Wednesday, March 28, 2012

ജനകീയനായ ദാമോദരന്‍
അടിമുടി ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ഒരു കലാകാരന്‍ കൂടി യാത്രാമൊഴി പറഞ്ഞിരിക്കുന്നു. ടി ദാമോദരന്റെ തിരക്കഥകളുടെ ഏറ്റവും വലിയ സവിശേഷത അതിലുടനീളം വേരോടിയിരുന്ന ജനകീയതയുടെ സചേതനപ്രവാഹമാണ്. രാഷ്ട്രീയം അതിശക്തമായ അന്തര്‍ധാരയായി ഒഴുകിയ ആദ്യപാദം. ചിലപ്പോള്‍ അരാഷ്ട്രീയതയിലേക്കും 90 കള്‍ക്ക് ശേഷം മൃദുഹൈന്ദവ നിലപാടുകളിലേക്കും  എഴുതപ്പെട്ട ദൃശ്യങ്ങള്‍ വഴിമാറി സഞ്ചരിച്ച രണ്ടാംപാദം, എന്നിങ്ങനെ ടി ദാമോദരന്റെ തിരക്കഥാലോകത്തെ രണ്ടായി വേര്‍തിരിക്കാം. ശരാശരി മധ്യവര്‍ഗ മലയാളിയുടെ ചാപല്യമായിരുന്നു അത്.
ഗാന്ധിസവും രാമരാജ്യവും ഓര്‍മകളിലേക്ക് വിടവാങ്ങിയതിന് ശേഷം നിലനിന്ന രാഷ്ട്രീയസാഹചര്യത്തില്‍ ഗാന്ധിയുടെ പിന്‍ഗാമികള്‍ എന്ന് പ്രഖ്യാപിച്ചവര്‍ അധികാരസോപാനത്തില്‍ അമര്‍ന്നിരിക്കാന്‍ എന്ത് വൃത്തികേടും ചെയ്യാന്‍ മടിക്കാത്ത ഉപജാപകസംഘങ്ങളായി അധഃപതിച്ചതിന്റെ ആശങ്ക അദ്ദേഹത്തിന്റെ എഴുത്തില്‍ നിറഞ്ഞുനിന്നു. അതോടൊപ്പം തന്റെ വീക്ഷണകോണില്‍ അനുഭവപ്പെട്ട വിപ്ളവപ്രസ്ഥാനത്തിന്റെ ശൈഥില്യങ്ങളും തീവ്രവിപ്ളവ പ്രസ്ഥാനത്തിനോട് അനുഭവപ്പെട്ട ആകര്‍ഷണീയതയും ടി ദാമോദരന്റെ പൊളിറ്റിക്കല്‍-മസാല എന്റര്‍റ്റെയ്നറുകളില്‍ നിറഞ്ഞുതുളുമ്പി. "സത്യരാജ്..നിന്നെ ശിക്ഷിക്കാന്‍,നീതിപീഠത്തിന് ഭയമായിരിക്കും. പക്ഷേ, എനിക്കതില്ല..''- എന്ന് പ്രഖ്യാപിച്ച് അന്ത്യവിധി നടപ്പാക്കുന്ന 'ആവനാഴി'യിലെ നായകന്‍ രാജ്യത്ത് നിലനില്‍ക്കുന്ന നീതി-ന്യായ വ്യവസ്ഥിതികളോടുള്ള അവിശ്വാസം കൂടിയാണ് രേഖപ്പെടുത്തിയത്. ഈ അവിശ്വാസം പിന്നീട് മുഖ്യധാരാസിനിമകളുടെ മുഖമുദ്രയായി. "തീവ്രവിപ്ളവ പ്രസ്ഥാനക്കാരോട് നിങ്ങള്‍ക്ക് പുച്ഛമാണല്ലോ....?''-എന്ന് 'അടിമകള്‍ ഉടമകള്‍' സിനിമയില്‍ മുകേഷ് അവതരിപ്പിച്ച കഥാപാത്രം മമ്മൂട്ടിയുടെ രാഘവനോട് ചോദിക്കുമ്പോള്‍, "ഇല്ല, സുഹൃത്തേ..അത് നിങ്ങളുടെ ധാരണയാണ്. എനിക്കവരുടെ ത്യാഗത്തോട് ആദരവാണ്.''-എന്ന് സൂചിപ്പിക്കുന്ന ഡയലോഗാണ് അയാള്‍ മറുപടി നല്‍കിയത്. ഒരര്‍ഥത്തില്‍ അത് ടി ദാമോദരന്‍ എന്ന തിരക്കഥാകൃത്തിന്റെ കൂടി നിലപാടാണ്. ചാട്ടുളി പോലെ തുളയ്ക്കുന്ന സംഭാഷണങ്ങളുടെ പേരിലാണ് ദാമോദരന്‍ അധികവും അറിയപ്പെടുന്നത്. "ആര്‍ത്തിരമ്പി വരുന്ന ജനക്കൂട്ടത്തിനെ നേരിടാന്‍ ഒടിയാറായ ലാത്തിയും ചട്ടയുമായി നില്‍ക്കേണ്ടി വരുന്ന പൊലീസുകാരനും മനുഷ്യനാണെന്നും അയാള്‍ക്കും കുടുംബമുണ്ടെന്നും''-മന്ത്രിയുടെ മുഖത്ത് നോക്കി വിളിച്ച് പറയുന്ന ഇന്‍സ്പെക്ടര്‍ ബാലുവാണ് ഓര്‍മ്മയില്‍ ഓടിയെത്തുന്നത്.  പക്ഷേ, ഒരോദിവസവും തള്ളി നീക്കാന്‍ പെടാപാട് പെടുന്ന തൊഴിലാളികളും അവരെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്ന ഇടനിലക്കാരും ഇടനിലക്കാര്‍ക്ക് കൂട്ട് നില്‍ക്കുന്ന അധികാരി വര്‍ഗത്തിന്റെയും കാഴ്ച്ചകള്‍ മുഖ്യധാരസിനിമയുടെ വിരുന്ന്മേശയിലേക്ക് വിളമ്പി വെച്ചതിന്റെ പേരിലാകും ദാമോദരന്‍ ഭാവിയില്‍ ഓര്‍മ്മിക്കപ്പെടുക.
കാറോടിക്കുന്ന, വിലകൂടിയ സിഗരറ്റ് വലിക്കുന്ന, കൂളിങ്ങ്ഗ്ളാസ്വെക്കുന്ന, സുഗന്ധലേപനങ്ങള്‍ പൂശി പറന്ന് നടക്കുന്ന മുതലാളിമാര്‍ക്കും കൊച്ചുമുതലാളിമാര്‍ക്കും വിശപ്പടക്കാന്‍ അപ്പം കിട്ടുന്നത് റിക്ഷവലിക്കുന്നവരുടെയും കൂലികളുടെയും വിയര്‍പ്പില്‍ നിന്നും രക്തത്തില്‍ നിന്നുമാണെന്ന് ഉദ്ഘോഷിക്കുന്ന അങ്ങാടിയിലെ ജയന്റെ ആ വിഖ്യാത ഡയലോഗ്- "മേ ബി വീ ആര്‍ പുവര്‍, ടോളിപുള്ളേഴ്സ്....ബട്ട് വീ ആര്‍ നോട്ട് ബെഗേഴ്സ്...'' കേള്‍ക്കാന്‍ മാത്രം 27 തവണ ആ സിനിമ കണ്ടവരുണ്ട്. ഉപനയനത്തിന്റെ പുണ്യവും വേദമന്ത്രങ്ങളുടെ പവിത്രതയും കൈമുതലായുള്ള നായകന്‍മാര്‍ തൊഴിലില്ലായ്മയുടെ പത്മവ്യൂഹത്തില്‍ പെടുന്ന അഭിമന്യുകുമാരന്‍മാരാണെന്നും ഭൂപരിഷ്കരണവും, സംവരണവും താഴ്ന്ന വര്‍ഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുമാണെന്ന് ഇതിന് വളംവെച്ചതെന്നും പറയാതെപറയുന്ന പ്രതിലോമകരമായ നിലപാടുകള്‍ പിന്നീട് ഈ തിരക്കഥാകൃത്ത് തന്നെ കൈകൊണ്ടിട്ടുണ്ട്. അനില്‍ സംവിധാനം ചെയ്ത 'അടിവേരുകള്‍'സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന തൊഴിലില്ലാത്ത സവര്‍ണ്ണ കഥാപാത്രം ഫോറസ്റ്റ് റേഞ്ചറും സുഹൃത്തും പിന്നോക്ക വിഭാഗക്കാരനുമായ മുകേഷിന്റെ കഥാപാത്രത്തോട് ഇത് പച്ചയ്ക്ക് പറയുന്നുമുണ്ട്. മലയപുലയന്റെ വാഴക്കുല മോഷ്ടിച്ച മകന്റെ പാപം തീര്‍ക്കാന്‍ അത് ചുമന്ന് പുലയന്റെ വീട്ടുമുറ്റത്തെത്തിച്ച് അയാളോടും കുടുംബത്തോടും മാപ്പ് പറയുന്നുണ്ട് ദാമോദരന്റെ നമ്പൂതിരി (ആര്യന്‍) . ഷാജികൈലാസിന്റെ മഹാത്മയിലും ജാതിയുടെ രാഷ്ട്രീയം നിര്‍ലജ്ജം അദ്ദേഹം വാരിവിതറിയിട്ടുണ്ട്.
ഇങ്ങനെ ഭിന്നമുഖങ്ങളുള്ള ഒരു തിരക്കഥാകൃത്താണ് വിടപറഞ്ഞിരിക്കുന്നത്. ഈനാട്, ഇനിയെങ്കിലും, മീന്‍, ആര്യന്‍, അഭിമന്യു, കരിമ്പന, വാര്‍ത്ത, തുഷാരം, നാണയം, കാറ്റത്തെകിളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്നപൂവേ,മേഘം, ആനവാല്‍മോതിരം തുടങ്ങി യെസ്യുവര്‍ ഓണര്‍ വരെ നീണ്ട തിരക്കഥകള്‍ക്ക് വിരാമം കുറിച്ച് ജനകീയനായ തിരക്കഥാകൃത്ത് എന്ന മേല്‍വിലാസത്തോടെ ദാമോദരന്‍ മടങ്ങുമ്പോള്‍ അങ്ങാടിയിലെ ഒരു രംഗമാണ് ഓര്‍മ്മിക്കുന്നത്. തൊഴിലാളി നേതാവായ ജയന്റെ കഥാപാത്രത്തെ സ്വാധീനിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പുതുപണക്കാരനായ സുകുമാരന്റെ ഗോപി ചോദിക്കുന്നു-"നിനക്ക് എന്താണുള്ളത്...?. നീ, എന്ത് നേടി..?''. ക്യാമറ നീളുന്നത് ആര്‍ത്തിരമ്പുന്ന കോഴിക്കോട് അങ്ങാടിയിലേക്കാണ്.കൈചൂണ്ടി കൊണ്ട് ജയന്‍ പറയുന്നു-"എനിക്കവരില്ലേ....അവരുടെ സ്നേഹമില്ലേ...''. അതെ തെറ്റുകള്‍ തിരുത്താനും മുന്നേറാനുമുള്ള ജനങ്ങളുടെ കരുത്തിലാണ് ടി ദാമോദരന്‍ വിശ്വസിച്ചിരുന്നത്.

No comments: