Friday, December 23, 2011

ഒരു മിഡില്‍ ക്ളാസ് കുടുംബത്തിന്റെ സിനിമാജാക്ക്പോട്ട്....


ജാക്ക്പോട്ട് സിനിമയുടെ പോസ്റ്റര്‍
"ഒരിടത്ത് ഒരിടത്തൊരു കുതിരക്കാരനുണ്ടായിരുന്നു. കുതിരക്കാരന് അയാളുടെ കുതിരയോട് വലിയ സ്നേഹം. അയാളുടെ കുതിര ഏത് പന്തയത്തിലും ഒന്നാമന്‍. അതോടെ, കുതിരക്കാരന്റെ ശത്രുക്കള്‍ മിടുക്കന്‍ കുതിരയെ കൊല്ലാന്‍ നിശ്ചയിച്ചു.......''

അച്ഛന്‍ കഥ പാതിവഴിക്ക് നിര്‍ത്തുന്നു. ഞാന്‍ ഉറങ്ങിയോ എന്ന് നോക്കാനാണ് അര്‍ദ്ധവിരാമം. രസച്ചരട് പൊട്ടിയതിന്റെ ദേഷ്യത്തില്‍ മാറത്തെ രോമം ചുറ്റി പിടിച്ച് വലിച്ചപ്പോള്‍-"ആവൂ...'' എന്ന് നൊന്തു വിളിച്ച് അച്ഛന്‍ കഥ തുടരുന്നു.
മേളം തിയറ്റര്‍ ഷൊര്‍ണ്ണൂര്‍
"അങ്ങനെ കുതിരക്കാരന്റെ എതിരാളികള്‍ ആ വെള്ളക്കുതിരയെ കൊല്ലാന്‍ വാടകകൊലയാളിയെ ചുമതലപ്പെടുത്തി. കുതിരക്കാരന്‍ ഇല്ലാത്ത നേരത്ത് അവന്‍ കുതിരയെ വെടി വെച്ചു. ഭാഗ്യത്തിന് കാലിന്‍മേലാണ് വെടി കൊണ്ടത് കേട്ടോ...?. പക്ഷേ കുതിരയ്ക്ക് പിനെന പന്തയത്തിലൊന്നും പങ്കെടുക്കാന്‍ പറ്റാതായി. അതോടെ കുതിരയുടെ ഉടമസ്ഥന്‍ കുതിരയെ കൊല്ലാന്‍ തീരുമാനിച്ചു. എന്നാല്‍ കുതിരക്കാരന്‍ സമ്മതിക്കുമോ...?''- (ഈ വാക്കുകളെ അസ്ത്രവേഗത്തില്‍ മുറിച്ചിട്ട് അമ്മയുടെ ഡയലോഗ് ഓവര്‍ലാപ് ചെയ്യുന്നു) - "ഓ...ജാക്ക്പോട്ടും കണ്ടല്ലേ....?. എന്നായിരുന്നു...?''. അടുക്കളയിലെ ജോലികള്‍ തീര്‍ത്ത് കിടപ്പ്മുറിയിലേക്ക് നീങ്ങിയ അമ്മ പുറത്ത് നിന്ന് കഥകളൊക്കെ കേട്ടറിഞ്ഞ് മമ്മൂട്ടി നായകനായ 'ജാക്ക്പോട്ട്' എന്ന സിനിമയുടേതാണ് ആ കഥയെന്ന നിഗമനത്തിലെത്തിയ ശേഷമാണ് ഈ ഡയലോഗ് കൊള്ളേണ്ട ലക്ഷ്യസ്ഥാനത്ത് കൃത്യമായി എറിഞ്ഞുകൊള്ളിച്ചത്.
തുടര്‍ന്ന് അച്ഛന്റെ 'അയ്യത്തടാ' ഭാവം. അമ്മയുടെ വീര്‍ത്ത്കെട്ടിയ മാനം പോലെയുള്ള മുഖം. കുടുംബത്തെ കൂട്ടാതെ കൂട്ടുകാരുമൊത്ത് ജാക്ക്പോട്ടെടുക്കാന്‍ പോയതിന്റെ സാഹചര്യത്തെ പറ്റി അച്ഛന്റെ സത്യവാങ്മൂലം.
(അല്‍പ്പം ലാഗ് ചെയ്ത ഈ നീണ്ട രംഗത്തിന് ശേഷം)
കട്ട് ടു
പകല്‍
വീട്ടുമുറ്റം
ഞാനും ചേച്ചിയും സ്കൂള്‍ വിട്ട് ഉത്സാഹത്തോടെ വീട്ടില്‍ വന്ന് കയറി, ബാഗുകളെല്ലാം അതാത് മൂലകളില്‍ ഡിസ്പോസ് ചെയ്ത്, കൈയ്യും കാലും മുഖവും കഴുകി, പൌഡറിട്ട്, നിറമുള്ള വസ്ത്രങ്ങളിഞ്ഞ് കോലായിലെത്തുന്നു. അമ്മയും ഒരുങ്ങി തയാറായി ഉമ്മറത്തുണ്ട്. ശബ്ദപഥത്തില്‍ (വിജയ്സൂപ്പര്‍ സ്കൂട്ടറിന്റെ കട കട ശബ്ദം).
ഒരു മിഡില്‍ ക്ളാസ് കുടുംബം ജാക്ക്പോട്ടെടുക്കാന്‍ ഷൊര്‍ണ്ണൂര്‍ മേളം തിയറ്ററിലേക്ക്...
മേളത്തിന് അന്നും ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ല. കാലക്രമത്തില്‍ ഡിടിഎസ്, യുഎഫ്ഒ തുടങ്ങിയ സാങ്കേതികവിദ്യകള്‍ രംഗപ്രവേശം നടത്തിയതൊഴിച്ചാല്‍, പശ്ചാത്തലം മാറ്റമില്ലാതെ തുടരുന്നു.
'ജാക്ക്പോട്ട്' വര്‍ണ്ണാഭമായ പോസ്റ്ററുകള്‍.(ദീര്‍ഘദൂര കാഴ്ച)
'ഗൌതം(മമ്മൂട്ടി) എന്ന ജോക്കി ഏതോ പന്തയത്തിനിടയില്‍ കുതിരയെ അള്ളിപിടിച്ചിരിക്കുന്ന' പ്രധാന പോസ്റ്റര്‍. വര്‍ണ്ണങ്ങള്‍ക്ക് വെളിച്ചമേകി ട്യൂബ്ലൈറ്റുകള്‍. ദൂരെ നിന്ന് പോസ്റ്ററുകള്‍ പതിച്ച ഈ ഇരുമ്പ് ബോര്‍ഡ് കാണുമ്പോഴേ എനിക്ക് പെരുത്താനന്ദം.
അലങ്കാരികമായി 'നെഞ്ചൊക്കെ വീര്‍ത്ത് വീര്‍ത്ത് ബലൂണാവുക'എന്നൊക്കെ പറയാം. മേളത്തിനോട് ചേര്‍ന്ന് ഒരു ചായക്കട, തൊട്ടടുത്ത് പാര്‍ടി ഓഫീസ്, അത് കഴിഞ്ഞാല്‍ ഒരു പാഴ്പറമ്പ്(ഇപ്പോള്‍ മൃഗാശുപത്രിയും, കള്ളുഷാപ്പും ഒക്കെ) അത് കഴിഞ്ഞാല്‍ അപ്സരാ ബാര്‍...(കുറെക്കാലം അടഞ്ഞുകിടന്ന അപ്സര ഇപ്പോള്‍ ജീര്‍ണ്ണോദ്ധാരണം ഒക്കെ കഴിച്ച്, പുത്തന്‍ പ്രതിഷ്ഠ നടത്തി ഭക്തര്‍ക്കായി തുറന്നു കൊടുത്തതിന്റെ സന്തോഷം രേഖപ്പെടുത്തട്ടെ)
മേളം തിയറ്ററിന്റെ മുന്നിലെ ചുവരില്‍  അര്‍ദ്ധ നഗ്നരായ ഒരു വേടനും വേടത്തിയും ആടിത്തിമിര്‍ക്കുന്ന സീന്‍ കാര്‍വ് ചെയ്തിട്ടുണ്ട്. രണ്ടാം നിലയിലെ ബാല്‍ക്കണിയിലിരുന്ന് ഫാമിലീസ് ചിത്രം കാണുന്നു.
ടിക്കറ്റ് മുറിച്ചെടുത്ത് അകത്തെ വാതില്‍ തള്ളിതുറക്കുമ്പോള്‍, പ്രാചീനമായ കര്‍ട്ടന്റെ മാറാലഗന്ധം...വെളിച്ചത്തിന്റെ സമചതുരം. 'കമ്മീഷണര്‍' ഒക്കെ ഇറങ്ങിയ സമയം വലിയ പുകിലാണ്. പെയിന്റിളകിയ 'ഫൌസ്ഫുള്‍' ബോര്‍ഡൊക്കെ കണ്ട് സ്കൂട്ടര്‍ തിരിക്കുന്ന ദിനം അച്ഛന്റെ കാര്യം പോക്കാണ്. അമ്മയുടെ അരിശം വാക്കുകള്‍ക്കോ ദൃശ്യങ്ങള്‍ക്കോ പകര്‍ത്താനാവില്ല. ഏറ്റവും മുന്‍നിരയില്‍ ഇരുമ്പ് കസാലയൊക്കെ തരപ്പെടുത്തി സിനിമ കണ്ട് 'കഴുത്തുളുക്കിയാലും' വേണ്ടില്ല. സിനിമ കാണാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ സിനിമ കാണുകയെന്നതിലുമപ്പുറം ഒരൊറ്റ സന്ധിക്കും അവരെ തളയ്ക്കാനാവില്ല.
'ഹാളില്‍ പുകവലിക്കരുത്', 'വാഹനങ്ങള്‍ സ്വന്തം റിസ്ക്കില്‍ പാര്‍ക്ക് ചെയ്യുക', 'മുന്നിലെ കസേരയില്‍ ചവിട്ടരുത്' തുടങ്ങിയ ആപ്തവചനങ്ങള്‍ക്ക് ശേഷം ഷൊര്‍ണ്ണൂരിലെ പ്രമുഖ വസ്ത്രശേഖരങ്ങളായ 'സരിത', 'ചമയം', 'ശോഭ' എന്നിവയുടെ പരസ്യസ്ലൈഡുകള്‍... തിരിഞ്ഞു നോക്കിയാല്‍ വെളിച്ചം ഒരു ചതുരത്തില്‍ നിന്ന് പുറപ്പെട്ട് ഒരു വെളിച്ച കുഴലിലൂടെ സഞ്ചരിച്ച് മുന്നിലെ ദീര്‍ഘചതുരമുണ്ടാക്കുന്നതിലെ കാവ്യാത്മകത.
പിന്നെ മേളം തിയറ്ററിന്റെ അന്തരിച്ച സ്ഥാപകന്റെ ബ്ളാക്ക് & വൈറ്റ് പ്രൊഫൈല്‍ പടം. ഭൂതകണ്ണാടി പോലെയുള്ള സ്പെക്റ്റ്സൊക്കെ വെച്ച ഒരു പാവം കാരണവര്‍. പുള്ളിയുടെ ചിത്രം തെളിയുന്നമാത്രയില്‍ ആയിരം കുറുക്കന്‍മാരുടെ തൊണ്ടകള്‍ ഒന്നിച്ച് തുറന്നാലെന്ന പോലെ നീണ്ട കൂവലുകളും ഓരിയിടലുകളും ചില കൈയ്യടികളും..."ഇത്രയും പണം മുടക്കി ടാക്കീസുണ്ടാക്കിയിട്ടും അയാളുടെ ഒരു ഗതിയോ...?''- എന്ന അമ്മയുടെ അല്‍പ്പം ഉയര്‍ന്ന ശബ്ദത്തിലുള്ള ആത്മഗതം. പിന്നീട് പ്രിയദര്‍ശന്റെ 'മേഘം' സിനിമയില്‍ തിയറ്റര്‍ ഉടമ ഷണ്‍മുഖത്തിന്റെ പടം കാണുമ്പോള്‍ നാട്ടുകാര്‍ കൂവുന്നതും വെള്ളിത്തിരയിലെ പടത്തില്‍ നിന്നും ചാടിയിറങ്ങിയ പോലെ സ്ക്രീനിന് മുന്നില്‍ ഞെളിഞ്ഞ് നിന്ന് ഷണ്‍മുഖം മുതലാളി-"ഒരു പണക്കാരനെ മാനിക്കാന്‍ പഠിക്കെടാ...''-എന്നാക്രോശിക്കുന്നതും കാണുമ്പോള്‍ മേളം ദിനം ഓര്‍മ വരും.
ഇടവേളകളെ തണുപ്പിക്കുന്ന ഐസ്ക്രീം. ഇടവേള കഴിഞ്ഞ് മടങ്ങിയെത്തിയ അച്ഛന്റെ വിരലുകളെയും ശ്വാസത്തെയും പൊതിഞ്ഞ 'വില്‍സ്' സുഗന്ധം. ഒരോ സിനിമാ കാഴ്ച്ചകളും പിന്നീട് ഓര്‍ത്തെടുക്കാന്‍ സഹായിക്കുന്ന ചിലതൊക്കെ മനസില്‍ കുടഞ്ഞിട്ടിരുന്നു. അങ്ങനെയല്ലാത്ത ഒരു സിനിമാ കാണലും ഉണ്ടായിട്ടില്ല.
മേളത്തിനടുത്ത് തന്നെയാണ് സുമാ തിയറ്ററും. തിയറ്റര്‍ ഉടമയുടെ ഭാര്യയുടെ പേരാണ് സുമ. അവരുടെ മകന്‍ എയര്‍ഫോഴ്സിലായിരുന്നു. ഒരു വിമാനാപകടത്തില്‍ മരിച്ചു പോയ ആ യുവാവിന്റെ ചിത്രം തിയറ്ററില്‍ ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്. കല്യാണം കഴിച്ച് മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴായിരുന്നു അപകടം. പിന്നെയുള്ളത് അനുരാഗാണ്. ഹിന്ദി, തമിഴ് ചിത്രങ്ങളാണ് അധികവും പ്രദര്‍ശിപ്പിക്കാറുള്ളത്. പൊട്ടിപൊളിഞ്ഞ മരകസാലകളും തറയും, ഫെനോയിലിന്റെ മടുപ്പിക്കുന്ന ഗന്ധവുമാണ് അനുരാഗിന്... കുറേക്കാലം അടച്ചിട്ട തിയറ്റര്‍ ഈ അടുത്താണ് വീണ്ടും തുറന്നത്. ഏതെങ്കിലും നല്ല സിനിമ അനുരാഗില്‍ വന്നാല്‍ അമ്മയുടെ മുഖം ചുളിയും. 'ഇനിയിപ്പോ അവിടെ വരെ പോയി രണ്ടര മണിക്കൂര്‍ ഇരിക്കണ്ടേ...' എന്നാണ് ഭാവം. എന്നാലും പോവാതിരിക്കാന്‍ കഴിയില്ല. ചെറുതുരുത്തി സൂരജ് 'എ' കാഴ്ചകളുടെ നഗരിയാണ്.
പക്ഷേ ആദ്യം പ്രദര്‍ശിപ്പിച്ചത് മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് 'ഇരുപതാം നൂറ്റാണ്ട്'. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അമ്മയ്ക്ക് ആ സിനിമ കാണണമെന്ന് തോന്നി. ഒരുപക്ഷേ ആ സിനിമ ആദ്യം കാണാന്‍ പോയപ്പോള്‍ ഉള്ള നൊസ്റ്റാള്‍ജിക്ക് സ്മരണകളായിരിക്കും അമ്മയെ വീണ്ടും സിനിമ കാണണമെന്ന് അച്ഛനോട് ആവശ്യപ്പെടാന്‍ ഇടയാക്കിയത്. പിന്നീട് ഞങ്ങള്‍ സൂരജില്‍ പോയിട്ടില്ല.
പണ്ട് ശിവക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഒരു ജവഹര്‍ തിയറ്റര്‍ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. പക്ഷേ തീപിടിച്ച് പോയെന്ന് കേട്ടു. അവിടെ നിന്നാണ് 'നായാട്ട്' കണ്ടതെന്ന് അമ്മ പറഞ്ഞതോര്‍ക്കുന്നു. ആ വഴി പോകുമ്പോള്‍ അങ്ങനെ ഒരു കൊട്ടക അവിടെയുള്ളതായി സങ്കല്‍പ്പിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്.

ജാക്ക്പോട്ട് കണ്ട് വിജയ് സൂപ്പറില്‍ മടക്കയാത്ര. അമ്മയും ചേച്ചിയും പിന്നില്‍. ഞാന്‍ മുന്നില്‍ നില്‍ക്കും. അച്ഛനോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മുന്നില്‍ ഹെഡ്ലൈറ്റിലേക്ക് എന്തൊക്കെയൊ പാറി വീഴുന്നത് കാണാം. ചിലപ്പോള്‍ തണുപ്പില്‍ പല്ലുകള്‍ കൂട്ടിയിടിക്കും. അപ്പോഴും മനസിലെ റെയ്സ്കോഴ്സില്‍ മമ്മൂട്ടി ഫിനിഷ് പോയിന്റിലേക്ക് കുതിക്കുകയായിരിക്കും...

No comments: