Saturday, December 24, 2011

ഉണ്ണിക്കുട്ടന്റെക്രിസ്മസ്.....
മദ്യപിച്ചിലേലും ഉണ്ണിക്കുട്ടനെ അമ്മയ്ക്ക് വലിയ സംശയമാണ്. കൂട്ടുകാരുടെ കൂടെ പുറത്തൊന്ന് കറങ്ങി വന്നാലോ,ചുറ്റിയടിച്ച് വൈകി വീട്ടില്‍ വന്നു കയറിയാലോ അമ്മ ഒരു ഷെര്‍ലക്ക് ഹോംസ് ചിരിയോടെ മുറിയില്‍ എല്ലാം ഒന്ന് കണ്ണോടിച്ച്, മൂക്കെല്ലാം നന്നായി വിടര്‍ത്തി ഒന്ന് ചുറ്റിയടിച്ച് പോകും. ഉണ്ണാന്‍ വന്ന് വിളിക്കുമ്പോഴും ഈ പുകിലാണ്. പണ്ട് അച്ഛന്‍ റൌണ്ടടിച്ച് മടങ്ങി വരുമ്പോള്‍ ഈ പുകിലുണ്ടായിരുന്നു.
പിന്നെ...കൊലപാതകം നടത്തി ചോര പുരണ്ട കത്തിയും കൊണ്ട് പൊലീസ് സ്റ്റേഷനില്‍ ബുദ്ധിയുള്ള ആരെങ്കിലും ചെന്ന് കീഴടങ്ങുമോ...? ഇത്തരം ലോജിക്കൊന്നും അമ്മയെന്ന ഷെര്‍ലക്ക് ഹോംസിനില്ലലോ എന്ന് ക്രിസ്മസ് രാത്രി മദ്യപിച്ച് മദോന്‍മത്തനായി ഒന്നുരണ്ട് വാളുകള്‍ ചുഴറ്റി വീശി അയല്‍പക്കത്തെ പൂച്ചകളുടെ നിലവിളി ശബ്ദം ആസ്വദിച്ച് കൊച്ചിയിലെ കൊതുകുകളുടെ തന്തയ്ക്ക് വിളിച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ഉണ്ണിക്കുട്ടന്‍ നിരീച്ചു. അച്ഛന് വീട്ടില്‍ നിന്നിറങ്ങിയാല്‍ വീട്ടിലേക്ക് മടങ്ങാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. മൊബൈല്‍ ഫോണൊന്നുമില്ലെങ്കിലും ഈ കുടുംബം എന്ന സെറ്റപ്പിന്റെ ആകെത്തുക ഇങ്ങനെ ചിലതൊക്കെയാണല്ലോ...അത് കൊണ്ട് തന്നെയാണ് ഉണ്ണിക്കുട്ടന്‍ വിവാഹം വേണ്ടെന്ന് വെച്ചത്. മകന്റെ മകന് എന്റെ മുത്തച്ഛന്‍ ഒരു ക്രോണിക്ക് ബാച്ചിലര്‍ ആയിരുന്നു എന്ന് പറയാനുള്ള സൌകര്യവും ഭാവിയില്‍ കൈവരുമായിരിക്കും.
മദ്യപിക്കുന്നവരെല്ലാം അരാജകവാദികളാണെന്ന അഭിപ്രായമൊന്നും ഉണ്ണിക്കുട്ടനില്ല. മദ്യപിക്കുന്നത് അരാജകവാദിയാവാനുമല്ല. ചില മദ്യപാനികള്‍ അരാജകവാദികളും കൂടിയായിരുന്നു എന്ന് കണ്ടെത്തിയ ചിലരാണ് അരാജകവാദികളെല്ലാം മദ്യപാനികളാണെന്നും മദ്യപാനികളെല്ലാം അരാജകവാദികളാണെന്നുമുള്ള തത്ത്വം പടച്ചുണ്ടാക്കിയത്. ഈ സാമാന്യവല്‍ക്കരണത്തിന്റെ ഒക്കെ കുഴപ്പം അതാണ്. ജോണ്‍ എബ്രഹാമാണ് ഇതിന്റെ റോള്‍ മോഡല്‍. ജോണ്‍ മരിച്ച് മണ്ണടിഞ്ഞതിന് ശേഷം എല്ലാവരും ജോണിന്റെ കൂട്ടുകാരാണ്.
"ഞാനും ജോണും എടാ പോടാ ബന്ധമായിരുന്നു. ജോണ്‍ പലപ്പോഴും ഇവിടെ കേറി വരും. നാലുകാലിലായിരിക്കും വരവ്. പിന്നെയും കാശ് ചോദിക്കും. ഞാന്‍ കൊടുക്കും. രാവിലെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍-ദേ മുറ്റത്ത് ശവം മാതിരി കെടക്കുന്നു. ഞാനെടുത്ത് മുറിയിലിട്ടു. കൊറച്ച് കഴിഞ്ഞപ്പം ചാടി എഴുന്നേറ്റ് എനിക്ക് വെശക്കുന്നേ എന്നൊരു കരച്ചില്‍. ഞാന്‍ മത്തിയും ബ്രെഡും വാങ്ങി കൊടുത്തു''-പലരും പറഞ്ഞ അതേ ടോണില്‍ ഉണ്ണിക്കുട്ടന്‍ താനും ജോണ്‍ ഏബ്രഹാമുമായുള്ള ബന്ധം ഓര്‍ത്തെടുത്തു.
ഉണ്ണിക്കുട്ടന്‍ അത്ര വലിയ മദ്യപാനിയൊന്നുമല്ല. എന്നാല്‍ തരം കിട്ടിയാല്‍ (ഓസിന് കിട്ടിയാല്‍ പറയണ്ട കേട്ടോ) നല്ലോണം താങ്ങും. വാളു വെക്കാതെ മദ്യപാനരാത്രി പുലര്‍ന്നാല്‍ അതിലും വലിയ സായൂജ്യമില്ല. ഒരു നാലെണ്ണമൊക്കെ വിട്ട് കിട്ടിയ ഇടത്ത് മലര്‍ന്നടിച്ച് കിടന്നാല്‍ അന്തരീക്ഷത്തില്‍ ഒരു ഊഞ്ഞാല്‍ കിടക്ക തയാറാവുന്നത് ഉണ്ണിക്കുട്ടന്‍ അറിയും. അതില്‍ കിടന്ന് അങ്ങനെ താളത്തില്‍...തഞ്ചത്തില്‍...അങ്ങനെ ആടുമ്പോള്‍...അതാണല്ലോ... ആ...ആ... ഒരു രസം....ഈ ആട്ടത്തിന്റെ വേഗം കൂടുമ്പോഴാണ് വാളു വെക്കാന്‍ തോന്നുക(എന്നാണ് ഉണ്ണിക്കുട്ടന്റെ പക്ഷം).
മദ്യപിച്ചാല്‍ പിന്നെ ഉണ്ണിക്കുട്ടന് ഏറ്റവും പേടിയുള്ളത് സ്വന്തം നാക്കിനെയല്ല, പോക്കറ്റില്‍ കിടക്കുന്ന മൊബൈല്‍ ഫോണിനെയാണ്. എത്ര മദ്യപിച്ചാലും എന്തെങ്കിലുമൊക്കെ കുരുത്തക്കേട് ലക്ഷണംകെട്ട ഭാഷയില്‍ ടൈപ്പ് ചെയ്ത് എസ്എംഎസ് അയച്ച് കഴിഞ്ഞതില്‍ പിന്നെയാണ് ഉണ്ണിക്കുട്ടന്‍ കൈ നെറുകുംതലയില്‍ വെച്ച് "ഈശ്വരാ ഈ കൈവിട്ട എസ്എംഎസ്...''-എന്നൊക്കെ പറഞ്ഞ് കുറച്ച് നേരം സ്റ്റിലായി നില്‍ക്കുക പതിവാണ്.
ബാറിലിരുന്ന് മദ്യപിക്കുകയാണ് ഉണ്ണിക്കുട്ടന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. അരണ്ടവെളിച്ചവും എസിയുടെ കുളിരും മുന്നിലെ ടിവിയില്‍ കളിക്കുന്ന ഐഡിയ സ്റ്റാര്‍ സിങ്ങര്‍ രഞ്ജിനി ഹരിദാസുമൊക്കെ അപ്പോള്‍ ഉണ്ണിക്കുട്ടന് പെരുത്ത് ഇഷ്ടമാണ് (ഈ ഒരു നേരമൊഴിച്ച് എപ്പോ ഇവളെ ടിവിയില്‍ കണ്ടാലും കാലിന്റെ അറ്റത്ത് ഒരു തരിപ്പ് കയറുന്നതും കലി പാടുപെട്ട് അടക്കുന്നതിന്റെയും പാട് ഉണ്ണിക്കുട്ടനറിയാം.)
അങ്ങനെ ഒരു നാലഞ്ചെണ്ണം പിടിപ്പിച്ച് പുറത്തിറങ്ങി ദീപാലംകൃതമായ നഗരത്തെ നോക്കി 'നഗരമേ....നിന്റെ വൈദ്യുതാലിംഗനം' എന്ന് മനസില്‍ പാടി പുകയൂതി വിടുമ്പോള്‍...."ഈശ്വരാ ഈ ആനന്ദം നീ നാളേയും ഉണ്ടാക്കണേ...''-എന്നൊരറ്റ പ്രാര്‍ത്ഥനയില്‍ അവന്റെ ജന്‍മം അലിയും.
പിന്നെ പുലര്‍ച്ചെ ഒരു മൂന്ന് മൂന്നരയാവുമ്പോള്‍ കഴുത്തില്‍ ആരോ പോക്കി പിടിച്ചാലെന്ന പോലെ ഞെട്ടി എഴുന്നേല്‍ക്കുമ്പോള്‍ ഒരു കടല്‍ കുടിക്കാനുള്ള ദാഹം...കട്ടിലിന്റെ ചോട്ടില്‍ നിന്ന് കുപ്പി വലിച്ചെടുത്ത് വെള്ളം കുടിച്ച് തീര്‍ക്കുന്നതോടെ ദര്‍ബാരി രാഗത്തില്‍ ഒരലക്ക് അലക്കിയതിന്റെ ആനന്ദം.....എല്ലാവര്‍ക്കും ഉണ്ണിക്കുട്ടന്റെ ക്രിസ്മസ് ആശംസകള്‍.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം, പുകവലി ആരോഗ്യത്തിന് ഹാനികരം

No comments: