 
രൌദ്രത്തില്‍ രഞ്ജി പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. 'ആശുപത്രി ഇടനാഴിയില്‍ ഷിഹാബുദ്ദീന്‍ ഒറ്റയാള്‍ സാക്ഷി..യങ്ങ് ഡെബണയര്‍, ഡാഷിങ്ങ്, ഐപിഎസ് ഓഫീസര്‍ ബാലഗോപാല്‍ എസ്ഐ നരേന്ദ്രന്റെ ബൂട്ട്സിട്ട കാലില്‍ വീണ് കരഞ്ഞു. മീശ മുളച്ച ഒരാണും ചെയ്യാത്ത പോലെ.. അത്ര നാണംകെട്ട് , അത്ര അറപ്പിച്ച്, ഫൂ... നീ നേരത്തെ ചോദിച്ചില്ലേ...ഒരു കോംപ്ളക്സുമില്ല നരേന്ദ്രന്'' എന്ന് നീളുന്ന നരിയുടെ ഇന്റര്‍വെല്‍ ഡയലോഗ് എനിക്ക് പ്രിയപ്പെട്ടതാണ്. കിങ്ങ് ആന്‍ഡ് കമ്മീഷണര്‍ ഓടിയാലും ഇല്ലെങ്കിലും രഞ്ജി എന്ന തിരക്കഥാകൃത്തിനും ഷാജി എന്ന ഡയറക്ടര്‍ക്കും എന്റെ മനസിലെ ചരമക്കുറിപ്പായി ഈ ചിത്രം മാറി എന്നു കൂടി കുറിച്ച് അവസാനിപ്പിക്കുന്നു. 

ഭരത്ചന്ദ്രന്‍ ഐപിഎസ് ഇന്റര്‍വെല്‍ സീനില്‍ തോക്ക് പിറകിലുരച്ച് സായ്കുമാറിന്റെ വില്ലനോട് ഭരത് പറയുന്നു- "ഇപ്പോള്‍ നിന്റെ കെതച്ച് പോയ ശ്വാസത്തിന്...തെറ്റിയ മിടിപ്പിന്..എന്റെ ഭിക്ഷ..സക്കാത്ത്...ഇനിയുള്ള നിന്റെ ജീവിതം...'. അതെ, ഇന്ന് കൊടുത്ത 80 രൂപ ആ പഴയ നല്ല ഓര്‍മ്മകള്‍ക്കുള്ള എന്റെ സക്കാത്തായിരുന്നു.

Tuesday, March 13, 2012

ഈ അടുത്ത കാലത്ത്.....
എ കെ ആന്റണിയുടെ വാര്‍ത്താസമ്മേളനത്തിനിടയ്ക്ക് പിറവത്തെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ (ഓഫീസ് എന്ന് വിളിക്കുമെങ്കിലും അതൊരു ഗമണ്ടന്‍ വീടാണ്) മന്ത്രി കെ ബാബു ചാനല്‍കുടയുടെയും ക്യാമറ വെളിച്ചത്തിന്റെയും വെട്ടത്ത് വരാന്‍ പരിശ്രമിക്കുന്ന ഖദറിട്ട പാവങ്ങളെ അടിച്ചോടിക്കുന്ന ദൃശ്യം കണ്ടപ്പോള്‍ ചിരി വന്നു.
അവരെല്ലാം സാധാരണക്കാരായ പ്രവര്‍ത്തകരാണ്. ചാനല്‍ ക്ളിപ്പിങ്ങിലോ പത്രപടത്തിലോ സ്വന്തം സ്വത്വത്തിന്റെ അരികോ മൂലയോ അറ്റമോ അടിച്ച് വരാനാണ് അവര്‍ തിരക്ക് കൂട്ടുന്നത്. പുഴുത്ത പട്ടിയെ പോലെ കൈയ്യിലിരുന്ന പത്രം ചുരുട്ടി ബാബു അവരുടെ തോളില്‍ തട്ടിയകറ്റിയപ്പോള്‍ സഹാനുഭൂതിയോടെ ആന്റണി - "വേണ്ട...അവരവിടെ നിന്നോട്ടെ..'' എന്ന് പറഞ്ഞു. അടി അവസാനിപ്പിച്ചെങ്കിലും പിന്നീട് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഒന്നു രണ്ടു പേരെ ബാബു കണ്ണുരുട്ടി പേടിപ്പിച്ച് മടക്കി അയച്ചു.
നാലാള്‍ തിരിച്ചറിഞ്ഞാല്‍ നേതാവാകുന്ന കാലം നമ്മുടെ രാഷ്ട്രീയത്തില്‍ അവസാനിച്ചിട്ടില്ലേ...? ഞാന്‍ ചിന്തിച്ചു. ഫോട്ടോഗ്രാഫര്‍മാരും ചാനല്‍ റിപ്പോര്‍ട്ടര്‍മാരും ഭയപ്പെടുന്നത് നിര്‍ണ്ണായകനിമിഷങ്ങളിലെ അണികളുടെ ഇടിച്ചുകയറ്റമാണ്. അണികളുടെ കുത്തൊഴുക്കില്‍ ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്ത് ഉമ്മന്‍ചാണ്ടി നാട മുറിക്കുന്ന ഒരു ചിത്രം ഫെയ്സ്ബുക്കില്‍ ഈയിടെ പ്രചരിച്ചിരുന്നു. യാഥാര്‍ഥ്യമാണെങ്കിലും ഫോട്ടോഷോപ്പ് സൃഷ്ടിയാണെങ്കിലും ആലോചിക്കാവുന്ന ചില വസ്തുതകള്‍ അതിലുണ്ട്.
സ്വയം ഫ്ളെക്സ് അടിച്ച് പോസ്റ്റുകളിലും ബസ്സ്റ്റാന്‍ഡിലും എട്ടുനിലയുള്ള കെട്ടിടത്തിന്റെ മുകളിലും കൊണ്ടു തൂക്കിയിടാന്‍ പെടാപാട് പെടുന്നവരുടെ പ്രയാസം ആലോചിക്കുമ്പോള്‍ പ്രയാസം തോന്നാറുണ്ട്. പിരിക്കാന്‍ ചെല്ലുമ്പോള്‍ ആളുകള്‍ തിരിച്ചറിയാനാണ് ഈ പങ്കപാടെന്ന് ലോല ഹൃദയനായ എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ഞാന്‍ പൂര്‍ണ്ണമായി മുഖവിലയ്ക്കെടുത്തിട്ടില്ല. സിനിമയിലെന്ന പോലെ ചെറിയ ഒരു ചാന്‍സ് കിട്ടി, പിന്നീട് വില്ലനോ സഹനടനോ ആയി ഹീറോയോ ഹീറോയിനോ ആകുന്നപ്രാപഞ്ചിക പ്രതിഭാസം ഇക്കൂട്ടര്‍ക്കും പ്രായോഗികമാണ്. ഏതെങ്കിലും ഗ്രൂപ്പിന്റെയൊ നേതാവിന്റെയൊ കൂടെ കൂടി, ബ്രാന്‍ഡ് ചെയ്യപ്പെട്ട്, കളിക്കാവുന്ന എല്ലാകളികളും പഠിച്ച് പ്രതിഭാശാലിയായി രാഷ്ട്ര സേവനത്തിന് ഇറങ്ങുന്ന പ്രക്രിയ പ്രയാസം തന്നെ. ഓണ്‍ലൈന്‍ ചാറ്റിങ്ങ് വഴി നേതാക്കളായി പൊട്ടിമുളക്കുന്നവര്‍ക്ക് ഈ പ്രയാസമില്ല. പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചവകാശ കിരീടം ചൂടി പ്രതാപത്തോടെ അരങ്ങത്തേക്ക് നടന്നടുക്കുന്നതും സൌഭാഗ്യം. എന്തായാലും നൂല്‍പ്പാലത്തിലൂടെയുള്ള യാത്ര തെരഞ്ഞെടുക്കുന്നത് സാഹസം തന്നെയാണ്.
ദാസന്‍ കൊമ്പിടി, പാലത്തുങ്കല്‍ ജോണ്‍സണ്‍, ജെയ്സണ്‍ കാലിതോട്ടത്തില്‍, ദേവസ്യ പറമ്പിത്തറയില്‍ എന്നീ സ്റ്റെലില്‍ പേരുകളുള്ളവര്‍. നേതാക്കള്‍ക്ക് എന്തും ഏതും എത്തിക്കാന്‍ പാടുപെടുന്നവര്‍. എന്നിട്ടും ദി കിങ്ങില്‍ മമ്മൂട്ടി പറയുന്നത് പോലെ- പരസ്യമായും രഹസ്യമായും ഒരായിരംവട്ടം കഴുതയെന്ന് നേതാക്കളാല്‍ വിളിക്കപ്പെടുന്നവര്‍. ഈ കാര്‍ണിവെലില്‍ എന്നെങ്കിലും ലക്ഷ്യം തുളക്കുമെന്ന വിശ്വാസത്തോടെ ദിവസവും സൂചിയെറിയുന്നവര്‍. പത്രക്കാര്‍ക്ക് ചായയും ബിസ്ക്കറ്റും പഴവും പോര്‍ക്ക് വരട്ടിയതും സ്നേഹത്തോടെ വിളമ്പുന്നവര്‍. ഇടയ്ക്ക് ആരെങ്കിലും തോളില്‍ തട്ടിയാല്‍- 'ഞാന്‍ പറഞ്ഞ കാര്യം ഓര്‍മ്മയുണ്ടല്ലോ'- എന്ന് പറഞ്ഞ് കൈയ്യില്‍ കിട്ടിയ പത്രക്കാരനെ മാറ്റി നിര്‍ത്തി സംസാരിക്കുന്നവര്‍. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവരുടെ പേര് പത്രക്കാരന്‍ ചോദിച്ചറിയുമ്പോള്‍ "ദേ, ജോണ്‍സാ...എന്റെ പേര് മറക്കല്ലേ...'' എന്ന അല്‍ഫോണ്‍സ ചേച്ചിയുടെ ഓര്‍മ്മപ്പെടുത്തല്‍ കേട്ട്, "ആ...പിന്നെ അല്‍ഫോണ്‍സ ചേച്ചി...നമ്മുടെ സ്വന്തം ചേച്ചിയാ...പേര് ചേര്‍ക്കാന്‍ മറക്കല്ലേ....'' എന്ന് ഓര്‍മ്മിപ്പിക്കുന്നവര്‍. ചെലവിടാന്‍ പണം(ചിലപ്പോള്‍ മാസശമ്പളം), സഞ്ചരിക്കാന്‍ കാര്‍, ദാഹമകറ്റാന്‍ പാനീയങ്ങള്‍, ചില സംഘടന കള്‍ കെട്ടിപടുക്കാന്‍ കിട്ടുന്ന പാരിതോഷികങ്ങള്‍.
ഇടയ്ക്ക് താന്‍ വിചാരിച്ച കാര്യം സാധിക്കാത്തതില്‍ പ്രതിഷേധിച്ച് ഗോഡ് ഫാദറെയും കിങ്ങ്മേക്കറെയും തന്തയ്ക്ക് വിളിച്ച് സ്വാതന്ത്രം നേടുന്നവര്‍. എപ്പോഴാണ് ഇവര്‍ക്ക് ഒരു ബ്രേക്ക്ത്രൂ കിട്ടുക...?. "ഓ.. എത്രനാളായി അവന്‍ എന്റെ കൂടെ നില്‍ക്കുന്നു. ഒരവസരം കൊടുത്തേക്കാം''- എന്ന് നേതാവിന് തോന്നുമ്പോള്‍ ആണോ...ഞങ്ങളുടെ കോളേജില്‍ കോണ്‍ഗ്രസ് ഘടക കക്ഷി കെട്ടിപടുക്കാന്‍ ആളുകളെ റിക്രൂട്ട് ചെയ്തു. ശമ്പളവും കാറും മറ്റ് വാഗ്ദാനങ്ങളും റിക്രൂട്ട്മെന്റ് വേളയില്‍ നല്‍കിയിരുന്നതായി അറിഞ്ഞു.
അണികളെ കിട്ടുക ഇന്നത്തെ കാലത്ത് പ്രയാസമാണ്. അവരെ ഒരുമിപ്പിച്ച് നിര്‍ത്തുക അതിലും പ്രയാസം. അണികള്‍ അംഗീകരിക്കുന്നവന്‍ നയിക്കുന്നവന്‍-നേതാവ്. നേതാവിന് വേണ്ടത് നേതൃഗുണം. കാറ്റിലും കോളിലും പാര്‍ടിയുടെ വിളക്ക് അണയാതെ കാത്തുസൂക്ഷിക്കുന്നവന്‍. പാലം കുലുങ്ങിയാലും കുലുങ്ങിയില്ലെങ്കിലും കേളന് ഒരു പുല്ലുമില്ലെന്ന ഭാവത്തില്‍ പാലത്തില്‍ കാലുറപ്പിച്ച് നില്‍ക്കുന്നവന്‍. ഈ ഗുണങ്ങളെല്ലാം കാലക്രമേണ ഒരാളിലേക്ക് വന്നു ചേരുന്നതായിരിക്കുമോ...?. എന്ത് കുതികാല്‍ വെട്ട് നടത്തിയിട്ടായാലും ഉയരങ്ങളിലെത്തണമെന്ന് മാത്രം ചിന്തിക്കുന്ന ഒരുത്തന്റെ മണ്ടയില്‍ രാഷ്ട്രസേവനത്തിന്റെ പാഠങ്ങള്‍ താനേ പൊട്ടിമുളക്കുമോ...?. "കക്കാം...കക്കുന്നതിന് ഒരു മറയൊക്കെ വേണ്ടേ... ''-അഴിമതിയില്‍ കുടുങ്ങിയ രാഷ്ട്രീയ നേതാവിനെ കുറിച്ച് പ്രഭാതപത്രത്തില്‍ വായിച്ചറിഞ്ഞ് ആലസ്യത്തിന്റെ ഒരു ചായമിടുക്ക് ഇറക്കിയ ശേഷം മാത്രം ഇങ്ങനെ പ്രതികരിക്കുന്നവരുടെ നാട്ടില്‍ എ കെ ആന്റണിമാര്‍ ആദര്‍ശത്തിന്റെ പ്രതിരൂപമാവുന്നതും അതുകൊണ്ടാണ്. "എന്തൊക്കെയായാലും അയാള്‍ കക്കില്ല കേട്ടോ...''- എന്ന് ഗുണഗണങ്ങള്‍ വാഴ്ത്തുന്നവര്‍ അത് ഒരു പൊതുപ്രവര്‍ത്തകന് വേണ്ട മിനിമം ക്വാളിറ്റി മാത്രമാണെന്ന് മറക്കുന്നതും അതുകൊണ്ടാണ്. അണികള്‍ ജനിക്കുന്നു. നേതാക്കളിലേക്കുള്ള യാത്രകള്‍ തുടരുന്നു. ചിലര്‍ ജയിക്കുന്നു. ചിലര്‍ തോക്കുന്നു.....ഈ പ്രവാഹം അനുസ്യൂതമായി തുടരുന്നു.

Wednesday, March 7, 2012

ശബ്ദ സാഗരത്തിന്‍ അഗാധ നിശബ്ദത......
ബോംബെ രവിയുടെ ഈണങ്ങള്‍ ഈ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഉത്തരന്ത്യേയില്‍ നിന്നെത്തിയ ഈണങ്ങളുടെ വസന്തം നാട്ടിടവഴികളിലും ആറ്റുവഞ്ചികള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന പുഴയോരത്തും വടക്കന്‍ പാട്ടിന്റെ സംഘര്‍ഷ ഭൂമികകളിലും വിരഹാഗ്നിയില്‍ വെന്തുരുകിയ കമിതാക്കളുടെ മനസുകളിലും ഒരുപാട് പൂക്കള്‍ വിടര്‍ത്തി. ആ പൂവുകള്‍ക്കെല്ലാം എന്തൊരു ചേലായിരുന്നു...ഇതളുകള്‍ക്ക് നിലാവിന്റെ കാന്തിയും കുളിര്‍മ്മയും. എത്രയോ നിശ്വാസങ്ങള്‍ക്ക് ശേഷവും ആ പൂക്കളുടെ സൌരഭ്യം ചോരാതെ മനസില്‍ എന്നന്നേയ്ക്കുമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
ഒഎന്‍വിയുടെ കവിതയ്ക്ക് സംഗീതത്തിന്റെ അലൌകിക ചിറകടികള്‍ സമ്മാനിച്ച രവിയെ ബോംബെ രവിയാക്കിയത് എം ടി വാസുദേവന്‍ നായരാണ്. നഖക്ഷതങ്ങള്‍ക്കും പഞ്ചാഗ്നിയ്ക്കും വേണ്ടി നൌഷാദിനെയും ഖയാമിനെയും തേടിയലഞ്ഞ എംടിയും ഹരിഹരനും നിയോഗം പോലെ ഒടുവില്‍ രവിയുടെ മാളികയിലെത്തി ചേരുകയായിരുന്നു. മലയാളത്തില്‍ സംഗീതം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം ആദ്യം പറഞ്ഞതിന് കാരണം രണ്ടായിരുന്നു (1) ചെറിയ ഭാഷ (2) പ്രതിഫലം തീരെ കുറവ്. എന്നാല്‍ മലയാളം എന്ന ചെറിയ ഭാഷയുടെ വലിപ്പത്തെ കുറിച്ചും മലയാളികളുടെ അതുല്യമായ സംഗീതഭ്രമത്തെ കുറിച്ചും സലില്‍ ചൌധരിയെ പോലുള്ള പ്രതിഭകളെ ഈ ഭാഷ നെഞ്ചേറ്റിയതും വിവരിച്ച് എംടിയും ഹരനും രവിയെ മലയാളത്തിലേക്ക് ദത്തെടുക്കുകയായിരുന്നു.
സുകൃതത്തിലെ നായിക നായകനോട്- "ഒരു ചോദ്യം ഓര്‍മ്മയുണ്ടോ..?'' "കടലിന്‍ അഗാധമാം നീലിമയില്‍....''. ഹൃദയത്തില്‍ ഹര്‍ഷത്തിരകള്‍ ഉണര്‍ത്തിയ ഗാനം. പഞ്ചാഗ്നിയിലെ 'സാഗരങ്ങളേ..പാടി പാടി ഉണര്‍ത്തിയ സാമഗീതമേ', പരിണയത്തിലെ 'അഞ്ച് ശരങ്ങളും പോരാതെ മന്‍മഥന്‍', പിന്നെ ഒരിക്കലും മായാത്ത ആ നഖക്ഷതത്തിലെ 'കേവല മര്‍ത്ത്യഭാഷ കേള്‍ക്കാത്ത'....രവി മലയാളികളുടെ മനസിന്റെ ഭാഗമായി. എംടി വാസുദേവന്‍ നായരുടെ കൃതികള്‍ മനോരമ ഡിജിറ്റലൈസ് ചെയ്തപ്പോള്‍ പ്രായാധിക്യത്തിന്റെ അവശതകളിലും അദ്ദേഹം ആ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തി. രവി ഒടുവില്‍ കേരളത്തില്‍ എത്തിയ ചടങ്ങും അതു തന്നെ. മയൂഖത്തിലെ- 'കാറ്റിന് സുഗന്ധമാണിഷ്ടം', 'ചുവരില്ലാതെ ചായങ്ങളില്ലാതെ..' തുടങ്ങിയ ഗാനങ്ങള്‍ ആസ്വദിക്കാന്‍ വേണ്ടി മാത്രം തിയറ്ററില്‍ രണ്ട് വട്ടം കയറി ഇറങ്ങിയതും ഓര്‍ക്കുന്നു. രവി ഈണം നല്‍കിയ ആ വരികള്‍ ഇപ്പോള്‍ ഓര്‍ക്കുന്നു-'ശബ്ദ സാഗരത്തിന്‍ അഗാധ നിശബ്ദശാന്തത....''