Tuesday, January 3, 2012

മര്‍ലിന്‍ മണ്‍റോ ഓഫ് മലയാളം...
വിജയശ്രീയോളം സുന്ദരിയായ ഒരു നടിയെ മലയാള സിനിമ കണ്ടിട്ടില്ലെന്നാണ് തോന്നുന്നത്. എല്ലാം ഒത്തിണങ്ങിയ സൌന്ദര്യമായിരുന്നു അവരുടേതെന്ന് ചില പഴയ സഹപ്രവര്‍ത്തകരുടെ ഓര്‍മകളും പഴയ ചില സിനിമകള്‍ കണ്ടതിന്റെ ഓര്‍മകളും ഇഴ ചേരുമ്പോള്‍ തോന്നുന്നു. 'മറുനാട്ടില്‍ ഒരു മലയാളി' എന്ന സിനിമയിലെ 'ഗോവര്‍ധന ഗിരി കൈയ്യിലുയര്‍ത്തിയ ഗോപകുമാരന്‍ വരുമോ തോഴീ.....?' എന്ന് ചഞ്ചല മിഴിയിണകളാല്‍ വിജയശ്രീ ചോദിക്കുമ്പോള്‍ 'വരും...വരും...തീര്‍ച്ചയായും അവന്‍ വരും'- എന്ന് എന്റെ മനസ് എത്രയോ തവണ മന്ത്രിച്ചിട്ടുണ്ട്. കാരണമില്ലാത്ത ഒരാത്മഹത്യയായി വിജിയുടെ മരണം ഇന്നും അവശേഷിക്കുന്നു.  സാമുദ്രിക ലക്ഷണമെല്ലാം ഒത്തിണങ്ങിയ ശരീരം ആവോളം പ്രദര്‍ശിപ്പിക്കാന്‍ അവര്‍ക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല.
ജയരാജ് സംവിധാനം ചെയ്ത് പ്രേക്ഷകപ്രീതിയോ നിരൂപക ശ്രദ്ധയോ നേടാതെ തിയറ്റര്‍ വിട്ട 'നായിക' എന്ന സിനിമ വിജിയുടെ മരണമാണ് പറയുന്നതെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. മലയാളസിനിമയിലെ വടവൃക്ഷങ്ങളായ രണ്ട് സ്റ്റുഡിയോകള്‍ തമ്മിലുള്ള കിടമത്സരമാണ് ആ സുന്ദരിയുടെ മരണത്തിന് ഇടയാക്കിയതെന്ന് സിനിമ പറയുന്നു. ആ സിനിമ ഭാഗ്യവശാല്‍ എനിക്ക് കാണാന്‍ സാധിച്ചില്ല. വിജയശ്രീ തകര്‍ത്തഭിനയിച്ച 'പൊന്നാപുരം കോട്ട' എന്ന ചിത്രത്തിലെ 'വള്ളിയൂര്‍കാവിലെ...' എന്ന ഗാനരംഗ ചിത്രീകരണത്തിനിടയില്‍ അരുവിയില്‍ സ്വയം പൂത്തുലഞ്ഞ് കുളിക്കുകയായിരുന്ന വിജയശ്രീയുടെ ചേല പെട്ടെന്നൊരൊഴുക്കില്‍ താഴേക്ക് വഴുതി വീണെന്നും അവസരം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുക എന്ന സാധ്യത പോലും തട്ടിയകറ്റി കൊണ്ട് ഛായാഗ്രാഹകന്‍ ആ രംഗം ഷൂട്ട് ചെയ്തെന്നും അതില്‍ മനം നൊന്താണ് വിജയശ്രീ എന്ന മലയാളികളുടെ മര്‍ളിന്‍മണ്‍റോ ആത്മഹത്യ ചെയ്തതെന്നും ചില കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ആ ഗാനവും വിജയശ്രീ അഭിനയിച്ച ഒട്ടുമിക്ക ഗാനങ്ങളും സിനിമകളും ആവേശത്തോടെ കണ്ട എനിക്ക് ആ കഥയില്‍ സത്യത്തിന്റെ കാതലില്ലെന്ന് വെളിപ്പെട്ടു. പിന്നീട് 'ചന്ദ്രോത്സവം'സിനിമയില്‍ ചിറയ്ക്കല്‍ ശ്രീഹരി (മോഹന്‍ലാല്‍) തന്റെ നൊസ്റ്റാള്‍ജിക് ബാല്യകാലത്തെ കുറിച്ച് കൂട്ടുകാരോട് സംസാരിക്കുമ്പോള്‍ പഴയ ടാക്കീസ് മരബെഞ്ചിലിരുന്ന് 'പൊന്നാപുരം കോട്ട' എത്ര വട്ടമാണ് കണ്ടതെന്ന് തനിക്കോര്‍മയില്ലെന്ന് പറയുന്നുണ്ട്.
ഒട്ടും വൈഷമ്യമില്ലാതെയാണ് അത്തരം രംഗങ്ങളില്‍ അവര്‍ അഭിനയിച്ചിരുന്നത്. 'പോസ്റ്റ് മാനെ കാണാനില്ല' എന്ന സിനിമയില്‍ വിജയശ്രീ ഇരയാവുന്ന മിനിറ്റുകള്‍ നീണ്ട ഒരു ബലാല്‍ത്സംഗ സീക്വന്‍സുണ്ട്. കാണേണ്ടതെല്ലാം വെളിച്ചം കണ്ടതിന് ശേഷമാണ് പ്രേം നസീറെത്തി ഇക്കുറി നായികയുടെ മാനം കാത്തത്. മിക്ക ഗാനരംഗങ്ങളിലും സുതാര്യമായ ബ്ളൌസണിഞ്ഞാണ് അവര്‍ അഭിനയിച്ചിരുന്നത്.വടക്കന്‍പാട്ട് സിനിമകളുടെ ഗാനരംഗങ്ങളില്‍ കഴുത്തിറക്കി വെട്ടിയ ബ്ളൌസുകള്‍ക്കിടയിലൂടെ അവര്‍ പുറത്തേക്ക് തുളുമ്പുമായിരുന്നു. മെയില്‍ ഗെയ്സ് എന്ന് ഇപ്പോള്‍ പല നിരൂപകരും വിശേഷിപ്പിക്കുന്ന കാമനാദൃഷ്ടികളെ അവ തൃപ്തിപ്പെടുത്തിയിരുന്നു. ഷൂട്ടിങ്ങില്ലാതെ സമയത്ത് സുഹൃത്തുക്കളായ സഹനടികളോടൊത്ത് ചുറ്റിക്കറങ്ങാനാണ് അവര്‍ ഇഷ്ടപ്പെട്ടിരുന്നത്. മദ്യത്തില്‍ വിഷം കലര്‍ത്തി ഒരു പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയും സഹോദരനുമാണ് വിജിയെ കൊന്നതെന്ന് ഒരു സഹനടി അനൌദ്യോഗിക സംഭാഷണത്തിനിടയ്ക്ക് പറഞ്ഞതോര്‍ക്കുന്നു.
വിജയശ്രീ ഭയങ്കര വാശിക്കാരിയായിരുന്നെന്ന് മറ്റ് ചിലര്‍ ഓര്‍ക്കുന്നു. കുട്ടികളെ പോലെയായിരുന്നു ചില നേരങ്ങളില്‍ അവരുടെ പെരുമാറ്റമെന്നും അറിഞ്ഞു.
വിട്ടുവീഴ്ച്ചകളും കീഴടങ്ങലുകളും നടികളുടെ ജീവിതത്തെ ചിലപ്പോള്‍ നരകതുല്യമാക്കും. കോക്കസുകളും ക്ളിക്കുകളും അന്നും സജീവമായിരുന്നു. ഇന്നത്തേക്കാള്‍ എത്രയോ അധികമായിരുന്നു അന്ന് നടന്‍മാരുടെ തേരോട്ടം. സത്യത്തില്‍ അന്ന് സ്ത്രീകഥാപാത്രങ്ങള്‍ക്ക് സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഐറ്റംഗേള്‍സ് പിന്നെയാണ് രംഗപ്രവേശം നടത്തുന്നത്. കാണികളുടെ കാമനകളെ തൃപ്തിപ്പെടുത്തുക നായികമാരുടെ ദൌത്യമായിരുന്നു. വടക്കന്‍പാട്ടുകളുടെ പേര് പറഞ്ഞ് നടിമാര്‍ക്ക് നല്‍കിയിരുന്ന വേഷം അല്‍പ്പം മനുഷ്യപറ്റുള്ള ആര്‍ക്കും സഹിക്കാനാവില്ല. വെള്ള ബ്ളൌസിട്ട് നടക്കുന്ന നായികയ്ക്ക് അടിവസ്ത്രം നിഷേധ്യ വസ്തുവായിരിക്കും. ചില ക്ഷേത്രങ്ങളിലെ സാലഭഞ്ജികകള്‍ പോലെ നിറഞ്ഞ 'മാറിടത്തിലെ ആദ്യ നഖക്ഷതം' മറക്കുവാന്‍ പോലും കഴിയാതെ നായികമാര്‍ ആടിപ്പാടി, നീര്‍ച്ചോലകളില്‍ പൂത്ത്തളിര്‍ത്തു, വില്ലന്‍മാരുടെ വിയര്‍പ്പ്മണത്തിനും ശരീരഭാരത്തിനും അടിയില്‍ ചതഞ്ഞരഞ്ഞു. 'ആകെ നനഞ്ഞാല്‍ കുളിരില്ലെന്ന' പഴമൊഴി ഏറ്റവും അനുയോജ്യമാകുന്നത് ഇവരുടെ കാര്യത്തിലാണ്. ഷീലയ്ക്കും ജയഭാരതിയ്ക്കും ഒക്കെ ചില മികച്ച വേഷങ്ങള്‍ എങ്ങനെയൊ കിട്ടി. എന്നാല്‍ പാവം വിജിയ്ക്ക് അതിനും യോഗമുണ്ടായില്ലെന്ന് ഖേദത്തോടെ ഓര്‍ക്കുന്നു.
'യവനിക' സിനിമയില്‍ നാടകമുതലാളി തിലകന്‍ പറയുന്ന സംഭാഷണമില്ലേ- "പൊന്നു സാറേ...ആണും പെണ്ണും കൂടി കഴിയുന്ന ഏര്‍പ്പാടാ..എപ്പോള്‍ എന്താണ് ഉണ്ടാവുകയെന്ന് ആര്‍ക്കാ പറയാന്‍ സാധിക്കുക...?'' എന്ന ഡയലോഗ് ഏത് വിനോദമാളിയുടെ ഇരുട്ടറയിലേക്കും വഴികാട്ടും.
അവരും ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടാകും. അയാളെ വിവാഹം കഴിച്ച് കുട്ടികളും കുടുംബവുമായി കഴിയുന്നത് സ്വപ്നം കണ്ടിട്ടുണ്ടാകും. "ഒരു പെണ്ണിനെ കണ്ടാല്‍ ആദ്യം നോക്കുക അവളുടെ വയറിലേക്കാണ്. പാവം, എന്തെങ്കിലും കഴിച്ചിട്ടുണ്ടാകുമോ എന്നാണ്  മനസ് ആദ്യം ചോദിക്കുക''- കോവിലന്‍ ഏതോ കഥയിലോ നോവലിലോ അഭിമുഖ സംഭാഷണത്തിലോ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. പൂര്‍ണ്ണ സമ്മതത്തോടെയല്ലാതെ ഒരു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് ഒന്നാന്തരം കുറ്റകൃത്യമാണ്. മദ്യത്തിന്റെ ഉന്‍മാദത്തിലോ പ്രലോഭനത്തിന്റെ ചൂണ്ടലിലോ മൌനം സമ്മതമെന്ന അഴകൊഴമ്പന്‍ ന്യായീകരണത്തിലോ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ കൊലക്കയറുകള്‍ക്കും മോക്ഷം നല്‍കാനാവാത്ത കുറ്റകൃത്യമാണ് അയാള്‍ നടത്തിയതെന്ന് പറയാന്‍ മടിക്കേണ്ട കാര്യമില്ല.
ചിലപ്പോള്‍ മുടി റിബണുകള്‍ കൊണ്ട് പിന്നി കെട്ടി കൂട്ടുകാരോടൊപ്പം സ്കൂളില്‍ പോകുന്ന കൊച്ചുമിടുക്കിയായി, ചിലപ്പോള്‍ കുറച്ച് കൂടി വളര്‍ന്ന് പെറ്റികോട്ടിട്ട് നമ്മുടെ വീട്ടില്‍ ചുറ്റിത്തിരിയുന്ന ചേച്ചിയായി...അങ്ങനെയും ചില പെണ്‍കാഴ്ച്ചകള്‍ നമ്മുടെ ഉള്ളിലുണ്ട്. സര്‍പ്പസൌന്ദര്യങ്ങള്‍ ഇത്തരം കാഴ്ച്ചകള്‍ നമ്മുടെ കണ്‍വെട്ടത്ത് നിന്ന് മറയ്ക്കുകയല്ലേ???.

No comments: