Wednesday, December 21, 2011

ഇസ്താംബൂള്‍ മ്യൂസിയം.


വിഖ്യാത തുര്‍ക്കിഷ് എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഓര്‍ഹന്‍ പാമുക്കിനെ ഉപമിക്കാറുള്ളത് ബോസ്ഫറസ് പാലത്തോടാണ്. യൂറോപ്പിനേയും ഏഷ്യയേയും കോര്‍ത്തിണക്കുന്ന   പാലം കിഴക്കിനേയും പടിഞ്ഞാറിനേയും ബന്ധിപ്പിക്കുന്ന അദ്ദേഹത്തിന് യോജിച്ച ഉപമയാണ്. ബോസ്ഫറസുമായി ഉപമിക്കുന്നതില്‍ പാമുക്കിനും സന്തോഷം-"പാലം ഒന്നിനും സ്വന്തമല്ല... സംസ്ക്കാരത്തിനും  ഭൂഖണ്ഡത്തിനും സ്വന്തമല്ലത്.'' പാമുക്ക് പറയുന്നു. പാമുക്കിന്റെ എഴുത്തുമുറിയില്‍ നിന്ന് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇസ്താംബൂളിലെ തോപ്കാപി കൊട്ടാരത്തിലേക്ക് ഒരു ഡ്രൈവിന്റെ അകലം . 400 വര്‍ഷം ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ  ആസ്ഥാനമന്ദിരമായ തോപ്കാപി മ്യൂസിയത്തിന്റെ  ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ നഗരത്തിന്റെ ഹൈ-ആംഗിള്‍ ഷോട്ട്- സാമ്രാജ്യങ്ങള്‍ ഗര്‍വോടെ മോതിരവിരലില്‍ അണിഞ്ഞ നഗരം ചരിത്രത്തിന്റെ വിഷാദ സ്മൃതിയില്‍ തല കുനിച്ചു നില്‍ക്കുന്നു. വിഷാദാക്കം കൂട്ടി പൊഴിയുന്ന മഞ്ഞ്, തിരക്ക് തേനീച്ച കൂടാക്കിയ ബസാറുകള്‍, ആകാശത്തിലെ സ്മാരകശിലകളായ പള്ളി മിനാരങ്ങള്‍.. അതിനെല്ലാമപ്പുറത്ത് അനുമാനിക്കാന്‍  പറ്റുന്ന ബോസ്ഫറസ് കടലിടുക്കിന്റെ കറുപ്പ്.. ഇടവിട്ടുയരുന്ന ഗോള്‍ഡന്‍ ഹോണ്‍ തുറമുഖത്തെ ചരക്ക് കപ്പലുകളുടെ യാത്രാമൊഴി.
                                    തോപ്കാപി കൊട്ടാരമാണ് ഓര്‍ഹന്‍പാമുക്കിന്റെ  'മൈ നെയിം ഈസ് റെഡ് 'നോവലിന്റെ ഭൂമിക. ഒട്ടോമന്‍ ചക്രവര്‍ത്തിമാരുടെ അഭിമാനമായ ചുവര്‍ചിത്രകാരന്‍മാരുടെ ഗാഥയാണത്. സുല്‍ത്താന്‍ മുറാദ് മൂന്നാമന്റെ നിര്‍ദേശപ്രകാരം പ്രതിഭയുടെ ഹൃദയം എലഗെന്റ് എഫന്‍ഡിയുടെ നേതൃത്വത്തില്‍ രഹസ്യപുസ്തകം തയാറാവുന്നു. കിഴക്കിന്റെ രീതികളില്‍ നിന്ന്  വഴിമാറി വെനീഷ്യന്‍ സമ്പ്രദായം അവലംബിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത് സുല്‍ത്താന്റെ  നിര്‍ബന്ധമായിരുന്നു. ആ മാതൃക അനുകരിക്കാന്‍ ചിത്രകാരന്‍മാര്‍ പരിശ്രമിക്കുന്നതിനിടയില്‍ ഗുരു എലഗന്റ് എഫന്‍ഡി കൊല്ലപ്പെടുന്നു. സംസ്കാരത്തിന്റെ ജൈവികതയില്‍ നിന്നും വേറിട്ട് നടന്ന കലാകാരന്‍മാര്‍ അനിവാര്യമെന്ന പോലെ അസൂയയുടെയും പകയുടെയും നരകത്തില്‍ പതിച്ചു. കലയോടുള്ള അവരുടെ ആത്മാര്‍പ്പണം  അമ്പരപ്പിക്കും.  പ്ളാറ്റോ പറഞ്ഞ പോലെ അനുകരണമാണ് അവര്‍ക്ക് ഏറ്റവും മഹത്ത്വമേറിയ കല. ചിത്രകാരന്‍ വരച്ച കുതിര അയാളുടെ സ്വന്തം കുതിരയായിരിക്കും. തടവറയുടെ കട്ടപിടിച്ച ഇരുട്ടിലും സ്വന്തം കുതിരയെ  കൈയ്യൊപ്പോടെ   വരയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കും. വര്‍ഷങ്ങളുടെ സാധനയിലൂടെയാണ് ഈ പ്രതിഭ സ്വന്തമാക്കുന്നത്. കണ്ണുകളുടെ അമിതോപയോഗം  പലരെയും അകാലത്തില്‍ അന്ധരാക്കും. ചിത്രകാരന് കിട്ടിയ  വലിയ അംഗീകാരവും ഇതാണ്. ഈ ബഹുമതി സ്വന്തമാക്കാന്‍ സ്വര്‍ണ്ണസൂചിയാല്‍ ചിലര്‍ കണ്ണ് പൊട്ടിക്കുന്ന ദൃശ്യം സായാഹ്ന സൂര്യശോഭയില്‍ പാമുക്ക് വിവരിക്കുമ്പോള്‍ വായനക്കാരന്റെ ആത്മാവിലൂടെയാണ് വിറ പായുന്നത്. കലയ്ക്കായി ജന്‍മം സമര്‍പ്പിച്ച പാരമ്പര്യമാണ് പാമുക്കിന്റേയും കൈമുതല്‍. ഉത്താരുധിനികമെന്ന് വിശേഷിപ്പിക്കാവുന്ന രചനാരീതിയാണ് പാമുക്കിന്റേത്. അദ്ദേഹത്തെ വായിക്കുമ്പോള്‍ രചനയുടെ നഗരത്തില്‍ ഉത്തരാധുനികത ഉണ്ടാക്കിയ ഭൂകമ്പത്തിന്റെ ശക്തി  ബോധ്യപെടും. സ്ഥല- കാല ആഖ്യാനത്തിന്റെ അച്ചാണി ഊരിത്തെറിച്ച ഭാഷ സ്വയം ഭ്രമണപഥം കണ്ടെത്തുന്നത് ഉള്‍ത്തരിപ്പോടെ വായനക്കാര്‍ തിരിച്ചറിയും.
ആഖ്യാനനൂലില്‍ സ്മരണയുടെ ചുവന്നമുത്തിനെ  കോര്‍ക്കുന്ന രീതി മാസ്റ്റര്‍പീസെന്ന് ലോകം വിലയിരുത്തിയ 'ബ്ളാക്ക് ബുക്കി' ലും തുടരുന്നു.  സായാഹ്നത്തില്‍ ഓഫീസില്‍ നിന്നും മടങ്ങിയ അഡ്വ ഗാലിപ് ഭാര്യ റൂയ ചെറുകുറിപ്പ് മാത്രം ശേഷിപ്പിച്ച്  പോയതായി മനസിലാക്കുന്നു. ബോസ്ഫറസ് പാലത്തിലൂടെ, ഇസ്താംബൂള്‍ തെരുവിലൂടെ റൂയയുടെ പൊള്ളുന്ന സ്മരണയുമായി ഗാലിപ് അലയുന്നു. അവള്‍ ഊരിയിട്ട ഹെയര്‍ ക്ളിപ്പുള്‍പ്പടെയുള്ള തിരുശേഷിപ്പുകള്‍ ഗാലിപിന്റെ  ആത്മാവില്‍ ചിത കൊളുത്തുന്നു. ബന്ധുവും  കോളമിസ്റ്റുമായ ജലാലിനെ ചുറ്റിപറ്റിയാണ് അന്വേഷണം നീങ്ങുന്നത്. ജലാലും അപ്രത്യക്ഷനാണ്. അന്വേഷണത്തിന്റെ പാരമ്യത്തിലാവട്ടെ, അന്വേഷകന്‍ ജലാലായി മാറുന്നു. ജലാലിന്റെ ഫ്ളാറ്റില്‍ താമസിക്കുന്ന ഗാലിപ് അയാളുടെ ഓര്‍മകളുടെ ശേഖരത്തിലൂടെ ഭ്രാന്തമായി സഞ്ചരിക്കുന്നു. പത്രത്തില്‍ ജലാലിന്റെ കോളം  എഴുതുന്നു. ആത്മാവിന്റെ  അതിരുവിട്ട അനുകരണവാസന സൃഷ്ടിച്ച  അസ്തിത്വ സംശയമാണ് നോവലിന്റെ  കാതല്‍. തുര്‍ക്കിയില്‍ മാറ്റത്തിന്റെ കാഹളമൂതിയ അറ്റാതുര്‍ക്കിന്റെ വിടവാങ്ങലിന് ശേഷം സംഭവിച്ചതും ഇതാണ്. ' ചലനവും ചേഷ്ടയും പുഞ്ചിരിയും താരങ്ങളുടെ വികൃതാനുകരണം മാത്രമായി അധപതിക്കുന്ന ദാരുണാവസ്ഥ. പാമുക്കിന്റെ ഭാവനയാവട്ടെ  കാലമാകുന്ന മണല്‍ കുമ്പിളില്‍ നിന്ന് വ്യക്തിത്വമുള്ള ഓര്‍മകളുടെ കാന്തതരികളെ  വേര്‍തിരിച്ചെടുക്കുന്ന കാന്തമാകുന്നു.
         70 കള്‍ക്ക് ശേഷം തുര്‍ക്കി രാഷ്ട്രീയത്തിലുണ്ടായ മാറ്റം  ഗൌരവത്തോടെ വിലയിരുത്തിയ 'സ്നോയും' ഓര്‍മയുടെ മടക്കയാരതയാണ്.  തട്ടമിടാനുള്ള അവകാശം നിഷേധിച്ചതിനാല്‍ കൌമാരക്കാരികള്‍ ആത്മഹത്യ പരമ്പര സൃഷ്ടിച്ച ഗ്രാമത്തിലെത്തിയ പത്രപ്രവര്‍ത്തകന്‍ 'കാ'യും നഷ്ടപ്പെട്ട കാമിനിയെ തിരിച്ച് കിട്ടുമെന്ന  വിശ്വാസം സൂക്ഷിക്കുന്നുണ്ട്. 'മൈ നെയിം ഈസ് റെഡിലെ' നായകനും  സമാനാവസ്ഥയിലാണ്. ഉസ്മാന്റെ ജീവിതത്തില്‍ കപ്പല്‍ചേതമുണ്ടാക്കിയ പുസ്തകം പ്രമേയമാക്കിയ നോവലാണ് 'ന്യൂലൈഫ്'. 'സൈലന്റ് ഹൌസ്', 'വൈറ്റ്കാസില്‍'  ഒടുവില്‍ ഇറങ്ങിയ 'മ്യൂസിയം ഓഫ് ഇനസന്‍സ്' എന്നീ സൃഷ്ടികള്‍ പാമുക്കിന്റെ സമ്പ്രദായം വ്യക്തമായി അടയാളപ്പെടുത്തുന്നു. 
         മ്യൂസിയം ഓഫ് ഇനസന്‍സില്‍ 70-80 ലെ തുര്‍ക്കി ജീവിതമാണ് വിഷയമാക്കിയത്.  കമാലിന് ബന്ധുവും നിര്‍ധനകുടുംബാംഗവുമായ ഫസനോടു തോന്നിയ അപൂര്‍വ്വരാഗത്തെ വരച്ചിടുകയാണ് നോവലില്‍.  പ്രണയത്തെ കാമനകളുടെ കേളിയായി  വിലയിരുത്തിയ കമാലിന്റെ ജീവിതം പിന്നീട് പിരിഞ്ഞു പോയ ഫസനായുള്ള ഏകാഗ്ര ധ്യാനമാകുന്നു. ഒരോ കാലത്തായി അവള്‍ ഉപേക്ഷിച്ച വസ്തുക്കള്‍ സൂക്ഷിക്കുന്ന അയാള്‍ അനുരാഗത്തിന്റെ മ്യൂസിയമാകുന്നു. പാന്റീസുകള്‍, നെയില്‍കട്ടര്‍, 4213 സിഗരറ്റ് കുറ്റി  പലതും അയാള്‍ ശേഖരിക്കുന്നു.
നോവലില്‍ ലയിച്ച  വായനക്കാരിയുടെ  അനുഭവം വായിക്കാം- "അവസാന പേജുകള്‍ വായിച്ചപ്പോള്‍ കരയുകയായിരുന്നു. ഞാന്‍ വിങ്ങിപ്പൊട്ടി. എനിക്കറിയാം പാമുക്കിന്റെ നോവലാണിതെന്ന്... പ്രായമേറുമ്പോള്‍ കലാകാരന്‍മാര്‍ സ്വയം ശുദ്ധീകരിക്കുമെന്ന് കേട്ടിരുന്നു. പാമുക്ക് സമ്മാനിച്ചതാവട്ടെ  പരിശുദ്ധമായ ഒരനുഭവവും. ''
കാഫ്കയില്‍ നിന്നും പൊട്ടിമുളച്ചവരാണ് പാമുക്കും മാര്‍കേസും കാല്‍വിനോയും കുന്ദേരയും.  ഏകാഗ്രതയില്‍  പാമുക്ക് ഇവരെ നിഷ്പ്രയാസം മറികടക്കുന്നു. ഫ്ളാറ്റില്‍ അടച്ചു പൂട്ടി തുര്‍ക്കിയുടെ പൊട്ടും പൊടിയും ചേര്‍ത്ത് മറ്റൊരു തുര്‍ക്കിയെ നെയ്യുകയാണ് അദ്ദേഹം. സ്വീഡിഷ് അക്കാദമി വിലയിരുത്തിയ പോലെ  ഇത് മഹത്ത്വമേറിയ സംസ്ക്കാരത്തില്‍ ലയിക്കലാണ്. ഭൂഖണ്ഡവും ജനപഥവും രാജ്യാതിര്‍ത്തിയും ഭേദിച്ച് 44 ഭാഷയിലും  പാമുക്കിനെ ആസ്വദിക്കുന്നതും ഇതു കൊണ്ടാണ്. ഒരോ വാക്കും ഓര്‍മകള്‍ക്കായുള്ള ദുഅ്വ ഇരക്കലാവുന്ന അനുഭവം മറ്റെവിടെ നിന്നാണ് കിട്ടുക ?.
ഉമ്പര്‍ട്ടോഎക്കോ പറഞ്ഞതു പോലെ " എഴുതുമ്പോള്‍ മൂന്നുവിരല്‍ മാത്രമല്ല ശരീരവും തലച്ചോറും ഹൃദയവും  വിങ്ങുന്ന അവസ്ഥ ''പാമുക്കിന്റെ രചനയെ പറ്റിയാവുമ്പോള്‍ അതിശയോക്തിയല്ല.

No comments: