Wednesday, March 7, 2012

ശബ്ദ സാഗരത്തിന്‍ അഗാധ നിശബ്ദത......
ബോംബെ രവിയുടെ ഈണങ്ങള്‍ ഈ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഉത്തരന്ത്യേയില്‍ നിന്നെത്തിയ ഈണങ്ങളുടെ വസന്തം നാട്ടിടവഴികളിലും ആറ്റുവഞ്ചികള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന പുഴയോരത്തും വടക്കന്‍ പാട്ടിന്റെ സംഘര്‍ഷ ഭൂമികകളിലും വിരഹാഗ്നിയില്‍ വെന്തുരുകിയ കമിതാക്കളുടെ മനസുകളിലും ഒരുപാട് പൂക്കള്‍ വിടര്‍ത്തി. ആ പൂവുകള്‍ക്കെല്ലാം എന്തൊരു ചേലായിരുന്നു...ഇതളുകള്‍ക്ക് നിലാവിന്റെ കാന്തിയും കുളിര്‍മ്മയും. എത്രയോ നിശ്വാസങ്ങള്‍ക്ക് ശേഷവും ആ പൂക്കളുടെ സൌരഭ്യം ചോരാതെ മനസില്‍ എന്നന്നേയ്ക്കുമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
ഒഎന്‍വിയുടെ കവിതയ്ക്ക് സംഗീതത്തിന്റെ അലൌകിക ചിറകടികള്‍ സമ്മാനിച്ച രവിയെ ബോംബെ രവിയാക്കിയത് എം ടി വാസുദേവന്‍ നായരാണ്. നഖക്ഷതങ്ങള്‍ക്കും പഞ്ചാഗ്നിയ്ക്കും വേണ്ടി നൌഷാദിനെയും ഖയാമിനെയും തേടിയലഞ്ഞ എംടിയും ഹരിഹരനും നിയോഗം പോലെ ഒടുവില്‍ രവിയുടെ മാളികയിലെത്തി ചേരുകയായിരുന്നു. മലയാളത്തില്‍ സംഗീതം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം ആദ്യം പറഞ്ഞതിന് കാരണം രണ്ടായിരുന്നു (1) ചെറിയ ഭാഷ (2) പ്രതിഫലം തീരെ കുറവ്. എന്നാല്‍ മലയാളം എന്ന ചെറിയ ഭാഷയുടെ വലിപ്പത്തെ കുറിച്ചും മലയാളികളുടെ അതുല്യമായ സംഗീതഭ്രമത്തെ കുറിച്ചും സലില്‍ ചൌധരിയെ പോലുള്ള പ്രതിഭകളെ ഈ ഭാഷ നെഞ്ചേറ്റിയതും വിവരിച്ച് എംടിയും ഹരനും രവിയെ മലയാളത്തിലേക്ക് ദത്തെടുക്കുകയായിരുന്നു.
സുകൃതത്തിലെ നായിക നായകനോട്- "ഒരു ചോദ്യം ഓര്‍മ്മയുണ്ടോ..?'' "കടലിന്‍ അഗാധമാം നീലിമയില്‍....''. ഹൃദയത്തില്‍ ഹര്‍ഷത്തിരകള്‍ ഉണര്‍ത്തിയ ഗാനം. പഞ്ചാഗ്നിയിലെ 'സാഗരങ്ങളേ..പാടി പാടി ഉണര്‍ത്തിയ സാമഗീതമേ', പരിണയത്തിലെ 'അഞ്ച് ശരങ്ങളും പോരാതെ മന്‍മഥന്‍', പിന്നെ ഒരിക്കലും മായാത്ത ആ നഖക്ഷതത്തിലെ 'കേവല മര്‍ത്ത്യഭാഷ കേള്‍ക്കാത്ത'....രവി മലയാളികളുടെ മനസിന്റെ ഭാഗമായി. എംടി വാസുദേവന്‍ നായരുടെ കൃതികള്‍ മനോരമ ഡിജിറ്റലൈസ് ചെയ്തപ്പോള്‍ പ്രായാധിക്യത്തിന്റെ അവശതകളിലും അദ്ദേഹം ആ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തി. രവി ഒടുവില്‍ കേരളത്തില്‍ എത്തിയ ചടങ്ങും അതു തന്നെ. മയൂഖത്തിലെ- 'കാറ്റിന് സുഗന്ധമാണിഷ്ടം', 'ചുവരില്ലാതെ ചായങ്ങളില്ലാതെ..' തുടങ്ങിയ ഗാനങ്ങള്‍ ആസ്വദിക്കാന്‍ വേണ്ടി മാത്രം തിയറ്ററില്‍ രണ്ട് വട്ടം കയറി ഇറങ്ങിയതും ഓര്‍ക്കുന്നു. രവി ഈണം നല്‍കിയ ആ വരികള്‍ ഇപ്പോള്‍ ഓര്‍ക്കുന്നു-'ശബ്ദ സാഗരത്തിന്‍ അഗാധ നിശബ്ദശാന്തത....''

No comments: