Friday, December 23, 2011

കുറ്റവാളിയുടെയും അന്വേഷകന്റെയും 'സ്വാമി'

എല്ലാ കുറ്റവാളികളും അവശേഷിപ്പിക്കുന്ന ഒരടയാളമുണ്ടെന്ന ലോകതത്ത്വത്തില്‍ എസ്എന്‍ സ്വാമി ഇന്നും അടിയുറച്ചു വിശ്വസിക്കുന്നുണ്ട്. എത്ര ആസൂത്രണംചെയ്ത് നടപ്പാക്കിയ കുറ്റകൃത്യമായാലും അത് തെളിയിക്കപ്പെടാനുള്ളതാണ്. 'ദൈവത്തിന്റെ കൈ' എന്നൊക്കെ വിശേഷിപ്പിക്കുന്ന ഒരിടപെടല്‍ ഒഴിയാബാധപോലെ കുറ്റവാളിയെ പിന്തുടരുമെന്നും ഏതു കുറ്റാന്വേഷകനെയുംപോലെ സ്വാമിയും വിശ്വസിക്കുന്നു.
കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും മിടുക്കന്‍മാരായ കുറ്റാന്വേഷകരുടെയും പിന്നാലെ നിതാന്തജാഗത്രയോടെ എറണാകുളം സ്വദേശിയായ എസ്എന്‍ സ്വാമി എന്ന തിരക്കഥാകൃത്ത് സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. മലയാളത്തിലെ ഏക്കാലത്തെയും വലിയ ചലച്ചിത്രവിജയങ്ങള്‍ സ്വാമിയുടെ പേരിലുള്ളതാണ്. ബുദ്ധിരാക്ഷസനായ സേതുരാമയ്യര്‍, കള്ളക്കടത്തിനും അതിന്റേതായ ധാര്‍മികതയുണ്ടെന്നു പറഞ്ഞ സാഗര്‍ ഏലിയാസ് ജാക്കി, നിശ്ചയദാര്‍ഢ്യത്തിന്റെ പര്യായംപോലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പെരുമാള്‍, കോടതിക്കും അപൂര്‍വമായി തെറ്റുപറ്റാമെന്ന് ബോധ്യപ്പെടുത്തിയ അശോക് നരിമാന്‍.... മലയാളസിനിമയിലെ ഏറ്റവും തലയെടുപ്പുള്ള ചില നായകന്‍മാര്‍ സ്വാമിയുടെ പേനത്തുമ്പില്‍ പിറന്നവരാണ്.
ചരിത്രംകുറിച്ച സിബിഐ സീരിസിലെ അഞ്ചാമത് ചിത്രത്തിന്റെ പണിപ്പുരയിലാണ് സ്വാമി. സ്വന്തം തിരക്കഥയില്‍ ഒരു ചിത്രം സംവിധാനംചെയ്യാനുള്ള പദ്ധതിയുമുണ്ട്.
സ്വാമി സിനിമയില്‍ എത്തിയത് ആകസ്മികമായിട്ടാണ്. അച്ഛന്‍ ശിവറാമിന്റെകൂടെ തിരുവനന്തപുരത്ത് സിവില്‍ എന്‍ജിനിയറിങ് കരാര്‍ജോലികള്‍ ഏറ്റെടുത്ത് ജീവിച്ച സമയത്താണ് സുഹൃത്തുക്കളും പരിചയക്കാരും വഴി സിനിമയിലേക്ക് 'ഗ്രീന്‍കാര്‍ഡ്' കിട്ടുന്നത്. മോഹന്‍ലാല്‍ നായകനായി പോള്‍ബാബു സംവിധാനംചെയ്ത 'കൂടുംതേടി'യാണ് സ്വാമി ഒറ്റയ്ക്ക് തിരക്കഥയെഴുതിയ ആദ്യചിത്രം. 'ഗീതം', 'സ്നേഹമുള്ള സിംഹം' തുടങ്ങിയ കുടുംബചിത്രങ്ങള്‍ക്കുശേഷമാണ് 'ഇരുപതാം നൂറ്റാണ്ട്' വരുന്നത്. മോഹന്‍ലാലിനെ താരസോപാനത്തിലേക്ക് എടുത്തുയര്‍ത്തിയ ചിത്രം കെ മധു-എസ് എന്‍ സ്വാമി കൂട്ടുകെട്ടിനും തുടക്കമിട്ടു. മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' ആയിരുന്നു അടുത്തത്. എറണാകുളത്തെ പ്രമുഖ ഹോട്ടലില്‍ നടന്ന കൊലപാതകമായിരുന്നു സ്വാമിക്കു കിട്ടിയ 'സ്പാര്‍ക്ക്'. ഇത് കുമാരപുരത്തെ നടുക്കിയ ഓമന കൊലക്കേസായി മാറി. മലയാളികളുടെ മനസ്സ് കീഴടക്കിയ സേതുരാമയ്യരുടെ മാതൃക എന്‍ഐഎ മേധാവി രാധാ വിനോദ് രാജുവാണെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് സ്വാമി പറയുന്നു. "മമ്മൂട്ടിക്ക് രാജുവിനെ പരിചയമുണ്ടായിരുന്നു. എന്നാല്‍  കഥാപാത്രരൂപീകരണത്തില്‍ രാജു എന്നെ സ്വാധീനിച്ചിട്ടില്ല. ഓര്‍മിക്കപ്പെടുന്ന മികച്ച കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ നടന്‍മാര്‍ക്ക് വലിയ പങ്കുണ്ട്. ആ രീതിയില്‍ രാജു മമ്മൂട്ടിയെ സ്വാധീനിച്ചിട്ടുണ്ടോയെന്ന് അറിയില്ല''-സ്വാമി പറഞ്ഞു.
എവിടെനിന്നെങ്കിലും മനസ്സിലേക്ക് പാറിവീഴുന്ന 'സ്പാര്‍ക്കി' ല്‍നിന്നാണ് സ്വാമിയുടെ മിക്ക തിരക്കഥകളുടെയും പിറവി. യാത്രകളില്‍നിന്നോ പുസ്തകങ്ങളില്‍നിന്നോ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍നിന്നോ പത്രങ്ങളില്‍നിന്നോ സുഹൃത്തുക്കള്‍ പറഞ്ഞുകേട്ട കഥകളില്‍നിന്നോ  സ്പാര്‍ക്ക് മനസ്സില്‍ വീഴുന്നു. "അമേരിക്കയില്‍ 13 പേരെ കൊന്ന ഒരു കുറ്റവാളി ഇലക്ട്രിക് ചെയര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. വധശിക്ഷയ്ക്കു മുമ്പ് തന്നെ കാണാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് 13 പേരില്‍ ഒരാളെ കൊന്നത് താനല്ലെന്നു കുറ്റവാളി പറയുന്നു. ഇപ്പോള്‍ പറയുന്നതുകൊണ്ട് രക്ഷപ്പെടില്ലെന്നറിയാം. എന്നാല്‍ താന്‍ കൊലമരത്തിലേക്കു പോകുമ്പോഴും യഥാര്‍ഥ കുറ്റവാളി പുറത്ത് സന്തോഷത്തോടെ കഴിയുന്നത്  സഹിക്കാനാവില്ല- എന്നാണ് കുറ്റവാളിയുടെ പക്ഷം. ഏതോ ഇംഗ്ളീഷ് പുസ്തകത്തിന്റെ പുറംചട്ടയില്‍ നിന്നാണ് ഇത്രയും വരി വായിച്ചത്. എന്നാല്‍ പുസ്തകം ഞാന്‍ മുഴുവന്‍ വായിച്ചില്ല. മനസ്സില്‍ 'സേതുരാമയ്യര്‍ സിബിഐ' എന്ന സിനിമയുടെ സ്പാര്‍ക്ക് വീണുകഴിഞ്ഞു''- സ്വാമി പറഞ്ഞു. ഫ്രെഡറിക് ഫോര്‍സിത്തിന്റെ 'ഡേ ഓഫ് ജാക്കള്‍' എന്ന നോവലില്‍ നിന്നാണ് 'ഓഗസ്റ്റ്-1' സിനിമയുടെ സ്പാര്‍ക്ക് കിട്ടുന്നത്. കനഡയില്‍ ഏതോ തുറമുഖത്ത് വന്നടിഞ്ഞ കപ്പലില്‍ കരയ്ക്കിറങ്ങാനാവാതെ കുടുങ്ങിപ്പോയ വിദേശിയുടെ അനുഭവം വായിച്ചത് 'അടിക്കുറിപ്പ്' ആയി. പൊലീസില്‍ സ്വാമിക്ക് വളരെ അടുത്ത ചില സുഹൃത്തുക്കളുണ്ട്. തിരക്കഥയെഴുത്തിനിടയ്ക്കുള്ള സംശയനിവാരണത്തിന് ഇക്കൂട്ടരെയാണ് ആശ്രയിക്കാറുള്ളത്.
അടുത്തകാലത്തിറങ്ങിയ തന്റെ മികച്ച തിരക്കഥ മോഹന്‍ലാല്‍ നായകനായ 'ജനകന്‍' ആണെന്നാണ് സ്വാമിയുടെ വിലയിരുത്തല്‍. "നല്ല ഒരു സന്ദേശം പറയാതെ പറയുന്ന ചിത്രമാണ് 'ജനകന്‍'. എന്നാല്‍ എന്റെ സിനിമകളില്‍ ഏറ്റവും മോശമായി മാര്‍ക്കറ്റ്ചെയ്യപ്പെട്ട സിനിമയാണ് അത്''- ചിത്രം മികച്ച നേട്ടമുണ്ടാക്കാത്തതിന്റെ നിരാശ സ്വാമിയുടെ വാക്കുകളില്‍ തെളിഞ്ഞു.
അടുത്തകാലത്ത് സ്വാമിയുടെ തിരക്കഥകളില്‍ പുറത്തിറങ്ങിയ ജയറാം നായകനായ 'രഹസ്യപൊലീസ്', അമല്‍ നീരദ് സംവിധാനംചെയ്ത 'സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്', ഷാജി കൈലാസ് സംവിധാനംചെയ്ത 'ഓഗസ്റ്റ്-15' തുടങ്ങിയ സിനിമകള്‍ തിയറ്ററില്‍ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാക്കിയില്ല. പല രീതിയിലുള്ള സമ്മര്‍ദങ്ങള്‍ക്ക് വിധേയനായി എഴുതേണ്ടിവന്നതിന്റെ ഫലമായിട്ടാണ് ഇത്തരം പരാജയങ്ങളെന്ന് സ്വാമി വിലയിരുത്തി.
ആളുകളുടെ യുക്തിയെ ചോദ്യംചെയ്യാത്ത തിരക്കഥകള്‍ മാത്രമേ വിജയിക്കുകയുള്ളുവെന്ന് സ്വാമി പറയുന്നു. "അധോലോക നായകനായിരിക്കുമ്പോള്‍തന്നെ താന്‍ എങ്ങനെ അങ്ങനെയായിപ്പോയി എന്ന വിലയിരുത്തല്‍ ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ നടത്തുന്നുണ്ട്. പത്രമാധ്യമങ്ങള്‍ ഘോഷിച്ച അധോലോക നായകന്‍മാരായ വരദരാജമുതലിയാരുടെയും ഹാജിമസ്താന്റെയും ധീരസാഹസിക കഥകള്‍ വായിച്ച് ചോരയും നീരുമുള്ള ഒരു ചെറുപ്പക്കാരന്‍ അങ്ങനെയായിത്തീര്‍ന്നതില്‍ അതിശയമുണ്ടോ...? എന്നാണ് അയാളുടെ ചോദ്യം. അടിയന്തരാവസ്ഥയ്ക്കുശേഷം അധോലോകനായകന്‍മാരുടെ ചിത്രങ്ങള്‍ ഇന്ത്യാ ടുഡേപോലുള്ള മാസികകളുടെ കവറായി അടിച്ചുവന്നത് ഞാനോര്‍ക്കുന്നു. ഏത് നിമിഷവും ഒരു തോക്കോ റെയ്സറോ തന്റെ ജീവനെടുത്തേക്കാമെന്ന ബോധ്യവും അയാള്‍ക്കുണ്ട്''- കഥാപാത്രങ്ങളുടെ സഞ്ചാരവഴികളെക്കുറിച്ച് സ്വാമി വാചാലനായി.
"കഴിവുള്ള ഒരാള്‍ക്ക് എല്ലായിടത്തും സ്ഥാനമുണ്ട്. എന്റെ മിക്ക സിനിമകളും ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്. ചാനലുകള്‍ സംപ്രേക്ഷണംചെയ്യുന്ന സിനിമകളുടെ ടോപ്ലിസ്റ്റില്‍ എന്റെ സിനിമകളുണ്ട്. രാജീവ് ഗാന്ധി കൊലപാതകത്തെ അവലംബിച്ച് എഴുതിയ 'ദി ട്രൂത്ത്' എന്ന സിനിമ റിലീസായശേഷം കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം സിനിമയില്‍ കാണിച്ച രീതിയില്‍ ഒരന്വേഷണംകൂടി അനൌദ്യോഗികമായി നടത്തിയതിനുശേഷമാണ് ഫയല്‍ ക്ളോസ്ചെയ്തത്. കുറ്റാന്വേഷണസിനിമകള്‍ സാധാരണഗതിയില്‍ സ്ത്രീകളെയും കുട്ടികളെയും ആകര്‍ഷിക്കാറില്ല. എന്നാല്‍ എന്റെ മിക്കവാറും സിനിമകള്‍ കുടുംബങ്ങള്‍ ആസ്വദിച്ചു കണ്ടവയാണ്. മലയാളത്തിലെ മിക്ക സംവിധായകര്‍ക്കുംവേണ്ടി ഞാന്‍ തിരക്കഥകള്‍ എഴുതിയിട്ടുണ്ട്. സിനിമയിലെത്തി 30 കൊല്ലം കഴിഞ്ഞിട്ടും 'മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍' നില്‍ക്കുകയെന്നത് ഭാഗ്യമല്ലേ....?''- സ്വാമി സസ്പെന്‍സ് ഒളിപ്പിക്കാത്ത ചിരി പാസാക്കി  ചോദിക്കുന്നു.
 ഭാര്യ ഉമയും മക്കളായ ശിവരാമകൃഷ്നും ശ്രീലക്ഷ്മിയും ഉള്‍ക്കൊള്ളുന്നതാണ് സ്വാമിയുടെ കുടുംബം.

No comments: