Thursday, December 15, 2011



കട കടന്ന് പടന്നച്ചിരി.....
"വയസെത്രയായി....?''- നട്ടുച്ചയ്ക്ക് തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലുള്ള കടയില്‍ കയറി സോഡ ചോദിച്ച യുവാവ് കടക്കാരന്‍ ഫ്രിഡ്ജില്‍ നിന്നും സോഡ എടുക്കുന്നതിനിടയില്‍ ഒരു ചോദ്യമെറിഞ്ഞു. 
സോഡ പൊട്ടിക്കുന്നതിനിടയില്‍ കണ്ണിറുക്കി ചെറുചിരിയോടെ കെടിഎസ് പടന്നയില്‍ പറഞ്ഞു-"ഈ മകരത്തില്‍ 36. മകരം വന്നില്ലേല്‍ അതുമില്ല...'' കൊച്ചുപടന്നയില്‍ തായി സുബ്രഹ്മണ്യന്‍ എന്ന കെടിഎസ് പടന്നയിലിന് ശരിക്കും വയസ് 76. "അതില്‍ 36 കൊല്ലവും നാടകമായിരുന്നുന്നെന്ന്''പടന്നയില്‍ തിരുത്തും. സിനിമയിലും നാടകത്തിലുമായി കെടിഎസ് പടന്നയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 54 വര്‍ഷം കഴിഞ്ഞു. 
'ഫിഗറില്ലാത്ത കാലം'
പഠിക്കാന്‍ മിടുക്കനായിരുന്നു താനെന്ന് കെടിഎസ് ഓര്‍ക്കുന്നു. എന്നിട്ടും 47ല്‍ അഞ്ചാംക്ളാസില്‍ പഠിക്കുമ്പോള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. "പരീക്ഷ എഴുതാന്‍ മൂന്നു രൂപ ഫീസ് കൊടുക്കണം. സാമ്പത്തിക പരാധീനതകള്‍ കാണിച്ച് അപേക്ഷ കൊടുത്തപ്പോള്‍ ഫീസ് ഒന്നര രൂപയായി. പക്ഷേ കൂലിപ്പണിക്കാരനായ അച്ഛന്‍ തായിക്ക് അതും ഒപ്പിക്കാന്‍ പറ്റിയില്ല''-പകുതി വഴിയില്‍ മുറിഞ്ഞ പഠനം ഇന്നും പടന്നയിലിന്റെ നെഞ്ചിലൊരു നോവാണ്. അത് വല്ലാത്ത കാലമായിരുന്നു. വീട്ടിലും നാട്ടിലും ഒന്നും തിന്നാനില്ലാത്ത അവസ്ഥ. പട്ടിണി മാറ്റാന്‍ ആള്‍ക്കാര്‍ അസമിലേക്കും കൊളമ്പിലേക്കും വണ്ടി കയറിയ കാലം. "കടലപിണ്ണാക്ക് ഇടിച്ച് പൊടിച്ച് ശര്‍ക്കരയും തേങ്ങാപൂളും ചെരണ്ടിയിട്ട് ഒരുണ്ടയാക്കി കഴിച്ച് വിശപ്പടക്കും. മൂന്നു ദിവസമൊക്കെ അടുപ്പിച്ച് പട്ടിണി കിടന്നിട്ടുണ്ട്. കരഞ്ഞ് വാശി പിടിച്ചപ്പോള്‍ അമ്മ മാണി കദളിവാഴയുടെ കട വെട്ടി ഉപ്പിട്ട് പുഴുങ്ങി തന്നിട്ടുണ്ട്. എന്ത് കഴിച്ചാലും അന്നൊക്കെ ദഹിക്കുമായിരുന്നു''- പടന്നയില്‍ പറഞ്ഞു. പട്ടിണി കിടക്കുമ്പോഴും നടനാകണം എന്ന വാശി ചെറുപ്പത്തിലേ മനസില്‍ മുള പൊട്ടിയിരുന്നു. അച്ഛന്‍ തായി കോല്‍കളി, ഉടുക്കുകൊട്ട്, ഓണക്കളി, തുടങ്ങി അക്കാലത്ത് നാട്ടില്‍ ഉണ്ടായിരുന്ന കലകളിലൊക്കെ 'സ്റ്റാറായിരുന്നു'. ഏഴു മക്കളില്‍ ആ പാരമ്പര്യം സുബ്രഹ്മണ്യനാണ്  കിട്ടിയത്. പക്ഷേ അഭിനയിക്കാന്‍ ചെന്നപ്പോള്‍ നാട്ടിലുള്ള നാടകസംവിധായകന്‍മാരൊക്കെ പറഞ്ഞു-"സുബ്രഹ്മണ്യന്‍ ഫിഗര്‍ പോരാ...''എന്ന്. പഴയ ഇന്ദ്രന്‍സിന്റെ പകുതിയായിരുന്നു അന്നത്തെ പടന്നയില്‍. നൂലു പോലെയാണ് ഇരിപ്പെങ്കിലും ആരുടെ മുന്നിലും തലകുനിക്കാന്‍ മനസനുവദിച്ചില്ല-"ഒരു റോളുണ്ടെന്ന് കേട്ടു. പറ്റുമെങ്കില്‍ എന്നെ അഭിനയിപ്പിക്കണം. ഇല്ലെങ്കില്‍ വേണ്ട''-നാടകത്തിനായാലും സിനിമയ്ക്കായാലും പടന്നയില്‍ ചാന്‍സ് ചോദിച്ചിട്ടുള്ളത് ഇങ്ങനെയാണ്. ആരും അഭിനയിപ്പിച്ചില്ല. അപ്പോള്‍ സ്വയം നാടകമെടുക്കാന്‍ തീരുമാനിച്ചു. കേരളപിറവിയോടനുബന്ധിച്ച് സ്വയം തിരനാടകമെഴുതി 57ല്‍ തൃപ്പൂണിത്തുറക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച 'കേരളപിറവി' എന്ന നാടകമാണ് കെടിഎസ് പടന്നയിലിന്റെ ആദ്യ നാടകം. 
'അരങ്ങിലെ പടന്നയില്‍' 
"എന്റെ ഒപ്പം അഭിനയിക്കുന്നവരൊക്കെ ഫസ്റ്റ്ബെല്‍ അടിക്കുമ്പോഴേ അരക്കുപ്പി പൊട്ടിച്ച് വായിലൊഴിക്കും. തട്ടിലേക്ക്കയറാന്‍ ധൈര്യമുണ്ടാക്കാനാണ് അടിക്കുന്നത്. പക്ഷേ മദ്യപിച്ച് തട്ടിലേക്ക് കയറാന്‍ എനിക്ക് വല്യ പേടിയാണ്. സദസില്‍ 1000 പേരുണ്ടെങ്കില്‍ 2000 കണ്ണുകളും നമ്മുടെ മുഖത്തേക്ക് കൂര്‍പ്പിച്ച് നോക്കിയിരിപ്പാവും. ഒരു ചെറിയ ചലനം പാളിയാല്‍ മതി ആ കഥാപാത്രം ഓട്ടയാവും''-അഭിനയത്തെ കുറിച്ച് പടന്നയിലിന്റെ ദര്‍ശനമിതാണ്.ചങ്ങനാശിേ ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങല്‍ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളില്‍ സഹകരിച്ച പടന്നയില്‍ 80 ലധികം സിനിമകളില്‍ അഭിനയിച്ചെങ്കിലും വിലമതിക്കുന്നത് അരങ്ങിലെ കാലമാണ്. 
"ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്ന് നാടകം കാണുന്നവര്‍ക്ക് തോന്നും. സിനിമയില്‍ ചെമ്പരത്തിപ്പൂവിനെ ചങ്കാക്കാന്‍ ഒരുപാട് വിദ്യകളുണ്ട്''-അദ്ദേഹം വിലയിരുത്തുന്നു. ഒരു സീസണില്‍ 300ഉും 400ഉും നാടകങ്ങള്‍ വരെ കളിച്ചിട്ടുണ്ട്. നാടകം കളിക്കുന്നവര്‍ക്ക് പെണ്ണു കിട്ടാത്ത കാലമാണ്. ഒരുപാട് പ്രശ്നങ്ങള്‍ക്ക് ശേഷമാണ് പള്ളുരുത്തിക്കാരി രമണിയെ വിവാഹം കഴിക്കുന്നത്. തൃപ്പൂണിത്തുറയില്‍ കണ്ണംകുളങ്ങര ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലുള്ള മുറുക്കാന്‍കട തുടങ്ങിയത് നാടകത്തില്‍ സജീവമായിരുന്ന സമയത്താണ്. പടന്നയിലിനും രമണിയ്ക്കും ശ്യാം, സ്വപ്ന, സനല്‍, സാജന്‍ എന്നിങ്ങനെ നാലു മക്കള്‍. 
വെള്ളിത്തിരയും വെപ്പുപല്ലും...
രാജസേനന്റെ 'അനിയന്‍ബാവ ചേട്ടന്‍ബാവ'യാണ് ആദ്യം പുറത്തിറങ്ങിയ സിനിമ. നാലുതലമുറകളുടെ അധിപനായ ഒരു മുതുമുത്തശ്ശന്‍. ജയറാമിന് വേണ്ടി പെണ്ണുകാണാന്‍ ചെല്ലുന്ന സീനില്‍ "എന്റെ മകനാണിവന്‍, ഇവന്റെ മകനാണവന്‍''എന്നു തുടങ്ങുന്ന ഡയലോഗ് ഹിറ്റായി. തുടര്‍ന്ന് രാജസേനന്റെ തന്നെ 'ആദ്യത്തെ കണ്‍മണി', 'ദില്ലിവാല രാജകുമാരന്‍', 'കഥാനായകന്‍'തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. ഇടയ്ക്ക് കൂടുതല്‍ ശ്രദ്ധേയമായ കോമഡി സന്ദര്‍ഭങ്ങള്‍ കിട്ടാനായി തനിയ്ക്ക് വെപ്പുപല്ലാണെന്ന് സംവിധായകരോട് പറഞ്ഞതും തുടര്‍ന്ന് എല്ലാ സിനിമകളിലും വെപ്പു പല്ല് ഊരേണ്ടി വന്നതും ഓര്‍ത്ത് പടന്നയില്‍ ചിരിച്ചു. "സിനിമയില്‍ അങ്ങനെയാണ് ഒരു ട്രാക്കില്‍ വീണാല്‍ പിന്നെ അങ്ങനെ പോകേണ്ടി വരും''. 
എന്നും പുലര്‍ച്ചെ നാലിന് പടന്നയിലിന്റെ കട തുറക്കും. സോഡ പൊട്ടിക്കുന്നതിനും മുറുക്കാന്‍ കൊടുക്കുന്നതിനും പൈസ വാങ്ങി പെട്ടിയിലിടുന്നതിനും എല്ലാം പടന്നയിലിന് ഒരു സ്റ്റൈലുണ്ട്. ചിലര്‍ മൊബൈലില്‍ കെടിഎസിന്റെ ഫോട്ടോ എടുക്കും. മക്കളെ കൊണ്ട് 'ഷേയ്ക്ക്ഹാന്‍ഡ്' കൊടുപ്പിക്കും. 
"നാടകത്തില്‍ നിന്നും എന്തുണ്ടാക്കിയെന്ന് ഇന്നാള്‍ ഒരു കൂട്ടുകാരന്‍ ചോദിച്ചു-"ഞാന്‍ അലമാരയില്‍ നിന്നും അഞ്ച് ആധാരമെടുത്ത് ടീപ്പോയിലിട്ടു. വീടും പറമ്പും ഈ കടയും എല്ലാം ഞാന്‍ ഉണ്ടാക്കിയത് അഭിനയിച്ചാണ്. പക്ഷേ ആവോളം കഷ്ടപ്പെട്ടിട്ടുണ്ട് എല്ലാത്തിനും..''ചെറുചിരിയോടെ പടന്നയില്‍ പറഞ്ഞുനിര്‍ത്തി. 

No comments: