Monday, January 30, 2012

'മഴവില്ലിന് ചുവട്ടിലെ നിധി'
 "ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത് പോലെ ഞാനും ആ മേത്ത ചെക്കനുമായി ഒരു പ്രശ്നവുമില്ല കേട്ടോ...ഞങ്ങള്‍ ഇന്നലെയും കണ്ടിരുന്നു. ഒരുപാട് തമാശകളും മറ്റും പറഞ്ഞിരുന്നു''- കാറോടിക്കുന്നതിനടയില്‍ പ്രിയപ്പെട്ട സത്യന്‍ മാഷ് പറയുന്നു. കേട്ടുകൊണ്ടിരിക്കുന്നത് എംടി. ഇന്‍ഡസ്ട്രിയില്‍ നസീര്‍-സത്യന്‍ ചേരിതിരിവുണ്ടെന്ന ചില ഉപഗ്രഹങ്ങളുടെയും നിക്ഷിപ്ത താല്‍പര്യക്കാരുടെയും പ്രചരണത്തെ കുറിച്ചാണ് സത്യന്‍ മാഷ് എംടിയോട് സൂചിപ്പിക്കുന്നത്. എംടി വാസുദേവന്‍ നായരുടെ ചലചിത്രസ്മരണകള്‍ കോര്‍ത്തിണക്കിയ 'ചിത്രത്തെരുവുകള്‍' എന്ന പുസ്തകം ഇത്തരം സ്മൃതികളുടെ ദീപ്തസമാഹാരമാണ്. സത്യന്‍, നസീര്‍, പി ഭാസ്കരന്‍, അടൂര്‍ ഭാസി, ശോഭനാപരമേശ്വരന്‍ നായര്‍, മോനിഷ, ബാലന്‍ കെ നായര്‍, ശങ്കരാടി...സിനിമയുടെ നിഴലും നിലാവും അക്ഷരങ്ങളിലേക്ക് പകര്‍ന്ന് എംടി ഇവരെ കുറിച്ചുള്ള മോഹിപ്പിക്കുന്ന ഓര്‍മ്മകള്‍ നമ്മളുമായി പങ്കിടുകയാണ്. എംടിയുടെ ഭാഷയില്‍ 'മഴവില്ലിന് ചുവട്ടിലെ നിധി' എടുക്കാന്‍ സഞ്ചരിച്ചവരാണ് ഇവരെല്ലാം. ചിലരെല്ലാം ചിലതെല്ലാം എത്തിപിടിച്ചപ്പോള്‍ ചിലര്‍ കാലിടറി വീണു.
ഭാസ്കരന്‍മാഷെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക് വെക്കുന്ന 'കരിയാതെരിയുന്ന ചില കനലുകള്‍' നോക്കൂ. കാല്‍പ്പനികതയുടെ വസന്തമഴ പൊഴിക്കുന്ന കാവ്യകല്‍പ്പനകളുമായി മലയാളികളുടെ മനസില്‍ ഇടം പിടിച്ച മാസ്റ്റര്‍ക്ക് അവസാനനാളുകളില്‍ വിധി നല്‍കിയത് സ്മൃതി നാശമെന്ന ദുരന്തമായിരുന്നു. തിരുവനന്തപുരത്ത് 'ചലചിത്രയുടെ' പരിപാടിയ്ക്ക് പങ്കെടുക്കാന്‍ എത്തിയതാണ് എംടി. ലാറ്റക്സിന്റെ ഗസ്റ്റ്ഹൌസിലായിരുന്നു താമസം. മുറിയിലേക്ക് നീങ്ങുമ്പോള്‍ ഭാസ്ക്കരന്‍ മാസ്റ്റര്‍ മുന്നിലെത്തി. "വാസു.. എത്ര നാളായി കണ്ടിട്ട്...?'' എന്ന മുഖവുരയോടെ ഇരുവരും ഒരുപാട് സംസാരിച്ചു. "എന്താണിപ്പോള്‍ ചെയ്യുന്നത്...?'', "കൂട്ടുകാര്‍ക്കൊക്കെ സുഖമല്ലേ...?''മാസ്റ്റര്‍ ക്ഷേമാന്വേഷണങ്ങളുടെ കെട്ടഴിച്ചപ്പോള്‍ എംടിയുടെ മനസില്‍ സന്തോഷമായിരുന്നു. മാസ്റ്റര്‍ക്ക് ഓര്‍മ്മകുറവുണ്ടെന്ന് ചിലര്‍ പറഞ്ഞറിഞ്ഞിരുന്നു. എന്നാല്‍ തന്നെ തിരിച്ചറിഞ്ഞല്ലോ...എന്ന ആശ്വാസം. ഇരുവരും പിരിഞ്ഞു. വൈകിട്ട് വാതിലില്‍ മുട്ട് കേട്ട് തുറന്നപ്പോള്‍ മുന്നില്‍ ചിരിക്കുന്ന മുഖവുമായി വീണ്ടും ഭാസ്ക്കരന്‍ മാഷ്. "ഞാനിവിടെ മ്യൂസിയം മൈതാനത്ത് വൈകിട്ട് നടക്കാനിറങ്ങും. അപ്പോള്‍ ആരോ പറഞ്ഞു- വാസു എത്തിയിട്ടുണ്ടെന്ന്. അപ്പോള്‍ കണ്ടിട്ട് പോകാം എന്ന് കരുതി''-മാസ്റ്റര്‍ പറഞ്ഞു. രാവിലത്തെ കൂടികാഴ്ച്ചയും ക്ഷേമാന്വേഷണങ്ങളും ഏതോ കടല്‍ത്തിര അദ്ദേഹത്തിന്റെ മനസില്‍ നിന്നും മായ്ച്ച് കളഞ്ഞെന്ന് എംടി വേദനയോടെ തിരിച്ചറിഞ്ഞ മുഹൂര്‍ത്തം വായനക്കാരും ആ ദുഖഃത്തില്‍ പങ്ക് ചേരുന്നു.
അകാലത്തില്‍ അടര്‍ന്ന് വീണ താരം-മോനിഷയുടെ ചേതനയറ്റ മുഖത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍- "ഇപ്പോള്‍ അടഞ്ഞിരിക്കുന്ന ആ വലിയ കണ്ണുകള്‍ തുറക്കുമെന്നും എന്നെ നോക്കി മന്ദഹാസം പൊഴിക്കുമെന്നും തോന്നിപോയി''എന്നാണ് എംടി കുറിച്ചിടുന്നത്. കോഴിക്കോട് കലാസമിതിയുടെ വാര്‍ഷികത്തിന് പങ്കെടുക്കാന്‍ എംടിയുടെ പ്രത്യേക ക്ഷണപ്രകാരം സത്യന്‍ മാഷെത്തി. സത്യന്റെ അവസാനനാളുകള്‍. "അളകാപുരിയില്‍ അദ്ദേഹത്തിനായി കോട്ടേജ് പറഞ്ഞു വെച്ചിരുന്നു. വൈകിട്ട് മുറിയില്‍ ചെന്നപ്പോള്‍ ലുങ്കിയും ബനിയനും ധരിച്ച് വാതില്‍ തുറക്കാന്‍ വന്നു. വാതിലില്‍ മുട്ടിയപ്പോള്‍- ആരാണെന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ കാഴ്ച്ച ശക്തി വല്ലാതെ കുറഞ്ഞിട്ടുണ്ടെന്ന് തോന്നി. ഞാന്‍ മുന്നില്‍ കയറി നിന്നപ്പോഴാണ് തിരിച്ചറിഞ്ഞത്''-നായകന്റെ അനിവാര്യമായ പതനം ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം കോറിയിടുന്നു.
'ഓപ്പോള്‍' എന്ന സിനിമയിലെ തകര്‍പ്പന്‍ പ്രകടനത്തിന് ഭരത് അവാര്‍ഡ് നേടിയ ബാലന്‍ കെ നായരെ അനുമോദിക്കാന്‍ കോഴിക്കോട് ചേര്‍ന്ന യോഗം. മാനാഞ്ചിറ കടന്ന് ജനക്കൂട്ടം പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. പരിപാടിയില്‍ പങ്കെടുക്കാനാവാതെ എംടി മടങ്ങി. പിന്നീട് അതേ നഗരത്തില്‍ ബാലന്‍ കെ നായരുടെ വാര്‍ധക്യ കാലത്ത് ചേര്‍ന്ന സ്വീകരണയോഗത്തില്‍ ആളെ കൂട്ടാന്‍ സംഘാടകര്‍ പാടുപെടുന്നത് കണ്ട് എഴുത്തുകാരന്‍ ചോദിക്കുന്നു-'എത്ര ക്രൂരമായിട്ടാണ് ജനങ്ങള്‍ ഒരാളെ മറക്കുന്നത്...?'. അടൂര്‍ ഭാസി കൊടുത്ത കഞ്ചാവ് ബീഡി വലിച്ച് മദോന്‍മത്തനായി ശബരി മല ഇറക്കം, കടവ്, നിര്‍മ്മാല്യം തുടങ്ങിയ സിനിമകളുടെ സംഭവബഹുലമായ ചിത്രീകരണ വഴികള്‍, കോടാമ്പക്കത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍.... ഓര്‍മ്മകളുടെ കാര്‍ണിവെല്ലാണ് ചിത്രത്തെരുവില്‍ നടക്കുന്നത്...

No comments: