Saturday, December 3, 2011

നിശാശലഭങ്ങളുടെ സ്വപ്നാടനം


നിശാശലഭങ്ങളുടെ സ്വപ്നാടനം
എം അഖില്‍
മാരിയോ വര്‍ഗാസ് യോസ എഴുതുന്ന കാലത്ത് ജീവിച്ചിരിക്കുന്നത് ഭാഗ്യമാണെന്ന് യോസയുടെ വായനക്കാര്‍ക്കറിയാം. രചനയുടെ പരമോന്നതപുരസ്ക്കാരം തേടിയെത്തുന്നതിനും എത്രയോ മുമ്പ് ആസ്വാദകര്‍ തീര്‍പ്പു കല്‍പ്പിച്ച വസ്തുതയാണത്. മാര്‍ക്വേസിന് ശേഷം ലാറ്റിനമേരിക്കന്‍ തീരത്തേക്ക് നൊബേല്‍ എത്തുമ്പോള്‍ വിസ്മയമില്ല, ലോകത്തിലെ മികച്ച കഥ പറച്ചിലുകാരനെ ആദരിക്കുന്നത് സ്വീഡിഷ് അക്കാദമിയ്ക്കും അലങ്കാരമാവും. ബോര്‍ഹെസിനും കാഫ്കയ്ക്കും നല്‍കാത്ത നൊബേല്‍ സമ്മാനം ചെറുതായതായി യോസ പറഞ്ഞിരുന്നു. ലോര്‍ക്ക പാടിയ ലോഹത്തിന്റേയും ഏകാന്തതയുടേയും നാടായ പെറുവിന്റെ സ്വന്തം യോസയ്ക്ക് നല്‍കിയിലെങ്കില്‍ വിശിഷ്ട പുരസ്ക്കാരം പിന്നേയും ചെറുതാകുമായിരുന്നു.
ബോര്‍ഹെസില്‍ നിന്നാണ് യോസയുടേയും തുടക്കം. ഗ്രന്ഥശാലയില്‍ ബോര്‍ഹെസ്-ആഖ്യാനത്തിന്റെ രാവണന്‍കോട്ടകള്‍ കയറിയിറങ്ങി യോസ പറഞ്ഞു."അത്ഭുതകരമായിരുന്നു ബോര്‍ഹെസില്‍ നിന്നുണ്ടായ പരിണാമം. ഗുരുനാഥനായി കണ്ട സാര്‍ത്രില്‍ നിന്നും മോചിപ്പിക്കപ്പെട്ട ഞാന്‍ അഗമ്യഗമനത്തിന്റെ ആനന്ദത്തിലേക്ക് ആത്മാവറിയാതെ നടന്നടുത്തു''.
ചരിത്ര-വര്‍ത്തമാനങ്ങളുടെ സഹശയനങ്ങളാണ് യോസയുടെ എല്ലാ നോവലുകളും. മറ്റാര്‍ക്കും സ്വപ്നം കാണാന്‍ കഴിയാത്ത കാമനകളുടെ ലോകത്തിലേക്ക് യോസയുടെ വരികള്‍ സ്വപ്നാടനം നടത്തുന്നു. ' എഴുതുമ്പോള്‍ കാമുകന്റെ വിരലില്‍ പതിഞ്ഞ മഷിയാണ് ഞാനെന്നും, നീയാകുന്ന തിരയിലെ പതയാണ് ഞാനെന്നും, നിന്റെ സൂര്യരശ്മികളേറ്റ് ചാഞ്ചാടുന്ന സൂര്യകാന്തിയാണ് ഞാനെന്നും' (ഡോണ്‍ റിഗോബര്‍ട്ടോയുടെ നോട്ടുപുസ്തകങ്ങള്‍) പറയുന്ന കാമിനിയില്‍ കലയുടെ ആത്മാവിലേക്ക് ലയിക്കുന്ന യോസയുടെ കുറുകലുകളാണ് കേള്‍ക്കുന്നത്. ലിമാ സൈനികസ്കൂളിലെ നെറികേടുകള്‍ ചൂണ്ടി കാണിച്ച 'ടൈം ഓഫ് ദി ഹീറോ' എന്ന നോവലായിരുന്നു യോസയുടെ ആദ്യ സൃഷ്ടി. ഡൊമിനിക്കന്‍ റിപ്ളബ്ബിക്കിലെ ട്രുജില്ലോയുടെ പതനം വിവരിക്കുന്ന 'ആടിന്റെ വിരുന്നി'ല്‍ ഭൂമിയിലെ സമഗ്രാധിപത്യങ്ങളുടെയും വര്‍ണ്ണം കലൈഡോസ്കോപ്പിലെന്ന പോലെ യോസ കാണിച്ചുതന്നു. മാര്‍ക്വേസിന്റെ 'ഏകാധിപതിയുടെ ശരത്ക്കാലം' മിഗുവല്‍ എഞ്ചല്‍ അസ്തുറിയാസിന്റെ 'പ്രസിഡന്റ്' എന്നീ നോവലുകള്‍ക്കൊപ്പമാണ് ലോകസാഹിത്യത്തില്‍ 'ആടിന്റെ വിരുന്നി'ന് സ്ഥാനം.ആത്മകഥനത്തിന്റെ പൂനിലാവായി പെയ്തിറങ്ങിയ 'ആന്റ് ജൂലിയാ ആന്‍ഡ് ദി സ്ക്രിപ്റ്റ് റൈറ്റര്‍', 'ഗ്രീന്‍ഹൌസ'്, 'കോണ്‍വര്‍സേഷന്‍ ഇന്‍ ദി കത്തീഡ്രല്‍' 'ദി വാര്‍ ഓഫ് ദി എന്‍ഡ് ഓഫ് ദി വേള്‍ഡ്'പ്രണയത്തിന്റെ സൊണാറ്റയെന്ന് വിശേഷിപ്പിക്കുന്ന ഒടുവിലിറങ്ങിയ 'ബാഡ്ഗേള്‍' ഓര്‍മ്മ കുറിപ്പായ 'ഫിഷ് ഇന്‍ ദി വാട്ടര്‍ 'എന്നീ സൃഷ്ടികള്‍ അനുഭവങ്ങളും സ്വപ്നങ്ങളും ഭാവനയും ശുദ്ധീകരിച്ച് നല്‍കിയ സര്‍ഗസംഭാവനകളാണ്. എത്ര കരുത്തോടെ അടിച്ചമര്‍ത്തിയാലും ആത്മാവില്‍ മുളപൊട്ടി പൂമരമായി വളരുന്ന സ്വാന്ത്രാഭിലാഷം സൃഷ്ടികള്‍ക്ക് ഉള്‍കരുത്ത് പകരുന്നു.
ജീവിതാസക്തിയുടെ വനസ്ഥലികളെയാണ് വിഖ്യാതമായ 'രണ്ടാനമ്മയ്ക്ക് സ്തുതി', 'ഡോണ്‍റിഗോബര്‍ട്ടോയുടെ നോട്ടുപുസ്തകങ്ങള്‍', 'ആന്‍ഡീസിലെ മരണം' എന്നീ നോവലുകളിലൂടെ യോസ അനാവരണം ചെയ്യ്തത്. ഭൂതകാല സന്ദര്‍ഭങ്ങളും വര്‍ത്തമാന ദിനസരിയും ചടുലമായി കൂട്ടിയിണക്കുന്നതാണ് ആഖ്യാനശൈലിയുടെ സവിശേഷത. സിനിമയിലെ 'ഡിസോള്‍വ്' സങ്കേതത്തിലെന്ന പോലെ ഒരു സീനിന്റെ നിഴല്‍ അലിഞ്ഞില്ലാതാവുമ്പോള്‍ പുതിയൊരു രംഗത്തിന് ജന്‍മം കൊടുത്തും, നിശാശലഭങ്ങളെ പോലെ പറന്നുയരുന്ന ഉപമകളും രൂപകങ്ങളും കൊണ്ട് മൈക്രോഓവന്‍ പോലെ വായനക്കാരനെ ക്രമേണ ചൂടുപിടിപ്പിച്ചും, ദൈവത്തിന്റെ മുഖമുള്ള പിശാചുകള്‍ക്ക് സ്തുതിഗീതങ്ങള്‍ പാടിയും, കറുത്തഫലിതത്തിന്റെ ശവകച്ചയില്‍ പൊതിഞ്ഞ ദുരന്തങ്ങളെ അണിനിരത്തിയും, യോസ വായനക്കാരനെ ഭ്രമിപ്പിക്കുന്നു.
ഇഷ്ട നോവലിസ്റ്റായ ഫോക്നറുടെ രചനാശൈലിയും അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.
രാഷ്ട്രീയ നിലപാടുകളില്‍ ഉണ്ടായ തകിടം മറിച്ചിലുകളും സമകാലീന വിഷയങ്ങളില്‍ എടുത്ത അപ്രതീക്ഷിതിമായ പക്ഷപാതിത്വങ്ങളും, പരിവേഷത്തില്‍ നിഴല്‍ വീഴ്ത്തിയ ആരോപണങ്ങളും, മാര്‍ക്വേസിനെ മൂക്കിനിടിച്ച് വീഴ്ത്തിയ മെക്സിക്കോ സിറ്റിയിലെ കരിദിനവും ന്യൂനപക്ഷത്തിനെങ്കിലും യോസയോട് വിരോധം ഉണ്ടാക്കി. എന്നാല്‍ഒരിക്കലെങ്കിലും അദ്ദേഹം എഴുതിയ ഒരു വരിയെങ്കിലും വായിച്ചവര്‍ക്ക് ഈ വിശുദ്ധതെമ്മാടിയെ വെറുക്കാന്‍ കഴിയില്ലെന്ന് കാലവും തെളിയിക്കും.

No comments: