![]() |
തേന്‍മാവിന്‍ കൊമ്പത്ത് സിനിമയില്‍ ഖദീജ Add caption |
'തേന്‍മാവിന്‍കൊമ്പത്ത്'എന്നസിനിമയില്‍'മുത്തുഗൌ'വിന്റെ അര്‍ത്ഥം തപ്പി അലയുന്ന മാണിക്യനെ (മോഹന്‍ലാല്‍) കുനിച്ചു നിര്‍ത്തി ഇടിക്കുന്ന കാട്ടുവഴിയിലെ ജഗജില്ലി അമ്മൂമ്മയായിട്ടാണ് ചിറയ്ക്കല്‍ പറമ്പില്‍ ഖദീജ സിനിമയില്‍ ഒടുവില്‍ മലയാളികള്‍ക്ക് മുന്നിലെത്തിയത്.
'മുത്തുഗൌ' എന്ന് മാണിക്യന്‍ അമ്മൂമ്മയോട് പറയുന്നതും കഴുത്തില്‍ പിടിച്ച് മാണിക്യനെ അവര്‍ കുനിച്ച് നിര്‍ത്തുന്നതും കൈമുട്ട് ഊക്കില്‍ മുതുകിലേക്കിടുന്നതും മലയാളികള്‍ ഒരിക്കലും മറക്കാത്ത രംഗങ്ങളിലൊന്നാണ്. ഇടിക്കാന്‍ നേരം സംവിധായകന്‍ പ്രിയദര്‍ശന്‍ ഖദീജയോട് പറഞ്ഞു. "ചേച്ചീ, ലാലിനെ ശരിക്കും പെരുമാറിക്കോ...'' അതുകേട്ട് ലാലും ചെറുപുഞ്ചിരിയോടെ പറഞ്ഞു- "ചേച്ചീ സീന്‍ കലക്കട്ടെ, ശരിക്കും ഇടിച്ചോ, മടിക്കണ്ട...''. വടുതലയിലെ തന്റെ വാടക വീട്ടിലിരുന്ന് 71 വയസ്സുകാരിയായ ഖദീജ 17 കൊല്ലങ്ങള്‍ക്ക് മുമ്പിലെ ആ സീന്‍ ഓര്‍മ്മിച്ച് പറഞ്ഞു-"ലാലിന്റെ ഒക്കെ മുഖത്ത് നോക്കി എങ്ങനെയാ ഇടിക്കുന്നേ..ഞാന്‍ പറഞ്ഞു-ശരിക്കും ഇടിക്കുന്നത് പോലെ കാണിക്കാം ലാലേ, ഇടി കൊണ്ട പോലെ നിന്നാല്‍ മതിയല്ലോ...'. പക്ഷേ, 'തേന്‍മാവിന്‍ കൊമ്പിലെ' ആ രംഗം കാണുന്ന ആര്‍ക്കും അത് സിനിമയിലെ ഒരു സീനാണെന്ന് തോന്നില്ല. 'തേന്‍മാവിന്‍ കൊമ്പത്തിന്റെ ഹിന്ദി പതിപ്പായ 'സാത് രംഗ് കെ സപ്നെ'യിലായിരുന്നു ഖദീജ അവസാനമായി അഭിനയിച്ചത്. റോളും കഥാസന്ദര്‍ഭവും അതു തന്നെ. പക്ഷേ മോഹന്‍ലാലിന് പകരം മാണിക്യനായത് അരവിന്ദ് സ്വാമി. ലാലിനെ പോലെ കുനിയാനും കരയാനും ഒന്നും തന്നെ കിട്ടില്ല എന്ന ഭാവത്തില്‍ സ്വാമി നിന്നു. 'പിടിച്ച് കുനിച്ച് ഒരെണ്ണം കൊടുക്ക് ചേച്ചീ' എന്നായി പ്രിയന്റെ നിര്‍ദേശം. ഷൂട്ടിങ്ങ് തീര്‍ന്നപ്പോള്‍ സീന്‍ വേണ്ട പോലെ ഫലിച്ചില്ലെന്ന തോന്നല്‍ ഖദീജയ്ക്കുണ്ടായിരുന്നു 'അയാള്‍ നമ്മുടെ ലാലിനെ പോലെ ഫ്ളെക്സിബിള്‍ അല്ലലോ..' ഫ്ളെക്സിബിള്‍ ആയ അഭിനയശൈലിയാണ് ഖദീജയ്ക്ക് എന്നുമിഷ്ടം. മറുവശത്ത് നില്‍ക്കുന്നത് പ്രേം നസീറായാലും സത്യനായാലും കൊട്ടാരക്കരയായാലും അടൂര്‍ഭാസിയായാലും ഫ്ളെക്സിബിള്‍ ആയ അഭിനയം വഴി തന്റെ കടമ ഭംഗിയായി നിറവേറ്റാനാണ് ഖദീജ ഇഷ്ടപ്പെട്ടത്. ചുമയും, ശ്വാസം മുട്ടലും, വാര്‍ധക്യ രോഗങ്ങളും വലയ്ക്കുന്ന വര്‍ത്തമാന കാലത്തും ഫ്ളെക്സിബിള്‍ അഭിനയശൈലിയെ ഇവര്‍ ഇഷ്ടപ്പെടുന്നു. അമ്മയുടെ കൈനീട്ടമാണ് ഈ നടിയുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്.
പെരുമ്പാവൂരുകാരിയാണ് ഖദീജ. ചെറുപ്പം മുതല്‍ നൃത്തത്തോടും പാട്ടിനോടുമുള്ള അഭിനിവേശം ഏഴാംക്ളാസുകാരിയായ കൊച്ചുഖദീജയെ നാടകവേദിയിലെത്തിച്ചു. അമ്മ ഫാത്തിമ കോണ്‍ഗ്രസുകാരിയാണെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ടിക്കാരോട് വിശ്വാസമായിരുന്നു. പാര്‍ടിക്കാര്‍ നേതൃത്വം നല്‍കിയ നാടകങ്ങളിലായിരുന്നു ഖദീജ ആദ്യം അഭിനയിച്ചത്. പ്രതിഭാ ആര്‍ട്ട്സിന്റെയും മറ്റും നാടകങ്ങളില്‍ ഒരുപാട് അഭിനയിച്ചു. പി ജെ ആന്റണിയെയും ശങ്കരാടിയെയും വക്കച്ചനേയും പരിചയപ്പെടുന്നത് അവിടെ നിന്നാണ്. ഒരു ദിവസം കലൂര്‍ ആസാദ് ഹാളില്‍ നാടകം നടക്കുമ്പോള്‍ കൊച്ചിക്കാരനായ കച്ചവടക്കാരന്‍ മാത്യു ഖദീജയെ വേദിയില്‍ ഒന്നു കണ്ടു. പ്രഥമ ദൃഷ്ടിയില്‍ അനുരാഗം ജനിച്ച മാത്യു ഖദീജയുടെ പിറകേ നടന്നു. ഒടുവില്‍ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ ഭേദിച്ച് അവര്‍ വിവാഹിതരായി. ഖദീജ മേരി മാത്യുവായി ജ്ഞാനസ്നാനം ചെയ്തു. ആറ് മക്കള്‍ ജനിച്ച ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. ഇളയ കുഞ്ഞ് സോഫിയെയും ഒക്കത്തിരുത്തി തേവര പാലത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ പോയ സമയത്താണ് നടി മീന കൊച്ചിയിലെത്തിട്ടുണ്ടെന്ന വിവരം കേട്ടത്. അവസാനമായി അവരെ ഒന്നു കാണാം എന്ന് വിചാരിച്ച് ഹോട്ടലിലേക്ക് നടന്നു. "നീ എന്തിനാടീ മരിക്കുന്നേ..? നീ ഈ കുഞ്ഞിന് വേണ്ടി ജീവിക്കണം. സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ ചാന്‍സ് മേടിച്ച് തരാം'' എന്ന മീനയുടെ ഉറപ്പില്‍ 27ാം വയസില്‍ മാടത്തരുവി കൊലക്കേസ് (1967) സിനിമയില്‍ അഭിനയജീവിതം തുടങ്ങാന്‍ ഖദീജയെ സഹായിച്ചു. കാട്ടുകുരങ്ങ്, വാഴ്വേമായം, പരീക്ഷ, ആര്യങ്കാവ് കൊള്ളസംഘം, ഹലോ ഡാര്‍ലിങ്, ചന്ദനചോല, സ്വര്‍ണ്ണമീനുകള്‍, അസുരവിത്ത്, 'കള്ളിചെല്ലമ്മ' 'ചിത്രമേള', 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍''സത്യഭാമയ്ക്കൊരു പ്രേമലേഖനം' തുടങ്ങി 100ലധികം സിനിമകള്‍. വനിതാ സിഐഡി, കുശുമ്പിപ്പാറുമാര്‍, ആളും തരവും നോക്കാതെ ആര്‍ക്കിട്ടും രണ്ട് പൊട്ടിക്കാന്‍ മടികാണിക്കാത്ത കില്ലാഡികള്‍... സിനിമയിലെ ഖദീജയുടെ റോളുകള്‍ ഈ രീതിയില്‍ മാറി മറിഞ്ഞു.
![]() |
ഖദീജ |
നായകന്‍മാര്‍ക്ക് 10,000-12,000, നായികമാര്‍ക്ക് 8,000-9,000, പിന്‍നിര താരങ്ങള്‍ക്ക് 1,000-2,000 രൂപ കിട്ടുന്ന കാലം. ചുരുക്കം ചിലരൊഴിച്ച് നിര്‍മാതാക്കള്‍ പലരും നടിമാരെ പറ്റിക്കുന്നതില്‍ വിരുതന്‍മാര്‍. മൂന്നും നാലും മാസം കഷ്ടപ്പെട്ട് അഭിനയിക്കുന്ന പൈസയാണ് ഇവര്‍ മുക്കുന്നത്. ഡബ്ബിങ്ങ് കഴിഞ്ഞാല്‍ പൈസ തരാം എന്ന് പറയുന്നവര്‍ പിന്നീട് കണ്ടാല്‍ ആലുവാമണപ്പുറത്ത് കണ്ട പരിചയം കാണിക്കില്ല. അക്കാലത്ത് 400 രൂപയ്ക്ക് ബംഗ്ളാവ് പോലത്തെ വീട് മദ്രാസില്‍ കിട്ടും. ചാന്‍സ് ചോദിച്ച് അലഞ്ഞുതിരിഞ്ഞെത്തുന്ന പലര്‍ക്കും അഭയം നല്‍കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഖദീജ പറയുന്നു. എന്നാല്‍ കൈ പിടിച്ച് ഉയര്‍ത്തി വിട്ടവര്‍ പിന്നീട് കണ്ട ഭാവം നടിച്ചില്ലെന്ന് തെല്ലും സങ്കടമില്ലാതെ അവര്‍ കൂട്ടിചേര്‍ക്കുന്നു.
പക്ഷേ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. 'എടീ പെണ്ണേ എന്താടീ വിശേഷം..?'എന്ന സത്യന്‍ മാഷിന്റെ പതിവ് കുശലാന്വേഷണം ഓര്‍മയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു. ലഞ്ച്ബ്രേക്കിന് എല്ലാവരും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കും. കൊളസ്ട്രോള്‍ ആയതിനാല്‍ പ്രേം നസീറിന് വീട്ടില്‍ നിന്നും ഭക്ഷണം കൊടുത്തയക്കും. എന്നാലും 'ഒരു കഷ്ണം അങ്ങോട്ടിട്ട്, ഒരു പപ്പടം ഇങ്ങോട്ടിട്ട്' എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുമ്പോള്‍ നസീറും അതില്‍ പങ്ക് ചേരും. ബഹദൂറും അടൂര്‍ഭാസിയുമൊക്കെ സ്വന്തം ദുഖ:ങ്ങളെ ചിരിമുത്തുകളാക്കി മാറ്റും. മദ്രാസിലെ പ്രസിദ്ധമായ സ്വാമീസ് ലോഡ്ജിലായിരുന്നു സിനിമാക്കാരില്‍ മിക്കവരും താമസിച്ചിരുന്നത്. മധു ഒരു പെട്ടിയുമായി വന്ന് അഭിനയിച്ച് നാട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു പതിവ്.
ഷൂട്ടിങ്ങ് ഇല്ലാത്ത സമയത്ത് മലയാളത്തിന്റെ മര്‍ലിന്‍ മണ്‍റോ എന്ന് ഖ്യാതി നേടിയ വിജയശ്രീയുടെയും നടി ശ്രീലതയുടെയും കൂടെ കര്‍മ്മാരിയമ്മന്‍ കോവിലില്‍ പോവും. അതുമിതും പറഞ്ഞ് അവിടെയും ഇവിടെയും ചുറ്റിയടിക്കും. വശ്യ മനോഹരിയായ വിജയശ്രീയുടെ മരണം തന്നെ ഇപ്പോഴും നൊമ്പരപ്പെടുത്തുന്നുവെന്ന് ഖദീജ പറയും.
"അക്കാലത്തെ നായികമാരുടെ കൂടെ മിക്കവാറും ബന്ധുക്കളും അല്ലാത്തവരുമായി 10-15 ആള്‍ക്കാര്‍ കാണും. മിക്കവാറും പേര്‍ക്ക് കുടുംബ പ്രാരാബ്ധങ്ങള്‍ ഉണ്ടാവും. അനിയത്തിമാരെ കല്യാണം കഴിച്ച് അയക്കണം, സഹോദരങ്ങളെ പഠിപ്പിക്കണം, വയസ്സായ അച്ഛനമ്മമാര്‍ക്ക് ആശ്രയമാകണം. ഒടുവില്‍ അവര്‍ക്ക് സ്വന്തം ജീവിതം ജീവിക്കാന്‍ കഴിയാതെ വരും. എല്ലാം വിശ്വസിച്ച് ഏല്‍പ്പിക്കുന്നവര്‍ ചിലപ്പോള്‍ ക്രൂരമായി വഞ്ചിക്കും. ചിലര്‍ മനസമാധാനത്തിനായി, ഒരു രാത്രി എല്ലാം മറന്ന് ഒന്നുറുങ്ങാനായി മദ്യപിച്ച് തുടങ്ങും...പിന്നെ കൈക്കുമ്പിളിലെ വെള്ളം പോലെ ഒരു ജീവിതം ചോര്‍ന്നു പോവും''- ഖദീജ ഓര്‍ത്തെടുത്തു.
സീനിയര്‍ താരങ്ങളെ തകര്‍ത്ത് തരിപ്പണമാക്കി താന്‍ ഇന്ത്യയുടെ മുഴുവന്‍ അഭിമാനമാവുമെന്ന് ഒരു യുവതാരം മുന്നിലെ ടിവി സെറ്റില്‍ ആഞ്ഞടിക്കുകയായിരുന്നു അപ്പോള്‍. ടി വിയില്‍ നോക്കി ചെറു പുഞ്ചിരിയോടെ ഖദീജ പറഞ്ഞു- " സീനിയര്‍ താരങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരവും ബഹുമാനവും നല്‍കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. നസീര്‍ സാറൊക്കെ വരുമ്പോള്‍ ഞങ്ങള്‍ അറിയാതെ എഴുന്നേറ്റ് ഗുഡ്മോണിങ്ങൊക്കെ പറയും. എത്ര വലുതായാലും ഗുരുത്വം മറക്കരുത്, ആരും..''. ഖദീജ ഒരു കാലത്തിന്റെ പ്രതീകമാണ്. മദ്രാസ് മലയാളസിനിമയുടെ ഹോളിവുഡായിരുന്ന കാലത്തിന്റെ...പക്കാകൊമേഴ്സ്യല്‍ സിനിമയുടെ എല്ലാ ചേരുവകളും ആ കാലത്തിന്റെ പ്രത്യേകതയാണ്. സ്നേഹത്തിന്റെ നിലാവും കൊടിയ വഞ്ചനയുടെ നിഴല്‍ രൂപങ്ങളും അതിലുണ്ട്. പക്ഷേ സാക്ഷിയായിരിക്കുന്ന ഒരാള്‍ അറിഞ്ഞോ അറിയാതെയൊ എല്ലാത്തിലും പങ്കാളിയാവുന്നത് കൊണ്ട്- 'എല്ലാ സത്യങ്ങളും തുറന്നു പറയാനാവില്ല. അതു കൊണ്ട് ഒരാത്മ കഥ എഴുതാന്‍ കഴിയില്ല'- എന്ന് ഖദീജ തുറന്നു പറയുന്നു.
No comments:
Post a Comment