Sunday, March 25, 2012


കിങ്ങിനും കമ്മീഷണര്‍ക്കും റീത്ത് വെച്ചപ്പോള്‍ വന്ന ചില ഓര്‍മ്മകള്‍....

ഞായറാഴ്ച പകല്‍ 11ന് എറണാകുളം പത്മ തിയറ്റിലെത്തി ആണുങ്ങളില്‍ ആണുങ്ങളായ, ഈരണ്ട് വീതം നാല് ചങ്കുകള്‍ കൈവശം വെച്ചിരുന്ന കമ്മീഷണര്‍ ഭരത്ചന്ദ്രനും കിങ്ങ് ജോസഫ് അലക്സിനും ഒരോ റീത്തുകള്‍ വെച്ച് മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി. ഷാജികൈലാസ്-രഞ്ജിപണിക്കര്‍ ചിത്രം കണ്ടിറങ്ങിയതിന്റെ 'അലങ്കാരങ്ങളോ ആലഭാരങ്ങളോ' മനസില്‍ ഇല്ല. കമ്മീഷണര്‍ ഭരത്ചന്ദ്രനും കലക്ടര്‍ ജോസഫ് അലക്സും എന്റെ നൊസ്റ്റാള്‍ജിയയുടെയും മലയാളസിനിമയുടെ ചരിത്രത്തിന്റെയും ഭാഗമാണ്. അഴിമതിയും അരാജകത്വവും കരിഞ്ചന്തയും കൊള്ളിവെപ്പും ഉപജാപങ്ങളും വര്‍ഗീയകാര്‍ഡും കള്ളപണവും കൊളാഷ് തീര്‍ത്ത 90കളിലെ പൊതുമണ്ഡലത്തിന്റെ സൃഷ്ടികള്‍. പവര്‍ബ്രോക്കര്‍മാരെയും റോയല്‍ പിമ്പുകളെയും കോണ്‍ക്യുബൈനുകളെയും (വെപ്പാട്ടി) കശക്കിയെറിഞ്ഞ ഉഷ്ണപ്രവാഹങ്ങള്‍. ഇടിമുഴക്കം തീര്‍ത്ത 'ഫയര്‍ബ്രാന്‍ഡ്' ഡയലോഗുകള്‍ ഇരുവരുടെയും മുഖമുദ്ര. "ഈ ശരീരത്തിലെ അവസാന രോമം വരെ നരച്ചാലും...എന്നെ കൊണ്ടാവില്ല സാര്‍..ഇവന്റെ ഒക്കെ എടുത്ത് വെച്ച് ......... കൊടുക്കാന്‍''-എന്ന് ഐജി ബാലചന്ദ്രനോട് കട്ടായം പറഞ്ഞ ഭരത്ചന്ദ്രന്റെ ഒരോ ചലനങ്ങളിലും അസഹിഷ്ണുവായ, കണ്‍വെട്ടത്തെ കാട്ടുനീതികള്‍ കണ്ട് അലോസരപ്പെടുന്ന ഒരാളുണ്ടായിരുന്നു. "കൈ എടുക്കണം മിസ്റ്റര്‍...''- തോളില്‍ കൈ വെച്ചവനോട് ആക്രോശിക്കുമ്പോഴും മേലധികാരികളുടെ തിട്ടൂരങ്ങള്‍ക്ക് മുന്നില്‍ കടിഞ്ഞാണിടപ്പെട്ട് മുഷ്ടി ചുരുട്ടി കാലില്‍ ഇടിച്ച് അരിശം തീര്‍ക്കുമ്പോഴും അയാളുടെ മൂക്കിന് താഴെ എപ്പോഴും 'മൌനം കിടന്ന് തിളക്കുന്നുണ്ടായിരുന്നു'.
 'ഒരു നാട് മുഴുവന്‍ കത്തിയെരിയുമ്പോള്‍' വീണ വായിച്ച് രസിച്ച കമ്മീഷണര്‍ ശങ്കര്‍ ഒരു ലോ ആന്‍ഡ് ഓര്‍ഡര്‍ സിറ്റുവേഷന്‍ ഹാന്‍ഡില്‍ ചെയ്യാന്‍ നിങ്ങള്‍ എന്നെ പഠിപ്പിക്കെണ്ടെന്ന് പറഞ്ഞപ്പോള്‍ ജോസഫ് അലക്സ് മുരണ്ടത് ഇപ്പോഴും ചെവിയിലുണ്ട്-"ദി ഹെല്‍ യു നോ....''. നേതാക്കന്‍മാര്‍ക്ക് ബോര്‍ഡെഴുതാനും ബാനറെഴുതാനും നോട്ടുമാലയിടാനും ഓടി നടക്കുന്ന, ഖദറിന് കഞ്ഞി പിഴിയാന്‍ പോലും കെല്‍പ്പില്ലാത്ത അണികളെ കുറിച്ചുള്ള അയാളുടെ വിലാപവും ഓര്‍മ്മയിലുണ്ട്. "പിന്നെയും രഹസ്യമായും പരസ്യമായും കഴുതകളെന്ന് നീയൊക്കെ വിളിക്കുന്ന പാവം ജനങ്ങള്‍''. അതെ....ഈ ജനങ്ങളെ തന്നെയാണ് പുതിയ കിങ്ങും കമ്മീഷണറും പറ്റിച്ചത്. ഇനി എന്റെ വക ഒരു ഡയലോഗ്- "സ്വന്തം കുഞ്ഞിന് പാലും ബിസ്ക്കറ്റും മേടിക്കാന്‍ വെച്ചിരുന്ന കാശെടുത്ത്, നട്ടപ്ര വെയിലത്ത് മണിക്കൂറുകള്‍ കുറ്റിയടിച്ച് നിന്ന്, ഇവിടെ കയറിയത് നിങ്ങളുടെ ഈ പേക്കൂത്ത് കാണാനല്ല''. ലോജിക്ക് എന്ന വാക്കിനെ പോലും നാണിപ്പിക്കുന്ന സ്റ്റോറിലൈന്‍, പഴയ ഡയലോഗുകള്‍ വീണ്ടും പൊതിഞ്ഞെടുത്ത് പുത്തന്‍ ബര്‍ഗറുകള്‍ എന്ന വ്യാജേനയാണ് രഞ്ജി നാട്ടുകാര്‍ക്ക് നല്‍കിയിരിക്കുന്നത്. 
സുരേഷ്ഗോപിയുടെ അവതാരലക്ഷ്യം ഭരത്ചന്ദ്രനെ അവതരിപ്പിക്കുക എന്നതായത് കൊണ്ട് അദ്ദേഹം ആ റോളില്‍ വീണ്ടും തിളങ്ങിയെന്ന് എഴുതാന്‍ എനിക്ക് മടിയില്ല. ഡയലോഗ് ഡെലിവറിയുംപണ്ടുണ്ടായിരുന്ന 'അടിമുടി തെളപ്പി'ന്റെ തിരുശേഷിപ്പുമാണ് ഇക്കുറിയും ഭരതിനെ രക്ഷിച്ചത്. പക്ഷേ ജോസഫ് അലക്സ് എന്നെ നിരാശപ്പെടുത്തി. 'സ്ഥലത്തെ പ്രധാന പയ്യന്‍സ്' എന്ന സിനിമയില്‍ താടി ചൊറിഞ്ഞ് നില്‍ക്കുന്ന വില്ലന്‍ നരേന്ദ്രപ്രസാദിനോട് ജഗദീഷ് കാച്ചുന്ന രഞ്ജി ഡയലോഗ്- "നിങ്ങളുടെ ഈ വെര്‍ബല്‍ ഡയറിയ-വാക്കുകളുടെ അജീര്‍ണ്ണം. അത് കേട്ട് എനിക്ക് ഛര്‍ദ്ദിക്കാന്‍ വരുന്നു. ഐ ഫീല്‍ ലൈക്ക് വോമിറ്റിങ്ങ്..'. നിര്‍ഭാഗ്യവശാല്‍ രഞ്ജി കുറിച്ച ഈ സംഭാഷണം അദ്ദേഹത്തിന്റെ സിനിമാഎഴുത്തിന്റെ കാര്യത്തിലും അറംപറ്റി. 
വലിയ എഴുത്തുകാരന്‍ ഒന്നുമല്ല രഞ്ജി പണിക്കര്‍ എന്ന് ഈ നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. പക്ഷേ, പഴയ 'കമ്മീഷണര്‍' നോക്കൂ. ജസ്റ്റിസ് നരേന്ദ്രന്‍ (കരമന), മോഹന്‍തോമസ് (രതീഷ്), ശ്രീലത (ചിത്ര), മുഹമ്മദ് ഇക്ബാല്‍ (വിജയരാഘവന്‍), വട്ടപ്പാറ (അഗസ്റ്റിന്‍) ഒരുപിടി നല്ല കഥാപാത്രങ്ങള്‍. "പണത്തിന് പണം...പിന്നെ, ബിനാമി ബന്ധങ്ങളും. വേറെ എന്തൊക്കെ തരാന്‍ കഴിയും..?. ഒരൊറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ടവര്‍. അവരുടെ ജീവനും സ്വത്തും സമാധാനവും...? മടക്കി തരാനാവുമോ...? കഴിയില്ല, മിസ്റ്റര്‍ രാജന്‍ ഫെലിക്സ്...നിങ്ങള്‍ക്കെന്നല്ല...ഈ ഇരിക്കുന്ന നിങ്ങളുടെ ദൈവം മോഹന്‍ തോമസിന് പോലും കഴിയില്ല''- പൂവന്തറ കലാപത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ വന്ന് കണ്ട് സ്വാധീനിക്കാന്‍ ശ്രമിച്ച മേനോനോടും ഫെലിക്സിനോടും മോഹന്‍തോമസിനോടും ജസ്റ്റിസ് നരേന്ദ്രന്‍ പറഞ്ഞ ഈ സംഭാഷണം എനിക്കേറ്റവും പ്രിയയപ്പെട്ടതാണ്. മോഹന്‍തോമസിനെ അവതരിപ്പിച്ച രതീഷിന്റെ പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സും മറക്കാനാവില്ല. പിന്നീട് 'ഭരത്ചന്ദ്രന്‍ ഐപിഎസ്' എന്ന രണ്ടാംഭാഗത്തില്‍ പ്രതിനായകനായി സായ്കുമാറും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കൊല്ലപ്പെട്ട ശ്രീലതാ വര്‍മ്മയുടെ സംസ്ക്കാരത്തിന് വീട്ടിലെത്തിയ ഭരതിനും ഇന്ദുവിനും നേര്‍ക്ക്  നാട്ടുകാര്‍ നടത്തുന്ന കൈയ്യേറ്റ ശ്രമവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളും, ജസ്റ്റിസ് നരേന്ദ്രന്റെ ജീവനും ജഡത്തിനും തീ കൊളുത്തി ഭീമന്‍രഘുവിന്റെ വില്‍ഫ്രഡ്  സ്ലോമോഷനില്‍ നടന്നകലുന്നത്, ഇക്ബാലിന് അവസാനജലം നല്‍കി വായില്‍ റിവോള്‍ വര്‍ തിരുകി വെടി ഉതിര്‍ക്കുന്നതിന് മുമ്പ്- "ചെന്ന് പറഞ്ഞേക്കണം ഭരത് ചന്ദ്രനോട്..മോഹന്‍ തോമസിന്റെ ദീനാനുകമ്പയെ പറ്റി..'' എന്ന മോഹന്‍തോമസിന്റെ ഡയലോഗ്, വിഖ്യാതമായ 'ഉച്ചിഷ്ടം അമേദ്യം' ഡയലോഗ് കാച്ചിയ ശേഷം ഭരത് നടന്നകലുമ്പോള്‍ ഒരറ്റത്ത് നിന്ന് തുടങ്ങി നിര മുഴുവന്‍ കൃത്യമായി സല്യൂട്ട് ചെയ്യുന്ന പൊലീസുകാര്‍.....അതൊരു കാഴ്ച്ചയായിരുന്നു. ഷാജി കൈലാസും രഞ്ജിയും സുരേഷ്ഗോപിയും അതിജീവനത്തിന് വേണ്ടി ഒരുമിച്ചപ്പോള്‍ വിടര്‍ന്നതാണ് ആ വിസ്മയം. ഒപ്പം വാണിജ്യസിനിമകളുടെ ചരിത്രത്തില്‍ ഏക്കാലവും ഓര്‍മ്മിക്കപ്പെടുന്ന രാജാമണിയുടെ പശ്ചാത്തല സംഗീതവും. ഏത് സുഷുപ്തിയില്‍ കേട്ടാലും "കമ്മീഷണര്‍ വരുന്നേ...'' എന്ന് പറയിക്കുന്ന ബി ജി....
കിങ്ങില്‍ പപ്പുവിന്റെ മികച്ച പ്രകടനവും കുട്ടിയുടെ മൂക്കില്‍ നിന്നൊലിച്ച നീര് തുടച്ചെടുത്ത ശേഷം അടുത്ത സീനില്‍ സോപ്പ് തിരുമ്മി കഴുകി അതൊന്ന് കൂടി മണത്ത് "ഛെ...എന്ത് ചെയ്താലും പോണില്ലല്ലോ...ആ ഉളുമ്പ് ചെക്കന്റെ മൂക്കള നാറ്റം..'' എന്ന മുരളിയുടെ ഡയലോഗ്, പിന്നെ ജോസഫ് അലക്സിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍' ഡയലോഗ്....അങ്ങനെ ഒരുപാടുണ്ട്...
കിങ്ങ് ആന്‍ഡ് കമ്മീഷണറില്‍ ഒന്നുമില്ല. സുരേഷ്ഗോപിയുടെ ഡയലോഗുകള്‍ കൊള്ളാം. എനിക്ക് തോന്നിയ ഒരേ ഒരു നല്ല അഭിപ്രായം. 
രൌദ്രത്തില്‍ രഞ്ജി പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. 'ആശുപത്രി ഇടനാഴിയില്‍ ഷിഹാബുദ്ദീന്‍ ഒറ്റയാള്‍ സാക്ഷി..യങ്ങ് ഡെബണയര്‍, ഡാഷിങ്ങ്, ഐപിഎസ് ഓഫീസര്‍ ബാലഗോപാല്‍ എസ്ഐ നരേന്ദ്രന്റെ ബൂട്ട്സിട്ട കാലില്‍ വീണ് കരഞ്ഞു. മീശ മുളച്ച ഒരാണും ചെയ്യാത്ത പോലെ.. അത്ര നാണംകെട്ട് , അത്ര അറപ്പിച്ച്, ഫൂ... നീ നേരത്തെ ചോദിച്ചില്ലേ...ഒരു കോംപ്ളക്സുമില്ല നരേന്ദ്രന്'' എന്ന് നീളുന്ന നരിയുടെ ഇന്റര്‍വെല്‍ ഡയലോഗ് എനിക്ക് പ്രിയപ്പെട്ടതാണ്. കിങ്ങ് ആന്‍ഡ് കമ്മീഷണര്‍ ഓടിയാലും ഇല്ലെങ്കിലും രഞ്ജി എന്ന തിരക്കഥാകൃത്തിനും ഷാജി എന്ന ഡയറക്ടര്‍ക്കും എന്റെ മനസിലെ ചരമക്കുറിപ്പായി ഈ ചിത്രം മാറി എന്നു കൂടി കുറിച്ച് അവസാനിപ്പിക്കുന്നു. 

ഭരത്ചന്ദ്രന്‍ ഐപിഎസ് ഇന്റര്‍വെല്‍ സീനില്‍ തോക്ക് പിറകിലുരച്ച് സായ്കുമാറിന്റെ വില്ലനോട് ഭരത് പറയുന്നു- "ഇപ്പോള്‍ നിന്റെ കെതച്ച് പോയ ശ്വാസത്തിന്...തെറ്റിയ മിടിപ്പിന്..എന്റെ ഭിക്ഷ..സക്കാത്ത്...ഇനിയുള്ള നിന്റെ ജീവിതം...'. അതെ, ഇന്ന് കൊടുത്ത 80 രൂപ ആ പഴയ നല്ല ഓര്‍മ്മകള്‍ക്കുള്ള എന്റെ സക്കാത്തായിരുന്നു.

No comments: