Saturday, December 10, 2011

'മൊതലാളീ...ഇത്രയും കാലമായിട്ട് അങ്ങനെ ഒരു മരം അവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല...


"മൊതലാളീ...ഇത്രയും കാലമായിട്ട് അങ്ങനെ ഒരു മരം അവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല...''
മഴവില്‍ക്കാവടിയില്‍ ശങ്കരന്‍കുട്ടി മേനോന്‍ (ഇന്നസെന്റ്) ആറ്റുനോറ്റ് വാങ്ങിയ പഴഞ്ചന്‍കാറ് 'ടെസ്റ്റ്ഡ്രൈവിന്' കൊണ്ടുപോയ കത്തിവാസു (പറവൂര്‍ ഭരതന്‍) വഴിയോരത്തുള്ള മരത്തില്‍ കാര്‍ കൊണ്ടിടിച്ച ശേഷം ഓടിവരുന്ന ദൃശ്യം ഏത് കഠോരഹൃദയനേയും ചിരിപ്പിക്കും. ഓടിവന്ന് കാറിടിച്ച വിവരം മുതലാളിയോട് ബോധിപ്പിച്ച ശേഷം വാസു നിഷ്കളങ്കസ്വരത്തില്‍ പറയുന്നത് കേള്‍ക്കുക-'മൊതലാളീ...ഇത്രയും കാലമായിട്ട് അങ്ങനെ ഒരു മരം അവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല... വാസുവിന്റെ മീശചേര്‍ത്തൊന്ന് പൊട്ടിക്കാന്‍ കൈയോങ്ങിയ മേനോന്‍ ആ ദീന ഭാവം കണ്ട് അത് വേണ്ടെന്ന് വെക്കുകയാണ്...
മലയാളം അറിയാവുന്നവര്‍ ഒരിക്കലും മറക്കാത്ത ഒരുപാട് സീനുകളില്‍ പറവൂര്‍ ഭരതനുമുണ്ടായിരുന്നു. കണ്ണില്‍ ചോരയില്ലാത്ത വില്ലനായി ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ നാട്ടുകാരെ പേടിപ്പിച്ച തിരശീലകള്‍ വര്‍ണ്ണപകിട്ടിലേക്ക് കൂടുമാറിയപ്പോള്‍ ചിരിചെപ്പുകള്‍ തുറന്ന് മലയാളികളെ പൊട്ടിചിരിപ്പിച്ചു. ഇരുന്നൂറിലധികം നാടകങ്ങളിലും 600 സിനിമകളിലും സീരിയലുകളിലും വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് ഉയിര് പകര്‍ന്ന ഭരതന്‍ 81ന്റെ നിറവില്‍ വിശ്രമജീവിതം നയിക്കുകയാണ്. 1105 കുംഭമാസം 25ാം തിയതി വടക്കന്‍ പറവൂരിലെ വടക്കേകരയില്‍ വാവക്കാട് എന്ന ഗ്രാമത്തില്‍ കൊച്ചന്‍കോരന്റെയും കുറുമ്പക്കുട്ടിയുടേയും രണ്ടാമത്തെ മകനായി ജനിച്ച ഭരതന്റെ ബാല്യകാലം കടുത്ത ദാരിദ്രത്തിലൂടെയാണ് കടന്നുപോയത്. സാമ്പത്തികസാഹചര്യം അനുവദിക്കാത്തതിനാല്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. സ്കൂള്‍ ആനിവേഴ്സറികളില്‍ മോണോആക്റ്റും കൊച്ചുനാടകങ്ങളും അവതരിപ്പിച്ച് കൊച്ചുഭരതന്‍ കൈയ്യടി നേടിയപ്പോള്‍ കത്തുന്ന വിശപ്പണക്കാനുള്ള ചെപ്പടിവിദ്യ കൂടിയാണതെന്ന് അദ്ധ്യാപകരും കൂട്ടുകാരും നാട്ടുകാരും തിരിച്ചറിഞ്ഞില്ല. ജീവിതസിനിമയില്‍ കഷ്ടപ്പാടിന്റെയും പ്രാരാബ്ധത്തിന്റെയും രംഗങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഉള്ളിലെ കലാകാരനെ താരാട്ട് പാടിയുറക്കി ഭരതന്‍ നാട്ടില്‍ കയര്‍റാട്ട് കറക്കുന്ന തൊഴിലാളിയുടെ വേഷമണിഞ്ഞു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ആ വേഷം മതിയാവാതെ വന്നപ്പോള്‍ ചേട്ടന്റെ ചായക്കടയില്‍ സഹായിയായി ചേര്‍ന്നു. ഒഴിവു കിട്ടുമ്പോള്‍ നാട്ടിന്‍പുറത്തെ നാടകസമിതികളില്‍ അഭിനയിച്ച് തകര്‍ത്ത് ഭരതന്റെ ഉള്ളിലെ നടന്‍ സായൂജ്യമടഞ്ഞു. പ്രൊഫഷണല്‍ പാഠങ്ങളൊന്നുമില്ലാതെ പറവൂരിലെ നാട്ടിന്‍പുറത്തുകാരന്‍ വേദിയില്‍ വിസ്മയം തീര്‍ക്കുന്നത് കണ്ട് പ്രൊഫഷണല്‍ നാടകസമിതികള്‍ ഭരതന്റെ പിന്നാലെ കൂടി. എന്നാല്‍ പട്ടിണിയുടെ വീട്ടരങ്ങില്‍ നിന്ന് നാടകവേദിയിലേക്കുള്ള പ്രയാണത്തിന് വീട്ടുകാര്‍ സമ്മതം നല്‍കിയില്ല.
ഒരിക്കല്‍ ഇടപ്പള്ളി കേരളനടനസമിതിയുടെ 'യാതന' എന്ന നാടകത്തില്‍ നടനെ ആവശ്യമുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞ ഭരതന്‍ രണ്ടും കല്‍പ്പിച്ച് നാടകസമിതിയിലെത്തി നാടകത്തിലെ ഒഴിവുള്ള വേഷത്തില്‍ കയറിപറ്റി. നാടകവേദിയിലെ പരിചയക്കാരനായ വിജയഭാനുവാണ് ഭരതനെ വെള്ളിത്തിരയിലെത്തിക്കുന്നത്. 1951ല്‍ പുറത്തിറങ്ങിയ രക്തബന്ധം എന്ന സിനിമയിലാണ് ആദ്യമായി മുഖം കാണിക്കുന്നത്. ആ വര്‍ഷം തന്നെ കേരളകേസരിയിലും 52ല്‍ പ്രേംനസീര്‍ ഹരിശ്രീ കുറിച്ച മരുമകളിലും വേഷമിട്ടു. സിനിമയുടെ വെള്ളിവെളിച്ചം ഭരതനിലേക്ക് വീശാന്‍ പിന്നെയും കാലം ഒരുപാട് കാത്തിരിക്കേണ്ടി വന്നു. അവസരങ്ങളില്ലാതായപ്പോള്‍ കേരളത്തിലെ വിവിധ പ്രൊഫഷണല്‍ സമിതികളുടെ കൂടെ ഭരതന്‍ ചുറ്റിത്തിരിഞ്ഞു. യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ജോസഫ്, സെബാസ്റ്റ്യന്‍ കുഞ്ഞ്കുഞ്ഞ് ഭാഗവതര്‍, എസ്എല്‍ പുരം സദാനന്ദന്‍, ആറന്‍മുള പൊന്നമ്മ, മുന്‍ഷി പരമുപിള്ള, ആടൂര്‍ പങ്കജം, ടി ആര്‍ ഓമന, കുണ്ടറ ഭാസി, എന്നിവരോടൊപ്പമുള്ള അഭിനയ-ജീവിത മുഹൂര്‍ത്തങ്ങള്‍ പറവൂര്‍ ഭരതന്റെ ഉള്ളിലെ നടനെ കരു പിടിപ്പിച്ചു. പൂജ, സന്ദേശം, യാഥാര്‍ത്ഥ്യം, കാണാപ്പൊന്ന്, സത്യത്തിന്റെ വെളിച്ചം, വല്ലാത്ത പഹയന്‍, മാറ്റൊലി തുടങ്ങി നാടകചരിത്രത്തില്‍ തന്നെ മുദ്ര പതിപ്പിച്ച ഒരുപാട് നാടകങ്ങളില്‍ ഭരതന്‍ വേഷമിട്ടു. 'മാറ്റൊലി' എന്ന നാടകത്തില്‍ അഭിനയിക്കുമ്പോള്‍ കൂടെ അഭിനയിച്ച തങ്കമണിയോട് അനുരാഗം മൊട്ടിട്ടു. തുടര്‍ന്ന് അവരെ തന്റെ ജീവിതവേദിയിലെ ആത്മസഖിയാക്കി.
ആക്കാലത്ത് തന്നെയാണ് കഥാപ്രസംഗ വേദിയിലെ മുടിചൂടാമന്നനായ കെടാമംഗലം സദാനന്ദനുമായി സഹകരിച്ച് നാടകത്തിലും കഥാപ്രസംഗത്തിലും പ്രവര്‍ത്തിക്കുന്നത്. കെടാമംഗലത്തിന്റെ വീട് പറവൂര്‍ ഭരതന് അഭിനയ പാഠങ്ങള്‍ ഫ്രീയായി പഠിപ്പിച്ച ശാന്തിനികേതനായി. സത്യത്തിന്റെ വെളിച്ചമെന്ന നാടകത്തില്‍ അഭിനയിക്കുമ്പോള്‍ സിനിമയിലേക്കുള്ള വാതില്‍ വീണ്ടും തുറന്നു. മേരിലാന്റ് സുബ്രഹ്മണ്യം ആന വളര്‍ത്തിയ വാനമ്പാടി എന്ന തമിഴ്സിനിമ ഡബ്ബ് ചെയ്തപ്പോള്‍ കറുപ്പയ്യ എന്ന തമിഴ് നടന് വേണ്ടി ശബ്ദം നല്‍കിയത് ഭരതനായിരുന്നു. സുബ്രഹ്മണ്യം മുതലാളിക്ക് ഭരതനെ ഇഷ്ടപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ ക്രിസ്ത്മസ് രാത്രിയില്‍ ചെറിയ വേഷം നല്‍കി. എന്നാല്‍ നടനെന്ന നിലയില്‍ നാലാളുകള്‍ ഭരതനെ തിരിച്ചറിയുന്നത് 'കറുത്തകൈ' എന്ന ത്രില്ലര്‍ ചിത്രത്തില്‍ ഖാദര്‍ എന്ന മൊട്ടത്തലയനായ വില്ലനെ അവതരിപ്പിച്ചതോടെയാണ്. ബ്രേക്ക് കിട്ടിയ ഭരതന്‍ മലയാളസിനിമയിലെ പ്രധാനതാരങ്ങളിലൊരാളായി. കുഞ്ചാക്കോ, സേതുമാധവന്‍, തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളില്‍ സ്ഥിരം നടനായി ഭരതന്‍. കറുത്തകൈ, കല്യാണ രാത്രി, കടത്തുകാരന്‍, മയിലാടുംകുന്ന്, ചെമ്മീന്‍, നഖങ്ങള്‍, തെറ്റ്, ഡോക്ടര്‍, മറുനാട്ടിലൊരു മലയാളി, നദി, ചക്രവാളം, നാണയം, മൃഗയ,തലയണ മന്ത്രം, മഴവില്‍ കാവടി, ഇന്‍ഹരിഹര്‍ നഗര്‍,  പട്ടണപ്രവേശം, ഗോഡ്ഫാദര്‍, കളിക്കളം, സ്ഫടികം, ചങ്ങാതിക്കൂട്ടം, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികളുടെ ഹൃദയത്തിലിടം കണ്ടെത്തി ഈ പറവൂറുകാരന്‍. കമ്മ്യൂണിസ്റ്റ് പാര്‍ടിയോടുള്ള ഭരതന്റെ സ്നേഹം വിഖ്യാതമാണ്. സത്യന്‍ അന്തിക്കാട് അദ്ദേഹത്തിന്റെ ചില ലേഖനങ്ങളില്‍ ഭരതന്റെ കമ്മ്യൂണിസ്റ്റ് സ്നേഹത്തെ കുറിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. 98ല്‍ ഫിലിം ക്രിട്ടിക് അസോസിയേഷന്‍ ചലചിത്രപ്രതിഭ പുരസ്ക്കാരം നല്‍കി ഭരതനെ ആദരിച്ചു. 2004ല്‍ ബഹദൂര്‍ പുരസ്ക്കാരം സ്വീകരിക്കാന്‍ കൊടുങ്ങല്ലൂരിലെത്തിയപ്പോള്‍ പ്രായാധിക്യവും രോഗങ്ങളും അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. ജീവിതവഴികളില്‍ തണലേകി നിന്ന സുഹൃത്തുക്കളുടെ എന്നേന്നക്കുമായുള്ള യാത്രപറച്ചിലുകളും ഭരതനെ നൊമ്പരപ്പെടുത്തിയിരുന്നു.
മഴവില്‍ക്കാവടിയില്‍ തന്നെ വീട്ടില്‍ നിന്നും ഒളിച്ചോടി വരുന്ന മുതലാളിയുടെ മകള്‍ അമ്മിണിക്കുട്ടിയേയും(സിത്താര) കാമുകനെയും കത്തിവാസു കൈയ്യില്‍ ഒരു കത്തിയുമായി  വഴി തടയുന്നുണ്ട്.
വാസു: (സംശയിച്ച് നില്‍ക്കുന്ന കമിതാക്കളോട്) അമ്മിണികൊച്ച് വീട്ടില്‍ പോ...ഇല്ലെങ്കില്‍ ഞാന്‍ കത്തിവീശും..
അമ്മിണി: പോടാ...
കത്തിവാസുവിന്റെ മുഖത്ത് 'ബ്ളിങ്ങസ്യ' ഭാവം..
വട്ടത്തൊപ്പിയും ചോരക്കണ്ണും കഴുത്തില്‍ കൈലേസ് കെട്ടും കൈയ്യില്‍ മൂര്‍ച്ചയുള്ള കത്തിയുമായി നിന്ന കറുത്ത കൈയിലെ ഖാദറില്‍ നിന്ന് കത്തിവാസുവിലേക്കുള്ള പരിണാമം കാലം നടത്തിയതാണ്. അതിനുള്ള വഴിയൊരുക്കിയതോ ഒരിക്കലും തളരാത്ത ഒരു നാട്ടിന്‍പുറത്തുകാരന്റെ ഉള്ളിലെ നന്‍മ നിറഞ്ഞ കലാഹൃദയവും...

No comments: