Sunday, December 11, 2011

പാടാനോര്‍ത്തൊരു മധുര ഗാനം...........

പാടാനോര്‍ത്തൊരു മധുര ഗാനം...........
സ്വാതന്ത്രത്തിന് മുമ്പ് കൊല്‍ക്കത്തയില്‍ ഹിന്ദു-മുസ്ലീം കലാപം പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിച്ച നാളുകള്‍. കൊല്‍ക്കത്തയിലെ ഏതോ തെരുവില്‍ ഒരുനാള്‍ കലാപനാളങ്ങള്‍ അണയ്ക്കാന്‍ ഗാന്ധിജിയും രംഗത്തെത്തി. പരസ്പരവിദ്വേഷത്തിന്റെ മുറിവുണക്കാന്‍ മുസല്‍മാന്റെയും ഹിന്ദുവിന്റേയും വീട്ടില്‍ തങ്ങി ഉപവാസവും പ്രാര്‍ത്ഥനയും നടത്താനായിരുന്നു മഹാത്മാവിന്റെ തീരുമാനം. സംഘര്‍ഷം മുറ്റിയ അന്തരീക്ഷത്തില്‍ പച്ചയൂണിഫോമും തലപ്പാവുമണിഞ്ഞ് കൈയ്യില്‍ തോക്കേന്തി ആ ദിനം ഗാന്ധിയുടെ പ്രാര്‍ത്ഥനാലയമായ ഒരു മുസല്‍മാന്റെ വീടിനു വെളിയില്‍ കാവല്‍ നിന്ന പട്ടാളക്കാരുടെ കൂട്ടത്തില്‍ കോട്ടയം നാഗമ്പടത്ത് കുന്നേല്‍ ജോസഫുമുണ്ടായിരുന്നു.
യുദ്ധത്തിന് ശേഷം പട്ടാളം വിട്ട ജോസഫ്  കോട്ടയത്ത് സ്വന്തംനാടകട്രൂപ്പ് തുടങ്ങി. നാടകങ്ങളില്‍ നായകനായും ഗായകനായും തിളങ്ങി.  1952ല്‍ എറണാകുളം അരവിന്ദ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച 'പ്രേമലേഖ' എന്ന ചിത്രത്തിലൂടെ ജോസഫ് സിനിമാഭിനയത്തിന് ഹരിശ്രീ കുറിച്ചു.  'ശരിയോ തെറ്റോ' എന്ന ചിത്രത്തില്‍ പാടി അഭിനയിക്കാനുള്ള അവസരവും ലഭിച്ചു. ചിത്ത്രിന്റെ ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍ പേര് വെക്കാനുള്ള സമയമായപ്പോള്‍  ഒത്തിരി സിനിമാതാരങ്ങള്‍ക്ക് ഭാഗ്യനാമമിട്ട തിക്കുറുശി പറഞ്ഞു. 'റെക്കോര്‍ഡില്‍ ജോസഫ് എന്ന് വേണ്ട, ജോസ്പ്രകാശ് എന്നായിക്കോട്ടെ'. 1925 ഏപ്രില്‍ 14ന് കോട്ടയത്ത് മുന്‍സിഫ് കോടതി ഉദ്യോഗസ്ഥനായ കെ ജെ ജോസഫിനും ഭാര്യ ഏലിയാമ്മയ്ക്കും പിറന്ന ജോസഫ് എന്ന ബേബി  ജോസ്പ്രകാശ് എന്ന പേരില്‍ സിനിമയിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെട്ടു. 'ബേബി ശ്രീ പത്മനാഭന്റെ പത്ത് ചക്രം വാങ്ങണമെന്ന'  പിതാവ് കെ ജെ ജോസഫിന്റെ ആശ ഒരുനാളും നിറവേറിയില്ല. മലയാളസിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാവാനായിരുന്നു നിയോഗം.
ഫോര്‍ത്ത് ഫോറത്തില്‍ പഠിക്കുന്ന കാലത്താണ് ജോസഫ് നാടു വിട്ട് പട്ടാളത്തില്‍ ചേരുന്നത്. പാതി രാത്രി  വീട്ടില്‍ നിന്ന് മുങ്ങി കിലോമീറ്ററുകള്‍ നടന്ന് സിനിമയും നാടകവും കാണാന്‍ പോകുന്ന പതിവ് ബേബിക്കുണ്ടായിരുന്നു. അച്ഛന്‍ കൈയ്യോടെ പിടിച്ചപ്പോള്‍ ഉണ്ടായ കൊടുങ്കാറ്റിന് ശേഷമാണ് നാടു വിടാന്‍ തീരുമാനമെടുത്തത്. വെള്ളക്കാരുടെ കീഴില്‍  റോയല്‍ ഇന്ത്യന്‍ ആര്‍മി സര്‍വ്വീസ് കോറില്‍ ചേര്‍ന്നതിന് ശേഷം ഫിറോസ്പൂരിലെ മണിപ്പൂരി ക്യാമ്പിലായിരുന്നു ആദ്യ നിയമനം. ഒരുച്ചയ്ക്ക് ട്രഞ്ചില്‍ നിന്നും ക്യാമ്പിലേക്ക് മടങ്ങിയ  ജോസഫ് തന്റെ പണവും വസ്ത്രങ്ങളുമെല്ലാം ആരോ അടിച്ചുമാറ്റിയതായി കണ്ട് ഞെട്ടിത്തരിച്ചു.ജീവിതത്തില്‍ പൊട്ടികരഞ്ഞ ആദ്യ സന്ദര്‍ഭമായി 86ാമത്തെ വയസില്‍ ജോസ്പ്രകാശ് ഓര്‍ത്തെടുക്കുന്നത് ഈ മുഹൂര്‍ത്തമാണ്. ചില്ലറ നേരനുഭവങ്ങള്‍ക്കും ഒരുപാട് ദുരിതങ്ങള്‍ക്കും ശേഷം 1949ല്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞ് നാട്ടിലെത്തി. കോട്ടയത്ത് കുടുംബക്കാര്‍ നടത്തിയിരുന്ന തേയിലകച്ചവടം ഏറ്റെടുത്തു. എറണാകുളത്തും ചെറിയ രീതിയില്‍ തുണി കച്ചവടം നടത്തി. കുറച്ചു കാലം എറണാകുളത്ത് ഫിലിം റെപ്രസന്റേററ്റീവിന്റെ വേഷവും  ജോസ്പ്രകാശ് കെട്ടിയിരുന്നു. തമിഴ്പടങ്ങളുടെ പെട്ടിയും തലയിലേറ്റി തുച്ഛമായ വരുമാനത്തില്‍ ജീവിച്ചപ്പോഴും കൊട്ടകകളിലെ വെളിച്ചവും ആര്‍പ്പുവിളികളും ജീവിക്കാന്‍ പ്രചോദനമായി.
ജോസഫിന്റെ മനസ്സിലെ നാടകാഭിനിവേശം മാത്രം കെട്ടടങ്ങിയില്ല. 1954ല്‍ മണര്‍ക്കാട് കുഞ്ഞിന്റെ പാലാഐക്യകേരള നടന കലാസമിതിയുമായി ചേര്‍ന്ന് സഹകരിച്ചു. കമ്യൂണിസ്റ്റുകാരുടെ കൂടെ ചേരണ്ടെന്ന് പറഞ്ഞ് കെപിഎസിയിലേക്കുള്ള ക്ഷണം അച്ഛന്‍ തട്ടി തെറിപ്പിച്ചതായിരുന്നു കാരണം.  1956ല്‍ കോട്ടയത്ത് നാഷണല്‍ തിയറ്റേഴ്സ് എന്ന പുത്തന്‍ നാടകകമ്പനി തുടങ്ങി. നാഷണല്‍ തിയ്യറ്റേഴ്സ് കുറേ നല്ല നാടകങ്ങള്‍ അവതരിപ്പിച്ചു. 'സാത്താന്‍ ഉറങ്ങുന്നില്ല','പൊലീസ്സ്റ്റേഷന്‍', 'ഫ്ളോറി' എല്ലാത്തിലും നായകനായി . നായകനായപ്പോള്‍ കുറേ പാട്ടുകളും പാടി.  ഇതിനിടയില്‍ ചില സിനിമകളില്‍ തലകാണിച്ചു. മെറിലാന്‍ഡിന്റെ  സ്നാപകയോഹന്നാനില്‍ അഭിനയിച്ചതോടെയാണ് ഈ തൊഴില്‍ കൊണ്ട് പത്ത് ചക്രമുണ്ടാക്കാമെന്ന വിശ്വാസമുണ്ടായത്. 22ാമത്തെ സിനിമയായ കൊട്ടാരക്കര നിര്‍മിച്ച 'ലൌ ഇന്‍ കേരള' ജോസ്പ്രകാശിന്റെ അഭിനയജീവിതത്തിലെ നാഴികകല്ലായി. ചിത്രത്തിലെ 'സില്‍വര്‍ ഹെഡ് ' എന്ന വില്ലന്‍  മലയാള സിനിമയിലെ പ്രതിനായക സങ്കല്‍പ്പത്തിനുള്ള  ദിശാസൂചിയായി. തല മൊട്ടയടിച്ച് വെള്ളിനിറത്തിലുള്ള പെയിന്റടിച്ച് സില്‍വര്‍ഹെഡാകാന്‍ ജോസ്പ്രകാശ് മടി കാണിച്ചില്ല.
കൂളിങ് ഗ്ളാസും, വാക്കിങ് സ്റ്റിക്കും പുകചുരുളുയരുന്ന ഹുക്കയും കോട്ടുംസ്യൂട്ടും ധരിച്ച് താളത്തില്‍ നിരവധിതവണ മലയാള സിനിമയുടെ സ്റ്റെയര്‍കെയ്സുകളിറങ്ങി ജോസ്പ്രകാശ് താരമായി. ജീവിതത്തിലെ തിരക്കേറിയ 27 വര്‍ഷം മദ്രാസിലെ സ്വാമീസ് ലോഡ്ജിലെ വിവിധ മുറികളിലായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ആത്മമിത്രങ്ങളായി. ഓണവും വിഷുവും ക്രിസ്മസും ഒന്നിച്ചാഘോഷിച്ചു. സ്വാമീസില്‍ ആഘോഷമില്ലാത്ത ദിവസങ്ങളിലും നിറഞ്ഞ സന്തോഷമായിരുന്നെന്ന് ജോസ് പ്രകാശ് ഓര്‍മിക്കുന്നു. പ്രേം നസീറുമായുള്ള സൌഹൃദനിമിഷങ്ങളാണ് ഏറ്റവും വിലമതിക്കുന്നത്.
"വെള്ളിത്തിരയില്‍ പ്രേംനസീര്‍ എന്നെ ഇടിച്ചുമറിക്കുമ്പോള്‍ സ്ത്രീകളടക്കമുള്ള കാണികള്‍ 'ഇടിയവനെ..കൊല്ലവനെ..'  എന്നൊക്കെ  ആര്‍പ്പുവിളിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മലക്കംമറിഞ്ഞും തെറിച്ചുവീണും വില്ലന് പരിക്ക് പറ്റുമ്പോള്‍ കൊട്ടകയെ പ്രകമ്പനം കൊള്ളിച്ച് കൈയ്യടികളുയരും. വില്ലനാണെങ്കിലും ഞാന്‍ നല്ലവനാണെന്ന് നസീറിനറിയാമായിരുന്നു. സിനിമാക്കാര്‍ക്കും അറിയാമായിരുന്നു. പക്ഷേ സാധാരണക്കാര്‍ എന്തറിഞ്ഞു..? അവരുടെ പ്രതികരണം കണ്ട് ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു.''-86 ന്റെ രോഗശയ്യയില്‍ ജോസ്പ്രകാശ് പറഞ്ഞു.
പാടിയ പാട്ടുകള്‍ കേട്ട നാള്‍ മുതല്‍ തന്നെ പ്രേം നസീര്‍ ജോസ്പ്രകാശിന്റെ ആരാധകനായിരുന്നു. അളിയാ പാട്ട് നന്നായി' എന്നായിരുന്നു ആദ്യം കണ്ടപ്പോള്‍ നസീറിന്റെ സ്നേഹം നിറഞ്ഞ പ്രതികരണം. നസീറിന്റെ മരണം വരെ തുടര്‍ന്ന അതുല്യബന്ധത്തിന്റെ തുടക്കമായിരുന്നു അത്.  അഭിനയിച്ച സിനിമകള്‍ പൊളിഞ്ഞാല്‍ നിര്‍മാതാവിന് സൌജന്യമായി അടുത്തചിത്രത്തിനുള്ള ഡേറ്റ് നല്‍കുന്ന സൂപ്പര്‍സ്റ്റാറായിരുന്നു പ്രേം നസീര്‍. "ബാങ്കുകളില്‍ നിന്ന് പണമില്ലാതെ മടങ്ങുന്ന ചെക്കുകളുടെ പേരില്‍ പാപ്പരായ നിര്‍മാതാക്കളെ കോടതിവരാന്ത കയറ്റാത്ത നടന്‍മാരായിരുന്നു ഞങ്ങള്‍. ഒരാള്‍ നായകനും മറ്റൊരാള്‍ വില്ലനും...''- തിരിച്ചറിയപ്പെടാത്ത നന്‍മയുടെ വേദന ജോസ്പ്രകാശിന്റെ വാക്കുകളില്‍ നിറഞ്ഞു.
350 ലേറെ ചിത്രങ്ങളില്‍ വില്ലനായും വികാരിയച്ചനായും പൊലീസ്സൂപ്രണ്ടായും മുത്തച്ഛനായും നിറഞ്ഞാടിയ ശേഷമായിരുന്നു വിധിയുടെ നിര്‍ദയാക്രമണം.  2003ല്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ സീരിയലിന്റെ റെക്കോര്‍ഡിങ്ങിനായി പോയപ്പോഴാണ് കാല്‍തെറ്റി വീണത്. തുടയെല്ല് പൊട്ടിയതോടെ ഒരു കാല്‍ മുറിച്ചു മാറ്റി. കാലത്തിന്റെ മുറിവുകള്‍ മനസ്സിലും പ്രമേഹം ഉണക്കാത്ത മുറിവുകള്‍ ശരീരത്തിലും പേറിയാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. കാഴ്ച്ച ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടമായി. ഇയര്‍ഫോണിലൂടെ കേള്‍ക്കുന്ന റേഡിയോ സംഗീതമാണ് ഏകകൂട്ട്. 2010ല്‍ അനുജന്‍ പ്രേംപ്രകാശിന്റെ മക്കളായ ബോബിയും സഞ്ജയും തിരക്കഥയെഴുതിയ ട്രാഫിക്കില്‍ ഡോക്ടറുടെ വേഷമിട്ടു. ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ സൈമണ്‍ ഡിസൂസയുടെ വേഷമാണ് ട്രാഫിക്കില്‍ അവതരിപ്പിച്ചത്. ചിത്രം റിലീസായപ്പോള്‍ ഒറ്റ സീനില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും ജോസ്പ്രകാശിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സിനിമാ നിര്‍മാണ രംഗത്തും ജോസ്പ്രകാശിന്റെ പേര് സജീവമായി. പ്രകാശ് മൂവി ടോണ്‍ എന്നായിരുന്നു ബാനറിന്റെ പേര്. കുറച്ച് നല്ല ചിത്രങ്ങള്‍ നിര്‍മിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യവുമുണ്ട്.
മുറിവേറ്റ ഒരു ഗായകന്‍ ജോസ്പ്രകാശിന്റെ മനസ്സില്‍ എന്നുമുണ്ട്. ആരും കേള്‍ക്കാത്ത  വിഷാദഗാനങ്ങളുടെ പ്രപഞ്ചം നെഞ്ചിലുണ്ട്. "ഗായകനാവായിരുന്നു ഓര്‍മ വെച്ചപ്പോള്‍  മുതല്‍ ആശിച്ചത്. പാട്ട് പഠിക്കാത്തവന്‍ എങ്ങനെയാ പാട്ടുകാരനാവുന്നത്?. ജി കെ പിള്ളയും പറവൂര്‍ ഭരതനും ഞാനും മാത്രമാണ് പഴയ തലമുറയില്‍ ശേഷിക്കുന്നത്. ഒരുപാട് നല്ല ഓര്‍മകള്‍ മാത്രമാണ് കൂട്ടിനുള്ളത്''- ജോസ്പ്രകാശ് പറഞ്ഞു നിര്‍ത്തി.

No comments: