Saturday, February 4, 2012

'ഫ്ളാഷ്മോബ്'
ഒരുപാട് പേരെ സാക്ഷിയാക്കിയാണ് അവള്‍ എന്റെ കരണത്തടിച്ചത്. വലത് കവിള്‍ത്തടം ഇടത് കൈ കൊണ്ട് പൊത്തി ഞാന്‍ അല്‍പ്പനേരം കണ്ണുകളടച്ച് നിന്നു. ഞങ്ങള്‍ക്ക് ചുറ്റും ഒരുപാട് പേരുണ്ടായിരുന്നു. ചെറുപ്പക്കാരും മധ്യവയസ്കരും കുട്ടികളുമുണ്ടായിരുന്നു. കൂടുതല്‍ ആളുകള്‍ 'എന്തോ പ്രശ്നമുണ്ടെന്ന' ദീര്‍ഘവീക്ഷണത്താല്‍ ഓടി വരുന്നുണ്ടായിരുന്നു. നിലാവ് പോലെ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുമ്പോഴും പെട്ടെന്ന് കണ്ണുകളില്‍ ഇരുട്ട്. ഞങ്ങള്‍ നിന്നിരുന്നത് നഗരത്തിലെ പ്രശസ്തമായ ഷോപ്പിങ്ങ് മോളിലായിരുന്നു.
തിരക്കുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പൊന്നുമില്ലാതെ ഒരു സംഘം നടത്തുന്ന ചടുലമായ നീക്കങ്ങളോ ചിലപ്പോള്‍ നൃത്തം തന്നെയൊ 'ഫ്ളാഷ്മോബ്' എന്ന ഓമന പേരിട്ട് താലോലിച്ചോമനിക്കുന്ന കാലമായതിനാല്‍ അതു പോലുള്ള എന്തോ സംഗതിയാണ് നടക്കുന്നതെന്ന് ചിന്തിച്ചാണ് മിക്കവരും ഓടിയടുത്തത്. കഴിഞ്ഞ മാസം ഒബ്റോയിയില്‍ പോയപ്പോള്‍ ആകാശത്ത് നിന്ന് പൊട്ടിവീണത് പോലെ ഒരു ഫ്ളാഷ് മോബിന് സാക്ഷിയായിരുന്നു. ചുറ്റുമുള്ള ജനവൃത്തം വലുതാകവേ അവളുടെ മുഖത്തേക്ക് നോക്കി. അവള്‍ എന്നെ നോക്കി നില്‍ക്കുമ്പോഴും കണ്ണുകളിലെ ഭാവമെന്തെന്നോ അതിനെ എന്ത് വിളിക്കണമെന്നോ അറിയാത്തതിന്റെ പകപ്പ് ഉള്ളില്‍ നിറഞ്ഞു. 'ഇവന്‍ ഈ കൊച്ചിനോട് എന്തോ വൃത്തിക്കേട് കാണിച്ചതാ...' എന്ന ആക്രോശത്തോടെ ഒരുത്തന്‍ കൈയ്യോങ്ങിയതും ഞൊടിയിടയില്‍ ഒഴിഞ്ഞുമാറാനും  കഴുത്തില്‍ പിടിച്ച് അവനെ പിറകിലോട്ട് എറിയാനും കരുത്തേകിയത് അവളോടും  ലോകത്തോടുമുള്ള ദേഷ്യമായിരുന്നെന്ന കാര്യത്തില്‍  സംശയമില്ല. തറയില്‍ വീണവന്‍ ചാടിയെഴുന്നേറ്റ് പ്രത്യാക്രമണത്തിന് കുതിച്ചതും കണക്കുകൂട്ടലുകളെ തെറ്റിച്ച് അവള്‍  "പ്ളീസ്...ഇത് ഞങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ്..നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഒന്നുമില്ല..'' എന്ന് ഇടയില്‍ കയറി പറഞ്ഞു. ക്ളാസ് മുറിയില്‍  ടീച്ചര്‍ ചോക്ക് ബ്ളാക്ക്ബോര്‍ഡില്‍  അമര്‍ത്തുമ്പോള്‍ ചിലപ്പോള്‍ ഉയരാറുള്ള ഇക്കിള്‍ ശബ്ദത്തെ പോലെ ആ  സ്വരം എന്നില്‍ പൊട്ടിത്തരിപ്പുണ്ടാക്കി. പിന്നീട് ശബ്ദഘോഷത്തെ അവഗണിച്ച്, ആള്‍ക്കൂട്ടത്തിനിടയിലൂടെ വഴിയുണ്ടാക്കി, എലവേറ്റില്‍ കയറി, താഴത്തെ നിലയിലെത്തിയപ്പോള്‍ തിരിഞ്ഞുനോക്കി. മുകളില്‍ റെയിലിങ്ങില്‍ കൈ വെച്ച് അവള്‍ തിരിഞ്ഞ് നില്‍പ്പുണ്ട്. അവളോടൊപ്പം സാന്ത്വനിപ്പിക്കാനെന്നോണ്ണം ജീന്‍സും ടോപ്പുമിട്ട ചില പരിഷ്ക്കാരികളും  നില്‍ക്കുന്നുണ്ട്. 'കട്ട്' എന്നലറാനുള്ള തോന്നല്‍ പാടുപെട്ട് ഞാനടക്കി.
റോഡിലിറങ്ങി, ആദ്യം കണ്ട ഓട്ടോയില്‍ കയറി നഗരത്തിലേക്ക് നീങ്ങുമ്പോഴും തിയറ്ററില്‍ ഞങ്ങളൊരുമിച്ച് പാതി കണ്ടിറങ്ങിയ സിനിമയില്ലില്ലാത്ത ട്വിസ്റ്റുകളും ടേണുകളും ജീവിതത്തിലുണ്ടായതിന്റെ അങ്കലാപ്പിലായിരുന്നു ഞാന്‍. ജീവിതത്തിലെ കഴിഞ്ഞ സീനുകള്‍ ഓര്‍ത്തെടുക്കുമ്പോഴാകട്ടെ വല്ലാത്ത ഒരു വിറയല്‍ മനസിനെയും ശരീരത്തിനെയും പിടിച്ചുലച്ചു.
മോളിലേക്ക് ഓട്ടോറിക്ഷയില്‍ ഒരുമിച്ചാണ് പോയത്. പ്രണയം തുടങ്ങി ആറ് മാസമെങ്കിലും കഴിഞ്ഞതിന്റെ സ്വാഭാവിക സ്വാതന്ത്രം തടയാന്‍ എനിക്കായില്ല. സംസാരങ്ങള്‍ക്കൊപ്പം പിറകിലൂടെ കൈയ്യെത്തിച്ച് അവളുടെ തോളിലേക്കും മുടിയിഴകളിലേക്കും വിരലുകളെത്തിച്ചു. പിന്നെയും വിരലുകള്‍ താഴോട്ടിറക്കവേ, അവള്‍  കൈ തട്ടിമാറ്റി. 'സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍' ആണെന്ന് നിനച്ച് അവസാനിപ്പിച്ചേടത്ത് നിന്ന് വീണ്ടും തുടങ്ങാന്‍ നോക്കി. വീണ്ടും അനിഷ്ടത്തോടെ വിരലുകളവള്‍ തട്ടിയകറ്റി. കൌതുകം അടക്കാന്‍ കഴിയാതെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കിയ ഡ്രൈവറോട്- 'ചേട്ടാ... മുന്നില്‍ നോക്കി ഓടിക്ക്, കൊറച്ച് കൂടി ജീവിക്കണം..'' എന്ന് പറഞ്ഞ് ദേഷ്യമടക്കി. റോഷന്‍ ആന്‍ഡ്രൂസിന്റെ അസിസ്റ്റന്‍റ്റായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിന്റെ ആഹ്ളാദത്തിലായിരുന്നു ഞാന്‍. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങി അഞ്ചുവര്‍ഷത്തോളം കഴിഞ്ഞാണ് കൊമേഴ്സ്യല്‍ സിനിമയുടെ സ്വര്‍ഗ കിളിവാതില്‍ എനിക്ക് മുന്നില്‍ തുറക്കപ്പെടുന്നത്. കണ്ടു കണ്ടിരിക്കുമ്പോള്‍ അവളുടെ മിഴിയില്‍ ഒരു നീര്‍മണി ഉദിക്കുന്നത് പോലെ- "എന്താടോ...?'' എന്ന ചോദ്യത്തിന് ഒന്നുമില്ലെന്ന് അര്‍ത്ഥത്തില്‍ തല വിലങ്ങനെയാട്ടി. രാവിലെ ഫോണ്‍ ചെയ്ത് എന്റെ സന്തോഷം അവളോട് പറഞ്ഞപ്പോള്‍ അവളും സന്തുഷ്ടയായിരുന്നു. രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്കിടയില്‍ അവളുടെ സ്വാസ്ഥ്യം മുഴുവന്‍ തട്ടി മറിഞ്ഞു പോയത് പോലെ...സിനിമാക്സില്‍ എസിയുടെ തണുപ്പില്‍ പൂച്ചയുടെ പുറം പോലെ പതുപതുത്ത ഇരിപ്പിടത്തില്‍ അമര്‍ന്ന് 'ബ്യൂട്ടിഫുള്‍ 'കാണവേ എന്റെയുള്ളില്‍ വീണ്ടും പൊട്ടിത്തരിപ്പുകളുയര്‍ന്നു. 'മഴന്നീര്‍ത്തുള്ളികള്‍ നിന്‍...' പാട്ടൊഴുകിയപ്പോള്‍ എന്റെ വിരലുകള്‍ അവളില്‍ അലഞ്ഞുതിരിഞ്ഞു. ഒരോതവണയും അനിഷ്ടത്തിന്റെ പുറന്തോടില്‍ തട്ടി തെറിച്ചു വീഴാനായിരുന്നു വിരലുകളുടെ വിധി. ഇന്റര്‍വെല്ലിന് പുറത്ത് പോയി വാങ്ങിയ പോപ്പ്കോണ്‍ പാക്കറ്റ് കൈമാറവേ മരവിച്ച നോട്ടം മാത്രം അവളെനിക്ക് സമ്മാനിച്ചു. "മതി.. തലവേദനിക്കുന്നു ഞാന്‍ പോകുന്നു''-എന്ന് പറഞ്ഞ് അവള്‍ എഴുന്നേറ്റ് നടന്നു. പോപ്പ്കോണ്‍പായ്ക്കറ്റ് കളഞ്ഞ്, അവളുടെ പിറകേ ഞാനോടി. പുറത്തേക്കിറങ്ങിയ ശേഷം ഞാന്‍ അവളെ പിടിച്ച് നിര്‍ത്താന്‍ പലവട്ടം ശ്രമിച്ചു. ഒരോതവണയും അവളെന്നെ തട്ടിയകറ്റി. നാലാം തവണ കൈ പിടിച്ച് നിര്‍ത്തിയതും അവള്‍ കൈ വീശി എന്റെ കരണത്തടിച്ചതും ആളുകള്‍ ഓടിവന്നതും ഓര്‍മ്മയില്‍ മിന്നി മറഞ്ഞു.
മറൈന്‍ ഡ്രൈവില്‍ തണുപ്പുള്ള മരച്ചോട്ടിലിരുന്ന് സിമന്റ് ഭിത്തിയില്‍ തല തല്ലിചാവുന്ന ഓളങ്ങളെ നോക്കി നില്‍ക്കുമ്പോഴെല്ലാം ഉള്ളിന്റെയുള്ളില്‍ ഞാന്‍ അവളുടെ കോളോ മെസേജോ പ്രതീക്ഷിച്ചു. അങ്ങോട്ട് വിളിക്കാന്‍ പല തവണ നമ്പറെടുത്ത് പിടിച്ചെങ്കിലും കോള്‍ബട്ടണ്‍ ഞെക്കുന്നതില്‍ നിന്ന് എന്തോ എന്നെ പിറകോട്ട് വലിച്ചു. മുമ്പും ഞാനവളുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. നിറഞ്ഞ ദുഖഃത്തിലും എന്റെ സ്പര്‍ശം അവളെ ആശ്വസിപ്പിച്ചിരുന്നു. കായലോളങ്ങളില്‍ കണ്ണയച്ച് ഞാന്‍ സൂരജിനെ വിളിച്ചു. മെയ്ഫ്ളവറിലിരുന്ന് വോഡ്കയില്‍ നാരങ്ങാനീര് പിഴിഞ്ഞ് ഐസ് ക്യൂബുകളിടുമ്പോള്‍ എന്റെയുള്ളില്‍ വെറുപ്പ് നുരഞ്ഞുപൊന്തി. "നീ വിചാരിക്കുന്നത് പോലെയല്ല...അവള്‍ വല്ലാതെ ഡെസ്പറേറ്റ് ആയിരുന്നപ്പോള്‍ നിന്റെ അപ്രോച്ച് ശരിയായില്ല..''-ഗ്ളാസില്‍ ശേഷിച്ച മദ്യം വായിലേക്ക് കമിഴ്ത്തി ഐസ് ക്യൂബുകള്‍ വായിലിട്ട് കുലുക്കുഴിയുമ്പോള്‍ സൂരജ് പറഞ്ഞു. മുന്നിലെ ടിവിയില്‍ രഞ്ജിനി ഹരിദാസ് മംഗ്ളീഷില്‍ കൊഞ്ചുന്നു.
പുറത്തിറങ്ങി അരണ്ട നിലാവിനെ നോക്കി ഒരു സിഗരറ്റ് വലിച്ചുതള്ളുമ്പോള്‍ ഞാന്‍ പറഞ്ഞു-"ഇനി എസ്പിയുടെ ജീവിതത്തില്‍ ഒരു പെണ്ണില്ല...''. ഒന്നും മിണ്ടാതെ നിന്ന സൂരജ് എന്നോട്  "അവള്‍ക്ക് വേണ്ടി കൊണ്ട മഴയും കുടിച്ച കള്ളും വെയ്സ്റ്റ്''-എന്ന് പറഞ്ഞു. "ബ്യൂട്ടിഫുളിലെ ലാസ്റ്റ് ഡയലോഗ്..'' അവന്‍ കൂട്ടിചേര്‍ത്തു.  വാച്ചില്‍ നോക്കി ഞാന്‍ പറഞ്ഞു- "സമയമുണ്ട്..നീ വാ...നമ്മുക്ക് ബ്യൂട്ടിഫുള്ളിന് പോകാം...''എന്ന് പറഞ്ഞപ്പോള്‍ അവന്‍ പൊട്ടിചിരിച്ചു. ഞങ്ങള്‍ നേരെ ബൈക്കില്‍ 'പത്മ'യിലേക്ക് വിട്ടു.
പിറ്റേന്ന് ഉച്ചയ്ക്ക് സൂരജിന്റെ വിളിയാണ് എന്നെ ഉണര്‍ത്തിയത്. മോളിലെ രംഗങ്ങളെല്ലാം ആരോ മൊബൈലിലെടുത്ത് യൂട്യൂബിലിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. സംഗതി ശരിയാണ്. ഈ ചുരുങ്ങിയ സമയം കൊണ്ട് ആയിരത്തിലധികം കാണികളെ സമ്പാദിക്കാന്‍ വീഡിയോക്ക് കഴിഞ്ഞിട്ടുണ്ട്. ആരോ എന്റെ എഫ്ബിയില്‍ ഷെയര്‍ ചെയ്തിരിക്കുന്നു. നല്ലതും ചീത്തയുമായ കമന്റുകളുടെ പൂരം.  അതും നോക്കിയിരിക്കവേ അവള്‍ വിളിച്ചു.
അവള്‍: "ടാ...കണ്ടോ..?''
ഞാന്‍: "കണ്ടു കൊണ്ടിരിക്കുന്നു..''
അവള്‍: "എങ്ങനെയുണ്ട്...?''
ഞാന്‍: "കൊള്ളാം...പക്ഷേ നല്ല ഷെയ്ക്കുണ്ട്..വിചാരിക്കാത്ത കിട്ടിയ സീനല്ലേ...?.

* സത്യസന്ധമായ ഒരു സംഭവത്തിന്റെ അവാസ്തവിക പരിണാമം


No comments: