Friday, December 16, 2011

'പവനായി 916'
"ലുക്ക് മിസ്റ്റര്‍, ഐ ആം നോട്ട് എ അലവലാതി. ഐ  ആം പവനായി. എ റിയല്‍ പ്രൊഫഷണല്‍ കില്ലര്‍''- നാടോടിക്കാറ്റ് എന്ന സിനിമയില്‍ പവനായി പറഞ്ഞ ഡയലോഗുകള്‍ ഇപ്പോഴും മലയാളികള്‍ മറന്നിട്ടില്ലെന്ന് ക്യാപ്റ്റന്‍ രാജു പറയുന്നു.
ദാസനും വിജയനും കാരണം മാനം നഷ്ടപ്പെട്ട വടക്കാഞ്ചേരിക്കാരനായ ആ പാവം പ്രൊഫഷണല്‍ കില്ലറെ മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ക്യാപ്റ്റന്‍. 'പവനായി 916' എന്ന് പേരിട്ട ചിത്രത്തിന്റെ തിരക്കഥയെല്ലാം പൂര്‍ത്തിയായെന്ന് ക്യാപ്റ്റന്‍ രാജു. മലയാളികള്‍ക്ക് ഇപ്പോഴും പവനായി എന്ന് കേട്ടാല്‍ ഒരു ചെറു ചിരി വിടരും. 'മല പോലെ വന്നത് എലി പോലെ പോയെന്ന' ശൈലിയ്ക്ക് പകരം 'അങ്ങനെ പവനായിയും ശവമായി' എന്ന ഒരൊറ്റ വാക്യം പറഞ്ഞും ചിലപ്പോള്‍ പ്രേക്ഷകര്‍ ക്യാപ്റ്റനോടുള്ള സ്നേഹം പ്രകടിപ്പിക്കും.
"എവിടെ പോയാലും ജനങ്ങള്‍ 'രാജുവേട്ടാ' എന്നും കുട്ടികള്‍ 'പവനായീ' എന്നും നീട്ടി വിളിക്കും. പട്ടാളത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇപ്പോള്‍ ലെഫ്റ്റനന്റ് ജനറല്‍ എങ്കിലുമായേനെ.പക്ഷേ  ലെഫ്റ്റനന്റ് ജനറലാണെന്ന് വിചാരിച്ച് കലാകാരന് നല്‍കുന്ന സ്നേഹവും ബഹുമാനവും നാട്ടുകാര്‍ നല്‍കുമോ?''- പാടിവട്ടത്തെ ഫ്ളാറ്റിലിരുന്ന് ഗാംഭീര്യമാര്‍ന്ന സ്വരത്തില്‍ ക്യാപ്റ്റന്‍ ചോദിക്കുന്നു. പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി രാജു ഡാനിയേല്‍ എന്ന ക്യാപ്റ്റന്‍രാജു ഏഴു കൊല്ലമായി കൊച്ചിയിലാണ് താമസം. കൊച്ചി താമസിക്കാന്‍ രസമുള്ള സ്ഥലമാണെന്നാണ് ക്യാപ്റ്റന്റെ അഭിപ്രായം.
'എന്ത് ആവശ്യത്തിനാണ് രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധങ്ങള്‍ നടക്കുന്നത്?'- എന്ന ചോദ്യം മന:സാക്ഷിയോട് ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ് സൈന്യം വിട്ടതെന്ന് ക്യാപ്റ്റന്‍ സൂചിപ്പിച്ചു.
കുട്ടിക്കാലത്ത് പത്തനംതിട്ട വേണുഗോപാല്‍ ടാക്കീസിലിരുന്ന്  കണ്ട സിനിമകള്‍ നടനാകണമെന്ന ആഗ്രഹം കൊച്ചുരാജുവിന്റെ ഉള്ളില്‍ ഉണര്‍ത്തി. മകനെ ഡോക്ടറാക്കണമെന്നായിരുന്നു സ്കൂള്‍ അദ്ധ്യാപകരായ മാതാപിതാക്കളുടെ ആഗ്രഹം.അത് പ്രകാരം ഡിഗ്രി സുവോളജിയ്ക്ക് ചേര്‍ന്നെങ്കിലും മികച്ച വിജയം കൈവരിക്കാനായില്ല. തുടര്‍ന്നാണ് സൈന്യത്തിലേക്ക് അപേക്ഷിച്ചത്. മിലിട്ടറി സര്‍വ്വീസ് വിട്ട ശേഷം സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക്.ജോഷിയുടെ 'രക്തം' ആയിരുന്നു ആദ്യ ചിത്രം. പിന്നീട് നീണ്ട 32 വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ ഇംഗ്ളീഷുള്‍പ്പടെ വിവിധ ഭാഷകളിലായി 500 ലേറെ സിനിമകള്‍.
"മലയാളസിനിമയുടെ നായകസങ്കല്‍പ്പത്തിന് അനുയോജ്യമായ  രൂപമല്ല എനിക്കുള്ളത്. ഇത്രയും ഉയരമുള്ള നായകന്‍മാരെ മലയാളികള്‍ക്ക് സങ്കല്‍പ്പിക്കാനാവില്ല.അവര്‍ക്ക് ഇടത്തരം തടിമിടുക്കുള്ള നായകന്‍മാരെ മതി. പിന്നെ എനിക്ക് നായികമാരെ കണ്ടെത്താനും പ്രയാസമായിരുന്നു. സ്റ്റൂളിലൊക്കെ കയറ്റി നിര്‍ത്തി ഉയരമൊപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. പിന്നെ ഒരോരുത്തര്‍ക്കും ഒരോ കഴിവുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍''- സൌന്ദര്യവും ആകാരസൌഷ്ഠവും ഒത്തിണങ്ങിയിട്ടും നായകകഥാപാത്രങ്ങളെ തേടിയെത്താത്തതിനുള്ള കാരണം ക്യാപ്റ്റന്‍ ചൂണ്ടികാട്ടി.
നായകനായില്ലെങ്കിലും നായകനോടൊപ്പമോ അതിലുമേറെയൊ പ്രേക്ഷകള്‍ ഇഷ്ടപ്പെട്ട ഒരുപാട് കഥാപാത്രങ്ങള്‍ ക്യാപ്റ്റന്റെ പേരിലുണ്ട്. സിബിമലയില്‍ സംവിധാനം ചെയ്ത 'ഓഗസ്റ്റ്-1' എന്ന സിനിമയില്‍ ആയുധത്തേക്കാള്‍ മൂര്‍ച്ചയും ലക്ഷ്യബോധവുമുള്ള പ്രതിനായകന്‍, ആവനാഴി'യിലെ സുന്ദരനായ വില്ലന്‍ സത്യരാജ്,  'ഗൌരവഭാവം ഒരുറുക്ക് കെട്ട് പോലെ കൊണ്ട് നടന്ന് ശീലിച്ച' ഒരു വടക്കന്‍ വീരഗാഥയിലെ  അരിങ്ങോടര്‍, നാടോടിക്കാറ്റില്‍ മലപ്പുറം കത്തിയും അമ്പുവില്ലും ഗൂര്‍ഖാകത്തിയും പെട്ടിയിലിട്ട് വിജയനേയും ദാസനെയും കൊല്ലാനെത്തിയ പവനായി, 'സിഐഡി മൂസയിലെ' സിഐഡി കരംചന്ദ്....ക്യാപ്റ്റന്‍ ചരിത്രമാക്കിയ കഥാപാത്രങ്ങള്‍ നിരവധി.
"പഴശിരാജയിലെ ഉണ്ണിമുത്തയായി വേഷമിട്ട് എംടി സാര്‍ ഇരുന്ന മുറിയ്ക്കുള്ളിലേക്ക് ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ സന്തോഷം എനിക്ക് മറക്കാനാകില്ല. ആ കഥാപാത്രത്തിന് വേണ്ടി എഴുതി വെച്ചതെല്ലാം എന്നില്‍ കണ്ടതിന്റെ സന്തോഷമായിരുന്നു അത്. അരിങ്ങോടരെ കുറിച്ച് എന്നെ കാണുമ്പോഴെല്ലാം സംസാരിക്കാറുണ്ട്. നന്നായി അഭിനയിച്ചാല്‍ ആരും കാണാതെ പുറകിലെത്തി തോളിലൊരു തട്ട് തട്ടി പോകുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ആ തട്ട് എനിക്ക് ദേശീയ അവാര്‍ഡിനേക്കാള്‍ വിലപ്പെട്ടതാണ്''- നടനെന്ന നിലയില്‍ മനസിന് സന്തോഷം തോന്നിയ ചില മുഹൂര്‍ത്തങ്ങള്‍ ക്യാപ്റ്റന്‍ ഓര്‍മ്മിച്ചെടുത്തു.
"സിനിമ സാമ്പാര്‍ പോലെയാണ്. പല തരത്തിലുള്ള ആളുകള്‍ എവിടെ നിന്നെക്കെയൊ എത്തി പ്രവര്‍ത്തിക്കുന്ന മേഖല. അവിടെ വാശിയും വൈരാഗ്യവും മനസില്‍ സൂക്ഷിക്കുന്നവരുണ്ട്. സ്വന്തം കാര്യം നോക്കി സ്ഥലം വിടുന്നവരുണ്ട്. ജീവിതമൂല്യങ്ങള്‍ക്ക് ഒരു പ്രാധാന്യവും നല്‍കാതെ കുട്ടികളി നടത്തുന്നവരുണ്ട്, നല്ല സംസ്കാരത്തോടെ പെരുമാറുന്നവരുമുണ്ട്. ഇവര്‍ക്കൊന്നും നല്ല രീതിയില്‍ പെരുമാറാനുള്ള പരിശീലനം നല്‍കാന്‍ താരസംഘടനയായ അമ്മയ്ക്ക് പോലും സാധിക്കില്ല.''- മലയാളസിനിമയെ തളര്‍ത്തുന്ന പ്രശ്നങ്ങളെ കുറിച്ച് ക്യാപ്റ്റന്റെ കാഴ്ച്ചപാടിതാണ്.
ജീവിതത്തില്‍ അമ്മയാണ് തന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളതെന്ന് ക്യാപ്റ്റന്‍ പറയുന്നു. "കഴിക്കുമ്പോള്‍ ഒരു വറ്റ് ചോറ് പാത്രത്തിന് വെളിയില്‍ പോയാല്‍ അമ്മ എന്നെ തല്ലും. നീ കോടീശ്വരന്റെ മകനല്ലെന്നും കളയാന്‍ ഇവിടെ ചോറില്ലെന്നും പറയും''- സ്കൂള്‍ ടീച്ചറായിരുന്ന അമ്മ അന്നമ്മ പഠിപ്പിച്ച ചിട്ടയും മര്യാദയും മരണം വരെ കൈവിടാനാവില്ലെന്നും ക്യാപ്റ്റന്‍ പറഞ്ഞു.
97ല്‍ 'ഇതാ ഒരു സ്നേഹഗാഥ' എന്ന ചിത്രത്തിലൂടെ ക്യാപ്റ്റന്‍ സംവിധാനരംഗത്തും മികവറിയിച്ചു.ദക്ഷിണേന്ത്യയില്‍ ഇപ്പോള്‍ 18 കോടി രൂപ വാങ്ങുന്ന നടന്‍ വിക്രമിനും സൂപ്പര്‍ നായികയായിരുന്ന ലൈലയ്ക്കും അവസരം നല്‍കാന്‍ കഴിഞ്ഞതാണ് ആ സിനിമയുടെ പ്രത്യേകതയെന്ന് ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തു. സൌമ്യനായ വീട്ടുകാരന്റെ റോളില്‍ ജീവിതത്തിലും തിളങ്ങുന്ന ക്യാപ്റ്റന്റെ സഹധര്‍മ്മിണി പ്രമിളയാണ്.ഏക മകന്‍ രവിരാജ് കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്നു.
എംടി തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന 'രണ്ടാമൂഴം' എന്ന ചിത്രത്തില്‍ തനിക്ക് ഒരു മികച്ച വേഷമുണ്ടാകുമെന്നാണ് ക്യാപ്റ്റന്റെ പ്രതീക്ഷ. "രണ്ടാമൂഴം പോലുള്ള ചിത്രത്തില്‍ ഒരു മികച്ച കഥാപാത്രത്തെ കിട്ടിയാല്‍ പിന്നെ കുറേ വര്‍ഷത്തേക്ക് ആളുകള്‍ ക്യാപ്റ്റന്‍ രാജുവിനെ ഓര്‍ക്കുന്നത് അതിന്റെ പേരിലാകും.പിന്നെ അടുത്ത വേഷം വരും.''- ക്യാപ്റ്റന്‍ ജീവിതത്തിലും സിനിമയിലുമുള്ള തന്റെ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ക്യാപ്റ്റന്‍ സംഭാഷണം അവസാനിപ്പിച്ചു.

No comments: