Friday, February 17, 2012

ഇന്ന് സഞ്ചയനം...
അച്ഛന്റെ മരണം കൊണ്ട് ഏറ്റവുമധികം നഷ്ടമുണ്ടായത് സ്വാഭാവികമായും എനിക്കാണ്. ഭൂമിയുടെ വായിലേക്ക് അച്ഛനെ കിടത്തിയ പെട്ടി കയര്‍ കെട്ടിയിറക്കിയതും, പച്ച മണ്ണ് അതിന്റെ പുറത്തേക്ക് വീഴുന്നതിന്റെ മര്‍മ്മരം കേള്‍ക്കേണ്ടി വന്നതും നാലാം ക്ളാസില്‍ പഠിക്കുമ്പോഴാണ്. 
തെറ്റായ തീരുമാനങ്ങള്‍ മാത്രം ശുഷ്കിച്ച ഈ മനുഷ്യായുസില്‍ കൈകൊള്ളുകയും, തെറ്റിയ തീരുമാനങ്ങളുടെ കരുത്തില്ലാത്ത ചിറകിലേറി കുറച്ച് ദൂരം പറക്കുകയും, ഉയരങ്ങളില്‍ നിന്നും സ്വയം വീഴുകയും മറ്റുള്ളവരാല്‍ തള്ളിയിടപ്പെടുകയും ചെയ്ത ഒരാളെ സംബന്ധിച്ചിടത്തോളം അച്ഛന്റെ അഭാവം വലുതാണ്. അതിനാല്‍ 'അച്ഛനില്ലാത്ത ഒരു കുട്ടി' എന്ന പേരില്‍ ഈ ലോകം എനിക്ക് നല്‍കിയ സഹതാപം മരണം വരെ നിഴലായി പിന്തുടര്‍ന്നിരുന്നെങ്കില്‍ എന്ന മൃഗതൃഷ്ണ ഈ ജന്‍മത്തെ പ്രലോഭിപ്പിക്കുകയും അതേ അളവില്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. 
ബാല്യത്തില്‍ ഏതോ സായാഹ്നയാത്രയ്ക്കിടയില്‍ വിരല്‍തുമ്പ് വിട്ട് അപാരതയിലേക്ക് നടന്ന് മറഞ്ഞ ആ നിഴല്‍ നീളം രണ്ട് ഖണ്ഡങ്ങളായി എന്റെ ജീവിതത്തെ വിഭജിച്ചു. കൂട്ടുകാരുടെ അച്ഛന്‍മാരുടെ മീശകറുപ്പിലും, അദ്ധ്യാപകന്റെ സ്നേഹോപദേശങ്ങളിലും മേലുദ്യോഗസ്ഥരുടെ അധികാരവടിവിലും അച്ഛന്റെ പ്രായമുള്ള ഏത് അപരിചിതദേഹത്തിലും ആ നിഴല്‍ നീളം കണ്ടെടുക്കാനുള്ള അവസാനിക്കാത്ത ചികയല്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാവുകയും ചെയ്തു. 
ഐവര്‍മഠത്തിലെ നനഞ്ഞ മണല്‍ത്തിട്ടയില്‍, മുന്നില്‍ വെച്ച ഇല ചിന്തിലേക്ക്'എള്ളും,പൂവും, ചന്ദനവും' ചാലിക്കുമ്പോള്‍, ഒടുവില്‍ ഇലയിലുള്ളതെല്ലാം ഉള്ളംകൈയ്യിലെ ചൂടിലമര്‍ത്തി നെഞ്ചോടു ചേര്‍ത്ത് 'പിതൃക്കളെ ഒന്നടങ്കം സ്മരിക്കുമ്പോള്‍' ഞാനാഗ്രഹിക്കുന്ന മുഖം മനസിന്റെ കണ്ണാടിയില്‍ മാത്ര മിന്നിമറയാന്‍ അനുഷ്ഠിക്കുന്ന ആ ഏകാഗ്രധ്യാനത്തോളം ആഴമുണ്ട് അച്ഛന്റെ നഷ്ടത്തിന്...അമ്മയുടെ അച്ഛന്‍, അച്ഛന്റെ അച്ഛന്‍, അച്ഛന്‍ മരിച്ച വൃത്താന്തമറിഞ്ഞ് ഒരു ഗ്ളാസ് വെള്ളം അയല്‍വീട്ടില്‍ നിന്ന് വാങ്ങി കുടിച്ച് തളര്‍ന്ന് വീഴുകയും, കൃത്യം 90ാം ദിവസം അച്ഛന്റെ അടുത്തായി കുഴിച്ച കുഴിയില്‍ അദ്ദേഹത്തിന് 'കമ്പനി' നല്‍കുകയും ചെയ്ത ഇളയച്ഛന്‍....ഇവരുടെ മുഖങ്ങളെല്ലാം പച്ചപ്പില്‍ മനസിലുണ്ടെങ്കിലും എ മോഹനന്‍ നായരുടെ മുഖം മാത്രം തെറ്റി പിരിഞ്ഞ് നില്‍ക്കുന്നതിന്റെ വൈരുധ്യമാണ് എന്നെ അലട്ടിയിരുന്നത്. 
അക്ഷരങ്ങളും ദൃശ്യങ്ങളും അനുവാദമില്ലാതെ കടലെടുത്ത ഒരു ജന്‍മത്തിന്റെ ശിഷ്ട ഭാഗത്തില്‍ പരേതന് പുനര്‍ജനിക്കാന്‍ ഇടമൊരുക്കുകയായിരുന്നു പിന്നീടെന്റെ ലക്ഷ്യം. അമ്മ കാണാതെ, ഓജോ ബോര്‍ഡ് കളിച്ച് അച്ഛനെ മെഴുകതിരി മൂടിയ ഗ്ളാസിന്റെ ഇത്തിരിവട്ടത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് ഇതിന്റെ ഭാഗമായി കാണണം. പിതൃ-പുത്ര സ്നേഹം ചിത്രീകരിക്കുന്ന സിനിമകളും സാഹിത്യസൃഷ്ടികളും എന്നെ അലോസരപ്പെടുത്തി. ഉദാഹരണത്തിന് 'വാരണം ആയിരം' എന്ന സിനിമയില്‍ പുകവലിയ്ക്ക് അഡിക്റ്റ് ആയ അച്ഛന്‍ മകനോട് "നീ സിഗരറ്റ് വലിക്കരുത്. നീ വലിക്കുന്നത് എനിക്കിഷ്ടമല്ല'' എന്ന് പറയുന്ന ചെറിയ രംഗം എന്നെ വല്ലാത്ത ഒരു മൂഡില്‍ കൊണ്ടെത്തിച്ചു.  എന്റെ അച്ഛന്‍ നന്നായി സിഗരറ്റ് വലിക്കുമായിരുന്നു. വില്‍സിന്റെ മണമില്ലാത്ത രാത്രികള്‍ നാലാം ക്ളാസ് വരെ എന്റെ ജീവിതത്തില്‍ വിരളമായിരുന്നു. ഏത് ഗാഡനിദ്രയിലും ആ മണം എന്നെ ഉണര്‍ത്തുമായിരുന്നു. സിഗരറ്റ് കൂടുകള്‍ പൊളിച്ചുണ്ടാക്കുന്ന 'ചെറു നോട്ട് പാഡുകില്‍' ആവശ്യമുള്ള കണക്കുകള്‍, ഫോണ്‍ നമ്പറുകള്‍, ഓര്‍മ്മിക്കേണ്ട മേല്‍വിലാസങ്ങള്‍ എന്നിവ താല്‍ക്കാലികമായി കുറിച്ചിടുന്നത് അച്ഛന്റെ ശീലമായിരുന്നു. 
പോളിസ്റ്റര്‍ മുണ്ടും,ഫുള്‍കൈ ഷര്‍ട്ടുകളും, റെയ്ബാന്‍ ഗ്ളാസുകളും, രാജദൂത്, യമഹ ബൈക്കുകളുടെ കടലിരമ്പങ്ങളും, ചെറു വള്ളിയുള്ള ഹാന്‍ഡ് ബാഗും അച്ഛന്റെ ഭാഗങ്ങളായിരുന്നു.
അച്ഛന്‍ ഒരു പ്രമേഹരോഗിയായിരുന്നു. ഒരു ദിവസം നട്ടുച്ചയ്ക്ക് ഉറക്കത്തില്‍ നിന്നും ഞെട്ടിയെഴുന്നേറ്റ അച്ഛന്‍ വിയര്‍ത്തുകുളിക്കുകയും വലിയ പരവശം കാണിക്കുകയും ചെയ്തു. അമ്മയും ചേച്ചിയും കരഞ്ഞപ്പോള്‍, അയല്‍പക്കത്തെ ബാബു ഡോക്ടറെ ഓടി പോയി വിളിച്ചു കൊണ്ടു വന്നത് ഞാനാണ്. 
വന്നയുടന്‍, അച്ഛനരികില്‍ കട്ടിലില്‍ ഇരുന്ന ഡോക്ടര്‍ അമ്മയോട് സ്പൂണ്‍ പഞ്ചസാര കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. ഞൊടിയിടയില്‍ സ്പൂണ്‍ പഞ്ചാരയുമായി അമ്മയെത്തിയതും, ഡോക്ടര്‍ അച്ഛനോട് വാ പൊളിക്കാന്‍ പറഞ്ഞതും, പിളര്‍ന്ന വായിലേക്ക് പഞ്ചാരയിട്ടതും, പത്ത് മിനിറ്റിനുള്ളില്‍ തിരയടങ്ങിയ കടല്‍ പോലെ അച്ഛന്‍ ശാന്തനായതും, സ്പൂണ്‍ പഞ്ചാരയാല്‍ ലോകത്തിലെ എട്ടാമത്തെ അത്ഭുതം നിസാരമായി പ്രത്യക്ഷവല്‍ക്കരിക്കാമെന്ന നിസാര പുഞ്ചിരിയോടെ ഡോക്ടര്‍ ആ കൊച്ചുകുടുംബത്തെ നോക്കിയതും എന്നെ സംബന്ധിച്ചിടത്തോളം മിഴിവുള്ള ഒരോര്‍മയാണ്. 
'മൈ ഫാദേഴ്സ് നെയിം ഈസ് എ മോഹനന്‍ നായര്‍. ഹീ ഈസ് എ ബിസിനസ് മാന്‍' എന്ന് കോംപസിഷന്‍ ബുക്കില്‍ അമ്മയുടെ വാക്കുകള്‍ പകര്‍ത്തുന്നതിനോടൊപ്പം, ജെമസിന്റെ നിറമുള്ള മധുര ഗുളികകളായും, ഫൈവ് സ്റ്റാര്‍ പായ്ക്കറ്റിന്റെ കിരുകിരുപ്പായും, എണ്ണ പലഹാരങ്ങളുടെ വിവിധ രുചികളായും അച്ഛന്‍ എന്ന ഉണ്‍മ എന്റെ ഒരോ കോശങ്ങളിലും തള്ളിയടിച്ചു.
മ്യൂസിയത്തിലേക്കുള്ള ഫാമിലി ടൂറിനിടയില്‍ കിണറ്റില്‍ കിടന്ന ഹിപ്പോപൊട്ടാമസിന്റെ പിളര്‍ന്ന വായിലേക്ക് അച്ഛന്‍ അവിടെ കണ്ട പുല്‍തൊട്ടിയില്‍ നിന്നും പിടി പുല്ല് വാരിയിട്ടതും, ഔദ്യോഗിക കൃത്യത്തിനിടയ്ക്ക് 'ഏതോ വരത്തന്‍' നുഴഞ്ഞുകയറിയതിന്റെ അസ്ക്യതയോടെ കാവല്‍ക്കാരന്‍ അദ്ദേഹവുമായി കോര്‍ത്തതും, കൂട്ടുകാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം കൈയ്യാങ്കളി നടക്കുകയും, അച്ഛന്റെ വാച്ചിന്റെ ചില്ല് തട്ടി വാച്ച്മാന്റെ നെറ്റി പോറിയതും, നൂറിന്റെ ഒരു താള്‍ കൊണ്ട് കാര്യങ്ങളെല്ലാം സമ്പൂറാക്കിയതും വഴി 'ഡാഡി' എത്ര 'കൂള്‍' എന്ന തിരിച്ചറിവ് അദ്ദേഹം എനിക്കുണ്ടാക്കി. 
ഗുരുവായൂര്‍ യാത്രകള്‍ക്കിടയില്‍ കൂട്ടുകാരായ സലീം, അബ്ദു എന്നിവരെ രാമന്‍കുട്ടി, ജനാര്‍ദ്ദനന്‍, തുടങ്ങിയ ഹൈന്ദവനാമങ്ങളിലേക്ക് ജ്ഞാനസ്നാനപ്പെടുത്തുകയും അവരുടെ ഭാര്യമാര്‍ക്കും തരം പോലെ വൈവിധ്യമേറിയ ഹൈന്ദവനാമങ്ങള്‍ നല്‍കി നിശബ്ദമായ 'ക്ഷേത്ര പ്രവേശന' വിപ്ളവം നടത്തിയതിന് ശേഷം, അവര്‍ക്കൊപ്പം നിന്ന് കള്ളകണ്ണനെ പ്രാര്‍ത്ഥിക്കുമ്പോള്‍ അച്ഛന്റെ ചുണ്ടില്‍ വിടരാറുള്ള കള്ളചിരിയും എന്റെ നഷ്ടങ്ങളുടെ പട്ടികയില്‍ പെടുന്നു. 
അച്ഛന്റെ വിയോഗത്തിന് ശേഷം പല രാത്രികളിലും അമ്മയും മരിച്ചു പോയെന്ന്  പേക്കിനാവ് കാണുകയും 'സര്‍വ്വ മംഗള മാംഗല്യേ, ശിവേ സര്‍വ്വാര്‍ത്ഥ സാധികേ, ശരണ്യേ ത്രയംബംകേ ഗൌരി, നാരായണീ നമോസ്തുതേ' എന്ന ദേവീശ്ളോകം ചൊല്ലി ഞാന്‍ ചുവരിനോട് ചേര്‍ന്ന് കിടക്കുകയും ചെയ്തു. 
അലമാരയുടെ ചെറിയ അറയില്‍ തപ്പിയപ്പോള്‍പഴക്കമുള്ള മഞ്ഞച്ച ന്യൂസ്പേപ്പര്‍ എന്റെ കൈയ്യില്‍ തടഞ്ഞു. 'ഇന്ന് സഞ്ചയനം' എന്ന തലക്കെട്ടില്‍ തുടങ്ങി ദുഖാര്‍ത്തരായ ബന്ധുമിത്രാദികള്‍ എന്ന് അവസാനിക്കുന്ന ചെറിയ പരസ്യം കണ്ടപ്പോള്‍ എനിക്കുണ്ടായ ചില ഓര്‍മകളാണിത്...


Thursday, February 16, 2012


ഏതിലയും മധുരിക്കുന്ന കാടുകള്‍...

ന്റെ മുന്നിലെ ഇലയില്‍ വിളമ്പിയ സദ്യ ആവേശത്തോടെ തിന്നുതീര്‍ക്കുകയും തൊട്ടടുത്തിരിക്കുന്നവന്റെ ഇലയിലേക്ക് നാണമില്ലാതെ കൈയിട്ട് വാരി തിന്നുകയും ചെയ്യുന്ന ആ പ്രവണതയെ ആണല്ലോ 'അവിഹിതം' എന്ന ഓമനപേരിട്ട് സമൂഹം വിളിക്കുന്നത്. 
ഇത്തരം സവിശേഷ വ്യതിചലനം മലയാളീസമൂഹത്തില്‍ കണക്കില്ലാതെ കൂടിയിട്ടുണ്ടെന്നാണ് സമീപകാലത്തിറങ്ങിയ ചില മലയാളം സിനിമകള്‍ പറയുന്നത്. 'ഇന്ത്യാടുഡേ' യുടെയും മറ്റും കവര്‍ സ്റ്റോറിയായി ഈ വിഷയം പലവട്ടം വന്നിട്ടുണ്ടെങ്കിലും അതിന്റെ ആധികാരിതയില്‍ അവര്‍ തന്നെ സംശയാലുക്കളാണ് എന്ന നിഗമനമാണ് എനിക്കുള്ളത്. 

'ബ്യൂട്ടിഫുള്‍' 

100ാം ദിവസത്തിലേക്ക് കുതിക്കുന്ന വി കെ പ്രകാശിന്റെ സൂപ്പര്‍ഹിറ്റ് 'ബ്യൂട്ടിഫുള്‍' ടോട്ടല്‍ അവിഹിതബന്ധങ്ങളുടെ കണക്കെടുപ്പ് കൂടിയാണ്. കഴുത്തിന് താഴെ തളര്‍ന്ന് ഫോര്‍ട്ട്കൊച്ചിയിലെ കൊട്ടാരക്കെട്ടില്‍ കഴിയുന്ന സ്റ്റീഫന്‍ ലൂയീസ് തന്നെ പരിശോധിക്കുന്ന ഭര്‍ത്തൃമതിയായ ഡോക്ടറോട് അവരുടെ കൂട്ടുകാരനെ കുറിച്ച് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. വിദേശത്തുള്ള കൂട്ടുകാരനെ കാണാന്‍ താന്‍ ചില ഇല്ലാത്ത മെഡിക്കല്‍ ക്യാമ്പിന്റെ കഥ പറഞ്ഞ് വര്‍ഷത്തിലൊരിക്കല്‍ അങ്ങോട്ടോ, അല്ലെങ്കില്‍ അയാള്‍ ഇങ്ങോട്ടോ വരാറുണ്ടെന്ന് കുമ്പസരിച്ച ഡോക്ടര്‍ സിനിമയിലെ മര്‍മ്മപ്രധാനമായ ഒരു വണ്‍ലൈന്‍ ആംഗലേയ ഡയലോഗ് കാച്ചുന്നുണ്ട്- 'മാരേജ് ഈസ് എ ലൈസന്‍സ് ടു ഹാവ് ആന്‍ എക്സ്ട്രാ മാരിറ്റല്‍ അഫയര്‍'. കുളിമുറിയ്ക്കടുത്ത് വെച്ച് തന്നെ 'ട്രൈ' ചെയ്ത കമലുവിനോട് താന്‍ പറ്റില്ലെന്ന് പറഞ്ഞതാണ് അയാള്‍ക്ക് തന്നോടുള്ള ഈര്‍ഷ്യയ്ക്ക് കാരണമെന്ന് വേലക്കാരി കന്യക (!) സ്റ്റീഫനോട് അയാളുടെ താടി വെട്ടിയൊതുക്കുന്നതിനിടയില്‍ സൂചിപ്പിക്കുന്നുണ്ട്. എന്താണ് കന്യകയുടെ വിസമ്മതത്തിന് കാരമെന്ന് സ്റ്റീഫന്‍ ആരാഞ്ഞപ്പോള്‍- 'എന്തോ...എനിക്കപ്പോള്‍ മൂഡേ ഉണ്ടായിരുന്നില്ല' എന്നാണ് കന്യക പറയുന്നത്. അഞ്ജലിയെന്ന കള്ളപേരില്‍ എത്തുന്ന ഹോംനേഴ്സും സ്റ്റീഫന്റെ ബന്ധുവായ അലക്സും തമ്മിലുള്ള രഹസ്യധാരകളാണ് സിനിമയുടെ പ്ളോട്ടിന്റെ കാതല്‍. സ്റ്റീഫന്റെ ട്രൂപ്പിലെ യുവാവായ ഗായകനും തൊട്ടടുത്ത ഫ്ളാറ്റിലെ കൊച്ചമ്മയും തമ്മിലുള്ള രഹസ്യവേഴ്ച്ചകളെ പരസ്യമാക്കുന്ന സംഭാഷണങ്ങളും സിനിമയിലുണ്ട്. 

'ട്രാഫിക്' 
തൊട്ടുമുമ്പ് പുറത്തിറങ്ങിയ 'ട്രാഫിക്' എന്ന സിനിമയുടെയും പ്ളോട്ടില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാക്കുന്നത് ഡോ. എബേല്‍ തര്യന്റെ (കുഞ്ചാക്കോ ബോബന്‍) ഭാര്യയ്ക്ക് അയാളുടെ സുഹൃത്തുമായുള്ള അവിഹിതബന്ധമാണ്. എബേലിന്റെ ഇരുവശത്തും നിലയുറപ്പിച്ച്, അയാളുടെ പിറകിലൂടെ, സെറ്റിയിലൂടെ, കൈകള്‍ ചേര്‍ത്ത് പിടിക്കുന്ന ആ ബന്ധത്തിന്റെ ചുണ്ടില്‍ വിടരുന്നത് നിഗൂഡമായ ഒരു ചതിയുടെ ഹര്‍ഷം മതിവരുവോളം ആസ്വദിക്കുന്ന രണ്ടുപേരുടെ പുഞ്ചിരിയാണ്. ഡോ. എബേല്‍ സുന്ദരനാണ്. ഭാര്യയുടെ ജന്‍മദിനത്തില്‍ ഏറ്റവും നല്ല കാര്‍ തന്നെ അവള്‍ക്ക് 'വിസ്മയ-സമ്മാനമായി' നല്‍കണമെന്ന് വാശി പിടിക്കുന്ന മനസാണ് അയാള്‍ക്കുള്ളത്. അര്‍ദ്ധരാത്രി ഭാര്യയുടെ മൊബൈല്‍ഫോണ്‍ തുടര്‍ച്ചയായി 'ഇക്കിളി കൊണ്ട് ചിരിക്കുമ്പോള്‍' അതില്‍ സംശയത്തിന്റെ കരി നിഴല്‍ കാണാത്തവനാണ്. എന്നിട്ടും ഭാര്യ അയാളെ വാരിക്കുഴിയില്‍ വീഴ്ത്തി. നാഗരികതയുടെ ഭൂപടങ്ങളില്‍ ഇത്തരം വാരിക്കുഴികള്‍ ധാരാളമുണ്ടെന്നാണോ തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും ധ്വനിപ്പിക്കുന്നത്. തന്നെ വഞ്ചിപ്പിച്ച ഭാര്യയെ അവളുടെ ജന്‍മദിന സമ്മാനമായി നല്‍കാനിരുന്ന പുതിയ കാറിനാല്‍ എബേല്‍ ഇടിച്ചിടുമ്പോള്‍ തിയറ്ററില്‍ ഉയര്‍ന്ന കൈയ്യടികള്‍ സത്യത്തില്‍ എന്നെ പരിഭ്രമിപ്പിച്ചു. 'അവള്‍ക്ക് അത് തന്നെ വേണമെന്ന' കരിമ്പടത്തിനുള്ളിലും മറ്റെന്തിനൊക്കെയൊ നമ്മുടെ പ്രേക്ഷകര്‍ സത്യവാങ്ങ്മൂലം നല്‍കിയയെന്നാണ് എനിക്ക് അപ്പോള്‍ തോന്നിയത്. 

'ചാപ്പാകുരിശ്'

സമീര്‍താഹിര്‍ സംവിധാനം ചെയ്ത 'ചാപ്പാകുരിശ്' എന്ന സിനിമയില്‍ അര്‍ജുനും (ഫഹദ് ഫാസില്‍) സോണിയയും തമ്മിലുള്ള ബന്ധം അവിഹിതമാകുന്നത് അവര്‍ക്ക് നടുവില്‍ അര്‍ജുന്റെ പ്രതിശ്രുതവധു ആന്‍ (റോമ അസ്രാണി) നില്‍ക്കുന്നത് കൊണ്ട് മാത്രമല്ല. വീണ്ടും വീണ്ടും കണ്ട് മൂര്‍ച്ഛ അടയാനോ സോണിയയെ പിന്നീട് ബ്ളാക്ക്മെയില്‍ ചെയ്യാനുള്ള ട്രംപ്കാര്‍ഡായോ ആ വേഴ്ച അര്‍ജുന്‍ അയാളുടെ മൊബൈല്‍ ഹാന്‍ഡ്സെറ്റില്‍ ചിത്രീകരിക്കുന്നത് കൊണ്ടു കൂടിയാണ്.

'കോക്ടെയ്ല്‍' 

 'ബട്ടര്‍ഫ്ളൈ ഓണ്‍ ദി വീല്‍സ്' എന്ന കനേഡിയന്‍ സിനിമയുടെ സ്വതന്ത്ര മലയാള പരിഭാഷയായ 'കോക്ടെയ്ല്‍' പറഞ്ഞതും അവിഹിത ബന്ധത്തിന്റെ കഥയാണ്. നഗരത്തിലെ പ്രമുഖ ബില്‍ഡേഴ്സില്‍ ജോലി നോക്കുന്ന രവി എബ്രഹാമിന്റെ (അനൂപ് മേനോന്‍) സുരക്ഷിത ജീവിതത്തെ ഒറ്റദിവസം കൊണ്ട് മാറ്റി മറിക്കുന്ന അപരിചിതനായ വെങ്കിടേഷിന്റെ കഥയാണിത്. രവിയുടെ ഭാര്യയായ പാര്‍വ്വതിയുടെ പൂര്‍ണ്ണ സഹായത്തോടെയാണ് വെങ്കിടേഷ് 'ജീവിതനാടക'ത്തിന് തിരക്കഥയെഴുതിയത്. തെരുവ് പെണ്ണുങ്ങളെ വിലപേശി കാറിലെത്തിക്കാന്‍ ആവശ്യപ്പെട്ട്, പാര്‍വ്വതിയുടെ ശരീരത്തില്‍ ആസക്തിയോടെ വിരലോടിച്ച് സ്വന്തം ഭാര്യയുമായി രവി നടത്തിയ 'അവിഹിത ഇടപാടി' ന് വെങ്കിടേഷ് കണക്കു ചോദിക്കുന്നത്.

'ക്യാറ്റ് ആന്‍ഡ് മൌസ്'

സിബിമലയിലിന്റെ പുതിയ ചിത്രം 'ഉന്നം', കെ കെ രാജീവിന്റെ ചിത്രം- 'ഞാനും എന്റെ ഫാമിലിയും' ഇവയിലും വിവാഹേതര ബന്ധങ്ങള്‍ പ്രധാനപ്രമേയമാവുന്നു. 'ഉന്ന'ത്തിലെ അലോഷിയും (ആസിഫലി) ജെന്നിയും (റിമാകലിങ്കല്‍) 10ാം ക്ളാസ് മുതല്‍ കമിതാക്കളാണ്. ചില പ്രശ്നങ്ങള്‍ കൊണ്ട് അവര്‍ക്ക് ഒരുമിക്കാനായില്ല. അലോഷിയുടെ സുഹൃത്ത് കൂടിയായ ടോമിയെ (പ്രശാന്ത്നാരായണന്‍) വെട്ടിച്ച് എവിടെയെങ്കിലും ഒന്നിച്ച് ജീവിക്കണമെന്ന അഭിലാഷമാണ് അലോഷിയെയും ജെന്നിയെയും നയിക്കുന്നത്. ടോമിയെ പറ്റിച്ച് ഇരുവരും നടത്തുന്ന 'ക്യാറ്റ് ആന്‍ഡ് മൌസ്' ഗെയിം മാത്രമാണ് ചിത്രത്തില്‍ രസമുള്ള ചില സന്ദര്‍ഭങ്ങള്‍ സമ്മാനിക്കുന്നത്. 
ശ്യാമപ്രസാദിന്റെ 'ഒരേകടല്‍' സിനിമയില്‍ തന്റെ ആത്മാവിന് ആനന്ദമേകുന്ന പ്രൊഫ. നാഥന്റെ കൂടെ കഴിയാനാണ് ദീപ്തി ഒടുവില്‍ തീരുമാനിക്കുന്നത്. 
പഴയ ചില സിനിമകളിലും അവിഹിത ബന്ധം ചര്‍ച്ചാവിഷയമാകുന്നുണ്ട്. "മിസിസ് രാജാ.. നിങ്ങളുടെയുള്ളില്‍ ചുരമാന്തുന്ന ഒരു വേട്ടമൃഗമുണ്ടായിരുന്നു. ചങ്ങലയില്‍ കിടന്ന അതിനെ ഞാന്‍ മോചിപ്പിച്ചു അത്രേയുള്ളു..''- 'ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച' എന്ന സിനിമയില്‍ രോഹിണി രാജയോട് (ശ്രീവിദ്യ)  ഭാഗ്യനാഥന്‍ (സോമന്‍) പറയുന്ന സംഭാഷണമാണിത്. തന്നേക്കാള്‍ ഏറെ പ്രായകൂടുതലുള്ള, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഡോ. രാജയോടുള്ള മാനസികവും ശാരീരികവുമായ പൊരുത്തക്കേടാണ് രോഹിണിയെ ഭാഗ്യനാഥിന്റെ വളര്‍ത്തുമൃഗമാക്കിയത്. ശ്രീവിദ്യയുടെ ഭൂരിഭാഗം കഥാപാത്രങ്ങളും ഇത്തരം ബന്ധങ്ങളില്‍ മനഃപൂര്‍വ്വമോ അല്ലാതെയൊ പങ്കാളികളാവുന്നവരാണ്. കെ ജി ജോര്‍ജിന്റെ 'ഇര'യിലെ ആനി വേലക്കാരനുമായി നടത്തുന്ന ഇടപാടുകള്‍ ചിത്രത്തിന് അധികമാനം നല്‍കുന്നുണ്ട്. 
എംടിയുടെ 'നിര്‍മ്മാല്യ'ത്തില്‍ ദാരിദ്രത്തിന്റെ തീക്ഷ്ണതയാണ് പലിശക്കാരന് വഴങ്ങാന്‍ വെളിച്ചപാടിന്റെ ഭാര്യയെ പ്രേരിപ്പിച്ചത്. "എന്റെ രണ്ടു മക്കളെ പ്രസവിച്ച നീയോ...''എന്നാണ് ആ ഭീകര രംഗത്തിന് സാക്ഷിയായ വെളിച്ചപ്പാട് വിങ്ങിപൊട്ടുന്നത്. 

അക്ഷര അവിഹിതങ്ങള്‍

സിനിമകളില്‍ ചിത്രീകരിക്കുന്നതിനേക്കാള്‍ തീവ്രതയില്‍ അവിഹിത ബന്ധങ്ങള്‍ സാഹിത്യത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. വിജയന്റെയും എംടിയുടെയും മുകുന്ദന്റെയും നായകന്‍മാര്‍ ഇത്തരം ബന്ധങ്ങള്‍ ഉള്ളിലാവാഹിച്ചവരാണ്. ഒരഗമ്യഗമനത്തിന്റെ പട്ടടചൂടാണ് ഖസാക്കിലെ രവിയെ ഉലകം ചുറ്റിക്കുന്നത്. സേതുവിന്റെ പാണ്ഡവപുരം ഇത്തരം ബന്ധത്തിന്റെ മനശാസ്ത്രാവിഷ്കാരമാണ്. 'ഗുരുസാഗര' ത്തില്‍ പിനാകിയുടെ മകളാണ് ഇത്രയും കാലം താന്‍ തലോലിച്ചോമനിച്ച കല്യാണിയെന്ന ഭാര്യയുടെ വെളിപ്പെടുത്തല്‍ കുഞ്ഞുണ്ണിയ്ക്ക് ഇരിക്കപിണ്ഡമാവുന്നു. 
ഒടുവില്‍ വയലാര്‍ അവാര്‍ഡ് നേടിയ കെ പി രാമനുണ്ണിയുടെ 'ജീവിതത്തിന്റെ പുസ്തക'ത്തില്‍ അതിയന്നൂര്‍ കടപ്പുറത്തെ വിജയനും അതിയന്നൂര്‍ വിജയാ ബാങ്ക് ശാഖയിലെ ജീവനക്കാരിയായ ശില്‍പ്പ യോഗേഷ് ഭട്ടുമായുള്ള ബന്ധം ഹൃദ്യമാണ്. അതിയന്നൂര്‍ കടപ്പുറത്തെ മുക്കുവ സഹോദരങ്ങള്‍ക്കായി ലോണ്‍ അപേക്ഷകള്‍ നല്‍കാന്‍ ബാങ്കിലെത്തുന്ന വിജയന് ശില്‍പ്പ ആ ഫോറങ്ങള്‍ ശരിയാക്കുന്ന നേരമത്രയും അവളുടെ മുഖത്തല്ലാതെ മറ്റൊരിടത്തും നോക്കിയിരിക്കാനായില്ല. അയാളുടെ നോട്ടങ്ങളുടെ ആഴം കൂടും തോറും വെളുപ്പില്‍ നിന്ന് ചുവപ്പിലേക്കും ചുവപ്പില്‍ നിന്ന് രുധിരവര്‍ണ്ണത്തിലേക്കും അവള്‍ നിറം മാറുന്നു. "തെച്ചിയും ചെമ്പരത്തിയും കോളാമ്പിയും നിരന്ന തന്റെ പൂന്തോട്ടത്തിലാരോ ചെയിഞ്ചിങ്ങ് റോസ് നട്ടതായിട്ടാണ്'' വിജയന് അനുഭവപ്പെട്ടത്. ഭര്‍ത്താവോ ബന്ധുക്കളോ കുഞ്ഞുമോനോ ഇല്ലാത്ത ഒരു ദിവസം വിജയന്‍ കാല്‍ക്കുഴ തെറ്റിയ കാമുകിയെ കാണാന്‍ അവളുടെ വീട്ടിലെത്തുന്നുണ്ട്. മനസ് താളം തെറ്റുന്ന വേളയില്‍ അവളുടെ കുഞ്ഞുമോന്‍ മേശയിലുപേക്ഷിച്ച വായ പിളര്‍ന്ന ബാഗും ഷോക്കേസിലിരുന്ന ഭര്‍ത്താവിന്റെ ഫോട്ടോയും കണ്ണടയും  അയാളെ അലോസരപ്പെടുത്തുന്നു. എന്നാല്‍ ഒന്നാവാനുള്ള കാമിനിയുടെ താപത്തെ അതിജീവിക്കാന്‍ അയാള്‍ക്ക് ആവുന്നില്ല. ന്യൂസ് പേപ്പര്‍ കൊണ്ട് ഫോട്ടോയും കണ്ണടയും മൂടിയിട്ട് അവളുടെ അരികിലേക്ക് എത്തുന്ന അയാളോട്-"എന്താ വിജയന്‍..ഞാന്‍ നിങ്ങളുടേതല്ല.. എന്നെ പൂര്‍ണ്ണ മനസോടെ വിജയന് തരാന്‍ എനിക്ക് അവകാശമില്ലേ..?''- എന്ന് ശില്‍പ്പ ചോദിക്കുന്നു. ഈ ചോദ്യത്തിന്റെ പ്രസക്തിയും മാനവും വലുതാണ്. ആയിരംകണ്ണുള്ള പൊതുസമൂഹത്തിന്റെ വിചാരണയും അനിശ്ചിതത്ത്വവും ഇത്തരം ബന്ധങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അനിവാര്യതകളാണ്. ഇവയെല്ലാം ഉയര്‍ത്തുന്ന ചോദ്യങ്ങളും അനേകമാണ്. 

Tuesday, February 14, 2012

ജയഭാരതിയുടെ ആനന്ദമാര്‍ഗം...
'ജയഭാരതിയുടെ പൊക്കിളിന് എന്തൊരു വലിപ്പമാ...ഒരു കിലോ അരി അതിലിട്ട് അരയ്ക്കാം'. ദേവകി ടീച്ചര്‍ ഷര്‍ട്ടിന്റെ മുകളിലെ ബട്ടണ്‍സിട്ട് കൊണ്ട് പറഞ്ഞു. 'കൈയ്യിലാണെങ്കില്‍ അച്ച് കുത്തിയൊരു പാടും.' ('ആനന്ദമാര്‍ഗം'- ഉണ്ണി ആര്‍)

ജയഭാരതിയെ അടിമുടി ഓര്‍മ്മിപ്പിച്ചതിന് 'ആനന്ദമാര്‍ഗം' എന്ന ചെറുകഥയ്ക്കും കഥാകൃത്ത് ആര്‍ ഉണ്ണിയ്ക്കും കടപ്പാട്. ഐ വി ശശിയുടെ ആദ്യ സിനിമയായ 'ഉത്സവ'മാണ് ജയഭാരതിയെ ആദ്യം കണ്ട സിനിമയെന്ന് ഓര്‍മ പറയുന്നു. ചാരിയിട്ട മരവാതില്‍ സോമന്‍ തള്ളിതുറന്നപ്പോള്‍, കൈയ്യില്‍ ഊരി മാറ്റിയ നനഞ്ഞ ബ്ളൌസുമായി ഭാരതി ബ്ളാക്ക് & വൈറ്റില്‍ നില്‍ക്കുന്നു. കൈകള്‍ കൊണ്ടൊരു ഗുണനചിഹ്നം മാറിന് കുറുകെ പണിത് നമ്രമുഖിയായി അവള്‍ നില്‍ക്കുന്നതും സോമന്‍ മാര്‍ജാര പാദനായി ആ പാനപാത്രത്തിനരികിലേക്ക് നടന്നടുക്കുന്നതും മുറിയിലെ കൊച്ചു ജനലിലൂടെ പുറത്ത് കനക്കുന്ന മഴയിലേക്ക് ക്യാമറ നോട്ടം മാറ്റുന്നതും മാത്രമേ ഇപ്പോള്‍ ഓര്‍മ്മയിലുള്ളു.
ആടി കുഴഞ്ഞൊരു ശരീരമായിരുന്നു ഭാരതിയുടേത്. 'ദാ..എന്നെ പിടിച്ചോ..' എന്ന് മൂളി നായകവൃക്ഷത്തിലേക്ക് പടരുന്നൊരു വനജ്യോത്സനാവള്ളി പോലെ അവര്‍ ടിവി സ്ക്രീനില്‍ വിരുന്നു വരുന്നു.
ഇന്നത്തെ നായികാസങ്കല്‍പ്പത്തിന് കടകവിരുദ്ധമായിരുന്നു ജയഭാരതിയെന്ന നടിയുടെ ഭൂമിശാസ്ത്രം.അവരുടെ പല്ലുകള്‍ക്കിടയിലെ ചെറിയ വിടവും കൈയ്യിലെ 'അച്ചുകുത്തും', ഉച്ചാരണരീതികളും പിന്‍ കഴുത്തിന് തൊട്ടുതാഴത്തുള്ള കറുത്ത പുള്ളിക്കുത്തും എനിക്കിഷ്ടമായിരുന്നു. വികാരവസന്തത്തിന്റെ ആദ്യതലോടലില്‍ തന്നെ ജയഭാരതിയുടെ എല്ലാശാഖകളും പൂത്തുലയും. മഴക്കാറ് കണ്ട മയിലിനെ പോലെ, നസീറോ, മധുവോ, വിന്‍സെന്റോ ഒന്ന് തൊട്ടാല്‍ മതി വേലിയേറ്റത്തിര അവരുടെ മുഖത്ത് ഓടിയെത്തും. അത്തരം സീനുകളില്‍ അവര്‍ അജയ്യയായിരുന്നു.നമ്മുടെ ശരാശരി പ്രേക്ഷകന് വേണ്ട വൈകാരികതയായിരുന്നു അത്.
ഭാരതിയുടെ ഒരുപാട് രംഗങ്ങള്‍ മനസില്‍ മിന്നിമറയുന്നുണ്ടെങ്കിലും 'ഇതാ ഇവിടെ വരെ' എന്ന സിനിമയിലെ അമ്മിണിയാണ് എനിക്ക് പ്രിയങ്കരി. പൈലി മാപ്ളയോടുള്ള (മധു) പ്രതികാരാഗ്നിയാണല്ലോ വിശ്വനാഥന് (സോമന്‍) അയാളുടെ മകള്‍ അമ്മിണിയെ പ്രണയകുരുക്കിലാക്കാന്‍ പ്രചോദനമേകിയത്. താറാക്കൂട്ടത്തിനിടയ്ക്ക് ഏതോ പാതിരാത്രിയില്‍  നടത്തിയ സംഗമത്തിന് ശേഷം അമ്മിണി ഗര്‍ഭിണിയായോ എന്നറിയാന്‍ വിശ്വനാഥന് ഔത്സുക്യമുണ്ട്. ഇടയ്ക്കിടയ്ക്ക് അയാള്‍ അവളോട് ചോദിക്കുന്നുണ്ട്- 'കുഴപ്പമൊന്നുമില്ലല്ലോ..?'എന്ന്. ഒരു ദിവസം  അവള്‍ കായലില്‍ നീരാടുമ്പോഴാണ് വിശ്വനാഥന്‍ പമ്മി പരുങ്ങിയെത്തുന്നത്. 'കുഴപ്പമൊന്നുമില്ലലോ...?'- എന്ന പതിവ് ചോദ്യം. ഒരു കവിള്‍ വെള്ളം മഴവില്ലു പോലെ തുപ്പി 'എന്തോന്ന് കുഴപ്പം...ഒരു കൊഴപ്പവുമില്ല..' എന്ന് പറയുന്നതിലെ വശ്യത മനസിലുണ്ട്. ഒടുവില്‍ പൈലിയുടെ മരണശേഷം അപ്പച്ചന്‍ മാപ്പിളയോടൊപ്പം കര വിട്ട് പോകാന്‍ നേരം വിശ്വനാഥന്‍ അവള്‍ക്ക് നേരെ വെച്ച് നീട്ടിയ ജീവിതം പുല്ലു പുല്ലു പോലെ തട്ടിയെറിഞ്ഞ് ഈറ്റപുലിയുടെ ചീറ്റല്‍ കണക്ക് അവള്‍ പറയുന്നു-'പൈലിയുടെ മോളാടാ ഞാന്‍..' അതെ..അമ്മിണിയ്ക്ക് സമം അമ്മിണി മാത്രം.
മുതലാളി കാമുകനാല്‍ വഞ്ചിക്കപ്പെട്ട് വാഴച്ചോട്ടിലിരുന്ന് മഞ്ഞവെള്ളം ഛര്‍ദ്ദിക്കുന്ന ഭാരതിയ്ക്ക് നേരെ കൈയ്യോങ്ങി കൊണ്ട് അടൂര്‍ ഭവാനി/മീന/കവിയൂര്‍ പൊന്നമ്മ ചോദിക്കും- "ഏതവനാടീ അത്...? ഏതവനാണെന്ന്...പറഞ്ഞില്ലെങ്കില്‍ കൊല്ലും നിന്നെ''. ഇങ്ങനെയുള്ള സിനിമകളില്‍ ഭാരതിയുടെ ശരീരത്തെ കാണാതെ ആത്മാവിനെ സ്നേഹിക്കുന്ന മറ്റൊരു കാമുകനുണ്ടാകും. പക്ഷേ അയാളുടെ മാംസനിബന്ധമല്ലാത്ത അനുരാഗം അവള്‍ കാണുന്നില്ല. പണക്കാരനായ കാമുകന്‍ കക്ഷത്ത് സെന്റടിച്ചോ മധുരമുള്ള ചോക്ളേറ്റ് നല്‍കിയോ അവളെ പാട്ടിലാക്കും. 'കരകാണാകടല്‍' അത്തരത്തിലുള്ള ഒരു സിനിമയാണ്. അതില്‍ ജംബറും കൈലിയുമിട്ട് 'കാറ്റു വന്നു കള്ളനെ പോലെ' പാടി കുന്നിന്‍മുകളിലും പുഴയോരത്തും ഓടി നടക്കുന്ന കൌമാരക്കാരിയെ മറക്കാനാവില്ല. 'കുട്ട്യേടത്തി' യില്‍ വിരൂപിണിയായ കുട്ട്യേടത്തിയെ കളിയാക്കുന്ന സുന്ദരിയായ അനുജത്തിയുടെ വേഷാണ് ഭാരതിയ്ക്ക്. കുട്ടികളാരോ താക്കോല്‍ പഴുതിലൂടെ നോക്കുമ്പോള്‍ നാലു കാലുകള്‍ കെട്ടിപിണയുന്ന ദൃശ്യമുണ്ട്. ഒപ്പം ഭാരതിയുടെ വികാരമുഖവും.
ഭാരതിയുടെ മാസ്റ്റര്‍പീസായ 'രതിനിര്‍വേദം' റീലോഡ് ചെയ്തപ്പോള്‍ ഞാനത് കാണാന്‍പോയില്ല. ശ്വേതാമേനോന്‍ രതി ചേച്ചിയാവുന്നത് കാണാനുള്ള കെല്‍പ്പ് എനിക്കുണ്ടായില്ല. 'പപ്പൂ....' എന്ന ആ നീട്ടി വിളി മറന്നിട്ട് വേണ്ടേ പുതിയ രതി ചേച്ചിയെ കാണാന്‍. വിയര്‍പ്പ് പുതിയ ഭൂപടം തീര്‍ത്ത പച്ചബ്ളൌസും പുള്ളി പാവാടയുമിട്ട് അരുണ സൂര്യനെ പൊട്ടാക്കി നെറ്റിയില്‍ അണിഞ്ഞ് കഴുത്തില്‍ ടേപ്പിട്ട് സ്റ്റൂളിലിരുന്ന് തയ്ക്കുന്ന രതിചേച്ചി.. പപ്പുവിന്റെ സ്വപ്നദര്‍ശനത്തില്‍ കിടക്കയില്‍ മലര്‍ന്ന് കിടക്കുന്ന രതിചേച്ചി..'തിരുതിരുമാരന്‍ കാവില്‍ ആദ്യ വസന്തം കൊടിയേറി' എന്ന പാട്ടുണരുമ്പോള്‍ നൃത്തം ചവിട്ടുന്ന രതിചേച്ചി...ഇതെല്ലാം മറന്നിട്ട് വേണമല്ലോ രണ്ടാമതൊരു രതി ചേച്ചിയെ കാണാന്‍.


'സായൂജ്യം' സിനിമയില്‍ 'മറഞ്ഞിരുന്നാലും മനസിന്റെ ഉള്ളില്‍' എന്ന പാട്ടില്‍ കൈയ്യില്ലാത്ത മാക്സിയിട്ട് നഷ്ടകാമുകന്റെ സ്മൃതികളില്‍ തപ്തനിശ്വാസമുതിര്‍ക്കുന്ന ഭാരതിയെ നോക്കി അമ്മ വെറുപ്പോടെ പറഞ്ഞു- 'മൊഖത്ത് നിന്നും വടിച്ചെടുക്കാം'. ഹും..റോസ് പൌഡറിന്റെ കാര്യമാണ്. സംഗതി സത്യവുമാണ്. പക്ഷേ അമ്മയുടെ കമന്റ് എനിക്ക് തീരെ പിടിച്ചില്ല. 'മാനത്തെ മഴമുകില്‍ മാലകളിലേക്ക്' കണ്ണെറിഞ്ഞ് 'കണ്ണപ്പനുണ്ണി'യില്‍ പാടുന്ന ജയഭാരതി, സന്ധ്യകള്‍ ചാലിച്ച സിന്ദൂരം ചാര്‍ത്തി, വിണ്ണിലെ നക്ഷത്ര മഷിക്കൂട്ടാല്‍ കണ്ണെഴുതിയ ഈ നായികയുടെ വശ്യത കാലാതീതമാണ്. അതാണല്ലോ അല്ലെങ്കില്‍ അതുമാത്രമാണല്ലോ... ഒരുപാട് നഷ്ടകണക്കുകള്‍ സമ്മാനിക്കുന്ന വെളിച്ചത്ത് പിടിച്ച് ഇരുട്ടത്ത് കാണിക്കുന്ന സിനിമയെന്ന 'ഏര്‍പ്പാട്' നടിമാര്‍ക്ക് നല്‍കുന്ന ഏകബോണസ്....

"..... ചേട്ടന്‍ ശരിക്കും ഒരു സഹോദരനെ പോലെയാണ്. എല്ലാ കാര്യത്തിനും നമ്മുടെ ഒപ്പമുണ്ടാകും. ...... ചേട്ടന്‍ എപ്പോഴും ജോളിയാണ്. ചിരിച്ച് ചിരിച്ച് നമ്മളെ മണല് കപ്പിക്കും.
ഈ ജാതി 'കന്നത്തര'ങ്ങളാണ് മുഖാമുഖങ്ങളിലും ഓര്‍മകുറിപ്പുകളിലും പഴയതും പുതിയതുമായ നടിമാര്‍ മൊഴിയാറുള്ളത്. സിനിമയെന്ന മാക്യവെല്ലിയന്‍ ലോകത്തെ കുറിച്ചോ അവിടുത്തെ ഉപജാപങ്ങളെ പറ്റിയോ അടിച്ചമര്‍ത്തലുകളെ പറ്റിയോ ആര്‍ജ്ജവമുള്ള ഒന്നും ഒരാളും മരണശേഷമെങ്കിലും പ്രസിദ്ധീകരിക്കാന്‍ തുറന്നെഴുതിയിട്ടില്ല. അങ്ങനെയുള്ള തുറന്നെഴതലുകള്‍ ഏറ്റവുമധികം ആവശ്യപ്പെടുന്ന മേഖലയാണ് സിനിമ. കല്ലറകളില്‍ കിടന്നുറങ്ങുന്നവരെ മെനക്കെടുത്തിയാലും മരണം കാത്ത് കിടക്കുന്നവരെ വിചാരണ ചെയ്താലും ഇങ്ങനെയുള്ള തുറന്നെഴുത്ത് ആവശ്യമാണ്.

Monday, February 13, 2012

'ഉന്നം' തെറ്റിയ ബെടി പ്രേക്ഷരുടെ നെഞ്ഞത്ത് കയറിയപ്പോള്‍...

സംവിധായകന്‍ സിബിമലയില്‍ സിനിമയെടുക്കുന്നത് നിര്‍ത്തണമെന്ന് അദ്ദേഹത്തിന്റെ പഴയ സിനിമകളെ കുറച്ചെങ്കിലും ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ അഭ്യര്‍ത്ഥിക്കാനേ ഈ സാധാരണക്കാരന് സാധിക്കൂ.
ഏറ്റവും ഒടുവില്‍ സ്വാതിഭാസ്കറിന്റെ തിരക്കഥയില്‍ ആസിഫലി, റിമാകലിങ്കല്‍, ലാല്‍, നെടുമുടിവേണു, ശ്രീനിവാസന്‍ തുടങ്ങിയവരെ  പ്രധാനകഥാപാത്രങ്ങളാക്കി സിബിമലയില്‍ സംവിധാനം ചെയ്ത 'ഉന്നം' എന്ന സിനിമ വെറും ഉന്നം തെറ്റിയ ഒരു വെടിയാവുകയും ജാതകദോഷം ഒന്നുകൊണ്ട് മാത്രം സിനിമ കാണാന്‍ തിയറ്ററില്‍ കയറിയ ഞാനുള്‍പ്പടെയുള്ള മലയാളികളുടെ നെഞ്ചില്‍ തറയ്ക്കുകയും ചെയ്തതിന്റെ വേദനയാണ് ഈ ബ്ളോഗ്കുറിപ്പിന്റെ ഒരോ വാക്കിലും നിറയുന്നതെന്ന് മാന്യവായനക്കാര്‍ തിരിച്ചറിയണം.
ലോഹിതദാസിന്റെ തിരക്കഥയില്‍ നല്ല കുറച്ച് സിനിമകള്‍ ചുട്ടെടുത്ത സിബിമലയിലിന്റെ കൈയ്യില്‍ ഇപ്പോള്‍ മരുന്നില്ലെന്ന് ഈ സിനിമ കണ്ടിറങ്ങുന്ന ആര്‍ക്കും മനസിലാകും. ഉള്ള മരുന്നാകട്ടെ വര്‍ഷങ്ങളുടെ മഴ നനഞ്ഞ് 'ഒന്നിനും കൊള്ളാത്ത' പരുവത്തിലാകുകയും ചെയ്തു. 'അപൂര്‍വ്വ രോഗ'ത്തില്‍ സിബി നടത്തിയ പരീക്ഷണം നാട്ടുകാരില്‍ ചിലര്‍ക്ക് രസിച്ചതായി അദ്ദേഹത്തിന് കിട്ടിയ 'ഫീഡ്ബാക്ക്' അനുസരിച്ചാകണം, ട്വിസ്റ്റുകളും ടേണുകളും കൊണ്ട് പ്രേക്ഷകരെ കസേരതുമ്പത്തിരുത്തുമെന്ന് അദ്ദേഹത്തിന് തോന്നിയ ഈ നാലാംക്ളാസ് തിരക്കഥ തെരഞ്ഞെടുത്തത്. അതിന് ശേഷം അദ്ദേഹമെടുത്ത 'വയലിന്‍' ആകട്ടെ തന്ത്രികളെല്ലാം പൊട്ടി മലയാളസിനിമയുടെ തട്ടിന്‍പുറത്താവുകയും ചെയ്തു.
അഞ്ച്കോടി രൂപ വില മതിക്കുന്ന ഹെറോയിന്‍ ലോഡ് കൈയ്യിലെത്തുന്ന ബാലകൃഷ്ണ എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ (ശ്രീനിവാസന്‍) അത് വിറ്റ് ലാഭമുണ്ടാക്കാന്‍ പഴയ അധോലോക നായകന്‍ സണ്ണി കളപ്പുരക്കലിനെ (ലാല്‍) സമീപിക്കുന്നു. സണ്ണി തന്റെ സുഹൃത്തുക്കളായ അലോഷി (ആസിഫലി) മുരുകണ്ണന്‍ (നെടുമുടിവേണു), ടോമി (ഈ കഥാപാത്രത്തെ അവതരിപ്പിച്ച കിഴങ്ങനെ എനിക്ക് പരിചയമില്ല), ബഷീര്‍ (ഏതോ പുതുമുഖം) എന്നിവരോട് ഈ മഹാദൌത്യത്തില്‍ പങ്കാളികളാവാന്‍ ആവശ്യപ്പെടുന്നു. ഒരോരുത്തരും 50 ലക്ഷം രൂപ വീതമിട്ട് 2.50 കോടിയാക്കുന്നു. ബംഗലൂരുവിലേക്ക്  പോയി പണം കൊടുത്ത്, 'സ്റ്റഫ്' ബാലകൃഷ്ണയുടെ പക്കല്‍ നിന്നും വാങ്ങാനായി ബഷീറിനെ സണ്ണി ചുമതലപ്പെടുത്തുന്നു. എന്നാല്‍ പാതി വഴിക്ക് വെച്ച് ബഷീറിന്റെ കാര്‍ മുഖംമൂടി വെച്ച ഒരു തെണ്ടി തടയുന്നു. രണ്ടുപേരും തമ്മില്‍ അടി..മുഖംമൂടി വെച്ച തെണ്ടിയുടെ മുഖം മൂടി ഊരി നോക്കിയ ബഷീര്‍ ഞെട്ടിപോകുന്നു. വിദ്യാസാഗറിന്റെ പടത്തിന് പാടാന്‍ ചെന്നൈയിലേക്ക് കെട്ടിയെടുത്ത അലോഷിയായിരുന്നു അത്. പിടിവലിക്കിടയില്‍ ബഷീര്‍ പാലത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുന്നു.
ഇതേതുടര്‍ന്ന് അങ്കലാപ്പിലായി പോയ സണ്ണി മഹാദൌത്യത്തില്‍ പങ്കാളികളായ എല്ലാവരെയും ഫോര്‍ട്ട്കൊച്ചിയിലെ തന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തുന്നു. ആദ്യമെത്തിയത് അലോഷിയാണ്. സംസാരത്തിനിടയില്‍ അലോഷിയാണ് ബഷീറിനെ തട്ടിയതെന്ന് സണ്ണി കുശാഗ്രബുദ്ധി കൊണ്ട് ഗണിച്ചെടുക്കുന്നു. തുടര്‍ന്ന് ഫോണ്‍ വിളിക്കാന്‍ പോയ സണ്ണിയെ അലോഷി വെടിവെച്ചിടുന്നു. തുടര്‍ന്ന് ബെടികളുടെ പെരുമഴക്കാലം.....ബഷീര്‍, സണ്ണി, മുരുകണ്ണന്‍,ടോമി, ഇതെല്ലാം അന്വേഷിക്കാന്‍ വന്ന ബാലകൃഷ്ണ...എല്ലാവരെയും അലോഷി ബെടി ബെച്ച് കൊല്ലുന്നു. ഇവരെയൊക്കെ കൊല്ലാന്‍ അലോഷിയെ പ്രേരിപ്പിച്ചതോ ടോമിയുടെ ഭാര്യ (റിമ) യോടുള്ള അനുരാഗം. ലാസ്റ്റ്...എല്ലാരെയും കൊന്ന അലോഷിയെ മുരുകണ്ണന്റെ ഭാര്യ സെറീന (ശ്വേതാമേനോന്‍) ലബദ്ധത്തില്‍ ബെടി ബെച്ച് കൊല്ലുന്നു....ഹോ....80 രൂപ പോയെങ്കില്‍ എന്താ...മനോഹരമായ ഒരു പൂച്ചയും എലിയും കളി കാണാന്‍ കഴിഞ്ഞല്ലോ...ലാല്‍ മരിച്ചതിന് ശേഷം സത്യം പുറത്ത്വരാതിരിക്കാന്‍ ആ ജഡം മറ്റുള്ളവര്‍ ചേര്‍ന്ന് കുഴിച്ചിടുന്നു. ഫാഗ്യത്തിന് ഒരുത്തനും അന്വേഷിച്ച് വന്നില്ല. ബാലകൃഷ്ണയെ കൊന്ന് അലോഷി കാത്ത് സൂക്ഷിക്കുന്നത് പതിവുപോലെ റെഫ്രിജിറേറ്റിലാണ്. റിമാകലിങ്കല്‍ മുടിയൊക്കെ വെട്ടിയൊതുക്കി ഇന്ദിരാഗാന്ധിയെ പോലെയുള്ള ഷ്റൈലിഷ് ലുക്കിലാണ്. ലാസിഫലിയാകട്ടെ ഒരോ തവണ ബെടി ബെച്ച് ആള്‍ക്കാരെ കൊന്നതിന് ശേഷം "എനിക്ക് ചാകാന്‍ പേടിയാ അതാ ഞാന്‍ നിങ്ങളെ കൊന്നത്'' എന്ന് വാവിട്ട് നിലവിളിക്കുന്നു. (ആസിഫലി മലയാളം ഉച്ചാരണം മെച്ചപ്പെടുത്തിയില്ലെങ്കില്‍ വീട്ടിലിരിക്കേണ്ടി വരും).
സിബി ജീവിതത്തിലെടുത്ത ഏറ്റവും മോശം സിനിമയെന്ന ഖ്യാതി തീര്‍ച്ചയായും 'ഉന്നം' നേടും.
ഫസ്റ്റ്ഷോ...സെക്കന്റ് ഷോ...തേര്‍ഡ് ഷോ...

അമ്മ: 'ലാലു, ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് നിനക്കറിയാമോ...?'
ലാലു: 'എന്താ അമ്മേ...?'
അമ്മ: 'ഇന്ന് നിന്റെ അച്ഛന്റെ ആണ്ടാണ്'
(ലാലുവിന്റെ മുഖം. ചുവരില്‍ അച്ഛന്റെ പടം. ദുരന്തരംഗങ്ങളിലെ സ്ഥിരം കുഴല്‍വിളി.)
അടുത്ത രംഗത്തിലും അമ്മയുടെ കണ്ണീര്‍മുഖം കണ്ട് ലാലുവിന്റെ ആത്മഗതം-"അമ്മയുടെ മുഖം കാണുമ്പോള്‍ എന്നും അച്ഛന്റെ ആണ്ടാണോയെന്ന് എനിക്ക് സംശയം തോന്നാറുണ്ട്''.


അച്ഛന്‍ മരിച്ചയുടനെ 'ചിത്രം' സിനിമ കാണുകയായിരുന്ന കൊച്ചുലാലുവിനെ അമ്മാവന്‍ തിയറ്റില്‍ നിന്ന് പിടിച്ചിറക്കി വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുന്നുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മാവനെ കുറിച്ച് ഓര്‍ക്കുമ്പോള്‍- "എന്റെ അച്ഛന്‍ മരിച്ച ശേഷം എന്നെയോ അമ്മയെയോ തിരിഞ്ഞുനോക്കാത്ത ആളാണ് ഞങ്ങളുടെ അമ്മാവന്‍. അതൊക്കെ ഞാന്‍ ക്ഷമിക്കും. പക്ഷേ 'ചിത്ര'ത്തിന്റെ ക്ളൈമാക്സ് കാണാന്‍ സമ്മതിക്കാത്തത് ഞാന്‍ മറക്കില്ല''- എന്നാണ് ലാലു അനുസ്മരിക്കുന്നത്.

സിനിമയെന്ന  മാധ്യമം അതിന്റെ പൂര്‍വ്വവഴികളെ അനുകരിച്ച് അതില്‍ നിന്ന് പുതിയ തിരക്കഥയ്ക്ക് ആവശ്യമുള്ള ഹാസ്യം ഉല്‍പ്പാദിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ഒരുപിടിയുണ്ട് ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ 'സെക്കന്റ് ഷോ' എന്ന സിനിമയില്‍.

മണല്‍ക്കടത്തില്‍ നിന്നും കഞ്ചാവ് കടത്തിലേക്കും അവിടെ നിന്ന് ജയിലിലേക്കും ചുവട് വെക്കുന്ന ലാലു ജയില്‍ മോചിതനായി മഴയുള്ള രാത്രിയില്‍ ഒരു ബസ്സ്റ്റോപ്പിലെത്തുന്നതും അവിടെ കണ്ട മറ്റൊരു യാത്രക്കാരനോട് തന്റെ ജീവിത വഴികള്‍ പറയുന്ന രീതിയിലാണ് 'സെക്കന്റ് ഷോ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പക, പ്രതികാരം, പ്രണയം, സുഹൃത്തുക്കള്‍ എല്ലാം ഒത്തിണങ്ങിയ ആ 'ആത്മഗതമാണ്' സിനിമയ്ക്ക് ജീവന്‍ നല്‍കുന്നത്. 'വാളെടുത്തവന്‍ വാളാല്‍' എന്ന പഴഞ്ചൊല്ലാണ് സിനിമയുടെ വണ്‍ലൈന്‍. പക്ഷേ പഴഞ്ചൊല്ലിനെ എത്രത്തോളം പുതുമയുള്ളതാക്കാം എന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും തിരക്കഥാകൃത്ത് വിന്നിയും 'തലപുകച്ചതിന്റെ' ഗുണം 'സെക്കന്റ് ഷോ'യില്‍ കാണുന്നുണ്ട്. ദുല്‍ക്കറിന്റെയും 'കുരുടിയെ' അവതരിപ്പിച്ച സണ്ണി വയേനയുടെയും തകര്‍പ്പന്‍ പെര്‍ഫോമന്‍സ് സിനിമയെ ഉയര്‍ത്തുന്നു. ഗൃഹപാഠം ചെയ്ത്, പാഠങ്ങള്‍ നന്നായി മനസിലുറപ്പിച്ചാണ് ദുല്‍ക്കര്‍ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുള്ളത്. പാരമ്പര്യത്തിന്റെ മുഴക്കമുള്ള ശബ്ദം ലാലുവിന്റെ ആത്മഗതത്തിന് ആവശ്യമുള്ള പഞ്ച് നല്‍കുന്നുണ്ട്.

"അന്നും ഇന്നും എന്നും പെണ്ണിന്റെ കാമുകന്‍ പണമാണ്''.
"ഒരായിരം ശത്രുക്കള്‍ക്ക് തുല്യമായി നീയൊരു മിത്രം പോരേടാ എനിക്ക്..'' തുടങ്ങിയ ദുല്‍ക്കറിന്റെ സംഭാഷണങ്ങള്‍ കൈയടി നേടുന്നുണ്ട്.


ബാബുരാജ് അവതരിപ്പിച്ച വാവച്ചന്റെ കീഴിലാണ് ലാലുവും കുരുടിയും കൂട്ടരും ആദ്യം ജോലിയ്ക്ക് ചേരുന്നത്. സിസി അടയ്ക്കാത്ത വണ്ടികള്‍ പിടിച്ചെടുക്കുകയാണ് ജോലി. വാവച്ചന്റെ ചേട്ടന്‍ നാടിനെ വിറപ്പിച്ച ഗുണ്ടയായിരുന്നു. പക്ഷേ ഒരുദിവസം കൂട്ടുകാരുമൊത്ത് നടന്ന് വരുമ്പോള്‍ കവിളില്‍ മറുകുള്ള ഒരു കൊച്ചുപയ്യന്‍ കൊളുത്തിയെറിഞ്ഞ പടക്കം കാലിനിടയില്‍ വീണ് പൊട്ടിയപ്പോള്‍ ഹൃദയാഘാതമുണ്ടായി അയാള്‍ മരിക്കുന്നു!!!. തുടര്‍ന്ന് വാവച്ചന്‍ ജീവിക്കുന്നത് ആ മറുകുള്ള പയ്യനെ കണ്ട് പിടിച്ച് പ്രതികാരം തീര്‍ക്കാനാണ്. വാവച്ചനെ വിഷ്ണുവര്‍ധന്‍ (സുധേഷ്ബെറി) കൊലപ്പെടുത്തിയപ്പോള്‍, ലാലുവും കൂട്ടരും അയാളുടെ കൂടെ ചേരുന്നു. സൂചികോട്ടയില്‍ നിന്ന് കഞ്ചാവ് കടത്തായിരുന്നു പുതിയ ജോലി. ഇടവേളയ്ക്ക് മുമ്പ് വിഷ്ണുവര്‍ധന്റെ ഗ്യാങ്ങുമായി ലാലുവും കൂട്ടരും തെറ്റി പിരിഞ്ഞു. വിഷ്ണുവര്‍ധന്റെ സംഘം ലാലുവിനെയും കൂട്ടരെയും വേട്ടയാടുന്നു. വെട്ട് കൊണ്ട് ഓടയില്‍ കിടക്കുമ്പോഴും ലാലുവിന്റെ ഹൃദയം പറയുന്നു- 'ഇതിന്റെ കണക്ക് ഞാന്‍ തീര്‍ക്കും.'
രണ്ടാമൂഴത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് പിന്നീട് ലാലുവും കൂട്ടരും. എന്നാല്‍ അനിവാര്യമായ തകര്‍ച്ച അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.
'ഫസ്റ്റ്ഷോ', 'സെക്കന്റ്ഷോ', 'തേര്‍ഡ് ഷോ' എന്നിങ്ങനെ മൂന്ന് ഖണ്ഡങ്ങളായി ക്രമാനുഗതമല്ലാത്ത രീതിയില്‍ പുരോഗമിക്കുന്ന സിനിമയ്ക്ക് അനുയോജ്യമായ ദൃശ്യപരിചരണമാണ് ക്യാമറാമാന്‍ പപ്പു നല്‍കിയിരിക്കുന്നത്. റെക്സ് വിജയന്റെ ബാക്ക്ഗ്രൌണ്ട് സ്കോര്‍ സിനിമയില്‍ ഒരു വഴിത്തിരിവാണ്.

ലാലുവിന്റെ പ്രണയമാകട്ടെ അവന്‍ ജയിലില്‍ പോകുന്നതോട് കൂടി പൊളിയുകയാണ്. 'ലാലുവേട്ടന്‍ വിളിച്ചാല്‍ ഏത് നരകത്തിലേക്കും ഇറങ്ങി വരാമെന്ന്' വാഗ്ദാനം ചെയ്ത മുറപെണ്ണ് മറ്റൊരുത്തന്റെ മുന്നില്‍ ചായയും ജിലേബിയും നിരത്തുമ്പോള്‍ ലാലു പറയുന്നു- "അന്നും ഇന്നും എന്നും പെണ്ണിന്റെ കാമുകന്‍ പണമാണ്''.

: ചുരുക്കത്തില്‍ ദുല്‍ക്കറിന്റെയും സണ്ണിയുടെയും മികച്ച അഭിനയവും മികച്ച തിരക്കഥയും സംവിധാനവും സിനിമയെ 'പുതുമുഖങ്ങളുടെ സിനിമ' എന്ന സാധാരണ ലേബലില്‍ നിന്ന് ഉയര്‍ത്തുന്നു.

Saturday, February 4, 2012

'ഫ്ളാഷ്മോബ്'
ഒരുപാട് പേരെ സാക്ഷിയാക്കിയാണ് അവള്‍ എന്റെ കരണത്തടിച്ചത്. വലത് കവിള്‍ത്തടം ഇടത് കൈ കൊണ്ട് പൊത്തി ഞാന്‍ അല്‍പ്പനേരം കണ്ണുകളടച്ച് നിന്നു. ഞങ്ങള്‍ക്ക് ചുറ്റും ഒരുപാട് പേരുണ്ടായിരുന്നു. ചെറുപ്പക്കാരും മധ്യവയസ്കരും കുട്ടികളുമുണ്ടായിരുന്നു. കൂടുതല്‍ ആളുകള്‍ 'എന്തോ പ്രശ്നമുണ്ടെന്ന' ദീര്‍ഘവീക്ഷണത്താല്‍ ഓടി വരുന്നുണ്ടായിരുന്നു. നിലാവ് പോലെ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുമ്പോഴും പെട്ടെന്ന് കണ്ണുകളില്‍ ഇരുട്ട്. ഞങ്ങള്‍ നിന്നിരുന്നത് നഗരത്തിലെ പ്രശസ്തമായ ഷോപ്പിങ്ങ് മോളിലായിരുന്നു.
തിരക്കുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പൊന്നുമില്ലാതെ ഒരു സംഘം നടത്തുന്ന ചടുലമായ നീക്കങ്ങളോ ചിലപ്പോള്‍ നൃത്തം തന്നെയൊ 'ഫ്ളാഷ്മോബ്' എന്ന ഓമന പേരിട്ട് താലോലിച്ചോമനിക്കുന്ന കാലമായതിനാല്‍ അതു പോലുള്ള എന്തോ സംഗതിയാണ് നടക്കുന്നതെന്ന് ചിന്തിച്ചാണ് മിക്കവരും ഓടിയടുത്തത്. കഴിഞ്ഞ മാസം ഒബ്റോയിയില്‍ പോയപ്പോള്‍ ആകാശത്ത് നിന്ന് പൊട്ടിവീണത് പോലെ ഒരു ഫ്ളാഷ് മോബിന് സാക്ഷിയായിരുന്നു. ചുറ്റുമുള്ള ജനവൃത്തം വലുതാകവേ അവളുടെ മുഖത്തേക്ക് നോക്കി. അവള്‍ എന്നെ നോക്കി നില്‍ക്കുമ്പോഴും കണ്ണുകളിലെ ഭാവമെന്തെന്നോ അതിനെ എന്ത് വിളിക്കണമെന്നോ അറിയാത്തതിന്റെ പകപ്പ് ഉള്ളില്‍ നിറഞ്ഞു. 'ഇവന്‍ ഈ കൊച്ചിനോട് എന്തോ വൃത്തിക്കേട് കാണിച്ചതാ...' എന്ന ആക്രോശത്തോടെ ഒരുത്തന്‍ കൈയ്യോങ്ങിയതും ഞൊടിയിടയില്‍ ഒഴിഞ്ഞുമാറാനും  കഴുത്തില്‍ പിടിച്ച് അവനെ പിറകിലോട്ട് എറിയാനും കരുത്തേകിയത് അവളോടും  ലോകത്തോടുമുള്ള ദേഷ്യമായിരുന്നെന്ന കാര്യത്തില്‍  സംശയമില്ല. തറയില്‍ വീണവന്‍ ചാടിയെഴുന്നേറ്റ് പ്രത്യാക്രമണത്തിന് കുതിച്ചതും കണക്കുകൂട്ടലുകളെ തെറ്റിച്ച് അവള്‍  "പ്ളീസ്...ഇത് ഞങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ്..നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഒന്നുമില്ല..'' എന്ന് ഇടയില്‍ കയറി പറഞ്ഞു. ക്ളാസ് മുറിയില്‍  ടീച്ചര്‍ ചോക്ക് ബ്ളാക്ക്ബോര്‍ഡില്‍  അമര്‍ത്തുമ്പോള്‍ ചിലപ്പോള്‍ ഉയരാറുള്ള ഇക്കിള്‍ ശബ്ദത്തെ പോലെ ആ  സ്വരം എന്നില്‍ പൊട്ടിത്തരിപ്പുണ്ടാക്കി. പിന്നീട് ശബ്ദഘോഷത്തെ അവഗണിച്ച്, ആള്‍ക്കൂട്ടത്തിനിടയിലൂടെ വഴിയുണ്ടാക്കി, എലവേറ്റില്‍ കയറി, താഴത്തെ നിലയിലെത്തിയപ്പോള്‍ തിരിഞ്ഞുനോക്കി. മുകളില്‍ റെയിലിങ്ങില്‍ കൈ വെച്ച് അവള്‍ തിരിഞ്ഞ് നില്‍പ്പുണ്ട്. അവളോടൊപ്പം സാന്ത്വനിപ്പിക്കാനെന്നോണ്ണം ജീന്‍സും ടോപ്പുമിട്ട ചില പരിഷ്ക്കാരികളും  നില്‍ക്കുന്നുണ്ട്. 'കട്ട്' എന്നലറാനുള്ള തോന്നല്‍ പാടുപെട്ട് ഞാനടക്കി.
റോഡിലിറങ്ങി, ആദ്യം കണ്ട ഓട്ടോയില്‍ കയറി നഗരത്തിലേക്ക് നീങ്ങുമ്പോഴും തിയറ്ററില്‍ ഞങ്ങളൊരുമിച്ച് പാതി കണ്ടിറങ്ങിയ സിനിമയില്ലില്ലാത്ത ട്വിസ്റ്റുകളും ടേണുകളും ജീവിതത്തിലുണ്ടായതിന്റെ അങ്കലാപ്പിലായിരുന്നു ഞാന്‍. ജീവിതത്തിലെ കഴിഞ്ഞ സീനുകള്‍ ഓര്‍ത്തെടുക്കുമ്പോഴാകട്ടെ വല്ലാത്ത ഒരു വിറയല്‍ മനസിനെയും ശരീരത്തിനെയും പിടിച്ചുലച്ചു.
മോളിലേക്ക് ഓട്ടോറിക്ഷയില്‍ ഒരുമിച്ചാണ് പോയത്. പ്രണയം തുടങ്ങി ആറ് മാസമെങ്കിലും കഴിഞ്ഞതിന്റെ സ്വാഭാവിക സ്വാതന്ത്രം തടയാന്‍ എനിക്കായില്ല. സംസാരങ്ങള്‍ക്കൊപ്പം പിറകിലൂടെ കൈയ്യെത്തിച്ച് അവളുടെ തോളിലേക്കും മുടിയിഴകളിലേക്കും വിരലുകളെത്തിച്ചു. പിന്നെയും വിരലുകള്‍ താഴോട്ടിറക്കവേ, അവള്‍  കൈ തട്ടിമാറ്റി. 'സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍' ആണെന്ന് നിനച്ച് അവസാനിപ്പിച്ചേടത്ത് നിന്ന് വീണ്ടും തുടങ്ങാന്‍ നോക്കി. വീണ്ടും അനിഷ്ടത്തോടെ വിരലുകളവള്‍ തട്ടിയകറ്റി. കൌതുകം അടക്കാന്‍ കഴിയാതെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കിയ ഡ്രൈവറോട്- 'ചേട്ടാ... മുന്നില്‍ നോക്കി ഓടിക്ക്, കൊറച്ച് കൂടി ജീവിക്കണം..'' എന്ന് പറഞ്ഞ് ദേഷ്യമടക്കി. റോഷന്‍ ആന്‍ഡ്രൂസിന്റെ അസിസ്റ്റന്‍റ്റായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിന്റെ ആഹ്ളാദത്തിലായിരുന്നു ഞാന്‍. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങി അഞ്ചുവര്‍ഷത്തോളം കഴിഞ്ഞാണ് കൊമേഴ്സ്യല്‍ സിനിമയുടെ സ്വര്‍ഗ കിളിവാതില്‍ എനിക്ക് മുന്നില്‍ തുറക്കപ്പെടുന്നത്. കണ്ടു കണ്ടിരിക്കുമ്പോള്‍ അവളുടെ മിഴിയില്‍ ഒരു നീര്‍മണി ഉദിക്കുന്നത് പോലെ- "എന്താടോ...?'' എന്ന ചോദ്യത്തിന് ഒന്നുമില്ലെന്ന് അര്‍ത്ഥത്തില്‍ തല വിലങ്ങനെയാട്ടി. രാവിലെ ഫോണ്‍ ചെയ്ത് എന്റെ സന്തോഷം അവളോട് പറഞ്ഞപ്പോള്‍ അവളും സന്തുഷ്ടയായിരുന്നു. രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്കിടയില്‍ അവളുടെ സ്വാസ്ഥ്യം മുഴുവന്‍ തട്ടി മറിഞ്ഞു പോയത് പോലെ...സിനിമാക്സില്‍ എസിയുടെ തണുപ്പില്‍ പൂച്ചയുടെ പുറം പോലെ പതുപതുത്ത ഇരിപ്പിടത്തില്‍ അമര്‍ന്ന് 'ബ്യൂട്ടിഫുള്‍ 'കാണവേ എന്റെയുള്ളില്‍ വീണ്ടും പൊട്ടിത്തരിപ്പുകളുയര്‍ന്നു. 'മഴന്നീര്‍ത്തുള്ളികള്‍ നിന്‍...' പാട്ടൊഴുകിയപ്പോള്‍ എന്റെ വിരലുകള്‍ അവളില്‍ അലഞ്ഞുതിരിഞ്ഞു. ഒരോതവണയും അനിഷ്ടത്തിന്റെ പുറന്തോടില്‍ തട്ടി തെറിച്ചു വീഴാനായിരുന്നു വിരലുകളുടെ വിധി. ഇന്റര്‍വെല്ലിന് പുറത്ത് പോയി വാങ്ങിയ പോപ്പ്കോണ്‍ പാക്കറ്റ് കൈമാറവേ മരവിച്ച നോട്ടം മാത്രം അവളെനിക്ക് സമ്മാനിച്ചു. "മതി.. തലവേദനിക്കുന്നു ഞാന്‍ പോകുന്നു''-എന്ന് പറഞ്ഞ് അവള്‍ എഴുന്നേറ്റ് നടന്നു. പോപ്പ്കോണ്‍പായ്ക്കറ്റ് കളഞ്ഞ്, അവളുടെ പിറകേ ഞാനോടി. പുറത്തേക്കിറങ്ങിയ ശേഷം ഞാന്‍ അവളെ പിടിച്ച് നിര്‍ത്താന്‍ പലവട്ടം ശ്രമിച്ചു. ഒരോതവണയും അവളെന്നെ തട്ടിയകറ്റി. നാലാം തവണ കൈ പിടിച്ച് നിര്‍ത്തിയതും അവള്‍ കൈ വീശി എന്റെ കരണത്തടിച്ചതും ആളുകള്‍ ഓടിവന്നതും ഓര്‍മ്മയില്‍ മിന്നി മറഞ്ഞു.
മറൈന്‍ ഡ്രൈവില്‍ തണുപ്പുള്ള മരച്ചോട്ടിലിരുന്ന് സിമന്റ് ഭിത്തിയില്‍ തല തല്ലിചാവുന്ന ഓളങ്ങളെ നോക്കി നില്‍ക്കുമ്പോഴെല്ലാം ഉള്ളിന്റെയുള്ളില്‍ ഞാന്‍ അവളുടെ കോളോ മെസേജോ പ്രതീക്ഷിച്ചു. അങ്ങോട്ട് വിളിക്കാന്‍ പല തവണ നമ്പറെടുത്ത് പിടിച്ചെങ്കിലും കോള്‍ബട്ടണ്‍ ഞെക്കുന്നതില്‍ നിന്ന് എന്തോ എന്നെ പിറകോട്ട് വലിച്ചു. മുമ്പും ഞാനവളുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. നിറഞ്ഞ ദുഖഃത്തിലും എന്റെ സ്പര്‍ശം അവളെ ആശ്വസിപ്പിച്ചിരുന്നു. കായലോളങ്ങളില്‍ കണ്ണയച്ച് ഞാന്‍ സൂരജിനെ വിളിച്ചു. മെയ്ഫ്ളവറിലിരുന്ന് വോഡ്കയില്‍ നാരങ്ങാനീര് പിഴിഞ്ഞ് ഐസ് ക്യൂബുകളിടുമ്പോള്‍ എന്റെയുള്ളില്‍ വെറുപ്പ് നുരഞ്ഞുപൊന്തി. "നീ വിചാരിക്കുന്നത് പോലെയല്ല...അവള്‍ വല്ലാതെ ഡെസ്പറേറ്റ് ആയിരുന്നപ്പോള്‍ നിന്റെ അപ്രോച്ച് ശരിയായില്ല..''-ഗ്ളാസില്‍ ശേഷിച്ച മദ്യം വായിലേക്ക് കമിഴ്ത്തി ഐസ് ക്യൂബുകള്‍ വായിലിട്ട് കുലുക്കുഴിയുമ്പോള്‍ സൂരജ് പറഞ്ഞു. മുന്നിലെ ടിവിയില്‍ രഞ്ജിനി ഹരിദാസ് മംഗ്ളീഷില്‍ കൊഞ്ചുന്നു.
പുറത്തിറങ്ങി അരണ്ട നിലാവിനെ നോക്കി ഒരു സിഗരറ്റ് വലിച്ചുതള്ളുമ്പോള്‍ ഞാന്‍ പറഞ്ഞു-"ഇനി എസ്പിയുടെ ജീവിതത്തില്‍ ഒരു പെണ്ണില്ല...''. ഒന്നും മിണ്ടാതെ നിന്ന സൂരജ് എന്നോട്  "അവള്‍ക്ക് വേണ്ടി കൊണ്ട മഴയും കുടിച്ച കള്ളും വെയ്സ്റ്റ്''-എന്ന് പറഞ്ഞു. "ബ്യൂട്ടിഫുളിലെ ലാസ്റ്റ് ഡയലോഗ്..'' അവന്‍ കൂട്ടിചേര്‍ത്തു.  വാച്ചില്‍ നോക്കി ഞാന്‍ പറഞ്ഞു- "സമയമുണ്ട്..നീ വാ...നമ്മുക്ക് ബ്യൂട്ടിഫുള്ളിന് പോകാം...''എന്ന് പറഞ്ഞപ്പോള്‍ അവന്‍ പൊട്ടിചിരിച്ചു. ഞങ്ങള്‍ നേരെ ബൈക്കില്‍ 'പത്മ'യിലേക്ക് വിട്ടു.
പിറ്റേന്ന് ഉച്ചയ്ക്ക് സൂരജിന്റെ വിളിയാണ് എന്നെ ഉണര്‍ത്തിയത്. മോളിലെ രംഗങ്ങളെല്ലാം ആരോ മൊബൈലിലെടുത്ത് യൂട്യൂബിലിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. സംഗതി ശരിയാണ്. ഈ ചുരുങ്ങിയ സമയം കൊണ്ട് ആയിരത്തിലധികം കാണികളെ സമ്പാദിക്കാന്‍ വീഡിയോക്ക് കഴിഞ്ഞിട്ടുണ്ട്. ആരോ എന്റെ എഫ്ബിയില്‍ ഷെയര്‍ ചെയ്തിരിക്കുന്നു. നല്ലതും ചീത്തയുമായ കമന്റുകളുടെ പൂരം.  അതും നോക്കിയിരിക്കവേ അവള്‍ വിളിച്ചു.
അവള്‍: "ടാ...കണ്ടോ..?''
ഞാന്‍: "കണ്ടു കൊണ്ടിരിക്കുന്നു..''
അവള്‍: "എങ്ങനെയുണ്ട്...?''
ഞാന്‍: "കൊള്ളാം...പക്ഷേ നല്ല ഷെയ്ക്കുണ്ട്..വിചാരിക്കാത്ത കിട്ടിയ സീനല്ലേ...?.

* സത്യസന്ധമായ ഒരു സംഭവത്തിന്റെ അവാസ്തവിക പരിണാമം