Thursday, January 26, 2012

സോളമന്റെ തേനീച്ചകള്‍.......
"പോസ്റ്റ്മോര്‍ട്ടം ഒരാനാവശ്യ കാര്യമായിട്ടാണ് പരേതന്റെ ബന്ധുക്കളും സുഹൃത്തുക്കളും സ്വന്തക്കാരും  ഇപ്പോഴും കണക്കാക്കുന്നത്. ഒരു മുറിയില്‍ പ്രിയപ്പെട്ടവരുടെ മൃതദേഹവുമായി ചില ഡോക്ടര്‍മാര്‍ മണിക്കൂറുകളോളം അടച്ച് പൂട്ടിയിരിക്കുന്നത് എന്തിനാണെന്ന് മിക്കവരുടെയും സംശയം. സംശയാസ്പദമായ സാഹചര്യങ്ങളില്‍ മരിച്ചവരാണെങ്കില്‍ പോലും 'എന്റെ കുട്ടിയുടെ ശരീരം കീറിമുറിക്കാതെ കൈയ്യില്‍ കിട്ടിയാല്‍ മതിയായിരുന്നു' എന്ന് വിലപിക്കുന്നവരാണ് രക്ഷിതാക്കളില്‍ അധികവും. രാഷ്ട്രീയക്കാരുടെയും അധികാരികളുടെയും സഹായത്തോടെ ഇതിന് വേണ്ടി പരിശ്രമിക്കുന്നവരാണ് മിക്കവരും. എത്രയും പെട്ടെന്ന് തെളിവുകള്‍ നിരത്തണമെന്ന് മാത്രം ആവശ്യപ്പെടുന്ന പൊലീസുകാരും സര്‍ജന്‍മാരെ നിരന്തരം സമ്മര്‍ദ്ധത്തിലാഴ്ത്താറുണ്ട്. അജ്ഞത കൊണ്ടോ അറിവില്ലായ്മ കൊണ്ടോ സത്യത്തിന്റെ വാതിലുകളാണ് എന്നന്നേക്കുമായി കൊട്ടിയടക്കുന്നത് ഇവരൊന്നും തിരിച്ചറിയുന്നില്ല..
'' (ഡോ. ഷേര്‍ളി വാസു, പൊലീസ് സര്‍ജന്‍, തൃശൂര്‍ മെഡിക്കല്‍ കോളേജ്)
എറണാകുളം ലോകോളേജില്‍ നടന്ന ഫൊറന്‍സിക് സയന്‍സ് ശില്‍പ്പശാലയിലാണ് ഡോക്ടര്‍ ഷേര്‍ളി വാസു സര്‍ജന്‍മാരുടെ ധര്‍മ്മസങ്കടത്തെ കുറിച്ച് തുറന്നടിച്ചത്. പോസ്റ്റ്മോര്‍ട്ടം എല്ലാ അര്‍ത്ഥത്തിലും ദൈവികമാണ്. നാസ്തികനായ ഒരാള്‍ 'ദൈവികം' എന്ന പദം ഉപയോഗിക്കുന്നത് 'ദി മോസ്റ്റ് ഡിവൈന്‍' എന്ന അര്‍ത്ഥത്തിലാണ്. സൂക്ഷ്മമമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു കുറ്റകൃത്യത്തെ ഒരു കലാരൂപം തന്നെയായി ചിലര്‍ വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഈ കലയും പൂര്‍ണ്ണമല്ല. 'പെര്‍ഫക്ഷനിസ്റ്റ്'ആകണമെന്ന് മികച്ച കലാകാരന്‍മാരെ പോലെ തന്നെ നല്ല കുറ്റവാളിയും ഉള്ളാലെ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പിന്തുടരപ്പെടാനും ശിക്ഷിക്കപ്പെടാനുമായി 'ദൈവത്തിന്റെ ഒരടയാളം' അയാളും അവശേഷിപ്പിക്കുന്നുണ്ട്. ഒരു കൊലപാതകത്തിന്റെ കാര്യത്തില്‍ അത് മിക്കവാറും ഇരയുടെ ശരീരത്തിലോ, ശരീരം കിടന്ന പരിസരത്തിലോ ആവാം. കുറ്റവാളിയുടെ ശരീരം തന്നെ മിക്കപ്പോഴും അയാളെ ഒറ്റികൊടുക്കും. മുടി നാരിഴയോ, രക്തതുള്ളിയോ, പല്ലടയാളമോ,മറ്റ് സ്രവങ്ങളോ...അടയാളമായി അവശേഷിക്കുന്നു.ദൈവത്തിന്റെ ഈ അടയാളങ്ങള്‍ക്കായി ഇരയുടെ ശരീരഭൂപടം ഇഞ്ചിഞ്ചായി അരിച്ചുപെറുക്കുന്ന പര്യവേക്ഷകരായി പോസ്റ്റ്മോര്‍ട്ടം നടത്തുന്ന സര്‍ജന്‍മാര്‍ അവതരിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ ഇവര്‍ സോളമന്റെ തേനീച്ചകളാണ്*.
ഷേര്‍ളി വാസു തന്നെ നടത്തിയ ഒരു പോസ്റ്റ്മോര്‍ട്ടം വീഡിയോസെമിനാറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു മണിക്കൂറോളം നീണ്ടു നിന്ന ആ പ്രദര്‍ശനം കാണികളില്‍ മിക്കവരെയും അമ്പരപ്പിച്ചു കളഞ്ഞു. അഴുകി ജീര്‍ണ്ണിച്ച്, ദിവസങ്ങള്‍ പഴക്കമുള്ള ഒരു മൃതശരീരമാണ് അവര്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. നഗ്നമായ, കറുത്തിരുണ്ട മൃതശരീരം അവര്‍ കഴുകി വൃത്തിയാക്കി. ശരീരത്തില്‍ കണ്ട ഒരോ പാടുകളും മറുകുകളും നോട്ട്സ് തയാറാക്കുന്നവര്‍ക്കായി വിളിച്ചു പറഞ്ഞു. പിന്നീട് സ്കാല്‍പല്‍ കൊണ്ട് താടിയുടെ അടി വശം തൊട്ട് അബ്ഡോമന്‍ വരെ നീണ്ട വര വരച്ചു. ഷര്‍ട്ട് ഊരിയെടുക്കുന്നത് പോലെ മാറിലെ മാംസാവരണം ഊരിയെടുത്തു. ആന്തരികാവയവങ്ങള്‍ ഒരോന്നായി പുറത്തെടുത്തു. തൂക്കിനോക്കി. പ്രത്യേക പരിശോധനയ്ക്ക് വേണ്ടവ മാറ്റിവെച്ചു. തലയോട് തുറന്ന് മസ്തിഷ്കം പരിശോധിച്ചു. 'മസ്തിഷ്കത്തില്‍ എന്തോ ആഘാതമേറ്റിട്ടുണ്ടെന്നോ' മറ്റോ നോട്ട്സ് എടുക്കുന്ന ആളോട് സൂചിപ്പിച്ചു. പിന്നീട് കണ്ട കാഴ്ച എന്നെ അടിമുടി ഉലച്ചുകളഞ്ഞു. അയാളുടെ ആമാശയത്തില്‍ നിന്നുമെടുത്ത വസ്തു അവര്‍ പരിശോധിക്കുകയാണ്. ദഹിച്ചതും ദഹിക്കാത്തതുമായ വസ്തുക്കള്‍ വേര്‍തിരിക്കുന്ന പ്രക്രിയ. അരിപ്പ പോലെയുള്ള പാത്രത്തിലിട്ടാണ് ഈ പ്രക്രിയ നടത്തുന്നത്. അല്‍പ്പ നേരം കഴിഞ്ഞ് തുന്നികെട്ടി 'കൈയ്യില്‍ കിട്ടിയതിനേക്കാള്‍ കുട്ടപ്പനായി' പരേതനെ അവര്‍ മാറ്റിയെടുത്തു. ചുണ്ടുകള്‍ പ്രത്യേക രീതിയില്‍ പിളര്‍ന്ന്, വിരൂപമായി കണ്ട മുഖം ബന്ധുക്കളെ  ഭയപ്പെടുത്താതിരിക്കാന്‍, ചുണ്ടുകള്‍ കൂട്ടിത്തുന്നി, മുഖത്തിന് സ്വാഭാവിക രൂപം നല്‍കി. ആ വീഡിയോ മിക്കവര്‍ക്കും കണ്ടിരിക്കാനുള്ള ത്രാണിയുണ്ടായില്ല. പെണ്‍കുട്ടികള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. പുരുഷന്‍മാരില്‍ ചിലര്‍ മറ്റിടങ്ങളിലേക്ക് ദൃഷ്ടിയയച്ച് ശമനം കണ്ടെത്തി.
സൌമ്യയുടെ കൊലപാതകത്തില്‍ പോസ്റ്റ്മോര്‍ട്ടം വഴി ലഭിച്ചത് നിര്‍ണ്ണായകമായ തെളിവുകളാണ്. സൌമ്യയുടെ കേസില്‍ മാത്രമല്ല, അജ്ഞാതസ്ഥലികളില്‍ ക്രൂരമായ ബലാല്‍ത്സംഗങ്ങള്‍ക്ക് ഇരകളായി ജീവന്‍ പറിഞ്ഞുപോയ പെണ്‍കുട്ടികളുടെ ആത്മാവിന് (?) മോക്ഷം കിട്ടുന്ന രീതിയില്‍, ആ 'മൃഗഷ്യരെ' നിയമത്തിന് മുന്നിലെത്തിക്കുന്നതിന് പോസ്റ്റ്മോര്‍ട്ടവും ഒട്ടോപ്സിയും വഹിച്ച പങ്ക ് നിര്‍ണ്ണായകമാണ്. പുതുതലമുറയിലുള്ള ഡോക്ടര്‍മാരില്‍ പലര്‍ക്കും പോസ്റ്റ്മോര്‍ട്ടത്തില്‍ താല്‍പ്പര്യമില്ലെന്നത് പരസ്യമായ രഹസ്യമാണ്. പോസ്റ്റ്മോര്‍ട്ടം സഹായികളെ കൊണ്ട് നടത്തുന്നവരും ശരീരം ഒന്ന് 'കീറി-തയ്ച്ച്' വെക്കുന്നവരും ഇവിടെ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സൌമ്യയുടെ കേസില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത് താനാണെന്ന വാദഗതിയുമായി രംഗത്തെത്തിയ മഹാനുഭാവനായ ഭിഷഗ്വരന്റെ സേവനവും ഓര്‍മ്മിക്കുന്നു. (പോസ്റ്റ്മോര്‍ട്ടം സമയത്ത് എടുത്ത ഫോട്ടോഗ്രാഫുകള്‍, പരിചയസമ്പന്നയായ ഡോ. ഷേര്‍ളിവാസു ജൂനിയര്‍ ഡോക്ടറുടെ സഹായിയായി പോസ്റ്റ്മോര്‍ട്ടം ടേബിളിനരികില്‍ നില്‍ക്കുമോ...? എന്ന കോടതി യുക്തി, ഇവയാണ് അന്ന് സത്യത്തെ രക്ഷിച്ചത്)
സത്യത്തിന് വേണ്ടിയുള്ള ഈ മഹാപ്രയാണത്തിനിടയ്ക്കാണ് അതിനെ പരാമവധി തടയണമെന്ന ലക്ഷ്യവുമായി ചിലര്‍ അരയും തലയും മുറുക്കി രംഗത്തെത്തുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും പോസ്റ്റ്മോര്‍ട്ടത്തിന് രണ്ട് മണിക്കൂര്‍ സമയം അനുവദിക്കുമ്പോള്‍ നമ്മുടെ കേരളത്തില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം. പലയിടത്തും മൃതദേഹത്തിന് ചുറ്റും കൂടി നില്‍ക്കുന്ന മാന്യമഹാജനങ്ങളും നാടന്‍ ഡിറ്റക്ടീവുകളും പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പ് തന്നെ സ്വന്തം നിഗമനങ്ങളില്‍ എത്തിയിരിക്കും. ഈ നിഗമനങ്ങള്‍ക്ക് വിരുദ്ധമാണ് സര്‍ജന്റെ നിഗമനങ്ങളെങ്കില്‍ ആക്ഷന്‍ കൌണ്‍സില്‍ എത്രയും പെട്ടെന്ന് ഒരു കുരിശുണ്ടാക്കി എത്തും- 'കുറ്റവാളികളെ രക്ഷിക്കാന്‍ കൂട്ടു നിന്ന ഡോ......... അറസ്റ്റ് ചെയ്യുക' എന്ന മുദ്രാവാക്യം അകമ്പടി സേവിക്കും. മരണത്തിന് ശേഷവും ഒരാളുടെ ശരീരത്തിന് അര്‍ത്ഥമുണ്ടാകുന്നത് അത് പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ എത്തുമ്പോഴാണ്. ജനി-മൃതികളുടെ സമസ്യകള്‍ ഇവിടെ പൂരിപ്പിക്കപ്പെടുന്നു. പൊരുളുകള്‍ പുനഃജനിക്കുന്നു....


* 'സോളമന്റെ തേനീച്ചകള്‍' മനോഹരമായ ഒരുപമയാണ്. ഒരു കുറ്റകൃത്യം മറ്റ് തെളിവുകള്‍ ഒന്നുമില്ലാതെ ക്ളോസ് ചെയ്യാനുറപ്പിക്കുന്ന വേളയില്‍, ഉന്നതമായ ഏതോ നീതിപീഠത്തില്‍ നിന്ന് സത്യത്തിന്റെ തേനീച്ചകള്‍ കുറ്റാന്വേഷകനെയൊ ഭൂമിയിലെ നീതിപീഠങ്ങളെയൊ തേടി പറന്നിറങ്ങി വരുന്നതിനെയാണ് 'സോളമന്റെ തേനീച്ചകള്‍' എന്ന മനോഹരമായ ഉപമ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

No comments: