Thursday, March 29, 2012

പാതിരാത്രിയുടെ നിറം...
ഒരാനയുടെ തുമ്പികൈയില്‍ ചാരിനിര്‍ത്തി ഒരു പെണ്ണിനെ ഭോഗിക്കണമെന്ന കുട്ടിയപ്പന്റെ വിചിത്രസ്വപ്നം (ലീല), ബാല്യവിസ്മയത്തിന്റെ വര്‍ണ്ണത്തില്‍ മാത്രം ലോകം കാണാന്‍ ശീലിച്ച 12കാരി ആലീസിന്റെ അവിഹിത ഗര്‍ഭം (ആലീസിന്റെ അത്ഭുതലോകം), പാതിരാത്രി നടക്കാനിറങ്ങിയ വൃദ്ധന് 'ബാദുഷ' എന്ന് പേര് പറഞ്ഞത് കൊണ്ടുമാത്രം പൊലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്ന നരകപീഡനം (ബാദുഷ എന്ന കാല്‍നടയാത്രക്കാരന്‍), ഒഴിവുദിനത്തിന്റെ ആലസ്യമകറ്റാന്‍ കള്ളനും പൊലീസും എഴുതി കളിച്ച മൂന്ന് സുഹൃത്തുക്കള്‍   'കള്ളനായ' കൂട്ടുകാരന് വിധിച്ച മരണശിക്ഷ (ഒഴിവുദിവസത്തെ കളി), കവലയിലെ കപ്പേളയിലെ ഉണ്ണീശോ മഴ നനയുന്നത് കണ്ട് സഹിക്കാനാവാതെ അവനെ വീട്ടിലേക്ക് എടുത്ത കുഞ്ഞേട്ടന്‍ (കോട്ടയം-17), നീലചിത്രത്തിലെ നായിക ഫിലിം റെപ്രസന്‍റ്റേറ്റീവുമായി നടത്തുന്ന ദീര്‍ഘസംഭാഷണം (നീലചിത്രം)- ആര്‍ ഉണ്ണിയുടെ കഥാലോകം അങ്ങനെ ഇങ്ങനെ നീണ്ട് വിശാലമായി കിടക്കുന്നു......
കനത്ത പാതിരാത്രിയുടെ നിറമാണ് അവയ്ക്ക്. ഉന്‍മാദത്തിന്റെ ചതുപ്പിലേക്ക് ഏത് നിമിഷവും വഴുതിയേക്കാവുന്ന സ്വബോധത്തെ ചേര്‍ത്ത് പിടിച്ച്, ആയാസപ്പെട്ട് ഒരാള്‍ എഴുതുന്ന കഥകളാണല്ലോ ഇതെന്ന് ചില വായനക്കാര്‍ക്ക് തോന്നിയേക്കും. പരേതാത്മാക്കള്‍ നിറഞ്ഞ തീവണ്ടി കംമ്പാര്‍ട്ട്മെന്റ് പോലെ അതങ്ങനെ സഞ്ചരിക്കുന്നു. വിചിത്രമായ ശീലങ്ങളും ചിന്തകളും മിക്ക കഥാപാത്രങ്ങള്‍ക്കുമുണ്ട്. എലികളും പൂച്ചകളും കാക്കകളും മുണ്ടികളും അണ്ണാനും ഇവിടെ ഇടമുണ്ട്. അവയെല്ലാം ചിന്തിക്കുന്നു. പെരുമാറുന്നു.
"പിള്ളേച്ചാ...എനിക്കൊന്ന് ഭോഗിക്കണം''-പാതിരാത്രി വാതിലില്‍ മുട്ടി പിള്ളേച്ചനെ വിളിച്ചുണര്‍ത്തി മുറ്റത്തെ ചാമ്പയ്ക്ക് ചോട്ടിലേക്ക് മാറ്റി നിര്‍ത്തി കുട്ടിയപ്പന്‍ 'ലീല'യില്‍ ഉണര്‍ത്തിക്കുന്നു. ആവര്‍ത്തനത്തെ വെറുക്കുന്നവനാണ് കുട്ടിയപ്പന്‍. ചരിത്രത്തിന്റെ ശിരസറ്റ ജഡങ്ങളും തകര്‍ക്കപ്പെട്ട വിശ്വാസങ്ങളും അവന്റെ ഉള്ളിലുണ്ട്. അഴിച്ചുവെച്ച നെറ്റിപ്പട്ടം പോലെ ആനയുടെ കൊമ്പില്‍ ചാരി നില്‍ക്കുന്ന പെണ്‍കുട്ടിയെ ആനകൊമ്പില്‍ പിടിച്ച് ഭോഗിച്ചാല്‍ കുട്ടിയപ്പന്റെ പ്രശ്നങ്ങള്‍ ഒടുങ്ങുമോ...?. ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. എന്നാല്‍ കുട്ടിയപ്പനെ കാണുമ്പോള്‍ മുഖമാകെ ചുവന്ന് തുടുക്കുന്ന ഉഷയും, ദാസപാപ്പി പറഞ്ഞ ബിന്ദുവും കുട്ടിയപ്പന്‍ നല്‍കിയ സുഖത്തെ കുറിച്ച് പറയുന്നില്ല. ഉടുത്തിരുന്നതെല്ലാം ഉരിഞ്ഞിട്ട ശേഷം, മേലാസകലം എണ്ണതേച്ച്, ടേപ്പ് റെക്കോഡറിട്ട് കളിച്ചോളാനാണ് കുട്ടിയപ്പന്‍ ഉഷയോട് പറഞ്ഞതെന്ന് ഉഷ തന്നെ പറയുന്നു. വെള്ള വിരിച്ച്, സാമ്പ്രാണിയും ചന്ദനതിരിയും കത്തിച്ച് വെച്ച്, ശവം പോലെ കിടക്കുന്ന തന്നെ അപ്പനാണ് മരിച്ച് കിടക്കുന്നതെന്ന് വിചാരിച്ച്, നെഞ്ചത്തടിച്ച് നിലവിളിക്കാനാണ് ബിന്ദുവിനോട് കുട്ടിയപ്പന്‍ പറഞ്ഞത്. ലീലയുടെ അപ്പന്‍ തങ്കപ്പനോട് കുട്ടിയപ്പന്‍ പറയുന്നത് കൊച്ചുകുട്ടികളെ ധൈര്യം കിട്ടാന്‍ ആനയ്ക്കടിയിലൂടെ നടത്തിക്കുന്നത് പോലെ കരുതിയാല്‍ മതിയെന്നാണ്. അവസാനം നഗ്നയായ ലീലയെ തുമ്പികൈയില്‍ ചാരി നിര്‍ത്തിയ ശേഷം നെറ്റിയില്‍ ഒരുമ്മ കൊടുക്കുക മാത്രമാണ് കുട്ടിയപ്പന്‍ ചെയ്തത്. കുട്ടികളുടെ അപ്പനാണോ ഉണ്ണിയുടെ കുട്ടിയപ്പന്‍...?. ആര്‍ക്കറിയാം...?.
പാതിരാത്രി പെയ്ത്ത് വെള്ളം ഇളകികിടന്ന ഓടിലൂടെ ഒലക്കവണ്ണത്തില്‍ 'അവന്റെ' തലയില്‍ വീഴുന്നത് കണ്ട് സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് കുഞ്ഞേട്ടന്‍ കപ്പേളയിലെ ഉണ്ണീശോയെ  വീട്ടിലെ ചായ്പ്പില്‍ കയറ്റികിടത്തിയത്. ഞായറാഴ്ച നേരം വെളുത്തപ്പോള്‍ തന്നെ ഭാര്യ അവനെ കൊട്ടയിലിട്ട് എടുത്ത സ്ഥലത്ത് കൊണ്ടുവെക്കാന്‍ കുഞ്ഞേട്ടനോട് പറഞ്ഞു. പക്ഷേ നാട്ടുകാര്‍ എല്ലാം അറിഞ്ഞിരുന്നു. 'ഭാര്യയ്ക്ക് ചെന പിടിയ്ക്കാത്തതാണ് പ്രശ്നമെങ്കില്‍ മാറ്റി കെട്ടിനോക്കെടാ..'- എന്നായിരുന്നു നാട്ടുകാരുടെ ആക്രോശം. പള്ളിക്കമ്മിറ്റി കൂടി പള്ളിയില്‍ നിന്ന് വിലക്കുകയും ചെയ്തു. പക്ഷേ ചായ്പ്പില്‍ കണ്ട അറ്റ് വീണ ചെറുവിരല്‍ ആരുടേതാണോ...? എന്ന അന്ധാളിപ്പില്‍ കുഞ്ഞേട്ടനും ഭാര്യയും നില്‍ക്കുന്ന ദൃശ്യത്തിലാണ് 'കോട്ടയം-17' എന്ന കഥ സമാപിച്ചത്.
ഒഴിവുദിവസത്തില്‍ നന്ദാവനം ലോഡ്ജിലെ 70ാം നമ്പര്‍ മുറിയില്‍ കൂടിയ നാലുപേര്‍ വിരസതയകറ്റാനാണ് കള്ളനും പൊലീസും എഴുതി കളിക്കാന്‍ തീരുമാനിച്ചത്. ധര്‍മ്മപാലനാണ് രാജാവായി തെരഞ്ഞെടുക്കപ്പെട്ടത്. ജയറാംപടിക്കലിന്റെ ആരാധകനായ ധര്‍മ്മപാലന്‍ അടിയന്തിരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ പടം പോക്കറ്റിലിട്ട് നടന്നവനാണ്. നാല് പെഗ് നല്‍കിയ ലഹരിയുടെ പൊയ്ക്കാലില്‍ രാജാവായി സ്വയം അവരോധിച്ച ധര്‍മ്മപാലന്‍ മേശപ്പുറത്തിരുന്ന കുപ്പി പൊട്ടിച്ച് കള്ളന്റെ നറുക്ക് കിട്ടിയ അശോകന്റെ പള്ളയ്ക്ക് കയറ്റുന്ന വിചിത്രദൃശ്യത്തിലാണ് ഉണ്ണി 'ഒഴിവ്ദിവസത്തെ കളി' ഫ്രീസ് ചെയ്യുന്നത്.
'നീലചിത്ര'ത്തില്‍ പെട്ടിയില്‍ നിന്ന് പുറത്ത് വന്ന് ഫിലിം റെപ്രസന്‍റ്റേറ്റീവുമായി സംഭാഷണത്തിലേര്‍പ്പെടുന്ന നായിക മെലിഞ്ഞുണങ്ങിയ സാധാരണ പെണ്‍കുട്ടിയാണ്. യാഥാര്‍ഥ്യവും പൊയ്കാഴ്ച്ചകളും തമ്മിലുള്ള ഹിമാലയന്‍ വ്യത്യാസമാണ് ഈ കഥയില്‍ വിടര്‍ന്നത്.
ഉപ്പുകാറ്റിന്റെ രുചി നുകര്‍ന്ന് കക്കയും ചിപ്പിയും പെറുക്കി ശുദ്ധവായു ശ്വസിച്ച്, നക്ഷത്രങ്ങളോട് സംസാരിച്ച് നടന്ന വൃദ്ധനെ പൊലീസ് തടഞ്ഞതും 'ബാദുഷ' എന്നയാള്‍ പേര് പറഞ്ഞതോടെ മുഖമടച്ച് ഒരടി വീണതും, പൊലീസ് സ്റ്റേഷനില്‍ ഭൂമിയിലെ നരകത്തെ അയാള്‍ നേരിട്ട് കാണുന്നതും 'ബാദുഷ എന്ന കാല്‍നടയാത്രക്കാരന്‍' കഥയെ നൊമ്പരപ്പെടുത്തുന്ന അനുഭവമാക്കുന്നു.
'മനുഷ്യാലയചന്ദ്രിക' എന്ന കഥയില്‍ മനുഷ്യകഥാപാത്രങ്ങളില്ല. അച്ഛനെയും അമ്മയെയും കണ്ടന്‍ പൂച്ച തിന്നതോടെ അനാഥനായ ഒരു പാവം ചുണ്ടെലിയാണ് കേന്ദ്രകഥാപാത്രം.ആള്‍പാര്‍പ്പില്ലാത്ത വീട്ടിലെ കട്ടിലും കസേരയും ചുവന്നപുതപ്പും ചുവരിലെ കരയുന്ന തോക്കും ഉപകഥാപാത്രങ്ങള്‍. ഇവരുടെ രസലോകം തകര്‍ത്ത് ഒരുനാള്‍ താഴുകള്‍ തുറക്കപ്പെടുന്നതും ഷൂസുകളും ചെരുപ്പുകളും തറയിലൂടെ നടന്ന് നീങ്ങുന്നതും, വീട് പൊളിക്കുന്നതോടെ കണ്ടന്‍ പൂച്ചയുടെ മുന്നില്‍ ചെന്ന് മരണം ഇരക്കാമെന്നും ചുണ്ടന്‍ തീരുമാനിക്കുന്നതോടെ കഥ സമാപ്തം.
മാര്‍കേസിന്റെ 'ചൊവ്വാഴ്ച്ചത്തെ മരണം' പോലെ സുന്ദരമാണ്  'മൂന്ന് യാത്രക്കാര്‍' എന്ന കഥ. നാരായണഗുരുവിന്റെ ചരിത്രത്തിലിടം പിടിക്കാത്ത ഭാര്യയുടെ ആത്മകഥയായ 'കാളിനാടകം', മധ്യവയസിന്റെ തീരാനോവുകള്‍ക്കിടയിലും സന്തോഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഒരുപറ്റം സ്ത്രീകള്‍ നടത്തുന്ന ശ്രമം പറയുന്ന 'ആനന്ദമാര്‍ഗം', അന്ധയായിട്ടും എസ് കെ പൊറ്റെക്കാടിന്റെ സഞ്ചാരസാഹിത്യ കൃതികള്‍ കൊച്ചുമോളെ കൊണ്ട് വായിപ്പിച്ച്്, പറമ്പിനപ്പുറത്തുള്ള കുന്നുകളെയും പാലങ്ങളെയും ഇടവഴികളെയും  ലണ്ടനെന്നും ആഫ്രിക്കയെന്നും മെക്കയെന്നും പേരിട്ട് വിളിച്ച്  അവിടം സന്ദര്‍ശിക്കുന്ന ഉമ്മച്ചിയുടെ കഥ പറയുന്ന 'തോടിനപ്പുറം പറമ്പിനപ്പുറം', 'മുദ്രാരാക്ഷസം' തുടങ്ങി ഉണ്ണിയുടെ ഈ സമാഹാരത്തിലെ മിക്ക കഥകളും വലിയ ലോകങ്ങള്‍ തേടുന്നവയാണ്.

No comments: