Monday, December 12, 2011

ജോണ്‍സണ്‍, ഒരോര്‍മ്മ തന്‍ ക്രൂരമാം സൌഹൃദം.....

ജോണ്‍സണ്‍, ഒരോര്‍മ്മ തന്‍ ക്രൂരമാം സൌഹൃദം.....

  • മുറ്റത്ത് ഷട്ടില്‍ കളിക്കുമ്പോഴാണ് എനിക്ക് ആദ്യം തോന്നിയത്. എന്തോ ചെറിയ മാറ്റം എന്നില്‍ ഉണ്ടായിട്ടുണ്ടെന്ന്. ഷോട്ടുകള്‍ ഒന്നും വിചാരിച്ച രീതിയില്‍ ഏശുന്നില്ല. കുറെ എളുപ്പമുള്ള ടേക്കുകള്‍ ഒക്കെ മിസ് ആവുകയും ചെയ്തു''- വിളിച്ചാല്‍ വിളിച്ച ഇടത്ത് ഈണങ്ങളെ എത്തിക്കുന്ന അനശ്വര സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഒടുവില്‍ കണ്ടപ്പോള്‍ ജീവിതത്തിലെ ഒരിരുണ്ട കാലഘട്ടം ഓര്‍ത്തെടുത്തു.
  • എറണാകുളത്തെ ഹോട്ടല്‍ കൊച്ചിന്‍ ടവറിലായിരുന്നു കൂടിക്കാഴ്ച്ച. ഡിസംബര്‍ മാസം. ക്രിസ്മസിനോടനുബന്ധിച്ച് ഇറക്കുന്ന പുതിയ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ റിലീസിനായി എത്തിയതായിരുന്നു അദ്ദേഹം. ട്രേഡ് മാര്‍ക്കായ കറുത്ത ടീഷര്‍ട്ടും, കള്ളി ലുങ്കിയും ധരിച്ച് കട്ടിലില്‍ ചമ്രം പടിഞ്ഞിരുന്ന് നിഴലും നിലാവും ഇടകലര്‍ന്ന ആ കാലഘട്ടം അദ്ദേഹം ഓര്‍ത്തെടുത്തു. സംഗീതലോകത്ത് നിന്ന് നിര്‍ബന്ധിത അവധിയെടുത്ത് മനസ്സില്‍ വിടര്‍ന്ന ഈണങ്ങള്‍ പുറംലോകത്തിന് പകര്‍ന്ന് കൊടുക്കാന്‍ അശക്തനായി സ്വയം ഉള്ളില്‍ ഒതുങ്ങിയ വര്‍ഷങ്ങള്‍. അപ്പോഴും ധൈര്യം കൈവിടാതെ ജോണ്‍സണ്‍ ഗിത്താര്‍ തന്റെ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരുന്നു. എന്റെ മുന്നിലിരിക്കുമ്പോഴും അദ്ദേഹം ഗിറ്റാര്‍ നെഞ്ചോട് ചേര്‍ത്തിരുന്നു. "പവിഴം പോല്‍ പവിഴാധരം പോല്‍...''ജോണ്‍സണ്‍ മൂളി.
  • സത്യന്‍ അന്തിക്കാടിന്റെ 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' (2002) സംഗീതസംവിധാനം നിര്‍വഹിച്ച ശേഷം സംഗീതത്തില്‍ നിന്നും ജോണ്‍സണ്‍ സ്വയം ഇടവേളയെടുക്കുകയായിരുന്നു. "ഇടവേള സ്വയം സൃഷ്ടിച്ചതായിരുന്നു. കാര്യങ്ങള്‍ ശരിയല്ലെന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ട നാളുകള് -ജോണ്‍സണ്‍ തന്നെ ആ കാലം ഇങ്ങനെ ഓര്‍മ്മിച്ചു.  ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന ഒരപകടത്തില്‍ നിന്നും മനസ്സിനേയും ശരീരത്തിനെയും ബദ്ധപ്പെട്ട് കരകയറ്റിയപ്പോള്‍ സംഭവിച്ചതാകാം അതെന്ന ബോധ്യവും ജോണ്‍സണുണ്ട്. ചിട്ടപ്പെടുത്തിയ 'മ്യൂസിക്ക് നോട്ടുക' ളില്‍ ഏതോ ചിലത് തിരുത്താനാവാത്ത വിധം തെറ്റിയത് പോലുള്ള ഒരനുഭവമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ട്രെയിന്‍യാത്രയ്ക്കിടയില്‍ കംപാര്‍ട്ട്മെന്റില്‍ നിന്നും പുറത്തേക്ക് വീണ് ജോണ്‍സണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ഏതോ വീടിന്റെ ഉമ്മറത്ത് വീണ് കിടന്ന ജോണ്‍സണെ തിരിച്ചറിഞ്ഞ ചിലര്‍ അദ്ദേഹത്തിന് വെള്ളം കൊടുത്തു. ആശുപത്രിയിലെത്തിച്ചു.
  • ഷട്ടില്‍ കളികള്‍ക്കിടയിലെ തോല്‍വികള്‍ക്കിടയില്‍ നിന്ന് ചെന്നൈയിലെ വീടിന്റെ ഉള്ളറകളിലേക്കും മനസ്സിന്റെ ഇരുട്ടറകളിലേക്കും ചേക്കേറിയ ജോണ്‍സണ് സ്വന്തം പാട്ടുകള്‍ പോലും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. "യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ എനിക്ക് തീരെ വയ്യ. തലയ്ക്കുള്ളില്‍ വല്ലാത്ത പെരുപ്പ്. എവിടെ നിന്നെക്കെയൊ ചെവി തുളയ്ക്കുന്ന ഒച്ച കേട്ടു. സത്യന്‍ നിര്‍ബന്ധിച്ച് എങ്ങനെയൊക്കെയൊ ചെയ്തു തീര്‍ത്തെന്ന് പറഞ്ഞാല്‍ മതി''- ജോണ്‍സണ്‍ കൂട്ടിചേര്‍ക്കുന്നു. 27 ഗുളികകള്‍ വരെ കഴിച്ചിരുന്ന കാലമായിരുന്നു അത്. തുടര്‍ച്ചയായ ചികിത്സകളെല്ലാം തീര്‍ന്നപ്പോഴേക്കും മനസ്സിലെ മൌനത്തിന് കനം വെച്ചു. ഒഎന്‍വിയുടെ വരികളില്‍ ജോണ്‍സണ്‍ തന്നെ ചിട്ടപ്പെടുത്തിയ സമുദ്രത്തിന്റെ ആഴമുള്ള സ്വരത്തില്‍ യേശുദാസ് പാടിയ- 'എന്റെ മണ്‍ വീണയില്‍ കൂടണയാനൊരു മൌനം പറന്നു പറന്നു വന്നു...' എന്ന പാട്ട് അക്ഷരാര്‍ത്ഥത്തില്‍ അറംപറ്റുകയായിരുന്നു. വോയ്സ് ഓഫ് ട്രിച്ചൂര്‍ സംഗീതലോകത്തിന് സമ്മാനിച്ച ആ രുദ്രവീണയിലും മൌനം കൂടുകെട്ടി.
  • ദേവരാജന്‍ മാസ്റ്ററുടെ  പ്രിയപ്പെട്ട ശിഷ്യനായിരുന്നു ജോണ്‍സണ്‍. ഓര്‍ക്കസ്ട്ര കണ്‍ഡക്റ്റിങ്ങില്‍ ദേവരാജന്‍ കഴിഞ്ഞാല്‍ പിന്നെ തലയെടുപ്പുള്ളത് ജോണ്‍സണാണെന്ന് തിരക്കഥാകൃത്ത് ജോണ്‍പോള്‍ ഓര്‍ക്കുന്നു. ദക്ഷിണേന്ത്യന്‍ സംഗീതവസന്തമായിരുന്ന ഇളയരാജയും അന്ന് ദേവരാജന്റെ ശിഷ്യനായിരുന്നു. "റെക്കോഡിങ്ങിന്റെ ഇടവേളയില്‍ ജോണ്‍സണ്‍ ഒരു സന്ദര്‍ഭം പറയും. ഇളയരാജ അതിന് ചേര്‍ന്ന പശ്ചാത്തല സംഗീതം വയലിനിലോ ഗിറ്റാറിലോ വായിക്കും. തിരിച്ച് ഇളയരാജ പറയുന്ന സന്ദര്‍ഭത്തിന് ജോണ്‍സണ്‍ ചേര്‍ന്ന സംഗീതമൊരുക്കും. ഇതെല്ലാം നോക്കി ഒരു ചെറുപുഞ്ചിരിയോടെ ദേവരാജന്‍ മാസ്റ്റര്‍ ഇരിക്കുന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്''- ജോണ്‍പോള്‍ പറഞ്ഞു.
  • പിന്നീട് രഞ്ജന്‍ പ്രമോദ് ആദ്യമായി സംവിധാനം ചെയ്ത ഫോട്ടോഗ്രാഫര്‍' (2006) എന്ന ചിത്രത്തിലാണ് ജോണ്‍സണ്‍ മടങ്ങി വന്നത്. രഞ്ജന്റെ പിടിവാശിയാണ് തന്നെ മടക്കികൊണ്ടുവന്നതെന്ന് ജോണ്‍സണ്‍ പറഞ്ഞു. വര്‍ഷം ഇരുപതും മുപ്പതും പാട്ടുകള്‍ക്ക് ഈണമിട്ട ജോണ്‍സണെ സംബന്ധിച്ചിടത്തോളം ഇത് വല്ലാത്തൊരു അനുഭവമായിരുന്നു. മലയാളികള്‍ക്ക്് നഷ്ടമായതാവട്ടെ ഒരുപിടി നല്ല ഗാനങ്ങളും.
  • സിനിമയുടെ പശ്ചാത്തല സംഗീതം ജോണ്‍സണ്‍ തന്നെ നിര്‍വഹിക്കണമെന്ന് സിനിമാസംവിധായകര്‍ വാശിപിടിച്ചിരുന്ന കാലമുണ്ടായിരുന്നു. ജോണ്‍സണ്‍ സംഗീതമിട്ടാല്‍ മാത്രം പോര. 'തൂവാനതുമ്പികള്‍', 'നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ സംഗീതമാണ് ആവശ്യം."പത്മരാജന്റെയും ഭരതന്റെയും സിനിമകള്‍ക്ക് ആ സംഗീതം നല്‍കിയെങ്കില്‍ അത് അവ അര്‍ഹിക്കുന്നതായിരുന്നു. അതുപോലുള്ള കഥാസന്ദര്‍ഭങ്ങള്‍ തന്നാല്‍ ആ സംഗീതം തരാം''- ജോണ്‍സണ്‍ അവരോട് തുറന്നടിച്ചു. പശ്ചാത്തല സംഗീതത്തില്‍ ജോണ്‍സണ്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് സമാനതകളില്ല. ഒരു ചിത്രത്തിന്റെ റീ-റെക്കോര്‍ഡിങ്ങ് വേള. ഒരു പഴയ കായികതാരം ട്രാക്കിലെ തന്റെ വിജയകാലം ഓര്‍മ്മിച്ചെടുക്കുന്ന സീന്‍. ഓര്‍ക്കെസ്ട്ര റെഡി. കുറച്ച് നേരം ട്യൂണുകള്‍ ആലോചിച ജോണ്‍സണ്‍ എല്ലാവരോടും ഉപകരണങ്ങള്‍ താഴെ വെക്കാന്‍ പറഞ്ഞു. "എല്ലാവരും സ്ക്രീനില്‍ നോക്കിയേ, എന്നിട്ട് നന്നായി ഒന്ന് കൈയ്യടിച്ചേ.....'' അതായിരുന്നു റീ-റെക്കോര്‍ഡിങ്ങിലെ ജോണ്‍സണ്‍ സ്റ്റെല്‍.ആ രംഗത്തിന് ഏറ്റവും അനുയോജ്യം നല്ലൊരു കൈയ്യടിയാണെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് ജോണ്‍സണെ ജോണ്‍സണാക്കിയത്. പൊന്തന്‍മാടയിലെ വെസ്റ്റേണ്‍ കോമ്പസിഷന്‍ മുക്തകണ്ഠ പ്രശംസ നേടിയതും ഓര്‍ക്കുന്നു.
  • ഗായകന്റെ 'തൊണ്ട പിഴിഞ്ഞ്' പാട്ടുകള്‍ ഹിറ്റാക്കുന്നതില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ ജോണ്‍സണ്‍ ആരെയാണ് മനസില്‍ ഉദ്ദേശിച്ചതെന്ന് ആര്‍ക്കും മനസിലാവും.കവിതകള്‍ക്ക് വലിയ വില നല്‍കിയിരുന്നു അദ്ദേഹം. ധിക്കാരിയെന്ന് ചിലര്‍ പറഞ്ഞപ്പോഴും സ്വന്തം പ്രതിഭയില്‍ ആത്മ വിശ്വാസമുള്ളവന്റെ ധിക്കാരമായി അത് കണക്കാക്കിയാല്‍ മതിയെന്ന് ജോണ്‍സണ്‍ പറയും. അതേ സമയം തന്റെ സംഗീതത്തിന് ഗുണകരമായ ഏതൊരു നിര്‍ദേശവും ഇരു കൈയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. 'കിരീടം' സിനിമയിലെ ഏക്കാലത്തെയും മികച്ച ഹിറ്റായ 'കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി' എന്ന ഗാനം ചടുലതാളത്തില്‍ ഒരു നാടോടി ഗാനമെന്ന നിലയിലാണ് ആദ്യം ചിട്ടപ്പെടുത്തിയത്. എന്നാല്‍ ഈണം കേട്ട ലോഹിതദാസാണ് 'അതിന്റെ വേഗമൊന്ന് കുറച്ചേ' എന്ന നിര്‍ദേശം നല്‍കിയത്. കിരീടത്തിലെ സേതുമാധവന്റെ മുറിഞ്ഞ മനസ്സിന്റെ ആഴമറിഞ്ഞ ഗാനം പിറന്നതങ്ങനെയാണ്. സന്തൂറിന്റെ നേര്‍ത്ത ശ്രുതിയില്‍ നിന്നാണ് 'കണ്ണീര്‍പൂവ്' തുടങ്ങുന്നത്. സന്തൂര്‍ ജോണ്‍സണ് പ്രിയപ്പെട്ട സംഗീതോപകരണമായിരുന്നു. ആ ശ്രുതി പോലെ നേര്‍ത്ത് നേര്‍ത്തലിഞ്ഞ് പോയി വീണ്ടും പുനര്‍ജ്ജനിക്കുന്ന  ഹൃദ്യമായ ഈണമായി ജോണ്‍സണ്‍ ഇന്നും നമ്മോടൊപ്പമുണ്ട്.....

No comments: