Tuesday, March 13, 2012

ഈ അടുത്ത കാലത്ത്.....
എ കെ ആന്റണിയുടെ വാര്‍ത്താസമ്മേളനത്തിനിടയ്ക്ക് പിറവത്തെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ (ഓഫീസ് എന്ന് വിളിക്കുമെങ്കിലും അതൊരു ഗമണ്ടന്‍ വീടാണ്) മന്ത്രി കെ ബാബു ചാനല്‍കുടയുടെയും ക്യാമറ വെളിച്ചത്തിന്റെയും വെട്ടത്ത് വരാന്‍ പരിശ്രമിക്കുന്ന ഖദറിട്ട പാവങ്ങളെ അടിച്ചോടിക്കുന്ന ദൃശ്യം കണ്ടപ്പോള്‍ ചിരി വന്നു.
അവരെല്ലാം സാധാരണക്കാരായ പ്രവര്‍ത്തകരാണ്. ചാനല്‍ ക്ളിപ്പിങ്ങിലോ പത്രപടത്തിലോ സ്വന്തം സ്വത്വത്തിന്റെ അരികോ മൂലയോ അറ്റമോ അടിച്ച് വരാനാണ് അവര്‍ തിരക്ക് കൂട്ടുന്നത്. പുഴുത്ത പട്ടിയെ പോലെ കൈയ്യിലിരുന്ന പത്രം ചുരുട്ടി ബാബു അവരുടെ തോളില്‍ തട്ടിയകറ്റിയപ്പോള്‍ സഹാനുഭൂതിയോടെ ആന്റണി - "വേണ്ട...അവരവിടെ നിന്നോട്ടെ..'' എന്ന് പറഞ്ഞു. അടി അവസാനിപ്പിച്ചെങ്കിലും പിന്നീട് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഒന്നു രണ്ടു പേരെ ബാബു കണ്ണുരുട്ടി പേടിപ്പിച്ച് മടക്കി അയച്ചു.
നാലാള്‍ തിരിച്ചറിഞ്ഞാല്‍ നേതാവാകുന്ന കാലം നമ്മുടെ രാഷ്ട്രീയത്തില്‍ അവസാനിച്ചിട്ടില്ലേ...? ഞാന്‍ ചിന്തിച്ചു. ഫോട്ടോഗ്രാഫര്‍മാരും ചാനല്‍ റിപ്പോര്‍ട്ടര്‍മാരും ഭയപ്പെടുന്നത് നിര്‍ണ്ണായകനിമിഷങ്ങളിലെ അണികളുടെ ഇടിച്ചുകയറ്റമാണ്. അണികളുടെ കുത്തൊഴുക്കില്‍ ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്ത് ഉമ്മന്‍ചാണ്ടി നാട മുറിക്കുന്ന ഒരു ചിത്രം ഫെയ്സ്ബുക്കില്‍ ഈയിടെ പ്രചരിച്ചിരുന്നു. യാഥാര്‍ഥ്യമാണെങ്കിലും ഫോട്ടോഷോപ്പ് സൃഷ്ടിയാണെങ്കിലും ആലോചിക്കാവുന്ന ചില വസ്തുതകള്‍ അതിലുണ്ട്.
സ്വയം ഫ്ളെക്സ് അടിച്ച് പോസ്റ്റുകളിലും ബസ്സ്റ്റാന്‍ഡിലും എട്ടുനിലയുള്ള കെട്ടിടത്തിന്റെ മുകളിലും കൊണ്ടു തൂക്കിയിടാന്‍ പെടാപാട് പെടുന്നവരുടെ പ്രയാസം ആലോചിക്കുമ്പോള്‍ പ്രയാസം തോന്നാറുണ്ട്. പിരിക്കാന്‍ ചെല്ലുമ്പോള്‍ ആളുകള്‍ തിരിച്ചറിയാനാണ് ഈ പങ്കപാടെന്ന് ലോല ഹൃദയനായ എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ഞാന്‍ പൂര്‍ണ്ണമായി മുഖവിലയ്ക്കെടുത്തിട്ടില്ല. സിനിമയിലെന്ന പോലെ ചെറിയ ഒരു ചാന്‍സ് കിട്ടി, പിന്നീട് വില്ലനോ സഹനടനോ ആയി ഹീറോയോ ഹീറോയിനോ ആകുന്നപ്രാപഞ്ചിക പ്രതിഭാസം ഇക്കൂട്ടര്‍ക്കും പ്രായോഗികമാണ്. ഏതെങ്കിലും ഗ്രൂപ്പിന്റെയൊ നേതാവിന്റെയൊ കൂടെ കൂടി, ബ്രാന്‍ഡ് ചെയ്യപ്പെട്ട്, കളിക്കാവുന്ന എല്ലാകളികളും പഠിച്ച് പ്രതിഭാശാലിയായി രാഷ്ട്ര സേവനത്തിന് ഇറങ്ങുന്ന പ്രക്രിയ പ്രയാസം തന്നെ. ഓണ്‍ലൈന്‍ ചാറ്റിങ്ങ് വഴി നേതാക്കളായി പൊട്ടിമുളക്കുന്നവര്‍ക്ക് ഈ പ്രയാസമില്ല. പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചവകാശ കിരീടം ചൂടി പ്രതാപത്തോടെ അരങ്ങത്തേക്ക് നടന്നടുക്കുന്നതും സൌഭാഗ്യം. എന്തായാലും നൂല്‍പ്പാലത്തിലൂടെയുള്ള യാത്ര തെരഞ്ഞെടുക്കുന്നത് സാഹസം തന്നെയാണ്.
ദാസന്‍ കൊമ്പിടി, പാലത്തുങ്കല്‍ ജോണ്‍സണ്‍, ജെയ്സണ്‍ കാലിതോട്ടത്തില്‍, ദേവസ്യ പറമ്പിത്തറയില്‍ എന്നീ സ്റ്റെലില്‍ പേരുകളുള്ളവര്‍. നേതാക്കള്‍ക്ക് എന്തും ഏതും എത്തിക്കാന്‍ പാടുപെടുന്നവര്‍. എന്നിട്ടും ദി കിങ്ങില്‍ മമ്മൂട്ടി പറയുന്നത് പോലെ- പരസ്യമായും രഹസ്യമായും ഒരായിരംവട്ടം കഴുതയെന്ന് നേതാക്കളാല്‍ വിളിക്കപ്പെടുന്നവര്‍. ഈ കാര്‍ണിവെലില്‍ എന്നെങ്കിലും ലക്ഷ്യം തുളക്കുമെന്ന വിശ്വാസത്തോടെ ദിവസവും സൂചിയെറിയുന്നവര്‍. പത്രക്കാര്‍ക്ക് ചായയും ബിസ്ക്കറ്റും പഴവും പോര്‍ക്ക് വരട്ടിയതും സ്നേഹത്തോടെ വിളമ്പുന്നവര്‍. ഇടയ്ക്ക് ആരെങ്കിലും തോളില്‍ തട്ടിയാല്‍- 'ഞാന്‍ പറഞ്ഞ കാര്യം ഓര്‍മ്മയുണ്ടല്ലോ'- എന്ന് പറഞ്ഞ് കൈയ്യില്‍ കിട്ടിയ പത്രക്കാരനെ മാറ്റി നിര്‍ത്തി സംസാരിക്കുന്നവര്‍. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവരുടെ പേര് പത്രക്കാരന്‍ ചോദിച്ചറിയുമ്പോള്‍ "ദേ, ജോണ്‍സാ...എന്റെ പേര് മറക്കല്ലേ...'' എന്ന അല്‍ഫോണ്‍സ ചേച്ചിയുടെ ഓര്‍മ്മപ്പെടുത്തല്‍ കേട്ട്, "ആ...പിന്നെ അല്‍ഫോണ്‍സ ചേച്ചി...നമ്മുടെ സ്വന്തം ചേച്ചിയാ...പേര് ചേര്‍ക്കാന്‍ മറക്കല്ലേ....'' എന്ന് ഓര്‍മ്മിപ്പിക്കുന്നവര്‍. ചെലവിടാന്‍ പണം(ചിലപ്പോള്‍ മാസശമ്പളം), സഞ്ചരിക്കാന്‍ കാര്‍, ദാഹമകറ്റാന്‍ പാനീയങ്ങള്‍, ചില സംഘടന കള്‍ കെട്ടിപടുക്കാന്‍ കിട്ടുന്ന പാരിതോഷികങ്ങള്‍.
ഇടയ്ക്ക് താന്‍ വിചാരിച്ച കാര്യം സാധിക്കാത്തതില്‍ പ്രതിഷേധിച്ച് ഗോഡ് ഫാദറെയും കിങ്ങ്മേക്കറെയും തന്തയ്ക്ക് വിളിച്ച് സ്വാതന്ത്രം നേടുന്നവര്‍. എപ്പോഴാണ് ഇവര്‍ക്ക് ഒരു ബ്രേക്ക്ത്രൂ കിട്ടുക...?. "ഓ.. എത്രനാളായി അവന്‍ എന്റെ കൂടെ നില്‍ക്കുന്നു. ഒരവസരം കൊടുത്തേക്കാം''- എന്ന് നേതാവിന് തോന്നുമ്പോള്‍ ആണോ...ഞങ്ങളുടെ കോളേജില്‍ കോണ്‍ഗ്രസ് ഘടക കക്ഷി കെട്ടിപടുക്കാന്‍ ആളുകളെ റിക്രൂട്ട് ചെയ്തു. ശമ്പളവും കാറും മറ്റ് വാഗ്ദാനങ്ങളും റിക്രൂട്ട്മെന്റ് വേളയില്‍ നല്‍കിയിരുന്നതായി അറിഞ്ഞു.
അണികളെ കിട്ടുക ഇന്നത്തെ കാലത്ത് പ്രയാസമാണ്. അവരെ ഒരുമിപ്പിച്ച് നിര്‍ത്തുക അതിലും പ്രയാസം. അണികള്‍ അംഗീകരിക്കുന്നവന്‍ നയിക്കുന്നവന്‍-നേതാവ്. നേതാവിന് വേണ്ടത് നേതൃഗുണം. കാറ്റിലും കോളിലും പാര്‍ടിയുടെ വിളക്ക് അണയാതെ കാത്തുസൂക്ഷിക്കുന്നവന്‍. പാലം കുലുങ്ങിയാലും കുലുങ്ങിയില്ലെങ്കിലും കേളന് ഒരു പുല്ലുമില്ലെന്ന ഭാവത്തില്‍ പാലത്തില്‍ കാലുറപ്പിച്ച് നില്‍ക്കുന്നവന്‍. ഈ ഗുണങ്ങളെല്ലാം കാലക്രമേണ ഒരാളിലേക്ക് വന്നു ചേരുന്നതായിരിക്കുമോ...?. എന്ത് കുതികാല്‍ വെട്ട് നടത്തിയിട്ടായാലും ഉയരങ്ങളിലെത്തണമെന്ന് മാത്രം ചിന്തിക്കുന്ന ഒരുത്തന്റെ മണ്ടയില്‍ രാഷ്ട്രസേവനത്തിന്റെ പാഠങ്ങള്‍ താനേ പൊട്ടിമുളക്കുമോ...?. "കക്കാം...കക്കുന്നതിന് ഒരു മറയൊക്കെ വേണ്ടേ... ''-അഴിമതിയില്‍ കുടുങ്ങിയ രാഷ്ട്രീയ നേതാവിനെ കുറിച്ച് പ്രഭാതപത്രത്തില്‍ വായിച്ചറിഞ്ഞ് ആലസ്യത്തിന്റെ ഒരു ചായമിടുക്ക് ഇറക്കിയ ശേഷം മാത്രം ഇങ്ങനെ പ്രതികരിക്കുന്നവരുടെ നാട്ടില്‍ എ കെ ആന്റണിമാര്‍ ആദര്‍ശത്തിന്റെ പ്രതിരൂപമാവുന്നതും അതുകൊണ്ടാണ്. "എന്തൊക്കെയായാലും അയാള്‍ കക്കില്ല കേട്ടോ...''- എന്ന് ഗുണഗണങ്ങള്‍ വാഴ്ത്തുന്നവര്‍ അത് ഒരു പൊതുപ്രവര്‍ത്തകന് വേണ്ട മിനിമം ക്വാളിറ്റി മാത്രമാണെന്ന് മറക്കുന്നതും അതുകൊണ്ടാണ്. അണികള്‍ ജനിക്കുന്നു. നേതാക്കളിലേക്കുള്ള യാത്രകള്‍ തുടരുന്നു. ചിലര്‍ ജയിക്കുന്നു. ചിലര്‍ തോക്കുന്നു.....ഈ പ്രവാഹം അനുസ്യൂതമായി തുടരുന്നു.

No comments: